1968-'69 കാലത്താണ് ഞാൻ പ്രബോധനം വാരികയുടെ വരിക്കാരിയാവുന്നത്. 'ഗ്രാമത്തിൽ നിന്നൊരു ബാലൻ' എന്ന പേരിൽ ഒരു ആത്മകഥയുടെ വിവർത്തനം തുടർച്ചയായി പ്രബോധനത്തിൽ അന്ന് വന്നു കൊണ്ടിരുന്നു. അതാണ് ആദ്യമായി വായിച്ചത്. പിന്നീടങ്ങോട്ട് പ്രബോധനം എന്റെ ഉറ്റ ചങ്ങാതിയായി. ആദ്യമാദ്യം വായിച്ചാൽ മനസ്സിലാകുന്ന ചില പംക്തികൾ മാത്രമാണ് സ്ഥിരമായി വായിച്ചുകൊണ്ടിരുന്നത്.
നാളുകൾ പിന്നിട്ടപ്പോൾ പ്രബോധനത്തെ കാത്തിരിക്കാൻ തുടങ്ങി. ദൈവബോധവും മതഭക്തിയും സദാചാര നിഷ്ഠയും ഹൃദയത്തിൽ കരുപ്പിടിപ്പിച്ചെടുക്കാനും ചിന്താഗതികളും അഭിരുചികളും ഇസ്ലാമിക കാഴ്ചപ്പാടിൽ രൂപപ്പെടുത്താനും പ്രബോധനം വളരെയേറെ സഹായകമായിട്ടുണ്ട്. വൈജ്ഞാനിക മൂല്യമുള്ള ഒരു വായനാശീലം വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു നേട്ടം. പ്രതിപക്ഷ ബഹുമാനവും മാന്യതയും പുലർത്തുന്ന ആശയാവതരണവും, ശുദ്ധവും സുന്ദരവുമായ ഭാഷാപ്രയോഗവും എന്നും പ്രബോധനത്തിന്റെ സവിശേഷതകളാണ്. പ്രബോധനം രചനകളിലെ വാക്ചാതുരിയും സാഹിത്യശൈലിയും ഉള്ളടക്കത്തിന്റെ ഗാംഭീര്യവും ആദ്യം മുതൽ തന്നെ എന്നെ വളരെയേറെ സ്വാധീനിച്ചിരുന്നു. 'ലാഇലാഹ ഇല്ലല്ലാഹ്' എന്ന പരിശുദ്ധ കലിമത്ത് തൗഹീദിന്റെ വിപ്ലവ വീര്യം തനതായ രൂപത്തിൽ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത് പ്രബോധനത്തിലെ ലേഖനങ്ങൾ വായിച്ചപ്പോൾ തന്നെയാണ്. ലോക മുസ്ലിം പണ്ഡിതന്മാരുടെ ഇതര ഭാഷകളിലെ ഗഹന ലേഖനങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തുവരുന്നത് വായിക്കാൻ ഹരമായിരുന്നു. ഇസ്ലാമിന്റെ സമഗ്രത, സാർവജനീനത, രാഷ്ട്രീയ സിദ്ധാന്തം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം രാഷ്ട്രീയ അവലോകനങ്ങളും വിലയിരുത്തലുകളും നടത്തുന്നത് വിജ്ഞാനാന്വേഷിയായ ഏതൊരാൾക്കും വളരെയേറെ ഉപകാരപ്രദമാണെന്നാണ് തോന്നിയിട്ടുള്ളത്.
കുടുംബത്തിലെ പലരുമായും ആശയസംഘട്ടനങ്ങളും സംവാദങ്ങളും നടത്തേണ്ടി വന്നിട്ടുണ്ട്. അത്തരമൊരവസരത്തിൽ എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ പറഞ്ഞത്, ഞാൻ പ്രബോധനത്തെ ഖുർആൻ പോലെ കണ്ട് അതിലുള്ള ആശയാദർശങ്ങളാണ് പറയുന്നത് എന്നായിരുന്നു! പക്ഷേ, കാലങ്ങൾ കഴിഞ്ഞപ്പോൾ ജ്ഞാനിയായ അദ്ദേഹവും പ്രബോധനത്തിന്റെ വായനക്കാരനും പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായി മാറി. ആദ്യമാദ്യം എതിർത്ത പലരും ഇങ്ങനെ മാറിയിട്ടുണ്ട്. ഖുർആൻ, ഹദീസുകൾ, ചരിത്രം, ഫിഖ്ഹീ വിജ്ഞാനീയങ്ങൾ തുടങ്ങിയവയുടെ ഒരു പാഠാവലി കൂടിയാണ് പ്രബോധനം എന്നത് പ്രത്യേകം എടുത്തു പറയണം. ആഗോള മുസ്ലിം സമൂഹങ്ങളെ കുറിച്ചും മുസ്ലിം ലോക ചലനങ്ങളെ കുറിച്ചും ആദ്യമായി മനസ്സിലാക്കിയതും അറിഞ്ഞതും പ്രബോധനത്തിലൂടെയാണ്.
മലയാളത്തിൽ ഇസ്ലാമിന്റെ സമകാലിക വായന സാധ്യമാക്കിയത് പ്രബോധനമാണെന്ന് നിസ്സംശയം പറയാം. ഒപ്പം ഒരു എളിയ അഭിപ്രായം കൂടി രേഖപ്പെടുത്തുകയാണ്. സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിരീശ്വര, നിർമത പ്രസ്ഥാനങ്ങൾ വളർന്നു പടർന്ന് കഴിഞ്ഞിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അവക്കെതിരെ സമര സജ്ജരാകാൻ വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള രചനകൾ പ്രബോധനത്തിൽ വരേണ്ടതുണ്ട്. വിദ്യാർഥി സമൂഹത്തെ പ്രബോധനത്തിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യണം.
ചെറുപ്രായം മുതലുള്ള പ്രബോധന ബന്ധവും അതു വളർത്തിയെടുത്ത വായനാശീലവുമാണ് ഇസ്ലാമിക പഠനമേഖലകളിലേക്ക് തിരിയാൻ എന്നെ വളരെയേറെ സഹായിച്ചത്. ഒരു പ്രസംഗകയായി മാറാനും, ചെറിയ തോതിലാണെങ്കിലും എഴുതാനും എന്നെ പ്രാപ്തയാക്കിയത് പ്രബോധനമാണ്. l