ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഏരിയയിൽ കണ്ടന്തറ ഘടകത്തിലെ പ്രവർത്തകനായിരുന്നു സുബൈർ സാഹിബ്. വാരാന്ത യോഗങ്ങളിലെ ഖുർആൻ ക്ലാസ്സിൽ പങ്കെടുത്ത് പ്രസ്ഥാനപ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കൂടുതൽ വായനയിലൂടെ മുൻനിര പ്രവർത്തകനായി മാറി. സോളിഡാരിറ്റി രൂപീകരണ കാലം മുതൽ പ്രാദേശിക നേതൃത്വം വഹിച്ചു. സി.ഐ.ടി.യു തൊഴിലാളിയായി ഉപജീവനം നടത്തിയിരുന്ന അദ്ദേഹത്തിന് പ്രസ്ഥാന പ്രവർത്തനത്തിന് വിലക്ക് നേരിട്ടപ്പോൾ ആ തൊഴിൽ ഉപേക്ഷിച്ചു ഓട്ടോ ഓടിക്കുകയും പ്രസ്ഥാന പ്രവർത്തനത്തിന് കൂടുതൽ സമയം കണ്ടെത്തുകയും ചെയ്തു. ഏരിയയിലെ ഏത് പൊതു പരിപാടി സംഘാടനത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകും. പ്രദേശത്ത് മാധ്യമം പത്രം വിതരണം ശരിയായ രീതിയിൽ നടക്കാതിരുന്നപ്പോൾ അദ്ദേഹം അതിന്റെ ഏജൻസി ഏറ്റെടുത്തു. പരിപാടികളുടെ പോസ്റ്ററുകൾ പതിക്കാൻ സഹപ്രവർത്തകർ എത്താതിരുന്നാൽ സഹധർമിണിയെയും കൂട്ടി അദ്ദേഹം ദൗത്യം പൂർത്തിയാക്കും.
ഹൽഖയുടെ കീഴിലുള്ള മദ്റസയുടെ നടത്തിപ്പിനുള്ള ഫണ്ട്ശേഖരണത്തിലും കുട്ടികളെ എത്തിക്കുന്നതിലും സുബൈർ സാഹിബിന്റെ പ്രയത്നം എടുത്തുപറയേണ്ടതാണ്. പ്രദേശത്തെ പ്രമുഖ കുടുംബത്തിൽ ജനിച്ചുവളർന്ന സഹപ്രവർത്തകരിൽ ഒരാളുടെ കണ്ണിന് കാഴ്്ച നഷ്ടമായപ്പോൾ അദ്ദേഹത്തിന്റെ കൈയാളായി നടന്നു അദ്ദേഹം. നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും യാത്രകൾക്ക് ഇദ്ദേഹത്തിന്റെ ഓട്ടോ ആയിരുന്നു മുഖ്യ ആശ്രയം. മക്കളെയും ഭാര്യയെയും പ്രസ്ഥാന മാർഗത്തിൽ കൂടെ കൂട്ടുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു.
പി.വി സിദ്ദീഖ്