കവര്‍സ്‌റ്റോറി

പരിശുദ്ധ റമദാൻ ഖുർആൻ പഠനത്തിന്റെ മനോഹരമായ അവസരമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. സ്ത്രീകൾക്ക് ഒഴിഞ്ഞിരിക്കാൻ ധാരാളം സമയം കിട്ടുന്ന മാസം എന്ന നിലയ്ക്ക് ആർത്തിയോടെ ഖുർആനിലെ ചില വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കാറുണ്ട്. ഖുർആൻ മുഴുവൻ ഒരാവൃത്തി പാരായണം ചെയ്യുക എന്ന രീതി കാലങ്ങളായി റമദാനിൽ ഞാൻ പിന്തുടരാറില്ല. ഏറെ താല്പര്യമുള്ള ചില വിഷയങ്ങൾ മുൻനിർത്തി വായിക്കാനും പഠിക്കാനുമാണ് സമയം കണ്ടെത്താറുള്ളത്. ത്വലാഖ്, ഖുൽഅ്, ഫസ്ഖ്, ഇദ്ദ തുടങ്ങിയ വിഷയങ്ങൾ അത്തരത്തിൽ പഠിക്കാൻ കഴിഞ്ഞത് റമദാനിലാണ്. അത്തരം വിഷയങ്ങളിൽ വന്ന ആയത്തുകൾ ഖുർആൻ പാരായണ സമയത്ത് തുടക്കം മുതലേ ശ്രദ്ധയിൽ വന്നപ്പോൾ കുറച്ചു മുമ്പുള്ള ഒരു റമദാനിൽ ആ വിഷയങ്ങൾ പഠിക്കണമല്ലോ എന്ന വല്ലാത്ത ആഗ്രഹം തോന്നുകയായിരുന്നു.

അത്തരം ആയത്തുകൾ പഠിക്കുമ്പോൾ, ഏതൊരു വിഷയം കഴിഞ്ഞാണ് ആ വിഷയങ്ങളിലേക്ക് അല്ലാഹു പ്രവേശിക്കുന്നതെന്നും അതിനുശേഷം എന്താണ് പറഞ്ഞതെന്നും പ്രത്യേകം മനസ്സിലാക്കാറുണ്ട്. ഒരു വിഷയത്തെക്കുറിച്ച് പറയുമ്പോൾ അതിനു മുമ്പും ശേഷവും എന്താണ് പറഞ്ഞത് എന്ന് വായിക്കുന്നത് കൗതുകമുണ്ടാക്കുന്ന കാര്യമാണ്. അനന്തരാവകാശവുമായി ബന്ധപ്പെട്ട സൂറത്ത് നിസാഇലെ ഏഴാമത്തെ ആയത്ത് തുടങ്ങുന്നതിന് മുമ്പ് അനാഥ മക്കളെ കുറിച്ചും മഹ്റിനെക്കുറിച്ചും ബഹുഭാര്യത്വത്തെ കുറിച്ചുമൊക്കെ അല്ലാഹു സംസാരിക്കുന്നത് ആകാംക്ഷയോടു കൂടിയാണ് വായിച്ചിട്ടുള്ളത്. സമൂഹത്തിൽ അനീതിക്കിരകളാകുന്നു എന്ന് തോന്നുന്നവരോടുള്ള നിലപാടുകൾ കൃത്യപ്പെടുത്തിയതിന് ശേഷമാണ് അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് അല്ലാഹു പറയുന്നത്. ഒരു ആയത്ത് വായിക്കുമ്പോൾ അതിൽ വന്ന പദങ്ങൾ പ്രത്യേകമായി പഠിക്കാനും അവയുടെ വ്യത്യസ്ത അർഥങ്ങൾ ഏതൊക്കെ സന്ദർഭങ്ങളിലാണ് പ്രയോഗിച്ചത് എന്ന് അന്വേഷിക്കാനും ശ്രദ്ധിക്കാറുണ്ട്. തഫ്ഹീമുൽ ഖുർആനിൽ കൊടുക്കുന്ന ആയത്തുകളുടെ വിശദീകരണങ്ങൾ ആ വിഷയവുമായി ബന്ധപ്പെട്ട് ഏതൊക്കെ സൂറത്തുകളിൽ, ഏതൊക്കെ ആയത്തുകളിലാണ് വന്നിട്ടുള്ളത് എന്ന് സൂചകമനുസരിച്ച് പിന്നീട് പരിശോധിക്കാറുണ്ട്.

അത്തരം ആയത്തുകളുടെ വിശദീകരണങ്ങൾ പഠനത്തിന്റെ തുടർച്ചക്ക് സഹായിച്ചു. ചില വിഷയങ്ങളിൽ അല്ലാഹു പ്രയോഗിച്ച പദങ്ങളുടെ വ്യത്യസ്ത അർഥങ്ങൾ ആവേശത്തോടെയാണ് പഠനവിധേയമാക്കിയിട്ടുള്ളത്. അത് വായനക്ക് കൂടുതൽ തെളിച്ചം നൽകുന്നതായി തോന്നിയിട്ടുണ്ട്. ആർത്തവത്തെ കുറിച്ച ചർച്ച കേരളത്തിൽ സജീവമായിരുന്ന സമയത്ത് ഖുർആനിലെ "ആർത്തവത്തെക്കുറിച്ച് പ്രവാചകരേ താങ്കളോട് ചോദിച്ചാൽ, താങ്കൾ പറയുക…." എന്ന് തുടങ്ങുന്ന ആയത്തിൽ 'അദൻ' എന്ന പ്രയോഗം അത്തരത്തിലൊന്നായിരുന്നു. ഏതൊക്കെയിടങ്ങളിലാണ് അത് പരാമർശിച്ചത് എന്ന് പരിശോധിച്ചു. അത് മാലിന്യം എന്നതിനപ്പുറം, ഒരു പെണ്ണിന് അനുഭവപ്പെടുന്ന പ്രയാസവും ബുദ്ധിമുട്ടുമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചത് നല്ലൊരു ഖുർആൻ അനുഭവമായിരുന്നു.

ഖുർആനിൽ പരാമർശിക്കപ്പെട്ട സ്ത്രീകളെ കുറിച്ച വായനകളായിരുന്നു ഒരു റമദാൻ കാലത്ത് നടത്തിയത്. സൂറത്തുൽ മുംതഹിനയുടെ അവതരണത്തിൽ സൂചിപ്പിക്കപ്പെടുന്ന ഉമ്മു കുൽസൂമും സൂറത്തുൽ മുജാദലയിലെ ഖൗല ബിൻത് സഅ്ലബയും ആ വായനയിൽ കയറിവന്ന വനിതാരത്നങ്ങളാണ്.
ചില ചരിത്ര മുഹൂർത്തങ്ങൾ ഖുർആനിലൂടെ തന്നെ വായിച്ച്, അതിന്റെ ദൃശ്യാവിഷ്കാരങ്ങൾ മനസ്സിലേക്ക് കൊണ്ടുവരാൻ സാധിച്ചിരുന്നത് മറ്റൊരു റമദാൻ അനുഭൂതിയാണ്. ആഇശ ബീവിയുമായി ബന്ധപ്പെട്ട സൂറത്തുന്നൂറിലെ പതിനൊന്ന് മുതലുള്ള ആയത്തുകളിൽ പരാമർശിക്കപ്പെടുന്ന അപവാദപ്രചാരണ സംഭവം അതിനൊരു ഉദാഹരണമാണ്. അപവാദ പ്രചാരണത്തിൽ വിശ്വസിച്ചു പോയവർക്കുള്ള താക്കീതാണ് അതെങ്കിലും ഒരു പെണ്ണിനെതിരെയുള്ള കള്ള പ്രചാരണത്തിന് ഏതു തരം ശാസനകളാണ് ഖുർആൻ പ്രയോഗിച്ചത് എന്ന് അത്ഭുതത്തോടെയാണ് വായിച്ചത്.
വളരെ ഭാവനാത്മകമായി, ഒരു ചലച്ചിത്രത്തിലെന്നപോലെ ദൃശ്യങ്ങൾ മനസ്സിലേക്ക് കടന്നുവന്ന കഥകളിലൊന്നായിരുന്നു, മൂസാ നബിയുടെ മാതാവ് തന്റെ മകളെ നൈൽ നദിയുടെ തീരത്തുകൂടി, കുഞ്ഞായ മൂസായെ അടച്ച പെട്ടി എങ്ങോട്ട് ഒഴുകിപ്പോകുന്നു എന്ന് നോക്കി നടക്കാൻ നിർദേശം കൊടുത്ത് അയക്കുന്ന രംഗം. പിന്നിലായി സഞ്ചരിക്കുന്ന ആ പെൺകുട്ടിയെയും ഒഴുകിപ്പോകുന്ന പെട്ടിയെയും എത്ര മനോഹരമായാണ് ആയത്തുകൾ ദൃശ്യവൽക്കരിക്കുന്നത്! പിന്നീട് മൂസാ നബിയുടെ സഹോദരി ഫറോവയുടെ കൊട്ടാരത്തിലെ എല്ലാ സെക്യൂരിറ്റിയെയും മറികടന്ന് എന്തൊക്കെ മറുപടി പറഞ്ഞിട്ടായിരിക്കും കൊട്ടാരത്തിനകത്തേക്ക് കടന്നത് എന്ന് സ്വയം ചോദിക്കുകയുണ്ടായി. അവിടെ കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞിനെ നോക്കി, രാജാവിന്റെയും രാജ്ഞിയുടെയും പരിവാരങ്ങളുടെയും അടുത്തെത്തി ഈ കുഞ്ഞിനെ ഏറ്റവും നന്നായി പോറ്റാൻ കഴിയുന്ന ഒരു കുടുംബത്തെക്കുറിച്ച് നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ എന്ന് ചോദിക്കുന്ന പെൺകുട്ടിയുടെ ചിത്രം എന്നെയും ഫറോവയുടെ കൊട്ടാരത്തിലെത്തിച്ചു. മൂസാ നബിയുടെ ചരിത്രത്തിൽ, വെള്ളമെടുക്കാൻ സാധിക്കാതെ മാറിനിന്ന രണ്ട് പെൺകുട്ടികളുടെ നാണവും, അവർ പിതാവിനോട് തങ്ങൾ കണ്ട പുരുഷനെ കുറിച്ച് നടത്തിയ വിവരണവുമൊക്കെ ഭാവനാത്മകമായ ഒരു കഥയെന്നോണമാണ് വായിച്ചത്.

ചില ചരിത്ര മുഹൂർത്തങ്ങളെ മനസ്സിലേക്ക് ഏറ്റുവാങ്ങുക എന്നത് നല്ല വായനാനുഭവമാണ്. അല്ലാഹുവിന്റെ കഥ പറച്ചിലിന്റെ കാവ്യാത്മകമായ ആനന്ദം പകർന്നുകിട്ടിയ ഒന്നായിരുന്നു യൂസുഫ് നബിയുടെ ചരിത്രം. കൊട്ടാരത്തിൽ തന്റെ സഹോദനെ തനിച്ചു കിട്ടിയപ്പോൾ അദ്ദേഹത്തോട്, ഞാൻ നിങ്ങളുടെ സഹോദരനാണെന്ന് പറയുന്ന ഒരു രംഗമുണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ ഭാവവും, കാലങ്ങളായി കാത്തിരുന്ന ആ പ്രഖ്യാപനവുമൊക്കെ ഞാൻ മനക്കണ്ണിൽ കണ്ടു. തീർച്ചയായും റമദാനിന്റെ ഒഴിഞ്ഞിരിപ്പുകളിൽ യൂസുഫ് നബിയുടെ ആനന്ദം കാലങ്ങൾക്ക് ശേഷം ഒരു റമദാനിൽ ജുമുഅക്ക് ശേഷം പള്ളി മൂലകളിലൊന്നിൽ ഒറ്റക്കിരുന്നപ്പോഴാണ് ഞാൻ വായിച്ചതെന്ന് ഓർക്കുന്നു.
ഒരു റമദാനിൽ ഞാൻ ഏറെ ആഗ്രഹത്തോടെ വായിച്ചത്, മുഹമ്മദ് നബി(സ)യെ വ്യത്യസ്ത സന്ദർഭങ്ങളിൽ അല്ലാഹു സമാധാനിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ആയത്തുകളാണ്. അത്തരം ആയത്തുകൾ കണ്ടുപിടിച്ചു വായിക്കുമ്പോൾ ആ ചരിത്ര സംഭവവും അതിൽ പരാമർശിച്ച വ്യക്തികളും ഗോത്രങ്ങളും ഒക്കെ നമ്മുടെ മനസ്സിൽ മായാതെ കിടക്കും. അല്ലാഹുവിന്റെ സാന്ത്വനത്തിന്റെ രീതിയും വ്യക്തികളെ കുറിച്ച പരാമർശവും ഏറിയും കുറഞ്ഞുമുള്ള അതിന്റെ പാരുഷ്യവുമെല്ലാം എന്റെ വായനയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

ഖുർആനിൽ സ്ത്രീകളോട് പുലർത്തേണ്ട നീതിയുമായി ബന്ധപ്പെട്ട ചില ആയത്തുകൾ ഇതുവരെ ആരുടെയും വർത്തമാനത്തിൽ കേട്ടിട്ടില്ലല്ലോ എന്ന് അത്ഭുതത്തോടെ മനസ്സിലാക്കിയതും റമദാനിലെ പഠനത്തിലൂടെയാണ് . മഹ്റുമായി ബന്ധപ്പെട്ട സൂറത്ത് നിസാഇലെ നാലാമത്തെ ആയത്തും, ഇദ്ദയുമായി ബന്ധപ്പെട്ട 'നിങ്ങളുടെ മനസ്സിൽ അവരോടുള്ള ഇഷ്ടം ഉണ്ടാകുമെന്ന് എനിക്കറിയാം' എന്ന് റബ്ബ് പറയുന്ന സൂറത്തുൽ ബഖറയിലെ 235-ാമത്തെ ആയത്തും വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്. സാധാരണയായി ആളുകൾ എന്തുകൊണ്ട് ഈ ആയത്തുകളെ കുറിച്ച് സംസാരിക്കുന്നില്ല എന്ന ചിന്തയാണ് സംസാരത്തിൽ അധികമായി ഇത്തരം ആയത്തുകൾ വന്നുപോകാനുള്ള കാരണം.

രാത്രി തറാവീഹ് നമസ്കാരത്തിന് പള്ളിയിലെ ഇമാം ഓതിവെച്ച ആയത്തിന്റെ തുടർ ആയത്തുകൾ വായിക്കുകയും അതിന്റെ വിശദീകരണം മനസ്സിലാക്കുകയും ചെയ്യുക എന്നത് റമദാനിൽ തുടർന്നുവരുന്ന ശീലമാണ്. ഇമാമിനോടൊപ്പം മനോഹരമായ ഖുർആൻ പാരായണത്തിലൂടെ സഞ്ചരിക്കുമ്പോൾ അല്ലാഹു അഭിസംബോധന ചെയ്യുന്ന വ്യക്തികളും പഠിപ്പിക്കപ്പെടുന്ന കാര്യങ്ങളും നിർദേശങ്ങളും ചരിത്രമുഹൂർത്തങ്ങളും ഒക്കെ നമ്മളിലേക്ക് കയറിവരാൻ ഈ വായന ഉപകാരപ്പെടാറുണ്ട്. തീർച്ചയായും റമദാൻ ആഘോഷനാളുകൾ കൂടിയാണ്; വരുംകാലങ്ങളിലെ ഖുർആൻ പഠനത്തിന് അങ്ങേയറ്റത്തെ ആവേശം പകരുന്ന ആഘോഷനാളുകൾ. l