ആത്മീയദാഹത്തോടെ മനസ്സ് മോഹിച്ചുകൊണ്ടിരിക്കും, റമദാനിന്റെ അവസാനത്തെ പത്തിലേക്ക് പ്രവേശിക്കാൻ. അല്ലാഹുവിനെ അടുത്തറിയുന്ന, ഹൃദയം ശുദ്ധി ചെയ്തെടുക്കുന്ന നാം ആകാശത്തേക്ക് ഉയർന്ന് പറക്കുന്ന നാളുകളാണ് അവ. റമദാനിന്റെ പൂർണതയാണ് ആ ധ്യാനം- ഇഅ്തികാഫ്. അതുകൊണ്ടാവണം റമദാൻ ആഗതമായാൽ മനസ്സ് ഇഅ്തികാഫിനായി ധൃതികൂട്ടാറുള്ളത്. കോവിഡ് മഹാമാരിയുടെ ഇടവേള ഒഴിച്ചുനിർത്തിയാൽ, കഴിഞ്ഞ പതിനാല് വർഷക്കാലം തുടർച്ചയായി ഈ ധ്യാനം അനുഭവിച്ചറിയാൻ അവസരം ലഭിക്കുന്നതിന്റെ നിർവൃതി ഏറെ മഹത്തരമാണ്.
ഈ ആത്മീയാനുഭൂതികൾ അക്ഷരങ്ങളിലേക്ക് പകർത്തുക അത്ര എളുപ്പമല്ല. എഴുത്തിനും പ്രസംഗത്തിനും മറ്റും വഴങ്ങാത്ത അനുഭൂതികളുണ്ടല്ലോ, അതിൽ പ്രധാനമാണ് ഇഅതികാഫ്. അതുകൊണ്ട്, മറ്റെന്ത് തിരക്കുകളുണ്ടെങ്കിലും അവയ്ക്കെല്ലാം അവധികൊടുത്ത്, മനസ്സ് പൂർണമായും അല്ലാഹുവിൽ അർപ്പിച്ച് ഈ റമദാനിൽ ഇഅ്തികാഫ് ഇരിക്കാൻ തയാറാവുക മാത്രമാണ്
ആ അനുഭൂതി നുകരാനുള്ള വഴി.
ഇഅ്തികാഫിന് രണ്ട് തലങ്ങളുണ്ട് എന്നാണ് അനുഭവം: വ്യക്തിഗതം, സാമൂഹികം. ജീവിതത്തിന്റെ തിരക്കുകൾക്ക് താൽക്കാലിക വിരാമമിട്ട്, അല്ലാഹുവിന്റെ സന്നിധിയിൽ ഏകാഗ്രനാവുക എന്നതാണ് വ്യക്തിഗതമായ നേട്ടം. ഖുർആൻ നമ്മുടെ കൈയിലും ചുണ്ടിലും കൂടുതൽ സമയം ഉണ്ടാകുമ്പോൾ, മനസ്സിലും ചിന്തയിലും അതിന്റെ പ്രതിഫലനം കൂടുതൽ കാണും. പള്ളിയുടെ ഒരു കോണിൽ നാം ഒറ്റക്കിരിക്കുമ്പോഴും ഞാൻ തനിച്ചല്ല, അല്ലാഹു കൂടെയുണ്ട് എന്ന ബോധമാണ് ഇഅ്തികാഫ് പകർന്നുതരുന്നത്. അപ്പോൾ വേദനകൾ, നിരാശകൾ, ആശങ്കകൾ തുടങ്ങി പലതിനും പകരം സമാധാനവും സന്തോഷവും പ്രതീക്ഷയും നമ്മുടെ മനസ്സ് കീഴടക്കും. അല്ലാഹുവിൽ ഭരമേൽപ്പിക്കുകയെന്നാൽ അത്രമേൽ ഉറപ്പുള്ള സത്യമാകും. ചിന്തകൾ അല്ലാഹുവിലേക്ക് ചിറകടിച്ചുയരുമ്പോൾ, അവന്റെ ഭൂമിയിൽ അവന്റെ ദീനിനായി പ്രവർത്തിക്കാൻ നമ്മുടെ അകം തുടിക്കും. പത്തു നാൾ കഴിയുമ്പോൾ, പലതരം ഭാരങ്ങളൊഴിഞ്ഞ്, മനസ്സ് കൂടുതൽ ശുദ്ധമായി തെളിമയുള്ള, കരുത്തുള്ള വ്യക്തിത്വമായി നാം പുറത്ത് വരും.
കർമോർജം വലിയ തോതിൽ ലഭിക്കുന്നതിനും പരീക്ഷണങ്ങളെ
സഹനസമരത്തിലൂടെ മറികടക്കുന്നതിനും ഈ ആത്മീയ പരിശീലനം നൽകുന്ന കരുത്ത് സഹായകമാകുന്നുണ്ട്.
വ്യക്തിഗതമായ ധ്യാനമായിരിക്കുമ്പോൾ തന്നെ, സാമൂഹികമായ തലങ്ങൾ കൂടിയുണ്ട് ഇഅ്തികാഫിന്. മറ്റു പല പള്ളികളിലും എന്ന പോലെ പാനൂർ മസ്ജിദുർറഹ്മയിലും ഈ സാമൂഹികതയുടെ അനുഭവങ്ങൾ മനോഹരമായുണ്ട്. പതിനഞ്ച് വർഷം മുമ്പാണ് മസ്ജിദുർറഹ്മയിൽ കൃത്യമായ ഇഅ്തികാഫ് ആരംഭിക്കുന്നത്. ലളിതമായിരുന്നു തുടക്കം. ഒറ്റക്ക് ഇരിക്കാൻ ആശങ്ക ഉണ്ടായപ്പോൾ ചിലരെ പ്രത്യേകം ക്ഷണിച്ചു. അങ്ങനെ മൂന്ന് പേർ കൂടി വന്നു. അങ്ങനെ, ആദ്യ വർഷം ഞങ്ങൾ നാലുപേർ മാത്രം. പിന്നെ ഘട്ടം ഘട്ടമായി ആളുകൾ കൂടിവന്നു. ദീർഘിച്ച ഖിയാമുല്ലൈൽ ഇഅ്തികാഫിന്റെ പ്രത്യേകതയാണ്. ചുറ്റുപാടും ഉറക്കത്തിലായിരിക്കെ, നിശ്ശബ്ദമായ അന്തരീക്ഷത്തിലെ അരണ്ട വെളിച്ചത്തിൽ, ഹൃദയം തൊടുന്ന ഖുർആൻ പാരായണവും അല്ലാഹുവിലേക്ക് അണയുന്ന മനസ്സും ഏതൊരു ആത്മീയ ദാഹിയുടെയും ഉള്ളം കുളിർപ്പിക്കും.
2022-ൽ മസ്ജിദുർറഹ്മ പുതുക്കിപ്പണിതപ്പോൾ ഇഅ്തികാഫിന് സ്ത്രീകൾക്ക് ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. മുഴുവൻ സമയത്തെയും രാത്രി കാലത്തെയും ഇഅ്തികാഫിൽ പങ്കാളിത്തം വർധിച്ചു. പതിനഞ്ച് മുതൽ ഇരുപത് വരെ പേർ മുഴുസമയ ഇഅ്തികാഫിനുണ്ടാകും; രാത്രിമാത്രം വരുന്നവർ അമ്പതോളവും. അർധരാത്രിയിലെ ഖിയാമുല്ലൈൽ, ഒന്നിച്ചുള്ള താമസം, ദീനീവൈജ്ഞാനിക ചർച്ചകൾ, ഒന്നിച്ചുള്ള ഭക്ഷണം തുടങ്ങി മാനസികമായ സന്തോഷവും
ഊഷ്മളമായ സ്നേഹബന്ധങ്ങളും തരുന്ന നിർവൃതി വലുതാണ്. പാനൂർ മസ്ജിദുർറഹ്മയിൽ വിപുലമായ ഇഫ്താർ സൗകര്യം പൊതുജനങ്ങൾക്കായി റമദാനിലുടനീളം ഒരുക്കാറുണ്ട്. ഇഅ്തികാഫ് ഇരിക്കുന്നവർക്കായി തറാവീഹിന് ശേഷം അത്താഴവുമുണ്ടാവും. എല്ലാവരും ഒന്നിച്ചിരുന്നാണവ കഴിക്കുക.
നേരത്തെ അറിയിച്ചതിനെക്കാൾ കൂടുതൽ പേർ ഉണ്ടായാലും ഭക്ഷണം തികയാതെ വരില്ല. കുറച്ചു പേരുടെ ഭക്ഷണം കൂടുതൽ പേർക്ക് മതിയാകുന്ന ബറകത്ത് വെറും വാക്കല്ല.
ഒറ്റക്കിരുന്ന് നടത്തുന്ന ഖുർആൻ പഠന, പാരായണവും പ്രാർഥനയും രൂപപ്പെടുത്തുന്ന കരുത്തുറ്റ വ്യക്തിത്വവും, നമസ്കാരവും ഭക്ഷണവും ഉറക്കവും
ഒന്നിച്ച് നിർവഹിച്ച് ഭദ്രതയാർജിക്കുന്ന സാമൂഹിക ശക്തിയും റമദാനിന്റെ ഗുണഫലമായാൽ പിന്നെ, ഇഹലോകത്തും പരലോകത്തും നാം വിജയിക്കാതിരിക്കുന്നതെങ്ങനെ! l