ആശയങ്ങളെ പ്രകൃതിയിലേക്ക് ചേർത്തു പറയുന്ന രീതി വേദപുസ്തകത്തിൽ ധാരാളമായി കണ്ടെത്താം. മഹത്തായ ദൈവിക ദർശനത്തിന്റെ സാരാംശമായ ഉത്തമ വചനത്തെ ഖുർആൻ ഉപമിക്കുന്നത് ഉത്തമമായ ഒരു മരത്തോടാണ്. ഇത്തരം രൂപകങ്ങൾ ചിലപ്പോൾ സാമ്പ്രദായികമായ നമ്മുടെ ധാരണകളെയും തിരുത്തുന്നുണ്ട്. 'മരം പോലെ' എന്ന് നമ്മുടെ വ്യാവഹാരികങ്ങളിൽ പ്രയോഗിക്കുമ്പോൾ അത് നിസ്സംഗതയെയാണ് സൂചിപ്പിക്കാറുള്ളത് - ജീവനറ്റത് എന്നോ ജീവനുണ്ടായിട്ടും ശവസമാനമായത് എന്നോ ഒക്കെയുള്ള അർഥത്തിൽ. അതേസമയം മരം പോലെ വചനം എന്ന് ഇവിടെ പറയുമ്പോൾ, ചേതസ്സും വികാരവുമുള്ള പ്രകൃതിയായി അത് മാറുന്നുണ്ട്.
"നീയിത് കണ്ടില്ലേ? ഉത്തമ വചനത്തെ അല്ലാഹു എന്തിനോടുപമിക്കുന്നുവെന്ന്? അതൊരുത്തമ വൃക്ഷം പോലെയാകുന്നു. വേരുകളാഴത്തിലുറച്ചത്, ശാഖകളാകാശത്ത് (പന്തലിച്ചതും). തന്റെ ഈശന്റെ കൽപനയാൽ, എക്കാലവുമത് ഫലം പുറപ്പെടുവിക്കുന്നു. മനുഷ്യ(ധിഷണ)യിലേക്ക് അല്ലാഹു ഉത്പ്രേക്ഷകൾ അവതരിപ്പിക്കുന്നു; അവർ ധ്യാനിച്ചു ഗ്രഹിക്കാൻ വേണ്ടി" (സൂറഃ ഇബ്റാഹീം 24,25).
ചേതസ്സും വികാരങ്ങളുമുള്ള സത്വം മാത്രമല്ല, അല്ലാഹു കൽപിക്കുന്ന മൂല്യങ്ങളുടെ ഭാവവും പ്രഭാവവും പ്രഭവവും കൂടിയാണ് പ്രകൃതി എന്ന് പ്രഖ്യാപിക്കുകയാണ് ഇവിടെ. 'മരം പോലത്തെ മനുഷ്യൻ' എന്നതിലെ പരമ്പരാഗത വിചാരത്തെ ഖുർആൻ തിരുത്തുന്നു.
മറുഭാഗത്ത്, തുടർന്നുള്ള പരാമർശത്തിൽ പാഴ്‌വചനം പാഴ്മരം പോലെയാണ് എന്നും ഖുർആൻ പറയുന്നുണ്ടെന്നത് നേരാണ്. എന്നാൽ, എന്തുകൊണ്ട് അത് പാഴ് ആയി എന്നും വ്യക്തമാക്കപ്പെടുന്നുണ്ട്. ഭൂതലത്തിൽ നിന്നും വേരുകൾ പറിയുന്നു ('ഉജുതുസ്സത് മിൻ ഫൗഖിൽ അർദ്) എന്നാണ് അല്ലാഹു പറയുന്നത്. അതേസമയം യഥാർഥ മരത്തിന്റെ വേരുകൾ ആഴത്തിലുറച്ചതാണ് (അസ്വ്്ലുഹാ സാബിതുൻ). വേരുകൾ പിഴുതുകളയുമ്പോഴാണ് മരം പാഴ്മരമാകുന്നത് എന്നാവാം ഒരർഥം. അതല്ലെങ്കിൽ വിഗുണവിത്തുകൾ (ദുർവൃത്തികൾ) നടാൻ ചെകുത്താൻ ശ്രമിക്കുമെങ്കിലും അത് പടരും മുമ്പ് പ്രകൃതി തന്നെ അതിനെ പിഴുതുമാറ്റിക്കളയും എന്നുമാവാം.
ദൈവരാജ്യത്തെ, ദൈവിക ദർശനത്തെ കടുകുമണിയോട് ഉപമിക്കുന്ന, ക്രിസ്തുവചനവും (മത്തായി 13-ാം അധ്യായം, മാർക്കോസ് 4-ാം അധ്യായം) ഇതോട് ചേർത്തു വായിക്കാം. രൂപകങ്ങളായി പ്രകൃതിയെ അവതരിപ്പിക്കുമ്പോൾ ആശയങ്ങളുടെ ആഴവും സൗന്ദര്യവും അനുഭവവേദ്യമാകുന്നു. അത്രമേൽ ഗഹനവും ഗഭീരവും ഒപ്പം സുന്ദരവും അനവദ്യവുമാണ് പ്രകൃതി. യേശു അവതരിപ്പിക്കുന്ന വെള്ളാമ്പൽ(ലില്ലി)പ്പൂക്കളുടെ ഉപമ നോക്കൂ: "സത്യമായി ഞാൻ നിങ്ങളോട് പറയുന്നു; ശലമോൻ (സുലൈമാൻ) പോലും തന്റെ സർവപ്രഭാവത്തിലും അവയിലൊന്നിനെപ്പോലെ അലംകൃതനായിരുന്നില്ല" (മത്തായി 6:29). ഇതിനെല്ലാം പുറമെ കരുതൽ, അനുതാപം തുടങ്ങിയ ഗുണങ്ങളെയും ഈ ഉത്പ്രേക്ഷകൾ പ്രകാശിപ്പിക്കുന്നു. ദൈവകൽപനയാൽ എക്കാലവും ഫലം നൽകുന്ന ഒന്ന് എന്നാണല്ലോ ഉത്തമ വൃക്ഷത്തെപ്പറ്റി ഖുർആൻ പറയുന്നത്.
ദൗർഭാഗ്യകരമായ ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും പറ്റി മിണ്ടുന്നത് പോലും കടുത്ത അപരാധമാണെന്ന പ്രചാരണം ശക്തമാണ്. പാരിസ്ഥിതിക മുഖമുള്ള പ്രതികരണങ്ങൾക്കെതിരായ ആക്രമണങ്ങൾ സംഘടിത സ്വഭാവമാർജിച്ചതായി സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ പരിശോധിച്ചാൽ മനസ്സിലാകും. ദിനോസറുകൾ നശിച്ചുപോയത് കുന്നിടിച്ചിട്ടാണോ, ക്രറ്റേഷ്യസിലെയും ജുറാസിക്കിലെയും ഹിമപാതങ്ങൾ മരം മുറിച്ചതു കൊണ്ടുണ്ടായതാണോ എന്ന മട്ടിൽപ്പോലുമുള്ള 'ശാസ്ത്രീയ'മായ ചോദ്യങ്ങൾ പഴയൊരു തമാശയെ ഓർമയിൽ കൊണ്ടുവരും: "അറബിക്കടലിൽ മരങ്ങൾ ഉണ്ടായിട്ടാണോ, അവിടെ മഴ പെയ്യുന്നത്?"
ദുരന്തത്തിന്റെ പാരിസ്ഥിതിക വിശകലനങ്ങൾ നടത്തുന്നത് ഒരിക്കലും ഇരകളോടുള്ള അനുതാപമില്ലായ്മയല്ല. മാത്രമല്ല, ഇത്തരം വിശകലനങ്ങളൊന്നും ഇരകളെയോ തദ്ദേശവാസികളെയോ കുറ്റപ്പെടുത്തുന്നവയുമല്ല. വികസനത്തിനും അടിസ്ഥാന ജീവിത സൗകര്യങ്ങൾക്കും വേണ്ടി പ്രകൃതിവിഭവങ്ങളെ ആശ്രയിക്കുന്നതിനെയോ ഉപയോഗിക്കുന്നതിനെയോ എതിർക്കാൻ ആർക്കെങ്കിലും പറ്റുമെന്ന് തോന്നുന്നില്ല. പാരിസ്ഥിതിക വിശകലനത്തിൽ മുഖ്യമായും പ്രതി ചേർക്കപ്പെടുക മൂലധന സമ്പദ് വ്യവസ്ഥയും അനിയന്ത്രിത ലാഭക്കൊതിയും മുതലാളിത്തവും ഒക്കെയാണ്. ഇപ്പറഞ്ഞവയുടെ വക്താക്കളോ ഗുണഭോക്താക്കളോ ആവില്ല, മണ്ണിടിച്ചിലിലും പേമാരിയിലും ജീവനും സമ്പത്തും നഷ്ടപ്പെട്ടവരിലൊരാൾ പോലും. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമാണ് പാരിസ്ഥിതിക വിശകലനങ്ങൾ. മനുഷ്യരോടും പ്രകൃതിയോടുമുള്ള അനുതാപത്തിന്റെ മൂർധന്യമാണത്. അടിയന്തരമായ ദുരിതാശ്വാസ പ്രവർത്തനങ്ങളും മറ്റു നടപടികളുമാണ് ഈ സന്ദർഭത്തിൽ പ്രഥമ പരിഗണനയർഹിക്കുന്നത് എന്ന കാര്യം സമ്മതിക്കുന്നു. എന്നാൽ, അതേസമയം തന്നെ എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന വിശകലനവും അനിവാര്യമാണ്. മേലിൽ ഇത്തരം ദുരന്തങ്ങളുടെ എണ്ണവും ആഘാതങ്ങളുടെ വ്യാപ്തിയും കുറയ്ക്കാൻ അത് സഹായകമാകും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. മാത്രമല്ല, മികച്ച ആസൂത്രണത്തിന്റെ അഭാവമാണ് നാം നേരിടുന്ന മുഖ്യമായ പ്രശ്നം. ഇപ്പോഴത്തെ അനുഭവം വെച്ച് ദുരന്തസമയത്ത് മാത്രമല്ല പാരിസ്ഥിതിക വിശകലനങ്ങൾ നടത്തുന്നവർ സംഘടിതമായി 'ആക്രമിക്കപ്പെടു'ന്നത്. ഏത് സമയത്തും ഇത്തരം ചർച്ചകൾക്ക് നേരെ അസഹിഷ്ണുതാപൂർണമായ പ്രതികരണങ്ങൾ കാണപ്പെടുന്നു.
എല്ലാ പ്രകൃതിദുരന്തങ്ങളുടെയും കാരണം മാനുഷിക ഇടപെടൽ ആവണമെന്നില്ല. പ്രധാനമായും ഇത്തരം ദുരന്തങ്ങളെ രണ്ടായി വിഭജിക്കാം. സ്വാഭാവിക ദുരന്തങ്ങളും നരജന്യ (anthropogenic or man-made) ദുരന്തങ്ങളും. ആന്ത്രോപോജെനിക് ദുരന്തങ്ങൾക്ക് കൂടുതലും സാമൂഹിക മാനങ്ങളാണ് ഉള്ളതെങ്കിലും പലപ്പോഴും നിയന്ത്രണമോ ആസൂത്രണമോ ഇല്ലാത്ത പ്രവൃത്തികൾ പാരിസ്ഥിതിക ദുരന്തങ്ങളും സൃഷ്ടിക്കാറുണ്ട്. 2010-ലെ ഹെയ്ത്തി ഭൂകമ്പവും 1986-ലെ ചെർനോബിൽ ആണവ ദുരന്തവും ഒരുപോലെയല്ലല്ലോ. നേരിട്ടുള്ള മാനുഷിക കാരണങ്ങളൊന്നും ഭൂകമ്പത്തിന് പിറകിലില്ല. എന്നാൽ ചെർനോബിൽ ദുരന്തം അങ്ങനെയല്ല. ഹിമപാതം, അതിവൃഷ്ടി, പ്രളയം, വരൾച്ച, ഉരുൾപൊട്ടൽ, ഭൂകമ്പം തുടങ്ങിയവയെ സ്വാഭാവിക ദുരന്തത്തിലാണ് പട്ടികപ്പെടുത്തുക. വ്യാവസായികാപകടങ്ങൾ, ആണവ ദുരന്തങ്ങൾ, എണ്ണച്ചോർച്ചകൾ, വനനശീകരണം, മലിനീകരണം തുടങ്ങിയവ നരജന്യ ദുരന്തങ്ങളും.
അതേസമയം ഇത് രണ്ടും എപ്പോഴും സമാന്തരമായി മുന്നോട്ടു പോകുന്ന പ്രക്രിയകളല്ല. സ്വാഭാവിക പ്രകൃതിപ്രക്രിയകൾ മനുഷ്യപ്രവർത്തനങ്ങൾ നിമിത്തമുള്ള അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കാറുണ്ട്. നേരെ തിരിച്ച്, സ്വാഭാവികമായ ദുരന്തങ്ങളുടെ ആവൃത്തി, തീവ്രത എന്നിവ വർധിപ്പിക്കാൻ മനുഷ്യകർമങ്ങളും നിമിത്തമാകുന്നു. ചെർനോബിൽ സ്ഫോടനം നിമിത്തം റേഡിയോ ആക്ടീവതയുള്ള പദാർഥങ്ങൾ വലിയ അളവിൽ ബഹിർഗമിക്കുകയും പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ ചെറു ദുരന്തങ്ങൾക്ക് അത് കാരണമാവുകയും ചെയ്തു. അതിശക്തമായ മഴയാണ് വയനാട്ടിലുണ്ടായത് ഉൾപ്പെടെയുള്ള ഉരുൾപൊട്ടലും മണ്ണിടിച്ചിലും സൃഷ്ടിക്കുന്നത് എന്ന വാദം ശരിയാണ്. എന്നാൽ, ഇത്തരത്തിൽ അതിശക്തമായ വർഷപാതം എന്തുകൊണ്ടുണ്ടാകുന്നു? ഒപ്പം, ഇതിന്റെ ആഘാതങ്ങൾ ഇത്രത്തോളം തീവ്രമാകത്തക്ക രീതിയിൽ ഭൂമി ദുർബലമായതെന്തുകൊണ്ടായിരുന്നു? ഇതും സ്വാഭാവികം എന്ന് വേണമെങ്കിൽ വാദിക്കാം. പണ്ടുണ്ടായ വെള്ളപ്പൊക്കങ്ങളുടെ ചരിത്രം ഉദ്ധരിച്ചുകൊണ്ട് അതൊക്കെ മല കിളച്ചുമറിച്ചതുകൊണ്ടുണ്ടായതാണോ (അറബിക്കടലിൽ മരങ്ങൾ ഉണ്ടായിട്ടാണോ, അവിടെ മഴ പെയ്യുന്നത്?) എന്ന് ചോദിക്കുകയുമാവാം. സത്യത്തിൽ ഇത്തരം പ്രതിഭാസങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം (climate change) എന്ന പ്രക്രിയയുമായി സജീവ ബന്ധമുണ്ട്.
ഉത്തരാർധ ഗോളത്തിൽ മാർച്ച് മുതൽ ആഗസ്റ്റ് വരെ പകൽ ദൈർഘ്യവും ചൂടും കൂടുതലായിരിക്കും. അതിൽത്തന്നെ കഠിനമായ ചൂട് അനുഭവപ്പെടുന്നത് ജൂൺ തൊട്ടുള്ള മൂന്ന് മാസങ്ങളിലാണ്. പീക് ഓഫ് സമ്മർ ഹീറ്റ് എന്ന് പറയാവുന്ന കാലമാണ് ജൂലൈ. എന്നാൽ, ഈ കൊടും ചൂട് കേരളത്തിൽ അനുഭവപ്പെടാത്തതിന് കാരണം ജൂൺ മുതൽ ആരംഭിക്കുന്ന മൺസൂൺ ആണ്. മൂന്ന് മാസം നീണ്ടു നിൽക്കുന്ന മൺസൂൺ മഴ കേരളത്തിലെ ക്ലൈമറ്റിന്റെ ഭാഗമാണ്. എന്നാൽ, കാലാവസ്ഥയിൽ ക്ലൈമറ്റിന് (climate) പുറമെ വെതർ (weather) എന്ന ഒരു പ്രതിഭാസമുണ്ട്. ദിനാവസ്ഥ എന്ന് ലഘുവായി വിവർത്തനം ചെയ്യാം. ഇടമഴ, വേനൽമഴ, ഇടക്കൊക്കെയുണ്ടാകുന്ന ചാറ്റൽ മഴ തുടങ്ങിയവ വെതറിന്റെ ഭാഗമാണ്. കുറേക്കാലമായി ഇത്തരം മഴകൾ ആവശ്യാനുസൃതമായോ കൃത്യമായോ ലഭിക്കാറില്ല. ക്ലൈമറ്റിലുള്ള മൺസൂൺ വർഷപാതം കൂടുതൽ കനക്കാൻ ഇത് കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനം ഇതിന്റെ പ്രധാന കാരണമാണ്. അതാകട്ടെ പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകളെയും വെതർ, ക്ലൈമറ്റ് തുടങ്ങിയവയെയും കണക്കിലെടുക്കാതെയുള്ള നിർമാണ പ്രവർത്തനങ്ങൾ, വനനശീകരണം, മലയിടിക്കൽ തുടങ്ങിയവ നിമിത്തം സംഭവിക്കാം.
സത്യത്തിൽ തികച്ചും സ്വാഭാവികമായ ദുരന്തങ്ങളിൽപോലും മനുഷ്യകരങ്ങളുടെ സ്വാധീനം ഉണ്ടാവുന്നുണ്ട്. ഇവ തമ്മിലുള്ള ബന്ധം മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം സ്വാഭാവികതയെ മറികടക്കാനുള്ള വിവേചനശക്തി മനുഷ്യന് മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ മനുഷ്യന്റെ ഉത്തരവാദിത്വം വളരെക്കൂടുതലാണ്. Dialectics of Nature എന്ന പുസ്തകത്തിൽ ഫ്രെഡറിക് എംഗൽസ് ഇങ്ങനെ പറയുന്നു: "പ്രകൃതിയിൽ ധൈഷണികതയുള്ള ഏക അസ്തിത്വമാകാൻ മനുഷ്യന് മാത്രമേ കഴിയൂ. എന്നാൽ, അവൻ പ്രകൃതിയുടെ ഭാഗവുമാണ്. മറ്റെല്ലാ നൈസർഗിക പ്രക്രിയകളെയും പോലെ അവന്റെ ശേഷികളും കഴിവുകളും ഇതേ പ്രകൃതിനിയമത്തിന് വിധേയമാണ്."
ധൈഷണികതയുള്ള ഏക അസ്തിത്വം എന്ന നിലക്ക് തന്റെ ഉത്തരവാദിത്വത്തെ തിരിച്ചറിയുക എന്നതാണ് മനുഷ്യന്റെ ബാധ്യത. മാർക്സിസ്റ്റ് വീക്ഷണത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ചലനാത്മകവും വൈരുധ്യാത്മകവും (dynamic and dialectical) ആണ്. മുതലാളിത്തത്തെ പ്രകൃതിയോടുള്ള ചൂഷണാത്മക ബന്ധത്തിന്റെ (exploitative relationship) പേരിൽ വിമർശിക്കുന്നുമുണ്ട് കാൾ മാർക്സും ഫ്രെഡറിക് എംഗൽസും. മനുഷ്യസമൂഹവും പ്രകൃതിയും തമ്മിലുള്ള ബന്ധം നിരന്തരവും പരസ്പരപൂരകവും (continuous and reciprocal) ആവണമെന്നാണ് അവർ ആഹ്വാനം ചെയ്തത്. സോഷ്യലിസത്തിന്റെ അടിത്തറ തന്നെ പാരിസ്ഥിതികാവബോധം (ecological consciousness) ആണെന്നാണ് അവരുടെ അഭിപ്രായം.
പ്രകൃതിയുടെ വൈരുധ്യാത്മകതയിൽ (Dialectics of Nature) എംഗൽസ് അതിപ്രധാനമായ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നുണ്ട്: "എന്നിരുന്നാലും പ്രകൃതിയുടെ മേലുള്ള മനുഷ്യവിജയങ്ങളുടെ പേരിൽ നാം അതിരുവിട്ടാഹ്ലാദിക്കരുത്. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പ്രതികാരം ചെയ്യുന്നു. ഓരോ വിജയവും പ്രഥമ ഘട്ടത്തിൽ നാം പ്രതീക്ഷിച്ച ഫലങ്ങൾ തരുന്നു എന്നത് നേരാണ്. എന്നാൽ, രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിൽ അവസ്ഥ വ്യത്യസ്തമാണ്. ആദ്യത്തെ വിജയത്തെ റദ്ദ് ചെയ്യുന്ന, അപ്രതീക്ഷിത ഫലങ്ങളായിരിക്കും ഈ ഘട്ടങ്ങളിൽ ഉണ്ടാവുക" (Dialectics of Nature/ The Part Played by Labour in the Transition from Ape to Man). ഈ വിലയിരുത്തൽ വളരെ കൃത്യമാണ്. പ്രാഥമിക നേട്ടത്തിൽ അഹങ്കാരം കൈക്കൊള്ളുന്നതിനിടയിൽ, പിന്നീട് സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെപ്പറ്റി നാം ചിന്തിക്കുക പോലുമില്ല. ഇരയാകുന്നത് പലപ്പോഴും ഈ ചൂഷണത്തിൽ യാതൊരു പങ്കുമില്ലാത്ത സാധാരണക്കാരും.
ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. "കരുതിയിരിക്കുവിൻ നിങ്ങൾ, നിങ്ങളിൽ അകൃത്യം പ്രവർത്തിച്ചവർക്ക് മാത്രമായല്ലാതെ ക്ലേശങ്ങൾ വരുത്തുന്ന പ്രലോഭനങ്ങളെ" എന്ന് സൂറഃ അൽ അൻഫാൽ 25-ാം വചനത്തിൽ പറയുന്നതിന് സാമൂഹികമായ മാനങ്ങൾ മാത്രമാവില്ല ഉണ്ടാവുക. അതിന് പാരിസ്ഥിതികമായ തലം കൂടിയുണ്ട്. ഇന്നേവരെയുള്ള അനുഭവങ്ങളും അതിന് സാക്ഷിയാണ്.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നതിന് പിന്നിലും സ്വാഭാവികവും നരജന്യവുമായ ഘടകങ്ങളുടെ സംയോജനം കാണാം. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരവും ജലശാസ്ത്രപരവുമായ ഘടകങ്ങൾ, ഭൂചലനം, അഗ്നിപർവതങ്ങളുടെ സാന്നിധ്യം തുടങ്ങിയവ ലാൻഡ്സ്ലൈഡിന്റെ സ്വാഭാവിക കാരണങ്ങളാണെങ്കിൽ, വികസനത്തിന് വേണ്ടി മലഞ്ചരിവുകൾ തൂർക്കുക, സ്വാഭാവിക നീരൊഴുക്കുകളുടെ ഘടന മാറ്റുക തുടങ്ങിയ പ്രവൃത്തികളിലേർപ്പെടുന്നത് പ്രദേശത്തെ അസ്ഥിരപ്പെടുത്തുകയും മണ്ണിടിച്ചിലിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഇതുപോലെ മറ്റൊരു കാരണം വനനശീകരണമാണ്. മണ്ണിന്റെ ഘടനയെ ദുർബലപ്പെടുത്തുന്നതിൽ അതും വലിയ പങ്ക് വഹിക്കുന്നു. ജലം ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ ശേഷിയെയും അത് ബാധിക്കുന്നു. ഭൂമിയെ അസ്ഥിരപ്പെടുത്തുന്ന മറ്റു ചില ഘടകങ്ങൾ അമിതമായ ഖനനം (ക്വാറിയിംഗുംങ്ങും മൈനിംഗും), ചില പ്രത്യേക കൃഷിരീതികൾ തുടങ്ങിയവയാണ്. പ്രകൃതിദത്തമായ ചരിവുകൾ നിവർക്കപ്പെടുകയും കൃത്രിമമായ ചരിവുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിനാൽ അങ്ങേയറ്റം ദുർബലമായിത്തീരുന്നിടത്ത് വ്യാപകമായ വനനശീകരണം കൂടി സംഭവിക്കുന്നതോടെ മണ്ണിന്റെ സ്ഥിരതയും ജലം ആഗിരണം ചെയ്യാനുള്ള അതിന്റെ ശേഷിയും തീർത്തും നഷ്ടപ്പെടുന്നു.
ഉള്ളത് പറഞ്ഞാൽ, ഭൂതലത്തിലുണ്ടാകുന്ന സകല ദുരന്തങ്ങളുടെയും ഉത്തരവാദിത്വം ഖുർആൻ ചുമത്തുന്നത് മനുഷ്യകരങ്ങളിലാണെന്ന് തോന്നും.
"കരയിലും കടലിലും വിനാശങ്ങൾ പ്രകടമായിട്ടുണ്ട്; മനുഷ്യകരങ്ങളുടെ പ്രവർത്തനങ്ങൾ നിമിത്തം.
അവരുടെ കർമങ്ങളിൽ ചിലതിന്റെ(യെങ്കിലും) ഫലം (ഈ ലോകത്ത് തന്നെ) അവരെ ആസ്വദിപ്പിക്കാൻ. അവരൊരു പക്ഷേ പിന്തിരിഞ്ഞെങ്കിലോ?" (സൂറഃ അർറൂം 41).
സൂറഃ അശ്ശൂറായിൽ അൽപം കൂടി വിശദമായും ഗഹനമായും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. വിഭവങ്ങൾക്കും സ്രോതസ്സുകൾക്കും മേലുള്ള അമിതാധികാരം മനുഷ്യനെ അക്രമിയാക്കും എന്നവിടെ പറയുന്നു. അതിനാൽ, അല്ലാഹു ഓരോന്നും അവന്റെ ഗണനയനുസരിച്ച് മാത്രം പ്രദാനം ചെയ്യുന്നു. എന്നാൽ, അത്തരം ഗണനകളെയും പരിധികളെയും ലംഘിക്കുമ്പോഴാണ് വിനാശം ഉണ്ടാകുന്നതെന്നാണ് അശ്ശൂറാ അധ്യായത്തിലെ മുന്നറിയിപ്പ്.
"അല്ലാഹു അവന്റെ അടിയാറുകൾക്കുള്ള വിഭവങ്ങൾ അതിവിശാലമായൊരുക്കിയിരുന്നെങ്കിൽ, ഭൂമിയിലവർ (കൂടുതൽ) അതിക്രമികളായി ഞെളിഞ്ഞേനെ. എന്നാൽ, അവൻ തന്റെ ഇംഗിതമനുസരിച്ച് കൃത്യമായ അളവിൽ മാത്രം അവ വർഷിക്കുന്നു.
നിശ്ചയം, അവൻ തന്റെ ദാസരിൽ സൂക്ഷ്മജ്ഞാനമുള്ളവൻ, സൂക്ഷ്മദൃക്കായവനും. (കൊടും ക്ലേശത്താൽ) നിരാശപ്പെട്ടിരിക്കെ, അവൻ (ആശ്വാസത്തിന്റെ) മഴ വർഷിക്കുന്നു.
തന്റെ കരുണയെ വ്യാപിപ്പിക്കുകയും ചെയ്യുന്നു. അവൻ സ്തുത്യർഹനായ രക്ഷാധികാരി തന്നെ. അവന്റെ അടയാളങ്ങളിൽ പെട്ടതത്രേ വാനഭുവനങ്ങളും അവയിൽ വ്യാപിച്ച ജീവജാലങ്ങളും. താനുദ്ദേശിക്കുമ്പോൾ സകലതിനെയും ഒരുമിച്ചുകൂട്ടാൻ ശേഷിയുള്ളവനുമാണവൻ. ആപത്തുകളിൽനിന്ന് നിങ്ങളെ ബാധിക്കുന്നതെന്തും നിങ്ങളനുവർത്തിച്ചിട്ടുള്ള പ്രവൃത്തികൾ നിമിത്തം തന്നെയാകുന്നു. (നിങ്ങളുടെ അകൃത്യങ്ങളിൽ) മിക്കതും അവൻ മാപ്പാക്കുന്നുണ്ടെങ്കിലും" (സൂറഃ അശ്ശൂറാ 27-30).
അർറൂമിലെ ആയത്തിൽ ഫസാദ് എന്നും അശ്ശൂറായിലെ ആയത്തിൽ മുസ്വീബത്ത് എന്നും പ്രയോഗിച്ചിട്ടുണ്ട്. ഈ രണ്ട് പദങ്ങളും പര്യായങ്ങൾ പോലെ ഉപയോഗിക്കാമെങ്കിലും, യഥാക്രമം ഈ പദങ്ങൾക്ക് വിനാശം എന്നും ആപത്ത് എന്നും അർഥം പറയാം. നിലനിൽക്കുന്ന ഒന്നിന്റെ തകർച്ചയാണ് (breakup) ഫസാദ്. ജീർണനം (decadence), അപചയം (decline), ദൂഷണം (deterioration) എന്നിങ്ങനെയൊക്കെ അതിന് അർഥം പറയാം. ശരിയായ ഒന്നിൽ നിന്നുള്ള വ്യതിയാനവുമാണ് (deviation from what is right) ഫസാദ്. "ഭൂമി സംസ്കരിക്കപ്പെട്ടതായിരിക്കെ നിങ്ങളതിൽ വിനാശമുണ്ടാക്കരുത്" എന്ന, എല്ലാ പ്രവാചകരിൽനിന്നുമായി ഖുർആൻ ഉദ്ധരിക്കുന്ന വചനത്തിൽ സംസ്കരണത്തിന് ഇസ്വ്്ലാഹ് എന്നും വിനാശത്തിന് ഫസാദ് എന്നും പ്രയോഗിക്കുന്നു. ഈ വചനത്തിന്റെ പാരിസ്ഥിതിക മാനം ഇതിൽ നിന്നു തന്നെ വ്യക്തമാണ്. അതേസമയം ആപത്ത് (accident) ആണ് മുസ്വീബത്ത്. കൊടും വിപത്ത് (cataclysm) എന്നും പറയാം. ഒരുപക്ഷേ, മുകളിൽ പറഞ്ഞ സ്വാഭാവിക ദുരന്തത്തെ സൂചിപ്പിക്കാൻ മുസ്വീബത്ത് എന്ന പദവും, നരജന്യ ദുരന്തങ്ങളെ സൂചിപ്പിക്കാൻ ഫസാദ് എന്ന പദവും ഉപയോഗിക്കാം. രണ്ടിനും സാമൂഹികവും പാരിസ്ഥിതികവുമായ അർഥങ്ങളുണ്ട്. ഇങ്ങനെ ചിന്തിക്കുമ്പോൾ, ഖുർആൻ അർഥശങ്കക്കിടമില്ലാതെ പ്രഖ്യാപിക്കുന്നത് മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്ന ഏതൊരു ഫസാദിന്റെയും ഏതൊരു മുസ്വീബത്തിന്റെയും പിന്നിൽ അവന്റെ തന്നെ കരങ്ങളുണ്ട് എന്നു തന്നെയാകുന്നു.
എന്നാൽ, ദുരന്തത്തിന് ഇരയാകുന്നത് അതിന്റെ പിന്നിലുള്ള കരങ്ങളുടെ ഉടമകൾ തന്നെയാവണം എന്നില്ല. "നിങ്ങളിൽ അകൃത്യം പ്രവർത്തിച്ചവർക്ക് മാത്രമായല്ലാതെ ക്ലേശങ്ങൾ വരുത്തുന്ന പ്രലോഭനങ്ങൾ" എന്ന് സൂറഃ അൽ അൻഫാൽ 25-ാം വചനത്തിൽ പറയുന്നത് നാം മുകളിൽ ഉദ്ധരിച്ചിട്ടുണ്ടല്ലോ. 'പ്രകൃതിയുടെ വൈരുധ്യാത്മകത'യിൽനിന്ന് ഒരുഭാഗം കൂടി ഉദ്ധരിക്കുന്നത് അസംഗതമാവില്ലെന്ന് കരുതട്ടെ. ഭൗതികവാദത്തിന്റെ അടിത്തറയാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും ആത്മീയമായ മൂല്യങ്ങളെ ഉൾക്കൊള്ളുന്ന ദർശനമാണ് മാർക്സിസം. മാർക്സിന്റെ അഭിപ്രായത്തിൽ മനുഷ്യാസ്തിത്വത്തിന്റെ അടിത്തറ പ്രകൃതിയാണ്. എംഗൽസ് പറയുന്നു: "മനുഷ്യൻ ജീവിക്കുന്നത് പ്രകൃതിയിൽനിന്നാണ്. അതായത്, പ്രകൃതിയാണ് അവന്റെ ശരീരം. അവൻ മരിക്കാതിരിക്കണമെങ്കിൽ (അഥവാ അവന് ജീവിച്ചിരിക്കണമെങ്കിൽ) പ്രകൃതിയുമായി നിരന്തരം സംവദിക്കണം. ഭൗതികവും മാനസികവുമായ മനുഷ്യജീവിതം പ്രകൃതിയോട് ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്നത് പ്രകൃതി സ്വയം അതിനോട് തന്നെ ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിന് തുല്യമാണ്. എന്തെന്നാൽ, പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ" (Dialectics of Nature).
സ്വാഭാവിക ദുരന്തങ്ങൾ എന്ന് നാം കാറ്റഗൊറൈസ് ചെയ്യുന്ന വിപത്തുകളുടെ പോലും ത്വരണവും ആവൃത്തിയും തീവ്രതയും വർധിപ്പിക്കുന്നതിൽ മനുഷ്യകരങ്ങൾക്കുള്ള പങ്കിനെ സൂചിപ്പിച്ചുവല്ലോ. 2019-20-ൽ ആമസോൺ മഴക്കാടുകളിലുണ്ടായ കാട്ടുതീയുടെ കാര്യം നോക്കൂ. ആമസോണിയൻ ട്രോപിക്കൽ ഡ്രൈ സീസണുകളിലുണ്ടാകുന്ന തീപ്പിടിത്തത്തെ സ്വാഭാവികം എന്ന് വേണമെങ്കിൽ വിലയിരുത്താം. ഡ്രൈ സീസണുകളിൽ ആമസോണിൽ കാട്ടുതീ സാധാരണവുമാണ്. എന്നാൽ, ബ്രസീലിലെ ജയീർ ബോൾസൊനാരോവിന്റെ (Jair Bolsonaro) വലതുപക്ഷ ഭരണകൂടത്തിന്റെ പരിസ്ഥിതി വിരുദ്ധ നയങ്ങളുടെ ഫലമായി വ്യാപകമായ വനനശീകരണവും എരിക്കലും (ignition) നടന്നിരുന്നു. ബ്രസീൽ, പരാഗ്വേ, ബൊളീവിയ, പെറു എന്നീ രാജ്യങ്ങളെയാണ് പ്രത്യക്ഷത്തിൽ കാട്ടുതീ ബാധിച്ചത്. എന്നാൽ, ഭൂമിയുടെ ശ്വാസകോശങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആമസോണിൽ ഉണ്ടായ 2019-20 കാട്ടുതീ ലോകത്തെ മുഴുവൻ ബാധിച്ചു എന്നു വേണം പറയാൻ. ഇതേ കാലത്ത് തന്നെയാണ് (2019-20) ആസ്ത്രേലിയയിലും തീവ്രമായ കാട്ടുതീ പടർന്നത്. സീസണൽ ബുഷ്ഫയർ തന്നെയാണ് അതും. ഡ്രൈസീസൺ, ട്രോപിക്കൽ പസിഫിക് സമുദ്രത്തിലെ ശക്തമായ എൽനിനോ തുടങ്ങിയവയാണ് അടിസ്ഥാന കാരണങ്ങൾ. അതേസമയം ഈ രണ്ട് കാട്ടുതീകളും ഇത്രമേൽ തീവ്രവും ത്വരിതവുമായത് പാരിസ്ഥിതിക സന്തുലനം തകർക്കുന്ന തരത്തിലുള്ള മനുഷ്യ പ്രവർത്തനങ്ങളും നരജന്യമായ കാലാവസ്ഥാ വ്യതിയാനവും നിമിത്തമാണ്.
2014-ൽ മഹാരാഷ്ട്രയിലെ മാലിനിൽ ഉണ്ടായ ഉരുൾപൊട്ടലിനും 2015-ലെ ചെന്നൈ പ്രളയത്തിനും പ്രത്യക്ഷകാരണം ശക്തമായ മഴ തന്നെയാണ്. അതേസമയം മാലിൻ ഉരുൾപൊട്ടലിന്, അമിതമായ വനനശീകരണവും യാതൊരു നിയന്ത്രണവുമില്ലാത്ത ഖനനവും കൃഷിരീതികളിലുണ്ടായ മാറ്റങ്ങളും നിമിത്തമായിട്ടുണ്ട്. ചെന്നൈയിലാകട്ടെ, ദ്രുതനഗരവത്കരണത്തിന്റെ (rapid urbanisation) പ്രശ്നങ്ങളുണ്ടായിരുന്നു. ജലാശയങ്ങൾക്ക് മേലുള്ള വ്യാപകമായ കൈയേറ്റങ്ങൾ കടലിലേക്കുള്ള സ്വാഭാവിക നീരൊഴുക്കിനെ തടഞ്ഞതും പ്രളയത്തിന്റെ ആഘാതം വർധിപ്പിച്ചു. കൃത്യമായ എകോളജിക്കൽ അസെസ്മെന്റ് പോലും നടത്താതെയാണ് പല വികസന പ്രവർത്തനങ്ങളും.
ഭൂമിയിലെ മനുഷ്യദൗത്യത്തെ അടയാളപ്പെടുത്തുന്നതിന് ഖുർആൻ പ്രയോഗിക്കുന്നത് ഖിലാഫഃ എന്ന പദമാണ്. ഒരു പദവിയെ സൂചിപ്പിക്കുന്ന പദമാകാമത്. എന്നാൽ, അതിലുപരി അതൊരു ഉത്തരവാദിത്വമാണ്. പഴയ നിയമത്തിൽ ഡൊമീനിയൻ എന്ന പദം ഉപയോഗിച്ചതായി കാണാം (ഉൽപത്തി 1:26). ഈ രണ്ട് പദങ്ങളെയും അതത് വിഭാഗങ്ങളിലെ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നത് ചൂഷണത്തിനുള്ള അധികാരമായല്ല; മറിച്ച്, പരിപാലനത്തിനുള്ള ദൗത്യമായാണ് (stewardship). ഇതിന്റെ വിശദീകരണത്തിൽ, സാമൂഹിക രാഷ്ട്രീയ ദൗത്യങ്ങൾക്ക് പുറമെ, പാരിസ്ഥിതികമായ മൂന്ന് കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാണാം. സൃഷ്ടിലോകത്തെ ശ്രദ്ധാപൂർവം പരിചരിക്കാനുള്ള ഉത്തരവാദിത്വമാണ് ഒന്ന്. വിഭവങ്ങൾ വിവേകത്തോടു കൂടി ഉപയോഗിക്കുക എന്നത് രണ്ടാമത്തെത്. മൂന്നാമത്തെതാകട്ടെ, ഭാവി തലമുറകൾക്ക് വേണ്ടി വിഭവങ്ങളുടെ സ്രോതസ്സുകളെ നിലനിർത്തുക എന്നതും.
യേശു ക്രിസ്തു പറഞ്ഞതു പോലെ, ഒരു നല്ല മനുഷ്യന്റെ ഉപമ ഒരു നല്ല ഇടയന്റെ ഉപമ തന്നെയാകുന്നു. ആകയാൽ, മനുഷ്യരോടുള്ള അനുതാപത്തിന്റെ ഏറ്റവും നല്ല പ്രകാശനം, പ്രകൃതിയോടുള്ള ഐക്യപ്പെടൽ തന്നെയാണ്. l