പ്രതിവിചാരം

അസ്വസ്ഥത, ഭീതി, ജീര്‍ണത ആദിയായ തമോഗുണങ്ങള്‍ ഗ്രസിക്കുമ്പോള്‍ ധൈര്യത്തിന്റെയും ഊർജസ്വലതയുടെയും രജോഗുണങ്ങള്‍ ആര്‍ജിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവര്‍ത്തിച്ചു വരുന്ന ഒരനുഷ്ഠാനമാണ് വടക്ക് നിന്ന് തെക്കോട്ടൊരു ‘യാത്ര’. ഭരിക്കുന്നവര്‍ക്കെതിരെ പ്രതിപക്ഷത്തിരിക്കുന്നവര്‍ നടത്തിവരുന്ന ഒരാചാരം എന്നതാണ് ഇതിന്റെ ഒരു പൊതുസ്വഭാവം. ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ‘കമ്യൂണിസ്റ്റ് ഭരണകൂട’ത്തിനെതിരെ 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘നായര്‍ - നസ്രാണി അച്ചുതണ്ട്’ നടത്തിയ വിമോചനസമരയാത്രയായിരുന്നു ഇതില്‍ ആദ്യത്തേത്. അതിന്റെ ദൂരദൈര്‍ഘ്യം അങ്കമാലി മുതല്‍ അനന്തപുരി വരെ മാത്രമായിരുന്നുവെങ്കില്‍ പിന്നീടങ്ങോട്ട് എല്ലാ സമര ജാഥകള്‍ക്കും കാസ്രോഡ്‌- തിരോന്തരം വഴിദൂരമുണ്ടായിരുന്നു.

എല്ലാ യാത്രകളും അവസാനിച്ചിരുന്നത് അധികാര മാറ്റത്തിന്റെ കാഹളം മുഴക്കിയായിരുന്നു. 2011-ല്‍ അധികാരമേറ്റ ഉമ്മൻ ചാണ്ടി സര്‍ക്കാരിനെതിരെ ഇമ്മാതിരിയൊരു ഉത്തര- ദക്ഷിണ യാത്ര നടന്നിരുന്നു. 2016 ജനുവരി 15 മുതല്‍ ഒരു മാസം നീണ്ടുനിന്ന ജാഥ നയിച്ചതാകട്ടെ ഇന്നത്തെ മുഖ്യമന്ത്രിയും അന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് പിണറായി വിജയനും. ‘അഴിമതി വിമുക്ത വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പ്രസ്തുത ജാഥയുടെ പേര് ‘നവകേരള യാത്ര’ എന്നായിരുന്നു. ‘ചരിത്രം ഒരോര്‍മപ്പെടുത്തലാണ്. ഒപ്പം ഭാവിയിലേക്കുള്ള ഒരു തിരുത്തല്‍ രേഖയും' എന്നായിരുന്നു മാര്‍ച്ചിന്റെ തീം. ഇതിന്റെ പോസിറ്റീവ് റിയാക്്ഷന്‍ ആയിരുന്നു 2016 മെയ് 25-ന് അധികാരമേറ്റ ഒന്നാം പിണറായി സര്‍ക്കാന്‍.

അടുത്ത ഊഴം സ്വാഭാവികമായും ഐക്യ ജനാധിപത്യ മുന്നണിയുടെതായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടത് സര്‍ക്കാറിന്റെ ‘ദുര്‍ഭരണ’ത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ 2021-ല്‍ യു.ഡി.എഫ് ഒരു ‘ഐശ്വര്യ കേരള യാത്ര’ കാസർകോട് നിന്ന് തന്നെ ആരംഭിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആയിരുന്നു ജാഥ നയിച്ചത്. 'യാത്രാന്ത്യം പരിവര്‍ത്തനം' എന്ന കീഴ്‌വഴക്കം പക്ഷേ, അത്തവണ നടപ്പിലായില്ല. അങ്ങനെ രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന ‘ചരിത്ര സര്‍ക്കാര്‍’ നിലവില്‍ വന്നു.

ആഭ്യന്തര വകുപ്പിന്റെ ഏഭ്യത്തരങ്ങളുടെയും കരുവന്നൂര്‍ - കണ്ടലാദി സഹകരണത്തട്ടിപ്പുകളടക്കമുള്ള കെടുകാര്യസ്ഥതയുടെയും പശ്ചാതത്തലത്തിൽ രണ്ടാമൂഴത്തെ കുറിച്ചു ഇടതണിയറയില്‍ പോലും അടക്കം പറച്ചിലുകള്‍ നടന്നുകൊണ്ടിരിക്കെ, യു.ഡി.എഫിനായിരുന്നു സമരകാഹളം മുഴക്കാനുള്ള അടുത്ത സുവര്‍ണാവസരം. സര്‍ക്കാറിന്റെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഭരണ സിരാകേന്ദ്രം വളയലടക്കമുള്ള ചില ചെറുസമരങ്ങളല്ലാതെ ദീര്‍ഘദൂര സമര ജാഥയൊന്നും നടത്താന്‍ പാളയത്തിലെ പടകള്‍ക്കിടയില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക്‌ കഴിഞ്ഞില്ല. ഈയൊരു സാഹചര്യത്തിലാണ് മൂന്നാമൂഴത്തിന് ഒരു മുഴം അരികെ നില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ രണ്ടാം ‘നവകേരള’ത്തിന് ഡബിള്‍ ബെല്ലടിക്കുന്നത്. പേരില്‍ ‘നവകേരളം’ ഉണ്ടെങ്കിലും പഴയതു പോലെ തുറന്ന ജീപ്പില്‍ സഖാക്കളുടെ അകമ്പടിയോടെ പാര്‍ട്ടി സെക്രട്ടറിയും പ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്ന സമരജാഥയല്ല, പി.ആര്‍ വര്‍ക്കിന്റെ പിന്‍ബലത്തോടെ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന യാത്രോത്സവമാണ് ഇത്തവണത്തെ ‘നവകേരളം’. പൊതുജനം ‘അടങ്ങിയൊതുങ്ങി’യിരിക്കുന്ന സദസ്സിലേക്ക് അടച്ചിട്ട ആഡംബര ബസ്സില്‍ ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് കയറിയും ഇറങ്ങിയും ‘സ്ലോ മോഷനില്‍’ കടന്നുവരുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കുന്ന മന്ത്രിപ്പടയും എന്നതാണതിന്റെ പുതുമ. നവ കേരള ബസ്സില്‍ യാത്ര ചെയ്ത് നവകേരള സദസ്സിലേക്ക് എഴുന്നള്ളുന്ന ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണാധികാരി എന്ന ഖ്യാതിയും ഇനി പിണറായിക്ക് സ്വന്തം.

ഏറെ അതൃപ്പങ്ങള്‍ നിറഞ്ഞതാണ് ‘നവകേരള ബസ്’. 360 ഡിഗ്രിയില്‍ തിരിയുന്ന സീറ്റുകളും ശൗച്യാലയവും ഭക്ഷണ ഹാളുമുള്ള പതിമൂന്നര മീറ്റര്‍ നീളമുള്ള ആഡംബരപൂര്‍ണമായ കാരവന്‍ ശ്രേണിയിലുള്ള ഭാരത്‌ ബെന്‍സ് ബസ്സാണ് മഞ്ചേശ്വരത്തെ പൈവളിഗെയില്‍നിന്ന് 2023 നവംബര്‍ 18-ന് പുറപ്പെട്ടത്. സി.പി.എമ്മിലെ ‘ക്രൈസിസ് മാനേജര്‍’ എ.കെ ബാലന്റെ ഭാഷയില്‍ ലോകചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാകുന്നു ഈ യാത്ര. കമ്യൂണിസ്റ്റ് ചരിത്രത്തില്‍ മ്യൂസിയത്തിന്റെ ഭാഗമായ ഒരേയൊരു വണ്ടി മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. അത് അകാല ചരമമടഞ്ഞ സോവിയറ്റ് യൂനിയന്റെ ഉരുക്ക് മനുഷ്യനായിരുന്ന സഖാവ് സ്റ്റാലിന്റെ പച്ചച്ചായം തേച്ച തീവണ്ടിയാണ്. ജോര്‍ജിയയിലെ ഗോറിയിലുള്ള ജോസഫ് സ്റ്റാലിന്‍ മ്യൂസിയത്തില്‍ ഇപ്പോഴും ആ വണ്ടി സന്ദര്‍ശകര്‍ക്ക് വേണ്ടി തുറന്നുവെച്ചിരിക്കുന്നു. 'കാലാവധി കഴിഞ്ഞാല്‍ മ്യൂസിയത്തില്‍ വെച്ചാല്‍ തന്നെ ലക്ഷക്കണക്കിന്‌ ആളുകള്‍ അത് കാണാന്‍ തന്നെ വരും' എന്ന് ‘നവകേരള ബസി’നെ കുറിച്ച സഖാവ് ബാലന്റെ കമന്റ് ഒരു കാലത്ത് കേരളത്തിലും കമ്യൂണിസം ഒരു ‘മ്യൂസിയം പീസ്‌’ ആവുമെന്നതിന്റെ കൃത്യമായ പ്രവചനമാകുന്നു.

നവകേരള ബസ്സില്‍ പ്രത്യേകം തയാറാക്കിയ ഒന്നാം നിരയിലെ വിന്‍ഡോ സൈഡിലുള്ള ഡബ്ള്‍ സീറ്റാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം. പൊരിവെയിലത്ത് തെരുവീഥികളില്‍ നില്‍ക്കുന്ന പ്രജകളെ അഭിവാദ്യം ചെയ്യാന്‍ വേണ്ടിയാണിത്. സംസ്ഥാനത്തിന്റെ ഓട്ട ഖജനാവില്‍ കൈയിട്ട് വാരിയപ്പോള്‍ കിട്ടിയ വെറും ഒന്നരക്കോടി കൊണ്ടാണ് ബസ് വാങ്ങിയത്. നവകേരള സദസ്സിലെ രണ്ടാം നിര പൗരന്‍സിനെ കാണുന്നതിനു മുമ്പ് ദിവസേന കാലത്ത് ഒമ്പത് മണി മുതല്‍ പത്ത് മണി വരെ സ്ഥലത്തെ ‘പൗരപ്രമുഖന്‍സു’മായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. അവരോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും. റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കും. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വര്‍ഷക്കാലത്തെ സര്‍ക്കാര്‍ പരിപാടി അവതരിപ്പിക്കും. ഓരോ മണ്ഡല സദസ്സ് വേദികളിലും പരാതികള്‍ സ്വീകരിക്കാന്‍ കൗണ്ടറുകളുണ്ട്.

ഈ സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബര്‍ 24-ന് തലസ്ഥാന നഗരിയിലെത്തുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനും കളമൊരുങ്ങും. അതിനിടയില്‍ ബസ്സിന്റെ സുഗമ സഞ്ചാരത്തിന് തടസ്സം നിൽക്കുന്ന കരിങ്കൊടികളുടെ തണ്ടൊടിക്കും. സമരത്തിന്റെ തീച്ചൂളയില്‍ വെന്ത് പാകപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിന്റെ ലക്ഷ്വറി കോച്ചിലെത്തുമ്പോള്‍ പ്രതിഷേധ സമരങ്ങളെ ഹെല്‍മറ്റും ചെടിച്ചട്ടികളും കൊണ്ട് നേരിടുന്ന ദാരുണമായ കാഴ്ചയാണ് നവകേരളത്തിലെ പ്രജകള്‍ക്ക് കാണേണ്ടിവരുന്നത്. അതേസമയം ‘ധര്‍മപുരി’യിലെ പ്രജാപതിയെയും അയാളുടെ അധികാര പ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരെയും നിസ്സഹായരായ പ്രജകളെയും ഓര്‍മിപ്പിക്കുന്ന ഒരസംബന്ധ നാടകമാണ് നവകേരള സദസ്സ് എന്നഭിപ്രായപ്പെടുന്നവരില്‍ ഇടത് യുവകേസരികള്‍ പോലുമുണ്ട് എന്നതാണ് അത്ര വലത്തല്ലാത്ത ഒരിടത് ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത്. “വെളിയവും പി.കെ.വിയുമൊക്കെ വരച്ചു കാണിച്ച ലാളിത്യവും നൈര്‍മല്യവും ആഡംബരമില്ലായ്മയും വാന്‍ ഗോഗിന്റെയും ഡാവിഞ്ചിയുടെയും ചിത്രങ്ങള്‍ പോലെ വെറുതെ കണ്ടാസ്വദിച്ചു ആഡംബരത്തിലലിഞ്ഞു ചേരുമ്പോള്‍ ചിതലരിക്കുന്നത് സാധാരണ സഖാക്കളുടെ പ്രതീക്ഷകള്‍ക്കാണ്. ശീതീകരിച്ച മുറികളില്‍ കഴിയുന്നവരുടെ ക്ഷേമങ്ങള്‍ക്ക് വേണ്ടിയാണ് കമ്യൂണിസ്റ്റായതെങ്കില്‍ കൃഷ്ണപ്പിള്ളയ്ക്ക് ഒരിക്കലും കുടിലില്‍നിന്ന് പാമ്പ് കടിയേറ്റ് മരിക്കേണ്ടി വരില്ലായിരുന്നു” (പന്ന്യന്‍ രൂപേഷ് – ഫേസ്ബുക്ക് പോസ്റ്റ്). l

അസംബന്ധങ്ങളായ പ്രതീകങ്ങളുടെ സങ്കീര്‍ണവും രസകരവുമായ സംയോജനം കൊണ്ട് മനോഹരമായ ഒരു നോവലാണ്‌ ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ജര്‍മന്‍ സാഹിത്യകാരന്‍ ഫ്രാന്‍സ് കാഫ്‌ക രചിച്ച ‘ദ മെറ്റമോര്‍ഫോസിസ്’ (രൂപാന്തരീകരണം). ഗ്രിഗര്‍ സാംസ എന്ന കഥാപാത്രം അസ്വസ്ഥജനകമായ ഒരു സ്വപ്നത്തിനു ശേഷം പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ താന്‍ ഒരു ഭീമാകാരമായ ചാണക വണ്ട് (dung beetle) ആയി രൂപാന്തരപ്പെട്ടതായി കാണുന്നു. സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തിരിയാനും മറിയാനും കഴിയാതെ ഒറ്റപ്പെട്ടു പോകുന്ന ഒരു ഭീമന്‍ പ്രാണി. ഒരു വണ്ടിന്റെ ശാരീരിക ഘടനയിലേക്ക് മാറുമ്പോഴും മനസ്സും മസ്തിഷ്കവും മനുഷ്യന്റേത് തന്നെ ആയതുകൊണ്ട് വിവരണാതീതമാണ് അയാള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍.

ഈയൊരു കാഫ്‌ക കഥാപാത്രത്തെ അനുസ്മരിപ്പിച്ചുകൊണ്ട് താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തുകയും സിനിമയേത്, ജീവിതമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരന്തക്കേടിലേക്ക് ‘മെറ്റമോര്‍ഫോസിസ്’ ചെയ്യപ്പെടുകയും ചെയ്യുന്ന മലയാള സിനിമയിലെ ‘ആക്്ഷന്‍ സൂപ്പര്‍ സ്റ്റാറും’ ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കോമഡിയും ട്രാജഡിയും നിറഞ്ഞ മെലോഡ്രാമകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൂര്‍വാഹ്നത്തില്‍ മലയാളികള്‍ക്ക് കാണേണ്ടിവരുന്നത്. ഗ്രിഗര്‍ സാംസയെ പോലെ ആകാരത്തിലല്ല, ആന്തരികതയിലാണ് ഈ ‘കഥാപാത്ര’ത്തിനു രൂപമാറ്റം സംഭവിക്കുന്നത് എന്നു മാത്രം. 1965-ല്‍ ഏഴാം വയസ്സില്‍ 'ഓടയില്‍ നിന്ന്' ബാലനടനായി ഉദിച്ചുയർന്ന്, മുതിര്‍ന്നപ്പോള്‍ നകുലനാ (മണിച്ചിത്രത്താഴ്)യും ആനക്കാട്ടില്‍ ചാക്കോച്ചി (ലേലം)യായും രൂപാന്തരപ്പെട്ട ശേഷം 1994-ല്‍ ‘കമ്മീഷണര്‍’ എന്ന സിനിമയിലെ ഭരത് ചന്ദ്രന്‍ (ഐ.പി.എസ്) ആയി മാറുന്നതോടെയാണ് സുരേഷ് ഗോപിയില്‍ മെറ്റമോര്‍ഫിസം മുളപൊട്ടുന്നത്. വേദി ഏതായാലും ശരീര ഭാഷയും സംസാരവും കൈ കൊണ്ടുള്ള ആക്്ഷന്‍ പോലും പിന്നീടങ്ങോട്ട് ഭരത് ചന്ദ്രന്‍ ഐ.പി.എസിന്റെതായി മാറുകയായിരുന്നു!

‘ചെവിയില്‍ പൂടയുള്ള നായരാ’യിട്ടു പോലും പണ്ടൊരിക്കല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പ്രവേശനം വിലക്കപ്പെട്ടത് മുതല്‍ ‘അടുത്ത ജന്മത്തില്‍ പൂണൂലിട്ട പട്ടരാ’യി ജനിക്കാനുള്ള അതിരറ്റ മോഹത്താല്‍, ‘വീട്ടാനുള്ളതാണ് പക’ എന്ന മട്ടില്‍ ഒരു യാഗാശ്വമായി പരക്കം പായുകയാണ് താരം. കാറിലിരുന്നു ‘പ്രജ’കളെ വരുത്തി കാലു പിടിപ്പിച്ചു വിഷുക്കൈ നീട്ടം നല്‍കിയും; പോലീസ് ഓഫീസറെ വിളിച്ചുവരുത്തി ‘സല്യൂട്ട്’ പിടിച്ചുവാങ്ങിയും; ഏറ്റവുമൊടുവില്‍ വനിതാ ജേര്‍ണലിസ്റ്റിന്റെ തോളില്‍ കൈയിട്ട് അവരെ ‘കൊച്ചാക്കി’യുമൊക്കെയാണ് താരം ‘പിജ്ജന്മ’ റിഹേഴ്സല്‍ നടത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ട് വെച്ച് വാര്‍ത്തക്കായി ബൈറ്റ് എടുക്കുന്നതിനിടെ ‘മീഡിയാ വണ്‍’ ചാനലിലെ ഷിദ ജഗത് എന്ന മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ഒരു ചോദ്യത്തിന് ‘പയറഞ്ഞാഴി’ മറുപടി നല്‍കിയ ശേഷമാണ് സുരേഷ് ഗോപി ‘മോളേ’ എന്ന് വിളിച്ചുകൊണ്ട് അവരുടെ തോളില്‍ ‘കൈയേറ്റം’ നടത്തിയത്. ‘തഴുകലി’ല്‍ നീരസം പ്രകടിപ്പിച്ച് അവര്‍ പിന്‍വലിഞ്ഞപ്പോള്‍ സുരേഷ് ഗോപിയിലെ ‘അഛന്‍’ വീണ്ടുമുണര്‍ന്ന് ‘കുട്ടി’യുടെ തോളില്‍ ഒരിക്കല്‍ കൂടി തലോടി. ‘ഷോക്കേറ്റ’ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതിപ്പെടുകയും പോലീസ് കേസെടുക്കുകയും ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ വനിതാ കമീഷനിലും പരാതി നല്‍കി.

കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്ന് കണ്ടപ്പോള്‍ ‘ഒരു അച്ഛന്റെ വാത്സല്യ’ത്തോടെയാണ് താന്‍ സ്പര്‍ശിച്ചതെന്നും ‘കുട്ടി’ക്ക് മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നു എന്നും ‘ജാമ്യം’ എടുത്തെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ ‘ബൈറ്റി’ന് വന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള ‘നോ ബോഡി ടച്ചിംഗ്, വഴി തടഞ്ഞാല്‍ ഞാനും കേസ് കൊടുക്കും’ എന്ന പരിഹാസവും (മാധ്യമം 1-11-23) മറ്റൊരു മാധ്യമ പ്രവര്‍ത്തക(റിപ്പോര്‍ട്ടര്‍ ടി.വി)യോട് ‘ആളാവാന്‍ വരരുത്’ (ഡൂള്‍ ന്യൂസ് 4-11-23) എന്ന ആക്രോശവും ആവര്‍ത്തിച്ചുകൊണ്ട് നേരത്തെ പറഞ്ഞ മാപ്പില്‍ ഒരു കോപ്പും ഇല്ല എന്ന് താരം പറയാതെ പറയുകയും ചെയ്തു.

1994-ൽ, രഞ്ജിപണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കമ്മീഷണര്‍’ എന്ന സിനിമയുടെ ഹാങ്ങ്‌ ഓവറില്‍നിന്ന് 29 വര്‍ഷങ്ങള്‍ക്ക് ശേഷവും മുക്തനാവാന്‍ കഴിയാത്തതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും ‘മോഹന്‍ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ച്’ താരം ഇപ്പോഴും പ്രതികരിച്ചുപോകുന്നത്. അപ്പോഴും ഉറച്ച പിന്തുണയുമായി ‘സംഘമിത്ര’ങ്ങള്‍ക്കൊപ്പം ‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്തായാലും’ എന്ന ‘പ്രീ ടെക്സ്റ്റോ’ടു കൂടി സിനിമാ മേഖലയിലെ കാവി ഗോപന വെള്ളിത്താരങ്ങളും അണിനിരക്കുന്നു എന്നത് സാംസ്കാരിക മലയാളത്തിന്റെ മറ്റൊരു ദുരന്തം. “സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ, വ്യക്തിപരമായി ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്…. ഇന്ന് മുതല്‍ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു” (ജോയ് മാത്യു – ഫേസ് ബുക്ക് പോസ്റ്റ്‌).

“അടുത്ത ജന്മത്തില്‍ തന്ത്രി കുടുംബത്തില്‍ ജനിക്കണം. എന്റെ അയ്യനെ ശ്രീ കോവിലിന്റെ പടിയില്‍വെച്ച് കണ്ടാല്‍ പോരാ, അകത്ത് കയറി തഴുകണം. കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണം'’ (വേഗം മരിച്ച് തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണം: സുരേഷ് ഗോപി – ഡൂള്‍ ന്യൂസ് – 9 -10-23) എന്ന ബ്രാഹ്മ്യ മോഹം ഉള്ളില്‍ തിളച്ചു മറിയുന്ന താരത്തിന് താനൊരു സൂരി നമ്പൂതിരിപ്പാടും മുന്നില്‍ വരുന്ന പെണ്‍കുട്ടികളെല്ലാം ഇന്ദുലേഖമാരുമാണ് എന്ന് ഇജ്ജന്മത്തില്‍ തന്നെ തോന്നിത്തുടങ്ങുന്നുവെങ്കില്‍ അദ്ദേഹം അടിയുറച്ചു വിശ്വസിക്കുന്ന ‘സനാതനം’ തന്നെയാണ് അതിന്റെ ‘കാരണഭൂതം’. പൂര്‍വാശ്രമത്തില്‍ കെ. കരുണാകരന് ചോറു വിളമ്പിക്കൊടുത്തും വി.എസ് അച്യുതാനന്ദന് വേണ്ടി വോട്ടുപിടിച്ചും സോണിയാ ഗാന്ധിക്ക് ഒപ്പം ഫോട്ടോയെടുത്തും ജന്മം സഫലമാക്കിയ ഈ ‘അനിതരസാധാരണനായ’ അഭിനേതാവ് നരേന്ദ്ര മോദിയുടെ അടിമയാവാന്‍ പോലും തയാറാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 2016-ല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഗോമയ ഗര്‍ത്തത്തിലിറങ്ങിയത്. അങ്ങനെയാണ് തൃശൂര്‍ എടുക്കാന്‍ കഴിയാതെ പോയിട്ടും കലാകാരന്റെ ആനുകൂല്യത്തില്‍ പാര്‍ലമെന്റ് അംഗമായത്. രാജ്യസഭാംഗത്വത്തിന്റെ കാലാവധി കഴിഞ്ഞതോടെ 'മണിച്ചിത്രത്താഴി'ലെ നാഗവല്ലിയെ പോലെ ‘കാലം കാലമായ് നാന്‍ സെയ്ത യാഗം കോപത്തീയാക വളര്‍ന്തീടവേ’ എന്ന് ഉറഞ്ഞുതുള്ളുകയും പിന്നെയും പിടിത്തം വിട്ട് ത്രേതായുഗത്തിലെ സാക്ഷാല്‍ പരശുരാമന്റെ അനന്തരവനായി മാറുകയും ചെയ്യുമാറ് ‘ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡറി’ല്‍ പെട്ടുപോയിരിക്കുകയാണ് താരം. പിജ്ജന്മ മോഹഭാരത്തോടൊപ്പം തന്നില്‍ സന്നിവേശിച്ച ‘ഘനപ്പെട്ട’ കഥാപാത്രങ്ങളെ കൂടി പേറേണ്ടി വന്നപ്പോള്‍ കേരളം തന്നെ ഒരഞ്ച് കൊല്ലത്തേക്ക്‌ പാട്ടത്തിനെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. “അഞ്ചുവർഷത്തേയ്ക്ക് തൃശ്ശൂർ മാത്രം തന്നാൽ പോരാ; കേരളം കൂടി തരണം. പറ്റുന്നില്ലെങ്കില്‍ നല്ല അടിയും തന്ന് വിട്ടോളൂ: സുരേഷ് ഗോപി (കേരള കൗമുദി 13-11-23).

അയിത്തത്തിനു അയിത്തം കല്പിച്ച നാരായണ ഗുരുവും നമ്പൂതിരിയെ മനുഷ്യനാക്കിയ വി.ടി ഭട്ടതിരിപ്പാടുമെല്ലാം ഉഴുതു മറിച്ചു പാകപ്പെടുത്തിയ മണ്ണില്‍ ഏത് ഭരത് ചന്ദ്രന്‍ ഐ.പി.എസായാലും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ‘ആണുങ്ങളില്‍ ആണായ കടയാടി രാഘവനെ മലര്‍ത്തിയടിച്ച ആനക്കാട്ടില്‍ ചാക്കോച്ചി’(ലേലം സിനിമ)യായി വന്നാല്‍ പേടിച്ചു പോകുന്ന കേരള പോലീസ് ആവണം എന്നില്ല മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍. ‘മണിച്ചിത്രത്താഴി’ലെ നകുലനായി രൂപം പൂണ്ട് ‘ഗംഗ ഇപ്പൊ പോകണ്ട’ സ്റ്റൈലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞാല്‍ ‘എന്താ ഞാന്‍ പോയാല്, ഉന്നെ കൊന്ന്, ഉണ്‍ രക്തത്തെ കുടിച്ചു ഓംകാര നടനമാടുവേ' എന്ന് തിരിച്ചു പറയുന്ന നാഗവല്ലികളായി അവര്‍ മാറിയേക്കും. l

പശ്ചിമേഷ്യയില്‍ ‘സുസ്ഥിരമായ അസ്ഥിരത’ സമ്മാനിച്ചുകൊണ്ട് ഏഴര പതിറ്റാണ്ടിന് മുമ്പാണ് ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അധിനിവേശത്തിന് ബ്രിട്ടീഷ് കൊളോണിയല്‍ പെരുന്തച്ചന്മാര്‍ അടിത്തറയിട്ടത്. ആ അസ്തിവാരത്തിലാണ് ആരാന്റെ ഭൂമിക്ക് അതിര് കെട്ടി വാഗ്ദത്ത ഭൂമി എന്ന് പേരിട്ട ഒരു ‘തെമ്മാടി രാഷ്ട്രം’ പടുത്തുയര്‍ത്തപ്പെട്ടത്. ഇസ്രായേല്‍ എന്ന പശ്ചിമേഷ്യയുടെ ഈ ‘ആദിപാപ’ത്തിന്റെ അനിവാര്യമായ തുടര്‍ച്ചയായിട്ടാണ് ഇതെഴുതുമ്പോഴും ഫലസ്ത്വീനില്‍നിന്ന് പത്ത് ദിവസങ്ങളായി ബോംബൊച്ചകള്‍ നിലക്കാതെ ഉയരുന്നത്. ‘വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്കം എന്ന ‘വിശുദ്ധ ഉഡായിപ്പി'ന്റെയും ‘ഭൂമിയില്ലാത്ത ജനതക്ക് ജനതയില്ലാത്ത ഭൂമി’ എന്ന സയണിസ്റ്റ് സമവാക്യത്തിന്റെയും ബലത്തില്‍ കൂടാരത്തില്‍ കയറിക്കൂടിയ ഒട്ടകത്തെപ്പോലെ ഉടമയെ ചവിട്ടിപ്പുറത്താക്കുക മാത്രമല്ല, പിന്തുടര്‍ന്ന് വേട്ടയാടുകയുമാണ് ആധുനിക ‘ഗോലിയാത്ത്’ ചെയ്യുന്നത്.

എം. സ്വരാജ്

‘ലോക പോലീസി’ന്റെ കാവലില്‍ ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനവും പെഗസാസ് സ്പൈവെയര്‍ പോലുള്ള ചാരക്കണ്ണുകളുമെല്ലാം ഉള്ള എമണ്ടന്‍ ജാലൂത്തി(ഗോലിയാത്ത്)നെ രണ്ടു പതിറ്റാണ്ടായി ഉപരോധത്താല്‍ പട്ടിണി മാത്രം തിന്നു ജീവിച്ച ഗസ്സയിലെ ‘ദാവീദി'ന്റെ പിന്തുടര്‍ച്ചക്കാര്‍ വർധിത വീര്യത്തോടെയാണ് നേരിട്ടത്. “അങ്ങനെ ദാവീദ് ഒരു കവണയും ഒരു കല്ലും കൊണ്ട് ഗോലിയാത്തിന്റെ മേല്‍ വിജയം നേടി. കൈയില്‍ വാളില്ലാതിരുന്നിട്ടു പോലും ദാവീദ് ഗോലിയാത്തിനെ തോൽപിച്ചു കളഞ്ഞു” (ശമൂവേല്‍ 17:1-50). ‘പഴയ നിയമ’ത്തെ സയണിസം പുതുക്കിയെഴുതുമ്പോള്‍ ചരിത്രം ഒരിക്കല്‍ ആവര്‍ത്തിക്കപ്പെടുകയാണ്. 2023 ഒക്ടോബര്‍ 7- ന് യഹൂദരുടെ വിശുദ്ധ ദിവസമായ യോം കപ്പൂര്‍ (പാപ പരിഹാര ദിനം) ദിവസത്തില്‍ നടന്ന ‘അൽ അഖ്സ്വാ പ്രളയ’ (Operation Al Aqsa Flood) ത്തില്‍ ഇസ്രായേലിലെ ഗോലിയാത്ത് മാത്രമല്ല, കിഴക്കും പടിഞ്ഞാറുമുള്ള സയണിസത്തിന്റെ കല്ല്‌ കരട് കപ്പലണ്ടി വരെയുള്ള വകഭേദങ്ങള്‍ കൂടിയാണ് വെകിളിപ്പെട്ടത്. ദശാബ്ദങ്ങളുടെ ഉപരോധത്താല്‍ വിശന്നും ശ്വാസം മുട്ടിയും കഴിയുന്ന ഗസ്സക്കാര്‍ക്ക് മേല്‍ ദിനചര്യ പോലെ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ബോംബ്‌ വര്‍ഷം ‘ദൈവത്തിന്റെ വിദേശ നയ’ (God’s Foreign Policy) മാണെന്ന Christians United For Israel എന്ന ക്രൈസ്തവ സയണിസത്തിന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് സനാതന ഭാരതവും ചങ്ങലയില്‍ കണ്ണിചേര്‍ന്നിട്ടുണ്ട്. യു.എസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഊര്‍ജ സ്രോതസ്സ് കൂടിയാണ് ജോണ്‍ ഹാഗി (John Hagee) സ്ഥാപിച്ച Christians United For Israel.

ശത്രുക്കളാല്‍ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത കാലത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയ യിസ്രായേല്‍ മക്കള്‍ എല്ലാവരും ഇസ്രായേലിലേക്ക് തിരികെ വരണം എന്നും അത് യേശു ക്രിസ്തുവിന്റെ രണ്ടാം തിരുവരവ് സംബന്ധിച്ച പ്രവചനത്തിന്റെ നിവൃത്തിയാണ് എന്നുമാണ് ഈ ക്രൈസ്തവ സയണിസ്റ്റ് സംഘത്തിന്റെ വാദം. മുന്‍ യു.എസ് പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷ്‌, ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്മാർ എല്ലാം ഈ വിശ്വാസം പുലര്‍ത്തുന്നവരാണ്. 'ദൈവത്തിന്റെ ഈ വിദേശ നയം' അനുസരിച്ചാണ് ഫലസ്ത്വീനികള്‍ക്ക് നേരെയുള്ള ഏത് ആക്രമണവും ‘നിയമ വിധേയ’മാകുന്നത്.

ജോണ്‍ ഹാഗി

ഹമാസ് ആക്രമണം തങ്ങളുടെ 9/11 ആണെന്നാണ്‌ ഇസ്രായേലിന്റെ പ്രതികരണം. ഇരട്ട ഗോപുര ആക്രമണത്തിന് ശേഷം അറബ് ദേശങ്ങളിലുണ്ടായ അമേരിക്കന്‍ അധിനിവേശത്തിനു സമാനമായ നടപടികളെ കുറിച്ച സൂചനയാണ് ഇതിലൂടെ ഇസ്രായേല്‍ നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആ പ്രഖ്യാപനത്തിന്റെ പ്രയോഗങ്ങളാണ് ‘സുരക്ഷിത ഇടനാഴി’കളില്‍ പോലും നടക്കുന്ന നരഹത്യയിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നതും. 9/11- ന് ശേഷം രൂപപ്പെട്ട ഇസ്‌ലാം ഭീതിയെ ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക’ (Do or Die) എന്ന 7/10 സമവാക്യംകൊണ്ട് ഫലസ്ത്വീനികള്‍ തിരുത്തിയപ്പോഴാണ് ലോകത്തിന്റെ നീതിബോധം സടകുടാ ഉണര്‍ന്നത്. അതു വരെ ഒരു ദിവസം ശരാശരി ഒരു ഫലസ്ത്വീനിയെങ്കിലും കൊല്ലപ്പെടുക എന്നത് ആര്‍ക്കും പരാതിയില്ലാത്ത വെറുമൊരു നാട്ടുനടപ്പ്‌ മാത്രമായിരുന്നു. ഈ നാട്ടുനടപ്പിന് ഹമാസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘ഹറകത്തുല്‍ മുഖാവമ അല്‍ ഇസ് ലാമിയ’ (ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനം) യുടെ ഭാഗത്തുനിന്ന് ഒരു കിടിലന്‍ തിരുത്ത് വന്നപ്പോള്‍ നമ്മുടെ സനാതന ധര്‍മം പോലും പ്രകമ്പിതമായി, ‘മറുനാടന്‍ മലയാളി’യുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി. ‘കൃപാസനം ഇട്ടിക്കോരാസ്’ ഹമാസിനെ ‘തവിട് പൊടിയാക്കാന്‍’ ഇരുമ്പു വാളുമായി വന്ന ഇസ്രായേലിന് മുഖപുസ്തകത്തില്‍ ഹലേലുയ പാടി. നേരത്തെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ച ചക്രപാണി സ്വാമി ഹമാസിനെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കാന്‍ വണ്ടിക്ക് ടിക്കറ്റെടുത്തു. ചുരുക്കത്തില്‍, അളമുട്ടിയപ്പോള്‍ തിരിഞ്ഞു നിന്ന് മതില്‍ തകര്‍ത്ത ഫലസ്ത്വീനികള്‍ എല്ലാവര്‍ക്കും ഭീകരരായി മാറി. സംഘി- ക്രിസംഘി ദ്വയം ഉയര്‍ത്തിയ ഈ സംകൃത പമഗരികള്‍ക്കിടയില്‍ ‘ഭൂമി, സ്വയം ഭരണം, അന്തസ്സോടെയും ആദരവോടെയും ജീവിക്കാനുള്ള ഫലസ്ത്വീന്‍ ജനതയുടെ അവകാശങ്ങള്‍ എന്നിവ അംഗീകരിക്കപ്പെടണം' എന്ന് ഒരു പ്രമേയത്തിലൂടെ ഔദ്യോഗികമായി പ്രതികരിച്ച മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സായിരുന്നു.

എം.എ ബേബി

ഇതിനിടയിലാണ് ഇടതു കളത്തില്‍നിന്ന് ചില സെല്‍ഫ് ഗോളുകൾ സംഭവിക്കുന്നത്. 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം യാങ്കി – സയണിസ്റ്റ് മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഇസ് ലാമോഫോബിയ, പരിണത പ്രജ്ഞരെന്നു കരുതപ്പെടുന്ന നമ്മുടെ ഇടത് നേതാക്കളെപ്പോലും ബാധിക്കുന്നു എന്നതാണ് പ്രതികരണങ്ങളില്‍ ചിലതെങ്കിലും സൂചിപ്പിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജയില്‍നിന്നും മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനില്‍നിന്നുമാണ് ‘ഹമാസ് ഭീകരത’ യെ കുറിച്ച പരാമര്‍ശമുണ്ടായതെങ്കില്‍ (ശൈലജ തന്റെ പരാമർശം പിന്നീട് തിരുത്തി) ‘മാര്‍ക്സിയന്‍ മാനവികതാവാദ’ ത്തിന്റെ അടിസ്ഥാനത്തില്‍ വളരെ കൃത്യമായി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും യുവനേതാവ് എം. സ്വരാജും ഹമാസിന്റെ പ്രതിരോധാക്രമണത്തെ വിലയിരുത്തി. ഹമാസിന്റെത് ആക്രമണമല്ല, പ്രത്യാക്രമണം ആയിരുന്നു എന്നായിരുന്നു ബേബിയുടെ പ്രസ്താവന. അതേസമയം ഹമാസിനെതിരെയുള്ള ‘അമാര്‍ക്സിയന്‍ പ്രസ്താവന’കൾക്ക് ശക്തമായ ഖണ്ഡനം വന്നത് സി.പി.എമ്മിന്റെ തന്നെ യുവനിരയില്‍നിന്നായിരുന്നു. “ഇതിനിടയില്‍ ചില സമദൂരക്കാരുണ്ട്. ഹമാസ് റോക്കറ്റ് അയച്ചത് തെറ്റായിപ്പോയെന്ന് ആവര്‍ത്തിക്കുന്ന ‘സമാധാന വാദികള്‍’. ഇപ്പോള്‍ സംഘര്‍ഷം തുടങ്ങിവെച്ചത് ഫലസ്ത്വീനാണെന്ന് രോഷം കൊള്ളുന്നവര്‍. അത് ഇസ്രായേലിന് തിരിച്ചടിക്കാന്‍ അവസരമായെന്നു വിലപിക്കുന്നവര്‍. തങ്ങള്‍ നിഷ്പക്ഷരാണ്, യുദ്ധത്തിനെതിരാണ് എന്ന് ഉപന്യാസം എഴുതുന്നവര്‍. ഉറപ്പിച്ചു പറയുന്നു, ഇസ്രായേലിനെയും ഫലസ്ത്വീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നുകഴിഞ്ഞു. ഫലസ്ത്വീനികള്‍ എന്ത് തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്. അതെ, അതെന്തു തന്നെയായാലും!'' (എം. സ്വരാജ് – ഫേസ്ബുക്ക് പോസ്റ്റ്‌).

ഫലസ്ത്വീന്‍ വിഷയത്തിലെ നീതിയും ധര്‍മവും ഇടതുപക്ഷ വീക്ഷണ കോണില്‍നിന്നുകൊണ്ട് വളരെ കൃത്യമായിട്ടാണ് സ്വരാജ് വിശദീകരിച്ചത്. ഫലസ്ത്വീന്‍ കേവലമൊരു മത വിഷയമാണെന്ന അബദ്ധ ബോധ്യവും ഫലസ്ത്വീന്‍ വിഷയത്തിലെ ഇടത് സാന്നിധ്യത്തെ കുറിച്ച അജ്ഞതയുമാണ് ചില കമ്യൂണിസ്റ്റുകാർക്കെങ്കിലും ഇപ്പോഴുമുള്ളത് എന്നത് ഒട്ടും ക്ഷന്തവ്യമല്ല. l

ബി.ജെ.പി നയിക്കുന്ന എൻ. ഡി.എ (National Democratic Alliance) ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 2004-ല്‍ ഉണ്ടായ യു.പി.എ (United Progressive Alliance) 26 പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടുത്തി ‘ഇൻഡ്യ’ (Indian National Developmental Inclusive Alliance) യായി വിശാലപ്പെട്ടതോടെ പുതിയൊരു ‘മഹാഭാരത’ യുദ്ധത്തിന്റെ ഝണഝണ നാദമാണ് രാഷ്ട്രീയ നഭോമണ്ഡലത്തില്‍ തിരയടിച്ചുയരുന്നത്. ‘ഇൻഡ്യ’യില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ‘ഭാരത’ത്തില്‍ അഭയം തേടിയിരിക്കുകയാണ് ‘ഹിന്ദുത്വ സാംസ്കാരിക ദേശീയത.’ ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് രാഷ്ട്രപതിഭവനില്‍നിന്ന് അയച്ച ഔദ്യോഗിക ക്ഷണക്കത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് എന്ന പതിവ് രീതി മാറ്റി ഭാരതത്തിന്റെ പ്രസിഡന്റ് എന്ന് എഴുതിയതോടെയാണ് ‘ഇൻഡ്യ’ സഖ്യം മോദി സര്‍ക്കാറിലുണ്ടാക്കിയ ഭീതിയുടെ സാന്ദ്രത വെളിപ്പെട്ടത്.

ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന പേര് കൂടി ഉണ്ട് എന്നതിനാല്‍ മേൽപറഞ്ഞ കത്തില്‍ നിയമപരമായി തെറ്റൊന്നുമില്ല. ഭരണഘടനയില്‍ ഒരേയൊരിടത്തെങ്കിലും ഭാരതം എന്ന് പ്രയോഗിച്ചിട്ടുമുണ്ട്. അതാകട്ടെ ഭരണഘടനാ രൂപവത്കരണ ഘട്ടത്തില്‍ എച്ച്.വി കമ്മത്തിനെ പോലുള്ള വലതുപക്ഷ പ്രതിനിധികളുടെ ആവശ്യപ്രകാരമായിരുന്നു. അംബേദ്കര്‍ അതിനെ ശക്തമായി എതിർത്തെങ്കിലും, അഭിപ്രായ സമന്വയം എന്ന നിലയ്ക്ക് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ യൂനിയന്‍ ആയിരിക്കും’ എന്ന് എഴുതിച്ചേര്‍ത്തു. പ്രതിപക്ഷ സഖ്യം ‘ഇൻഡ്യ’ ആയതോടെ പേര് ‘ഭാരത്’ എന്ന് മാത്രമാക്കണം എന്നാണ് ഇപ്പോള്‍ അധികാരത്തിലുള്ള വലതുപക്ഷത്തിന്റെ വാദം. അത്തരമൊരു കടുത്ത നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ‘ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ’ തുടങ്ങിയ ‘ദേശദ്രോഹ’ ക്കൂട്ടങ്ങളിലെ ‘ഇന്ത്യ’ തന്നെയാണിത് എന്ന് പ്രധാനമന്ത്രി തന്നെയാണ് ആദ്യം ഗാണ്ഡീവം കുലച്ചത്. ആ ശബ്ദത്തില്‍ ‘ഭാരത’ത്തിന്റെ ദിഗന്തങ്ങള്‍ കുലുങ്ങി. പിന്നാലെ ‘ഹിന്ദുത്വ’യുടെ സകല സന്നാഹങ്ങളും പാഞ്ചജന്യം മുഴക്കി യുദ്ധ സജ്ജരായി. “ഭാരതം എന്ന പേര് പൗരാണിക കാലം മുതൽ രാജ്യത്തിന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടക”മാണെന്ന് സാക്ഷാല്‍ മോഹൻ ഭാഗവത് (India Today 1-9-2023) തന്നെ വിളംബരിച്ചു. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ‘പേര് മാറ്റം’ ചര്‍ച്ചയാവുമെന്ന് വാര്‍ത്തയുമുണ്ട്.

കെ. രാധാകൃഷ്ണൻ

മിത്തുകളില്‍ യാഥാർഥ്യങ്ങളെ പടുത്തുയര്‍ത്തി ‘നവഭാരത’ത്തെ നിര്‍മിക്കാന്‍ ശിലാന്യാസം നടത്തുന്ന പരിവാരത്തിന് ‘മഹാഭാരത’ത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ഭരത ചക്രവര്‍ത്തി’യാണ് പേരുമാറ്റത്തിന് പ്രചോദനം. ‘ഉഭയ സമ്മത’ പ്രകാരം ദുഷ്യന്തന് ശകുന്തളയില്‍ പിറന്ന പുത്രനാണ് പിൽക്കാലത്ത് ആസേതുഹിമാചലം ഭരിച്ച ഭരത ചക്രവര്‍ത്തിയായത് എന്നാണ് ഐതിഹ്യം. “സമുദ്രത്തിനു വടക്കും മഞ്ഞുമലകള്‍ക്ക് തെക്കും സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഭാരതം. അവിടെ ഭരതന്റെ സന്തതികള്‍ വസിക്കുന്നു” (വിഷ്ണു പുരാണം 2.3.1) എന്ന മിത്തില്‍ തന്നെ ‘ഭാരത വര്‍ഷം’ എന്നത് ഒരു ഗോത്രം മാത്രമാണെന്ന് വ്യക്തമാകുന്നുണ്ട്. “ഭാരത വര്‍ഷം ഒരു ബ്രാഹ്മണകുലം മാത്രമാണ്. ഇന്ത്യയുടെ ഭൂപരതയെയോ വൈവിധ്യപരതയെയോ അത് ഉള്‍ക്കൊള്ളുന്നില്ല” (കെ.കെ ബാബു രാജ് – മാധ്യമം 19-9-2023).

ആര്യപ്രോക്തമായ ഈ ‘നവ ഭാരതയുദ്ധ’ സന്നാഹങ്ങള്‍ക്കിടയിലാണ് മഹാഭാരതത്തിന്റെ അടിയാധാരമായ ‘സനാതന ധര്‍മ'ത്തിനെതിരെ ദ്രാവിഡ ദേശത്ത് നിന്ന് ഓര്‍ക്കാപുറത്ത് ഒരു ഏറുപടക്കം പൊട്ടിയത്. തമിഴ്്നാട് യുവജന ക്ഷേമ മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധിയാണ്, സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിര് നിൽക്കുന്ന സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമായതിനാല്‍ അതിനെ എതിര്‍ത്താല്‍ മാത്രം പോരാ, ഉന്മൂലനം ചെയ്യണം (മാതൃഭൂമി 3-9-2023) എന്ന് പൊട്ടിത്തെറിച്ചത്. സ്വാഭാവികമായും സംഘ് പരിവാരം കാടിളക്കി വന്നു. ഡി.എം.കെയുടെ ഈ ‘വംശഹത്യാ ആഹ്വാന’ത്തിനെതിരെ ബി.ജെ.പി വക്താവ് അമിത് മാളവ്യയും (news 18 -4-9-23) ഉദയനിധിയുടെ തലക്ക് 10 കോടി ഇനാം പ്രഖ്യാപിച്ചുകൊണ്ട് അയോധ്യയിലെ ജഗദ്ഗുരു പരമഹൻസ് ആചാര്യയും ആദ്യ എതിര്‍ വെടികള്‍ ഉതിര്‍ത്തു.

ശാശ്വതമായത് എന്നാണ് ‘സനാതനം’ എന്നതിന്റെ അര്‍ഥം. അഥവാ ‘സനാതന ധര്‍മ’ത്തിലെ മൂല്യങ്ങള്‍ ശാശ്വതവും മാറ്റങ്ങള്‍ക്ക് വിധേയമാകാത്തതുമാണ്. ‘എല്ലാ ഹിന്ദുക്കള്‍ക്കും ബാധകമായ മതപരമായ ആചാരങ്ങള്‍’ എന്നാണ് ‘സനാതന’ത്തിന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക നല്‍കുന്ന നിര്‍വചനം. ചാതുര്‍വര്‍ണ്യം ‘സനാതന ധര്‍മ’ത്തിന്റെ അവിച്ഛിന്ന ഘടകമാണ്. മനുഷ്യരെ ഉന്നതരും നീചരുമായ നാല് തട്ടുകളാക്കി സൃഷ്ടിച്ചത് ദൈവം ആയതുകൊണ്ട് (ചാതുര്‍വര്‍ണ്യം മയാസൃഷ്ടം) ജാതിവ്യവസ്ഥ ശാശ്വതമായ സനാതന സത്യമാണ്. നവ ഹൈന്ദവത എത്രതന്നെ ‘ഗുണകര്‍മ വിഭാഗശഃ’യാക്കി ‘മോഡിഫൈ’ ചെയ്ത് നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ സനാതനപ്പട്ട് ഉടുപ്പിച്ചാലും ആദിവാസിയായ പ്രസിഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്‌താല്‍ ‘സനാതന ധര്‍മ’മനുസരിച്ച് ‘ധര്‍മച്യുതി’ സംഭവിക്കുക തന്നെ ചെയ്യും. പുതിയ പാര്‍ലമെന്റ് മന്ദിരം ഗണേശ ചതുര്‍ഥി ദിനത്തില്‍ ഉദ്ഘാടിച്ചതും ‘സനാതന’ ധര്‍മം അനുസരിച്ചാണ്. വര്‍ണ ധര്‍മമനുസരിച്ച് മേല്‍തട്ടിലുള്ള സവര്‍ണ വിഭാഗങ്ങള്‍ക്ക് വേണ്ടി ദാസ്യപ്പണി ചെയ്യിക്കാന്‍ ത്രേതായുഗത്തില്‍ പ്രയോഗിച്ച ബ്രാഹ്മണ തന്ത്രങ്ങള്‍ ഈ കലിയുഗത്തിലും തുടരുകയാണ്.

ദ്രൗപതി മുര്‍മു

ശ്രീരാമന്റെ ഭരണകാലത്ത് ‘അകാലത്തി’ല്‍ മരിച്ച ഒരു ബ്രാഹ്മണബാലന്റെ കഥയുണ്ട് രാമായണത്തിന്റെ ഉത്തര കാണ്ഡത്തില്‍. ‘ലോകാസമസ്തഃ സുഖിനോ ഭവന്തു’ വെച്ച് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ബ്രാഹ്മണന്റെ അകാല മരണം. നാട്ടിലെ ‘ധര്‍മച്യുതി’ ആയിരുന്നുവത്രേ മരണ കാരണം. കാട്ടിലെ ഒരു മരക്കൊമ്പില്‍ തലകീഴായി കിടന്നും ധൂമ്രപാനം ചെയ്തും ശംബുകന്‍ എന്ന ശുദ്ര മുനി കഠിന തപസ്സ് ചെയ്തതാണ് അന്വേഷണത്തില്‍ കണ്ടെത്തിയ ‘ച്യുതി’. സനാതന ധര്‍മത്തില്‍ ശൂദ്രന് തപസ്സ് ചെയ്യാന്‍ അവകാശമില്ലാതിരിക്കെ ധര്‍മം ലംഘിച്ചു അത് ചെയ്ത ശംബുകനെ വധിച്ചുകൊണ്ടാണ് ഒടുവില്‍ ശ്രീരാമചന്ദ്രന്‍ രാജ്യത്ത് ധര്‍മം പുനഃസ്ഥാപിച്ചത്; പാണ്ഡവ പക്ഷത്തായിരുന്നിട്ടും ‘ഘടോല്‍കചന്‍’ കര്‍ണനാല്‍ വധിക്കപ്പെട്ടതും. താഴ്ന്ന ജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ട ആയോധന കല അഭ്യസിച്ചതിന് ഏകലവ്യന്റെ പെരുവിരല്‍ ഛേദിക്കപ്പെട്ടതും ഇതേ സനാതന ധര്‍മത്തിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ ദിവസം ഒരു ക്ഷേത്ര ചടങ്ങിനിടെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് അയിത്തം നേരിട്ടതും (മാധ്യമം 19-9-2023) ‘സനാതനം’ ‘പ്രബുദ്ധ കേരള’ത്തില്‍ പോലും ‘ലൈവില്‍’ നില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്. ചിത്പവൻ ബ്രാഹ്മണര്‍ മാത്രം സംഘ ചാലകരാകുന്ന ആർ.എസ്.എസ് നയിക്കുന്ന നവഭാരതത്തില്‍ ‘ധര്‍മ സംസ്ഥാപനാര്‍ഥായ' അഴിഞ്ഞാടുന്ന ഗോരക്ഷകരും ബോംബ്‌ നിര്‍മാണ ബലിദാനികളുമെല്ലാം ‘അസുര’ – ചണ്ഡാല വര്‍ഗങ്ങളില്‍ പെട്ടവര്‍ മാത്രമാകുന്നതും ‘സനാതനാര്‍ഥായ’ തന്നെ. ധര്‍മയുദ്ധം ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അവരുടെ സ്ഥാനം ‘കാലസൂത്രം’ എന്ന ജഹന്നമില്‍ ആയിരിക്കുമെന്നതിനു ഇതിഹാസങ്ങള്‍ സാക്ഷി! സാക്ഷാല്‍ മഹാഭാരതത്തില്‍ തന്നെ ഇതിനു മാതൃകകളുണ്ട്. സനാതന ധര്‍മത്തെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് വില്ലാളി വീരന്മാരും (പഞ്ച പാണ്ഡവന്മാര്‍) ‘അധര്‍മ’ത്തെ പ്രതിനിധാനം ചെയ്യുന്ന നൂറു പേരും (കൗരവര്‍) തമ്മിലുള്ള ഐതിഹാസികമായ യുദ്ധമാണ് കുരുക്ഷേത്ര യുദ്ധം. കൗരവപ്പടയുടെ പിതാവായ ധൃതരാഷ്ട്രര്‍ക്ക് സുഗത എന്ന അന്തപ്പുര ദാസിയായ വൈശ്യസ്ത്രീയില്‍ ജനിച്ച പുത്രനാണ് യുയുത്സു. പക്ഷേ, ‘മഹാഭാരത’ത്തില്‍ ഒരിടത്തും കൗരവരിലെ നൂറു പേരിലും പാണ്ഡവരിലെ അഞ്ചിലും രേഖപ്പെടുത്തപ്പെടാതെ പോയ പേരാണ് യുയുത്സുവിന്റെത്. നൂറ്റിയൊന്നാം കൗരവനായ ഈ യുയുത്സുവാണ് കുരുക്ഷേത്ര യുദ്ധത്തിൽ ജീവനോടെ ശേഷിച്ച ഏക ധൃതരാഷ്ട്ര പുത്രന്‍! കുരുക്ഷേത്ര യുദ്ധത്തിന് ശംഖ് മുഴങ്ങിയപ്പോള്‍ പഞ്ച പാണ്ഡവരിലെ മൂത്തയാളായ യുധിഷ്ഠിരൻ, ‘ധര്‍മ പക്ഷ’ത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വാഗതം എന്നോതിയപ്പോള്‍ ‘ഞാനുണ്ട് ജ്യേഷ്ഠാ പാണ്ഡവ പക്ഷത്തേക്ക്' എന്ന് പറഞ്ഞു കൗരവ്യത്തിന്റെ കുടുംബബന്ധങ്ങൾ ഉപേക്ഷിച്ചു കടന്നുവന്ന ധീര സേനാനി. ഭീമ സേനന്റെ ജീവന്‍ രക്ഷിച്ച പോരാളി. എന്നിട്ടും യുയുത്സുവിന്റെ പേര് ഇതിഹാസത്തില്‍നിന്ന് തമസ്കരിക്കപ്പെട്ടു. ‘ആസുരീം യോനിമാപന്നാ മൂഡാ ജന്മനി’ (ആസുരമായ ഗര്‍ഭ പാത്രങ്ങളില്‍ പിറന്നവര്‍ എന്നെ പ്രാപിക്കുന്നില്ല- ഭഗവത് ഗീത 16:20) എന്നതിനാല്‍ ഇപ്പോഴും അത്തരക്കാരുടെ സ്ഥാനം സനാതന ധര്‍മത്തിന്റെ അന്തര്‍ മണ്ഡപത്തിലെ പ്രദക്ഷിണപഥത്തിനു പുറത്തു തന്നെയാണ്. ഇന്ത്യയുടെ പ്രഥമ പൗര ആയിട്ടും ദ്രൗപതി മുര്‍മു പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങുകളില്‍നിന്ന് അയിത്തപ്പെട്ടു മാറ്റിനിര്‍ത്തപ്പെട്ടതും ഇതുകൊണ്ടുതന്നെ. ദ്വാപരയുഗത്തിലെ ഹസ്തിനപുരി രാജ സഭയില്‍ പണ്ട് വസ്ത്രാക്ഷേപം ചെയ്യപെട്ട പാഞ്ചാലി (ദ്രൗപതി) കലിയുഗത്തിലും ആവര്‍ത്തിക്കപ്പെടുന്നത് ‘സനാതന ധര്‍മം’ ശാശ്വത സത്യമായതുകൊണ്ടാണ്. l

എണ്ണമറ്റ മതങ്ങളുടെയും ജാതികളുടെയും അവയുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെയും നാടാണ് ഇന്ത്യ. ഇസ് ലാം, ക്രൈസ്തവ, ജൂതമതങ്ങളില്‍നിന്ന് ഭിന്നമായി ഹിന്ദുമതത്തില്‍ ദേശീയവും പ്രാദേശികവുമായ വകഭേദങ്ങള്‍ ഉള്ള ആഘോഷങ്ങളും ഉത്സവങ്ങളും നിരവധിയുണ്ട്. അവയില്‍ പലതും ഋതുക്കളും ഭൂമിശാസ്ത്രവുമൊക്കെയായിട്ടാണ് ചേര്‍ത്തുവെക്കപ്പെടുന്നതെങ്കിലും ഐതിഹ്യങ്ങളിലൂടെ രൂപപ്പെട്ട മതാത്മക നിറങ്ങള്‍ എല്ലാറ്റിനുമുണ്ട്. സാങ്കൽപിക കഥാപാത്രങ്ങളെയും ‘മിത്തു’കളെയും ആധാരമാക്കിയുള്ള ആഘോഷങ്ങള്‍ ആകുമ്പോഴും അവയൊന്നും പക്ഷേ, വൈരത്തിന്റെ ‘സംഘര്‍ഷോത്സവ’ങ്ങളായിരുന്നില്ല പഴയ ഇന്ത്യയില്‍. വൈവിധ്യങ്ങളിലെ നാനാത്വത്തെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷങ്ങളാക്കി മാറ്റാന്‍ മതഭേദമന്യേ ഇന്ത്യക്കാര്‍ക്ക് സാധിച്ചിരുന്നു. പുതിയ ഇന്ത്യയിലാണെങ്കില്‍ ആഘോഷങ്ങളെ എങ്ങനെ സംഘര്‍ഷാത്മകവും വംശീയാക്രമണങ്ങളുടെ ഉത്സവങ്ങളുമാക്കി മാറ്റാം എന്നതിനെ കുറിച്ച ‘ഗവേഷണ’ങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ആഘോഷങ്ങള്‍ക്ക് പിന്നിലുള്ള മതകീയ പ്രതീകങ്ങളെ വൈകാരികവത്കരിച്ചു വിശ്വാസികളുടെ ലോലമനസ്സുകളെ ഉദ്ദീപിപ്പിക്കുകയും അവരെ ഉന്മാദികളായി മാറ്റുകയും ചെയ്യുന്ന ഭാരതമായി ‘ഹിന്ദുത്വ’ ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. ‘ജയ് ശ്രീറാം’ വിളികളിലൂടെ കുറ്റകൃത്യങ്ങളെ ദൈവികവത്കരിക്കുന്ന സാങ്കേതിക വിദ്യയാണ് സംഘ് പരിവാര്‍ വികസിപ്പിച്ചെടുത്തത്. അതാണ്‌ ഉത്തരേന്ത്യയില്‍ ‘രാമനവമി’ ഘോഷയാത്രകളുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ ഉത്തരേന്ത്യന്‍ രീതിയില്‍നിന്ന് വിഭിന്നമായി വിവിധ മത സമൂഹങ്ങളിലെ ആഘോഷങ്ങള്‍ സൗഹൃദം പൂക്കുന്ന ഉത്സവങ്ങളാക്കി മാറ്റുന്ന അവസ്ഥ അടുത്ത കാലം വരെ കേരളത്തിലെങ്കിലുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒന്നാണ് കേരളത്തിന്റെ സ്വന്തം ആഘോഷമായ ഓണം. ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരാഘോഷമാവുമ്പോഴും ഓണം പ്രഘോഷിക്കുന്ന സമത്വ ദര്‍ശനത്തിലേക്കാണ് മലയാളികള്‍ പിറന്നുവീഴുന്നത്. ഇത് ഉത്തരേന്ത്യന്‍ ഹൈന്ദവ വിശ്വാസത്തോട് എതിര് നില്‍ക്കുന്ന ഒരു കാഴ്ചയും കാഴ്പപ്പാടുമാണ്. ‘സമത്വ കേരള സ്രഷ്ടാവായ മഹാബലി’ ഹിന്ദുത്വയ്ക്ക് തിരസ്‌കൃതനാവുന്നത് അതുകൊണ്ടാണ്. ബ്രാഹ്മണ്യത്തിന്റെ വാമനാവതാരമാണ് അവരെ സംബന്ധിച്ചേടത്തോളം ‘സനാതന സത്യം’. അതിനാലാണ് തിരുവോണം വാമന ജയന്തിയായി ആഘോഷിക്കാന്‍ ആര്‍.എസ്.എസ് വാരികയായ കേസരി ആഹ്വാനം ചെയ്തതും 2016-ലെ ഓണക്കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ മലയാളികള്‍ക്കും ‘വാമന ജയന്തി’ നേര്‍ന്നതും. ‘കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനിയാണ് വാമനന്‍’ (ഡ്യൂള്‍ ന്യൂസ് 8-9-2016) എന്നാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയുടെ അഭിപ്രായം.

ഇക്കൊല്ലത്തെ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ടു മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തെ ‘ശിര്‍ക്കു’മായി സന്ധി ചെയ്തു എന്ന മട്ടില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സാഹചര്യവുമുണ്ടായി. മുഖ്യധാരാ മുസ്‌ലിം സംഘടനകളില്‍നിന്ന് ഭിന്നമായി ആശയ സംവാദം, സാമുദായിക സൗഹാർദം, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയവ നയമായി സ്വീകരിച്ച സംഘടനയാണ് ജമാഅത്തെ ഇസ്്ലാമി. രാജ്യത്തെ മുഴുവന്‍ ജനങ്ങളും സംഘടനയുടെ അഭിസംബോധിതരും പ്രബോധിതരുമാണ്. രൂപവത്കരണ കാലം തൊട്ടുതന്നെ വിവിധ ആഘോഷവേളകളെ ആശയ സംവാദത്തിന് വേണ്ടി സര്‍ഗാത്മകമായി ഉപയോഗപ്പെടുത്താന്‍ ജമാഅത്ത് ശ്രമിച്ചുവന്നിട്ടുണ്ട്. അതിന്റെ നിയന്ത്രണത്തിലുള്ള പള്ളികള്‍ അത്തരം കൂട്ടായ്മകളുടെ വേദികളുമാവാറുണ്ട്. വയനാട്ടില്‍ ജമാഅത്തെ ഇസ്്ലാമി നിയന്ത്രണത്തിലുള്ള ഒരു പള്ളിയില്‍ നടന്ന ഓണം സുഹൃദ് സംഗമമാണ് ഏറ്റവും ഒടുവില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും, അന്യ മതസ്ഥരുടെ ആഘോഷങ്ങളിലെ പങ്കാളിത്തത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തത്. പള്ളിയുടെ ‘ഹുറുമത്ത്’ നശിപ്പിക്കുന്നതായിരുന്നു പ്രസ്തുത പരിപാടി എന്നായിരുന്നു വിമര്‍ശനം.

ഭൂമിയിലെ അല്ലാഹുവിന്റെ ഗേഹങ്ങളാണ് മസ്ജിദുകൾ. എന്നാല്‍, പ്രവാചകന്റെയും സച്ചരിതരായ ഉത്തരാധികാരികളുടെയും കാലത്ത് കേവലമായ ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല പള്ളികള്‍ എന്നതും ഒരു ചരിത്ര സത്യമാണ്. വയനാട്ടിലെ പള്ളിയില്‍ നടന്നത്, ബഹുദൈവാരാധനാപരമായ എന്തെങ്കിലും പൂജകളോ പ്രാർഥനകളോ അല്ല എന്നിരിക്കെ ആ പരിപാടിയെ, 'പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍, അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്' (ഖുര്‍ആന്‍ 72:18) എന്ന വേദസൂക്തംകൊണ്ട് ആക്രമിക്കുന്നതില്‍ അർഥമില്ല. സാധാരണ മതപ്രഭാഷണങ്ങളില്‍ പോലും സര്‍വത്ര ഉദ്ധരിക്കപ്പെടാറുള്ള സംഭവമാണ് മദീനയിലെ പള്ളിയില്‍ ക്രൈസ്തവ സംഘങ്ങളെ പ്രവാചകന്‍ സ്വീകരിച്ചത്. സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ആ ക്രൈസ്തവ സംഘത്തിന് അവരുടെ പ്രാര്‍ഥനാ സമയമായപ്പോള്‍ പള്ളിയില്‍തന്നെ പ്രവാചകന്‍ പ്രാർഥനക്ക് അവസരമൊരുക്കി എന്നും റിപ്പോര്‍ട്ടുകളുണ്ട്. നീറ്റ് പരീക്ഷയ്ക് എത്തിയവര്‍ക്ക് പള്ളിയില്‍ വിശ്രമ സൗകര്യം ഒരുക്കിയതും പ്രളയ കാലത്ത് പള്ളികള്‍ അഭയ കേന്ദ്രങ്ങളായതും കേരളത്തില്‍ ‘കര്‍മശാസ്ത്ര’ ശസ്ത്രക്രിയയ്ക്ക് വിധേയമാകാതിരുന്നത് ഇതര മത ദേവാലയങ്ങളില്‍നിന്ന് ഭിന്നമായി ഇസ് ലാമിലെ പള്ളി ഒരേസമയം പള്ളിക്കൂടവും സാംസ്കാരിക കേന്ദ്രവും അഭയ കേന്ദ്രവുമെല്ലാം ആകുന്നു എന്ന ബോധ്യം എല്ലാവര്‍ക്കും ഉള്ളതുകൊണ്ടാണ്.

എല്ലാതരം സംഗമങ്ങളും പള്ളിയുടെ അകത്തളത്തില്‍ തന്നെ നടത്തണം എന്നല്ല ഇപ്പറഞ്ഞതിനർഥം. പള്ളികള്‍ക്ക് തീര്‍ച്ചയായും അതിന്റേതായ പവിത്രതയുണ്ട്. എന്നാല്‍, പള്ളികള്‍ സുജൂദിടം ആകുമ്പോള്‍ തന്നെ ഇതര മതസ്ഥരുടെ മുന്നില്‍ കൊട്ടിയടക്കപ്പെടേണ്ട ആശ്രമങ്ങളല്ല എന്നതാണ് ഇസ് ലാമിന്റെ നിലപാട്. ‘അന്യ മതസ്ഥരെ’ പള്ളിയില്‍ പ്രവേശിപ്പിച്ചതിന് പ്രവാചകനില്‍ മാതൃകയുണ്ടായിരിക്കെ അതിനെതിരെ ഉണ്ടാവുന്ന ഏത് മതവിധിയും ഇസ് ലാമിക വിരുദ്ധമാണ്. ബഹുസ്വര സമൂഹത്തില്‍ അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിനെ കുറിച്ച ഇസ് ലാമിക കാഴ്ചപ്പാട് നിശ്ചയിക്കുന്നത് ഈ വിഷയത്തിലുള്ള കര്‍മശാസ്ത്ര വിധികളാണ്. ആ വിധികളെല്ലാം സന്ധിക്കുന്ന ഒരേയൊരു ബിന്ദു ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളില്‍ പങ്ക് ചേരാതിരിക്കുക എന്നതാണ്. അതില്ലാത്തേടത്തോളം കാലം അത്തരം ആഘോഷങ്ങള്‍ക്ക് ആശംസ നേരുന്നതും, അവരുടെ ആതിഥ്യം സ്വീകരിക്കുകയോ അവര്‍ക്ക് ആതിഥ്യം അരുളുകയോ ചെയ്യുന്നതും അവരുടെ ഭക്ഷണം കഴിക്കുന്നതും അനുവദനീയമാകേണ്ടതാണ്. ഇസ് ലാം ഉദ്ഘോഷിക്കുന്ന വിശ്വമാനവികതയുടെ വിളംബരമാണ് അത്തരം വ്യവഹാരങ്ങളിലൂടെ സംഭവിക്കുന്നത്. സാമുദായിക ധ്രുവീകരണവും വെറുപ്പുൽപാദനവും വംശീയമായ അപരവത്കരണവും പ്രചണ്ഡമായി നടക്കുന്ന വര്‍ത്തമാന കാലത്ത് ചേര്‍ന്നിരിക്കാനും ചേര്‍ത്തു പിടിക്കാനുമുള്ള അവസരങ്ങളൊന്നും പാഴാക്കരുത് എന്നു മാത്രമല്ല, ഹിജ്റ ഏഴ്-എട്ട് നൂറ്റാണ്ടുകളില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളില്‍ രൂപപ്പെട്ട കര്‍മശാസ്ത്രത്തെ ആധാരമാക്കി, ഇന്ത്യ പോലെ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ബഹുസ്വര സമൂഹത്തില്‍ വിധിവിലക്കുകള്‍ നിര്‍ണയിക്കപ്പെടരുത് എന്നു കൂടിയാണ് ഇതിന്റെ അര്‍ഥം. ന്യൂനപക്ഷ കര്‍മശാസ്ത്രം (ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത്) എന്ന ഒരു കര്‍മശാസ്ത്ര ശാഖ തന്നെ ആധുനിക ഇസ് ലാമിക പണ്ഡിതര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണമെന്ന് (സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ - ദര്‍ശന ടി.വി അഭിമുഖം 14-9-2016) വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലപാടെടുത്ത മുസ്‌ലിം സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്നും ഇത്തരുണത്തിൽ ഓർക്കാം. l

''ജോ ഹമാരെ ബാത് നഹി മാനേംഗേ, ബുള്‍ഡോസര്‍ ലഗാകെ നികല്‍ ദേം ഗേ'' (ഞങ്ങള്‍ പറയുന്നത് കേള്‍ക്കാത്തവരെ ബുള്‍ഡോസര്‍ ഉപയോഗിച്ചു നീക്കം ചെയ്യും) എന്ന ഉത്തര്‍ പ്രദേശ്‌ മോഡല്‍ ജനാധിപത്യം അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന സാഹചര്യത്തില്‍ ചെങ്കോട്ടയില്‍ എഴുപത്തിയേഴാമത്തെ വട്ടവും സ്വാതന്ത്ര്യത്തിന്റെ മൂവര്‍ണക്കൊടി പാറി. സ്ഥിതി സമത്വം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയോടൊപ്പം ത്യാഗം, ശുദ്ധി, പ്രതീക്ഷ എന്നിവയെ പ്രതീകവത്കരിക്കുന്ന ദേശീയ പതാകയും ഇനിയെത്ര നാള്‍ എന്നത് രാജ്യത്തിന്റെ മുന്നിലുള്ള ഭയാവഹമായ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി കൊണ്ടാടപ്പെടുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ആഹ്ലാദത്തിന്റെ തിരയിളക്കമല്ല, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അട്ടഹാസങ്ങളാണ് രാജ്യത്തിന്റെ ദിഗന്തങ്ങളില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്. 'പക പതാകയാവുകയും ആക്രമണം അഭിവാദനമാവുകയും ഓരോ പൗരനും ഓരോ പൊട്ടിത്തെറി' (ഒ.പി സുരേഷിന്റെ കവിതയോട് കടപ്പാട്) ആവുകയും ചെയ്യുന്ന കാലത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്.

2013-ലായിരുന്നു അവസാനമായി ചെങ്കോട്ടയില്‍ നിന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ മിതഭാഷണം ഇന്ത്യ അവസാനമായി കേട്ടത്. 67-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലെ മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തില്‍ രാജ്യത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ശേഷം ആ വര്‍ഷം ഉത്തരാഖണ്ഡില്‍ നടന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായിരുന്നു പരാമര്‍ശിക്കപ്പെട്ട മുഖ്യ വിഷയം. ടെലി പ്രോംപ്റ്റര്‍ സഹായമില്ലാതെ ഹൃദയത്തില്‍നിന്നുതിര്‍ന്ന വാക്കുകളായിരുന്നു അത്. ദുരിതബാധിതരുടെ വേദനകള്‍ ഒപ്പിയെടുക്കും വിധമുള്ള കയറ്റിറക്കങ്ങളില്ലാത്ത മൃദു ഭാഷണം. തൊട്ടടുത്ത വര്‍ഷം 2014-ല്‍ അതേ വേദിയില്‍ ചെങ്കോട്ടയില്‍ 'പ്രധാന മന്ത്രിയല്ല, പ്രധാന സേവകനാണ് താന്‍' എന്ന് പ്രഖ്യാപിച്ചു പ്രത്യക്ഷപ്പെട്ട നരേന്ദ്ര മോദിയാകട്ടെ അന്നു വരെ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് 'പുതിയ ഊടും പാവും' നല്‍കി. നാടിന്റെ നന്മയും നാനാത്വത്തിലെ ഏകത്വവുമൊക്കെയായിരുന്നു അതു വരെ അടിവരയിടപ്പെട്ടതെങ്കില്‍ ''ഒരു ചെറിയ പട്ടണത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ ആൺകുട്ടിക്ക് ചെങ്കോട്ടയുടെ കൊത്തളത്തിൽ ഇന്ത്യയുടെ ത്രിവർണ പതാകയിൽ ആദരാഞ്ജലി അർപ്പിക്കാൻ അവസരം ലഭിച്ചു'' (മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം 15-8-2014) എന്ന മട്ടില്‍ 'ഞാനത്വത്തിലെ ഏകത്വ’ത്തിൽ അര്‍മാദിക്കുന്ന പ്രധാന മന്ത്രിയെയാണ് രാജ്യത്തിന് 2014-ലെ സ്വാതന്ത്ര്യ ദിനത്തില്‍ കേള്‍ക്കേണ്ടിവന്നത്.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സ്വാതന്ത്ര്യത്തിന്റെ 77-ാം വര്‍ഷത്തില്‍ ഒരിക്കല്‍ കൂടി ചെങ്കോട്ടയില്‍ പ്രധാന മന്ത്രി പ്രത്യക്ഷപ്പെടുന്നതാകട്ടെ 'ആയിരം വര്‍ഷത്തെ അടിമത്തത്തില്‍നിന്ന് ദേശവാസികളെ വിമോചിപ്പിക്കാനുള്ള മിശിഹ’ ആയിട്ടാണ്. ''1000 വര്‍ഷത്തെ അടിമത്തത്തിനും 1000 വര്‍ഷത്തെ മഹത്തായ ഭാവിക്കും ഇടയിലുള്ള നാഴികക്കല്ലിലാണ് നാമിപ്പോള്‍'' (മോദി – ചെങ്കോട്ടയിലെ പ്രസംഗം 15-8-2023). കഴിഞ്ഞ പത്ത് വര്‍ഷവും ഇതുപോലുള്ള അർഥമില്ലാത്ത വാഗ്ധോരണികളും യാഥാര്‍ഥ്യങ്ങളില്‍നിന്നകലെയായ അവകാശവാദങ്ങളുമല്ലാതെ ധനാത്മകമായ ഒരു ശബ്ദവും ചെങ്കോട്ടയില്‍നിന്ന് ഉയര്‍ന്നിട്ടില്ല. 'ഭായിയോം ബഹനോം' എന്ന പതിവ് വിളി 'പരിവാര്‍ ജന്‍' (കുടുംബാംഗങ്ങള്‍) എന്ന് മാറ്റപ്പെട്ടത് മാത്രമാണ് ഇത്തവണത്തെ ഒരേയൊരു പുതുമ.

പോയ എട്ട് സ്വാതന്ത്ര്യ ദിനങ്ങളില്‍ മോദി 'മോബ് മൊബിലൈസേഷന്‍' നടത്തിയത് ''ടീം ഇന്ത്യ', 'ഏക്‌ ഭാരത്‌ ശ്രേഷ്ഠ ഭാരത്‌', 'സങ്കല്‍പ് പര്‍വ', 'ആസാദി കാ അമൃത് മഹോത്സവ്' തുടങ്ങിയ ഉത്തേജക മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നുവെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അത് 'ഹര്‍ ഘർ തിരംഗ' (എല്ലാ വീടുകളിലും പതാക) എന്നതായിരുന്നു. 2021-ല്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു 2023 ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യ ദിനാഘോഷം. 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്' എന്ന് ഉച്ചത്തിൽ പറയുമ്പോഴും ചിലരെ മാത്രം അകറ്റിനിര്‍ത്തുകയും തഞ്ചം കിട്ടുമ്പോള്‍ ചുട്ടുകൊല്ലുകയും ചെയ്യുന്ന വൈരുധ്യം ആവര്‍ത്തിക്കുന്നതാണ് രാജ്യം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സംഘ് വേദഗ്രന്ഥത്തില്‍ 'ആഭ്യന്തര ശത്രുക്കള്‍' എന്ന് മാര്‍ക്ക് ചെയ്യപ്പെട്ടവരുടെ വീടുകള്‍ തന്നെ തകര്‍ത്തുകൊണ്ടാണ് 'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീടുകളിലും പതാക) എന്ന പുതിയ മന്ത്രമുയര്‍ത്തുന്നത്.

2023 ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 15 വരെ ഓരോ വീട്ടുകാരും അവരുടെ പരിസരത്ത് ഇന്ത്യൻ പതാക ഉയർത്തി സജീവമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പൗരന്മാർക്കിടയിൽ ഐക്യവും ദേശസ്‌നേഹവും ദേശീയ പതാകയോടുള്ള ആദരവും വളർത്താനാണത്രേ ഇത്. ഹിന്ദുത്വ ഭരണഘടനയായ 'മനുസ്മൃതി' കത്തിച്ച അംബേദ്‌ക്കറിനെയും ആര്‍.എസ്.എസ്സുകാരന്‍ വെടിവെച്ചു കൊന്ന ഗാന്ധിജിയെയും സ്വന്തമാക്കിയ സംഘ് പരിവാര്‍ 'തിന്മയുടെ മൂന്നു കഷണം തുണി'യെ ആദരിക്കുന്ന വൈരുധ്യവും നമുക്കിപ്പോള്‍ കാണേണ്ടി വരുന്നു. 1925-ലെ വിജയദശമി നാളില്‍ രൂപവത്കരിക്കപ്പെട്ട അന്നു തന്നെ ദേശീയതയെ കുറിച്ചു മാത്രമല്ല, ദേശീയ പതാകയെ കുറിച്ചും ആര്‍.എസ്.എസ്സിന് വ്യക്തമായ കാഴ്പപ്പാടുണ്ടായിരുന്നു. ''ഇന്ത്യൻ സംസ്കാരത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നത് കാവി പതാകയാണ്. അത് ദൈവത്തിന്റെ മൂർത്തീഭാവമായിരുന്നു. അവസാനം രാഷ്ട്രം മുഴുവൻ ഈ കാവി പതാകയ്ക്ക് മുന്നിൽ തലകുനിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.” (എം.എസ് ഗോൾവാൾക്കർ- ശ്രീ ഗുരുജി സമഗ്ര ദർശൻ, നാഗ്പൂർ, വാല്യം 1, പേജ് 98).

ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവര്‍ണപതാകയെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അംഗീകരിച്ചപ്പോള്‍ തന്നെ അതിനെതിരെ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ മുഖപ്രസംഗം എഴുതി: ''ഈ പതാക രാജ്യത്തെ എല്ലാ സമൂഹവും അംഗീകരിക്കണം എന്നതിനോട് ഞങ്ങള്‍ക്ക് ഒട്ടും യോജിപ്പില്ല. 5000 വര്‍ഷത്തിന്റെ അഖണ്ഡ പാരമ്പര്യമുള്ള ഹിന്ദു രാഷ്ട്രമായ ഹിന്ദുസ്ഥാനെയാണ് പതാക പ്രതിനിധീകരിക്കേണ്ടത്'' (The Nation’s Flag – Organizer- 17-7-1947). ഇരട്ട തോരണമുള്ള ഭഗവത് ധ്വജമാണ് പാന്‍ ഹിന്ദുത്വയുടെ പവിത്ര പതാക. 'വിധിയുടെ ചവിട്ടുപടിയിൽ അധികാരത്തിൽ വന്നവർ നമ്മുടെ കൈകളിൽ ത്രിവർണ പതാക സമ്മാനിച്ചേക്കാം; പക്ഷേ, അത് ഒരിക്കലും ഹിന്ദുക്കൾക്ക് ആദരവും ഉടമസ്ഥതയും നൽകില്ല. മൂന്ന് എന്ന വാക്ക് തന്നെ ഒരു തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ഒരു പതാക തീർച്ചയായും വളരെ മോശമായ മാനസിക സ്വാധീനം ഉണ്ടാക്കും, അത് ഒരു രാജ്യത്തിന് ഹാനികരവുമാണ് (ഓർഗനൈസർ, ആഗസ്റ്റ് 14, 1947). ഹനിക്കുന്നതിനു മുമ്പ് വണങ്ങുകയും പറയുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് നൂറു വര്‍ഷങ്ങളായി തുടരുന്ന ആര്‍.എസ്.എസ്സിന്റെ നിത്യ നൈമിത്തിക ആചാരങ്ങള്‍. വെടി ഉതിര്‍ക്കുന്നതിനു മുമ്പ് ഗാന്ധിജിയെ വണങ്ങിയ നാഥുറാം ഗോദ്സേയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് പാര്‍ലമെന്റിന്റെ പടിക്കല്‍ സാഷ്ടാംഗം പ്രണമിച്ച പ്രധാന മന്ത്രിയും ഒരേ സന്ദേശത്തിന്റെ രണ്ട് കാലത്തിലെ വാഹകരാണ്.
2001-ലെ റിപ്പബ്ലിക് ദിനത്തില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് 'രാഷ്ട്ര പ്രേമി യുവദള്‍' പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയതിനു നാഗ്പൂര്‍ കോടതിയില്‍ കേസ് കൊടുത്ത ആര്‍.എസ്.എസ്സിന്റെ ഇപ്പോഴത്തെ സംഘ് ചാലക് മോഹന്‍ ഭഗവത് 2017-ല്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി കാറ്റ് നോക്കി തൂറ്റുന്ന ആദര്‍ശം 'ഉയര്‍ത്തിപ്പിടിച്ചു'. ഗാന്ധി വധത്തെ തുടര്‍ന്ന് ഏർപ്പെടുത്തിയ നിരോധം നീക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം വെച്ച ഉപാധിയുടെ ഭാഗമായി മാത്രം ദേശീയ പതാകയെ അംഗീകരിച്ച ആര്‍.എസ്.എസ് അവസരം അനുകൂലമാവുമ്പോള്‍ കക്ഷത്തില്‍ ഒളിച്ചുവെച്ച കാവിപ്പതാക പുറത്തെടുക്കുമെന്നുറപ്പ്. ''വൈദേശികാധിപത്യത്തെത്തുടർന്നുണ്ടായ ചില താല്‍ക്കാലികമായ അനർഥങ്ങളാല്‍ ഹിന്ദുക്കളുടെ രാഷ്ട്രധ്വജം ഇരുട്ടിലാണ്ട് പോയെന്നത് ശരിയാണ്. എന്നാല്‍, ആ ധ്വജം ഒരു ദിനം അതിന്റെ പ്രാക്തന ശോഭയിലേക്കും മഹത്വത്തിലേക്കും ഉയരുക തന്നെ ചെയ്യും'' (The Nation’s Flag – Organizer- 17-7-1947). l

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2010 മുതല്‍ 2021 വരെ കേരളത്തില്‍ നടന്ന രാഷ്ട്രീയ – വര്‍ഗീയ കൊലപാതകങ്ങള്‍ 3943 ആണ്. അതായത്, ആശയവൈരുധ്യങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി 360 മനുഷ്യജീവനുകള്‍ പൊലിഞ്ഞു പോകുന്നു എന്നർഥം. അതില്‍ 2016 നവമ്പര്‍ 19-ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഒരൊറ്റ വെട്ടിനു കൊല്ലപ്പെട്ട പുല്ലാണി ഫൈസല്‍ എന്ന അനില്‍ കുമാര്‍ ഉണ്ട്. ആറാം നൂറ്റാണ്ടിലെ ‘പ്രാകൃത’ത്വത്തില്‍ ആകൃഷ്ടനായി ഒരുറുമ്പിനെ പോലും നോവിക്കാതെ ജീവിച്ചു എന്നതായിരുന്നു ‘പാതകം.’ അതിനും നാലു വര്‍ഷം മുമ്പ് 2012 മെയ് 4-ന് വടകരയില്‍ വെച്ചു 51 വെട്ടില്‍ ചിതറിയ ടി.പി ചന്ദ്രശേഖരനുമുണ്ട്. ‘കുലം കുത്ത്’ എന്ന ‘മെന്‍ഷവിക്’ റിവിഷനിസമാണ് കുറ്റം. പിന്നെയുമുണ്ട് പ്രോലെറ്റേറിയേറ്റ് – സനാതന നിഗ്രഹങ്ങള്‍ക്ക് ഉദാഹരണങ്ങള്‍. 2015 ജൂലൈ 9-ന് മദ്റസയിലേക്ക് പോകുംവഴി വെട്ടിക്കൊല്ലപ്പെട്ട കാസര്‍കോട്ടെ എട്ടു വയസ്സുകാരന്‍ ഫഹദ്; 2017 മാര്‍ച്ച് 20-ന് കാസര്‍കോട്ട് തന്നെയുള്ള ഒരു പള്ളിയില്‍ വെച്ചു ഉറക്കത്തില്‍ അറുക്കപ്പെട്ട റിയാസ് മൗലവി… അതെല്ലാം ഒന്നുകില്‍ സമത്വസുന്ദരമായ സ്റ്റാലിനിസ്ഥാന് വേണ്ടിയോ അല്ലെങ്കില്‍ ‘തിരുവങ്ങാട് രാമരാജ്യ’ത്തിനു വേണ്ടിയോ ആയതിനാല്‍ വര്‍ഗരഹിത ഇഞ്ചക്കുണ്ട് സഖാക്കള്‍ക്കും ദേശഭക്ത ശിരോമണികള്‍ക്കും പരിഭവമില്ല. അതുകൊണ്ടാണ് 1992 ആഗസ്റ്റ് 6-ന് ബാബരി മസ്ജിദ് തകര്‍ത്ത അതേ ദിവസം തന്നെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ വലത് കാല്‍ ആര്‍.എസ്.എസിന്റെ ബോംബേറില്‍ തകര്‍ന്നപ്പോള്‍ അത് ‘കേരളം കണികണ്ടുണര്‍ന്ന നന്മ’യായി മാറിയതും; 2010 ജൂലൈ 4-ന് തൊടുപുഴയിലെ ഒരു മലയാളം പ്രഫസറുടെ വലത് കൈപ്പടത്തിനു വെട്ടേറ്റപ്പോള്‍ ‘അറ്റുപോവാത്ത ഓർമകളായി’ ഒരു വ്യാഴവട്ടത്തിനു ശേഷവും ‘കേരളീയ പൊതുബോധ’ത്തില്‍ വിങ്ങി നീറുന്നതും.


വടകരയിലെ 51 വെട്ട് നടക്കുന്നതിനും രണ്ടു വര്‍ഷം മുമ്പ് 2010 ജൂലൈ 4-നാണ് ടി.ജെ ജോസഫ് എന്ന മലയാളം പ്രഫസറുടെ വലത് കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ചിലയാളുകള്‍ ചേര്‍ന്ന് വെട്ടിമാറ്റുന്നത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുന്ന വഴിയിലായിരുന്നു ഒരു വാനിലെത്തിയ ഏഴംഗ സംഘം അധ്യാപകനെ ആക്രമിക്കുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്ററില്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ‘നിഷ്കളങ്ക’മായ ഒരു ചോദ്യം ഇട്ടതിനായിരുന്നു ആക്രമണം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘തിരക്കഥയുടെ രീതിശാസ്ത്രം’ എന്ന ലേഖന സമാഹാരത്തില്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ശീർഷകത്തിലുള്ള ലേഖനത്തില്‍, ചാവക്കാട് അങ്ങാടിയില്‍ അലയുന്ന ഒരു മനോരോഗി ദൈവവുമായി നടത്താറുള്ള സംഭാഷണത്തെ പറ്റി പറയുന്നുണ്ട്. ഭ്രാന്തന്‍ തന്നെയാണ് കഥയിലെ സംഭാഷകനും സംഭാഷിതനും. ദൈവവും ഭ്രാന്തനും തമ്മിൽ സംവാദം ഇങ്ങനെയാണ്:
ഭ്രാന്തന്‍: “പടച്ചോനെ, പടച്ചോനെ.”
പടച്ചോന്‍: “എന്തടാ, നായിന്റെ മോനെ?”
ഭ്രാന്തന്‍: “പടച്ചോനെ, ഒരു അയില, അത് മുറിച്ചാല്‍ എത്ര കഷണമാകും?”
പടച്ചോന്‍: “ഒരയില മുറിച്ചാല്‍ മൂന്നു കഷണമാകുമെന്ന് നിന്നോട് എത്ര പ്രാവശ്യം പറഞ്ഞെടാ നായെ?”

ഈ ഭാഗമാണ് ജോസഫ് മാഷ്‌ ഒരു മൈനര്‍ ശസ്ത്രക്രിയ നടത്തി ചോദ്യപ്പേപ്പറില്‍ ചേര്‍ത്തത്. ഭാഷാ വ്യാകരണ പാഠഭാഗത്തെ ആസ്പദമാക്കി ചിഹ്നങ്ങൾ ചേർക്കുന്നതിനായി നൽകിയ ഗദ്യഭാഗങ്ങളില്‍നിന്ന് വിട്ടുകളഞ്ഞ വിരാമം, വിസർഗം, ചോദ്യചിഹ്നം തുടങ്ങിയ അടയാളങ്ങള്‍ കൂട്ടിച്ചേര്‍ക്കുക എന്നതായിരുന്നു ചോദ്യത്തിന്റെ ഉദ്ദേശ്യം. അത് അപ്പടി ചെയ്യുന്നതിന് പകരം പേരില്ലാത്ത ഭ്രാന്തന് ‘മുഹമ്മദ്‌’ എന്ന് മാഷ്‌ പേരിട്ടു. മാർച്ച് 23-നാണ് സംഭവം നടന്നതെങ്കിലും ഒരു മാസം കഴിഞ്ഞാണ് പുറംലോകമറിയുന്നത്. വിഷയം വിവാദമായ ഉടനെ കോളേജിൽനിന്ന് ജോസഫിനെ സസ്‌പെൻഡ് ചെയ്തു. കോളേജ് അധികൃതർ മാപ്പ് പറഞ്ഞു. മതനിന്ദാ കുറ്റം ചുമത്തി പോലീസ് സ്വമേധയാ കേസെടുത്തു. പ്രഫസര്‍ ഒളിവില്‍ പോയി. അതിനിടയിലാണ് അദ്ദേഹത്തിന് നേരെ മേല്‍ചൊന്ന ആക്രമണം നടക്കുന്നത്. മതനിന്ദാ കേസില്‍ തൊടുപുഴ സി.ജെ.എം കോടതി 2013-ല്‍ പ്രഫസറെ കുറ്റവിമുക്തനാക്കിയെങ്കിലും ജോലിയില്‍ തിരിച്ചെടുക്കാന്‍ സഭാ നേതൃത്വം തയാറായില്ല. അതോടെ പ്രഫസറും ഭാര്യ സലോമിയും മാനസികമായി തകര്‍ന്നു. 2014-ല്‍ സലോമി ജീവനൊടുക്കി. കൈവെട്ടു കേസില്‍ പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ജൂലൈ 13-നാണ് കൊച്ചിയിലെ എന്‍.ഐ.എ കോടതിയുടെ രണ്ടാം ഘട്ട വിധി വരുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ടു പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തെ തടവും വിധിച്ചു. 37 പേരുടെ ആദ്യഘട്ട വിചാരണയില്‍ 11 പേരെ ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
പാഠഭാഗത്തില്‍ ‘ഭ്രാന്തന്‍’ എന്ന പദം കണ്ടപ്പോള്‍ ജോസഫ് മാഷിന്റെ ഉപബോധമനസ്സില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുകയും ശ്രവണ ഭ്രമാത്മകത (auditory hallucination) ബാധിച്ചയാള്‍ ചോദ്യപ്പേപ്പറിൽ ‘മുഹമ്മദ്’ ആയി മാറുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് ഇന്ന് ആരോടും വിശദീകരിക്കേണ്ടതില്ല. “ദൈവത്തെ പടച്ചോന്‍ എന്ന് പരാമര്‍ശിക്കാറുള്ളത് മുസ്‌ലിംകളായതിനാല്‍ ഭ്രാന്തന് ഒരു മുസ്‌ലിം പേര് കൊടുക്കാമെന്ന് കരുതി. സർവസാധാരണമായ മുസ്‌ലിം പേരാണല്ലോ മുഹമ്മദ്. അതുകൊണ്ടാണ് മുഹമ്മദ് എന്ന പേര് കൊടുത്തത്” എന്ന പ്രഫസറുടെ പ്രതികരണം അത്ര നിഷ്കളങ്കവുമല്ല. അതുകൊണ്ടാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ ബേബി പ്രഫസറെ ‘മഠയന്‍’ എന്ന് വിളിച്ചത്. “ഇത്തരത്തില്‍ അതിവൈകാരികമായി പ്രതികരിക്കാന്‍ ഇടയുള്ള വിഷയത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ജോസഫ് മാഷ് മനസ്സിലാക്കണമായിരുന്നു” (Brave India News-ല്‍ സി. രവിചന്ദ്രനുമായുള്ള അഭിമുഖം) എന്നായിരുന്നു എം.എ ബേബിയുടെ പ്രതികരണം. ഒരു ബഹുസ്വര സമൂഹത്തിൽ അത്തരം പ്രയോഗങ്ങള്‍ അസംഗതമാണ് എന്ന ബോധ്യത്തിലാണ് കോളേജ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്. പക്ഷേ, കൈവെട്ടോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ജോസഫ് മാഷ്‌ ചെയ്ത പ്രവാചക നിന്ദ വിസ്മരിക്കപ്പെട്ടു. അയാള്‍ വാഴ്ത്തപ്പെട്ടു. പ്രവാചകനെ ജീവന് തുല്യം സ്നേഹിക്കുന്നു എന്ന 'മുടക്കുന്യായ’ത്തിലാണ് ‘പ്രവാചക സ്നേഹികള്‍’ അധ്യാപകന്റെ കൈ വെട്ടിയത്. പ്രവാചകനിന്ദയ്ക്ക് പ്രവാചകന്റെ കാലത്തോളം പഴക്കമുണ്ട്. ബോധത്തിലോ അബോധത്തിലോ ഇസ് ലാമിനോടുള്ള വെറുപ്പാണ് അതിനു കാരണം. ആ വെറുപ്പിനെ ആശയപരമായി പ്രതിരോധിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മാനവികതക്കെതിരായ ഒരു പാതകവും ഇസ്‌ലാമികമായി നീതിവത്കരിക്കാവതല്ല. ഇസ്‌ലാം ഒരു പ്രാകൃത പ്രത്യയശാസ്ത്രമാണെന്ന വിശ്വാസമാണ് പാഠഭാഗത്തില്‍ തിരുത്തല്‍ നടത്താന്‍ ജോസഫിനെ പ്രേരിപ്പിച്ചതെങ്കില്‍, ആ പ്രകോപനത്തോട് വൈകാരികമായി പ്രതികരിച്ചവര്‍ ആ വിശ്വാസം ശരിയാണെന്ന് ആധികാരികമായി സ്ഥാപിക്കാന്‍ ജോസഫിനെ സഹായിക്കുകയാണ് യഥാർഥത്തില്‍ ചെയ്തത്. ‘ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു’ എന്ന മാക്കിവല്യന്‍ സിദ്ധാന്തം എന്തായാലും ഇസ്‌ലാമിന് പഥ്യമല്ല. 'തിന്മയെ നന്മ കൊണ്ട് എതിരിടുക' എന്ന ഖുര്‍ആനികാധ്യാപനമാണ് കൈവെട്ടിലൂടെ ലംഘിക്കപ്പെട്ടത്. എന്നിട്ടും ‘പൊതുബോധ നിര്‍മാണക്കമ്മിറ്റി’ കൈവെട്ട് വരവ് വെച്ചത് ഖുര്‍ആന്റെ കണക്കിലാണ് എന്നതാണ് കഥയിലെ ഐറണി. പ്രഫസര്‍ ജോസഫിന്റെ കൈവെട്ട് പോലെ ടി.പി ചന്ദ്രശേഖരന്‍ വധം ദാരുണമാകാത്തത് ഈ നിര്‍മാണക്കമ്മിറ്റിയാണ് പൊതുബോധം നിര്‍ണയിക്കുന്നത് എന്നതു കൊണ്ടാണ്. ആ ഒരു പരിപ്രേക്ഷ്യത്തില്‍ ആദ്യത്തേത് ഒഞ്ചിയത്തെ മണ്ണില്‍നിന്ന്, ഏത് നാട്ടിലെ മണ്ണിലും, എത്ര വരണ്ട കാലാവസ്ഥയിലും വേരൂന്നി സംഘംചേർന്നു വളരാന്‍ ത്രാണിയുള്ള ‘കമ്യൂണിസ്റ്റപ്പ’യുടെ വേര് തോണ്ടിയ ‘മഹാപാതക’മാണെങ്കില്‍, രണ്ടാമത്തേത് ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു ‘പ്രാകൃത’നെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ബ്ലാക്ക് ഹ്യുമറി’ലൂടെ അവതരിപ്പിച്ച ‘സത്കര്‍മമാണ്.’


മഅ്ദനിയുടെ വലതു കാലും ജോസഫിന്റെ വലത് കൈപ്പത്തിയും രണ്ട് പ്രതീകങ്ങളാണ്. ‘കേരളീയ പൊതുബോധ’ത്തെ സംബന്ധിച്ചേടത്തോളം ആദ്യത്തേത് ‘തീവ്രവാദ’ത്തിനുള്ള ‘കടുത്ത’ ചികിത്സയും രണ്ടാമത്തേത് ‘ആവിഷ്കാര സ്വാതന്ത്ര്യ’ ത്തിനു വേണ്ടിയുള്ള സമര്‍പ്പണവുമാണ്! മഅ്ദനിക്കേസില്‍ 17 കൊല്ലത്തിനു ശേഷം 2009 ഡിസംബര്‍ 17-ന് വന്ന വിധിയില്‍ എട്ട് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. ആര്‍.എസ്.എസുകാരായ പ്രതികള്‍ക്ക് മഅ്ദനി മാപ്പ് കൊടുത്തു എന്നതായിരുന്നു കാരണം. കേസിലെ ഒന്നാം സാക്ഷിയും മഅ്ദനിയുടെ ബന്ധുവുമായ ബശീര്‍ കുഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയുകയും ചെയ്തു. പ്രതികളുടെ ‘അവിവേക’ത്തിനാണ് മഅ്ദനി മാപ്പ് കൊടുത്തത്. ശാഖകളില്‍ പഠിപ്പിക്കുന്ന ‘സനാതന ധര്‍മ’ത്തെ അദ്ദേഹം ഭർത്സിച്ചില്ല. അതേസമയം പ്രതികള്‍ക്ക് കൃത്യമായ ശിക്ഷ കിട്ടണം എന്ന ദൃഢനിശ്ചയത്തോടെ കൈവെട്ടു കേസില്‍ പ്രതികൾ തന്നെയാണ് കുറ്റകൃത്യം നടത്തിയത് എന്ന് ജോസഫ് കോടതിയിൽ കൃത്യമായി മൊഴി നൽകി. അവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അഭ്യർഥിച്ചു. കോടതി പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുകയും ചെയ്തു. എന്നിട്ടും വിധി പുറത്തു വന്ന ഉടനെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം “പ്രതികളെ ശിക്ഷിക്കുന്നതിൽ തനിക്ക് യാതൊരു ഉത്കണ്ഠയുമില്ല. കൈ വെട്ടിയവരും ഇരകളാണ്. അവരെ ശിക്ഷിക്കുന്നതില്‍ അർഥമില്ല. ശിക്ഷിക്കേണ്ടത് പ്രാകൃത വിശ്വാസങ്ങളെയാണ്” എന്നായിരുന്നു. താനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടക്കുന്ന മദ്റസയില്‍നിന്ന് നല്‍കുന്ന പാഠങ്ങളാണ് അതിനു പ്രചോദകം എന്ന സംഘി നുണ കൂടി മാഷ്‌ ആവര്‍ത്തിച്ചു. എന്നിട്ടും മഅ്ദനി നമുക്കിപ്പോഴും തീവ്രവാദിയാണ്, ജോസഫ് വിശുദ്ധ മാലാഖയും!
ചോദ്യക്കടലാസിലൂടെ വംശവെറി തുപ്പിയ പ്രഫസറുടെ കൈ വെട്ടിയത് ‘മദ്റസ’യില്‍ പഠിച്ചവരായിരുന്നു എന്നതു പോലെ തന്നെ സത്യമാണ് അദ്ദേഹത്തിന്റെ കൈ തുന്നിച്ചേര്‍ക്കാനും ജീവന്‍ രക്ഷിക്കാനും രക്തം കൊടുത്തവരും അതേ മദ്റസാ സംവിധാനത്തിന്റെ ഉൽപന്നങ്ങളായിരുന്നു എന്നതും. ഇല്ലാത്ത നികുതിപ്പണത്തിന്റെ പേരില്‍ മദ്റസയുടെ മോന്തായത്തില്‍ പാഞ്ഞു കയറുന്ന പ്രഫസര്‍ ജോസഫിന് തന്റെ അറ്റുപോയ കൈകള്‍ തുന്നിപ്പിടിപ്പിക്കാനും ജീവന്‍ രക്ഷിക്കാനും തുണയായത് ‘ആറാം നൂറ്റാണ്ടിനെ’ നെഞ്ചേറ്റിയവരുടെ സമയോചിതമായ ഇടപെടലാണ് എന്ന സത്യം അദ്ദേഹം ബോധപൂര്‍വം മറച്ചുവെക്കുകയാണ് ചെയ്തത്. “ജോസഫിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്റ്റെല്ലയാണ് ജമാഅത്തെ ഇസ്‌ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലീമിനെ വിളിച്ചു രക്തം ലഭ്യമാകുമോ എന്ന് അന്വേഷിച്ചത്. തുടര്‍ന്ന് 15-ഓളം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കൊച്ചി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എത്തി രക്തം നല്‍കുകയായിരുന്നു” (ആക്രമിക്കപ്പെട്ട അധ്യാപകന് രക്തം നല്‍കിയത് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ - ഡൂള്‍ ന്യൂസ് – 6-7-2010). l

പൊതു ഇടങ്ങളില്‍ ആണ്‍ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവ് പെണ്ണിനും ബാധകമാണെന്നും അതിനു വിഘാതം നില്‍ക്കുന്ന ആറാം നൂറ്റാണ്ടിലെ 'പ്രാകൃത' ഗോത്രാചാരങ്ങളെ തച്ചുടക്കണമെന്നുമുള്ള ലിബറല്‍ - ഫെമിനിസ്റ്റ് മുറവിളികളാല്‍ പ്രകമ്പിതമാണ് ഏറെക്കാലങ്ങളായി കേരളത്തിന്റെ തെരുവുകളും സൈബറിടങ്ങളും. പതിനെട്ടാം നൂറ്റാണ്ടില്‍ മലയാളി മങ്കമാര്‍ മാറ് മറക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് സമരം ചെയ്തതെങ്കില്‍ വത്തക്ക 'നെഞ്ചിലേറ്റി' 'മാറ് തുറക്കല്‍' സമരം ചെയ്ത് കൊണ്ടാണല്ലോ നവകേരള മഹിളാമണികള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പൂമുഖത്തിരുന്ന് കാമ്പസുകളെ രോമാഞ്ചമണിയിച്ചത്. 'ഹൂറന്മാരില്ലാത്ത സ്വര്‍ഗത്തിന് വേണ്ടി നീയെന്തിനാണ് പെണ്ണേ കറുത്ത തുണിയില്‍ മൂടിക്കെട്ടിക്കഴിയുന്നത്' എന്ന് കവിത രചിച്ച് മതരക്തമേതും സിരകളിലൊഴുകാത്ത 'പുരോഗമന വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാന'വും പെണ്‍കൊടികളുടെ കൂട്ടിരിപ്പിന് വന്നു. 
എന്നാല്‍ സ്ത്രീസുരക്ഷക്കും ലിംഗസമത്വത്തിനും വേണ്ടി കണ്ണിലെണ്ണ ഒഴിച്ച് സമൂഹ മാധ്യമങ്ങളില്‍ സദാസമയം സമരസജ്ജരായി നില്‍ക്കുന്ന ഈ വിമോചനപ്പോരാളികളുടെ കാഴ്ചവട്ടത്ത്  പെടാതെ പോയ രണ്ട് കെണികളാണ് മുസ്ലിം സ്ത്രീകളെ 'ചരക്കു'കളാക്കി വില്‍പന നടത്താന്‍ അടുത്ത കാലത്ത് തുടങ്ങി വെച്ച സുള്ളി ഡീല്‍സ്, ബുള്ളി ബായ്  എന്നീ ആപ്പുകള്‍. ബുള്ളി ബായ്, സുള്ളി ഡീല്‍ ആക്രമണങ്ങള്‍ക്കെതിരെ 'ദ മുസ്ലിം റെസിസ്റ്റന്‍സ്' എന്ന ബാനറില്‍  കോഴിക്കോട് നഗരത്തില്‍ ജി.ഐ.ഒ സംഘടിപ്പിച്ച വനിതാ സംഗമം, പക്ഷേ സ്ത്രീ ശാക്തീകരണം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ എഴുതിവെക്കുകയും 'സ്ത്രീപക്ഷ കേരളം' കാമ്പയിന്‍ നടത്തുകയും ചെയ്തവരുടെ മുഖപത്രങ്ങളില്‍ പെട്ടിക്കോളം വാര്‍ത്ത പോലുമായില്ല.
അറബികളുടെ 'സാംസ്‌കാരിക ഭാണ്ഡ'(Cultural Baggage)ത്തെ ഇസ്ലാമായി തെറ്റിദ്ധരിക്കുന്നവരാണ് മുസ്ലിംകളില്‍ അധിക പേരും (പര്‍ദയുടെ രാഷ്ട്രീയം - ഹമീദ് ചേന്ദമംഗല്ലൂര്‍) എന്ന് അനുതപിക്കുന്ന സ്ത്രീ വിമോചന കേസരികളും പുതിയ ഡീലുകളെ കുറിച്ച് 'കമാ' എന്നുരിയാടിയിട്ടില്ല. ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ തുടങ്ങിയ സൈറ്റുകളില്‍നിന്ന്  സമൂഹത്തിന്റെ ഉന്നത ശ്രേണികളിലുള്ള മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ മോഷ്ടിക്കുകയും ഗിറ്റ്ഹബ് (GitHub) പ്ലാറ്റ്ഫോമില്‍  'ബുള്ളി ബായ്' എന്ന ആപ്പ് ഉണ്ടാക്കുകയും ഈ ആപ്പിലൂടെ 'നിങ്ങളുടെ ബുള്ളി ബായ് ഓഫ് ദ ഡേ' (Your Bulli Bai of the Day) എന്ന അടിക്കുറിപ്പോടെ സ്ത്രീകളുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ശ്വേത സിംഗ്, മായങ്ക് റാവത്ത് എന്നിവരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ മാത്രമാണ് വാര്‍ത്തകളില്‍ ചെറുതായെങ്കിലും 'ബുള്ളി ബായ്' ഇടം പിടിച്ചത്.   ഇരയാക്കപ്പെട്ട സ്ത്രീകളുടെ നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് പേരിനെങ്കിലും അറസ്റ്റ് പോലും സംഭവിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ രാജകീയ വരവേല്‍പ്പ് ഏറ്റുവാങ്ങി പാര്‍ലമെന്റില്‍ ഇരിപ്പിടം തേടുന്നത് എപ്പോഴാണെന്നേ ഇനി അറിയാനുളളൂ.
കഴിഞ്ഞ വര്‍ഷം മുസ്ലിം സ്ത്രീകളെ ലേലത്തിനുവെച്ച  'സുള്ളി ഡീല്‍സ്' ആപ്പ് നിര്‍മിച്ച ഓംകരേശ്വര്‍ താക്കൂര്‍ എന്നയാളെ ദല്‍ഹി പോലീസ് അടുത്തിടെ  അറസ്റ്റു ചെയ്തതും കണ്ണില്‍ പൊടിയിടല്‍ തന്ത്രത്തിന്റെ ഭാഗമായി തന്നെ. മധ്യപ്രദേശിലെ ഇന്ദോറിലെ ഐ.പി.എസ് അക്കാദമിയില്‍നിന്ന് ബി.സി.എ പൂര്‍ത്തിയാക്കിയ ആളാണ് സുള്ളി ഡീല്‍സ് കേസിലെ പ്രധാന സൂത്രധാരന്‍ ഓംകരേശ്വര്‍ താക്കൂര്‍.  മുസ്ലിം - ദലിത് സമൂഹം പൊതുവിലും അവരിലെ സ്ത്രീജനങ്ങള്‍ വിശേഷിച്ചും ആര്‍ക്കും പാഞ്ഞു കയറാന്‍ പറ്റിയ ചാഞ്ഞ മരമായ 'മോഡി'ഫൈഡ് ഇന്ത്യയില്‍ ഇത്തരം ഡീലുകളോട് 'സോകോള്‍ഡ്' പൊതുസമൂഹത്തിന് ഒരുതരം നിസ്സംഗ ഭാവം ശീലമായിപ്പോയിരിക്കുന്നു.
'പര്‍ദക്കുള്ളില്‍ ശ്വാസം മുട്ടി'ക്കഴിയുന്ന മുസ്ലിം സ്ത്രീകളെ ചൊല്ലി മുഖ്യധാരാ മാധ്യമങ്ങളിലും ക്ലബ് ഹൗസ് പോലുള്ള സൈബറിടങ്ങളിലും അനര്‍ഗളം വാക്ശരങ്ങളെയ്തും കവലകളിലും പെരുവഴികളിലും ഫ്ളാഷ് മോബുകള്‍ സംഘടിപ്പിച്ചും വിമോചന കാഹളം മുഴക്കിക്കൊണ്ടിരിക്കുന്ന ഇടത് - ലിബറല്‍ ആങ്ങളമാരുടെയും മാമന്മാരുടെയും ഇരട്ടത്താപ്പ് വെളിപ്പെട്ട മറ്റു ചില പെണ്‍വിഷയങ്ങള്‍ 'പ്രബുദ്ധകേരള'ത്തിലും അടുത്ത കാലത്തായി അരങ്ങേറി. സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട, നടി ആക്രമിക്കപ്പെട്ട കേസും ഫ്രാങ്കോ മുളയ്ക്കല്‍ എന്ന ക്രൈസ്തവ വൈദികന്റെ കന്യാസ്ത്രീ പീഡന കേസുമാണ്  സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ 'പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ട്' പ്രഖ്യാപിച്ച ദൈവത്തിന്റെ സ്വന്തം നാട് മസാലപ്പടം കാണുന്ന ലാഘവത്തോടെ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. ശരീരം മൂടുന്ന വസ്ത്രത്തിനുള്ളില്‍ മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന 'അസ്വാതന്ത്ര്യ'ത്തെ കുറിച്ച് വേപഥു കൊള്ളുന്ന ഇടത് - വലത് - സഭാ സന്നാഹങ്ങള്‍ സ്ത്രീ സമൂഹത്തോട് കാണിക്കുന്ന 'ആദരവുകള്‍'ക്ക് മികച്ച രണ്ട് ദൃഷ്ടാന്തങ്ങളാണ് മേല്‍ പറഞ്ഞ സംഭവങ്ങള്‍.
2017 ഫെബ്രുവരിയില്‍ തൃശൂരില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേ ആണ് മലയാളത്തിലെ പ്രശസ്ത നടി ആക്രമണത്തിനിരയാകുന്നത്. മിമിക്രിയിലൂടെ മലയാള സിനിമാ ലോകത്തെത്തുകയും ചുരുങ്ങിയ കാലം കൊണ്ട് വെള്ളിത്തിരയില്‍ 'റിംഗ് മാസ്റ്ററാ'യും 'വില്ലാളി വീരനാ'യും 'കൊച്ചിരാജാവാ'യും വിലസുകയും ചെയ്ത 'ജനപ്രിയ' നായകനാണ്  പീഡന തിരക്കഥയുടെ സംവിധായകന്‍. സിനിമാ ലോകത്തെ തന്റെ അപ്രമാദിത്വത്തെ ചെറുതായൊന്ന് തടസ്സപ്പെടുത്താന്‍ ശ്രമിച്ച നടിയെ നാണം കെടുത്തി അവരുടെ കരിയര്‍ ജീവിതം അവസാനിപ്പിക്കുക എന്ന 'ചെറിയ' ലക്ഷ്യമേ പീഡനനാടകത്തിന് ഉണ്ടായിരുന്നുള്ളൂ.  അക്രമി സംഘം നടിയുമായി കാറില്‍ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവര്‍ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു എന്നാണ് കേസ്. ആക്രമിക്കപ്പെട്ടാലും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷന്‍ നല്‍കിയ 'ഉന്നത'രുടെ ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി സംഭവത്തെക്കുറിച്ചു പരാതി നല്‍കാന്‍ പെണ്‍കുട്ടി തയാറായി.
കോളിളക്കം സൃഷ്ടിച്ച ഈ സംഭവം നടന്നിട്ട് നാലു വര്‍ഷം തികഞ്ഞെങ്കിലും 'താരമൂല്യ'മുള്ള കേസായതിനാല്‍ അനേകം ട്വിസ്റ്റുകളും ക്ലൈമാക്‌സുകളും കൊണ്ട് അന്ത്യമില്ലാത്ത സീരിയല്‍ പോലെ ഇഴഞ്ഞു നീങ്ങുകയാണ് കേസ്. അറസ്റ്റ്, മുന്‍കൂര്‍ ജാമ്യം, ചോദ്യം ചെയ്യല്‍, വിട്ടയക്കല്‍, കേസിന്റെ ഗതിമാറല്‍ തുടങ്ങിയ പതിവാചാരങ്ങള്‍ക്കിടയില്‍ കുറ്റാരോപിതനായ താരം വെള്ളിത്തിരയില്‍ പലവട്ടം മിന്നിത്തിളങ്ങി. 'ജനപ്രിയ നട'ന്റെ താരത്തിളക്കത്തില്‍ താരസംഘടനയായ 'അമ്മ' പോലും, പീഡിപ്പിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ അമ്മായിയമ്മയായി. 'അവള്‍ക്കൊപ്പം' (#Avalkkoppam) എന്ന ഹാഷ്ടാഗുമായി സിനിമാ ലോകത്തെ ആണധികാര - സ്ത്രീവിരുദ്ധ ചേരിക്കെതിരെ പട നയിച്ച വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പിന്തുണയുമായി എത്തിയതോടെ നടി നിയമപോരാട്ടത്തിന്റെ വഴിയില്‍ തിരിച്ചെത്തിയെങ്കിലും ഹൈ സസ്‌പെന്‍സ് ത്രില്ലര്‍ മൂവിയെ അനുസ്മരിപ്പിക്കുമാറ്   കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ കുറ്റാരോപിതനായ താരം ഗൂഢാലോചന നടത്തി എന്ന ട്വിസ്റ്റിലാണ് ഏറ്റവുമൊടുവില്‍ കേസ് എത്തിനില്‍ക്കുന്നത്. കഠിനശിക്ഷ ലഭിച്ചേക്കാവുന്ന അതിക്രൂരമായ സ്ത്രീ പീഡനക്കേസ് തെളിവില്ലാതെ തള്ളിപ്പോകാനിടയുള്ള 'വധഭീഷണി'ക്കേസായി മാറുന്ന കോമിക് ട്വിസ്റ്റ്! കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി നീതി കാത്തുകഴിയുന്ന എണ്ണായിരത്തോളം സ്ത്രീപീഡന കേസുകളുള്ള ഭൂമിമലയാളത്തില്‍ ഈ  പീഡിതയായ പെണ്‍കുട്ടിക്കും നീതി കിട്ടുമോ എന്ന് കണ്ട് തന്നെ അറിയണം.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസിലെ വിധിയാണ് കേരളം സാകൂതം കാതോര്‍ത്തിരിക്കുകയും വിധി കേട്ടപ്പോള്‍ കാത് പൊത്തുകയും ചെയ്ത രണ്ടാമത്തെ സംഭവം. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വെച്ച് ജലന്തര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗമായ കത്തോലിക്കാ സഭയിലെ ഒരുന്നത വൈദികനെതിരെ നീതി തേടി 'ദൈവത്തിന്റെ മാലാഖമാര്‍' 13 ദിവസമാണ് തെരുവില്‍ സമരം ചെയ്തത്. പീഡനപരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും 'മൃദു ഭാവേ, ദൃഢ കൃത്യേ' എന്ന ആപ്തവാക്യം ആസ്ഥാനങ്ങളില്‍ ഉല്ലേഖനം ചെയ്ത കേരള പോലീസ്  ഒരു നടപടിയും എടുക്കാത്ത സാഹചര്യത്തിലാണ് മഠത്തിന്റെ മതില്‍ക്കെട്ടിന് പുറത്ത് കന്യാസ്ത്രീകളുടെ പ്രതിഷേധം ഉയര്‍ന്നത്. സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ തെരുവില്‍ സമരത്തിനിറങ്ങി. സഹപ്രവര്‍ത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നതായിരുന്നു ആവശ്യം. ഒരു കൂട്ടായ്മയുടെയോ സംഘത്തിന്റേയോ പിന്തുണയില്ലാതെ നിഷ്പക്ഷ സമൂഹത്തിന്റെ മനസ്സാക്ഷിയില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടായിരുന്നു കന്യാസ്ത്രീകളുടെ പോരാട്ടം. ക്രൈസ്തവ സഭയിലെ നീതിനിഷേധങ്ങള്‍ക്കെതിരെയും പീഡനങ്ങള്‍ക്കെതിരെയും സഭക്കുള്ളില്‍ നിന്ന് തന്നെ ശബ്ദം ഉയര്‍ത്തുന്ന വൈദികരുടെ പിന്തുണയോടെ  SAVE OUR SISTERS എന്ന സംഘടനയും കൂട്ടിനെത്തി. പ്രത്യക്ഷ സമരം തുടങ്ങിയതോടെ നടപടികളുമായി ജലന്തര്‍ രൂപതയും രംഗത്തെത്തി. പീഡനം നേരിട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടായിരുന്നു പ്രതികാരം.
അറസ്റ്റെന്ന ആവശ്യം ശക്തമായതോടെ ബിഷപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. പരാതിയില്‍ നിന്ന് പിന്തിരിയാന്‍ സഹോദരനെ കള്ളക്കേസില്‍ കുടുക്കിയും  സമൂഹമാധ്യമങ്ങളിലൂടെ കന്യാസ്ത്രീയെ സ്വഭാവഹത്യ നടത്തിയും വേട്ടക്കാര്‍ പരസ്യമായി വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും അവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇരയായ കന്യാസ്ത്രീയെ 12 ദിവസമാണ് വിസ്തരിച്ചത്. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. കേരളത്തിന്റെ സഹകരണ മന്ത്രിയുടെ കണ്ണില്‍ 'വലിയ പണ്ഡിത'നായ 'നാര്‍കോട്ടിക്ക് ജിഹാദ് ഫെയിം' പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ അന്വേഷണം നേരിടുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലബാര്‍ സഭ കുടിയേറ്റ കമീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ തുടങ്ങിയവരും  25 കന്യാസ്ത്രീകളും, 11 വൈദികരും, രഹസ്യ മൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാരും, വൈദ്യ പരിശോധന നടത്തിയ ഡോക്ടറും, ബിഷപ്പിന്റെ ഡ്രൈവറും അടക്കം ആകെ 83 സാക്ഷികളുള്ള വൈദിക പീഡനക്കേസില്‍ 2000 പേജുള്ള കുറ്റപത്രം വായിച്ച കോടതി 'പ്രതിയെ വെറുതെ വിട്ടിരിക്കുന്നു' എന്നാണ് ഒറ്റ വരിയില്‍ വിധി പറഞ്ഞത്.
നാടകീയവും നിര്‍ണായകവുമായ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കുമൊടുവില്‍ മല എലിയെ പ്രസവിച്ച അവസ്ഥയാണ് 'വിശുദ്ധ പീഡന'ത്തിനു സംഭവിച്ചത് എന്ന് ചുരുക്കം. അംഗീകരിക്കാന്‍ പറ്റാത്ത വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്ന്  കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതി പിരിഞ്ഞ ശേഷം വിധി പറഞ്ഞു. എന്നാല്‍ പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത സാക്ഷിമൊഴികളും ദുര്‍ബലമായ കുറ്റപത്രവും കാരണമാണ് നിയമത്തിന്റെ താക്കോല്‍ദ്വാര പഴുതിലൂടെ ബിഷപ്പ് വിദഗ്ധമായി രക്ഷപ്പെട്ടത് എന്നാണ് പ്രോസിക്യൂഷനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം. എല്ലാ സ്ത്രീ പീഡനക്കേസുകള്‍ക്കും സംഭവിക്കുന്ന ഗതികേട് തന്നെ. ഇത്രയധികം സങ്കീര്‍ണമായ നിയമ പ്രക്രിയയിലൂടെ കടന്നുപോയ ഒരു കേസില്‍ ഒന്നര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള 'ഒറ്റവരി വിധി' പുറത്ത് വന്നത്. 'ഞാന്‍ സഹായത്തിനായി നിലവിളിച്ചു; പക്ഷേ എനിക്കു നീതി കിട്ടിയില്ല '(ഇയ്യോബ് 19:7) എന്ന് പീഡിതയായ കന്യാസ്ത്രീ വിലപിക്കുമ്പോള്‍ വിധികേട്ട ഫ്രാങ്കോ കര്‍ത്താവായ ദൈവത്തിന് സ്‌തോത്രമര്‍പ്പിച്ച് ആനന്ദാതിരേകത്താല്‍ പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു.
കോടതി വിധിയില്‍ 'സാംസ്‌കാരിക' കേരളം മാമൂലനുസരിച്ച് ഔപചാരികമായി ഞെട്ടിയെങ്കിലും വത്തക്ക വലുപ്പത്തിലുള്ള പ്രതിഷേധങ്ങള്‍ക്കൊന്നും തെരുവുകള്‍ സാക്ഷ്യം വഹിച്ചില്ല. 'ജീര്‍ണലു'കളില്‍ അരമനകളിലെ അവിഹിതങ്ങളെ കുറിച്ച് വെണ്ടയ്ക്ക നിരന്നില്ല. ഒന്നാം നൂറ്റാണ്ടിലെ 'പ്രാക്യത' പൗരോഹിത്യത്തിനെതിരെ മുഖപ്രസംഗമെഴുതിയില്ല. കേസിന്റെ നാള്‍വഴികളില്‍ ഒരിക്കല്‍ പോലും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളിലൊന്നു പോലും കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കുകയോ ബിഷപ്പിനെതിരെ ശബ്ദമുയര്‍ത്തുകയോ ചെയ്തില്ല. കാമ്പസുകളില്‍ 'മുഖമക്കന'യുടെ ധിക്കാരത്തെ കായികമായി നേരിടുകയും 'ഉടുവസ്ത്രത്തിന്റെ സദാചാരം' ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി കൂടുകയും ചെയ്ത കുട്ടിസഖാക്കളും കന്യാസ്ത്രീയെ പീഡിപ്പിച്ച 'പൗരോഹിത്യം തുലയട്ടെ' എന്ന് ചുവരെഴുതിയില്ല. സംഘി - ക്രിസംഘി പ്ലാറ്റ്ഫോമുകളില്‍നിന്ന് 'ജലന്തര്‍ തിരുമേനി'ക്ക് നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായില്ല. 
മലയാളി സമൂഹത്തില്‍ നാളിതുവരെ കേട്ടു കേള്‍വി പോലുമില്ലാത്ത നാണം കെട്ട മറ്റൊരു വാര്‍ത്തയാണ് കപ്പ്ള്‍ സ്വാപ്പിങ്ങ് എന്ന ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന സമ്പ്രദായം. പഴയ കാലത്തെ ചരക്ക് കൈമാറ്റ വ്യവസ്ഥയെ അനുസ്മരിപ്പിക്കുന്നു ഇത്! ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ച നിയമപരമായി കുറ്റകരമല്ലാത്ത നമ്മുടെ രാജ്യത്ത് കപ്പ്ള്‍ സ്വാപ്പിങ്ങ് എന്ന അതിനീചമായ അത്യാചാരം ഉന്നത ശ്രേണിയിലുള്ള ആളുകള്‍ക്കിടയില്‍ സാര്‍വത്രികമാണ് എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് നിര്‍വികാരതയോടെ സാംസ്‌കാരിക കേരളം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. 'എന്റെ ഭാര്യ നിനക്കും നിന്റെ ഭാര്യ എനിക്കും' എന്ന മട്ടിലുള്ള ഈ ഏര്‍പ്പാട് ലൈം ലൈറ്റില്‍ വന്നത് ചങ്ങനാശ്ശേരി സ്വദേശിനിയുടെ വെളിപ്പെടുത്തലിലൂടെയാണെങ്കിലും പതിറ്റാണ്ടുകളായി മലയാളികള്‍ക്കിടയില്‍ നിലനിന്ന് പോരുന്ന 'ഹൈടെക്' ഏര്‍പ്പാടായിരുന്നുവത്രേ അത്. കപ്പ്ള്‍ സ്വാപ്പിങ്ങ് ക്ലബ്ബുകള്‍ പോലും കേരളത്തില്‍  നിലവിലുണ്ടായിരുന്നു എന്നാണ് പുതിയ വിവരം. മെട്രോ നഗരങ്ങളിലെ വന്‍കിട ക്ലബുകളിലും ഇന്ത്യന്‍ നേവി റിക്രിയേഷന്‍ ക്ലബുകളിലും നയതന്ത്ര ലോകത്തും വൈഫ് സ്വാപ്പിങ്ങ് ഒരു സാദാ സംഭവമാണത്രെ!
2013-ല്‍ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഉണ്ടായ സംഭവമാണ് കേരളത്തില്‍ ഇത്തരത്തിലൊന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  തന്നെ ഭര്‍ത്താവ് മേലുദ്യോഗസ്ഥര്‍ക്ക് കാഴ്ചവെച്ചുവെന്ന പരാതിയുമായി ലഫ്റ്റനന്റ് കേണലിന്റെ ഭാര്യ രംഗത്തെത്തിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇവരുടെ പരാതി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുകയും പത്തുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.
പാശ്ചാത്യരാജ്യങ്ങളില്‍  പുതുമയുള്ള കാര്യമല്ല വൈഫ് സ്വാപ്പിങ്ങ് എന്ന ഭാര്യമാരെ കൈമാറല്‍ സമ്പ്രദായം. പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ 'ആത്മീയ ഗുരുക്കന്മാരും' 'നിഗൂഢ മാന്ത്രികരുമായ' ജോണ്‍ ഡീയും എഡ്വേര്‍ഡ് കെല്ലിയുമാണ് ആദ്യമായി ഇത്തരത്തില്‍ പങ്കാളികളെ പരസ്പരം വെച്ചുമാറിയത്. പ്രത്യേക ഉടമ്പടി എഴുതിയായിരുന്നു ഈ വെച്ചുമാറല്‍. ലൈംഗികത ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പൂര്‍ണ സ്വാതന്ത്ര്യം ഈ ഉടമ്പടി അനുവദിച്ചിരുന്നു. 'ഇരുണ്ട യുഗ'ത്തിലെ ഇസ്ലാമല്ല, പരിഷ്‌കൃത പടിഞ്ഞാറിനെ നിയന്ത്രിക്കുന്ന ക്രൈസ്തവത തന്നെയാണ് ഈ രണ്ടു പേരുടെയും ആദര്‍ശ പശ്ചാത്തലം.
രണ്ടാം  ലോക യുദ്ധത്തിന് ശേഷം അമേരിക്കയില്‍ വൈഫ് സ്വാപ്പിങ്ങ് ഒരു ജനപ്രിയ സംവിധാനമായി മാറി. യുദ്ധത്തില്‍ കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭാര്യമാരെ ജീവിച്ചിരിക്കുന്ന പൈലറ്റുമാര്‍ 'സംരക്ഷിക്കുക' എന്ന ചടങ്ങിലൂടെയാണ് ഇത് തുടങ്ങിയത്. പ്രണയം (മവദ്ദഃ), കാരുണ്യം (റഹ്മഃ) പ്രശാന്തി (സകീനഃ) എന്നീ അടിത്തറകളില്‍ സുസ്ഥാപിതമാവേണ്ടുന്ന ദാമ്പത്യമെന്ന സ്ഥാപനം കേവലമായ ശാരീരികാനന്ദം പ്രദാനം ചെയ്യുന്ന രതി വ്യവസായമാവുമ്പോള്‍  സംഭവിക്കുന്ന അപഭ്രംശമാണ് കപ്പ്ള്‍ സ്വാപ്പിങ്ങ് പോലുള്ള വൈകൃതങ്ങളിലൂടെ വെളിവാകുന്നത്.  ചരിത്രാതീത കാലം നിലനിന്നിരുന്ന അടിമ വ്യവസ്ഥിതിയെ അനുക്രമം ഇല്ലാതാക്കുകയും ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടി ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്ത ഇസ്ലാമിനെ 'വെപ്പാട്ടി' സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന മതം എന്ന് ലിബറല്‍ - നാസ്തിക  പ്ലാറ്റുഫോമുകളില്‍നിന്ന് ഒരൊറ്റ കോറസില്‍ അലറിപ്പാടുന്ന കാലത്താണ് സ്ത്രീത്വത്തെ അങ്ങേയറ്റം  അപമാനിക്കുന്ന ഇത്തരം ചെയ്തികള്‍ അരങ്ങേറുന്നതും ആഭിജാത്യത്തിന്റെ അടയാളങ്ങളായി കൊണ്ടാടപ്പെടുന്നതും. അഗമ്യഗമനം (Incest) നിയമവിധേയമാക്കിയതും ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയതും വലതുപക്ഷ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ ഫ്രാന്‍സാണ്. പ്രായപൂര്‍ത്തിയായാല്‍ മാതാപിതാക്കളെന്നോ മക്കളെന്നോ വ്യത്യാസമില്ലാതെ ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന 1791-ലെ ഇന്‍സെസ്റ്റ് നിയമം ഫ്രാന്‍സ് നിര്‍ത്തലാക്കിയത് ഈയടുത്ത കാലത്താണ്.
സ്ത്രീ കേവലം ഒരു  ഭോഗയന്ത്രമാണ് എന്ന പ്രാകൃത കാഴ്ചപ്പാടിന് പൊതുസമൂഹവും ഭരണകൂടവും ഒരു വേള നീതിപീഠം പോലും മൗനാംഗീകാരം നല്‍കുന്ന അവസ്ഥയാണ് 'പുരോഗമന മതേതര' സമൂഹത്തില്‍ നിലനില്‍ക്കുന്നത് എന്നതിലേക്കാണ് ഈ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ലിംഗസമത്വം കൗമാരകാലത്ത് തന്നെ പരിശീലിപ്പിക്കാന്‍ വേണ്ടി ജെന്‍ഡര്‍ ന്യുട്രല്‍ യൂനിഫോം നടപ്പിലാക്കുന്ന വിദ്യാഭ്യാസ വകുപ്പും  'കപട സദാചാരത്തിന്റെ കൈകള്‍ ബന്ധിക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വവര്‍ഗ പ്രണയം പോലും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടാനുകൂല 'വിപ്ലവ' വിദ്യാര്‍ഥി പ്രസ്ഥാനവും അരങ്ങുവാഴുന്ന കേരളത്തില്‍ തന്നെയാണ് സാമാന്യ നീതിബോധത്തെ കൊഞ്ഞനം കുത്തിക്കൊണ്ട് ലൈംഗികപീഡനക്കേസുകളും ഇണക്കൈമാറ്റ ഇടപാടുകളും നടക്കുന്നത്. 'സമൂഹത്തിന്റെ എതിര്‍ വര്‍ഗ ലൈംഗിക സ്വാഭാവികതാ പൊതുബോധത്തിന്റെ (heteronormative) പ്രതീക്ഷകളുടെ ഭാരത്താല്‍ തടസ്സപ്പെടാത്ത ഒരു സ്വതന്ത്ര അന്തരീക്ഷത്തില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള പ്രവേശന മാര്‍ഗം തുറന്നു കൊടുക്കാനാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം' എന്ന് 'ക്ലിഷ്ടസുന്ദര'മായി ട്വീറ്റ് ചെയ്ത വിദ്യാഭ്യാസ മന്ത്രിയുടെ കണ്‍വെട്ടത്ത് തന്നെയുള്ള കാമ്പസുകളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വെര്‍ബല്‍ റേപ്പും ശാരീരിക കൈയേറ്റങ്ങളും നടക്കാത്ത ഒരൊറ്റ ദിവസം പോലുമില്ല.
നടിയുമായി ബന്ധപ്പെട്ട കേസ് സ്വതന്ത്ര ലൈംഗികതക്കു അനിയന്ത്രിത സാധ്യത നിലനില്‍ക്കുന്ന സിനിമാ ലോകത്ത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണെങ്കില്‍ മനുഷ്യന്റെ അടിസ്ഥാനപരമായ ജൈവിക ചോദനയായ ലൈംഗികത്വത്തെ അടിച്ചമര്‍ത്തുമ്പോള്‍ സംഭവിക്കുന്ന അപഭ്രംശമാണ് ക്രൈസ്തവ സഭകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ ഹേതു.  സ്ത്രീപുരുഷ ഇടപഴകലുകളിലെ അതിര്‍വരമ്പുകളില്‍ അകലം കുറയുന്ന സിനിമാ ലോകത്ത് പണ്ട് പണ്ടേയുള്ള  ലൈംഗികാതിക്രമങ്ങളുടെ എണ്ണമറ്റ കഥകള്‍ ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്  'മീ ടൂ' പോലെയുള്ള തുറന്നുപറച്ചിലുകളെ തുടര്‍ന്നാണ്. അതേസമയം വൈദിക അരമനകളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കും ചൂഷകരായ വൈദികരെയും മെത്രാന്മാരേയും സംരക്ഷിക്കുന്ന സമ്പ്രദായത്തിനും  ക്രൈസ്തവസഭയോളം തന്നെ പഴക്കമുള്ള ചരിത്രമുണ്ട്.  വൈദികബ്രഹ്മചര്യത്തെ സൈദ്ധാന്തികമായി ന്യായീകരിക്കുന്ന കത്തോലിക്കാ സഭയാകട്ടെ പലപ്പോഴും ഇത്തരം  ലൈംഗികചൂഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ചൂഷകരെ സംരക്ഷിക്കുകയുമാണ്. മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ മ്യൂണിക് ആര്‍ച്ച് ബിഷപ്പായിരിക്കേ കുട്ടികള്‍ക്കുനേരെ നടന്ന ലൈംഗികാതിക്രമക്കേസില്‍ പ്രതികളായ പുരോഹിതര്‍ക്കെതിരെ നടപടി പോലുമെടുത്തില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത് അടുത്തിടെയാണ്.
അഭയ മുതല്‍ അതിജീവിത വരെയുള്ള സന്യസ്തകന്യകകളും സൂര്യനെല്ലി മുതല്‍ വാളയാര്‍ വരെയുള്ള നിഷ്‌കളങ്ക ബാല്യങ്ങളും പിച്ചിച്ചീന്തപ്പെട്ടതില്‍ സ്ത്രീ സ്വാതന്ത്ര്യം ഉദ്ഘോഷിക്കുന്ന, ഹിംസാത്മക പുരുഷാധിപത്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സകല ഭൗതിക പ്രസ്ഥാനങ്ങളും തുല്യപങ്കാളികളാണ്. ഇസ്ലാമിനെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ച് സ്ത്രീവിരുദ്ധതയുടെയും അസഹിഷ്ണതയുടെയും പ്രതിഛായ കല്‍പിച്ച്  'സ്വതന്ത്ര ചിന്ത'യുടെ മറവില്‍ അരാജക - ലിബറല്‍ ജീവിത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ചില വിദ്യാര്‍ഥി യുവജന സംഘടനകള്‍ കൂടി നടേ പറഞ്ഞ സംഘങ്ങളില്‍ കണ്ണി ചേരുന്ന സാഹചര്യത്തിലാണ് രതിവൈകൃതങ്ങളുടെ നാണിപ്പിക്കുന്ന കഥകള്‍ അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം പോരാട്ടവും സര്‍ഗാത്മകതയും സമന്വയിപ്പിച്ച് ഇന്ത്യന്‍ കാമ്പസുകളെ പ്രതീക്ഷകളുടെ പുതുപുലരിയിലേക്ക് നയിച്ചുവെന്ന് ആത്മപ്രശംസ നടത്തുന്ന ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനം ഇന്നിപ്പോള്‍ കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുകയും, പ്രണയവും സ്വതന്ത്ര ലൈംഗികതയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്. കേരളത്തിലെ കാമ്പസുകളില്‍ അധീശത്വ വ്യവഹാരം നടത്തുന്ന ഇവര്‍ക്ക് സംഘ് ഫാസിസമല്ല, ധാര്‍മിക - സദാചാര മൂല്യങ്ങള്‍ പാലിക്കുകയും സാഹോദര്യ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന സംഘടനകളാണ് മുഖ്യശത്രുക്കള്‍.
ആണിന്റെ അനുവാദമുണ്ടെങ്കില്‍ മാത്രം ജീവിക്കാം അല്ലെങ്കില്‍ സ്ത്രീ മണ്ണില്‍ കുഴിച്ചു മൂടപ്പെടേണ്ടവളാണ് എന്ന് വിശ്വസിച്ചു പോന്ന പ്രാകൃത സമൂഹത്തോട് 'ആണുങ്ങളുടെ കൂടപ്പിറപ്പുകള്‍ (ശഖാഇഖ്) ആണ് പെണ്ണുങ്ങള്‍' എന്നും, മാതൃപാദങ്ങള്‍ക്കടിയിലാണ് സ്വര്‍ഗമെന്നും  പഠിപ്പിച്ച പ്രവാചകനാണ് ഇമ്മാതിരിയുള്ള സകലമാന ജെന്‍ഡര്‍ ഈക്വലന്മാര്‍ക്കും സ്ത്രീ ശാക്തീകരണ വിഭൂഷണന്മാര്‍ക്കും  പ്രാകൃതമായ വിശ്വാസാചാരങ്ങളുടെ വിധാതാവ്!

പ്രകൃതിയിലും സമൂഹത്തിലുമുള്ള പ്രതിഭാസങ്ങളുടെ വൈരുധ്യാത്മകതയെ കുറിച്ചുള്ള തത്ത്വചിന്താപരമായ തന്റെ നിലപാടുകളാണ് കാള്‍ മാര്‍ക്‌സ് ലോകത്തിനു സമര്‍പ്പിച്ചതെങ്കില്‍ നിലപാടുകളിലെ വൈരുധ്യങ്ങള്‍ കൊണ്ട് അപഹാസ്യമാകുന്ന പ്രതിഭാസമാണ് ആധുനിക  മാര്‍ക്‌സിസം. മാര്‍ക്‌സിസത്തിന്റെ ആന്തരിക വൈരുധ്യങ്ങളില്‍ ഖിന്നനായി 'ഇതാണ് മാര്‍ക്‌സിസമെങ്കില്‍  ഞാനൊരു മാര്‍ക്‌സിസ്റ്റ് അല്ല' എന്ന് ആദ്യമായി പ്രഖ്യാപിച്ചതും സാക്ഷാല്‍ കാള്‍ മാര്‍ക്‌സ് തന്നെ. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി നെടുകെ പിളര്‍ന്ന വേളയിലായിരുന്നു ആചാര്യന്റെ ആത്മനിന്ദാപരമായ ഈ ഏറ്റുപറച്ചില്‍. മാര്‍ക്‌സിന്റെ ജീവിതകാലത്ത് നടന്ന ജര്‍മന്‍ പിളര്‍പ്പിന് ശേഷം ഓരോ നാട്ടിലും അമീബ പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടരെ തുടരെ പിളരുമ്പോഴും ഓരോ പാര്‍ട്ടി ശകലങ്ങളും കമ്യൂണിസത്തിന്റെ ഇടത്തും വലത്തും തരം പോലെ ബ്രാക്കറ്റിലും 'മാര്‍ക്‌സിസ്റ്റ്' സ്വത്വം  കാത്തുസൂക്ഷിച്ചുപോന്നു.
താന്‍ ജീവിച്ച യൂറോപ്പിലെ മുതലാളിത്ത വ്യവസ്ഥിതിയുടെ പശ്ചാത്തലത്തില്‍ നടത്തിയ  വിപുലമായ വിശകലനത്തിനൊടുവിലാണ് 'സര്‍വലോക തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന് മാര്‍ക്‌സ് എഴുതിവെക്കുന്നത്. തന്റെ കാഴ്ചവട്ടത്ത് യൂറോപ്പിന്റെ ചെറിയ പ്രദേശത്തു നടന്ന വര്‍ഗ രൂപീകരണത്തെ സാമാന്യവല്‍ക്കരിച്ച്, അതാണ് ലോകത്ത് നടക്കാനിരിക്കുന്നത് എന്നു സിദ്ധാന്തിക്കുകയായിരുന്നു മാര്‍ക്‌സ്. അതൊരു ദേശീയ വിപ്ലവമായിരിക്കില്ല, ഉള്ളവരും ഇല്ലാത്തവരുമായ രണ്ടേ രണ്ട് വര്‍ഗങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ നാടുകളിലും, വിശിഷ്യാ  ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങളില്‍ ഒരേ സമയത്ത് വര്‍ഗസമരം നടക്കുമെന്നായിരുന്നു  ഫ്രെഡറിക് എംഗല്‍സ്  പ്രവചിച്ചത്. എന്നാല്‍ വര്‍ഗരൂപീകരണം ഒട്ടുമേ നടന്നിട്ടില്ലാത്ത നാട്ടിലാണ് കമ്യൂണിസ്റ്റ് വിപ്ലവം ആദ്യം പൊട്ടിപ്പുറപ്പെട്ടത് എന്നത് മറ്റൊരു വൈരുധ്യം. 'വര്‍ഗഭരണത്തിന്റെ ഉപകരണമാണ് ഭരണകൂടം, അതുകൊണ്ടുതന്നെ വര്‍ഗനാശം സംഭവിക്കുന്ന ആധുനിക കമ്യൂണിസ്റ്റ് വ്യവസ്ഥയിലും ഭരണകൂടം കൊഴിഞ്ഞു പോകും' എന്ന പ്രവചനവും പുലര്‍ന്നത് ലോകത്ത് ആദ്യമായി നിലവില്‍ വന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തിലാണ് എന്നതും ഇനിയുമൊരു വൈരുധ്യം! പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്തും കൊണ്ടുവന്നത് വര്‍ഗശത്രുക്കളായിരുന്നില്ല. എന്നാലും ശീലയും കമ്പിയും പിടിയും മാറിയാലും കുട പഴയ സൂര്യമാര്‍ക്ക് കുട തന്നെ എന്ന അവകാശവാദം പോലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും അവകാശപ്പെടുന്നത് തങ്ങളുടേത് മാര്‍ക്‌സിസം ആണ് എന്നാണ്. 
മാര്‍ക്‌സ് പ്രവചിച്ച രണ്ട് വിരുദ്ധ വര്‍ഗങ്ങള്‍ നിലവിലില്ലാത്ത രാജ്യത്ത് ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വന്ന് മൂന്ന് വര്‍ഷം പിന്നിടും മുമ്പ് തന്നെ വര്‍ഗ സമരങ്ങളേക്കാള്‍ കൂടുതല്‍ വര്‍ഗേതര സമരങ്ങള്‍ നടന്ന ഇന്ത്യയിലും കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നു. കമ്യൂണിസമെന്ന ആഗോള പ്രതിഭാസത്തിന് പിറവിയെടുക്കാന്‍ പ്രാദേശിക ഗര്‍ഭപാത്രം തന്നെ വേണമെന്നില്ല. പ്രാദേശികമായ പിതൃത്വം പോലും ഒരനിവാര്യതയല്ല. 'മഹത്തായ ഒക്‌ടോബര്‍ വിപ്ലവം' നടന്ന് കൃത്യം മൂന്ന് വര്‍ഷം തികഞ്ഞ 1920 ഒക്‌ടോബര്‍ 17-നാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്. പിറവിയാകട്ടെ സോവിയറ്റ് യൂനിയന്റെ ഭാഗമായ താഷ്‌ക്കന്റിലും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിച്ച, പില്‍ക്കാലത്ത് സ്റ്റാലിന്റെ പ്രതാപകാലത്ത് മാര്‍ക്‌സിസം വിട്ട് റാഡിക്കല്‍ ഹ്യൂമനിസത്തെ പുല്‍കിയ എം.എന്‍ റോയ് തന്നെയായിരുന്നു മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിതാവ്. 1920 ഒക്‌ടോബര്‍ 17-ന് എം.എന്‍ റോയ് ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അഫ്ഗാനിസ്താനിലേക്കും മറ്റും ഒളിവില്‍ പോയിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിലെ മുഹാജിര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അലി തുടങ്ങിയവരെ സംഘടിപ്പിച്ചു കൊണ്ട് റഷ്യയിലെ താഷ്‌കെന്റില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് 'ദി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി' എന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി രൂപീകരിച്ചതെങ്കിലും, പിന്നെയും പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ പാര്‍ട്ടി പിറക്കുന്നത്. 
മാര്‍ക്‌സിയന്‍ കാഴ്ചപ്പാടിലുള്ള വര്‍ഗങ്ങള്‍ നിലവിലില്ലാത്ത രണ്ട് നാടുകളാണ് മാര്‍ക്‌സിയന്‍ വൈരുധ്യാത്മക ഭൗതികവാദത്തിന് രാഷ്ട്രീയ മാനം നല്‍കിയത്.  ഒന്ന് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തന്നെ നാണക്കേട് സമ്മാനിച്ച് അകാല ചരമമടഞ്ഞ 'സോവിയറ്റ് യൂനിയനും', കമ്യൂണിസ്റ്റ് രാജ്യമെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ 'മുതലാളിത്ത സോഷ്യലിസത്തിലേക്ക്' മഹത്തായ കുതിച്ചു ചാട്ടം (Great Leap Forward) നടത്തിക്കൊണ്ടിരിക്കുന്ന പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും. ഈ രണ്ട് അച്ചുതണ്ടുകള്‍ക്ക് ചുറ്റുമാണ് ലോകത്തുള്ള സകലമാന കമ്യൂണിസ്റ്റ് പാര്‍ട്ടികളും കറങ്ങിക്കൊണ്ടിരുന്നത്; ഇപ്പോഴും കറങ്ങുന്നത്. 1990 -കളില്‍ സോവിയറ്റ് യൂനിയന്‍ തകരുന്നത് വരെ ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രണ്ടിലൊരു ചേരിയില്‍ അണിചേരാന്‍ നിര്‍ബന്ധിതരായിരുന്നു. തെറ്റായാലും ശരിയായാലും ഒന്നുകില്‍ ചൈന അല്ലെങ്കില്‍ സോവിയറ്റ് യൂനിയന്‍ എന്ന നിലപാട് ഓരോ രാജ്യത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചു. കമ്യൂണിസ്റ്റ് സ്വേഛാധിപത്യത്തിന്റെ വെള്ളം കടക്കാത്ത അറകളില്‍ നടന്ന സകലമാന മനുഷ്യാവകാശ ധ്വംസനങ്ങളെയും അക്രമങ്ങളെയും സൈദ്ധാന്തികമായി ന്യായീകരിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സഖാക്കള്‍ വശം കെട്ടു. 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്ന കോമഡിയോളം ഈ ന്യായീകരണത്തൊഴില്‍ ഹിറ്റായി. ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ അവരവരുടെ പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ വടക്ക് നോക്കിയന്ത്രങ്ങളെ പോലെ ചൈനയിലേക്കും സോവിയറ്റ് നാടുകളിലേക്കും സൂചി തിരിച്ചുവെച്ചു.
ആഗോള തലത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരമോന്നത സംവിധാനമാണ് പാര്‍ട്ടി കോണ്‍ഗ്രസ്. ആഗോള കമ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് എല്ലാ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത പാര്‍ട്ടി പരിപാടിയാണ്. ആയതിനാല്‍ എല്ലാ രാജ്യങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ മറ്റുരാജ്യങ്ങളിലെ പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ പങ്കെടുക്കാറുണ്ട്. 'പാന്‍ ഇസ്ലാമിസ'മെന്ന 'പൊളിറ്റിക്കല്‍ ഇസ്ലാമി'നെതിരെ രാജ്യദ്രോഹത്തിന്റെ അരിവാളും ചുറ്റികയുമേന്തുന്നവരാണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുകളില്‍ പങ്കെടുക്കുന്നത്! മാതൃരാജ്യത്തോടുള്ളതിനേക്കാള്‍ കൂറ് എപ്പോഴും എവിടെയും കമ്യൂണിസ്റ്റ് സ്വര്‍ഗങ്ങളോടാണ് എന്ന് പാര്‍ട്ടി പലവട്ടം തെളിയിച്ചതുമാണ്. 1962-ല്‍ ഇന്ത്യയെ ചൈന ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ചൈനയോടൊപ്പമായിരുന്നു. ചൈന കൈയേറിയ ഇന്ത്യന്‍ മണ്ണിനെ കുറിച്ച് ഇ.എം.എസ് പറഞ്ഞത് 'നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന ഒരു ഭൂഭാഗം' എന്നായിരുന്നു. ആഗോളതലത്തില്‍ എന്ന പോലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെയും പേരാണ്  പാര്‍ട്ടി കോണ്‍ഗ്രസ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങള്‍ ഇതിന് മുന്നോടിയായി നടക്കുന്നു. ഈ സമ്മേളനങ്ങളിലൂടെയാണ് ഓരോ തലത്തിലുമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. സാധാരണഗതിയില്‍ മൂന്ന് വര്‍ഷത്തിലൊരിക്കലാണ് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ നടത്തുന്നത്. കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനങ്ങളായിരിക്കും ഒരു നിര്‍ദിഷ്ട കാലയളവിലേക്കുള്ള പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും മാര്‍ഗവും നിര്‍ണയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കോവിഡിന്റെ സാഹചര്യത്തിലാണ് ഈ വര്‍ഷം  ഏപ്രിലിലേക്ക് മാറിയത്. സി.പി.ഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2018-ല്‍ കേരളത്തില്‍ വെച്ച് തന്നെ നടന്നു.
1964-ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും വിഭാഗീയത മൂലം 31 പേര്‍ ഇറങ്ങിപ്പോന്ന പശ്ചാത്തലത്തിലാണ് ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. ഇറങ്ങിപ്പോയവര്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തുകയും കൊല്‍ക്കൊത്തയില്‍ വെച്ച് പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ തീരുമാനക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കൊല്‍ക്കൊത്തയില്‍ വെച്ച് ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. ഈ  കോണ്‍ഗ്രസ്സിനെയാണ് സി.പി.എം ഒന്നാം കോണ്‍ഗ്രസായി പരിഗണിച്ചുവരുന്നത്. ആയതിനാല്‍ 23 എന്ന് പറയുമ്പോഴും സി.പി.എമ്മിനെ സംബന്ധിച്ചേടത്തോളം ഫലത്തില്‍ 17-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് നടക്കാന്‍ പോകുന്നത്. ജനകീയ ജനാധിപത്യം എന്ന ലക്ഷ്യത്തോടെ സി.പി.ഐ(എം) രൂപീകരണം നടന്നത് ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണില്‍ എട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചേരുന്ന അഖിലേന്ത്യാ സമ്മേളനം എന്ന പ്രത്യേകത സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനുണ്ട്. 
നടേ സൂചിപ്പിച്ചത് പോലെ, 1990-കളില്‍ സോവിയറ്റ് യൂനിയന്‍ തകരുന്നത് വരെ ചേര്‍ന്ന എല്ലാ പാര്‍ട്ടി കോണ്‍ഗ്രസ്സുകളിലും രണ്ട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും കോണ്‍ഗ്രസ്സുകളെ ചുകപ്പിച്ചത് സോവിയറ്റ് സ്വര്‍ഗത്തിന്റെയും മധുര മനോജ്ഞ ചൈനയുടെയും ഗാഥകള്‍ ആയിരുന്നു. ഒപ്പം 'ഇടതും' 'വലതും' നിന്ന് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും പരസ്പരം ചെളിവാരിയെറിഞ്ഞു. ആജീവനാന്തം സി.പി.എം സഹയാത്രികനായിരുന്ന ഒ.എന്‍.വി 'മധുര മനോഹര മനോജ്ഞ ചൈന' എന്ന് പാടിയപ്പോള്‍ 'വലത്' ദിശയിലുണ്ടായിരുന്ന വയലാര്‍ 'കുടില കുതന്ത്ര ഭയങ്കര ചൈനേ' എന്ന് തിരിച്ചു പാടി. 1972-ല്‍ ചൈനയും സോവിയറ്റ് യൂനിയനുമായുള്ള അകല്‍ച്ച അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്നപ്പോള്‍ കേരളത്തില്‍ 'വലതു കമ്യൂണിസ്റ്റ് പാര്‍ട്ടി' എന്ന സോവിയറ്റ് യൂനിയന്‍ പക്ഷത്തായിരുന്ന സി.പി.ഐ കോണ്‍ഗ്രസുമായി ഭരണം പങ്കിടുകയായിരുന്നു.
സി.പി.എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഇനി നടക്കാനിരിക്കുന്ന 23-ാം കോണ്‍ഗ്രസ് വരെയുള്ള എല്ലാ കോണ്‍ഗ്രസ്സുകളിലും മുടങ്ങാതെ ഉള്‍പ്പെട്ട ഒരേയൊരു അജണ്ട 'മുഖ്യ വര്‍ഗ ശത്രു'വായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടുള്ള വിരോധമാണ്. ഒപ്പം മാറിമാറിയുള്ള  ചൈന - സോവിയറ്റ് പുകഴ്ത്ത് പാട്ടുകളും! 'മോദി'ഫൈഡ് ഇന്ത്യയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പോലും സംഘ്  പരിവാര്‍ ഫാഷിസത്തോടൊപ്പം ചേര്‍ത്ത് വെച്ചു തന്നെയാണ് നാഷണല്‍ കോണ്‍ഗ്രസിനെയും വിമര്‍ശന വിധേയമാക്കുന്നത്. എന്നാല്‍ സമീപ കാലങ്ങളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ആഗോള കമ്യൂണിസം വല്ലാതെയൊന്നും വിഷയമാവാറില്ല. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച, ചൈനയുടെ പ്രകടമായ മുതലാളിത്ത ചായ്വ് തുടങ്ങിയ പ്രതിഭാസങ്ങളാണ് പാര്‍ട്ടിയെ വിഷമവൃത്തത്തിലകപ്പെടുത്തിയത്. എല്ലാം സുതരാം സുതാര്യമായ ലോകത്ത് 'അത്രയൊന്നും മധുര മനോജ്ഞ'മല്ല കമ്യൂണിസ്റ്റ് സ്വര്‍ഗങ്ങളിലെ കാര്യങ്ങള്‍ എന്ന് 'സര്‍വരാജ്യ തൊഴിലാളികള്‍' തന്നെ തിരിച്ചറിഞ്ഞതാണ് ഈ ഉള്‍വലിയലിന് കാരണം. എന്നാല്‍ ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ചൈന ഉപരിതലത്തില്‍ പൊങ്ങിവന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യ പ്രതിപക്ഷമാവുകയും കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ  സംസ്ഥാനങ്ങളില്‍ ഭരണവും ആന്ധ്ര, മഹാരാഷ്ട്ര, യു.പി, ബിഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍  വലിയ സ്വാധീനവും ഉണ്ടായിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം, അവശേഷിക്കുന്ന കേരളത്തിലെങ്കിലും വേരറ്റുപോകാതിരിക്കാന്‍ സംഘ് പരിവാറിനെ തോല്‍പിക്കുമാറുള്ള മൃദു ഹിന്ദുത്വവും ഇസ്ലാമോഫോബിയയും നയമായി സ്വീകരിച്ചു മുന്നോട്ട് പോകുന്നതിനിടയില്‍ വന്നു ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിന് 'അന്താരാഷ്ട്രീയ മാനം' നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീണ്ടുമൊരിക്കല്‍ കൂടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന ഏരിയാ സമ്മേളനങ്ങളില്‍ ചൈന കടന്നു വന്നത്. ചൈനീസ് കമ്യൂണിസത്തിന് നൂറു വയസ്സ് തികഞ്ഞ വേളയില്‍ കൂടിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നത് എന്നതും ഒരു കാരണമാവാം. ഇന്ത്യന്‍ മണ്ണ് കൈയേറി  ഭൂട്ടാന്റെ ഭാഗത്തും, അരുണാചല്‍ പ്രദേശിലും ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ച സാഹചര്യത്തിലാണ് രണ്ടു പതിറ്റാണ്ടുകളായി പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും കോണ്‍ഗ്രസുകള്‍ക്കും വല്ലാതെയൊന്നും വിഷയീഭവിക്കാത്ത 'ചങ്കിലെ ചൈന' വീണ്ടുമൊരിക്കല്‍ കൂടി പാര്‍ട്ടി അജണ്ടയില്‍  വരുന്നത്. ഇന്ത്യക്കെതിരെ ചൈന കടന്നാക്രമണം നടത്തിയപ്പോഴൊക്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളില്‍ ചൈന ഇത് പോലെ  ഒരു 'ട്രെന്‍ഡിംഗ് വൈവ്' ആയിട്ടുണ്ട്.   സി.പി.എമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ച പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള അതിര്‍ത്തിയിലെ സംഭവവികാസങ്ങളെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് പറഞ്ഞത്, 'ചൈനയെ വളയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കി' എന്നാണ്. ആധുനിക ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്നും, അമേരിക്കയുടെ ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ചൈന കരുത്താര്‍ജിച്ചു എന്നും എസ്. രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെടുകയുണ്ടായി. അതേസമയം 'ചൈനയില്‍ ഉറച്ചു' നിന്ന് കൊണ്ടുള്ള എസ്.ആര്‍.പിയുടെ നിലപാടിന് വിരുദ്ധമായി മറ്റൊരു പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയും സര്‍വോപരി പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ക്യാപ്റ്റനുമായ പിണറായി വിജയന്‍ ചൈനയെ നിരുപാധികം പിന്തുണക്കാന്‍ ശ്രമിക്കുന്നില്ല. ഇന്നത്തെ കാലത്ത് എസ്.ആര്‍.പിക്ക് എസ്.ആര്‍.പിയുടെ സിദ്ധാന്തവും പിണറായിക്ക് പിണറായിയുടേതും പറയാം. പണ്ട് ഇതായിരുന്നില്ല സ്ഥിതി. 1962-ലെ ഇന്ത്യ - ചൈന യുദ്ധത്തില്‍ ചൈനയെ പിന്തുണച്ചതിനു ജയിലിലായ സഖാക്കളിലൊരാളായ വി.എസ് അച്യുതാനന്ദനെതിരെ, ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാന്‍ വേണ്ടി പാര്‍ട്ടി ഇന്ത്യയെ പിന്തുണക്കണമെന്നും, സൈനികര്‍ക്ക് രക്തദാനം ചെയ്യാന്‍ കേഡര്‍മാരെ സംഘടിപ്പിക്കണം എന്നും പറഞ്ഞതിന്റെ പേരില്‍ ജയില്‍ മോചനത്തിന് ശേഷം പാര്‍ട്ടി നടപടി എടുത്തിരുന്നു. 
സഖാവ് എന്ന സര്‍ഗാത്മകമായ അഭിസംബോധന ക്യാപ്റ്റനായി മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒരിക്കല്‍ കൂടി  ചൈനീസ് വന്‍മതിലില്‍ ചാരിവെച്ചു ഫാഷിസ്റ്റ് കാലത്തെ ഇടത് ബദലിനെ കുറിച്ച് പകല്‍ കിനാവ് കാണുകയാണ് സഖാക്കള്‍!    'ലഹരി നിറഞ്ഞ വലതുപക്ഷ ഭാഷ്യങ്ങളുടെ ജനവിരുദ്ധതയെ തടഞ്ഞ് ജനകീയ ഇഛയുടെ വന്‍മതില്‍ കെട്ടിയുയര്‍ത്തിയ കരുത്തിന് നൂറ് വര്‍ഷം തികയുകയാണ്. എണ്ണിയെടുക്കാവുന്നവരില്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒന്നായി. അമ്പത്തിയേഴ് പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് നൂറ് വര്‍ഷം മുമ്പ് ചൈനയില്‍ തുടക്കം കുറിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി  ഇന്ന് ലോകത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മര്‍മപ്രധാനമായ പങ്ക് വഹിക്കുന്ന സംഘടനകളിലൊന്നാണ്' (ചരിത്രമെഴുതിയും തിരുത്തിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറ് വര്‍ഷം- എം.എ ബേബി- ഇന്ത്യന്‍ എക്‌സ്പ്രസ്, 7/7/2021).

ഇസ്ലാംഭീതിയുടെ കുതിരകളെ ഓരോന്നായി അഴിച്ചുവിട്ടുകൊണ്ടുള്ള അശ്വമേധയാഗങ്ങള്‍ കൃത്യമായ ആസൂത്രണങ്ങളിലൂടെ തന്നെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. മുസ്ലിം വംശഹത്യ ഉന്നം വെച്ചുള്ള സംഘ് പരിവാര പദ്ധതികളിലെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകയിലെ ചില പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഴിച്ചുവിട്ട ഹിജാബ് നിരോധമെന്ന യാഗാശ്വം. ഒരു സംസ്ഥാനത്തിലെ ഏതാനും ചില വിദ്യാലയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച 'യൂനിഫോം' സമ്പ്രദായത്തെ ചൊല്ലിയുള്ള 'നിഷ്‌കളങ്കമായ തര്‍ക്ക'മായി ചുരുക്കിക്കെട്ടാവുന്ന ഒന്നല്ല ഇത്. ഏകശിലാ സംസ്‌കാരം എന്ന 'ഒറ്റമുഖ ശാഠ്യത്തിന്'  വിഘാതമായി നില്‍ക്കുന്ന എല്ലാ അടയാളങ്ങളെയും മായ്ച്ചു കളഞ്ഞ് 'പരമവൈഭവ സമ്പന്ന'മായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ജന്മശതാബ്ദിക്ക് മൂന്നാണ്ട് മാത്രം ബാക്കി നില്‍ക്കെ ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്ന ബഹുമുഖ പദ്ധതികളിലൊന്ന് മാത്രമാണ് ഹിജാബിനെതിരെയുള്ള 'കുരുക്ഷേത്ര' യുദ്ധം. സംഘ് പരിവാര്‍ അജണ്ട വളരെ ആസൂത്രിതവും മുന്‍കൂട്ടി നിശ്ചയിച്ചതുമാണെന്ന് അടിവരയിടുന്നതാണ് ഇവ്വിഷയകമായി ആര്‍.എസ്.എസ് മുഖപത്രം 'ഓര്‍ഗനൈസറി'ന്റെ  ഏറ്റവും പുതിയ ലക്കത്തില്‍ അച്ചടിച്ചു വന്ന 'പ്രമുഖരുടെ' വിചാര ധാരകള്‍. ഹിജാബിനെ 'മതഭ്രാന്തിന്റെ മൂടുപടം' എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള മുഖപ്രസംഗത്തില്‍ 'കിതാബി'നു മേല്‍ 'ഹിജാബി'നെ പ്രതിഷ്ഠിക്കുന്ന 'പ്രാകൃത'ത്തിനെതിരെയാണ് പത്രാധിപര്‍ പ്രഫുല്ല കേത്കര്‍ കത്തിക്കയറുന്നത്. കേവലം വേഷവിധാനങ്ങളല്ല, മറിച്ച് എന്ത് ധരിക്കണം, എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള ഒരു പൗരന്റെ മൗലികാവകാശത്തെ റദ്ദ് ചെയ്യുന്ന ഒന്നാണ് ഹിജാബ് ഇഷ്യു.  ഇത് പൗരന്മാരുടെ മൗലികാവകാശ നിഷേധമാണ് എന്ന് തിരിച്ചറിയാതെ സോകോള്‍ഡ് മതേതര പാര്‍ട്ടികളും 'തലയില്‍ തട്ടമിട്ടില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമോ' എന്ന 'നിഷ്‌കളങ്ക' ചോദ്യം ഉന്നയിച്ചു കൊണ്ടാണ്  ഗ്യാലറിയില്‍ നിന്ന് കളികാണുന്നത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് പറഞ്ഞത് പോലെ, 'ഒടുവില്‍ നമ്മളോര്‍മിക്കുന്നത് ശത്രുക്കളുടെ വാക്കുകളല്ല, സുഹൃത്തുക്കളുടെ നിശ്ശബ്ദതയായിരിക്കും.'
ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തില്‍ 'ഓര്‍ഗനൈസര്‍' അണിനിരത്തുന്ന എഴുത്തുകാരില്‍ പ്രധാനി ഇസ്ലാംവെറുപ്പിന്റെ ആഗോള ഫെമിനിസ്റ്റ് മുഖമായ തസ്ലീമ നസ്‌റിന്‍ തന്നെ. 'ഹിജാബ്' ഒരു 'ചാരിത്ര്യപ്പട്ട' (Chastity Belt) ആണെന്നാണ് തസ്ലീമ പറയുന്നത്.  ഭര്‍ത്താവ് അകലെയായിരിക്കെ ഭാര്യയുടെ  ലൈംഗിക 'വിശ്വസ്തത' ഉറപ്പുവരുത്താനായി മധ്യകാല യൂറോപ്യന്‍ സമൂഹങ്ങളില്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന തോല്‍ചട്ടയാണ് ചാരിത്ര്യപ്പട്ട.  സ്ത്രീ സ്വന്തം ചാരിത്ര്യം സംരക്ഷിച്ചില്ലെങ്കിലോ എന്ന സംശയത്താല്‍ പുരുഷന്‍ പൂട്ടും താക്കോലും ഉള്ള അരപ്പട്ട സ്ത്രീയുടെ ലൈംഗികാവയവത്തിന് ചുറ്റുമായി അണിയിപ്പിച്ചിരുന്നു എന്നാണ് സങ്കല്‍പം. അന്ധകാര യുഗത്തിലെ ഈ ചാരിത്ര്യവലയം പോലെയാണത്രെ ഹിജാബ്! നെറ്റിയില്‍ ചുവന്ന വട്ടപ്പൊട്ട് തൊട്ട് സ്ലീവ്ലെസ് ബ്ലൗസില്‍ സ്ത്രീവിമോചനം കാണിച്ചു തരുന്ന ഈ 'അന്താരാഷ്ട്ര പൗര',  മൂടിവെച്ച പെണ്ണുടല്‍ കാണുമ്പോള്‍ പണ്ടേ ശ്വാസംമുട്ടലിന്റെ അസ്‌ക്യത അനുഭവിക്കുന്ന മഹിളയാണ്. ലോക പ്രശസ്ത സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജയുടെ ഹിജാബ് കണ്ടപ്പോള്‍ തനിക്ക് ശ്വാസംമുട്ടിയ അനുഭവം തസ്ലീമ മുമ്പൊരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നു. തന്റെ വേഷം കാരണം തസ്ലീമക്ക് ശ്വാസം മുട്ടുന്നുവെങ്കില്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണമെന്നാണ് ഖദീജ തിരിച്ചടിച്ചത്.
'പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍' എന്ന് പരിചയപ്പെടുത്തി 'ഓര്‍ഗനൈസര്‍' അണിനിരത്തിയ മറ്റൊരാള്‍ തന്റെ 'ദ്വന്ദ്വമുഖത്വം' കൊണ്ട് രാഷ്ട്രീയ ഭാരതത്തെ പലവട്ടം ഞെട്ടിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ്. 1986-ലെ ശരീഅത്ത് വിവാദകാലത്ത് 'ഇസ്ലാമിക പാണ്ഡിത്യം' തെളിയിച്ച് രാജീവ് ഗാന്ധി മന്ത്രിസഭ വിടുകയും പില്‍ക്കാലത്ത് 'ഹിന്ദുത്വ' ഗവേഷണ കേന്ദ്രമായ 'വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷ'ന്റെ മുഖ്യ ഉപദേശകനാവുകയും ചെയ്ത ഖാന്‍ പറയുന്നത് 'ഖുര്‍ആനില്‍ പറയുന്ന ഹിജാബ്, വസ്ത്രത്തെ കുറിച്ചല്ല' എന്നാണത്രെ.
ഹിജാബിന്റെ സുരക്ഷിതത്വം അനുഭവിച്ചു കൊണ്ട് തന്നെ കഴിഞ്ഞ ഏതാനും ദശകങ്ങളായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും മുസ്ലിം സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിശയിപ്പിക്കുന്ന മുന്നേറ്റത്തില്‍ വെകിളി പിടിച്ച സകലമാന 'വിമോചനപ്പോരാളികളും' തട്ടം വലിച്ചു കീറാനുള്ള മഹാ യത്‌നത്തിലായിരിക്കുമ്പോള്‍ തന്നെ ഈ ആക്രമണങ്ങളെ ഒട്ടും പതറാതെ സര്‍ഗാത്മകമായി പ്രതിരോധിക്കുന്നത് ഹിജാബണിഞ്ഞ പെണ്‍കുട്ടികള്‍ തന്നെയാണ്. കാവിക്കൂട്ടത്തിന്റെ 'ജയ്ശ്രീരാം' ആക്രോശങ്ങള്‍ക്കിടയില്‍ 'അല്ലാഹു അക്ബര്‍' എന്ന് തെല്ലും പേടിയില്ലാതെ  ഉദ്ഘോഷിക്കാന്‍ മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിക്ക് കഴിഞ്ഞത് 'ഹിജാബ്' നല്‍കുന്ന അഭയബോധം കൊണ്ട് തന്നെയാണ്.  ഇസ്ലാമിക വിശ്വാസം പകര്‍ന്നു നല്‍കിയതാണ് ഈ 'ഇസ്സത്ത്.' കണ്ണുകളില്‍ ഭീതി നിറച്ച് 'അരുത്' എന്ന് കൈകൂപ്പി കേണപേക്ഷിക്കുന്ന ഗുജറാത്തിലെ കുത്തുബുദ്ദീന്‍ അന്‍സാരി എന്നയാളില്‍ നിന്ന് അക്രമാസക്തരായ ആണ്‍ പരിവാരത്തിന് മുന്നില്‍ ആര്‍ജവത്തോടെ ആകാശത്തേക്ക് കൈയുയര്‍ത്തി 'അല്ലാഹു അക്ബര്‍' എന്ന് ഉറക്കെ ഉദ്ഘോഷിക്കുന്ന മുസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയിലേക്കുള്ള ദൂരത്തിന്റെ പേരാണ് 'ഇസ്സത്ത്.'
സംഘ് പരിവാര്‍ - ലിബറല്‍ ജിഹ്വകള്‍ മഷി പുരട്ടിക്കൊണ്ടിരിക്കുന്ന വ്യാജോക്തികളെ പണ്ഡിതോചിതമായി പ്രതിരോധിച്ചുകൊണ്ടാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ മുഖ്യ പത്രാധിപത്യത്തില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന 'തെളിച്ചം' മാസികയുടെ പുതിയ ലക്കം പുറത്തിറങ്ങിയത്. റൂഹി താഹിര്‍, കാതറിന്‍ ബുള്ളോക്ക് തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തരായ പെണ്ണെഴുത്തുകാരെ അണിനിരത്തി ഹിജാബിന്റെ യഥാര്‍ഥ 'ചാരിത്ര്യപ്പട്ട' എന്തെന്ന് തെളിമയോടെ വെളിപ്പെടുത്തുന്നുണ്ട് 'തെളിച്ചം.' 'തുറന്നു വെച്ച പെണ്ണുടലിന്' നല്ല വില കിട്ടുന്ന സ്വതന്ത്ര മുതലാളിത്ത വിപണിയില്‍ മൂടിവെച്ച മുസ്ലിം സ്ത്രീയുടെ ശരീരത്തെ വിലയിടിഞ്ഞ 'ചരക്കായി' അവതരിപ്പിക്കുന്ന പാശ്ചാത്യ ലിബറല്‍ ഓറിയന്റലിസ്റ്റ് കുതന്ത്രങ്ങളെ നിശിതമായി പൊളിച്ചടുക്കുന്നുണ്ട് റൂഹി താഹിര്‍ എന്ന അമേരിക്കന്‍ ഇസ്ലാമിക ഗവേഷക. അതോടൊപ്പം മതാന്ധതയുടെ ചുഴിയിലുഴറി മതനിയമങ്ങളെ തെറ്റായി വ്യാഖ്യാനിക്കുക വഴി മുസ്ലിം പെണ്ണിനെ അരികുവത്കരിക്കുന്നതില്‍ സമുദായ നേതൃത്വം വഹിക്കുന്ന കുറ്റകരമായ പങ്കിനെയും താഹിര്‍ വിമര്‍ശിക്കുന്നുണ്ട്. 'ഇടവിടാതെ അരങ്ങേറുന്ന ഹിജാബ് വിരുദ്ധ വിമര്‍ശനാത്മക സംവാദങ്ങള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കുമിടയില്‍ നിന്ന് ഹിജാബ് മുന്നോട്ട് വെക്കുന്ന വിശുദ്ധമായ സത്യത്തിന്റെ അന്തഃസത്തയെ മറനീക്കി പുറത്ത് കൊണ്ട് വരേണ്ടത് ഒരു ആവശ്യകതയാണ്' എന്നാണ് താഹിര്‍ സമര്‍ഥിക്കുന്നത്. ''ഇസ്‌ലാമിനെയും മുസ്‌ലിം സ്ത്രീകളെയും ചുറ്റിപ്പറ്റിയുള്ള സംവാദാത്മകമായ ഇടപെടലുകളധികവും ഹയാഉമായി (ലജ്ജ) ബന്ധപ്പെട്ടുള്ളതാണ്. കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും കല്‍പിക്കുന്ന ഹയാഇന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഒരു മുസ്‌ലിം സ്ത്രീക്ക് സ്വയം ശക്തിയാര്‍ജിക്കാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഹിജാബ് നല്‍കുന്നത്.''
ടൊറണ്ടോ യൂനിവേഴ്സിറ്റിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സിലെ പ്രഫസര്‍ കാതറിന്‍ ബുള്ളോക് ഹിജാബ്, പര്‍ദ, നികാഹ്, ത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ പാരമ്പര്യ മുസ്ലിം സ്ത്രീ / ആധുനിക മുസ്ലിം സ്ത്രീ എന്ന ദ്വന്ദ്വത്തെ സൃഷ്ടിച്ച് മുസ്ലിം സ്ത്രീ എത്രമാത്രം പ്രശ്നവത്കരിക്കപ്പെടുന്നുവെന്നാണ് വിശകലനം ചെയ്യുന്നത്. 'നാം ഇന്നുകേള്‍ക്കുന്ന ഈ പ്രമാദമായ പരാമര്‍ശങ്ങളൊന്നും പുതിയതായി കാണേണ്ട കാര്യമില്ല. വാസ്തവത്തില്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് അസ്വസ്ഥതയുണ്ടാവുന്ന മനസ്സിനെക്കുറിച്ചാണ് നാം കരുതല്‍ നടപടി സ്വീകരിക്കേണ്ടത്. നമ്മുടെ മനസ്സുകളെ ഇരബോധത്തിലേക്ക് തളച്ചിടാന്‍ നാം ഒരിക്കലും അനുവദിച്ച് കൂടാ' എന്നാണ് ഇസ്ലാമിക ചിഹ്നങ്ങള്‍ക്ക് നേരെ ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ ബുള്ളോക് വിലയിരുത്തുന്നത്.