അനുസ്മരണം

പ്രഫ. കൊക്കറണി കുഞ്ഞിമുഹമ്മദ് സാഹിബ് (76) നാഥനിലേക്ക് യാത്രയായി. ജീവിതത്തിലുടനീളം തഖ് വാ ബോധം കാത്തുസൂക്ഷിക്കുകയും ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്ത വ്യക്തിത്വമായിരുന്നു. വിനയം കൊണ്ട് ഹൃദയങ്ങളെ കീഴടക്കിയ സാത്വിക വ്യക്തിത്വം.

ഭൂമിയിലൂടെ നടക്കുന്ന ഇസ്ലാമിക പ്രസ്ഥാനം എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ സാധിക്കുക. പരിചയപ്പെടുന്ന ആരെയും അടുപ്പിച്ച് നിർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം. കക്ഷി - പക്ഷ ഭേദമന്യേ നാട്ടിലെ സാധാരണക്കാരുമായും നേതാക്കളുമായും ഒരുപോലെ ഇടപഴകി. പ്രായഭേദം കാണിക്കാതെ ഏവരേയും സ്നേഹിച്ചു.

യാഥാസ്ഥിതിക കുടുംബത്തിൽ പിറന്ന അദ്ദേഹം വണ്ടൂർ ഗവൺമെന്റ് ഹൈസ്കൂളിലും ഫറൂഖ് കോളേജിലും അലീഗഢ് മുസ് ലിം യൂനിവേഴ്സിറ്റിയിലുമായി ഉന്നത പഠനം പൂർത്തിയാക്കി 1975-ൽ കോളേജ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം, എറണാകുളം മഹാരാജാസ് കോളേജ്, പട്ടാമ്പി, കാസർകോട്, മലപ്പുറം ഗവൺമെന്റ് കോളേജ്, പെരിന്തൽമണ്ണ പി.ടി.എം ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിലും, ഇടക്കാലത്ത് 1981 മുതൽ 1984 വരെ നൈജീരിയയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ൽ ഹജ്ജ് കർമം നിർവഹിച്ചു.

നിറഞ്ഞ പുഞ്ചിരി, സൗമ്യമായ പെരുമാറ്റം, എല്ലാറ്റിലും കൃത്യനിഷ്ഠ, വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ ഏവരേയും ചേർത്തു പിടിച്ച് വിശേഷങ്ങൾ പങ്കുവെക്കൽ, പള്ളിയിൽ എന്നും മുൻനിരയിൽ തന്നെ ഇടം പിടിക്കുക, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം ഏവരുമായും ഹൃദ്യമായ സൗഹൃദബന്ധം കാത്തുസൂക്ഷിക്കുക ഇതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. സമൂഹത്തിൽ വീടു നിർമിക്കാൻ സ്ഥലമില്ലാതെ പ്രയാസപ്പെടുന്നവർക്ക് വീട് വെക്കുന്നതിനുവേണ്ടി വഖ്ഫായി അദ്ദേഹത്തിന്റെ ഒരു ഏക്കർ ഭൂമി ജമാഅത്ത് ഏരിയാ നേതൃത്വത്തെ ഏൽപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാടക കെട്ടിടങ്ങളിൽ ഒന്ന് മദ്റസക്കു വേണ്ടി അദ്ദേഹം നീക്കിവെച്ചു. നാട്ടിലെ ഏതൊരു സാമൂഹിക സാമ്പത്തിക പ്രവർത്തനത്തിലും മുൻപന്തിയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഹൽഖാ നാസിം, മസ്ജിദുൽ ഇസ്ലാഹ് ചെയർമാൻ, പെയിൻ ആന്റ് പാലിയേറ്റീവ് എക്സിക്യൂട്ടീവ് മെമ്പർ, വാണിയമ്പലം സകാത്ത് കമ്മിറ്റി പ്രസിഡന്റ്, അൽ മദ്റസത്തുൽ ഇസ്ലാമിയ വാണിയമ്പലം ചെയർമാൻ എന്ന നിലയിലെല്ലാം സേവനമനുഷ്ഠിച്ചു.

അറബി ഭാഷയിൽ വലിയ പാണ്ഡിത്യമുണ്ടായിരുന്നു. നിത്യേന വെളുപ്പിന് മൂന്നു മണിക്ക് ഉണർന്ന് തഹജ്ജുദ് നമസ്കാരം നിർവഹിച്ച് രോഗിയായ തന്റെ ഭാര്യക്ക് വേണ്ടിയുള്ള സകല സേവനങ്ങളും ചെയ്തുകഴിഞ്ഞാണ് ഫജ്ർ നമസ്കരിക്കാൻ അദ്ദേഹം പള്ളിയിൽ എത്താറുള്ളത്. മരണപ്പെട്ട അന്ന് രണ്ടാം ബലി പെരുന്നാൾ ദിനം മഗ്്രിബ് നമസ്കാരം കഴിഞ്ഞ് ഇശാ നമസ്കാരം വരെ പള്ളിയിൽ ഇരുന്ന് ഖുർആൻ പാരായണം ചെയ്ത്, ഇശാ കഴിഞ്ഞ് റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. സ്വുബ്ഹ് നമസ്കാരശേഷം പള്ളിയിലെ നിത്യേനയുള്ള ഖുർആൻ ദർസിൽ പങ്കെടുത്ത് 'ആയാത്തെ ദർസ്' ക്ലാസ് ഒരിക്കലും മുടക്കാത്ത അദ്ദേഹം ഭാര്യയുമൊത്ത് ക്ലാസ് ശ്രവിക്കാൻ പള്ളിയിൽനിന്ന് അതിവേഗത്തിൽ നടന്നുപോകുന്ന രംഗം ഇന്നും നീറ്റലോടെ മനസ്സിലുണ്ട്.

എല്ലാവരുടെയും മനസ്സിൽ ജീവിച്ച നേതാവായിരുന്നു പ്രഫസർ. അതിന്റെ തെളിവാണ് മരണവാർത്ത അറിഞ്ഞ് ഒഴുകിയെത്തിയ നൂറുകണക്കിന് ഇതര മതസ്ഥരായ ആളുകൾ. പലരും വിതുമ്പുന്നുണ്ടായിരുന്നു. അവരിൽ പലരും അദ്ദേഹത്തിന്റെ സഹായം ഒരിക്കലെങ്കിലും കൈപ്പറ്റിയവരായിരിക്കണം. ഉയർന്ന സാമ്പത്തിക ശേഷിയുണ്ടായിട്ടും വിലകുറഞ്ഞ വസ്ത്രങ്ങളും പാദരക്ഷയും ധരിച്ച് ജീവിച്ച ആ കർമയോഗിയുടെ വിയോഗം നാടിനും പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്.
ഭാര്യ: ഖദീജ പെരികഞ്ചിറ.
മുജീബ് റഹ്മാൻ വാണിയമ്പലം