പുസ്തകം

2010-ന് ശേഷം ജനിച്ച ആൽഫ ജനറേഷൻ കൗമാരപ്രായത്തിൽ എത്തിയിരിക്കുന്നു. ഓൺലൈൻ ലോകത്തിലേക്ക് പിറന്നുവീണ തലമുറയാണ് ആൽഫ ജനറേഷൻ. വളരെ വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കുന്ന ഈ തലമുറക്ക് വേണ്ടത് ഈ കാലത്തിനനുയോജ്യമായ മാർഗനിർദേശങ്ങളാണ്. നിലവിലെ നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിന് പോലും മൂന്നു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അവയിൽ മിക്കതും കാലത്തോടൊപ്പമോ കുട്ടികളോടൊപ്പമോ സഞ്ചരിക്കുന്നില്ല. പുതിയ കാലത്ത് കുറഞ്ഞ കാലംകൊണ്ട് കുട്ടികൾക്ക് പഠിച്ചെടുക്കാൻ കഴിയുന്ന കാര്യങ്ങളാണ് ഒട്ടും കാര്യക്ഷമമല്ലാത്ത പഠന രീതികളിലൂടെ വർഷങ്ങൾ ചെലവഴിച്ച് പഠിപ്പിക്കുന്നത്. ഇന്ന് വിദ്യാലയങ്ങളിൽനിന്ന് നേടുന്നതിനെക്കാൾ അറിവ് കുട്ടികൾ നേടുന്നത് അവരുടെ വിരൽത്തുമ്പിലുള്ള ടെക്നോളജിയിലൂടെയാണ്. വീട്ടുകാരെക്കാൾ കുട്ടികളിപ്പോൾ കൂട്ടുകൂടുന്നത് ഡിജിറ്റൽ ഡിവൈസുകളുമായാണ്. ഇത്തരമൊരു സാമൂഹിക സാഹചര്യത്തിൽ പുതിയ സാങ്കേതിക വിദ്യക്കൊപ്പം വളരുന്ന കുട്ടികൾക്കുണ്ടാവേണ്ട ഡിജിറ്റൽ ഹാബിറ്റ്സിനെ കുറിച്ച് സംസാരിക്കുകയാണ് മെഹദ് മഖ്ബൂൽ എഴുതിയ 'ആൽഫ ഹാബിറ്റ്സ്' എന്ന പുസ്തകം.

പ്രസാധനം: കൂരാബുക്സ്,
പേജ്: 92 വില: 150
വാട്സ്ആപ് 9995889472

മൊബൈലും ഇന്റർനെറ്റും മറ്റു ഡിജിറ്റൽ ഡിവൈസുകളും കുട്ടികൾക്ക് വിലക്കുന്ന കാലം കഴിഞ്ഞു. പണ്ട് മുതിർന്നവർ കുട്ടികൾക്ക് വിലക്കിയ ഡിജിറ്റൽ ലോകം ഇന്നവരുടെ വിദ്യാലയ പഠനത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. അനന്തമായ ഡിജിറ്റൽ സാധ്യതകളുടെ കാലത്തെ എങ്ങനെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് പഠിപ്പിക്കുകയാണ് ഇനി വേണ്ടത്. അവിടെയാണ് ഡിജിറ്റൽ ഹാബിറ്റ്സ് പ്രസക്തമാകുന്നത്. വിവരങ്ങളുടെ ആധിക്യത്തിന്റെ കാലത്ത് ഇത്രയേറെ വിവരങ്ങൾ നമുക്ക് വേണ്ടതില്ല. ആവശ്യമുള്ള വിവരങ്ങളെ ഫിൽട്ടർ ചെയ്യുന്ന പണിയാണ് ഇൻഫർമേഷൻ ഡയറ്റ്. ചില സമയങ്ങളിൽ ഓൺലൈൻ ലോകത്തേക്ക് കടക്കില്ല എന്ന് തീരുമാനിക്കുകയും, റിയൽ ലൈഫിൽ മുഴുകുകയും ചെയ്യുന്നതാണ് ഡിജിറ്റൽ ഫാസ്റ്റിംഗ്. നമ്മൾ ഓൺലൈൻ ലൈഫിന് അടിമപ്പെടാതിരിക്കാനുള്ള പലതരം വഴികൾ പുസ്തകം പറഞ്ഞുവെക്കുന്നുണ്ട്. ഓൺലൈനിൽ എപ്പോൾ, എന്ത് നോക്കണം, എന്ത് വായിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ഡിജിറ്റൽ ഡിവൈസിൽ കാണുന്നതെല്ലാം പ്രൊഡക്റ്റീവായ കാര്യങ്ങളാവുമ്പോൾ അതിന്റെ ഗുണവും കാണുന്നവർക്കുണ്ടാവും. മൊബൈൽ തുറക്കുന്നതിനുമുമ്പേ എന്തെല്ലാം വായിക്കണം, എന്തെല്ലാം കാണണം, എത്ര സമയം വിനിയോഗിക്കണം എന്ന് കൃത്യമായി ധാരണയുണ്ടാവണം. ഇങ്ങനെ, എങ്ങനെ ഈ ഡിജിറ്റൽ കാലത്തെ പ്രൊഡക്ടീവായി ഉപയോഗിക്കാം എന്നാണ് പുസ്തകം ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. കുട്ടികൾക്ക് വിജ്ഞാനവളർച്ചക്ക് ഗുണപ്രദമായ ചില ആപ്പുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഈ പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.

ഡിസ്ട്രാക്്ഷൻ ആണ് പുതിയ തലമുറ നേരിടുന്ന മുഖ്യ ഡിജിറ്റൽ പ്രശ്നങ്ങളിലൊന്ന്. ഒരു കാര്യത്തിലും ഫോക്കസ് ചെയ്യാൻ ചില കുട്ടികൾക്ക് കഴിയുന്നില്ല. പഠനത്തിനിടയിൽ മടുപ്പ് തോന്നുമ്പോൾ മൊബൈൽ കൈയിലെടുക്കുന്നു. 10 മിനിറ്റിനു ശേഷം മൊബൈൽ ഓഫാക്കി പഠനം തുടരാം എന്ന് കരുതിയാണ് റീൽസും ഷോട്സും കാണാനിരിക്കുക. പക്ഷേ, കണ്ടുതുടങ്ങിയാൽ പിന്നീട് മണിക്കൂറുകളോളം അവിടെത്തന്നെയായിരിക്കും. ക്ഷീണം കാരണം പിന്നീട് പഠനത്തിലേക്ക് തിരിച്ചുവരാനും പറ്റില്ല. ഒരു ദിവസമിങ്ങനെ ധാരാളം മണിക്കൂറുകൾ സ്ക്രീൻ ടൈമായി പലരും നഷ്ടപ്പെടുത്തുന്നു. ഇത്തരക്കാർക്ക് ശ്രദ്ധ ഫോക്കസ് ചെയ്യാനുള്ള ഫോമോഡോറോ ടെക്നിക്കും 1 -3 -5 റൂൾസും പുസ്തകം പരിചയപ്പെടുത്തുന്നു.
കുട്ടികളോട് സംവദിക്കുന്ന രീതിയിലാണ് പുസ്തകത്തിന്റെ ഭാഷയും ഉള്ളടക്കവും. ഓരോ അധ്യായവും രണ്ടോ മൂന്നോ പേജുകൾ മാത്രം. കഥകളോ ചരിത്ര സംഭവങ്ങളോ പ്രശസ്തമായ പുസ്തകങ്ങളുടെ ഉള്ളടക്കമോ പറഞ്ഞുകൊണ്ടായിരിക്കും ഓരോ അധ്യായവും ആരംഭിക്കുക. ഓരോ കുട്ടിയും ജീവിതത്തിൽ ശീലമാക്കേണ്ടതോ ഒഴിവാക്കേണ്ടതോ ആയ നാലഞ്ചു കാര്യങ്ങൾ ഓരോ അധ്യായത്തിന്റെയും ഒടുവിൽ പ്രത്യേകമായി ചേർത്തിട്ടുണ്ട്. l

ഡോ. യൂസുഫുൽ ഖറദാവി മലയാളി വായനക്കാർക്ക് വളരെ സുപരിചിതമായ പേരാണ്. അദ്ദേഹത്തിന്റെ എഴുത്തുകളും ഫത് വകളും കേരളീയ സമൂഹത്തിൽ പലനിലക്ക് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം എഴുതിയ ചില ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷകളും ലഭ്യമാണ്. ഡോ. യൂസുഫുൽ ഖറദാവിയുടെ വൈജ്ഞാനിക സംഭാവനകളെ കുറിച്ച് ശാന്തപുരം അൽ ജാമിഅ അൽ ഇസ്്ലാമിയ റിസർച്ച് സെന്റർ 2023 ഒക്ടോബർ 28, 29 തീയതികളിൽ ശ്രദ്ധേയമായ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിലവതരിപ്പിച്ച മലയാള പ്രബന്ധങ്ങളുടെ സമാഹാരമാണ് ഡോ. മുനീർ മുഹമ്മദ് റഫീഖ് എഡിറ്റ് ചെയ്ത 'ശൈഖ് യൂസുഫുൽ ഖറദാവി: നിലപാടുകളുടെ ഇമാം' എന്ന ഗ്രന്ഥം. അക്കാദമിക് സ്വഭാവത്തിൽ എഴുതപ്പെട്ട പഠനങ്ങളും ഹൃദ്യമായി വായിച്ചുപോകാവുന്ന ലേഖന സ്വഭാവത്തിലുള്ള പ്രബന്ധങ്ങളും ഉൾപ്പെട്ടതാണ് ഈ പുസ്തകം. അതിനാൽ, ഒരേ സമയം സാധാരണക്കാരെയും അക്കാദമിക് തൽപരരെയും തൃപ്തിപ്പെടുത്തുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് പറയാം.

ശൈഖ് യൂസുഫുൽ ഖറദാവി: നിലപാടുകളുടെ ഇമാം
എഡി. ഡോ. മുനീർ മുഹമ്മദ് റഫീഖ്
പ്രസാ: അൽ ജാമിഅപ്രസ്സ്
പേജ് 130, വില 200

ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ പ്രസക്തമായ ന്യൂനപക്ഷ കർമശാസ്ത്രം, ഫിഖ്ഹുത്തയ്സീർ, മഖാസ്വിദുശ്ശരീഅ, വസത്വിയ്യ അഥവാ ഇസ്്ലാമിന്റെ മധ്യമ നിലപാട്, ഇജ്തിഹാദ്, സുന്നത്തിന്റെ പ്രാമാണികത തുടങ്ങിയ വിഷയങ്ങളിലെ പഠനങ്ങളാണ് പുസ്തകത്തിന്റെ മുഖ്യ ഉള്ളടക്കം. ശൈഖ് ഖറദാവിയുടെ ബാല്യവും വ്യക്തിജീവിതവും പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും കരുത്തുറ്റ രാഷ്ട്രീയ നിലപാടുകളും ഖറദാവി രചനകളുടെ സവിശേഷതകളും സുന്നത്തിനോടുള്ള സമീപനവും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

ഇ.എൻ ഇബ്റാഹീം മൗലവി, വി.എ കബീർ, വി.കെ അലി, കെ.എം അശ്റഫ് നീർക്കുന്നം, ഡോ. യൂസുഫ് ഹുസൈൻ അസ്ഹരി, ഡോ. ഇൽയാസ് മൗലവി, മുഹമ്മദ് ജാബിർ അലി ഹുദവി, അശ്റഫ് കീഴുപറമ്പ്, ഡോ. മുനീർ മുഹമ്മദ് റഫീഖ്, സൈനുൽ ആബിദീൻ ദാരിമി, ഡോ. തൻവീർ, ടി.പി ഹാമിദ്, സലീം കരിങ്ങനാട് തുടങ്ങിയവരുടെ ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ. അബ്ദുസ്സലാം അഹ്്മദാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. l

മാറ്റങ്ങളുടെ വേഗത്തിന് മാറ്റം വന്ന കാലമാണിത്. കണ്ണിമവെട്ടും വേഗത്തിലാണ് ചുറ്റുപാടുകൾ മാറിമറിയുന്നത്. അൽപനേരം സ്തംഭിച്ചു നിന്നാൽ നാം പിന്നിൽ വീണു പോകുന്നത്ര അതിവേഗതയിലാണ് കാലത്തിന്റെ സഞ്ചാരം. ഈ പുതിയ കാലത്ത് ഇടറിപ്പോകാതിരിക്കാൻ നമുക്ക് കരുത്ത് പകരുന്ന കൈപ്പുസ്തകമാണ് മെഹദ് മഖ്ബൂലിന്റെ 'സ്തംഭിച്ചു പോകാതിരിക്കാൻ ഒരു ആമുഖം.' ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെറ്റവേഴ്സുമടക്കം വരുത്തുന്ന മാറ്റങ്ങളും, മനുഷ്യരും അവരുണ്ടാക്കിയ കൂട്ടായ്മകളും സ്ഥാപനങ്ങളും ആ ലോകത്തിനനുസരിച്ച് മാറേണ്ട അനിവാര്യതയുമൊക്കെയാണ് പുസ്തകം ചർച്ച ചെയ്യുന്നത്.

വേഗത്തിലോടുന്ന
കാലം
ആ കാലത്തിന് പാകമായ മനുഷ്യൻ
പ്രസാധനം: കൂര ബുക്സ്
പേജ്: 80
വില: 125
Mob: 9995889472

മാറുന്ന കാലത്തെ പഠിക്കുകയെന്നാൽ മാറുന്ന തലമുറയെ പഠിക്കുകയാണ്. വിവിധ കാലങ്ങളിൽ ജനിച്ച തലമുറകളുടെ സവിശേഷതകളും സമീപന വൈവിധ്യങ്ങളും പുസ്തകം സവിസ്തരം രേഖപ്പെടുത്തുന്നു. 1980 മുതൽ 1996 വരെയുള്ള കാലത്ത് ജനിച്ച തലമുറയാണ് മില്ലേനിയൻസ്. ഫേസ്ബുക്ക് ഉണ്ടാക്കിയ മാർക്ക് സുക്കർബർഗിന്റെയും ഇൻസ്റ്റഗ്രാം ഉണ്ടാക്കിയ കെവിൻ സിസ്ട്രോമിന്റെയും തലമുറയാണിത്. എൺപതുകൾക്ക് മുമ്പ് ജനിച്ച മുതിർന്നവരെയും രണ്ടായിരത്തിന് ശേഷം ജനിച്ച പുതിയ തലമുറയെയും ഒരുപോലെ മനസ്സിലാക്കുന്നവരാണ് മില്ലേനിയൻസ്. 2048 വരെയുള്ള ലോകത്തെ നയിക്കുന്ന ജനറേഷൻ കൂടിയാണിത്. ഈ തലമുറയുടെ സവിശേഷതകളും രാഷ്ട്രീയാനുഭാവങ്ങളും നിലപാടുകളും സവിസ്തരം പുസ്തകം പ്രതിപാദിക്കുന്നു. 2010-ന് ശേഷം 2024 വരെ ജനിച്ചവരാണ് ആൽഫാ ജനറേഷൻ. ഈ തലമുറയുടെ സവിശേഷതകളും പുസ്തകത്തിന്റെ ഉള്ളടക്കമാണ്.

നിലവിൽ സമൂഹത്തെയും സംഘടനകളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന പഴയ തലമുറക്ക് നവ തലമുറയെ ഇപ്പോൾ മുതലേ അഡ്രസ്സ് ചെയ്തേ പറ്റൂ. അവർക്കു പറ്റിയ കലാലയ പാഠ്യപദ്ധതികളും സംഘടനാ ചട്ടക്കൂടുകളും തയാറാക്കിയാലേ നിലവിലുള്ളതിനെല്ലാം ഭാവിയുണ്ടാകൂ. അതിനാദ്യം അവരെന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റത്തിനൊപ്പം ജനറേഷനുകളുടെ സവിശേഷതകൾ കൂടി മനസ്സിലാക്കൽ ഒരു സാമൂഹിക അതിജീവന പാഠ്യപദ്ധതിയാണ്. ഈ കാലത്തെ നയിക്കുന്നവർ ഇതുൾക്കൊണ്ട് അതിവേഗതയിൽ മാറ്റങ്ങൾക്ക് തയാറാവണം. ഈ മാറ്റം മനസ്സിലായില്ലെങ്കിൽ, മാറിയേ പറ്റൂ എന്ന ബോധ്യമില്ലെങ്കിൽ കാലാവധി തീർന്ന മനുഷ്യരും കൂട്ടായ്മകളുമായി നാം ശുഷ്കിച്ചു പോകുമെന്നാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന ആശയം. l

കുട്ടികളുടെ അച്ചടക്കം മുതിർന്നവരുടെ എക്കാലത്തെയും ഒരു വലിയ വിഷയമാണ്. സ്വഭാവം, പെരുമാറ്റം, സംസാര രീതി, ശരീര ഭാഷ, ഇടപെടലുകൾ, പഠനത്തിലുള്ള ശ്രദ്ധ എന്നിവയിൽ കുട്ടികൾ ഉയർത്തിപ്പിടിക്കണമെന്ന് മുതിർന്നവർ വിശ്വസിക്കുന്ന മിതത്വത്തിന്റേതായ ഒരു സങ്കൽപമുണ്ട്. നിയതമായ ചില മാനദണ്ഡങ്ങൾ അതിന് മുതിർന്നവർ നിശ്ചയിച്ചുവെച്ചിട്ടുമുണ്ട്. കുട്ടികൾ ആ പരിധി വിടുമ്പോൾ നാമതിന് അച്ചടക്കരാഹിത്യം എന്നും ചിലപ്പോൾ അച്ചടക്ക ലംഘനമെന്നും മുദ്രകുത്തും.
എങ്ങനെയാണ് കുട്ടികളിൽ സ്വഭാവം രൂപപ്പെടുന്നത്, അല്ലെങ്കിൽ എങ്ങനെ അത് രൂപപ്പെടുത്താനാവും എന്ന് ലളിതമായി പറഞ്ഞുതരികയാണ് ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ 'നക്ഷത്രങ്ങളാണ് കുട്ടികൾ' എന്ന പുസ്തകം. രക്ഷിതാക്കളും അധ്യാപകരും മുതിർന്നവരുമാണ് കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിൽ നിർണായക പങ്കുവഹിക്കുന്നത്. അതിനാൽ, അവരെയാണ് ഈ പുസ്തകം അഭിസംബോധന ചെയ്യുന്നത്.
എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടികൾ മിടുക്കരും വിജയികളും ആകാനാണ്. ശിശുമനഃശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ മനസ്സിലാക്കാതെ കുട്ടികളുടെ ഭാവി ആസൂത്രണം ചെയ്യാൻ ശ്രമിച്ചാൽ ഈ ലക്ഷ്യം പൂർത്തീകരിക്കാനാവില്ല. കുട്ടികളെക്കുറിച്ച് തീർച്ചയായും നമുക്ക് നല്ല സ്വപ്നങ്ങൾ ഉണ്ടാകണം. ആ സ്വപ്നങ്ങൾ പക്ഷേ, കുട്ടികളുടെ അഭിരുചികൾ നമ്മുടെ മറ്റെന്തെങ്കിലും അഭിലാഷങ്ങളുമായി സംഘർഷപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. എല്ലാവർക്കും എല്ലാം നേടാനാകും എന്ന് നാം ധരിക്കരുത്. അവസരങ്ങൾ ഒരുക്കുക, ജീവിതാനുഭവങ്ങൾ നൽകുക എന്നതാണ് മുതിർന്നവരുടെ ധർമം. കുട്ടികൾ അവരുടെ നിയോഗം പോലെ എത്തേണ്ടിടത്ത് എത്തിക്കൊള്ളും. കുട്ടികൾക്ക് അവരുടെ കുട്ടിക്കാലത്ത് കിട്ടേണ്ടത് കിട്ടാതിരിക്കുമ്പോഴാണ് പലപ്പോഴും എത്തേണ്ടിടത്ത് എത്താൻ കഴിയാതെ പോകുന്നത്. പാരന്റിംഗും അധ്യാപനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും അധ്യാപകരും മുതിർന്നവരും മനസ്സിലാക്കേണ്ട ഇത്തരം കുറെ കാര്യങ്ങളാണ് ഈ പുസ്തകം ലളിതമായി പറയുന്നത്. ഒറ്റയടിക്ക് വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം ഗ്രന്ഥകർത്താവ് ക്രമീകരിച്ചിരിക്കുന്നത്.
രണ്ടോ മൂന്നോ പേജിൽ ഒതുങ്ങുന്ന ചെറു കുറിപ്പുകളാണ് ഓരോ അധ്യായവും. ദീർഘകാലം അധ്യാപകനും അധ്യാപക പരിശീലകനുമായ കുഞ്ഞുമുഹമ്മദ് പുലവത്ത് തന്റെ അനുഭവങ്ങൾ കൂടി കലർത്തി അവതരിപ്പിക്കുന്ന ശൈലിയാണ് പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്. അതിനാൽതന്നെ ഈ പുസ്തകത്തിന്റെ വായന താളാത്മകമായ ഒരു ഒഴുക്കായി അനുഭവപ്പെടും. l