പ്രഭാഷണം

വര്‍ത്തമാന കാല സാഹചര്യത്തില്‍ ഇത്തരത്തിലൊരു സമ്മേളനം സംഘടിപ്പിക്കുകയും അതിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്ത സംഘാടകര്‍ക്ക് നന്ദി. ഈ നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്നായി ഇവിടേക്കൊഴുകിയെത്തിയ ജനങ്ങള്‍ക്കും നന്ദി.
ഈ രാജ്യത്തെ വിവിധ ധാരകളില്‍പെട്ട മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ചും ആദരിച്ചും കഴിഞ്ഞുവന്ന വലിയൊരു പാരമ്പര്യം നമുക്കുണ്ട്. ഒരുപാട് കാലം ഈ രാജ്യം മുസ്്‌ലിം ഭരണാധികാരികളാല്‍ ഭരിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷം വന്ന ബ്രിട്ടീഷുകാര്‍ ഈ രാജ്യനിവാസികളോട് കടുത്ത അക്രമവും അനീതിയുമാണ് ചെയ്തത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ദീര്‍ഘകാലത്തെ പോരാട്ടങ്ങളിലൂടെ നാം സ്വാതന്ത്ര്യം നേടിയെടുത്തു. ശേഷം ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായൊരു രാജ്യമായി മുന്നോട്ട് പോകാന്‍ നാം ഒരുമിച്ച് തീരുമാനമെടുത്തു. ഇവിടത്തെ വിവിധ ജനവിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യമുണ്ടാകുമെന്ന് തീരുമാനിക്കപ്പെട്ടു. ഓരോ മത വിഭാഗത്തിനും അവരവരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാനും പരിപാലിക്കാനുമുള്ള അവകാശങ്ങള്‍ നല്‍കപ്പെട്ടു. എന്നാല്‍, ഏതൊരു ഭരണഘടനക്കും നിയമവ്യവസ്ഥക്കും അനുസൃതമായി മുന്നോട്ട് പോകാനാണോ രാജ്യം തീരുമാനിച്ചത് അതിനെ അട്ടിമറിക്കുന്ന പ്രവണതകളാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. സമാധാന കാംക്ഷികളായ മനുഷ്യരെ അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ പള്ളികളും മദ്‌റസകളും സുരക്ഷിതമല്ലാതായിരിക്കുന്നു. ഗ്യാന്‍വാപി മസ്ജിദിനെക്കുറിച്ചാണല്ലോ ഇന്ന് നാം ധാരാളമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്. അമ്പലം തകര്‍ത്താണ് അവിടെ പള്ളി പണിതിരിക്കുന്നതെന്ന പ്രചാരണങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമില്ല. ബനാറസിന്റെ പൗരാണിക ചരിത്രം വിവരിക്കുന്ന 'മുറഖഇ ബനാറസ്' എന്ന ചരിത്ര ഗ്രന്ഥത്തില്‍ പറയുന്നത് പ്രകാരം അക്ബര്‍ ചക്രവര്‍ത്തിക്ക് മുമ്പ് സുലൈമാന്‍ ജോൻപൂരി എന്നറിയപ്പെടുന്ന പണ്ഡിതനാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയത്. അതിന് ശേഷം അക്ബര്‍ ചക്രവര്‍ത്തി 'ദീനെ ഇലാഹി' ആശയത്തിന്റെ കേന്ദ്രമായി പള്ളിയെ നിശ്ചയിക്കുകയും നമസ്‌കാരമടക്കമുള്ള കാര്യങ്ങള്‍ അവിടെ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. മൂന്നാം ഘട്ടമാണ് ഔറംഗസീബിന്റേത്. അദ്ദേഹമാണ് നിലവിലുള്ള രൂപത്തില്‍ പള്ളി പുതുക്കിപ്പണിതത്.

നാലു ഭാഗത്തുനിന്നും പ്രവേശിക്കാവുന്ന രൂപത്തിലാണ് പള്ളി നിലനിന്നിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന അമ്പലം പുതുക്കിപ്പണിത സമയത്ത് പഴയ അമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ പള്ളിക്ക് ചുറ്റിലും പരന്നുകിടക്കുകയായിരുന്നു. ചില ഭാഗങ്ങള്‍ പള്ളിയുടെ നിലവറയിലും സൂക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് സര്‍വേ നടന്നപ്പോള്‍ ഈ ഭാഗങ്ങള്‍ കണ്ടെടുക്കപ്പെട്ടതാണ് അമ്പലം തകര്‍ത്താണ് പള്ളി പണിതതെന്ന വാദത്തിന് അവര്‍ തെളിവായി ഉയര്‍ത്തിക്കാണിച്ചത്. 1993 വരെ അവിടെ പൂജ നടന്നിരുന്നു എന്നാണിപ്പോള്‍ ചിലര്‍ പറയുന്നത്. ഞാന്‍ കാലമേറെയായി അവിടെ ജീവിച്ചുകൊണ്ടിരിക്കുന്നയാളാണ്. എനിക്ക് ഉറപ്പിച്ച് പറയാനാവും, അത്തരമൊരു പൂജയും പള്ളിയുടെ ഭാഗത്ത് നടന്നിട്ടില്ല. അവിടെയുള്ള സമാധാന കാംക്ഷികളായ ഇതര വിശ്വാസികളോട് ചോദിച്ചാല്‍ അവരും ഈ യാഥാര്‍ഥ്യത്തെ തുറന്ന് സമ്മതിക്കും.
രണ്ട് പ്രധാനപ്പെട്ട തെളിവുകളാണ് അവിടെ അമ്പലമുണ്ടായിരുന്നതായി വാദിക്കാന്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഒന്ന്, പള്ളിക്ക് അഭിമുഖമായി നില്‍ക്കുന്ന നന്ദിരൂപം (ശിവക്ഷേത്രങ്ങളില്‍ കോവിലിന് അഭിമുഖമായി സ്ഥാപിക്കപ്പെടുന്ന പശുവിന്റെ രൂപം). യഥാര്‍ഥത്തില്‍ 1830-ല്‍ നേപ്പാളിലെ രാജാവ് ബനാറസിലെ ഹിന്ദു ക്ഷേത്രത്തിന് നല്‍കിയ സമ്മാനമായിരുന്നു പ്രസ്തുത രൂപം. ബ്രിട്ടീഷുകാര്‍ അവരുടെ, ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം നടപ്പാക്കുന്നതിന്റെ ഭാഗമായി പരസ്പരം പ്രശ്‌നമുണ്ടാക്കാനായി പ്രസ്തുത രൂപത്തെ പള്ളിക്ക് അഭിമുഖമായി സ്ഥാപിക്കുകയാണ് ചെയ്തത്. അന്ന് മുസ്്‌ലിംകള്‍ അതെതിര്‍ത്തെങ്കിലും ബ്രിട്ടീഷുകാര്‍ എതിര്‍പ്പിനെ മറികടന്ന് അവിടെ സ്ഥാപിക്കുകയാണ് ചെയ്തത്. അത് ഇന്നും പള്ളിക്ക് അഭിമുഖായിട്ടാണ് നിലൊള്ളുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പള്ളിയുടെ സ്ഥാനത്ത് അമ്പലമുണ്ടായിരുന്നതായി അവര്‍ വാദിക്കുന്നത്.

മുഫ്തി അബ്ദുല്‍ ബാത്വിന്‍ നുഅ്മാനി

വുദൂഖാനയിലെ ജലധാര ശിവലിംഗമാണെന്നതാണ് മറ്റൊരു വ്യാജ പ്രചാരണം. പക്ഷേ, നിര്‍മിതികളില്‍ പലയിടത്തും കാണുന്ന ജലധാര ഗ്യാന്‍വാപി മസ്ജിദിലെ വുദൂഖാനയിലുമുണ്ട്. കുറേ കാലമായി അത് പ്രവര്‍ത്തന രഹിതമായിരുന്നു. പള്ളിക്കുള്ളിലെ സര്‍വേക്കിടയിലാണ് പ്രസ്തുത ജലധാര ശിവലിംഗമാണെന്ന രൂപത്തില്‍ പ്രചാരണങ്ങളുണ്ടാകുന്നത്. ഉടനെത്തന്നെ കോടതി ഇടപെട്ട് വുദൂഖാന സീല്‍ ചെയ്യുകയും ചെയ്തു. ജലധാരയാണെന്ന് തെളിയിക്കാനായി അത് പ്രവർത്തനക്ഷമമാക്കാന്‍ ഞങ്ങള്‍ തയാറായെങ്കിലും അതിന് അനുമതി ലഭിക്കാതെ സീല്‍ ചെയ്ത അവസ്ഥയില്‍ ഇന്നും തുടരുകയാണ്.

1936-ല്‍ പള്ളിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ട് ബനാറസ് സിവില്‍ കോര്‍ട്ടില്‍ സമര്‍പ്പിക്കപ്പെട്ട കേസില്‍ പള്ളി പൂര്‍ണമായും മുസ്ലിം ഹനഫി വഖ്ഫ് ആയി വിധി വന്നതാണ്. 1942-ല്‍ ഹൈക്കോടതിയിലും പ്രസ്തുത വിധി തന്നെ അംഗീകരിക്കപ്പെട്ടു. 1991-ലാണ് കുറച്ച് ഹൈന്ദവ വിശ്വാസികള്‍ കേസുമായി രംഗത്തെത്തുന്നത്. മുസ്ലിംകള്‍ പള്ളി പൊളിച്ച് പ്രസ്തുത സ്ഥലം അമ്പലം നിര്‍മിക്കാനായി വിട്ടുതരണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, പള്ളിയുടെ തല്‍സ്ഥിതി തുടരാനുള്ള ഓര്‍ഡര്‍ ഹൈക്കോടതി വഴി ഞങ്ങളന്ന് നേടിയെടുത്തു. പിന്നീട് 2018-ലാണ് ശിവഭക്തന്‍ എന്ന് സ്വയം പരിചയപ്പെടുത്തി, ഭഗവാന്റെ നിർദേശപ്രകാരം പള്ളിയില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുന്നത്. കോടതി സര്‍വേക്ക് അനുമതി നല്‍കി. അതിനെതിരെ ഞങ്ങള്‍ ഹൈക്കോടതിയില്‍ പോയെങ്കിലും കോടതി സര്‍വേ അനുമതി പിന്‍വലിച്ചില്ല. ശേഷം സുപ്രീം കോടതിയില്‍ കേസ് നല്‍കിയെങ്കിലും അവിടെ ഇതുവരെ കേസ് പരിഗണിച്ചിട്ടില്ല. 2021-ല്‍ നാല് വനിതാ ഭക്തര്‍ പള്ളിയില്‍ പൂജക്ക് അനുമതി തേടി കേസ് സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് എ.എസ്‌.ഐ സര്‍വേക്കുള്ള ഓര്‍ഡര്‍ നല്‍കുന്നത്. എ.എസ്.ഐ സര്‍വേ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതിയില്‍നിന്ന് ഏറ്റവും ഒടുവിലത്തെ വിധി വരുന്നത്. കഴിഞ്ഞ ജനുവരി 17-ന് ജില്ലാ മസ്ജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ചു. ജനുവരി 31-ന് ജില്ലാ ജഡ്ജി പള്ളിയുടെ നിലവറയില്‍ പൂജക്കുള്ള അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കി. അന്ന് ഈ ജഡ്ജി വിരമിക്കുന്ന ദിവസമായിരുന്നു.
ഏഴ് ദിവസം കഴിഞ്ഞ് പൂജ തുടങ്ങാമെന്നാണ് കോടതി പറഞ്ഞതെങ്കിലും അന്നു രാത്രി തന്നെ പുറത്തുനിന്ന് വിഗ്രഹം കൊണ്ടുവന്ന് നിലവറക്കുള്ളില്‍ സ്ഥാപിച്ച് ഹൈന്ദവ വിശ്വാസികള്‍ പൂജ തുടങ്ങി. പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് ഇതെല്ലാം നടക്കുന്നത്.

1991-ലെ ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെ ബാബരിക്ക് ശേഷം ഇനിയൊരു പള്ളിക്ക് നേരെയും അവകാശവാദങ്ങളുന്നയിച്ച് കൈയേറ്റം ചെയ്യാന്‍ സാധിക്കുകയില്ലെന്നായിരുന്നു നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍, അതെല്ലാം മിഥ്യാധാരണയാണെന്ന് നാമിപ്പോള്‍ മനസ്സിലാക്കുന്നു.
എന്നാല്‍, ഈ ഘട്ടത്തില്‍ ഞങ്ങളൊരിക്കലും നിരാശരാവുകയില്ല. ജനാധിപത്യത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി പോരാടാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും ഞാന്‍ ആവശ്യപ്പെടുകയാണ്. രാജ്യത്തിന്റെ നിലവിലെ അവസ്ഥയെ മാറ്റിയെടുക്കാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കും. ''നിങ്ങള്‍ ദുര്‍ബലരാവുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉത്തമന്മാര്‍'' (3:139). l
(ജമാഅത്തെ ഇസ്്ലാമി കോഴിക്കോട്ട് സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രഭാഷണം)
വിവ: സി.ടി സുഹൈബ്‌