പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും പ്രഭാഷകനുമായ പി. സുരേന്ദ്രൻ, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, കേരള ലളിതകലാ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ട്രാവൽ ഗ്രാന്റ്, അങ്കണം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജൈവം, ശൂന്യ മനുഷ്യൻ, മഹായാനം തുടങ്ങിയ നോവലുകളും നിരവധി ചെറുകഥാ സമാഹാരങ്ങളും ഉൾപ്പെടെ മുപ്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുദ്ധിസ്റ്റായ പി. സുരേന്ദ്രൻ, ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ സജീവമാണ്. പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം, മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് താമസിക്കുന്നു.
ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷതകളിലൊന്ന്. എങ്ങനെയാണ് ഈ ബഹുസ്വരത രൂപപ്പെട്ടു വന്നത്? എന്തൊക്കെയാണ് അതിന്റെ പ്രത്യേകതകൾ?
ഇന്ത്യ ഏക മതാധിപത്യമുള്ള രാജ്യമല്ല. വിവിധ മതദർശനങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്ത മണ്ണാണിത്. ബഹുസ്വരത തന്നെയാണ് ഇന്ത്യയുടെ സൗന്ദര്യം. ഏക മതത്തിലേക്ക് ചുരുങ്ങുന്നത് ഇന്ത്യയുടെ സൗന്ദര്യം നശിപ്പിക്കും. മതത്തെക്കാളേറെ ജാതിശ്രേണികളാണ് ഇന്ത്യൻ സംസ്കൃതിയെ രൂപപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴും ജാതി തന്നെയാണ് പ്രധാനം. ജാതിശ്രേണിയിൽ ഉപരിവർഗത്തിന്റെ ആധിപത്യമാണ് സംഭവിച്ചത്. മറ്റുള്ളവ അരികുവൽക്കരിക്കപ്പെട്ടു. ആ ഉപരിവർഗ പ്രത്യേയശാസ്ത്രത്തെയാണ് ആർ.എസ്.എസ് ഏറ്റെടുത്തത്. യഥാർഥത്തിൽ, ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തെയാണ് ഹിന്ദുത്വ എന്നു പറയുന്നത്.
ഇന്ത്യയിൽ എക്കാലത്തും മതങ്ങളുടെ വൈവിധ്യങ്ങൾക്ക് പ്രാധാന്യമുണ്ട്. ക്രിസ്ത്യാനിറ്റി, ഇസ് ലാം, പാഴ്സി, ബുദ്ധ, ജൈന തുടങ്ങി വൈവിധ്യമാർന്ന മതദർശനങ്ങളുടെ മണ്ണാണ് നമ്മുടേത്. ഈ മതങ്ങൾ തമ്മിൽ ആഴമേറിയ കലഹങ്ങൾ ഇവിടെ നിലനിന്നിരുന്നില്ല. കുറെയൊക്കെ സമാധാനത്തോടെയാണ് ഇന്ത്യയിൽ മതങ്ങൾ പുലർന്നിരുന്നത്. അതിലൊക്കെ ഇപ്പോൾ മാറ്റം സംഭവിക്കുകയാണ്. ഇതൊരു ചരിത്രത്തിന്റെ തുടർച്ചയാണ്. ഒരുകാലത്ത് ഇവിടെ ബുദ്ധ, ജൈന മതങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ ഒരു മതത്തിനുമേൽ മറ്റൊരു മതം ആധിപത്യം സ്ഥാപിച്ചതിന്റെ ആദ്യ ഉദാഹരണം ബുദ്ധമതത്തിനെതിരായ നീക്കമായിരുന്നു. ഇതിന്റെ ഫലമാണ് ബുദ്ധമതത്തിന്റെ തകർച്ച. ബുദ്ധ കേന്ദ്രങ്ങൾക്കുമേൽ അക്രമാസക്തമായ വംശീയ ഹിന്ദുത്വത്തിന്റെ അധീശത്വമുണ്ടായി. നിരവധി ബുദ്ധ നിർമിതികൾ ഹിന്ദുത്വം തകർത്തിട്ടുണ്ട്.
ഇന്ത്യയിലേക്ക് വന്ന മുഗളന്മാർ ഇവിടെ ഇസ് ലാം മതത്തിന്റെ ആധിപത്യത്തിന് ശ്രമിച്ചിട്ടില്ല. ഇന്ത്യയുടെ വൈവിധ്യങ്ങളെ ചേർത്തുപിടിക്കുകയാണ് ചെയ്തത്. അവരീ നാടിനെ സ്നേഹിക്കുകയും അതിന്റെ ഭാഗമാവുകയുമായിരുന്നു. ഇന്ത്യൻ നാഗരികത പടുത്തുയർത്തുന്നതിൽ വലിയ പങ്കും അവർക്കുണ്ട്. അതുവഴി വലിയ തോതിൽ സാംസ്കാരിക പ്രബുദ്ധതയുമുണ്ടായി. ഇപ്പോൾ ഇവിടെ നടക്കുന്നത് മതവുമായി ബന്ധപ്പെട്ട ആക്രമണങ്ങളല്ല; ഹിന്ദുത്വ വംശീയതയുമായി ബന്ധപ്പെട്ടതാണ്.
ഇവിടെ രൂഢമായിട്ടുള്ളത് ജാതി തന്നെയാണ്. ഇതര മതങ്ങൾക്കെതിരെ മാത്രമല്ല കടന്നുകയറ്റമുണ്ടാകുന്നത്. ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രം കീഴാള സംസ്കൃതിയെയും പതിയെ വേട്ടയാടുന്നുണ്ട്. അതൊന്നും പഠിക്കപ്പെടുന്നില്ല. വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെടുന്നില്ല.
ലോക ചരിത്രം നോക്കിയാൽ ഫാഷിസ്റ്റ് ഐഡിയോളജി അടിസ്ഥാനമാക്കിയ രാഷ്ട്രങ്ങൾ ഒക്കെയും തകരുന്നത് നമ്മൾ കാണുന്നുണ്ട്. ജനാധിപത്യത്തിലേക്ക് അവർക്ക് മടങ്ങേണ്ടി വന്നു. വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമായി ഒരിക്കലും ഒരു ജനതക്കോ, രാഷ്ട്രത്തിനോ മുന്നോട്ട് പോകാൻ കഴിയില്ല. ആർ.എസ്.എസിന്റെ പ്രത്യയ ശാസ്ത്രം സ്വാഭാവികമായും തകരും. അതിന് ആക്കം കൂട്ടാൻ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
സനാതന ഹിന്ദു ധർമം ഇന്ത്യൻ ബഹുസ്വരതയെ പരിപാലിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഏതൊക്കെ രീതിയിൽ പങ്കുവഹിച്ചിട്ടുണ്ട്?
സനാതന ഹിന്ദുധർമം എന്ന ആശയത്തോട് തന്നെ എനിക്ക് വിയോജിപ്പുണ്ട്. അങ്ങനെ ഏക ശിലാത്മകമായ ഹിന്ദുധർമം നിലനിൽക്കുന്നില്ല. ഹൈന്ദവത എന്നത് തന്നെയും ഈ ജാതിശ്രേണികളുടെ വൈവിധ്യത്തിലൂടെ രൂപപ്പെട്ടുവന്ന സംസ്കൃതിയാണ്. ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്നതാണ് സനാതന ധർമം. അല്ലാതെ ഒരു സനാതന ധർമം ഇല്ല. ഹൈന്ദവ ദർശനത്തിൽ, ക്ഷേത്ര വിശ്വാസികളും ബിംബാരാധകരും ആണല്ലോ ഹിന്ദു വിഭാഗം. അവരിൽ തന്നെ ഈ പറയുന്ന സനാതന ധർമത്തോട് ഐക്യപ്പെടാത്ത എത്രയോ വിഭാഗങ്ങളുണ്ട്. കാഞ്ച ഐലയ്യ, ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല എന്ന് വിശദീകരിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഹൈന്ദവം എന്ന് തോന്നുന്ന ആരാധനകൾ അവരിലുണ്ട്. ക്ഷേത്രങ്ങളും ആരാധനാ സമ്പ്രദായങ്ങളും മൂർത്തി സങ്കൽപ്പങ്ങളുമെല്ലാം ഉള്ളപ്പോൾ തന്നെ, അവർ സനാതന ഹിന്ദുത്വത്തിന്റെ ഭാഗമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. സനാതനമല്ല എന്നതിനർഥം, ബ്രാഹ്മണിക്കൽ ഹിന്ദുത്വത്തിന്റെ ഭാഗമല്ല എന്നാണ്. ഹിന്ദു വിഭാഗങ്ങളിലെ ദർശന പദ്ധതികൾ എടുത്തു നോക്കിയാൽ പല തരത്തിലുള്ള വൈവിധ്യങ്ങൾ കാണാം. യുക്തിവാദ ആശയങ്ങൾക്കു വരെ ഇടം കിട്ടിയിട്ടുണ്ട്. രാമായണത്തിനു തന്നെ അനേക പാഠങ്ങൾ ഉണ്ടായി. ദൈവ നിഷേധികളായ ഹിന്ദുക്കളും ഉണ്ടായിരുന്നു. അതൊക്കെ നമ്മൾ കാണണം. ഇപ്പോഴുള്ള തീവ്ര ഹിന്ദുത്വത്തിന്റെ പ്രചാരകർ തന്നെ ദൈവ വിശ്വാസികളായിരുന്നോ എന്ന് സംശയമുണ്ട്. സവർക്കർ ഹിന്ദുത്വയിലൂടെ മത വിശ്വാസമല്ല, വംശീയതയാണ് കൊണ്ടുവരുന്നത്. ഇതര മതവിശ്വാസങ്ങളോടുള്ള വെറുപ്പിൽ അധിഷ്ഠിതമായ ഉപരിവർഗ പ്രത്യയശാസ്ത്രം! ഇതര മതങ്ങളെ മാത്രമല്ല അവർ ലക്ഷ്യം വെച്ചിട്ടുള്ളത്. ജാതിശ്രേണിയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവരുടെ അസ്തിത്വത്തെയും വലിയ തോതിൽ അവർ ചോദ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ഭയപ്പെടുത്തുന്ന കാര്യം, ഏകമുഖമായ ഒരു ഹിന്ദുത്വം പതിയെ രൂപപ്പെട്ടുവരുന്നു എന്നതാണ്. ദലിത് വിഭാഗങ്ങൾ പോലും അതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഇവർ പറയുന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് കുറെക്കൂടി സ്വീകാര്യത ലഭിക്കും.
കേരളത്തിൽ തന്നെ മൃദു ഹിന്ദുത്വം വളർന്നു വരുന്നുണ്ട്. ജനാധിപത്യ വിശ്വാസികൾക്ക് അകത്തു പോലും സ്ലീപിങ് സെൽ ഉണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് സനാതന ഹിന്ദുത്വം എന്ന ആശയം എന്നെ സംബന്ധിച്ചേടത്തോളം ബഹുസ്വരതക്ക് വെല്ലുവിളിയാണ്. ഹിന്ദുത്വ ശക്തികൾ സ്ഥാപിച്ചെടുക്കുന്ന സനാതന ധർമത്തിന് ഒട്ടും ബഹുസ്വര സ്വഭാവമില്ല. അത് ദലിതുകൾക്ക് എതിരാണ്, ആദിവാസികൾക്ക് എതിരാണ്, അത് ഇന്ത്യയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നില്ല. അക്രമാസക്തമായ ഒരു വംശീയ പ്രത്യയശാസ്ത്രമാണിത്. ഹിന്ദു മതത്തിന്റെ സൗന്ദര്യമോ, ആത്മീയതയോ, വൈവിധ്യമോ ഉൾക്കൊള്ളാത്ത ഒരു പദ്ധതി മാത്രമാണത്.
സനാതന ഹിന്ദു ധർമവും സംഘ് പരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
യഥാർഥത്തിൽ ഹിന്ദു /ഹൈന്ദവം എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന, നൂറ്റാണ്ടുകളായി ബഹുസ്വരതയിലൂടെ രൂപപ്പെട്ടുവന്ന വൈവിധ്യപൂർണമായ ദർശനങ്ങളുമായി, ആർ.എസ്.എസിന് യാതൊരു ബന്ധവുമില്ല. ഹിറ്റ്ലർ അവതരിപ്പിച്ച പ്രത്യയശാസ്ത്രത്തിന് ആത്മീയതയും സൗന്ദര്യവും ഉണ്ടായിരുന്നില്ല. മതത്തിന്റെ ഏതെങ്കിലും സൗന്ദര്യ ഭാവത്തെ അത് ഉൾക്കൊണ്ടിട്ടുമില്ല. അത് വെറുപ്പിൽ അധിഷ്ഠിതമാണ്. അതുപോലെ ഒന്നാണ് ആർ.എസ്.എസ്സിന്റേതും. അവരുടെ വസ്ത്രവും വടിയും നോക്കൂ. അതിന് ഇന്ത്യയിലെ പാരമ്പര്യവുമായി ഒരു ബന്ധവുമില്ല. അവർ ഒരിക്കലും മറ്റുള്ള ദർശനങ്ങളെയും വൈവിധ്യങ്ങളെയും അംഗീകരിക്കില്ല. തങ്ങളുടെ അധികാരം നിലനിർത്തി, ഇന്ത്യയെ ഏകമുഖമായ ഒരു ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്ര ഘടനയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന് ആത്മീയതയുടെ സ്പർശമേ ഇല്ല. ആത്മീയതയുടെ സ്പർശം ഉണ്ടാകുമ്പോഴാണ് കാരുണ്യവും ആർദ്രതയുമുണ്ടാവുക. അഹിംസയുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ബുദ്ധൻ അരികുവത്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേർത്തുപിടിച്ചു. ഇതാണ് ഗൗതമ ബുദ്ധന്റെ പ്രസക്തി. അതുകൊണ്ടാണല്ലോ അംബേദ്കർ ഈ പറയുന്ന സനാതന ധർമം ഉപേക്ഷിച്ചുപോകുമ്പോൾ ബുദ്ധനെ ചേർത്തുപിടിക്കുന്നത്.
ആർ.എസ്.എസ് ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിച്ചു കൂടാ. അതിന് അവർക്ക് അർഹതയില്ല. അവർ അവരുടെ വഴിക്ക് സഞ്ചരിക്കട്ടെ. പക്ഷേ, ആർ.എസ്.എസ് സൈലന്റായി കൊണ്ടുവരുന്ന പ്രത്യയശാസ്ത്രത്തിനെതിരെ ജനാധിപത്യ വിശ്വാസികൾക്ക് ഒന്നിച്ച് പോരാടാൻ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. പല നിലക്കും അവരോട് സോഫ്റ്റാണ് ഇവിടം. ഒരു ഘട്ടം വരെ, വലിയ തോതിൽ അവരെ തടഞ്ഞു നിർത്താൻ നെഹ്‌റുവിയൻ ആശയങ്ങൾക്ക് സാധിച്ചിരുന്നു. നെഹ്‌റുവിയൻ ആശയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കോൺഗ്രസ്സും സോഷ്യലിസ്റ്റ് പാർട്ടികളും പരാജയപ്പെടുകയാണുണ്ടായത്.
ആർ.എസ്.എസ് മുന്നോട്ടു വെക്കുന്ന ഹിന്ദുത്വ വാദങ്ങൾ ഏതെല്ലാം രീതിയിൽ ഹിന്ദു സമൂഹത്തിനും ഇന്ത്യക്കും അപകടങ്ങൾ വരുത്തിവെക്കും?
ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യ സങ്കൽപമാണ് ആർ.എസ്.എസ് മുന്നോട്ടു വെക്കുന്നത്. ഞാൻ ദലിതർ ഉൾപ്പെടെ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടൊക്കെ പറയുന്ന ഒരു കാര്യമുണ്ട്, ന്യൂനപക്ഷങ്ങൾ മാത്രമല്ല ഇവിടെ വേട്ടയാടപ്പെടുക. ആർ.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രം സ്ഥാപിക്കപ്പെടുന്നതോടു കൂടി ജാതിശ്രേണിയിൽ പിന്നിൽ നിൽക്കുന്ന ദലിതുകൾ, ആദിവാസി ഗോത്ര വർഗങ്ങൾ, അവരുടെ വിശ്വാസങ്ങൾ, സ്പിരിച്വാലിറ്റി… ഇതെല്ലാം തന്നെ വലിയ വെല്ലുവിളി േരിടും. അതിനാൽ, ആർ.എസ്.എസ് ആശയങ്ങൾക്കെതിരെ വലിയ തോതിലുള്ള ഉയിർപ്പ് ദലിത് ജനവിഭാഗങ്ങളിൽനിന്നുണ്ടാവണം. ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ചേർത്തുപിടിച്ചുള്ള മഹാ പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. പക്ഷേ, അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നില്ല. പൗരത്വ ബില്ല് നടപ്പാക്കിയില്ലെങ്കിലും സമര കാലത്തെ വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പക്ഷേ, ദലിത് ന്യൂനപക്ഷ പ്രക്ഷോഭങ്ങൾ കാണാനില്ല. മതേതര കക്ഷികൾ തങ്ങളുടെ പ്രാദേശിക അധികാരങ്ങൾ നിലനിർത്താനുള്ള തിരക്കിൽ രാജ്യം എന്തുമാകട്ടെ എന്ന മാനസികാവസ്ഥയിലാണ്.
ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് ഉണ്ടാക്കിയ ക്ഷേത്രം എന്ന് നമ്മൾ പറഞ്ഞുകൊണ്ടേയിരിക്കണം. ആ ക്ഷേത്രത്തിലേക്ക് തീർഥ യാത്രയാവാം എന്ന മനോഭാവത്തിലേക്ക് മതേതര പ്രസ്ഥാനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ഹിന്ദു വിഭാഗങ്ങൾ പോലും എത്തുന്നതോടെ, വേദനാ പൂർണമായ ബാബരിയുടെ തകർച്ച ഓർമകളിൽ പോലും പതിയെ ഇല്ലാതെയാകുമോ എന്ന് ഞാൻ പേടിക്കുന്നു.
ഭാരതീയ പാരമ്പര്യത്തിലെ ശ്രീരാമനും ആർ.എസ്.എസ് ഉയർത്തിക്കൊണ്ടുവന്ന രാമനും തമ്മിൽ അന്തരങ്ങളില്ലേ?
വംശീയ പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള ഒരു ബിംബം മാത്രമാണ് ആർ.എസ്.എസ്സിന്റെ രാമൻ. ഇന്ത്യയിൽ നൂറ്റാണ്ടുകളിലൂടെ വളർന്ന രാമസങ്കൽപം വളരെ വൈവിധ്യപൂർണമായതാണ്. രാമന്റെ മഹത്വം ഉദ്ഘോഷിക്കപ്പെടുക മാത്രമല്ല, അദ്ദേഹം വിമർശിക്കപ്പെടുന്നുമുണ്ട്. സീതയുടെ പക്ഷത്തുനിന്നും നോക്കിയാൽ രാമന് മഹത്വമില്ല എന്ന് ദലിത് വിഭാഗത്തിൽനിന്നൊക്കെ വിമർശനങ്ങൾ വരുന്നുണ്ട്. വളരെ പോസിറ്റീവായും രാമനെ കാണാൻ കഴിയും. രാമനെയും രാമായണത്തെയും മറന്നുകൊണ്ട് ഇന്ത്യൻ സംസ്കാരത്തെ വിലയിരുത്താൻ സാധിക്കില്ല. അതിന്റെ പ്രാധാന്യം നമ്മൾ അംഗീകരിച്ചേ മതിയാവൂ. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന രാമൻ എന്ന സങ്കല്പമാണ് ഗാന്ധി മുന്നോട്ടുവെച്ചത്. അതൊരിക്കലും ഹിന്ദു രാജ്യമായിരിക്കില്ല എന്ന ഉറപ്പും ന്യൂനപക്ഷങ്ങൾക്ക് ഉണ്ടായിരുന്നു. ഗാന്ധിയോടൊപ്പം നടന്ന ധാരാളം മുസ് ലിം പണ്ഡിതന്മാരുമുണ്ട്. ഇസ് ലാമിക തിയോളജിയിൽ ആഴമേറിയ അറിവ് ഉണ്ടായിരുന്ന ആളാണല്ലോ മൊയ്‌തു മൗലവി. എന്നാൽ, അദ്ദേഹം ഗാന്ധിയനും ആയിരുന്നു. ഗാന്ധിയാണെങ്കിൽ രാമരാജ്യം മുന്നോട്ടുവെച്ച ആളും. എന്നാൽ, രാമനെയും കൃഷ്ണനെയും അധികാരം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ബിംബങ്ങളായി മാത്രമേ ആർ.എസ്.എസ് കാണുന്നുള്ളൂ.
മതങ്ങൾക്ക് ആഴമേറിയ ആത്മീയ തലമുണ്ട്. അത് നഷ്ടപ്പെട്ടാൽ പിന്നെ മതത്തിന് വിലയില്ല. എം.എൻ വിജയൻ മാഷ് പറയുന്ന പോലെ, മുത്തുച്ചിപ്പിയുടെ വാല്യൂ എന്നത് അതിലെ മുത്താണ്. മുത്ത് പോയാൽ അത് വെറും ഷെൽ മാത്രമാണ്. ചിപ്പിക്കകത്തെ മുത്ത് പോലെയാണ് മതത്തിനകത്തെ സ്പിരിച്വാലിറ്റി. ആ സൗന്ദര്യമാണ് മറ്റു മതങ്ങളെയും ആശയങ്ങളെയും ചേർത്തുപിടിക്കാനുള്ള ആത്മശക്തി നൽകുന്നത്. ആർ.എസ്.എസ് ഒട്ടും സ്പിരിച്വൽ അല്ല. അവരോടുള്ള എന്റെ വിയോജിപ്പുകളിലൊന്ന് അതാണ്. ആർ.എസ്.എസ് എന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ല. അവരോട് ഒരു ഡയലോഗിന് പോലും ഞാൻ ആഗ്രഹിച്ചിട്ടുമില്ല.
ഇന്ത്യൻ ബഹുസ്വരതക്കും മതനിരപേക്ഷതക്കും വലിയ ആഘാതം ഏൽപ്പിച്ചിട്ടുണ്ടല്ലോ, ആർ.എസ്.എസ്സിന്റെ രാമക്ഷേത്ര പ്രക്ഷോഭം. 1992-ൽ ബാബരി മസ്ജിദ് തകർത്തതാണ് പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ ഇന്ധനമായി മാറിയത്. ഇപ്പോൾ രാമക്ഷേത്രം യാഥാർഥ്യമാകുമ്പോൾ, 1992-ന് ശേഷമുള്ള 31 വർഷങ്ങളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
രാമക്ഷേത്രത്തിന് ചരിത്രപരമായ സാധുത ഇല്ലല്ലോ. ഏത് കാലഘട്ടത്തിലാണ് രാമസങ്കല്പം ഇന്ത്യയിൽ രൂപപ്പെടുന്നത് എന്ന് പഠിക്കണം. ഇപ്പോൾ സനാതന ധർമത്തിന്റെ ആളുകൾ പറയുന്നത് ലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കം ഹിന്ദുത്വ ആശയങ്ങൾക്കുണ്ട് എന്നാണ്. ഈ വാദത്തിന് നരവംശ ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. ഭംഗിയുള്ള ഒരു കഥ മെനഞ്ഞെടുത്ത് അതിനെ നുണകളാൽ പടുത്തുയർത്തിയിരിക്കുകയാണ്. ആർക്കിയോളജിക്കൽ പഠനങ്ങൾ പരിശോധിച്ചാലറിയാം, അതിനൊന്നും ചരിത്ര വസ്തുതകളുടെ യാതൊരു അടിസ്ഥാനവുമില്ലെന്ന്. ഇപ്പോൾ പുതിയ ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ സ്വയംഭൂ വിഗ്രഹം എവിടെപ്പോയി? രാമന്റെ സ്വയംഭൂ വിഗ്രഹം ഉണ്ട് എന്ന് പറഞ്ഞിരുന്നു, ഇപ്പോൾ അതില്ലല്ലോ!
എല്ലാ രാജ്യത്തും ക്ഷേത്രങ്ങളും പള്ളികളും സ്വാഭാവികമായി ജീർണിച്ചുപോകാം, തകരാം. പ്രകൃതി ദുരന്തങ്ങളിൽ മൺമറയാം. എന്നാൽ, ബാബരി മസ്ജിദിന്റെ തകർച്ച വ്യത്യസ്തമാണ്. രാമൻ പിറന്ന പ്രദേശം എന്ന, ചരിത്രത്തിന്റെ പിൻബലമില്ലാത്ത ഒരു വിശ്വാസപ്രമാണത്തെ മുൻനിർത്തി, വംശീയമായ ആധിപത്യത്തിനു വേണ്ടിയുള്ള ഒരു ക്യാമ്പയിനാണ് 1992-ൽ ബാബരി മസ്ജിദിന്റെ തകർച്ചക്ക് കാരണമായത്. കർസേവകരുടെ ആക്രമണത്തിൽനിന്നും ആ മന്ദിരത്തെ സംരക്ഷിക്കാൻ, അതിന് ചുറ്റും വലയം തീർക്കാൻ പോലും ഇന്ത്യയിലെ ജനാധിപത്യ സംരക്ഷകർക്ക് സാധിച്ചില്ല. അതോടുകൂടി രാജ്യത്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ അളവറ്റ ആത്മവിശ്വാസം ആർ.എസ്.എസ്സിന് കിട്ടി. ബാബരിയുടെ തകർച്ചയ്ക്ക് ശേഷം ആർ.എസ്.എസ് പ്രമോട്ട് ചെയ്യുന്ന രാഷ്ട്രീയത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചുതുടങ്ങി. കാലം കഴിയുമ്പോൾ സ്വീകാര്യത ഇനിയും കൂടും എന്നെനിക്ക് തോന്നുന്നു. കാരണം മൃദു ഹിന്ദുത്വത്തിന് അകത്തുള്ള ആളുകൾ തന്നെ പതിയെ ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന സനാതന ആശയങ്ങളുമായി കുറച്ചുകൂടി ചേർന്നുനിൽക്കാൻ കേരളത്തിൽ പോലും ശ്രമിക്കുന്നുണ്ട്. കേരളത്തിൽ ബി.ജെ.പിക്ക് നിയമസഭയിലോ ലോക് സഭയിലോ സീറ്റ് കിട്ടുന്നില്ല എന്നതുകൊണ്ട് ഇവിടെയത് ദുർബലമാണെന്ന് ധരിക്കേണ്ട. പല ജനാധിപത്യ വിശ്വാസികൾക്കിടയിലും നിശ്ശബ്ദമായി ആർ.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്നവർ കേരളത്തിൽ പോലും ഉണ്ടായിവരുന്നു. ഒരു ഘട്ടം കഴിഞ്ഞാൽ വലിയ വിജയങ്ങൾക്ക് അത് കാരണമായേക്കാം. ജനാധിപത്യ വിശ്വാസികളുടെ ഒരുമിച്ചുള്ള ചെറുത്തുനിൽപുണ്ടായാൽ അതിന് തടയിടാൻ സാധിക്കും. ജനാധിപത്യത്തിന്റെ തകർച്ചക്ക് കാരണമാകുന്ന ഒരു വംശീയ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുള്ള യാത്രയായിട്ടാണ് ഈ 31 വർഷത്തെ ഞാൻ കാണുന്നത്. ഈ 31 വർഷത്തിനിടയിൽ ദലിത്, ആദിവാസി ന്യൂനപക്ഷങ്ങൾ കൂടുതൽ ആശങ്കാകുലരായിട്ടുണ്ട്. ബാബരി തകർക്കാൻ കഴിഞ്ഞ അഹങ്കാരമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നതിന് അവർക്ക് പ്രചോദനമായത്. പൗരത്വ ഭേദഗതി നീക്കങ്ങളെ അന്ന് തോല്പിച്ചത് ജനകീയ പ്രക്ഷോഭങ്ങൾ മാത്രമാണ്. വംശീയ ഫാഷിസത്തെ തോല്പിക്കാനുള്ള ഏക പോംവഴി ജനകീയ പ്രക്ഷോഭങ്ങൾ മാത്രമാണ്. ആ ജനകീയ പ്രക്ഷോഭങ്ങൾ പ്രതീക്ഷയാണ്. എന്നാലും കഴിഞ്ഞ 31 വർഷങ്ങൾ വേദനയുടേതും ആശങ്കയുടേതുമായിരുന്നു. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട വർഷങ്ങൾ. വംശീയ ഫാഷിസത്തിനെതിരെയുള്ള ജനാധിപത്യ പ്രതിരോധം ഇങ്ങനെയായാൽ പോരാ എന്നാണ് എനിക്ക് പറയാനുള്ളത്.
മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയം തകർത്ത് നിർമിക്കുന്ന അമ്പലം ഹിന്ദുധർമത്തിന്റെ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ?
ഒരു വിഭാഗത്തിന്റെ ആരാധനാ കേന്ദ്രങ്ങൾ മറ്റൊരു വിഭാഗം തകർക്കുന്നത് ഇന്ത്യയിൽ ആദ്യമായല്ല. ഹിന്ദു മതത്തിനകത്തും സംഘർഷങ്ങൾ വന്നപ്പോൾ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഭക്തിപ്രസ്ഥാനത്തിന്റെ കാലം നോക്കുക. ശൈവ -വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ചില കാലങ്ങളിൽ അവ വലിയ സംഘർഷങ്ങളിലേക്ക് പോയിട്ടുണ്ട്. ആ കാലഘട്ടങ്ങളിൽ ആരാധനാലയങ്ങൾ പരസ്പരം തകർക്കുന്നതിലേക്ക് സംഘർഷങ്ങൾ എത്തിയിട്ടുണ്ട്. എത്രയോ ബുദ്ധ കേന്ദ്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.
ചരിത്രത്തെ നിർണയിക്കുന്ന പഠന ശാഖയാണല്ലോ ആർക്കിയോളജി. ചരിത്ര പണ്ഡിതന്മാർ ആർക്കിയോളജിക്കൽ നിർമിതികൾക്ക് വലിയ പ്രാധാന്യം നൽകും. പക്ഷേ, ഇവിടെ സംഭവിച്ചത് മറിച്ചാണ്. ബാബരി മസ്ജിദ് തകർക്കാനുള്ള ആശയങ്ങൾ സംഭാവന ചെയ്യുന്നതിലും ആർക്കിയോളജിസ്റ്റുകളെന്ന് പറയുന്ന ചിലർ പങ്കുവഹിച്ചില്ലേ? അവരിൽ പലരും ആർ.എസ്.എസ്സിന്റെ സഹായികളായി മാറിയത് നാം കണ്ടു. സംസ്കൃതിയുടെ ഒറ്റുകാരായാണ് ഞാൻ അവരെ കാണുന്നത്. അവർ ചരിത്രത്തെ വളരെ വികലമായി പ്രക്ഷേപണം ചെയ്യും. ആർ.എസ്.എസിന്റെ ഗ്രന്ഥങ്ങൾ എടുത്തുനോക്കിയാൽ തന്നെ, യാതൊരു അടിത്തറയും അവരുടെ വാദങ്ങൾക്കില്ലെന്ന് മനസ്സിലാക്കാം. ഒരിക്കലും ഒരു ചരിത്ര മന്ദിരം തകർക്കുന്നത് അഭിമാനകരമല്ല. ചരിത്രപരമായ ഒരു മന്ദിരം തകർത്ത് ഒരു വംശീയ പ്രത്യയശാസ്ത്രത്തിന്റെ മന്ദിരം അവിടെ കെട്ടിയാൽ അതിനകത്ത് ഈശ്വര ചൈതന്യവും ഉണ്ടാവില്ല.
മസ്ജിദിനു മേൽ പണിത മന്ദിർ ഒരു ഹിന്ദുവിന് അഭിമാനമാണോ, അതോ അപമാനമോ? അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോൾ, ഒരു സനാതന ഹിന്ദു അതിനോട് സ്വീകരിക്കേണ്ട നിലപാട് എന്താണ്?
ഞാൻ ഒരു ക്ഷേത്രാരാധകനല്ല; അടിസ്ഥാനപരമായി ബുദ്ധിസ്റ്റ് ആണ്. ക്ഷേത്രത്തിൽ പോകാത്തതുകൊണ്ട് ഈ രാമക്ഷേത്രത്തിന്റെ പണികളോ വിവരങ്ങളോ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. എന്റെ വിഷയം ബാബരിയുടെ തകർച്ചയും അതിലുള്ള വിഷമവും ആയിരുന്നു. ആ വേദന കാരണം അവിടെ കെട്ടിപ്പടുത്ത മന്ദിരം സ്വർണത്തിലോ വജ്രത്തിലോ നിർമിച്ചതായാലും എന്നെ ആകർഷിക്കില്ല. അയോധ്യയിലെ രാമക്ഷേത്രത്തിൽ, ആ ഒരു ചൈതന്യമുണ്ട് എന്നും എനിക്ക് തോന്നുന്നില്ല.
ഇന്ത്യൻ ബഹുസ്വരതയുടെ ആരോഗ്യകരമായ നിലനിൽപ്പിനും വംശവെറിയുടെ ഉന്മൂലനത്തിനും നാം, വിശേഷിച്ചും നവതലമുറ സ്വീകരിക്കേണ്ട സാമൂഹിക- രാഷ്ട്രീയ നിലപാടുകൾ?
ഭൂമിയിൽ പല തരം പൂക്കളും പ്രാണികളുമുണ്ട്. അവയൊക്കെ പ്രകൃതിയുടെ ഭാഗമാണ്. അപ്രകാരമാണ് മതങ്ങൾ. എല്ലാ മതങ്ങളും നിലനിൽക്കട്ടെ നമ്മുടെ രാജ്യത്ത്. ചരിത്രം പരിശോധിച്ചാൽ, പല സൗന്ദര്യാനുഭവങ്ങളും കൂടിച്ചേർന്നതാണല്ലോ നമ്മുടെ നാട്. മസ്ജിദും ഒരു സൗന്ദര്യാനുഭവമാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഇൻഡോ-പേർഷ്യൻ വാസ്തുശില്പ വിദ്യയിൽ നിർമിക്കപ്പെട്ട എത്രയോ മന്ദിരങ്ങളില്ലേ, മൈസൂർ പാലസ് പോലെ. രാജസ്ഥാനിൽ രജ്പുത്തുകളുടെ വാസ്തുശില്പമൊക്കെ നോക്കൂ. അതിലെല്ലാം ഇൻഡോ -പേർഷ്യൻ സ്വാധീനം കാണാം. ബാബരി മസ്ജിദും ഒരു വാസ്തു സ്മാരകം പോലെ അവിടെ നിലനിൽക്കട്ടെ എന്നാണ് തീരുമാനിക്കേണ്ടിയിരുന്നത്. അതും ഇന്ത്യയുടെ സൗന്ദര്യമാണ് എന്ന് തിരിച്ചറിയുന്ന വിശാലതയാണ് ഉണ്ടാകേണ്ടിയിരുന്നത്. മസ്ജിദ് തകർത്തത് ബഹുസ്വരതയുടെ നിഷേധമായിരുന്നു.
ബാബരി മസ്ജിദ് തകർത്തിട്ട് 31 വർഷങ്ങൾ കഴിഞ്ഞങ്കിലും, ഞാൻ വിശ്വസിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് നമ്മുടെ രാജ്യം പൂർണമായി എത്തിയിട്ടില്ല എന്നുതന്നെയാണ്. നാം ഒരുമിച്ചാൽ മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുകൊണ്ടുവരാം. ഹിന്ദുത്വക്ക് വലിയ സ്വാധീനമുണ്ടായിരുന്ന കർണാടകയിൽ കോൺഗ്രസ് തിരിച്ചുവന്നില്ലേ? മധ്യപ്രദേശിലും രാജസ്ഥാനിലും പരാജയം സംഭവിച്ചത്, കോൺഗ്രസ് മറ്റുള്ളവരെ ചേർത്തുപിടിക്കുന്ന ജനാധിപത്യ മര്യാദ കാണിക്കാത്തതുകൊണ്ടാണ്. വിട്ടുവീഴ്ചകൾക്ക് തയാറായിരുന്നെങ്കിൽ ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ മടക്കം ശോഭനമായേനെ. ആ നിലയിൽ എനിക്ക് പ്രതീക്ഷ നശിച്ചിട്ടില്ല. ഈ ഇരുട്ടിൽനിന്ന് നാം വെളിച്ചത്തിലേക്ക് എത്തും. ഗാന്ധിയുടെയും ബുദ്ധന്റെയും രാജ്യത്ത്, സമ്പൂർണമായി ഇരുട്ട് മൂടും എന്ന് ഞാൻ വിചാരിക്കുന്നില്ല. വെളിച്ചം മടങ്ങി വരും. അടുത്ത ലോകസഭാ ഇലക് ഷനിലും ഒരുപാട് ശ്രമിക്കേണ്ടിവരും. വിട്ടുവീഴ്ചയും സഹകരണവും ഐക്യവും വേണ്ടയളവിൽ ഉണ്ടായാൽ മാത്രം നമുക്ക് പ്രതീക്ഷയുണ്ട്. l