കത്ത്‌

ബംഗ്ലാദേശിലെ പുതിയ സംഭവ വികാസങ്ങളെ കുറിച്ച് കെ.ടി കുഞ്ഞിക്കണ്ണന്റെ ഒരു വീഡിയോ ക്ലിപ്പ്‌ കണ്ടു. വൈരുധ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഭാഷണം 'ഭംഗിയായി' തന്നെ ടിയാൻ പറഞ്ഞുവെക്കുന്നുണ്ട്‌. ബംഗ്ലാദേശിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം ജമാഅത്തെ ഇസ്ലാമി എന്ന മതമൗലിക വാദ സംഘടനയാണത്രെ. കുഞ്ഞിക്കണ്ണൻ ഈ ജമാഅത്ത്‌ വിമർശനം വഴി ലക്ഷ്യം വെക്കുന്നത്‌ കേരളത്തിലെ യു.ഡി.എഫിനെയാണെന്നും വ്യക്തമാവും. ബംഗ്ലാദേശിൽ സാമൂഹിക ദ്രോഹികൾ നടത്തിയ തെരുവ്‌ കലാപങ്ങൾ മുഴുവനും ജമാഅത്തെ ഇസ്ലാമിയുടെ മേൽ കെട്ടിവെച്ച്‌ ജമാഅത്തെ ഇസ്ലാമി കൊടും ഭീകര സംഘമാണെന്ന് വരുത്തിത്തീർത്താൽ അടുത്ത്‌ നടക്കാനിരിക്കുന്ന പഞ്ചായത്ത്‌, നിയമസഭാ തെരഞ്ഞെടുപ്പിൽ അത്‌ യു.ഡി.എഫിനെതിരെ ഭംഗിയായി ഉപയോഗപ്പെടുത്താം എന്ന രാഷ്ട്രീയ ഗവേഷണത്തിന്റെ ഭാഗമാണ് കുഞ്ഞിക്കണ്ണൻ മുതൽ സി.പി.എം സൈബർ ചാവേറുകൾ വരെയുള്ളവരുടെ ഈ തിമർത്താടലുകൾ.

ശൈഖ്‌ ഹസീനയുടെ ജനാധിപത്യ വിരുദ്ധതയും ഏകാധിപത്യവും വരുത്തിവെച്ച വിനകൾ കുഞ്ഞിക്കണ്ണൻ വിശദീകരിക്കുന്നുണ്ട്. പക്ഷേ, അവരുടെ പതനത്തിന് അതൊന്നുമല്ല കാരണം, ജമാഅത്തെ ഇസ്ലാമിയാണ്! ഹസീനയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളോ, സ്വജനപക്ഷപാതമോ, മൂക്കറ്റം മുങ്ങിക്കുളിച്ച അഴിമതിയോ, സംവരണ വിരുദ്ധ സമരങ്ങളോ ഇതൊന്നും ഹസീനയുടെ പതനത്തിനുള്ള കാരണമായി ഈയാളുകൾ കാണുന്നില്ല. എല്ലാം ജമാഅത്തെ ഇസ്ലാമിയുടെ തലയിൽ കെട്ടിവെക്കുകയാണ്. എന്തൊരു വൈരുധ്യമാണ് ഇവരുടെ സംസാരങ്ങളിൽ. ഈ കടന്നാക്രമണങ്ങളിലൂടെ യു.ഡി.എഫിനെ ലക്ഷ്യം വെക്കുന്ന സി.പി.എം, അതിന്റെ ബെനിഫിറ്റ്‌ ലഭിക്കുന്നത്‌ ബി.ജെ.പിക്കാണെന്ന് മനസ്സിലാക്കുന്നുമില്ല. ബംഗ്ലാദേശിൽ തുടർന്നു വരുന്ന കലാപങ്ങൾ മുച്ചൂടും അവിടത്തെ ഹിന്ദു വിഭാഗങ്ങൾക്ക്‌ എതിരെയാണെന്ന സംഘ്‌ പരിവാർ പെരും നുണകളെ സപ്പോർട്ട്‌ ചെയ്യുന്ന വിടുവേലയാണ് സി.പി.എം ചെയ്യുന്നത്‌ എന്നവർ തിരിച്ചറിയുന്നില്ല.

ബംഗ്ലാദേശ്‌ ഇഷ്യൂ ശരിയായ വിധത്തിൽ സി.പി.എം ജനസമക്ഷം അവതരിപ്പിക്കാതെ തങ്ങളുടെ താൽക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെങ്കിൽ സി.പി.എമ്മിലെ ഹിന്ദു വോട്ടുകൾ ബി.ജെ.പിയിലേക്ക്‌ ഒഴുകുമെന്ന സത്യം എത്രയും വേഗം അവർ തിരിച്ചറിയുന്നുവോ അത്രയും അവർക്ക്‌ നന്ന്. ബംഗ്ലാദേശിൽ നടന്നുവരുന്ന അക്രമസംഭവങ്ങളിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർക്ക്‌ ഒരു പങ്കുമില്ലെന്ന യാഥാർഥ്യം വരുംദിവസങ്ങളിൽ ദേശീയ - അന്തർദേശീയ മാധ്യമങ്ങൾ തന്നെ പുറത്തു കൊണ്ടുവരും.
മുസ്തഫ കമാൽ, മുന്നിയൂർ 7558034059

മാഷാണ് ശരിയെന്ന് കാലം തെളിയിച്ചു

ഒരിക്കൽ ഞാൻ ഒരു ജമാഅത്ത്‌ പ്രവർത്തകന്റെ വീട്‌ സന്ദർശിച്ചപ്പോൾ അവിടെ ഒരു കാഴ്ച കണ്ടു‌. പ്രബോധനം വാരികയുടെ പഴയ കോപ്പികൾ ബൈൻഡ്‌ ചെയ്ത്‌ വെച്ചിരിക്കുന്നു. ഓരോ വർഷത്തെയും പ്രബോധനം ഓരോ ബുക്കായി അലമാരയിൽ അടുക്കിയിട്ടുണ്ട്. തുറന്നു നോക്കിയപ്പോൾ പ്രബോധനത്തിന്റെ ഓരോ കെട്ടിലും ആ വർഷത്തെ വിഷയത്തിന്റെ ഇൻഡക്സും തുടർച്ചയായ പേജ്‌ നമ്പറും കൊടുത്തിരിക്കുന്നു. ഇന്നത്തെക്കാൾ ചെറിയ രൂപത്തിലെ പ്രബോധനമായിരുന്നു അത്‌. പ്രബോധനം എത്ര കരുതലോടെയാണ്‌ ആളുകൾ സൂക്ഷിച്ചുവെക്കുന്നത്‌ എന്ന് അന്നാണ്‌ ഞാൻ മനസ്സിലാക്കിയത്‌. അതിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ടാവുമല്ലോ അങ്ങനെ ചെയ്യുന്നത്‌. പ്രബോധനം വായിക്കണമെന്ന ആഗ്രഹം മനസ്സിൽ ജനിപ്പിച്ചത് ആ കാഴ്ചയാണ്.

മറ്റൊരു സംഭവം ഓർമവരുന്നു. പറവൂർ പുതിയകാവ്‌ ഗവ. ഹൈസ്കൂളിലെ അറബി അധ്യാപകനായിരുന്നു എ.കെ അബ്ദുൽ ഖാദർ മാസ്റ്റർ. ഒരു മഴക്കാലത്ത്‌ കുടചൂടി സൈക്കിളിൽ അദ്ദേഹം സ്കൂളിലേക്ക് പോവുകയാണ്. എതിരെ വന്ന ബസ്സിന്റെ കാറ്റും റോഡിന്റെ ഇടുക്കവും കാരണം കുട പറന്നു. സൈക്കിൾ വേഗം നിർത്തി. സൈക്കിളിന്റെ മുന്നിലെത്തിയിരുന്ന എന്നോടു ചോദിച്ചു, എന്തെങ്കിലും പറ്റിയോ? ഇല്ലെന്ന് ഞാൻ മറുപടി നൽകി. ‌ പേരും ഊരും അന്വേഷിക്കുകയും ആ ബന്ധം പിന്നീട് വളരുകയും ചെയ്തു.

അക്കാലത്ത്‌ ഞാൻ പത്താം ക്ലാസ്‌ പാസായെങ്കിലും കോളേജിൽ അഡ്മിഷൻ കിട്ടിയിരുന്നില്ല. ആ അധ്യാപകൻ അദ്ദേഹത്തിന്റെ വീടിനടുത്ത്‌ വിദ്യാർഥികൾക്ക്‌ 'അഫ്ദലുൽ ഉലമ അറബിക്‌ എൻട്രൻസ്'‌ പഠിപ്പിക്കുന്നുണ്ടന്നും അതിൽ ചേർന്നാൽ എൽ.പി സ്കൂളിൽ അറബി‌ അധ്യാപകനാവാൻ യോഗ്യനാകുമെന്നും അറിയിച്ചു. അറബി ഒന്നും അറിയാത്ത എന്നെ അറബി പഠിപ്പിച്ചതും പരീക്ഷയിൽ പാസാകാൻ യോഗ്യനാക്കിയതും പിന്നീട്‌ പ്രസ്ഥാനത്തിലേക്ക്‌ അടുപ്പിച്ചതുമെല്ലാം അബ്ദുൽ ഖാദർ മാസ്റ്ററായിരുന്നുവെന്ന കാര്യം കൃതഞ്ജതയോടെ സ്മരിക്കുന്നു.
ഇതിനിടയിലായിരുന്നു അദ്ദേഹം 'ഖുത്തുബാത്തും, 'രക്ഷാസരണി'യുമെല്ലാം വായിക്കാൻ തന്നിരുന്നത്‌. വായിച്ച പുസ്തകത്തെ സംബന്ധിച്ച്‌ ഇടക്കിടെ അന്വേഷിക്കുമായിരുന്നു. പ്രബോധനം അദ്ദേഹം വായിച്ച ശേഷം എനിക്ക്‌ വായിക്കാൻ തരുമായിരുന്നു. ചിലപ്പോൾ പ്രത്യേക വിഷയം കാണിച്ച്‌ അത്‌ വായിക്കണമെന്ന് പറയുമായിരുന്നു.

അന്ന് പ്രബോധനത്തിൽ വന്നിരുന്ന 'മുജീബി'ന്റെ ചോദ്യോത്തര പംക്തിയാണ്‌ ആദ്യം വായിച്ചിരുന്നത്‌. ലോക ഇസ്‌ലാമിക ചലനങ്ങളെ കുറിച്ച ചർച്ചയും അതിലുണ്ടായിരുന്നു. ഇസ്‌ലാമിക ചരിത്ര സംഭവങ്ങളും നല്ല വായനാനുഭവമായിരുന്നു. ‌പ്രബോധനം വായന മാത്രമല്ല, വായനാ സംസ്കാരം തന്നെ‌ എന്നിൽ വളർത്തിയെടുക്കാനാണ് മാഷ് ശ്രമിച്ചത്‌. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ഞാൻ മാഷിന്റെ പുരോഗമന കാഴ്ചപ്പാടിനോട്‌ കുറെക്കാലം അകലം പാലിച്ചു നിന്നെങ്കിലും ‌ അദ്ദേഹമാണ് ശരിയെന്ന് പിന്നീട് എനിക്ക്‌ ബോധ്യപ്പെട്ടു. ഇപ്പോൾ പ്രബോധനം സ്ഥിരമായി വായിക്കാൻ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.
ഷംസുദ്ദീൻ മാവേലിൽ, പറവൂർ 9847345813

കേഴുക പ്രിയ നാടേ!

മാസങ്ങളോളം നീണ്ടുനിന്ന പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ക്ക് ശേഷം ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചെന്റിന്റെയും വിവാഹം മുംബൈയില്‍ നടന്നു. മുംബൈയില്‍ 27 നിലകളിലായി സമാനതകളില്ലാത്ത സൗകര്യങ്ങളോടെയുള്ള അംബാനിയുടെ 'ആന്റിലിയ' എന്ന വീടു വരെ വിവാഹാഘോഷ പരിപാടികളെ വര്‍ണിച്ചുകൊണ്ട് വിവാഹത്തെ ഒരു ദേശീയാഘോഷമാക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. 4000 മുതല്‍ 5000 കോടി വരെ ഈ വിവാഹധൂര്‍ത്തിന് പൊടിപൊടിച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത. ഇന്ത്യന്‍ വിവാഹ മേഖലയില്‍ പുതു ചരിത്രമെഴുതിയ വിവാഹം എന്ന് ചില മാധ്യമങ്ങള്‍ അച്ച് നിരത്തുകയുണ്ടായി. രാജ്യത്ത് കൊടികുത്തി വാഴുന്ന വിലക്കയറ്റമോ, കടക്കെണിയില്‍ പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതോ നമ്മുടെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല!

അംബാനിയുടെ ആകെ സമ്പത്ത് 118 ബില്യന്‍ ഡോളര്‍! അംബാനിയും അദാനിയും മറ്റു 197 ശത കോടീശ്വരന്‍മാരും ചേര്‍ന്ന് അനുഭവിക്കുന്നത് 974 ബില്യന്‍ ഡോളറിന്റെ സമ്പത്ത്. ഇവരുടെയൊക്കെ സമ്പത്ത് കുതിച്ചു കയറാന്‍, 2014 മുതല്‍ മോദി സര്‍ക്കാര്‍ അവര്‍ക്ക് വന്‍ നികുതിയിളവുകള്‍ നല്‍കുകയും കടം എഴുതിത്തള്ളുകയും ചെയ്യുന്നു. ഇടത്തരക്കാര്‍ കനത്ത നികുതി ഭാരംകൊണ്ട് ശ്വാസം മുട്ടുമ്പോള്‍, കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ ശത കോടീശ്വരന്മാരുടെ അക്കൗണ്ടിലെത്തിയത് രണ്ടു ലക്ഷം കോടിയാണ്. അതി സമ്പന്നരായ ഒരു ശതമാനത്തിന്റെ കൈവശമാണ് മൊത്തം ദേശീയ ആസ്തിയുടെ 39.5 ശതമാനവും. ദരിദ്ര പരിഷകള്‍ മിനിമം വേതനം നേടാനും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും ലഭ്യമാവാനും പാടുപെടുമ്പോള്‍ ഏതാനും അതി സമ്പന്നരുടെ സമ്പത്ത് ദ്രുതഗതിയില്‍ കുതിച്ചുയരുകയാണ്.

രാജ്യത്തിന്റെ ഭരണച്ചെങ്കോല്‍ പിടിക്കുന്നത് ആരായിരുന്നാലും മഹാ ഭൂരിപക്ഷം വരുന്ന ദരിദ്ര ജനകോടികളെ നിഷ്‌കരുണം അവഗണിച്ചുകൊണ്ടും അവരുടെ അവശതകള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ടും കോര്‍പറേറ്റ് ഭീമന്‍മാരുടെ താല്‍പര്യ സംരക്ഷണാര്‍ഥമുള്ള പരിപാടികളുമായി മുന്നോട്ടു നീങ്ങുന്നതില്‍നിന്ന് ഭരണകൂടം പിന്തിരിയാന്‍ പോവുന്നില്ല. നിസ്സഹായരും നിരാലംബരുമായ ദരിദ്ര ജനകോടികള്‍, കേഴുക പ്രിയ നാടേ എന്ന് വിലപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്?!
റഹ്മാന്‍ മധുരക്കുഴി