ലേഖനം

ഖുര്‍ആനിലെ ഏത് സൂക്തമാണ് നിന്നെ ഏറെ സ്വാധീനിച്ചത്? ഇങ്ങനെ ഒരു ചോദ്യം എപ്പോഴെങ്കിലും സ്വന്തത്തോട് ചോദിച്ചു നോക്കിയിട്ടുണ്ടോ? ഉത്തരം പലര്‍ക്കും പലതാകും. ഞാനും നീയും എന്ന പോലെ ഞാനും എന്റെ റബ്ബും തനിച്ചാവുന്ന സൂക്തങ്ങളാണ് എനിക്കേറെയിഷ്ടം.
"നീ ദുഃഖിക്കരുത്, അല്ലാഹു നമ്മോടൊപ്പം." "എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എന്നെ വഴിനടത്തും." "ഞങ്ങള്‍ നിനക്ക് മാത്രം വഴിപ്പെടുന്നു. നിന്നോട് മാത്രം സഹായം തേടുന്നു."

സ്വദ് റില്‍ ഒളിച്ചുവെക്കേണ്ട വചനങ്ങള്‍. മധ്യവര്‍ത്തികളില്ലാതെ മുഖാമുഖമെന്ന പോലെ സംവദിക്കുന്ന ഈ സൂക്തങ്ങള്‍ നമ്മെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നുണ്ട്.
അല്ലാഹു മൂസാ(അ)യോട് സംസാരിക്കുന്ന വേളകളില്‍ നാം ശ്വാസമടക്കി കാതും മനസ്സും മാത്രമായി നിശ്ചലം നിന്നുപോവാറില്ലേ?
"മൂസാ, ഞാന്‍ നിന്റെ റബ്ബാണ് മൂസാ… നീ നിന്റെ ചെരിപ്പ് അഴിച്ചുവെക്കൂ! നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാണല്ലോ.
എന്താ മൂസാ നിന്റെ വലതു കൈയിൽ?
ഇതെന്റെ വടിയാണ് റബ്ബേ, ഊന്നിനടക്കാന്‍, ആടുകള്‍ക്കായി ഇല വീഴ്ത്താന്‍. ഇതിന് വേറെയും ചില കാര്യങ്ങളുണ്ട് റബ്ബേ…"
ആ വാക്കനക്കങ്ങളുടെ താഴ്്വരയില്‍ ഒന്ന് ചെന്നുനില്ക്കൂ! വാക്കുകള്‍ നമ്മോടാണെന്ന് ഒന്ന് സങ്കൽപിക്കൂ!
നല്ലൊരു നേരത്ത് മൂസാ (അ) അങ്ങോട്ട് ചോദിച്ചല്ലോ: "നാഥാ, നീ നിന്നെയൊന്ന് എനിക്ക് കാട്ടിത്തരൂ. ഞാന്‍ നിന്നെയൊന്ന് കണ്ടോട്ടെ."
അവിവേകമായിപ്പോയ ആ ആശയുടെ ലഹരിയില്‍നിന്ന് ബോധമുണര്‍ന്നപ്പോള്‍ മൂസാ (അ) പിന്നെയും മന്ത്രിക്കുന്നുണ്ട്; "നീ തന്നെ പരമ വിശുദ്ധി. ഞാന്‍ നിന്നിലേക്ക് മടങ്ങുന്നു. ഞാന്‍ വിശ്വാസികളില്‍ ആദിമന്‍ തന്നെ."
ഞാനും നീയുമായി അവനിലേക്ക് അടുക്കുമ്പോള്‍ വചനങ്ങള്‍ നമ്മുടെ മിഅ്റാജിലേക്കുള്ള ബുറാഖായി മാറുന്നുണ്ട്.
തനിച്ചായിപ്പോകുമ്പോള്‍ ഒറ്റമരക്കാടു പോലെ എന്നില്‍ തണലും തണുപ്പും വീഴ്ത്തുന്നൊരു സൂറയുണ്ട് ഖുര്‍ആനില്‍.
ജീവിതവഴിയില്‍ ഇരുളും വെളിച്ചവും ഇണചേര്‍ന്ന് നില്ക്കുമ്പോള്‍ പിറകിലൂടെ വന്ന് നനുത്ത കരം കൊണ്ട് കണ്ണ് പൊത്തി ഞാനില്ലേ കൂടെ, എന്ന് ചോദിച്ച് ചേര്‍ത്തുപിടിക്കുന്ന അപാരമായ ആത്മവിശ്വാസമാണ് ആ സൂറ പകരുന്നത്. അകറ്റിയിട്ടില്ല, അകന്നിട്ടുമില്ല, കണ്ണാരം പൊത്തിക്കളി പോലെ ഒന്ന് മാറിനിന്നതല്ലേയെന്ന് പുലര്‍വെട്ടം കണക്കെ പ്രതീക്ഷ നല്കുന്ന 'അദ്ദുഹാ' സൂറയാണത്.
എത്ര ഓതി നിവര്‍ന്നാലും പിന്നെയും മുങ്ങാങ്കുഴിയിട്ട് ആഴങ്ങളിലേക്ക് ഊളിയിടാന്‍ കൊതിയേറ്റുന്ന സൂറ.

* *

ചില വചനങ്ങളിൽ മനസ്സ് കുരുങ്ങിക്കിടന്ന് തിരിച്ചെടുക്കാൻ കഴിയാതെ അകപ്പെട്ടുപോകുന്ന നിസ്സഹായാവസ്ഥയാണ് എനിക്ക് ഖുർആൻ പാരായണം. മുഴുവനാക്കണം എന്ന് കരുതിയുള്ള എത്ര പാരായണ ശ്രമങ്ങളാണ് പാതി വഴിയിൽ മുറിഞ്ഞുപോകുന്നത്!
കുറച്ചു നാളായി മനസ്സ് അൽ ഇസ്റാഅ് 76 - 82 വരെ വചനങ്ങളിൽ സ്തംഭിച്ചുനിൽക്കുന്നു. കളം വരച്ച് അകത്താക്കുകയും പുറത്താക്കുകയും ചെയ്യുന്നവർക്കുള്ള താക്കീത്, പൗരത്വ ഭീഷണി, പരിഹാര മാർഗങ്ങൾ, ആന്തരിക വ്യായാമങ്ങൾ, പ്രതീക്ഷകളിലേക്കുള്ള ഹിജ്‌റകൾ, ശിഫയാകുന്ന ഖുർആൻ - എല്ലാം ഈ വചനപ്പെയ്ത്തിലുണ്ട്; ഇപ്പോൾ നമുക്കായി അവതരിച്ചതു പോലെ.

* *

സ്നേഹിക്കുന്നവര്‍ തനിച്ചാവാന്‍ കൊതിക്കും. അല്ലാഹുവോടൊപ്പം തനിച്ചാവാന്‍ ശ്രമിക്കാറുണ്ടോ, അവനോട് മിണ്ടിയും പറഞ്ഞും ചോദ്യങ്ങള്‍ ഉന്നയിച്ചും സ്വപ്നങ്ങള്‍ പങ്കുവെച്ചും?
ജീവിതത്തില്‍ അത്രക്ക് രസമുള്ള കളി വേറെയില്ല. അല്ലാഹു നമ്മിലേക്ക് അങ്ങനെ ഇറങ്ങി വരില്ലേ? വരും.
അവിവേകമാകുമോ എന്ന് കരുതി ഉത്തരം തേടുന്ന പല ചോദ്യങ്ങളും നാം പരസ്പരം ചോദിക്കാൻ മടിക്കും. എന്നാൽ, അല്ലാഹുവിനും നമുക്കുമിടയിൽ അങ്ങനെ ഒരു മറ ആവശ്യമുണ്ടോ? "എന്നെ വിളിച്ചാലും! ഞാൻ ഉത്തരം ചെയ്യാം " എന്ന് അവൻ വാക്ക് തന്നതല്ലേ!
അൽ ബഖറ 260-ൽ ഇബ്റാഹീം (അ) ഉന്നയിച്ച ചോദ്യവും ലഭിച്ച ഉത്തരവും അല്ലാഹുവോടുള്ള ചോദ്യങ്ങൾക്ക് അതിരുകളില്ലെന്ന് കാട്ടിത്തരുന്നുണ്ട്: "റബ്ബേ, നീ എങ്ങനെയാണ് മരിച്ചവർക്ക് ജീവനേകുന്നത്?" മറു ചോദ്യം കൊണ്ടാണ് അല്ലാഹു ഈ അന്വേഷണത്തെ നേരിടുന്നത്: " അല്ല ഇബ്റാഹീം, താങ്കൾ ഇനിയും വിശ്വസിച്ചില്ലേ? വിശ്വസിച്ചു റബ്ബേ, എന്നാലും മനസ്സ് സ്വസ്ഥമാകാനാണ് ." തന്റെ ഉറ്റ തോഴനായി തെരഞ്ഞെടുത്ത്, പ്രവാചകനായി നിയോഗിച്ചിട്ടും ചിന്തകൾ ഇത്തരം ചോദ്യങ്ങളിൽ ഉടക്കിനിൽക്കയാണോ എന്നൊരു ധ്വനിയുണ്ട് ആ മറു ചോദ്യത്തിൽ. എന്നിട്ടും ഉയിർത്തെഴുന്നേൽപിന്റെ രീതി കാട്ടിക്കൊടുക്കുക തന്നെയാണ് അല്ലാഹു ചെയ്തത്. നമുക്കും അവന്റെ മുന്നിൽ കാത് കൂർപ്പിച്ച് ഉത്തരം തേടുന്ന കുരുന്നുകളാകാം, മറുപടികൾ കണ്ടത്താം.
"നിങ്ങള്‍ എന്നെ ഓര്‍ക്കൂ. ഞാന്‍ നിങ്ങളെയും ഓര്‍ത്തിരിക്കും" എന്ന് അവന്‍ വാക്ക് തരുന്നുണ്ട് (അൽ ബഖറ 152). "എവിടെയായിരുന്നാലും അവന്‍ നിങ്ങളോടൊപ്പം" (അല്‍ ഹദീദ് 4).
ഫറോവയുടെ മുന്നിലേക്ക് ചെല്ലുമ്പോള്‍ മൂസാ-ഹാറൂനു(അ)മാർക്ക് അവൻ ധൈര്യം പകര്‍ന്നത് കണ്ടില്ലേ?
''എല്ലാം കേട്ടും കണ്ടും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്" (ത്വാഹാ 46).
ഖുര്‍ആനിനോട് ഹൃദയം ചേര്‍ത്തു വെക്കുമ്പോള്‍ ഇരു ഹൃദയങ്ങളും ഒന്നിച്ച് മിടിക്കും. സ്പന്ദിക്കുന്ന വാക്കുകള്‍ ഹൃദയത്തെ പരവശമാക്കും. വചനങ്ങള്‍ ആത്മാവിനേല്ക്കുന്ന ചുംബനങ്ങളാകും, തീര്‍ച്ച.
അവിടുന്ന് അരുളുന്നുണ്ട്: "നിങ്ങൾ ഖുർആൻ വായിക്കുവിൻ; മനസ്സ് അതിനോട് ഇണങ്ങി നിൽക്കുവോളം. മനസ്സ് എതിരായാൽ എഴുന്നേൽക്കുവിൻ" (മുസ് ലിം). l

ഖുര്‍ആന്‍ എവിടെയാണ് പെയ്തിറങ്ങിയത്? ചരിത്രപരമായി മക്കയിലും മദീനയിലുമെന്ന് നാം ഉത്തരം പറയും. ഖുര്‍ആന്‍ പെയ്തിറങ്ങിയത് അവിടുത്തെ ഹൃദയത്തിലേക്കെന്ന് ഖുര്‍ആന്‍. "നിന്റെ ഹൃദയത്തിലേക്കാണ് ഇത് ഇറക്കിത്തന്നത്. നീ താക്കീതുകാരില്‍ ഉള്‍പ്പെടാന്‍" (അശ്ശുഅറാഅ് 194).
നന്മമഴയായി പെയ്തിറങ്ങിയ വചനങ്ങളെ ഏറ്റുവാങ്ങിയ ഹൃദയ ഭൂമിയെ ഖുര്‍ആന്‍ മൂന്ന് പേരുകളില്‍ വിളിച്ചു.

ഒന്ന്: ഖല്‍ബ്
ഇളകിമറിയുന്നതാണ് ഖല്‍ബ്. പലതരം ചിന്തകള്‍ മാറി മറിയുന്നിടം. മിടിച്ചുകൊണ്ടിരിക്കുന്നിടം. രക്തത്തെ ശരീരത്തിലേക്ക് പ്രവഹിപ്പിച്ചും തിരിച്ചെത്തിച്ചും ശുദ്ധി വരുത്തുന്നിടം.
ദുനിയാവിലെ ഒടുങ്ങാത്ത ആശകളുടെ കടലിരമ്പങ്ങള്‍ക്കിടയില്‍ ഖുര്‍ആനിന്റെ വഞ്ചി തുഴഞ്ഞ് എങ്ങനെ അക്കരെയെത്തും? കടുത്ത വെല്ലുവിളിയാണത്.
എന്നാല്‍, അതിനൊരു മറുവശമുണ്ട്. ചലിച്ചുകൊണ്ടിരിക്കുന്നതിലേ മാറ്റങ്ങള്‍ ഉണ്ടാകൂ. കെട്ടിനില്ക്കുന്ന ജലാശയത്തില്‍ പൂപ്പലുകള്‍ നിറയും. ഏറ്റവും നല്ലതിനെ സ്വീകരിച്ചും ദുഷിച്ചതിനെ പുറന്തള്ളിയും ഹൃദയം നിരന്തരം നവീകരിക്കപ്പെടുന്നു; കടല്‍ പോലെ.

രണ്ട്: സ്വദ് ര്‍
കഴുത്തിനും വയറിനും ഇടയിലുള്ളത്. നെഞ്ചകത്തുള്ള ഹൃദയത്തിലെ പല അറകള്‍ ഉള്ളിടം. ഹൃദയ രഹസ്യങ്ങളും അടിയൊഴുക്കുകളും ഊറിക്കൂടുന്നയിടം. ഹൃദയത്തിന്റെ കേന്ദ്ര സ്ഥാനമാണ് സ്വദ് ര്‍. "സ്വദ് റുകളിലുള്ളവ വെളിവാക്കപ്പെടും" (അല്‍ ആദിയാത്ത് 10). "നെഞ്ചകത്തെ വിങ്ങലുകള്‍ക്ക് ശമനമാണ് ഈ ഖുര്‍ആന്‍" (യൂനുസ് 57). ഖുര്‍ആനിനെ രഹസ്യങ്ങളുടെ കലവറയായ സ്വദ് റിലേക്ക് എടുത്തുവെക്കണം.
എന്റേത് മാത്രമായി ഞാന്‍ അകത്ത് സൂക്ഷിക്കുന്ന, എന്നോട് നിരന്തരം സല്ലപിക്കുന്ന, എന്നെ അസ്വസ്ഥപ്പെടുത്തുന്ന, എന്നെ പുലരുമെന്നുറപ്പുള്ള സ്വപ്നങ്ങളിലേക്ക് നയിക്കുന്ന ഹൃദയരഹസ്യമായി ഖുര്‍ആന്‍ മാറുകയാണ്. അകത്തിരുന്ന് ആ ഖുര്‍ആന്‍ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ആത്മഗതങ്ങളില്‍ ഖുര്‍ആന്‍ കൂട്ടാവുന്നു.

മൂന്ന്: ഫുആദ്
തീയില്‍ ജ്വലിച്ച് നീറിയെന്ന പോലെ കനലെരിയുന്ന ഇടമാണ് ഫുആദ്. ചിന്തകളും വികാരങ്ങളും ഉണരുന്നിടം. ചിന്തയെ ജ്വലിപ്പിച്ച് പാകമായ തീരുമാനങ്ങളില്‍ എത്തിക്കുന്നിടം. വികാരങ്ങളെ ആളിക്കത്തിക്കുന്നിടം. വചനങ്ങളെ ഒറ്റത്തവണയായി ഇറക്കാതെ അല്പാല്പമായി അവതരിപ്പിക്കുന്നത് നിന്റെ ഹൃദയത്തില്‍ വചനം ആഞ്ഞുതറയ്ക്കാനാണ് (അല്‍ ഫുര്‍ഖാന്‍ 32) എന്ന് ഖുർആൻ.
എരിതീയില്‍ എണ്ണയൊഴിക്കുമ്പോലെ ഒരു അനുഭവം. സത്യമാര്‍ഗത്തില്‍ ഉഴറിനടക്കുന്ന മനസ്സില്‍ ഭാരിച്ച വചനങ്ങള്‍ മലവെള്ളം പോലെ പെയ്തിറങ്ങിയാല്‍ ചിറ കെട്ടി നിര്‍ത്താനാവില്ല.
അതിനാല്‍ കല്പനകളെ ഒാരോന്നായി ദഹിപ്പിച്ചെടുക്കാനുള്ള സാവകാശം നല്കുകയാണ് കരുണാമയന്‍.

അല്‍ ഖസ്വസ്വില്‍ ഒരു ഉമ്മക്കഥയുണ്ട്. സ്വന്തം കുഞ്ഞിനെ പെട്ടിയിലാക്കി നീറ്റിലൊഴുക്കിയ ഒരുമ്മ. വെളിപാടിന്റെ കരുത്തില്‍ തന്റെ പൈതലിനെ മാറിടത്തില്‍ നിന്ന് പറിച്ചെടുത്ത് നൈലിന്റെ മടിത്തട്ടില്‍ കിടത്തിയ ഉമ്മ.
ഒരു ഉമ്മമനസ്സിന് അത് താങ്ങാവുന്നതിലപ്പുറമല്ലേ!
ഖുര്‍ആന്‍ ആ മനസ്സിനെ ആവിഷ്കരിക്കുന്നത് നോക്കൂ: "മൂസാ(അ)യുടെ മാതാവിന്റെ ഫുആദ് പിടപിടച്ചു" (അല്‍ ഖസ്വസ്വ്് 10).
അവിടെ ഫുആദ് എന്ന വാക്കില്‍ ബുദ്ധിയും വിചാര വികാരങ്ങളും കത്തിപ്പടരുകയാണ്. മനസ്സില്‍ ഒരേയൊരു വിഷയത്തിലുള്ള ഉത്കണ്ഠ നിറയുകയും മറ്റെല്ലാ വിചാരങ്ങളില്‍നിന്നും അകം മുക്തമാവുകയുമാണ്.
ഖുര്‍ആന്‍ അകത്ത് പ്രവേശിക്കുമ്പോള്‍ ഇങ്ങനെയാണത്രെ സംഭവിക്കുന്നത്!
ഖല്‍ബില്‍ തട്ടിയ വാക്കുകള്‍ സ്വദ് റിന്റെ ഉള്ളറകള്‍ ഏറ്റുവാങ്ങി പിന്നെ ഫുആദില്‍ കടന്നെരിഞ്ഞ് മെല്ലെ മെല്ലെ ആള്‍രൂപമണിഞ്ഞ് ജീവിതവഴികളില്‍ നടന്നുതുടങ്ങുകയാണ്. അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും ജീവന്‍ വെക്കുകയാണ്!
ഖുര്‍ആന്‍ വചനം അവതീർണമാവുന്നതോടെ അത് നബി(സ)യുടെ വ്യക്തിത്വവും സ്വഭാവവുമായിത്തീര്‍ന്നത് അങ്ങനെയാണ്.
'അവിടുത്തെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു' എന്ന് പ്രിയതമ സാക്ഷ്യപ്പെടുത്തിയിരുന്നുവല്ലോ. വചനങ്ങള്‍ ഈ മൂന്ന് ഹൃദയ ഭൂമികയിലൂടെ കടന്നു പോകുമ്പോഴാണ് ജീവനുള്ള ഖുര്‍ആന്‍ രൂപപ്പെടുന്നത്.

****

ഖുര്‍ആനിലെ ചരിത്ര ആഖ്യാനങ്ങള്‍ക്ക് എത്ര ഭാവങ്ങളാണ്! കാല-ദേശങ്ങളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചുള്ള ആ കഥപറച്ചില്‍ ഓരോ മനസ്സിനെയും പല തലത്തില്‍ വന്ന് തൊടുന്നുണ്ട്.
അല്‍ ഖസ്വസ്വിലെ ആ ഉമ്മക്കഥയിലേക്ക് തന്നെ വരാം. കുഞ്ഞിനെ നൈലില്‍ ഇറക്കിവെക്കാന്‍ പറഞ്ഞ് ഉമ്മയോട് അല്ലാഹു മനസ്സകത്ത് കയറി ചിലത് മന്ത്രിക്കുന്നുണ്ട്; പേടിക്കണ്ടാട്ടോ, സങ്കടപ്പെടണ്ടാട്ടോ എന്ന്.
പിന്നെയും മൊഴിഞ്ഞ വാക്കുകളിലൂടെയാണ് അല്ലാഹു എന്നെ വന്ന് തൊട്ടത്.
''ഇന്നാ റാദ്ദൂഹു ഇലൈക്ക്'' - അവനെ നാം നിനക്ക് തിരിച്ചു തരും, ഉറപ്പ്.
കുഞ്ഞുനാളില്‍ ഉപ്പയിലൂടെയാണ് ആദ്യം ഈ കഥ കേട്ടത്. ഉമ്മ കൈവിട്ടു പോയ കുഞ്ഞായ എനിക്ക് പ്രതീക്ഷകളുടെ ചിറക് നല്കിയ വാചകം. ആ വാചകം ചൊല്ലിത്തരുമ്പോള്‍ ഉപ്പയുടെ കണ്ണിലെ തിളക്കം കാണേണ്ടതായിരുന്നു.
പത്തു മാസം ചുമന്ന കുഞ്ഞിനെ ഇമ വെട്ടാതെ നോക്കിനില്ക്കെ, അല്ലാഹു തിരികെ വിളിച്ച എന്റെ ഉമ്മയോടും അവന്‍ ഇങ്ങനെ പറഞ്ഞിരിക്കില്ലേ…
'ഇന്നാ റാദ്ദൂഹു ഇലൈക്ക്'- അവനെ നാം നിനക്ക് തിരിച്ചു തരും…
ആ സമാഗമ വേളക്കായുള്ള കാത്തിരിപ്പാണെന്റെ സ്വർഗം.