എപ്പോഴെങ്കിലും മുസ്ലിമായതിൽ സമാധാനം തോന്നിയിട്ടുണ്ടോ? അതായത്, ദൈവവിശ്വാസിയായത് കാരണം അനുഭവപ്പെടുന്ന സമാധാനം? വളരെ ലഘുവായി പറഞ്ഞാൽ, പലപ്പോഴും ഓട്ടോയിലൊക്കെ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ ഞാനീ സമാധാനം അനുഭവിച്ചിട്ടുണ്ട്. നമ്മുടെ സാമൂഹികാന്തരീക്ഷവും അവസ്ഥയും എത്രത്തോളം മോശമാണെന്ന് ദിനംപ്രതി നാം സാക്ഷികളാവുന്ന സംഭവവികാസങ്ങളിൽനിന്ന് വ്യക്തമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, പ്രത്യേകിച്ച് സ്ത്രീയുമാണെങ്കിൽ കാര്യമായ ജാഗ്രത അനിവാര്യമാണ്. കായികബലം കൊണ്ടും മാനസിക ബലം കൊണ്ടും നമ്മൾ എത്രതന്നെ കരുത്തരാണെങ്കിലും (ഇത് രണ്ടും പ്രധാന ഘടകങ്ങൾ തന്നെയാണ്) എല്ലാ രക്ഷാകവചങ്ങളും പിളർന്നുപോവുന്ന സാഹചര്യം നാം നേരിടാറുണ്ട്. കാര്യം ഇങ്ങനെയൊക്കെയായിരിക്കെ അത്തരം അവസ്ഥകളിൽ ഞാനെന്റെ റബ്ബിന്റെ നിരീക്ഷണത്തിൽ ആണല്ലോ എന്ന ഏറ്റവും വലിയ സമാധാനം എനിക്കുണ്ടാവാറുണ്ട്. അല്ലാഹുവിന്റെ നിരീക്ഷണത്തെ സംബന്ധിച്ച് നമ്മൾ ഒരുപാട് കേൾക്കാറുള്ളതാണ്. തെറ്റുകളിൽനിന്ന് അകന്നുനിൽക്കാൻ, തെറ്റുകളിലേക്ക് നയിക്കുന്നവയിൽനിന്ന് സൂക്ഷ്മത പുലർത്താനൊക്കെ പ്രേരകമാവുന്നത് അല്ലാഹുവിന്റെ നിരീക്ഷണം എനിക്കു മേലുണ്ട് എന്ന ഓർമയാണ്. ഈ നിരീക്ഷണം തന്നെ കുളിരണിയുന്ന സമാധാനമാകുന്ന മറ്റൊരവസ്ഥയാണ് ഞാൻ പറഞ്ഞുവെച്ചത്.
"അറിയുക: നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്."
സർവ സംഗതികളും അറിയുന്ന നാഥന്റെ നിരീക്ഷണത്തിലാണെന്ന ഓർമ എല്ലാവിധ ആശങ്കകളിൽ നിന്നും ആകുലതകളിൽനിന്നും നമ്മെ മോചിപ്പിക്കും. ഇത്തരം സന്ദർഭങ്ങളിൽ ദൈവവിശ്വാസമില്ലാത്ത ആൾക്ക് എന്ത് സമാധാനമാണ് ഉണ്ടാവുക എന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. ദൈവവിശ്വാസം നിറഞ്ഞ ഹൃദയത്തിന് മാത്രം ലഭിക്കുന്ന സമാധാനവും അനുഭൂതിയും നഷ്ടപ്പെട്ടവരെ കുറിച്ച് സഹതാപം തോന്നാറുണ്ട്.
വിശ്വാസം പല രീതിയിലാണ് നമുക്ക് താങ്ങാവുക. അല്ലാഹു സമ്മാനമായി തന്ന മകനെ അവൻ തന്നെ തിരിച്ചുചോദിച്ചാൽ സന്തോഷത്തോടെ കൊടുത്തയക്കേണ്ടേ എന്ന് തന്റെ പ്രിയതമനെ സാന്ത്വനിപ്പിച്ച ഉമ്മു സുലൈമുമാരുടെ മാതൃകകൾ ഇന്ന് ഫലസ്ത്വീനിൽ നമുക്ക് കാണാം. ജീവനുതുല്യം സ്നേഹിക്കുന്ന പൊന്നോമനയെ യാത്രയയക്കുമ്പോൾ 'അൽഹംദു ലില്ലാഹ്' എന്നു പറയാൻ അവർക്ക് കരുത്തേകുന്നത്, സ്വന്തം ജീവനെക്കാൾ ഏറെ സ്നേഹിക്കുന്ന നാഥനിലേക്കാണ് തങ്ങൾ ആ കുഞ്ഞുങ്ങളെ അയച്ചിരിക്കുന്നത് എന്ന സമാധാനമാണ്. മനസ്സിന്റെ ദുർബലമായ പ്രതലങ്ങളിൽ വഴുതിവീഴുന്ന വിശ്വാസമാവുമ്പോഴും, പ്രതിസന്ധികൾക്കു മുന്നിൽ ചഞ്ചലമാവുന്ന വിശ്വാസമാവുമ്പോഴുമാണ് ഐഹിക വിഷമങ്ങൾ നമ്മെ പ്രയാസപ്പെടുത്തുന്നത്. വിശ്വാസത്തെ ബാധിക്കുന്ന ഈ ദൗർബല്യത്തെ മാറ്റിയെടുത്ത് സുദൃഢമായ വിശ്വാസം വാർത്തെടുത്താൽ മതി വാനോളം വരുന്ന ക്ലേശങ്ങളെല്ലാം വാനലോക സ്രഷ്ടാവിന്റെ സ്മരണകൊണ്ട് മാത്രം ഇല്ലാതാകാൻ.
സാമാന്യ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ധൈര്യവും ദൃഢതയും ഈ സ്മരണകൊണ്ട് നമുക്കാർജിക്കാം. തന്റെ മൂന്ന് മക്കളുടേയും രക്തസാക്ഷിത്വം അത്യാഹ്ലാദത്തോടെ ആഘോഷിച്ച ഫലസ്ത്വീനിലെ രക്തസാക്ഷികളുടെ മാതാവ് എന്നറിയപ്പെടുന്ന ഉമ്മു നിദാലുമായുള്ള ഒരഭിമുഖത്തിൽ, ആ ധീര വനിതയുടെ ഉജ്ജ്വലമായ വാക്കുകൾ ഉൾക്കൊള്ളാൻ കഴിയാതെയുള്ള അവതാരകയുടെ പ്രതികരണങ്ങൾ തെളിയിക്കുന്നതും ഇതുതന്നെയാണ്.
"റബ്ബിന്റെ ദൃഷ്ടിയിൽ പെടാതെയോ, സുവ്യക്തമായ പട്ടികയിൽ രേഖപ്പെടുത്താതെയോ ആകാശത്തോ ഭൂമിയിലോ ഒരു അണുതുല്യമായ വസ്തുവുമില്ല. അതിലും ചെറുതോ വലുതോ ആയ വസ്തുവുമില്ല."
എല്ലാം നിയന്ത്രിക്കുന്ന നാഥനെയോർത്താൽ, അവന്റെ അറിവിൽനിന്ന് മറയുന്നതായൊന്നുമില്ല എന്ന സത്യമോർത്താൽ, ലോകത്തെ ഏതു വലിയ നഷ്ടവും നമുക്ക് ക്ഷമയോടെ സഹിക്കാം. യഅ്ഖൂബ് നബി(അ)യുടേതു പോലുള്ള സുന്ദരമായ ക്ഷമയോടെ. l