2024 മെയ് 11-ന് തമിഴ്നാട്ടിലെ ഉമറാബാദിൽ അന്തരിച്ച മൗലാനാ കാക്കാ സഈദ് അഹ്മദ് ഉമരി പ്രമുഖ പണ്ഡിതന്‍, തെന്നിന്ത്യയിലെ പ്രശസ്‌ത ദീനീ വിദ്യാഭ്യാസ കേന്ദ്രമായ ഉമറാബാദ് ജാമിഅ ദാറുസ്സലാം ജനറൽ സെക്രട്ടറി, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം ചെയ്തുവന്ന മഹത് വ്യക്തിത്വമായിരുന്നു. ഇസ്‌ലാമിക വിഷയങ്ങളിൽ ആഴത്തിലുള്ള പാണ്ഡിത്യവും പ്രബോധന രംഗത്തെ വേറിട്ട കാഴ്ചപ്പാടുമാണ് കാക്കാ സഈദ് ഉമരിയുടെ പ്രത്യേകത. പ്രബോധന പ്രവർത്തനത്തിലെ തന്റെ പരിശ്രമങ്ങളെ ഒരിക്കലും പരസ്യപ്പെടുത്താൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. തമിഴ്‌നാടിനകത്തും പുറത്തുമുള്ള നിരവധി മത, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന കാക്കാ സഈദ് ഉമരിയുടെ വിയോഗം ഇന്ത്യൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസ രംഗത്ത് വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്.
കാക്കാ സഈദ് ഉമരി എല്ലാ അർഥത്തിലും ഒരു മാതൃകാ വ്യക്തിത്വമായിരുന്നുവെന്ന് ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് അധ്യക്ഷൻ മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്‌മാനി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിജ്ഞാനവും കർമവും ഏകോപിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് പകരംവെക്കാനില്ലാത്ത വ്യക്തിത്വവുമായിരുന്നു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സആദത്തുല്ലാ ഹുസൈനി തന്റെ അനുശോചന സന്ദേശത്തിൽ ഇങ്ങനെ കുറിച്ചു: "മൗലാനയുടെ വിയോഗത്തോടെ ആത്മാർഥതയുടെ നിറകുടമായ ഒരു പണ്ഡിതനെയും അഡ്മിനിസ്ട്രേറ്ററെയും സാമൂഹിക പ്രവർത്തകനെയുമാണ് സമുദായത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. തെന്നിന്ത്യയിലെ സമുന്നത ദീനീകലാലയമായ ഉമറാബാദ് ദാറുസ്സലാം വൈജ്ഞാനിക ലോകത്ത് സവിശേഷമായ ഒരിടം കണ്ടെത്തിയത് അദ്ദേഹം സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ്. വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളിൽ നിരവധി സംഭാവനകൾ അർപ്പിച്ച കാക്കാ കുടുംബത്തിൽ ജനിച്ച അദ്ദേഹം ഇസ്ലാമിനെ സമഗ്രമായി ഉൾക്കൊള്ളുകയും മിതവാദ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്തു. എല്ലാ വിഭാഗങ്ങളുടെയും സേവന പ്രവർത്തനങ്ങളെ അദ്ദേഹം വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ദഅ്വാ പ്രവർത്തനങ്ങളിൽ വളരെ ഉത്സുകനായിരുന്ന അദ്ദേഹം സംഘടിപ്പിച്ചിരുന്ന പരിശീലന കളരികൾക്ക് ധാരാളം പ്രബോധകരായ പണ്ഡിതൻമാരെ വാർത്തെടുക്കാൻ സാധിക്കുകയുണ്ടായി. ജമാഅത്തെ ഇസ്ലാമിയുമായി എന്നും സഹകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അമീർ മർഹൂം സയ്യിദ് ജലാലുദ്ദീൻ ഉമരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു."
ലോക ഇസ്ലാമിക നേതൃത്വങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം സ്ഥാപനത്തിലെ മലയാളി വിദ്യാർഥികളോട് പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. ആദ്യ കാലങ്ങളിലുണ്ടായിരുന്ന മലയാളി വിദ്യാർഥികളുടെ ഒഴുക്ക് പിൽക്കാലത്ത് നിലച്ചുപോയതിൽ അദ്ദേഹം അസംതൃപ്‌തി പ്രകടിപ്പിക്കുകയുണ്ടായി. ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ പാരമ്പര്യമുള്ള രാജ്യത്തെ പ്രമുഖ കലാലയമാണ് തമിഴ്‌നാട്ടിലെ ആമ്പൂരിനടുത്തുള്ള ഉമറാബാദ് ജാമിഅ ദാറുസ്സലാം. ഈ സ്ഥാപനത്തിന്റെ വളർച്ചക്കു വേണ്ടി ജീവിതം സമർപ്പിച്ച കാക്കാ സഈദ് ഉമരി അവസാന കാലം വരെ അതിനായി പരിശ്രമിച്ചു. പ്രായാധിക്യം കൊണ്ടും മറ്റുമുള്ള അവശതകൾ അനുഭവിക്കുമ്പോഴും ജാമിഅഃയുടെ പുരോഗതിക്കായി അദ്ദേഹം നിലകൊണ്ടു. കേരളത്തിലെ ഉമറബാദ് ജാമിഅ പൂർവ വിദ്യാർഥികളുടെ (ഉമരി) കൂട്ടായ്മകളിൽ പങ്കെടുക്കുന്നതിൽ അദ്ദേഹത്തിന് വലിയ താല്പര്യമായിരുന്നു. പെരിന്തല്‍മണ്ണയില്‍ നടന്ന അത്തരമൊരു കൂട്ടായ്മയിൽ പങ്കെടുക്കാനാണ് 2021-ൽ അദ്ദേഹം അവസാനമായി കേരളത്തില്‍ എത്തിയത്.
വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ രംഗത്തും പേരുകേട്ട ഉമറാബാദിലെ കാക്കാ കുടുംബത്തിൽ 1936-ലാണ് കാക്കാ സഈദ് ഉമരിയുടെ ജനനം. മർഹൂം കാക്കാ ഉമർ, ഇപ്പോൾ വിടപറഞ്ഞ കാക്കാ സഈദ് എന്നീ സഹോദരങ്ങളുടെ പിതാമഹനും തുകൽ വ്യാപാരിയുമായിരുന്ന കാക്കാ മുഹമ്മദ് ഉമർ സാഹിബാണ് 1924-ൽ ജാമിഅ ദാറുസ്സലാം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചാണ് കോളേജ് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമത്തിന് 'ഉമറാബാദ്' എന്ന പേരുനൽകിയത്. തന്റെ പിതാവിന്റെ വസ്വിയ്യത് പ്രകാരം 1946-ൽ കാക്കാ സഈദ് ജാമിഅ ദാറുസ്സലാമിൽ ചേർന്നു പഠനം ആരംഭിച്ചു. 1956-ൽ ജാമിഅയിൽനിന്ന് പഠനം പൂർത്തിയാക്കി. 1958-ൽ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയോഗിതനായി. 1988-ലാണ് കാക്കാ സഈദ് ഉമരി ജാമിഅ ദാറുസ്സലാമിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് വരുന്നത്.
അദ്ദേഹത്തെ അല്ലാഹു സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ. l