മുഹമ്മദിന്റെ കാര്യത്തില്‍ ചില ഉറച്ച തീരുമാനങ്ങളെടുക്കാന്‍ മക്കയിലെ താഗൂത്തുകള്‍ ദാറുന്നദ് വയില്‍ ഒരുമിച്ചുകൂടിയിരിക്കുകയാണ്. മുഹമ്മദിന്റെ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് കാരാഗൃഹത്തില്‍ തള്ളുക. ആഹാരം നല്‍കാം. മരണം വരെ അങ്ങനെ ജയിലില്‍ കിടക്കട്ടെ. മക്കയില്‍നിന്ന് നാടുകടത്തുകയാണ് നല്ലതെന്ന് മറ്റു ചിലര്‍. ഈ രണ്ട് അഭിപ്രായങ്ങളും പ്രയോജനമില്ലെന്നു കണ്ട് തള്ളപ്പെട്ടു. അബൂ ജഹ് ല്‍ പ്രകടിപ്പിച്ച അഭിപ്രായമാണ് സര്‍വര്‍ക്കും സ്വീകാര്യമായത്. അബൂ ജഹ് ല്‍: ''ഓരോ ഖുറൈശി കുടുംബത്തില്‍നിന്ന് ഓരോ കരുത്തുറ്റ യുവാവിനെ തെരഞ്ഞെടുക്കുക. ഓരോ യുവാവിനും വാള്‍ നല്‍കുക. എല്ലാവരും വീട് വളഞ്ഞ്, പുറത്തിറങ്ങുന്ന മുഹമ്മദിനെ ഒറ്റ വെട്ട്. കഥ കഴിയും. കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്വം എല്ലാ ഗോത്രത്തിനുമായിരിക്കും. മുഹമ്മദിന്റെ ബനൂഹാശിം കുടുംബത്തിന് സര്‍വ ഗോത്രങ്ങളോടും പകരം ചോദിക്കാന്‍ കഴിയില്ല. ദിയാധനമാണ് ഇനി അവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശമെങ്കില്‍ അത് നമുക്കൊന്നായി നല്‍കുകയും ചെയ്യാം.'' തങ്ങളെ അലട്ടിയ സങ്കീര്‍ണ പ്രശ്‌നത്തിന് ഗൂഢാലോചനക്കാര്‍ കണ്ടെത്തിയ പരിഹാരമാണിത്. ഈ ഗൂഢാലോചന ഖുര്‍ആന്‍ തുറന്നുകാട്ടി: ''നിന്നെ തടവിലാക്കുകയോ വധിച്ചുകളയുകയോ നാടു കടത്തുകയോ ചെയ്യുന്നതിനു വേണ്ടി സത്യവിരോധികള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭവും അനുസ്മരണീയമാകുന്നു. അവര്‍ സ്വന്തം തന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അല്ലാഹുവോ അവന്റെ തന്ത്രവും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്ത്രം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ഥന്‍ അല്ലാഹു വാകുന്നു'' (അല്‍ അന്‍ഫാല്‍ 30). ഖുറൈശിക്കൂട്ടത്തിന്റെ തീരുമാനം രഹസ്യ യോഗത്തിലായിരുന്നില്ല; ദാറുന്നദ്‌വയിലെ പൊതുയോഗത്തിലായിരുന്നു.
റസൂല്‍ ഈ വിവരം അറിയുക സ്വാഭാവികം. മക്കയില്‍ തന്റെ സ്ഥിതിയെന്താകുമെന്ന് അദ്ദേഹത്തിന് മനസ്സിലായി. അവര്‍ തീരുമാനം നടപ്പാക്കും. പിന്നെ തന്റെ ശരീരം വിഗ്രഹങ്ങള്‍ക്ക് നിവേദ്യമായി സമര്‍പ്പിക്കും. തന്റെ അനുചരന്മാരെ യസ് രിബിലേക്ക് പറഞ്ഞയച്ച് തനിക്കിവിടെ മക്കയില്‍ തന്നെ കഴിയാമെന്നല്ല മുഹമ്മദ് തീരുമാനിച്ചത്. മുസ്്‌ലിംകള്‍ യസ് രിബിലേക്ക് പോയിക്കഴിഞ്ഞപ്പോൾ, തനിക്കും യസ് രിബിലേക്ക് ഹിജ്‌റ പോകുന്നതിനുള്ള പദ്ധതിയുടെ ആസൂത്രണത്തില്‍ മുഴുകി റസൂല്‍. നബിപത്‌നി ആഇശയില്‍നിന്ന് ഉര്‍വ ഉദ്ധരിച്ചത് സുഹ് രി റിപ്പോര്‍ട്ട് ചെയ്യുന്നു: ''മക്കയിലായിരുന്നപ്പോള്‍ റസൂല്‍ മുസ്്‌ലിംകളോട് പറഞ്ഞു: നിങ്ങള്‍ ഹിജ്‌റ പോകുന്ന സ്ഥലം എനിക്ക് ഒരു തിരശ്ശീലയില്‍ കാണിക്കപ്പെട്ടു-അതായത് യസ് രിബ്-രണ്ട് കൂറ്റന്‍ പര്‍വതങ്ങള്‍ക്കിടയിലെ താഴ് വരയാണത്. ഈ കൂറ്റന്‍ മലകളുടെ അടിവാരങ്ങളില്‍ ചെറു കുന്നുകളുമുണ്ട്'' (ബുഖാരി).
റസൂലിന്റെ വാക്കുകൾ കേട്ട മുസ്്ലിംകൾ യസ് രിബിലേക്ക് പ്രയാണമാരംഭിച്ചു. ഹബ്ശ(എത്യോപ്യ)യിലേക്ക് അഭയം തേടിപ്പോയവരും യസ് രിബ് ലക്ഷ്യമാക്കി നീങ്ങി. മക്ക വിട്ട് മദീനയിലേക്ക് പോകാനുറച്ച റസൂലിന്റെ ഹൃദയത്തിലും നാവിലും ഒരു പ്രാര്‍ഥനാ വാചകം വഹ് യായി വന്നു: ''പ്രാര്‍ഥിക്കുക: നാഥാ, എന്നെ നീ എങ്ങോട്ട് കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടുപോകേണമേ! എവിടെ നിന്ന് പുറപ്പെടുവിക്കുകയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ! നിന്നില്‍നിന്നുള്ള ഒരു അധികാര ശക്തിയെ എനിക്ക് തുണയാക്കിത്തരികയും ചെയ്യേണമേ!'' (അല്‍ ഇസ്റാഅ് 80). പ്രബോധന ജീവിതപാതയില്‍ കഠിന കഠോര പരീക്ഷണങ്ങള്‍ക്ക് വിധേയനായ മുഹമ്മദിനെക്കാള്‍ അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹനും യോഗ്യനുമായ ഒരാളെ നമുക്ക് ചൂണ്ടിക്കാട്ടാനാവില്ല. അതോടൊപ്പം, അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹനാവുക എന്നതിനര്‍ഥം, തന്റെ കടമയിലും സംവിധാനവും സൗകര്യവും ഒരുക്കുന്നതിലും ഒരു അണുമണിത്തൂക്കമെങ്കിലും വീഴ്ച വരുത്തുക എന്നല്ല. റസൂല്‍ തന്റെ ഹിജ്‌റക്ക് കൃത്യവും ഭദ്രവുമായ പദ്ധതി ആവിഷ്‌കരിച്ചു. 'ആക്്ഷന്‍ പ്ലാന്‍' തയാറാക്കി. 'വരുംപോലെ വരട്ടെ, അപ്പോള്‍ കാണാം' എന്ന നിരുത്തരവാദ സമീപനത്തിന് ആ ജീവിതത്തില്‍ ഇടമില്ലായിരുന്നു. ഇങ്ങനെ വേണം വിശ്വാസികള്‍. തന്റെ ദൗത്യം വിജയിക്കാനാവശ്യമായ എല്ലാ ഉപാധികളും പൂര്‍ത്തിയാക്കുക. അതിനു ശേഷം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുക, ഭരമേല്‍പിക്കുക. ദൗത്യം വിജയിപ്പിക്കുന്നത് അല്ലാഹുവാകുന്നു. അവന് മാത്രമേ അത് കഴിയൂ. തനിക്ക് സാധ്യമായ മുന്നൊരുക്കങ്ങളും കര്‍മങ്ങളും എല്ലാം ചെയ്തു തീര്‍ത്തിട്ട് പിന്നെയും പരാജയം നേരിട്ടുവെന്നിരിക്കട്ടെ, അതിന്റെ പേരില്‍ അല്ലാഹു അയാളെ കുറ്റപ്പെടുത്തുകയില്ല. അത്തരം തോല്‍വികള്‍ നിയന്ത്രണാതീതമായ സാഹചര്യങ്ങള്‍കൊണ്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ. ദൗത്യ വിജയത്തിനാവശ്യമായ ക്രമീകരണങ്ങളെല്ലാം നല്ല നിലയില്‍ ചെയ്താല്‍ അല്ലാഹുവിന്റെ സഹായം വരിക തന്നെ ചെയ്യും. അനേക ഫലം കൊയ്യുന്ന വിജയം സംഭവിച്ചേ മതിയാവൂ.
കാറ്റിന്റെ ഗതിയും തിരയിളക്കവും നന്നായറിയുന്ന സമര്‍ഥനായ നാവികന് കപ്പലിനെ ഉദ്ദേശിച്ചതിലും നേരത്തെ ഉദ്ദിഷ്ട സ്ഥാനത്ത് എത്തിക്കാന്‍ കഴിയും. മക്കയില്‍നിന്ന് മദീനയിലേക്കുള്ള നബിയുടെ ഹിജ്‌റ ഈവിധമായിരുന്നു. നബി, അലിയെയും അബൂബക്‌റിനെയും മക്കയില്‍ തന്നെ തടഞ്ഞുനിര്‍ത്തി. മറ്റുള്ള മുസ്്‌ലിംകള്‍ക്കെല്ലാം മദീനയിലേക്ക് പോകാന്‍ അനുമതി നല്‍കി.
കൃത്യമായ ആസൂത്രണം
ഹിജ്‌റക്ക് അനുവാദം ചോദിച്ച അബൂബക്‌റിനോട് റസൂല്‍: ''തിരക്ക് കൂട്ടേണ്ട. താങ്കള്‍ക്ക് അല്ലാഹു ഒരു കൂട്ടുകാരനെ നിശ്ചയിച്ചുതന്നേക്കാം.'' തന്നെക്കുറിച്ചാണ് നബിയുടെ സൂചനയെന്ന് അബൂബക് ര്‍ മനസ്സില്‍ കുറിച്ചിട്ടു. അലിക്കാവട്ടെ ഈ സന്ദിഗ്ധ ഘട്ടത്തില്‍ ചെയ്തുതീര്‍ക്കേണ്ട മറ്റൊരു ചുമതല നബി മനസ്സില്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു. ആഇശയുടെ ഓര്‍മകള്‍ ഉര്‍വയുമായി പങ്കിട്ടത് ഇബ്‌നു ഇസ്ഹാഖ് ഉദ്ധരിക്കുന്നു: ''പകലിന്റെ രണ്ടറ്റങ്ങളില്‍ - രാവിലെയാവാം, വൈകിട്ടാവാം- റസൂല്‍ പതിവായി അബൂബക്‌റിന്റെ വസതിയില്‍ വരാറുണ്ട്. ഹിജ്‌റക്ക് അനുവാദം നല്‍കി, മക്ക വിട്ടുപോകാന്‍ അല്ലാഹു നിര്‍ദേശം നല്‍കിയ ദിവസം. പതിവില്ലാത്ത നേരത്ത് നബി വീട്ടില്‍ വന്നു. നബിയെ കണ്ട അബൂബക് ര്‍ ആത്മഗതം ചെയ്തു. പുതുതായെന്തോ സംഭവിച്ചതിനാലായിരിക്കണം നബിയുടെ അസമയത്തുള്ള ഈ വരവ്; നബി വന്നപ്പോള്‍ അബൂബക് ര്‍ നബിക്ക് കൂടി ഇരിക്കാനായി കട്ടിലില്‍ അല്‍പം നീങ്ങിയിരുന്നു. ഞാനും എന്റെ സഹോദരി അസ്മാഉം മാത്രമേ അവിടെയുള്ളൂ. നബി: ''അവരെ പുറത്ത് നിര്‍ത്തൂ.'' അബൂബക് ര്‍: 'അതിനെന്താണ് റസൂലേ! അവര്‍ ഇരുവരും എന്റെ രണ്ട് മക്കളല്ലേ?'
നബി: 'മക്ക വിട്ട്, ഹിജ്‌റ പോകാന്‍ അല്ലാഹു എനിക്ക് അനുമതി തന്നിരിക്കുന്നു.'
അബൂബക് ര്‍: 'റസൂലേ, അപ്പോള്‍ ആരാണ് അങ്ങയോടൊപ്പം കൂട്ട്?'
നബി: 'താങ്കള്‍ തന്നെ.'
ആഇശ: 'സന്തോഷത്താല്‍ അബൂബക് ര്‍ അന്ന് കരഞ്ഞതു പോലെ ആരെങ്കിലും ആവിധം കരഞ്ഞതായി ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല.'
പിന്നീട് അബൂബക് ര്‍: 'നബിയേ, ഈ രണ്ട് ഒട്ടകങ്ങളെ നമുക്കായി ഞാന്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉറൈഖിനെ-അവിശ്വാസിയാണ്- നമുക്ക് വഴികാണിച്ചുതരാന്‍ പ്രതിഫലം നല്‍കി കൂടെ കൂട്ടാം.' നബിയുടെ പുറപ്പാടിനെ കുറിച്ച് അബൂബക്‌റും അലിയും അല്ലാതെ മറ്റാരും അറിഞ്ഞില്ല. മക്കയിലെ ജനങ്ങള്‍ സൂക്ഷിക്കാനായി നബിയെ ഏല്‍പിച്ച വസ്തുവകകള്‍ അവര്‍ക്ക് തിരിച്ചേല്‍പിക്കാനുള്ള ചുമതല അലിക്ക് നല്‍കി. നബിയുടെ സത്യസന്ധതയും വിശ്വസ്തതയും ശരിക്കറിയാവുന്ന മക്കക്കാര്‍ വിലപിടിപ്പുള്ള പല ദ്രവ്യങ്ങളും സൂക്ഷിക്കാന്‍ നബിയെ ഏല്‍പിച്ചിരുന്നു.
ഇവിടെ ചില വസ്തുതകള്‍ നമ്മുടെ പഠനത്തിന് വിഷയമാവണം. നബി തന്റെ യാത്രാ രഹസ്യങ്ങള്‍ മറച്ചുവെച്ചു. വളരെ അടുത്ത ബന്ധമുള്ളവരോട് മാത്രമേ വെളിപ്പെടുത്തിയുള്ളൂ. ഓരോരുത്തര്‍ക്കും ഏല്‍പിക്കപ്പെട്ട ചുമതലകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് നല്‍കിയത്. മരുഭൂ വഴികളെക്കുറിച്ച അഭിജ്ഞനെ പ്രതിഫലം നല്‍കി കൂടെക്കൂട്ടി. മുശ് രിക്കായിരുന്നു വഴികാട്ടി. നൈപുണിയും കാര്യപ്രാപ്തിയുമായിരുന്നു ഈ തെരഞ്ഞെടുപ്പിന് മാനദണ്ഡം. ഈ ഗുണങ്ങള്‍ മേളിച്ചാല്‍- അയാള്‍ ബഹുദൈവാരാധകനായാല്‍ പോലും ആ കഴിവുകള്‍ ഉപയോഗപ്പെടുത്താമെന്നായിരുന്നു നബിയുടെ മതം. ആസൂത്രണത്തില്‍ പ്രായോഗികതക്കും വിശാല കാഴ്ചപ്പാടിനും ഊന്നല്‍ നല്‍കിയ നബി, തനിക്കുള്ള ഒട്ടകത്തിന്റെ വില താന്‍ നല്‍കുമെന്ന് ശഠിച്ചു. അബൂബക്‌റിന്റെ സൗമനസ്യം നന്ദിപൂര്‍വം നബി നിരസിച്ചു. കാരണം, ഹിജ്‌റക്ക് വേണ്ടിയുള്ള ധനവ്യയം ഉത്സാഹപൂര്‍വം ചെയ്യേണ്ട ഒരുതരം ഇബാദത്താണെന്ന് നബി കരുതി. അത് മറ്റൊരാള്‍ തനിക്കു വേണ്ടി ചെയ്താല്‍ മതിയാവില്ല. പുറപ്പാടിന്റെ വിശദാംശങ്ങളെക്കുറിച്ച് നബി, അബൂബക്‌റുമായി ധാരണയിലെത്തി. തങ്ങേണ്ട ഗുഹ അവര്‍ തെരഞ്ഞെടുത്തു. അന്വേഷകരെ വഴിതെറ്റിക്കാന്‍ യമനിലേക്ക് പോകുന്ന ദക്ഷിണ പാതയാണ് തെരഞ്ഞെടുത്തത്. ഗുഹയിലെ താമസവേളയില്‍ തങ്ങളുമായി ബന്ധപ്പെടേണ്ട ആളുകളെ നിര്‍ണയിച്ചു. മക്കയിലെ വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിച്ചുനല്‍കാന്‍ ആട്ടിടയന്‍ ആമിറുബ്‌നു ഫുഹൈറയും അബൂബക്‌റിന്റെ മകന്‍ അബ്ദുല്ലയും. ഭക്ഷണമൊരുക്കാനും എത്തിക്കാനും ആഇശയും അസ്മാഉം. ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍ണയിച്ചു നല്‍കി.
അനന്തരം റസൂല്‍ വീട്ടിലേക്ക് മടങ്ങി. തന്റെ വീട് വളയാന്‍ ഖുറൈശികള്‍ യുവാക്കളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നബി മനസ്സിലാക്കി. നബിയെ വധിക്കാന്‍ വിവിധ ഗോത്രങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ ഇരുളിന്റെ മറവില്‍ നബിവസതി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു.
താന്‍ ഉപയോഗിക്കുന്ന പുതപ്പ് പുതച്ച് തന്റെ കട്ടിലില്‍ കിടക്കാന്‍ നബി അലിയെ ചട്ടം കെട്ടി. രാത്രിയിലെ കൂരിരുട്ടില്‍, പാറാവുകാരുടെ അശ്രദ്ധ മുതലെടുത്ത്, റസൂല്‍ തന്റെ വീട്ടില്‍നിന്ന് മെല്ലെ പുറത്തു കടന്ന് അബൂബക്‌റിന്റെ വീട്ടിലെത്തി. വാതിലിന്റെ വിടവിലൂടെ അരിച്ചെത്തിയ നേരിയ വെട്ടത്തില്‍ ഇരുവരും 'സൗര്‍' ഗുഹയെ ലക്ഷ്യമാക്കി നീങ്ങി.
അന്ത്യപ്രവാചകന്റെ മഹത്തായ ദൗത്യത്തിന് കരുതലും കാവലും നല്‍കിയ ഗുഹയാണ് 'സൗര്‍'. ആ സൗകര്യം ഏര്‍പ്പെടുത്തിയവന്‍ പ്രപഞ്ചനാഥനായ അല്ലാഹു. നവീനമായ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും സ്രഷ്ടാവായ മുഹമ്മദിന്, ഒരു വിഘ്‌നവും വരാതെ സൗര്‍ ഗുഹ സുരക്ഷിത ഗേഹമൊരുക്കി. നിശ്ശബ്ദതയുടെയും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ഭീതിദ നിമിഷങ്ങള്‍ സൗര്‍ ഗുഹയെ പുണര്‍ന്നു. കരുത്തുറ്റ വിശ്വാസത്തിന്റെ നിറവെളിച്ചമായിരുന്നു 'സൗറി'ല്‍.
('ഫിഖ്ഹുസ്സീറ' എന്ന കൃതിയിൽ നിന്ന്)
വിവ: പി.കെ ജമാല്‍