മുഖവാക്ക്‌

സകാത്ത് കാമ്പയിൻ 2024 ഫ്രെബുവരി 1-20

ഖലീഫാ ഉമറി(റ)ന്റെ ഭരണകാലം. മുആദുബ്നു ജബല്‍ (റ) ആണ് യമനിലെ ഗവര്‍ണര്‍. ആ വര്‍ഷം ജനങ്ങളില്‍നിന്ന് ഈടാക്കിയ സകാത്തിന്റെ മൂന്നിലൊന്ന് ഇസ് ലാമിക രാഷ്ട്രത്തിന്റെ ആസ്ഥാനമായ മദീനയിലെത്തുന്നു. കാര്യമന്വേഷിച്ച ഖലീഫയ്ക്ക് കിട്ടിയ മറുപടി യമനില്‍ സകാത്ത് സ്വീകരിക്കാനാളില്ല എന്നായിരുന്നു.
ദരിദ്രരും അഗതികളും ഉള്‍പ്പെടെ സകാത്തിന് എട്ട് അവകാശികളെയാണ് ഇസ് ലാം നിര്‍ണയിച്ചത്. അവര്‍ക്കൊന്നും സകാത്ത് വിഹിതം ആവശ്യമില്ലാത്ത നാടായി ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ യമന്‍ മാറിയെന്നര്‍ഥം. ഒരു നാടിനെയും സമൂഹത്തെയും സമ്പദ്‌സമൃദ്ധമാക്കുന്ന ഇങ്ങനെയൊരു സാമ്പത്തിക പദ്ധതി അറിയപ്പെട്ട ചരിത്രത്തില്‍ മനുഷ്യാനുഭവത്തിലില്ല. ഇത് ഇഹലോകത്തെ കാര്യം. ഇനി പരലോകത്തെ കാര്യമോ, സകാത്ത് നല്‍കുന്നവര്‍ സ്വര്‍ഗലോകത്ത് ആദരിക്കപ്പെടുന്നവരാണ് (ഖുര്‍ആന്‍ - 70: 35).

നബിയുടെ അനുചരന്‍മാരുടെ മനോഹരമായ ഒരനുഭവമുണ്ട്. അബൂ ഹുറയ്റ(റ)യില്‍നിന്ന് നിവേദനം: ''ഒരു അഅ്‌റാബി നബി(സ)യുടെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ ചെയ്താല്‍ എനിക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഉതകുന്ന ഒരു കർമം അറിയിച്ചു തരിക. നബി (സ) പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, അവനില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുക. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കൃത്യമായി നിർവഹിക്കുക, നിര്‍ബന്ധ (ദാനമായ) സകാത്ത് കൊടുത്തുവീട്ടുക, റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക. അയാള്‍ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ (അല്ലാഹു) തന്നെയാണ് സത്യം, ഇതിനെക്കാള്‍ ഞാന്‍ യാതൊന്നും തന്നെ വർധിപ്പിക്കുകയില്ല. അയാള്‍ തിരിഞ്ഞു പോയപ്പോള്‍ നബി (സ) പറഞ്ഞു: സ്വര്‍ഗവാസികളില്‍ പെട്ട ഒരാളിലേക്ക് നോക്കുന്നത് ആര്‍ക്കെങ്കിലും സന്തോഷകരമാണെങ്കില്‍ അയാള്‍ ഇദ്ദേഹത്തിലേക്ക് നോക്കിക്കൊള്ളട്ടെ'' (ബുഖാരി 1397).

സകാത്ത് പോലെ ഇസ് ലാമിന്റെ സുന്ദര മുഖത്തെ ഇത്രമേല്‍ പ്രബോധനം ചെയ്യുന്ന ഒരു ആരാധനാ കര്‍മവുമില്ല. സകാത്തിലൂടെ സമ്പദ്‌സമൃദ്ധമായ ഒരു സമൂഹം നിര്‍മിക്കപ്പെടുന്നു. അത് കൃത്യതയോടെ നല്‍കുന്നവര്‍ക്കാണ് അല്ലാഹുവിന്റെ സ്വര്‍ഗവും കാരുണ്യവുമുള്ളത്. ക്ഷേമസമൂഹത്തിന്റെ നിര്‍മിതിയുടെയും ഇസ് ലാമിന്റെ സൗരഭ്യ പ്രകാശനത്തിന്റെയും മുന്നില്‍ വിഘാതം നില്‍ക്കുന്നു എന്നതിനാലാണ്, സകാത്ത് നല്‍കാന്‍ യോഗ്യതയുണ്ടായിട്ടും അതിന് സന്നദ്ധമാവാത്തവര്‍ക്ക് കൊടിയ നരകശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്.
ഇസ് ലാമിന്റെ അഞ്ച് സ്തംഭങ്ങളില്‍ ഒന്നാണ് സകാത്ത്. മറ്റേതൊരു ആരാധനാ കര്‍മവും പോലെ മുസ്‌ലിം സമുദായം ഒത്തുചേര്‍ന്ന് സംഘടിതമായാണ് സകാത്ത് ശേഖരിക്കേണ്ടതും വിതരണം ചെയ്യേണ്ടതും. നമസ്‌കാരത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും കാര്യത്തില്‍ സമുദായത്തിന് ഈ ശ്രദ്ധ ഏറക്കുറെയുണ്ട്. എന്നാല്‍, സകാത്തിന്റെ കാര്യത്തില്‍ മുസ്‌ലിം ഉമ്മത്തിലെ ദീനീ ഭക്തര്‍ പോലും അലംഭാവം കാണിക്കുന്നു എന്ന് പറയേണ്ടിവരും. അതിനാല്‍ തന്നെ ശഹാദത്തുല്‍ ഹഖ് എന്ന അതിപ്രധാന ചുമതല നിര്‍വഹിക്കാനും നമുക്കാവുന്നില്ല. ഫലത്തില്‍ സകാത്തിന്റെ കാര്യത്തിലുള്ള അശ്രദ്ധ ദീനിന്റെ രണ്ട് സ്തംഭങ്ങളെ ദുര്‍ബലമാക്കുന്നു.
ഖുര്‍ആനില്‍ നമസ്‌കാരത്തോടൊപ്പം അനേകം തവണ വിശ്വാസികളെ ഓര്‍മിപ്പിച്ച സകാത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് ഈ വീഴ്ച മുസ്‌ലിം സമുദായത്തിന് സംഭവിച്ചത്? സമ്പത്ത് എന്റേതാണ്, എന്റെ അധ്വാനത്തിലൂടെയും സാമര്‍ഥ്യത്തിലൂടെയും നേടിയെടുത്തതാണ് എന്ന ഭാവവും, അതിനോടുള്ള അതിരു കവിഞ്ഞ പ്രിയവും, നഷ്ടപ്പെടുമോ എന്ന ഭയവുമാണതിന് കാരണം. ഇസ് ലാം ഈ കാഴ്ചപ്പാടിനെ പാടേ നിരാകരിക്കുന്നുണ്ട്. സമ്പത്ത് അല്ലാഹുവിന്റെതാണ്. അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അത് നല്‍കുന്നു, മനുഷ്യാധ്വാനവും സാമര്‍ഥ്യവുമൊക്കെ അതിന്റെ നിമിത്തം മാത്രം. ഉടമസ്ഥനായ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ സമ്പത്തിന്റെ നിശ്ചിത വിഹിതം മറ്റുള്ളവര്‍ക്ക് നല്‍കണമെന്ന് കല്‍പിക്കുന്നു. ഇതാണ് ഇസ് ലാമിക കാഴ്ചപ്പാട്.
അധ്വാനിച്ചുണ്ടാക്കിയത് കുറഞ്ഞുപോകുമോ എന്ന മനുഷ്യസഹജമായ ആശങ്കയാണ് മറ്റൊന്ന്. ഖുര്‍ആന്‍ ആ നിലപാടിനെയും നിരാകരിക്കുന്നു.

''…അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം, അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍''(ഖുര്‍ആന്‍ 30: 39). സകാത്ത് നല്‍കുന്നതിലൂടെ സമ്പത്തില്‍ ഇരട്ടി വര്‍ധനയാണ് അല്ലാഹുവിന്റെ വാഗ്ദാനം. അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ ശങ്കയില്ലാതെ വിശ്വസിക്കാന്‍ നമുക്കാവണമല്ലോ. സകാത്തിനെ കുറിച്ച ബോധം പൊതു സമൂഹത്തിലില്ലാത്തതാണ് മറ്റൊരു കാര്യം. സമ്പന്നരും പൗരോഹിത്യവും ഒത്തുചേര്‍ന്നപ്പോള്‍ സകാത്ത് വിസ്മൃതിയിലായി. സകാത്ത് ആരുടെയും ഔദാര്യമല്ല, മറ്റുള്ളവന്റെ അവകാശമാണ്. അപരന്റെ അവകാശം നമ്മുടെ സമ്പത്തില്‍ കലരുന്നതോടെ അത് മൊത്തം സമ്പാദ്യത്തെ നിഷിദ്ധമാക്കുന്നു എന്ന താക്കീതും ഇസ് ലാം നല്‍കുന്നുണ്ട്. നമ്മുടെ സ്വര്‍ഗപ്രവേശത്തിന്റെ നിമിത്തങ്ങളില്‍ പ്രധാനപ്പെട്ടതുമാണത്.

ഇസ് ലാമിന്റെ ഈ പാഠങ്ങളെ തുടക്കം മുതലേ ഏറ്റെടുക്കുകയും അത് പ്രബോധനം ചെയ്യുകയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്, ജമാഅത്തെ ഇസ് ലാമി. അതിന്റെ പ്രവര്‍ത്തനവൃത്തമുള്ള പ്രദേശങ്ങളിലെല്ലാം പതിറ്റാണ്ടുകളായി ചെറുതും വലുതുമായ സംഘടിത സകാത്ത് സംരംഭങ്ങളുണ്ട്. അനേകം ആളുകളുടെ ജീവിതം പച്ചപിടിപ്പിക്കാൻ അത് സാഹചര്യമൊരുക്കിയിട്ടുമുണ്ട്. ഇതിന്റെയൊക്കെ ഫലമായി, സംഘടിത സകാത്തിനെതിരെ പൗരോഹിത്യത്തിന്റെ ഭാഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളെ ഇന്ന് സമുദായം അവഗണിക്കുന്ന കാഴ്ച സന്തോഷകരമാണ്.
ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലക്കാണ്, വര്‍ഷങ്ങള്‍ക്കു മുമ്പ് 'ബൈത്തുസ്സകാത്തി'ന് ജമാഅത്തെ ഇസ് ലാമി രൂപം നല്‍കിയത്. സകാത്ത് നല്‍കാന്‍ ബാധ്യതയുള്ളവരെ അതിനെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുക, സകാത്ത് ശേഖരിക്കുക, അര്‍ഹരായവര്‍ക്ക് സകാത്ത് വിഹിതം നല്‍കി അവരെ സ്വയം പര്യാപ്തരാക്കുക, അതിനാവശ്യമായ പിന്തുണ നല്‍കുക, പ്രാദേശിക സകാത്ത് സംവിധാനങ്ങള്‍ക്കാവശ്യമായ സാങ്കേതികവും അല്ലാത്തതുമായ സഹായം നല്‍കുക, സകാത്തുമായി ബന്ധപ്പെട്ട പഠനഗവേഷണങ്ങളെ പ്രോല്‍സാഹിപ്പിക്കുക, ജനകീയ സകാത്ത് ബോധവല്‍ക്കരണ പരിപാടികൾ നടത്തുക എന്നിവയാണ് ബൈത്തുസ്സകാത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ പ്രവര്‍ത്തന കാലയളവില്‍ ബൈത്തുസ്സകാത്തിന്റെ പ്രവര്‍ത്തനങ്ങൾ വലിയ തോതില്‍ വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

അതിന്റെ ഭാഗമായാണ് ഫെബ്രുവരി ഒന്നു മുതല്‍ ഇരുപത് വരെ കേരളത്തിൽ സകാത്ത് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇസ് ലാമിലെ അതിപ്രധാനമായ ഒരു സ്തംഭത്തെ പുനഃസ്ഥാപിക്കാനുള്ള വലിയൊരു പരിശ്രമമാണിത്. l

ബാബരി മസ്ജിദിനെ മുൻനിർത്തി ആലോചിക്കുമ്പോൾ 1949 ഡിസംബർ 22 - അന്നാണ് ബാബരി മസ്ജിദ് ജില്ലാ ഭരണകൂടം പൂട്ടിയിട്ടത്- മുതൽ സ്വാഭാവിക നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായിട്ടാണ് ഇന്ത്യ എന്ന രാഷ്ട്രം സഞ്ചരിച്ചത് എന്നു പറയേണ്ടിവരും. ഏത് ഇന്ത്യ ? 'നാം ഇന്ത്യയിലെ ജനങ്ങൾ…' എന്നാരംഭിക്കുന്ന ഭരണഘടനയുടെ ആമുഖം നിർവചിക്കുന്ന അതേ ഇന്ത്യ.

ജനാധിപത്യ വ്യവസ്ഥയെ ഔപചാരികമായി രാജ്യം അംഗീകരിക്കുന്നതിന് മുമ്പ് തന്നെ എതിർദിശയിലുള്ള അതിന്റെ സഞ്ചാരം ആരംഭിച്ചിരുന്നു എന്നർഥം. അന്നത്തെ ഭരണാധികാരികളുടെ രാഷ്ട്രീയ അപക്വത മുതലെടുത്തുകൊണ്ടാണ്, രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ പ്രതിജ്ഞയെടുത്തവർ തങ്ങളുടെ ഗതിവേഗം വർധിപ്പിച്ചത്.
തുടർന്നിങ്ങോട്ട് ബാബരി മസ്ജിദ് വിഷയമാക്കിയുള്ള സംഘ് പരിവാറിന്റെ ഹിംസാത്മക തേരോട്ടത്തിൽ നിസ്സഹായരായ മനുഷ്യരുടെ ആർത്തനാദങ്ങളാണ് ഉയർന്നുകേട്ടത്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നടന്ന അനേകം കലാപങ്ങൾ. പതിനായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ട ആ കലാപങ്ങൾ തീർത്തും ഏകപക്ഷീയവും മുസ്ലിം വിരുദ്ധവുമായിരുന്നു. ഭൂരിപക്ഷ മതസമൂഹത്തിന്റെ വികാരങ്ങൾ ആളിക്കത്തിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടന്ന 75 വർഷങ്ങൾ. എന്തെല്ലാം ഓർക്കാനുണ്ട്! രക്തക്കളങ്ങൾ തീർത്ത്, മനുഷ്യസഹവർത്തിത്വത്തെ കലുഷമാക്കി എൽ.കെ അദ്വാനി നടത്തിയ രഥയാത്ര, രാജ്യത്തിന്റെ നാഡീ ഞരമ്പുകളിലേക്ക് വർഗീയതയുടെ കൊടുംവിഷം കയറ്റിയ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിലുള്ള ഏകതാ യാത്ര ….. ബാബരി മസ്ജിദിനുമേൽ ഉന്നയിച്ച അവകാശവാദങ്ങളെ ഓരോന്നോരോന്നായി പൊക്കിക്കൊണ്ടു വന്നാണ് കഴിഞ്ഞ ഏഴര പതിറ്റാണ്ടിലൂടെ അധികാരത്തിലേക്കുള്ള പടവുകൾ ഹിന്ദുത്വ ശക്തികൾ ചവിട്ടിക്കയറിയത്.

മറുവശത്ത്, ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഗതിവിഗതികൾ നോക്കി അതിനനുസരിച്ച് പായ കെട്ടിയപ്പോൾ അതേ സമുദായത്തിന് ഏറ്റുവാങ്ങേണ്ടി വന്നത് തികഞ്ഞ അനീതി. ആ അനീതി നമ്മുടെ പൊതുബോധത്തെ എത്രമേൽ സ്വാധീനിച്ചു എന്നതിന്റെ മൂർത്തമായ ഉദാഹരണമാണ് ബാബരി മസ്ജിദ് വിഷയത്തിൽ പരമോന്നത നീതിപീഠം നടത്തിയ അന്തിമ വിധി.
ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ല എന്ന് നിരീക്ഷിച്ച കോടതിയുടെ തുടർന്നുള്ള വിധിതീർപ്പ് നീതിയുടെ വിദൂര അതിരുകളെപ്പോലും അതിലംഘിക്കുന്നതായിരുന്നു. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കണം, പള്ളി പണിയുന്നതിനു മുസ് ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം എന്നായിരുന്നു വിധി.

കർസേവകർ 1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തത് ആസൂത്രിതമായിരുന്നുവെന്നും സംഘ് പരിവാർ നേതാക്കൾ അതിനുത്തരവാദികളാണെന്നും സംഭവത്തെ കുറിച്ചന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ലിബർഹാൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടിൻമേൽ നടപടിയെടുക്കാത്തതിന് കേന്ദ്ര സർക്കാറിനെ വിമർശിച്ചിട്ടുണ്ട്, ഇതേ നീതിപീഠം എന്നോർക്കണം.

അങ്ങനെ 2019-ൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം തീറെഴുതി നൽകിയ, ബാബരി മസ്ജിദ് നിലനിന്നിരുന്ന വഖ്ഫ് ഭൂമിയിൽ 3000 കോടി രൂപ ചെലവിൽ രാമക്ഷേത്രമുയർന്നുകഴിഞ്ഞു. '2025-ൽ ഹിന്ദു രാഷ്ട്രം' എന്ന നൂറ്റാണ്ടിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. ഇത്രയും പറഞ്ഞത് ഉദ്ഘാടനം ചെയ്യപ്പെടാനിരിക്കുന്ന രാമക്ഷേത്രത്തിന് മതവുമായോ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ല എന്നുറപ്പിച്ച് പറയാനാണ്. സംഘ് പരിവാറിന്റെ ഭീകരമായ രാഷ്ട്രീയ അജണ്ടക്കപ്പുറം ഒരു ഹിന്ദുമത വിശ്വാസിയുടെയോ ആധ്യാത്മികതയിൽ താൽപര്യമുള്ള മറ്റാരുടെയോ മനസ്സിൽ നിമിഷാർധം കുളിര് നൽകാൻ പോലും പര്യാപ്തമല്ല ഈ ഉദ്ഘാടനച്ചടങ്ങ്. എന്നാലോ, അതോർത്ത് രാജ്യത്തിന്റെ ഭാവിയിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും പ്രതീക്ഷയുള്ളവരുടെ നെടുവീർപ്പുയരുകയും ചെയ്യും.
സംഘ് പരിവാർ അധികാരത്തിലേറിയതിന് ശേഷമുള്ള കഴിഞ്ഞ പത്തു വർഷത്തെ അനുഭവം നമ്മോട് പറയുന്ന പോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവതും തന്നെയാണ് ഉദ്ഘാടന ചടങ്ങിന്റെ എല്ലാമെല്ലാം. ആത്മീയ വ്യക്തിത്വങ്ങളും ഹൈന്ദവ ആചാര്യന്മാരും ഉദ്ഘാടന ചടങ്ങിനില്ല. ക്ഷേത്ര ഉദ്ഘാടനത്തിന് പിന്നിൽ സമ്പൂർണമായും രാഷ്ട്രീയ അജണ്ടയാണുള്ളത് എന്നിത് വ്യക്തമാക്കുന്നുണ്ട്.

യാഥാർഥ്യം ഇതായിരിക്കെ, ചരിത്രത്തെയും വസ്തുതകളെയും പാടേ മറന്നു കൊണ്ടും, രാജ്യത്തിന്റെ ഓർമയിൽനിന്ന് ആ ചരിത്ര വസ്തുതകളെ മായ്ചുകളഞ്ഞും 'ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്നു' എന്ന മട്ടിലാണ് സംഘ് പരിവാറിന്റെ ആഖ്യാന നിർമിതി. നാനാ ജാതികളും മതങ്ങളും മത, ജാതി സങ്കൽപങ്ങളില്ലാത്തവരുമെല്ലാമുള്ള ഒരു നാട്ടിൽ ഒരു ഹിന്ദു ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നു, അതിന്റെ ഉദ്ഘാടനം നടക്കാനിരിക്കുന്നു എന്ന നിലക്കാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ സംഘ് പരിവാർ അവതരിപ്പിക്കുന്നത്. ആ ചടങ്ങിലേക്ക് രാജ്യത്തെ രാഷ്ട്രീയ കക്ഷികളെ സംഘ് പരിവാർ ക്ഷണിക്കുകയും ചെയ്യുന്നു.
അത്തരമൊരു ഘട്ടത്തിൽ ഇത് കേവലമൊരു ക്ഷേത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ മതസമുദായം ആരാധന നിർവഹിച്ചിരുന്ന പള്ളി തകർത്തുകൊണ്ടാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നത്, അതിന്റെ ഉദ്ഘാടനമാണ് നിർവഹിക്കപ്പെടുന്നത് എന്ന് ആവർത്തിച്ചാവർത്തിച്ച് ഉച്ചത്തിൽ വിളിച്ചുപറയേണ്ട സന്ദർഭമാണിത്. ഇതിനു സന്നദ്ധമാകാതെ തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിട്ടുകളയാമെന്നത് വ്യാമോഹമാണ്. അത്തരം ദുർമോഹങ്ങൾ വെച്ചുപുലർത്തിയതിന്റെ ഫലമാണ് രാജ്യം സംഘ് പരിവാറിന് കീഴിലമരാൻ മാത്രം പാകപ്പെട്ടത് എന്നോർക്കണം.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയില്ല എന്ന് ഇന്ത്യ ഒരേ ശബ്ദത്തിൽ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അത് മറ്റൊന്നുകൊണ്ടുമല്ല. ഇന്ത്യൻ ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധമാണത് എന്നതു കൊണ്ടാണ്. ഒരു സമുദായത്തിന് നേരെ അനീതി തുടരുമ്പോൾ, ഈ നിലപാടിലെത്താൻ വൈകുന്നതും ഇരുട്ടിൽ തപ്പുന്നതുമെല്ലാം അക്രമിയോട് ഐക്യപ്പെടലാണ്. സംഘ് പരിവാരം ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ഇനിയവർ ചെയ്യാനിരിക്കുന്നതുമായ അത്യന്തം ക്രൂരമായ ചെയ്തികളെ നോർമലൈസ് ചെയ്യാനാണ് അതുപകരിക്കുക. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് സംഘ് പരിവാരമല്ലാത്ത ആർക്കും സംശയരഹിതമായി പ്രഖ്യാപിക്കാൻ സാധിക്കണം.

ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരിക്കുക എന്നത് ഇന്ത്യയുടെ ഭാവിയെ കൂടി നിർണയിക്കുന്ന നിലപാടാണ്. കാരണം, ഒരു നൂറ്റാണ്ട് മുമ്പ് രൂപംകൊണ്ട ആർ.എസ്.എസും അതിന്റെ വിധ്വംസക പ്രത്യയശാസ്ത്രവും ജനാധിപത്യ ഇന്ത്യയിൽ വളർന്നതും വികസിച്ചതും മുകളിൽ സൂചിപ്പിച്ച പോലെ, രാമക്ഷേത്രം ആയുധമാക്കിയാണ്. അതിന്റെ പേരിൽ തന്നെ, 2002-ൽ കലാപം നടത്തി, മുസ് ലിം സമുദായത്തിൽ പെട്ട ആയിരങ്ങളെ കൂട്ടക്കൊല ചെയ്തതിന്റെ ബലത്തിലാണ് നരേന്ദ്ര മോദി ഗുജറാത്തിൽ രണ്ടാം തവണയും മുഖ്യമന്ത്രിയാവുന്നതും ദേശീയ പുരുഷനായി അവരോധിക്കപ്പെടുന്നതും, തുടർന്ന് രാഷ്ട്ര ഭരണം തന്നെ മോദിയുടെ പിടിയിലാവുന്നതും. സുപ്രീം കോടതിയുടെ വിധി രാമക്ഷേത്ര നിർമാണത്തിന് അവസരമൊരുക്കിക്കൊടുത്തു. ഉദ്ഘാടനത്തിലൂടെ മൂന്നാമൂഴം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അത് ഇന്ത്യയുടെ അന്ത്യമായിരിക്കും. തുടർന്ന് രാജ്യത്ത് ഉൻമാദ ദേശീയതയുടെ സംഘനൃത്തമായിരിക്കും. ഇതിനെ മതിലു കെട്ടി പ്രതിരോധിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.

അതിനാൽ ഇന്ത്യൻ ജനതയുടെ മുന്നിൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നിൽ ഒരു സാധ്യതയേയുള്ളൂ. ക്ഷേത്ര ഉദ്ഘാടനത്തോട് പുറം തിരിഞ്ഞ് നിൽക്കുക. എങ്കിൽ ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ പോരാട്ടം ഇന്ത്യയും സംഘ് പരിവാറും തമ്മിലായിരിക്കും. ആ അങ്കത്തിൽ മനുഷ്യത്വവും നീതിബോധവുമുള്ളവർ ഇന്ത്യയോടൊപ്പം നിൽക്കും. അത് സംഘ് പരിവാറിന്റെ വർഗീയ ഭ്രാന്തിനും ഉൻമാദ ദേശീയതയ്ക്കും അന്ത്യം കുറിക്കും. l