ശമീര്‍ബാബു കൊടുവള്ളി എഴുതിയ 'വിശുദ്ധിയിലേക്കുള്ള ചിറകടികള്‍', പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യ ഹൃദയത്തില്‍ വിശുദ്ധിയുടെ വിത്തുകള്‍ വിതറുന്ന പുസ്തകമാണ്. ആത്മചൈതന്യത്തെ ത്രസിപ്പിക്കുന്നതാണ് കൃതിയിലെ വരികള്‍. അധ്യായത്തിന്റെ ഉള്ളടക്കത്തിലേക്കുള്ള സൂചിക നല്‍കുന്ന മഹദ്‌വചനത്തോടെയാണ് ഓരോ അധ്യായവും തുടങ്ങുന്നത്.
'സമര്‍പ്പണം' എന്ന തലക്കെട്ടിലുള്ള അധ്യായത്തോടെയാണ് പുസ്തകാരംഭം. 'സാഹോദര്യം' എന്ന അധ്യായത്തോടെ അവസാനിക്കുന്നു. ഇവയുള്‍പ്പെടെ ഇരുപ്പത്തിയൊന്ന് അധ്യായങ്ങളാണുള്ളത്. വിശ്വാസം, പ്രാര്‍ഥന, സുകൃതം, പ്രത്യാശ, സ്‌നേഹം, കാരുണ്യം, ഉദാരത എന്നിവ ചില അധ്യായങ്ങളാണ്. മനുഷ്യന്റെ ആന്തരികമായ ഏതാണ്ടെല്ലാ കാര്യങ്ങളെപ്പറ്റിയും പുസ്തകം പ്രതിപാദിക്കുന്നുണ്ട്.
ഇസ് ലാമിക അടിത്തറയില്‍ ഒരുക്കുമ്പോഴും, ഖുര്‍ആനും ഹദീസും ആധാരമാവുമ്പോഴും, മുസ്‌ലിം പണ്ഡിതരുടെയും ജ്ഞാനികളുടെയും വചനങ്ങള്‍ കടന്നുവരുമ്പോഴും അവയില്‍ മാത്രം പരിമിതപ്പെടുന്നില്ലെന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. ശ്രീബുദ്ധനും കങ്ഫ്യൂചിസും ലാവോത്സും ഗുരുനാനാക്കും വിവിധ സന്ദര്‍ഭങ്ങളിലായി വരുന്നു. സോക്രട്ടീസും മഹാത്മാ ഗാന്ധിയും ഖലീല്‍ ജിബ്രാനും ടോള്‍സ്റ്റോയിയും മറ്റും തങ്ങളുടെ ആപ്തവാക്യങ്ങളുമായി കൃതിയിലുടനീളം സഞ്ചരിക്കുന്നുണ്ട്. ബൈബിളും ഗീതയും ഗുരുഗ്രന്ഥസാഹിബും ഈ പുസ്തകത്തിലൂടെ വായനക്കാരനെ കൈപിടിച്ച് സല്‍പന്ഥാവിലേക്ക് നയിക്കുന്നു. ഉത്‍കൃഷ്ടമായ സ്വഭാവമായാണ് ഭഗവദ്ഗീത വിശ്വാസത്തെ കാണുന്നതെന്ന് പുസ്തകത്തില്‍ പറയുന്നു.
'നിശ്ചയം സംയമനത്തിനൊപ്പമാണ് വിജയം. വ്യാകുലതക്കൊപ്പമാണ് തുറസ്സ്. പ്രയാസത്തിനൊപ്പമാണ് എളുപ്പം' എന്ന ആഇദുല്‍ ഖര്‍നിയുടെ വാക്കോടെ തുടങ്ങുന്ന 'സംയമനം' എന്ന അധ്യായം മനോഹരമാണ്. സ്വബ്ർ എന്ന് അറബിയില്‍ പറയുന്ന സംയമനത്തെ സംബന്ധിച്ച് വളരെ വിശദമായിതന്നെ പ്രതിപാദിക്കുന്നുണ്ട്.
'സ്‌നേഹമെന്ന വികാരത്തിന് ചിറക് മുളക്കുമ്പോള്‍, ഏതു അണുകണവും സൂര്യചന്ദ്രന്മാരെ കീറിത്തുളച്ച് കടന്നുപോകും' എന്ന അല്ലാമാ ഇഖ്ബാലിന്റെ വാചകത്തോടെ തുടങ്ങുന്ന 'സ്‌നേഹം' എന്ന അധ്യായം, സൃഷ്ടികളിലെ ആന്തരിക ഊർജവും ആത്മീയ പ്രകാശവും ദൈവിക രഹസ്യവുമായി സ്‌നേഹത്തെ പരിചയപ്പെടുത്തുന്നു. l