2024-ലെ ലോക്്സഭാ തെരഞ്ഞെടുപ്പില്‍ സംഘ് പരിവാര്‍ നേതൃത്വം കൊടുക്കുന്ന എൻ.ഡി.എയും, കോണ്‍ഗ്രസ്സും സി.പി.എമ്മും ഉള്‍ക്കൊള്ളുന്ന ‘ഇൻഡ്യ’ മുന്നണിയുമാണ് ദേശീയ തലത്തില്‍ നേരിട്ട് ഏറ്റുമുട്ടിയത്. വെറുപ്പിന്റെ അങ്ങാടിയില്‍ ‘സ്നേഹത്തിന്റെ കട’ തുറക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസ്സിന്റെ പ്രചാരണ കാമ്പയിന്‍ നടന്നെങ്കിലും സംഘ് പരിവാരം ഇനിയും മുഖ്യ പ്രതിപക്ഷമായിട്ടില്ലാത്ത കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫും സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫും തമ്മിലാണ് മത്സരം നടന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയാണ് രണ്ട് മുന്നണികളും മത്സരിക്കുന്നത് എന്നതുകൊണ്ട് സാധാരണ വോട്ടര്‍മാരെ സംബന്ധിച്ചേടത്തോളം ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പരാജയമായിരുന്നു കേരളത്തിലെ ഫോക്കസ്. അതിനാല്‍ തന്നെ ബി.ജെ.പിക്ക് ബദല്‍ ‘ഇൻഡ്യ’ മുന്നണിയാണ് എന്നും, കേരളത്തില്‍ അതിനു നേതൃത്വം നല്‍കുന്ന യു.ഡി.എഫ് ജയിക്കണം എന്നും മലയാളി വോട്ടര്‍മാര്‍ തീരുമാനിച്ചപ്പോഴാണ് കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പിലും സി.പി.എം ‘ഒരു കനല്‍ തരി’യിൽ ഒതുങ്ങിപ്പോയത്. 2019-ല്‍ ആലപ്പുഴയിലെരിഞ്ഞ സി.പി.എം ‘തരി’ 2024-ല്‍ ആലത്തൂരിലേക്ക് പാറി ‘ഒന്നില്‍’ തന്നെ ഉറച്ചുനിന്നതല്ലാതെ ‘ടാര്‍ഗറ്റ്’ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ബംഗാളിലും ത്രിപുരയിലും കുറ്റിയറ്റ ശേഷം ആകെ അവശേഷിക്കുന്ന കേരളത്തില്‍ ചില്ലറ സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍നിന്ന് തുടച്ചുനീക്കപ്പെടുമെന്ന വെപ്രാളത്തില്‍ സി.പി.എം കാട്ടിക്കൂട്ടിയ വിക്രിയകളുടെ പ്രതിധ്വനികളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷവും അലയടിച്ചുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വേളകളില്‍ അരക്കഴഞ്ച് പരദൂഷണവും ഒരു നുള്ള് നുണയും ചതിയില്‍ ഇത്തിരി വഞ്ചനയുമൊക്കെ രാഷ്ട്രീയ നാട്ടുനടപ്പുകളാണ്. ഇടത് വലത് പക്ഷങ്ങളില്‍ നടക്കുന്ന ഇക്കളികള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ തന്നെ മലയാളികള്‍ ഏറ്റെടുക്കാറുമുണ്ട്. എങ്ങനെയെങ്കിലും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒരു സീറ്റ് ഒപ്പിച്ചെടുക്കാന്‍ ഏറെ മാര്‍ക്കറ്റുള്ള ചരക്കുകളാണ് ഓരോ പാര്‍ട്ടിയും പ്രചാരണത്തില്‍ പുറത്തെടുക്കുക. രാഷ്ട്രീയ അസ്തിത്വം നിലനിര്‍ത്താനുള്ള ‘ഡൂ ഓര്‍ ഡൈ’ മത്സരത്തില്‍ ഇത്തവണ സി.പി.എം ഊതിക്കത്തിച്ചത് പക്ഷേ, കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന തീപൊരി ആയിരുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രചരിച്ച ‘കാഫിര്‍’ സ്ക്രീന്‍ഷോട്ടാണ് ആ കനല്‍ തരി. ‘കാഫിറിനു വോട്ട് ചെയ്യരുത്’ എന്ന അതിമാരകമായ സന്ദേശം ഉൾക്കൊള്ളുന്ന സ്ക്രീന്‍ഷോട്ടാണ് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയെ ഉന്നം വെച്ച് സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിച്ചത്. സംഘ് പരിവാര്‍ നരേറ്റീവിനെ പോലും വെല്ലുന്ന ‘കാഫിര്‍ അണുവിസ്ഫോടനം!’ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ‘വര്‍ഗീയ പരിസ്ഥിതി ലോല’ പ്രദേശമായി അടയാളപ്പെടുത്തപ്പെട്ട നാദാപുരം, പേരാമ്പ്ര, തൂണേരി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വടകര ലോക്്സഭാ മണ്ഡലത്തിലാണ് ഇത് സംഭവിച്ചത്.
വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എം.എസ്.എഫ് നേതാവ് പി.കെ മുഹമ്മദ് ഖാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് ‘കാഫിര്‍’ സ്ക്രീൻഷോട്ട് പ്രചരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഖാസിമിനെ പോലീസ് പ്രതിയാക്കുകയും ചെയ്തു. ഇത് വ്യാജമായി നിർമിച്ച സ്ക്രീൻഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി ഖാസിമും പോലീസില്‍ പരാതി നൽകി. സി.പി.എമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഹമ്മദ് ഖാസിമല്ല സ്ക്രീൻ ഷോട്ടിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, സി.പി.എം അനുകൂല സൈബര്‍ പേജുകളിലാണ് സ്ക്രീന്‍ഷോട്ട് ആദ്യമായി പ്രചരിച്ചതെന്നും മത സ്പർധ വളർത്തുകയാണ് ഈ സ്ക്രീൻ ഷോട്ടിലൂടെ ഇത് നിർമിച്ചവർ ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് ഇപ്പോള്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ഖാസിം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയിൽ പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്.
തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫോ മുസ്‌ലിം ലീഗോ ഈ പോസ്റ്റര്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. പോലീസ് റിപ്പോര്‍ട്ടിലെ ‘കാഫിറി’ന്റെ ‘റൂട്ട് മാപ്പ്’ അനുസരിച്ച് ഡി.വൈ.എഫ്.ഐ വടകര മേഖലാ പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍ ആണ് ആദ്യം സ്ക്രീന്‍ഷോട്ട് ‘റെഡ് എന്‍കൗണ്ടര്‍’ എന്ന സ്വന്തം വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ‘റെഡ് ബറ്റാലിയന്‍’ ഗ്രൂപ്പിലും, ‘അമ്പാടി മുക്ക് സഖാക്കള്‍’ പേജിലും ഏറ്റവുമൊടുവില്‍ ‘പോരാളി ഷാജി’ ഫേസ് ബുക്ക് പേജിലും സ്ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടു. മുന്‍ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ കെ.കെ ലതികയും സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തു. തനിക്ക് ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന് ഓർമയില്ലെന്നാണ് റിബേഷ് പോലീസിനോട് പറഞ്ഞത്. റിബേഷിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍, റിബേഷ് ആണ് സ്ക്രീന്‍ഷോട്ട് നിര്‍മിച്ചത് എന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം ഇനാം പ്രഖ്യാപിച്ചുകൊണ്ട് ‘പ്രതി’ക്ക് രക്ഷാ കവചം തീര്‍ത്തിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു സഖാവ് ഒറ്റയ്ക്ക് നിർമിച്ചതല്ല സ്ക്രീന്‍ഷോട്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സ്ക്രീന്‍ഷോട്ട് പ്രചരിച്ച ഉടനെ സംശയത്തിന്റെ പേരില്‍ ഖാസിമിനെതിരെ കേസെടുത്ത പോലീസ് റിബേഷിന്റെ കാര്യത്തില്‍ അനങ്ങാപ്പാറാ നയം സ്വീകരിക്കുന്നതും ഇതുകൊണ്ട് തന്നെ. തുടക്കത്തില്‍ 'പോരാളി ഷാജിയാണോ ഇടതുപക്ഷം' എന്ന് ഇരുട്ടുകൊണ്ട് ഓട്ടയടച്ച് സി.പി.എം സൈബര്‍ പടയെ തള്ളിപ്പറഞ്ഞ പാര്‍ട്ടി സെക്രട്ടറി, കാര്യങ്ങള്‍ കരതലാമലകം പോലെ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, “സ്ക്രീന്‍ഷോട്ടിന്റെ പിന്നില്‍ യു.ഡി.എഫ് ആണെന്നും അതിനു ബി.ജെ.പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് മാപ്പ് പറഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ പറയാം” (കേരള കൗമുദി – 19-8-2024) എന്നുമാണ് ഇപ്പോള്‍ പറയുന്നത്. “മത്സരത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ യു.ഡി.എഫ് ‘ടീച്ചറമ്മ’ എന്ന് വിളിച്ചു പരിഹസിച്ചു, കള്ള ലെറ്റർ പാഡ് ഉണ്ടാക്കി” (എം.വി ഗോവിന്ദന്‍ - കേരള കൗമുദി – 19-8-2024) എന്നൊക്കെ ‘പയറഞ്ഞാഴി’ ന്യായം പറയുമ്പോള്‍ ഇതിനൊക്കെ പ്രതികാരമായി തങ്ങള്‍ തന്നെയാണ് ഇത് ചെയ്തത് എന്നും, സൈബര്‍ സഖാക്കള്‍ ഇക്കളിയില്‍ തനിച്ചല്ല എന്നുമാണ് ഗോവിന്ദന്‍ മാഷ് പറയാതെ പറയുന്നത്. “കെ.കെ ലതിക സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് പ്രചരിപ്പിക്കാനല്ല, നാട്ടിന് ആപത്താണെന്ന് അറിയിക്കാനാണ്” (ഏഷ്യാനെറ്റ് ന്യൂസ് 16-8-24) എന്ന ഗോവിന്ദന്റെ പ്രസ്താവന ഗാന്ധിജിയെ ഗോഡ്സെ ചെറുതായി വെടിവെച്ചത് വെടി കൊണ്ടാല്‍ ജീവന്‍ പോകും എന്ന് ലോകത്തെ അറിയിക്കാനാണ് എന്ന ‘സനാതന നര്‍മ’ത്തോളം പരിഹാസ്യമാണ്.
ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഒരു പക്ഷേ, സ്ക്രീന്‍ഷോട്ടിന്റെ ആശയ സ്രഷ്ടാവിനു പകരം ആര്‍ട്ട് വര്‍ക്ക് ചെയ്ത തൊഴിലാളി പ്രതിയാക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും മാതൃകമ്പനിയായ ‘മെറ്റ’ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നു കൂടി പിണറായിയുടെ പോലീസ് പറഞ്ഞുവെക്കുന്ന സാഹചര്യത്തില്‍ ‘കാഫിറിന്റെ’ ‘ശില്പി’യെ കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല എന്ന ധൈര്യമാവാം ‘ഡിഫി’യുടെ ‘ഇനാം’ പ്രഖ്യാപനത്തിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെ ‘യഖീനുറപ്പി’ന്റെയും പിന്നിലുള്ളത്.
ഗോവിന്ദന്‍ മാഷ് പറയുന്നതു പോലെ അത്ര പെട്ടെന്ന് വിസ്മൃതിയിലാണ്ട് പോകുന്ന ഒരു പതിവ് യു.ഡി.എഫ്- എൽ.ഡി.എഫ് തര്‍ക്കമല്ല ഇത്; എത്ര പാലിലിട്ടാലും കാലാന്തരേണ കയ്പ് ശമിക്കാത്ത കാരസ്കരമാണ്. ഇവിടെ കൃത്യമായും ടാര്‍ഗറ്റ് ചെയ്യപ്പെട്ടത് യു.ഡി.എഫ് അല്ല, മുസ്‌ലിം സമുദായമാണ്. ‘ഡിഫി’യുടെ ‘പന്നിയിറച്ചി ചാലഞ്ചി’ലൂടെ വഴിതിരിച്ചു വിടാന്‍ കഴിയുന്നത്ര ലാഘവത്വമുള്ള വിഷയവുമല്ല ഇത്. നിസ്കരിക്കുന്ന മുസ്‌ലിംകള്‍ ‘കാഫിറുകള്‍’ക്ക് വോട്ടു ചെയ്യാത്ത കുലംകുത്തി വര്‍ഗമാണെന്നും അതിനാല്‍ തന്നെ ഒരു ജനാധിപത്യ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്നുമുള്ള സംഘ് പരിവാര്‍ ഭാഷ്യത്തിന്റെ സര്‍ഗാത്മകമായ ആവിഷ്കാരമാണ് ഈ സ്ക്രീൻ ഷോട്ട് നിര്‍മിച്ചവര്‍ നടത്തിയിരിക്കുന്നത്. ഇവിടെ സി.പി.എം മനസ്സിലാക്കാതെ പോയ ഒരു സത്യം, അറുപതുകളിലെ ‘ഇജ്ജ് നല്ലൊരു മന്സനാകാന്‍ നോക്ക്’ കാലത്തു നിന്ന് കേരളീയ മുസ്‌ലിം സമൂഹം ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു എന്നതാണ്. ത്യാജഗ്രാഹ്യ വിവേചന ബുദ്ധിയോടെ കാര്യങ്ങളെ കാണാന്‍ കെല്‍പ്പുള്ള ഒരു തലമുറ അവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. താത്കാലികമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഒരു സമുദായത്തെ മൊത്തം പൈശാചികവത്കരിക്കുകയും ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ആർ.എസ്.എസ്സിനോട് മത്സരിക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമോഫോബിയയുടെ വിപണന സാധ്യത ഉപയോഗപ്പെടുത്താന്‍ തന്നെയാണ് തീരുമാനമെങ്കില്‍ കേരള സി.പി.എമ്മിന്റെ ത്രിപുരവത്കരണം ത്വരിതപ്പെടുമെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. l