നിരീക്ഷണം

ഒരു സുഹൃത്ത് പങ്കുവെച്ച അനുഭവമാണ്. 2006-ൽ ദൽഹിയിലാണ് സംഭവം നടക്കുന്നത്. മഞ്ഞുകാലം. തണുപ്പുള്ള, കോട മൂടിയ അന്തരീക്ഷം. പത്രപ്രവർത്തകനായ സുഹൃത്ത് ഷെയർ ഓട്ടോയിൽ ഓഫീസിലേക്ക് പോവുകയാണ്. സ്പോർട്സ് യൂനിഫോം ധരിച്ച, ബാഗ് മുതുകിലേന്തിയ ഒരു പെൺകുട്ടി വഴിയിൽ വെച്ച് ഓട്ടോയ്ക്ക് കൈ കാണിച്ചു. പന്ത്രണ്ടോ പതിമൂന്നോ പ്രായം തോന്നിക്കുന്ന നിഷ്കളങ്കയായ ഒരു കുട്ടി. ടെന്നീസ് പ്രാക്ടീസിനോ മറ്റോ ആവണം, ഒരിടത്തേക്ക് ഉടൻ എത്താനുള്ള വല്ലാത്ത ധൃതി ആ മുഖത്ത് ഉണ്ടായിരുന്നു. ഓട്ടോ അരികിലായി നിർത്തിയതും പെൺകുട്ടി ഒരുവേള ശങ്കയോടെ നിന്നു. പിന്നീട് വാഹനത്തിലേക്ക് കയറാനായി കാൽ ഉയർത്തി. ഉടൻ ആ കുട്ടി പറഞ്ഞു: "ഞാൻ മുഹമ്മദീയനാണ്. കൂടെ കയറുന്നതിൽ താങ്കൾക്ക് പ്രശ്നമുണ്ടോ?" ഒന്നു ഞെട്ടിയെങ്കിലും അതു പ്രകടിപ്പിക്കാതെ സുഹൃത്ത് കുട്ടിയോട് ഓട്ടോയിൽ കയറാൻ പറഞ്ഞു. ശേഷം, ഇതേ ചോദ്യം അവൾ ഡ്രൈവറോടും ആവർത്തിച്ചു. ഞാനും മുഹമ്മദീയൻ തന്നെ, കയറൂ എന്ന് അയാൾ മറുപടി നൽകിയതും വല്ലാത്തൊരു ആശ്വാസത്തോടെ ആ പെൺകുട്ടി ഓട്ടോയിലേക്ക് കയറി. സുഹൃത്ത് പറഞ്ഞു; അത്രയേറെ ആശ്വാസത്തോടെ ഒരു മനുഷ്യജീവിയെ മുമ്പൊന്നും കണ്ടിട്ടില്ലെന്ന തോന്നലുണ്ടായെന്ന്!

തൊണ്ണൂറുകളുടെ ആരംഭത്തിൽ നടന്ന അയോധ്യയിലേക്കുള്ള രഥയാത്ര മുതൽ ഇന്ത്യയിൽ അന്നേവരെ ഇല്ലാത്ത അസാധാരണമായ പുതിയൊരു പ്രതിഭാസം കണ്ടുതുടങ്ങി - മുസ് ലിം വിദ്വേഷം! ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം, മുസ് ലിം എന്ന ഐഡന്റിറ്റി വെച്ചുള്ള ജീവിതം ഇനിയങ്ങോട്ട് എത്രത്തോളം ദുരിതപൂർണമായേക്കും എന്ന് വടക്കേ ഇന്ത്യയിലെ മാതാപിതാക്കൾ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. എവിടെ, എങ്ങനെ പെരുമാറണം എന്നെല്ലാം കുട്ടികളെ വീട്ടിൽ നിന്ന് പഠിപ്പിച്ചിട്ടാണ് വിട്ടിരുന്നത്. എന്നിട്ടും പ്രയോജനമുണ്ടായില്ല എന്നത് മറ്റൊരു കാര്യം.

മുഹമ്മദ് അഖ്ലാഖ് എന്ന അമ്പത്തിരണ്ടുകാരനെ നമ്മൾ ഓർക്കുന്നുണ്ട്. ബീഫ് കൈവശം വെച്ചിട്ടുണ്ടെന്ന് ആരോപിച്ച് അറുപത് പേരടങ്ങിയ ആൾക്കൂട്ടം ആ മനുഷ്യനെ തല്ലിക്കൊന്നത് 2015-ലാണ്. തലസ്ഥാന നഗരിയായ ദൽഹിയിൽനിന്ന് വെറും 45 കിലോമീറ്റർ ദൂരത്താണ് ഈ സംഭവം നടന്നത്. 2018-ൽ കഠ്്വയിൽ ആസിഫ ബാനു എന്ന എട്ടുവയസ്സുകാരി ദാരുണമായി കൊല ചെയ്യപ്പെട്ടത് എങ്ങനെ മറക്കാനാവും! എട്ടു പേരാൽ ക്രൂരബലാത്സംഗത്തിന് ഇരയായതാണ് ആ കുട്ടി. സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും, വർഷങ്ങൾ കഴിയവേ മുസ് ലിംകളുടെ ജീവിതം എത്രമാത്രം മാറിയെന്ന്. അന്ന് ഓട്ടോയിൽ കയറിയ പെൺകുട്ടിക്ക് തന്റെ മതം മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുമോ എന്ന ശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്ന് ശങ്കയേതുമില്ലാതെ തന്നെ, അതിനെ അംഗീകരിക്കാവുന്ന നിലയിലേക്ക് ഹിന്ദുത്വ ഇന്ത്യയെ മാറ്റിപ്പണിതിരിക്കുന്നു. ഉത്തരേന്ത്യയിൽ മാത്രമാണോ ഈ പ്രതിഭാസം എന്നതാണ് മറ്റൊരു ചോദ്യം.

ഇസ് ലാമോഫോബിയയുടെ പിടിയിൽ തന്നെയാണ് കേരളവും. ഹിന്ദുത്വ കാലങ്ങളായി പടച്ചുവിടുന്ന മുസ് ലിം വിദ്വേഷം കൂടിയും കുറഞ്ഞും കേരളീയരിലും എത്തിയിട്ടുണ്ട്. മുസ് ലിംകളുടെ സംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന പ്രസ്താവന ഇറക്കുന്നു ഇവിടത്തെ ഓരോരോ പാർട്ടിയും. മതേതരത്വത്തിലും ജനാധിപത്യത്തിലും നിലകൊള്ളുന്ന, നാനാജാതി മതങ്ങളുള്ള രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മുസ് ലിംകൾക്ക് മാത്രം എന്തിനാണ് ഈ പ്രത്യേക സംരക്ഷണം വെച്ചുനീട്ടുന്നത്? തീവ്രവാദം എന്നോ സ്ഫോടനം എന്നോ കേൾക്കുമ്പോൾ ഉടനടി ഒരു മുസ് ലിമിന്റെ രൂപം മലയാളിയുടെ മനസ്സിൽ രൂപപ്പെടുന്നു.

സവർക്കർ സ്വപ്നം കണ്ട ഹിന്ദുത്വയുടെ മേൽക്കോയ്മക്ക് കേരളം സാക്ഷിയായേക്കുമോ എന്ന് മതനിരപേക്ഷരായ ഒരു കൂട്ടം മനുഷ്യർ ഭയന്ന സംഭവമാണ് കളമശ്ശേരിയിൽ അരങ്ങേറിയത്. അതുകൊണ്ടല്ലേ സ്ഫോടനത്തിൽ ഭീകരമായ ആളപായം നടന്നിട്ടുണ്ടാവുമോ എന്നോർത്ത് സങ്കടപ്പെടേണ്ട നമ്മൾ അതിന്റെ കാരണക്കാരൻ ഒരു മുസ് ലിം ആവരുതേ എന്നുമാത്രം ഓർത്തു സങ്കടത്തെ ന്യൂനീകരിച്ചത്!
മുസ് ലിമായി ഇന്ത്യയിൽ ജീവിക്കൽ എളുപ്പമല്ല. മുസ് ലിം ഐഡന്റിറ്റിയിലേക്ക് ഏത് തെറ്റുകളെയും കൂട്ടിക്കെട്ടാൻ കൊതികൊള്ളുന്ന ഒരു വിഭാഗം ഇവിടെ സജീവമാണ്. അവരുടെ നിരന്തരമായ മുസ് ലിം വിദ്വേഷം സാധാരണക്കാരിലേക്കും അറിയാതെ എത്തുന്നുണ്ട്. അല്ലെങ്കിൽ എന്തുകൊണ്ട് ആ സ്ഫോടനത്തിനുത്തരവാദി, ‘ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ആവാതിരിക്കട്ടെ’ എന്നു ചിന്തിക്കാൻ പലർക്കും ആയില്ല? മുസ് ലിം ആവാതിരിക്കട്ടെ എന്ന പ്രാർഥന മാത്രം കേരളത്തിലാകെ മുഴങ്ങിയത് എന്തുകൊണ്ടാണ്?

ഉത്തരവാദി മുസ് ലിം അല്ലെന്ന് അറിഞ്ഞപ്പോൾ സെക്യുലർ ആയ ഓരോ മലയാളിയിൽനിന്നും ആശ്വാസത്തിന്റെ നെടുവീർപ്പുണ്ടായി. കണ്ടോ, ഞങ്ങളും ആശിച്ചത് അതൊരു മുസ് ലിം ആവാതിരിക്കട്ടെ എന്നായിരുന്നുവെന്ന് അവർ ഒന്നടങ്കം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നുണ്ട്. നോക്കൂ മുസ് ലിംകളേ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന് ഗർവോടെ പറയുന്നുണ്ട്. പക്ഷേ, ഒന്നു പറയട്ടെ, സ്നേഹപൂർവം നിങ്ങൾ ചെയ്‌ത ഈ പ്രവൃത്തികൾ പോലും മുസ് ലിംകൾക്ക് ഈ സമൂഹത്തിന് മുന്നിൽ തല കുനിക്കാനുള്ള ഒരു അവസരമാണ് ഉണ്ടാക്കിയിട്ടുള്ളത്. അത് എത്ര പേർക്ക് തിരിച്ചറിയാനായിട്ടുണ്ടാവും എന്നറിയില്ല. ഇസ് ലാം മതവിശ്വാസിയായ ഒരാളായിരിക്കുമോ ഇതിനു പിന്നിൽ എന്ന സകലരുടെയും, മണിക്കൂറുകൾ നീണ്ട സംശയത്തിനു മുന്നിൽ മുസ് ലിംകൾ നന്നേ ചെറുതായിപ്പോയിട്ടുണ്ട്. 'ഞങ്ങൾ തീവ്രവാദികളല്ല' എന്നു വീണ്ടും വീണ്ടും പ്രഖ്യാപിക്കേണ്ട ദുരവസ്ഥയാണ് ഇവിടെ മുസ്് ലിംകൾക്ക് സംജാതമായിട്ടുള്ളത്.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ധാരാളം ഇല്ലാക്കഥകൾ മെനഞ്ഞു. കണ്ണൂർ റയിൽവെ സ്റ്റേഷനിൽ പോലീസ് പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത തൊപ്പി ധരിച്ച ഗുജറാത്ത് സ്വദേശിയുടെ ചിത്രം വെച്ചായിരുന്നു ഒരാൾ പിടിയിലായെന്ന വാർത്ത ന്യൂസ് 18 കേരളാചാനൽ കൊടുത്തത്. ഹമാസ് നേതാക്കൾ ഓൺലൈൻ വഴി മുസ് ലിം സമുദായത്തെ അഭിസംബോധന ചെയ്തയുടൻ പലയിടങ്ങളിലായി സ്ഫോടനങ്ങൾ നടന്നുവെന്ന് ANI റിപ്പോർട്ട് കൊടുത്തു. ന്യൂസ് 18 ഒരുപടി മുന്നോട്ട് കയറി, ഹമാസ് നേതാവ് ഖാലിദ് മിശ്അൽ ജമാഅത്തെ ഇസ് ലാമിയുടെ റാലിയിൽ പ്രതികാരാഹ്വാനം നടത്തിയെന്നും ഉടനടി സ്ഫോടനങ്ങൾ നടന്നെന്നും കൂട്ടിച്ചേർത്തു. അതിലും തീർന്നില്ല കാര്യങ്ങൾ. പാനായിക്കുളം സിമി കേസിൽ കുറ്റവാളികളല്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയ രണ്ടു യുവാക്കളുടെ വീട്ടിലേക്ക്‌ പോലീസ് അന്വേഷിച്ചു ചെന്നു. ജുഡീഷ്യറിക്കും മീതെ വളർന്നിരിക്കുന്ന ഇസ് ലാമോഫോബിക് ആയ ഒരു സമൂഹത്തിലിരുന്നുകൊണ്ട് എന്തിനാണ് ഈ സമുദായത്തോട് നിങ്ങൾ അനുകമ്പ കാണിക്കുന്നത്? മുസ് ലിംകൾ എന്നാൽ ഭീകരവാദികളാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന സമൂഹത്തിന്റെ കാപട്യത്തെ തിരിച്ചറിയാനാണ് കളമശ്ശേരി സ്ഫോടനവും സഹായിച്ചത്.

പ്രതി മുസ് ലിം അല്ലെന്നറിഞ്ഞതും, എല്ലാം ശാന്തം! അന്തിചർച്ചകളില്ല. യേശുവോ ക്രൈസ്തവരോ അപമാനിക്കപ്പെട്ടില്ല. ബൈബിളിലെ പ്രത്യേക വചനങ്ങളെടുത്തുകൊണ്ടുള്ള വ്യാഖ്യാനങ്ങളുണ്ടായില്ല. പുരോഹിതന്മാരുടെ അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ട് കാമറകൾ പരക്കം പാഞ്ഞില്ല. ആ സമുദായത്തിന്റെ തല കുനിഞ്ഞില്ല. വിചാരിച്ച ഇരയെ കണ്ടെത്താനാവാത്ത നിരാശയോടെ വേട്ടക്കാർ മാളത്തിൽ പോയൊളിച്ചു.

മുസ് ലിംകളെ കൊല്ലുന്നവരുടെ മാത്രമല്ല, മതനിരപേക്ഷത എന്നാൽ മുസ് ലിംകളെ സംരക്ഷിക്കൽ മാത്രമാണ് എന്നു കരുതുന്നവരുടെ നാട്ടിലും ജീവിക്കുക എളുപ്പമല്ല. യുദ്ധങ്ങളും ബോംബ്്വർഷങ്ങളും കൂട്ടക്കൊലകളും ഏതെങ്കിലും സമുദായത്തെയല്ല, മാനുഷികതയെ തന്നെയാണ് അപകടത്തിലാക്കുന്നതെന്ന് എന്നാണ് ഇവർ മനസ്സിലാക്കുന്നത്?! l