കവര്‍സ്‌റ്റോറി

വഖ്ഫ് സ്വത്തുക്കൾ നമ്മുടെ വിലയേറിയ മൂലധനമാണ്. ദൈവിക പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ച് നമ്മുടെ പൂർവികർ തങ്ങളുടെ സ്വത്തുക്കൾ സർവശക്തനായ അല്ലാഹുവിന്റെ മാർഗത്തിൽ സമർപ്പിച്ചിട്ടുണ്ട്. ഈ വഖ്ഫുകളുടെ പരിപാലനവും സംരക്ഷണവും നമ്മുടെ പ്രഥമ കടമയാണ്. വഖ്ഫ് നിയമം 2013 ഭേദഗതി ചെയ്യാനാണ് ഭരണവർഗം ശ്രമിക്കുന്നത്. വഖ്ഫ് നിയമത്തിൽ വരുത്തുന്ന ഭേദഗതികൾ എൻഡോവ്‌മെന്റുകളുടെ സ്വഭാവവും നിലയും മാറ്റുകയും എൻഡോവ്‌മെന്റുകളുടെ സംരക്ഷണവും വഖ്ഫിന്റെ അധികാരങ്ങളും അനിശ്ചിതത്വത്തിലാക്കുകയും ചെയ്യും. വഖ്ഫ് ബോർഡുകളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് വഴിയൊരുക്കും. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ ശബ്ദമുയർത്തുകയും വഖ്ഫിന്റെ സ്വഭാവത്തിലും പദവിയിലും കാതലായ മാറ്റം വരുന്ന രീതിയിൽ ഒരു ഭേദഗതിയും വഖ്ഫ് നിയമത്തിൽ വരുത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം ജനങ്ങളിലെത്തിക്കാൻ ജുമുഅ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തു.

ഇസ്‌ലാമിൽ, സർവശക്തനായ അല്ലാഹുവിനുള്ള ആരാധനയ്ക്കും അടിമത്തത്തിനും പ്രത്യേക പ്രാധാന്യം ഉള്ളതുപോലെ, മനുഷ്യരെ സഹായിക്കുന്നതിനും സേവിക്കുന്നതിനും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് പ്രാർഥന, ഉപവാസം എന്നിവയോടൊപ്പം തന്നെ സകാത്ത്, സ്വദഖത്തുൽ ഫിത്വ്്ർ എന്നിവയുടെ കൽപ്പനകളും വന്നിട്ടുള്ളത്. ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകളുണ്ടായാൽ സാമ്പത്തിക പ്രായശ്ചിത്തം (അതായത്, ദരിദ്രർക്കും ആവശ്യക്കാർക്കും ഭക്ഷണം നൽകൽ) നൽകാനും വസ്ത്രം നൽകാനും വ്യവസ്ഥയുണ്ട്. ഉദാഹരണത്തിന്, ആരെങ്കിലും മനഃപൂർവം നോമ്പ് മുറിച്ചാൽ, ഒന്നുകിൽ അവൻ അറുപത് നോമ്പനുഷ്ഠിക്കുകയും അല്ലെങ്കിൽ 60 പാവങ്ങൾക്ക് ഭക്ഷണം നൽകുകയും വേണം. നോമ്പാകുന്ന ആരാധനയുടെയും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നതിന്റെയും പ്രതിഫലം ഒന്നുതന്നെയാണ്.

നിരവധിയാളുകൾക്ക് ദീർഘകാലം പ്രയോജനം ലഭിക്കത്തക്ക രീതിയിൽ സേവനങ്ങൾ ലഭിക്കുക എന്നതാണ് ഇതിന്റെ രണ്ടാമത്തെ രൂപം. രണ്ട് രൂപവും പ്രതിഫലാർഹമാണെങ്കിലും രണ്ടാമത്തെ രൂപത്തിനാണ് പ്രതിഫലം കൂടുതൽ. എന്തുകൊണ്ടെന്നാൽ, ഏതൊരു വസ്തുവിന്റെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് കൂടുതൽ കാലം ലഭിക്കുന്നുവോ അതിനാണ് കൂടുതൽ പ്രതിഫലം ലഭിക്കുക. ''അല്ലാഹുവിന്റെ പ്രവാചകൻ (സ) പറഞ്ഞു: 'ഒരാൾ മരിക്കുമ്പോൾ മൂന്ന് സന്ദർഭങ്ങളിലൊഴികെ, കർമങ്ങളുടെ ബന്ധം അവനിൽനിന്ന് വിച്ഛേദിക്കപ്പെടും. ഒന്ന്: എന്നെന്നും നിലനിൽക്കുന്ന ദാനധർമം. രണ്ട്: തന്റെ മരണശേഷം ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന അറിവ്. മൂന്ന്: തനിക്കു വേണ്ടി മരണശേഷം പ്രാർഥിക്കുന്ന സന്താനം'' (മുസ്ലിം).

പ്രയോജനകരമായ അറിവ് കൊണ്ടുദ്ദേശിക്കുന്നത് ഏതെങ്കിലുമൊരു പണ്ഡിതന്റെ വൈജ്ഞാനിക പുസ്തകങ്ങളും അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളുമാണ്, അത് ദീർഘ കാലത്തേക്ക് ആളുകൾക്ക് പ്രയോജനം ലഭിക്കുന്നു. സച്ചരിതരായ സന്താനങ്ങൾ എന്നതിന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. സംസ്കരണം സിദ്ധിച്ച മക്കൾ സ്വന്തം മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രാർഥന ഗൗരവത്തിൽ കാണും.
നിലനിൽക്കുന്ന ദാനധർമം കൊണ്ടർഥമാക്കുന്നത് ഒരു വ്യക്തി തന്റെ കാലശേഷവും ജനങ്ങൾക്ക് പ്രയോജനപ്രദമാകാൻ കിണർ കുഴിക്കുക, കുഴൽക്കിണർ നിർമിക്കുക, പള്ളിയുടെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും നിർമാണത്തിൽ പങ്കാളിയാവുക, ദീനീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക, യാത്രക്കാർക്കും അനാഥർക്കും വേണ്ടി എന്തെങ്കിലും നന്മ ചെയ്യുക തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്.

ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളുടെ ഒരു രൂപത്തെ 'വഖ്ഫ്' എന്ന് വിളിക്കുന്നു. വഖ്ഫിന്റെ യഥാർഥ അർഥം ‘തടഞ്ഞുവെക്കുക’ എന്നാണ്. വഖ്ഫിൽ യഥാർഥ വസ്തുക്കൾ തടഞ്ഞുവെച്ചുകൊണ്ട് അതിലൂടെയുണ്ടാവുന്ന പ്രയോജനങ്ങൾ വഖ്ഫ് ചെയ്തവരുടെ ഉദ്ദേശ്യത്തിനനുസരിച്ച് അവകാശികളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ വസ്തുക്കൾ സംരക്ഷിക്കപ്പെടുകയും തടഞ്ഞുവെക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണതിന് ‘വഖ്ഫ്' എന്നു പറയുന്നത്. വഖ്ഫും സാധാരണ ചാരിറ്റിയും തമ്മിലുള്ള മൗലികമായ വ്യത്യാസം, സാധാരണ ദാനധർമങ്ങളിൽ, ദരിദ്രരെയും ആവശ്യക്കാരെയും യഥാർഥ വസ്തുവിന്റെ ഉടമകളാക്കുന്നു എന്നതാണ്. മറ്റു അവകാശികൾക്ക് അതിൽനിന്ന് പ്രയോജനമെടുക്കാനുള്ള സ്കോപ്പില്ല. എന്നാൽ, വഖ്ഫിൽ നേരെമറിച്ചാണ് കാര്യം. അതിലൂടെ വഖ്ഫിന്റെ പ്രാധാന്യവും അതിന്റെ പ്രതിഫലവും സുതരാം വ്യക്തമാവും. വഖ്ഫിൽ വഖ്ഫ് ചെയ്തവർക്കോ, മുതവല്ലിമാർക്കോ, പ്രയോജനമെടുക്കാൻ അവകാശം ലഭിച്ചവർക്കോ ഒരു ഉടമസ്ഥാവകാശവുമുണ്ടാവില്ല.

വഖ്ഫിനെക്കുറിച്ചുള്ള ഇസ്ലാമിക ശരീഅത്തിന്റെ കാഴ്ചപ്പാട് സർവശക്തനായ അല്ലാഹുവിന്റെ നേരിട്ട് ഉടമസ്ഥതയിലുള്ള സ്വത്ത് എന്നതാണ്
(هو حَبْسُ العَيْن على حكم ملك الله تعالى)
ഇസ്‌ലാമിലെ ആരാധനകൾക്ക് മാത്രമല്ല പ്രതിഫലം ലഭിക്കുക. മനുഷ്യ സേവനവും പ്രതിഫലത്തിനർഹമാണ്. അതിനാൽ, വഖ്ഫിന്റെ വ്യാപ്തി വളരെ വിശാലമാണ്. ദരിദ്രർക്ക് പ്രയോജനം സിദ്ധിക്കുമാറുള്ള വഖ്ഫും സാധുവാണ്. സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന വഖ്ഫും സാധുവാണ്. എത്രത്തോളമെന്നാൽ സ്വന്തം മക്കൾക്ക് വഖ്ഫ് നൽകുന്നതുപോലും സാധുവാണ്.
അതിനാൽ മദ്റസകൾ, മസ്ജിദുകൾ, അനാഥാലയങ്ങൾ, ദരിദ്രരുടെ സഹായത്തിനായി സ്ഥാപിച്ച സ്ഥാപനങ്ങൾ, മതപരമോ ഭൗതികമോ ആയ വിദ്യാഭ്യാസത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട ചാരിറ്റബിൾ സ്ഥാപനങ്ങൾ, രോഗികളുടെ ചികിത്സ, വിധവാ സംരക്ഷണം തുടങ്ങി സമാന ആവശ്യങ്ങൾക്കായി സ്ഥാപിതമായ ട്രസ്റ്റുകൾ , ഇവയുടെ ലക്ഷ്യം ബിസിനസ്സോ ഏതെങ്കിലും ഒരു വ്യക്തിക്കുള്ള ഭൗതിക നേട്ടമോ ആവാതിരുന്നാൽ അവയെല്ലാം വഖ്ഫിൽ ഉൾപ്പെടുന്നു.

ജമാഅത്തെ ഇസ്്ലാമി ആസ്ഥാനത്ത് നേതാക്കളോടൊപ്പം
ഖാലിദ് സൈഫുല്ലാ റഹ്മാനി

മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ആശയം വളരെ പുരാതനമാണ്. ഇസ്‌ലാമിന് മുമ്പ് തന്നെ അറബികൾ ദൈവിക ഭവനമായ കഅ്ബക്ക് വഴിപാടുകൾ അർപ്പിച്ചിരുന്നു. ദൈവനാമത്തിൽ വസ്തുക്കൾ നേർച്ചയാക്കുന്ന സംഭവം ബൈബിളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഹസ്രത്ത് മർയമിന്റെ മാതാവ് ജനിക്കാൻ പോവുന്ന കുഞ്ഞിനെ ദൈവത്തിന് നേർച്ച നേരുമെന്ന വാഗ്ദാനമുണ്ട്; അങ്ങനെയാണ് ഹസ്രത്ത് മർയം ബൈത്തുൽ മഖ്ദിസിന്റെ സേവനത്തിനായി അവരുടെ അമ്മാവൻ ഹസ്രത്ത് സകരിയ്യായുടെ ഉത്തരവാദിത്വത്തിൽ ഏൽപിക്കപ്പെട്ടത് (ആലു ഇംറാൻ 35 -37).
വ്യത്യസ്ത ചാരിറ്റി ലക്ഷ്യങ്ങൾക്ക് വേണ്ടി ഇസ്‌ലാം സമർപ്പിച്ച വിശാലമായ വഖ്ഫ് പ്രോജക്ട് ഇസ്ലാമിന് മുമ്പ് ഒരിക്കലും കാണാൻ കഴിയില്ല. മുഹമ്മദീയ സമൂഹത്തിൽ ആദ്യത്തെ വഖ്ഫ് ഉമറാണ് ചെയ്തതെന്ന് പറയപ്പെടുന്നു. എന്നാൽ, പ്രത്യേകമായ ഇനത്തിന്റെയും വിശദമായ നിയമങ്ങളുടെയും അടിസ്ഥാനത്തിലാണീ വഖ്ഫ്.

അല്ലായെങ്കിൽ ആദ്യത്തെ വഖ്ഫ് നൽകിയത് അല്ലാഹുവിന്റെ ദൂതനാണ്. മദീനയിലെ അനാഥരായ രണ്ട് കുട്ടികളിൽ (ഹസ്രത്ത് സഹ്ൽ, ഹസ്രത്ത് സുഹൈൽ) നിന്നും വ്യക്തിപരമായി വാങ്ങിയ ഭൂമിയിൽ പ്രവാചകൻ മസ്ജിദ് നിർമിക്കുകയും അതിനോട് ചേർന്ന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരു സമുച്ചയം നിർമിക്കുകയും ചെയ്തു, അതിനെ അറബിയിൽ 'സ്വുഫ്ഫ' എന്ന് വിളിക്കുന്നു. അതെ, ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ ദാറുൽ ഉലൂം ആയിരുന്നു അത്. പ്രവാചകൻ (സ) വഖ്ഫായി നൽകിയ ഭൂമിയിലാണ് ആദ്യത്തെ പള്ളിയും പള്ളിക്കൂടവും സ്ഥാപിതമായത്. ഹസ്രത്ത് ഉസ്മാൻ (റ) ഇതേ രീതിയിൽ തന്നെയാണ് ബിഅ്ർ റൂമ (റോമാ കിണർ) വാങ്ങി മുസ്ലിംകൾക്ക് വഖ്ഫായി സമർപ്പിച്ചത്. ഹസ്രത്ത് ജാബിർ (റ) തന്റെ ഈത്തപ്പനത്തോട്ടം വഖ്ഫായി നൽകിയതും മറ്റൊരു സംഭവമാണ്. ഉമർ (റ) വഖ്ഫ് ചെയ്യുന്നതിന് മുമ്പുള്ള വഖ്ഫുകളാണിവയെല്ലാം.

വഖ്ഫ് പരാമർശം ഖുർആനിൽ തന്നെയുണ്ട്. കാരണം, സമ്പത്ത് സത്കർമങ്ങൾക്കായി ചെലവഴിക്കാനും ദാനം ചെയ്യാനും അല്ലാഹു ആവർത്തിച്ചാവർത്തിച്ച് ഉപദേശിച്ചിട്ടുണ്ട്. ഹദീസുകളിൽ പ്രവാചകന്റെ വ്യക്തമായ പ്രേരണകളും കാണാൻ കഴിയും. എന്നെന്നും നിലനിൽക്കുന്ന സ്വദഖയുടെ ഏറ്റവും ഉയർന്ന രൂപമായതിനാൽ, സ്വഹാബികൾ പലപ്പോഴും ഈ നല്ല പ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. പല പണ്ഡിതന്മാർക്കും ഇതിൽ അഭിപ്രായ സമന്വയമുള്ളതായും കാണാം. അതിനാൽ, ഇസ്ലാമിക നിയമജ്ഞർ ഇത് ഐഛിക പദവിയുള്ള (മുസ്തഹബ്ബ്) ഒരു ഇബാദത്താണെന്ന് അഭിപ്രായപ്പെടുന്നു (അൽ മുഗ്നി 187/8).

വഖ്ഫിന്റെ ഈ പ്രാധാന്യം കാരണം മുസ്‌ലിംകൾ എപ്പോഴും വൈവിധ്യമാർന്ന സദ് പ്രവർത്തനങ്ങൾക്ക് വഖ്ഫ് നൽകിവരുന്നു. ഈ വിഷയത്തിൽ മുസ്‌ലിം ഉമ്മത്തിന് ശോഭയാർന്ന ചരിത്രമുണ്ട്. മുസ്‌ലിംകൾ കേവലം പള്ളികൾക്കും ഈദ് ഗാഹുകൾക്കും ഖബറിസ്ഥാനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമല്ല വഖ്ഫ് ചെയ്തത്. അവർ മുസാഫിർ ഖാനകളും യത്തീം ഖാനകളും വഖ്ഫിലൂടെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. രോഗികൾക്കും വികലാംഗർക്കും ദരിദ്രർക്കും, എത്രത്തോളമെന്നാൽ മൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റയ്ക്ക് പോലും വഖ്ഫ് സമർപ്പിച്ചിരുന്നു. ഇത് മുസ്ലിം സമൂഹത്തിന്റെ അസാധാരണമായ സേവന മനോഭാവത്തിലേക്ക് സൂചന നൽകുന്നു. അതുകൊണ്ടാണ് മുസ്‌ലിംകൾ സ്ഥിരതാമസമാക്കിയിടത്തെല്ലാം ഇപ്പോഴും ധാരാളം എൻഡോവ്‌മെന്റ്ഭൂമികളും വഖ്ഫ് സ്വത്തുക്കളും കാണാൻ കഴിയുന്നത്. ഇന്ത്യയിൽ ധാരാളം എൻഡോവ്‌മെന്റ്പ്രോപ്പർട്ടികൾ ഉണ്ട്. അവ ശരിയായി ഉപയോഗിക്കുകയും അതിന്റെ പ്രയോജനങ്ങൾ മുസ്‌ലിംകൾക്ക് നൽകുകയും ചെയ്താൽ, മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഇപ്പോൾ നേരിടുന്ന പതിതാവസ്ഥയും പിന്നാക്കാവസ്ഥയും കാരണമായി മുസ്‌ലിംകൾക്ക് സർക്കാരിന് മുന്നിൽ യാചിക്കേണ്ടിവരില്ല.

മുസ്ലിംകളുടെ വഖ്ഫ് സ്വത്തുക്കളിൽ അമ്പത് ശതമാനത്തോളം സർക്കാരും രാജ്യത്തെ സഹോദരങ്ങളും കൈവശപ്പെടുത്തിയിരിക്കുന്നു എന്നത് ഖേദകരമാണ്. മുസ്ലിംകളുടെ കൈവശമുള്ള വഖ്ഫ് സ്വത്തുക്കളിൽ അധികവും അനധികൃതമായി കൈവശപ്പെടുത്തിയതാണ്. ധാരാളം ഖബറിസ്ഥാനുകൾ റിയൽ എസ്റ്റേറ്റ് ലോബികൾ കച്ചവടം നടത്തിയിരിക്കുന്നു. മസ്ജിദ് ഭൂമികൾ നിയമവിരുദ്ധമായി കൈയേറിക്കൊണ്ടിരിക്കുന്നു. ചിലർ പുരാതന മസ്ജിദുകൾ വിറ്റ് തിന്നുന്നതിൽ മനസ്സാക്ഷിക്കുത്ത് ഇല്ലാത്ത വിധം ദൈവഭയമില്ലാത്തവരായി മാറിയിരിക്കുന്നു. ഇത്തരം വാർത്തകൾ പത്രമാധ്യമങ്ങളിൽ ഇടം പിടിക്കുന്നു.
വഖ്ഫ് സ്വത്തുക്കളിൽ അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഒരു പ്രവർത്തന രീതി ഇങ്ങനെയാണ്: എൻഡോവ്‌മെന്റ് വസ്‌തുക്കൾ വാടകയ്‌ക്കെടുക്കുന്നവർ യഥാർഥ വാടക കൊടുക്കാൻ തയാറാകുന്നില്ല. അയ്യായിരവും പതിനായിരവും വാടക വരുന്ന ബിൽഡിംഗുകൾക്ക് 50 രൂപയും 100 രൂപയുമാണ് നൽകുന്നത്. ചിലർ 100 രൂപ, 150 രൂപ നിരക്കിൽ വഖ്ഫ് ബിൽഡിംഗുകൾ വാടകക്കെടുത്ത് ലക്ഷക്കണക്കിന് രൂപ മറ്റുള്ളവരിൽനിന്ന് അഡ്വാൻസായി വാങ്ങുന്നതോടൊപ്പം, പ്രതിമാസം ആയിരങ്ങൾ വാടകയായും വാങ്ങുന്നു. വഖ്ഫിന്റെ മേലുള്ള അനധികൃത കൈയേറ്റങ്ങളുടെയും അനനുവദനീയ പ്രയോജനങ്ങളുടെയും ലിസ്റ്റ് നീണ്ടതാണ്. അതിലുൾപ്പെട്ട 'മഹാന്മാരു'ടെ പേരുകൾ കണ്ട് അത്ഭുതപ്പെടുകയുമാണ്. എന്നാൽ, വഖ്ഫ് സ്വത്ത് ശരിയായി ഉപയോഗിക്കുന്നവരും വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്കു വേണ്ടി അവ വരുമാനദായകമാക്കുന്നതിൽ കഠിനാധ്വാനം ചെയ്യുന്നവരുമായ നല്ല മനുഷ്യരും ഉണ്ട്.

മുസ്ലിം ഭരണം ഇന്ത്യയിൽ ഏകദേശം ആയിരം വർഷത്തോളം നിലനിന്നിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന് ശേഷവും മുസ്ലിം നവാബുമാരും ഹിന്ദു രാജാക്കന്മാരും മഹാരാജാക്കന്മാരും ഭരിച്ചിരുന്ന വിവിധ ചെറിയ സംസ്ഥാനങ്ങൾ ഉണ്ടായിരുന്നു. മുസ്‌ലിം ഭരണാധികാരികൾ ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ നാമമാത്ര ശ്രദ്ധയേ ചെലുത്തിയിരുന്നുള്ളൂ. തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. പക്ഷേ, അവർ നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും പൂർണമായും ഇസ്ലാമികവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി വഖ്ഫ് നൽകിയിരുന്നു. ശാശ്വതമായ ലാഭത്തിന്റെ ഉറവിടമായി അവരതിനെ പരിവർത്തിപ്പിച്ചു. ഹിന്ദു രാജാക്കന്മാരും തങ്ങളുടെ മുസ്ലിം പ്രജകൾക്കായി പള്ളികൾ നിർമിച്ചു നൽകിയിരുന്നു. ശ്മശാനങ്ങൾക്കായി സ്ഥലങ്ങളും നൽകി. മറ്റാവശ്യങ്ങൾക്കായി പ്രോപ്പർട്ടികളും വഖ്ഫായി നൽകിയിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ അധിനിവേശം നടത്തിയപ്പോൾ, അവർ ആദ്യം മുസ്ലിംകളുടെ നിരവധി എൻഡോവ്മെന്റുകൾ തട്ടിയെടുക്കുകയാണ് ചെയ്തത്. എന്നാൽ, ക്രമേണ അവയും, സർക്കാരിന്റെ കൈവശം വന്നവ കൂടാതെ മറ്റു വഖ്ഫ് സ്വത്തുക്കളും വീണ്ടെടുക്കപ്പെട്ടു. സർക്കാർ അവ വഖ്ഫായി അംഗീകരിക്കുകയും ചെയ്തു.

വ്യക്തിപരമായ സ്വത്തിനെ ബഹുമാനിക്കുക എന്നത് സർക്കാരിന്റെ കടമയായതുപോലെത്തന്നെ, പൊതു സ്വത്ത് സംരക്ഷിക്കുന്നതിന് സർക്കാർ നിയമപരമായ പ്രാധാന്യം നൽകുന്നതുപോലെ തന്നെ, വഖ്ഫ് സ്വത്തുക്കൾ സംരക്ഷിക്കുകയും അത് വീണ്ടെടുക്കുകയും നിയമാനുസൃതമാക്കുകയും വേണം. വഖ്ഫ് ഭൂമിയിൽ വൻകിട ഹോട്ടലുകളും കമ്പനികളും നിർമിക്കപ്പെട്ടിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ തിരിച്ചുകിട്ടുക എളുപ്പമല്ല. എന്നാൽ, അതിന്റെ വാടക നൽകാൻ സർക്കാരിന് അവരെ നിർബന്ധിക്കാൻ കഴിയും. അതിലൂടെ വഖ്ഫ് സ്വത്തുക്കൾ മുസ്ലിം ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാൻ കഴിയും. നിരവധി സർക്കാർ ഓഫീസുകളും സർക്കാർ കെട്ടിടങ്ങളും വഖ്ഫ് ഭൂമിയിലാണ് നിർമിച്ചിരിക്കുന്നത്. അവയുടെ വാടക സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ വളരെ ന്യായമായ രീതിയിൽ സർക്കാർ തന്നെ നൽകണം. വഖ്ഫ് ബോർഡിന് ഇത്തരം കൈയേറപ്പെട്ട ഭൂമിയുടെ ന്യായമായ വാടക നൽകിയാൽ പാവപ്പെട്ട മുസ്ലിംകളുടെ വിദ്യാഭ്യാസം, അനാഥ സംരക്ഷണം, വിവാഹമോചിതരും വിധവകളുമായ സ്ത്രീകളുടെ ക്ഷേമം, തൊഴിൽ രഹിതരായ യുവാക്കൾക്ക് തൊഴിലധിഷ്‌ഠിത പരിശീലനം, സ്വയംതൊഴിൽ തുടങ്ങിയ ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കും. സർക്കാരിന് മുന്നിൽ യാചിക്കുന്നതിൽനിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യാം.

1954-ലാണ് പാർലമെന്റിൽ ആദ്യമായി വഖ്ഫിനായുള്ള ഒരു സ്ഥിരം നിയമം ഉണ്ടാക്കിയത്. അതിനു മുമ്പ് വഖ്ഫിന് വേണ്ടി പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. വഖ്ഫ് പ്രശ്‌നങ്ങൾ 1923-ലെ മുസ്ലിം നിയമത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, വഖ്ഫിനെ സംരക്ഷിക്കാൻ ഈ നിയമം പര്യാപ്തമല്ലെന്ന് മുസ്‌ലിംകൾ കരുതി. 1984-ൽ ഒരു പുതിയ വഖ്ഫ് നിയമം വന്നു. പക്ഷേ, അതിന് മുസ്ലിംകളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനായില്ല. തുടർന്ന് 1995-ൽ വീണ്ടും ഒരു പുതിയ വഖ്ഫ് നിയമം കൊണ്ടുവന്നു. അതിൽ മുസ്ലിംകളുടെ ആവശ്യങ്ങളുടെ ചെറിയൊരു ഭാഗം നിറവേറ്റപ്പെട്ടു. എന്നാൽ, വലിയൊരു ഭാഗവും നിറവേറ്റപ്പെടാതെ അവശേഷിച്ചു. 2010-ൽ, ഒരു ചർച്ചയും കൂടാതെ ഒരു വെള്ളിയാഴ്ച അവസാന നിമിഷം ഭേദഗതി ചെയ്ത മറ്റൊരു വഖ്ഫ് നിയമം ലോക്സഭ വളരെ തിടുക്കത്തിൽ പാസ്സാക്കി. 2013-ൽ ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെ മുൻ ജനറൽ സെക്രട്ടറി മൗലാനാ മുഹമ്മദ് വലീ റഹ് മാനിയും ബോർഡ് ഭാരവാഹികളും ബോർഡിലെ ഉദ്യോഗസ്ഥരും ചേർന്ന് വഖ്ഫ് നിയമത്തിൽ ഭേദഗതി നിർദേശിക്കുകയും വഖ്ഫ് നിയമത്തിലെ പിഴവുകളും അപാകതകളും ചൂണ്ടിക്കാട്ടുകയും ചെയ്തു. ആ നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടു.

മുസ്‌ലിംകളുടെ എല്ലാ ആവശ്യങ്ങളും ഇതിലൂടെ നിറവേറ്റപ്പെട്ടില്ലെങ്കിലും, വഖ്ഫ് നിയമം ഒരു പരിധിവരെ ഭദ്രമായി. അതുവഴി വഖ്ഫുകൾ സംരക്ഷിക്കപ്പെട്ടു. ഇപ്പോൾ വഖ്ഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിലവിലെ സർക്കാർ വഖ്ഫ് നിയമം ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നു. നാൽപ്പത് ഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. ഈ ഭേദഗതികളിലൂടെ വഖ്ഫ് നിയമത്തിന്റെ ഭദ്രത നഷ്ടപ്പെട്ടുപോകുമെന്നും വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ വഖ്ഫ് ബോർഡുകൾ ദുർബലമാകുമെന്നും കടുത്ത ആശങ്കയുണ്ട്. പുതിയ പരിഷ്കരണം വന്നാൽ അത് വഖ്ഫ് സ്വത്തുക്കളെ വളരെ ദോഷകരമായി ബാധിക്കും. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന വഖ്ഫ് പ്രോപ്പർട്ടികൾ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാകും. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കി, നിലവിലുള്ള വഖ്ഫ് നിയമത്തെ ദുർബലപ്പെടുത്തുകയും സംരക്ഷണം അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുന്ന ഒരു ഭേദഗതിയും വരുത്തരുതെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.

അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് ഇക്കാര്യത്തിൽ അടിയന്തര യോഗം വിളിച്ചു ചേർക്കാനും എല്ലാ നിയമവശങ്ങളും അവലോകനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വഖ്ഫിനെ സംബന്ധിച്ച് പൊതു സമൂഹത്തെ ബോധവൽക്കരിക്കണമെന്ന പൊതു അഭിപ്രായവും ഉയർന്നുവന്നു. സർക്കാരിനെയും പ്രതിപക്ഷ പാർട്ടികളെയും ഇക്കാര്യത്തിൽ ഒരുപോലെ ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു. l
(വിവ: അബ്ദുസ്സലാം പുലാപ്പറ്റ)