പൊള്ളുന്ന വേനൽ ചൂടിന്
ശമനമായി ഇന്നലെ രാത്രി
കുളിർമഴ പെയ്തു.
ഹിന്ദുവിനും മുസൽമാനും
ക്രിസ്ത്യാനിക്കും
ഇടത്-വലത് പക്ഷക്കാർക്കുമെല്ലാം
തുല്യമായ അളവിൽ തന്നെ
മഴ കിട്ടി.
തൊലിനിറമോ, കുലമോ, ബലമോ നോക്കിയില്ല
നാസ്തികനെന്നോ
ആസ്തികനെന്നോ
ആധിപൂണ്ടില്ല.
ബി.പി.എല്ലെന്നോ
എ.പി.എല്ലെന്നോ വകതിരിച്ചില്ല.
സ്ത്രീയെന്നോ പുരുഷനെന്നോ
ഭേദചിന്തയില്ല.
ചര രാശിയെന്നോ
അചര രാശിയെന്നോ
ഏറ്റക്കുറച്ചിലില്ല.
പ്രകൃതിയുടെ സമഭാവന.
ഒരേ ആകാശ മേലാപ്പിനു കീഴിൽ
ഒരേ ഭൂമിയിൽ
ഒരേ വായു ശ്വസിച്ച്
ഒരേ വേനൽ മുറിവേറ്റ്
ഒരേ ഇരുട്ട് പുതച്ച്
സിരകളിൽ
ഒരേ ചോരയുടെ
സ്പന്ദതാളത്തിൽ ശമിച്ച്
ഉറങ്ങുന്ന
അവരെയെല്ലാം
ഒരേ മഴക്കാറ്റ്
തണുപ്പിന്റെ വിശറി വീശി
ഒരേപോലെ
സുഖപ്പെടുത്തിക്കൊണ്ടിരുന്നു!
'ഭൂലോക വാസികളേ
സുഖ ശാന്തമായി ഉറങ്ങൂ' എന്ന്
വാന ലോക മാലാഖമാർ അവരെ
ആശീർവദിച്ചുകൊണ്ടിരുന്നു.
ഉയർച്ച - താഴ്്ചകളും
വർണ-വർഗ വെറികളുമെല്ലാം
സമനിരപ്പാക്കുന്ന
നിദ്രയുടെ പ്രശാന്തമായ
നീലരത്നാകരത്തിലലിയുമ്പോൾ
അഹങ്കാരാലങ്കാരങ്ങളായ
കൊമ്പും തേറ്റകളുമെല്ലാം
താനേയഴിഞ്ഞ്
ആദിമ വിശുദ്ധിയുടെ
ദിവ്യപുഷ്പങ്ങൾ
പരിമളം തൂകുന്ന
കുഞ്ഞു നിഷ്കളങ്കതയുടെ
പാൽനിലാവിൽ മുങ്ങിയ
കന്യാ ദ്വീപുകളിലേക്ക്
വെറും തിര്യക്കുകളായവർ
നിദ്രാടനം
ചെയ്തു പോകുമ്പോൾ
ഭൂമിയൊരു സ്വർഗപ്പൂങ്കാവനമെന്നു തോന്നിച്ചു.
നേരം പുലർന്ന്
നരബോധോദയം
വീണ്ടുമുണ്ടായപ്പോൾ
ഓരോരുത്തരും
ഒരുമയുടെ
പ്രകൃതി മതം വിട്ട്
വേറെ വേറെ കള്ളികളിലേക്ക്
വേറെ വേറെ വേലിക്കെട്ടുകളിലേക്ക്
പതിവുപോലെ
വേറെ വേറെ മനുഷ്യരായി
വീണ്ടുമുണർന്നു.
l
- ഖുർആൻ 49-ാം അധ്യായം 13-ാം സൂക്തം
വിശ്വമാനവികതയുടെയും സമഭാവനയുടെയും വിളംബരമായി പരിലസിക്കുന്നു. ഖുർആൻ ബോധനത്തിൽ ടി.കെ ഉബൈദ് ഈ സൂക്തം വിശദീകരിച്ചത് (പ്രബോധനം, ലക്കം 3356) വായിച്ചപ്പോൾ, വിസ്മൃതിയിൽനിന്ന് ഈ കവിത മിനുക്കിയെടുക്കാൻ പ്രചോദനമായി.