ഫലസ്ത്വീന്‍ പോരാളികള്‍ തൊടുത്തുവിട്ട റോക്കറ്റുകള്‍ തടയുന്നതില്‍ ഇസ്രായേലിന്റെ 'അയേണ്‍ ഡോം' പ്രതിരോധ സംവിധാനം പരാജയപ്പെടുകയുണ്ടായി. ബില്യനുകള്‍ മുടക്കിയുള്ള ഈ പ്രതിരോധ സംവിധാനം അറബ് രാജ്യങ്ങള്‍ക്ക് വരെ വില്‍ക്കാന്‍ ഇസ്രായേല്‍ കച്ചമുറുക്കുമ്പോഴാണ് ഇത് സംഭവിച്ചിരിക്കുന്നത്. പ്രതിരോധ കാര്യ വിദഗ്ധര്‍ അതിന്റെ ശേഷിയില്‍ സംശയം പ്രകടിപ്പിക്കുന്നു. വില കുറഞ്ഞ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ച, ശേഷി കുറഞ്ഞ ഈ റോക്കറ്റുകളെ പോലും തടയാനായില്ലെങ്കില്‍ 'അയേണ്‍ ഡോമി'ന്റെ കാര്യക്ഷമത തന്നെയാണ് ചോദ്യം ചെയ്യപ്പെടുക. ലോക ആയുധ മാര്‍ക്കറ്റില്‍ ഇസ്രായേല്‍ നിരത്തുന്ന മുഴുവന്‍ പ്രതിരോധ ആയുധങ്ങളുടെയും സംവിധാനങ്ങളുടെയും വില്‍പനയെ ഇത് പ്രതികൂലമായി ബാധിക്കും.
****
അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇതാദ്യമായി ഇസ്രായേല്‍ സൈനിക വിമാനത്താവളങ്ങളെ മണിക്കൂറുകളോളം നിര്‍വീര്യമാക്കിയിടാന്‍ ഫലസ്ത്വീന്‍ പോരാളികള്‍ക്ക് കഴിഞ്ഞു. ആ തക്കത്തിലാണ് വ്യോമാക്രമണ ഭയമില്ലാതെ അവര്‍ ഇസ്രായേല്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളിലേക്ക് കടന്നുകയറിയത്. 1967-ലെ യുദ്ധത്തില്‍ അറബ് രാജ്യങ്ങളുടെ വ്യോമശക്തിയെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞതാണ് ഇസ്രായേലിന് മേല്‍ക്കൈ നല്‍കിയത് എന്നോര്‍ക്കുക. പരിഷ്‌കൃതമല്ലാത്ത സാധാരണ സംവിധാനങ്ങള്‍ ഉപയോഗിച്ചു തന്നെ പോരാളികള്‍ക്കത് സാധ്യമായി. പെട്ടെന്ന് തന്നെ പൂര്‍വസ്ഥിതി വീണ്ടെടുത്ത ഇസ്രായേല്‍ വ്യോമസേന ഗസ്സയില്‍ കനത്ത ബോംബിംഗാണ് നടത്തിയത്. ഇസ്രായേലിന്റെ ശക്തി എന്നാല്‍ വ്യോമശക്തി മാത്രമാണ് എന്നാണതിനര്‍ഥം. ആ ശക്തി നിര്‍വീര്യമായാല്‍, ഒരു സൈന്യത്തിന് മാത്രമല്ല പരിമിത വിഭവങ്ങളുള്ള പോരാളി സംഘങ്ങള്‍ക്കും അവരെ തുരത്താനാവും എന്നല്ലേ അത് തെളിയിക്കുന്നത്? അസാധാരണ ശക്തിയുള്ള സേന എന്ന ധാരണയാണ് ഇതോടെ തിരുത്തപ്പെട്ടത്. ഈ 'കടലാസ് പുലി'ക്ക് അധികമാരെയും ഇനി ഭയപ്പെടുത്താനാവില്ല.
****
ഇസ്രായേലിന് ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്താനായി അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധ വിമാന വാഹിനിക്കപ്പല്‍ ജെറാള്‍ഡ്.ആര്‍ ഫോര്‍ഡ് പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നു. എന്ത് സഹായവും ചെയ്യാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഉറപ്പ് കൊടുത്തിരിക്കുന്നു. 17 വര്‍ഷമായി ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഒരു സംഘത്തെ നേരിടാനാണ് അമേരിക്ക വേണ്ടത്ര പടക്കോപ്പുകളോടൊപ്പം അതിന്റെ ഏറ്റവും വലിയ യുദ്ധവിമാന വാഹിനിക്കപ്പലും അയക്കുന്നത്! സ്ട്രാറ്റജിക് പിഴവ് വളരെ വലുതാണ് എന്നും അത് സൂചിപ്പിക്കുന്നു. സ്വയം പ്രതിരോധിക്കാനാവാത്ത ഇസ്രായേല്‍ എങ്ങനെ പശ്ചിമേഷ്യയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും എന്ന ചിന്തയിലേക്ക് അമേരിക്ക എത്തിയേക്കാം. തങ്ങളുടെ കൊളോണിയല്‍ താല്‍പര്യങ്ങളുടെ സംരക്ഷകന്‍ എന്ന നിലക്ക് തന്നെയാണ് അമേരിക്ക ഇസ്രായേലിനെ സഹായിച്ചുപോരുന്നത്. അതിനു കഴിയാത്തവിധം ദുര്‍ബലമാണ് ഇസ്രായേല്‍ എന്നു വന്നാല്‍ അമേരിക്ക ഒരു പുനരാലോചനക്ക് മുതിര്‍ന്നേക്കും. ഇസ്രായേലിനെ രെു ബാധ്യതയായി അവര്‍ കൊണ്ടുനടക്കില്ലല്ലോ. l