മക്കാദേശത്തെങ്ങും പുതിയ പ്രവാചകനെക്കുറിച്ച സംവാദം മൂർച്ഛിച്ചു നിൽക്കുന്ന സന്ദർഭം. അയൽനാടുകളിലും ആ വിവരങ്ങളെത്തി. ഗിഫാരി ഗോത്രക്കാരനായ അബൂദർറും ആ വാർത്ത അറിഞ്ഞു. വസ്തുത എന്തെന്നറിയാൻ അദ്ദേഹത്തിന് തിടുക്കമായി. തന്റെ സഹോദരനെ വിളിച്ച് അവനോട് മക്കയിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അല്പം അമ്പരപ്പോടെ സഹോദരൻ ചോദിച്ചു:"മക്കയോ? അതെന്തിന്?”
അബൂദർറ്: "അവിടെ ഒരു പുതിയ പ്രവാചകൻ ആഗതനായ വിവരമൊന്നും നീ കേട്ടില്ലേ? അയാൾക്ക് വാനലോകത്തുനിന്ന് ദിവ്യബോധനം ഇറങ്ങുന്നുണ്ടത്രെ! അക്കാര്യം സത്യമാണോ എന്ന് അന്വേഷിച്ചറിയണം. അദ്ദേഹം യഥാർഥ പ്രവാചകൻ തന്നെയോ, അതോ മനുഷ്യനെ വഴിതെറ്റിക്കാൻ വ്യാജങ്ങൾ ചമക്കുന്നവനോ എന്നറിഞ്ഞു വരണം.”
സഹോദരൻ ഉടൻ തന്നെ യാത്രക്കുള്ള തയാറെടുപ്പുകൾ നടത്തി മക്കയിലേക്ക് പോയി. അവിടത്തെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തിരിച്ചെത്തി.
അബൂദർറ്: "എന്താണ് മക്കയിൽ കണ്ടതും കേട്ടതുമായ കാര്യങ്ങൾ?”
സഹോദരൻ: "ഞാൻ നേരിൽ കണ്ടതനുസരിച്ച് അദ്ദേഹം പരിശുദ്ധനായ വ്യക്തിയാണ്. ധർമവും സൽസ്വഭാവങ്ങളുമാണ് പ്രബോധനം ചെയ്യുന്നത്. മനുഷ്യഹൃദയങ്ങളിൽ ആണ്ടിറങ്ങുന്ന ചില വചനങ്ങൾ അദ്ദേഹം കേൾപ്പിക്കുന്നുണ്ട്. അത് കവികളുടെ ഭാവനാസൃഷ്ടി പോലെയല്ല. സാരസമ്പൂർണവും സന്മാർഗ പ്രചോദിതവുമാണ്.'' സഹോദരന്റെ കുറഞ്ഞ വാക്കുകളിലുള്ള മറുപടി അബൂദർറിന് ആശ്വാസം പകർന്നു. കൂടുതൽ അറിയാനുള്ള ഉദ്വേഗം വർധിപ്പിച്ചു.
മക്കയിലേക്കുള്ള പുറപ്പാടിനായി അബൂദർറ് അത്യാവശ്യ സന്നാഹങ്ങളൊരുക്കി. താമസിയാതെ മക്കയിലേക്ക് ആവേശത്തോടെ യാത്ര തിരിച്ചു. അവിടെ കഅ്ബക്കടുത്ത് തന്നെയാണ് തങ്ങിയത്. ആരോട്, എന്ത് ചോദിക്കുമെന്ന ഒരു പിടിപാടുമില്ല. രാത്രി ഇരുണ്ടപ്പോൾ അവിടെത്തന്നെ കിടന്നുറങ്ങി. ഏതോ പരദേശിയാണെന്ന് തിരിച്ചറിഞ്ഞ അലി (റ) അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും ഭക്ഷണം നൽകിയ ശേഷം അവിടെത്തന്നെ ഉറങ്ങാൻ ഏർപ്പാടാക്കുകയും ചെയ്തു. അബൂദർറ് അലിയോട് ഒന്നും ചോദിച്ചില്ല; അലി താനാരാണെന്ന് സ്വയം പരിചയപ്പെടുത്തിയുമില്ല. നേരം പുലർന്നപ്പോൾ തന്റെ ഭാണ്ഡവുമായി അബൂദർറ് വീണ്ടും കഅ്ബയിലെത്തി. രണ്ടാം ദിനവും ആരോടും ഒന്നും സംസാരിക്കാൻ കഴിയാതെ കടന്നുപോയി. കഅ്ബാങ്കണത്തിന്റെ ഒരു മൂലയിൽ ഇരിക്കുന്ന അബൂദർറും അലിയും വീണ്ടും യാദൃച്ഛികമായി കണ്ടുമുട്ടി. യാത്രക്കാരന്റെ ആഗമന ലക്ഷ്യം സഫലമായിട്ടുണ്ടാവില്ലെന്ന് അദ്ദേഹം ആലോചിച്ചു. അന്നും അബൂദർറിനെ വീട്ടിൽ സൽക്കരിക്കുകയും രാത്രി ഉറങ്ങാൻ സൗകര്യപ്പെടുത്തുകയും ചെയ്തു. എന്നിട്ടും അവർ പരസ്പരം സംസാരിച്ചില്ല. പിറ്റേന്നും അബൂദർറ് കഅ്ബാ പരിസരത്ത് കഴിച്ചുകൂട്ടി.
രാത്രി സമയത്ത് അലി (റ) വീണ്ടും അബൂദർറുമായി സന്ധിച്ചു. മൂന്ന് ദിവസമായി ഒരു പരദേശി കഅ്ബാങ്കണത്തിൽ തന്നെ കഴിഞ്ഞുകൂടുന്നു. അയാളുടെ യാത്രാ ലക്ഷ്യം എന്താണെന്ന് താൻ ഇന്നു വരെയും ചോദിച്ചില്ലല്ലോ - അലി ആത്മഗതം ചെയ്തു.
പിന്നീട് അപരിചിതനായ യാത്രക്കാരനോടായി: "ഞാൻ അന്വേഷിക്കുന്നതിൽ താങ്കൾ വിഷമിക്കരുത്. മക്കയിൽ വന്നത് എന്തിനാണ്? താങ്കൾക്ക് എന്ത് സഹായവും ചെയ്യാൻ ഞാൻ സന്നദ്ധനാണ്.''
അബൂദർറ് പറഞ്ഞു: "അതെ, ഞാൻ ആഗമനോ ദ്ദേശ്യം വ്യക്തമാക്കാം - അത് പൂർത്തീകരിക്കാൻ താങ്കളുടെ മാർഗനിർദേശവും സഹകരണവും ഉറപ്പു നൽകുമെങ്കിൽ.''
അലി: ''നിശ്ചയമായും അങ്ങനെ ചെയ്യാം. താങ്കൾ എന്റെ അതിഥിയാണ്. ആവശ്യം അറിയിച്ചാലും.''
ആതിഥേയന്റെ സഹതാപപൂർണവും സഹകരണാത്മകവുമായ സമീപനം അബൂദർറിന് ധൈര്യം പകർന്നു. പിന്നീട് രഹസ്യഭാവത്തിൽ അലിയോട് പറഞ്ഞു: "വാനലോകത്തുനിന്ന് ദിവ്യബോധനം കിട്ടുന്ന, പ്രവാചകത്വം വാദിക്കുന്ന ഒരു വ്യക്തി മക്കയിലുണ്ടെന്ന് അറിഞ്ഞു. അദ്ദേഹത്തെ കാണാനും യാഥാർഥ്യമെന്തെന്ന് മനസ്സിലാക്കാനും അതീവ താൽപര്യത്തോടെയാണ് ഞാൻ മക്കയിൽ വന്നിരിക്കുന്നത്.”
യാത്രക്കാരന്റെ വാക്കുകൾ കേട്ട് അലി മനസാ ഏറെ സന്തോഷിച്ചു. “ഇപ്പോൾ താങ്കൾ വിശ്രമിക്കുക. നേരം പുലർന്നാൽ നമുക്ക് ആ വ്യക്തിയുമായി മുഖാമുഖം കാണാം. മക്കയിലെ ചുറ്റുപാട് വളരെ ആപത്കരമാണ്. അത് താങ്കൾ മനസ്സിലാക്കണം. താങ്കൾ എന്നെ പിന്തുടരുക. വഴിയിൽ വല്ല വിഘാതവും അനുഭവപ്പെട്ടാൽ ഞാൻ മൂത്രമൊഴിക്കുന്നതായി അഭിനയിക്കും. താങ്കൾ മുന്നോട്ട് നീങ്ങണം. നമ്മൾ പരസ്പരം യാതൊരു ബന്ധവുമില്ലെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനാണ്.''
രാത്രി ഭക്ഷണം കഴിഞ്ഞ് അബൂദർറ് അലിയുടെ വീട്ടിൽ തന്നെ രാപ്പാർത്തു. നിദ്ര ആ കൺപോളകളെ തഴുകിയില്ല. പ്രഭാതം വിടരുന്ന നിമിഷങ്ങൾ എണ്ണിത്തീർക്കുകയായിരുന്നു അദ്ദേഹം. സൂര്യനുദിച്ച ശേഷം ഇരുവരും നബിയുടെ സന്നിധിയിലെത്തി.
അബൂദർറ് (റ) സാകൂതം നബിയുടെ വാക്കുകൾക്ക് കാതോർത്തു. ഉടൻ ആ ആദർശം ആശ്ലേഷിക്കാൻ സന്നദ്ധനായി. നബി (സ) അദ്ദേഹത്തോട് പറഞ്ഞു: "സ്വദേശത്തേക്ക് തിരിച്ചുപോവുക. കുടുംബത്തിനും ഗോത്രത്തിനും ഈ സന്ദേശം എത്തിക്കുക. ഞാൻ ആവശ്യപ്പെടുന്ന സന്ദർഭത്തിൽ മക്കയിലേക്ക് തിരിച്ചുവരണം.''
എന്നാൽ, അബൂദർറ് ഏകദൈവ വിശ്വാസം ഉൾക്കൊണ്ട ഉന്മാദാവസ്ഥയിലായിരുന്നു. അദ്ദേഹം പറഞ്ഞു: "റസൂലേ, ഞാൻ ബഹുദൈവാരാധകർക്കു മുന്നിൽ അല്ലാഹു ഏകനാണെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഉച്ചൈസ്തരം ഉദ്ഘോഷിക്കും”. പ്രവാചകനോട് വിടപറഞ്ഞ് പുറത്തിറങ്ങിയ അബൂദർറ് കഅ്ബയിലെത്തി സത്യസാക്ഷ്യ വചനങ്ങൾ ഉറക്കെ ചൊല്ലി. ഖുറൈശിക്കൂട്ടം അദ്ദേഹത്തെ മൃഗീയമായി ആക്രമിച്ചു. അവശനായ അബൂദർറ് നിലത്തു വീണു. നബിയുടെ പിതൃവ്യൻ അബ്ബാസ് (റ) ആണ് അവരുടെ കൊടിയ പീഡനത്തിൽനിന്ന് അദ്ദേഹത്തെ രക്ഷിച്ചത്. അബ്ബാസ് മർദകരോട് പറഞ്ഞു: "നിങ്ങൾക്ക് നാശം! ഇദ്ദേഹം ഏതു ഗോത്രക്കാരനാണെന്ന് നിങ്ങൾക്ക് അറിയാമോ? ഗിഫാർ ഗോത്രക്കാരനാണ്. ശാമിലേക്കുള്ള കച്ചവട സംഘം അവരുടെ പ്രദേശത്തുകൂടെയാണ് കടന്നുപോകാറുള്ളത്.'' അബ്ബാസിന്റെ വാക്കുകൾ ശ്രദ്ധിച്ച അവർ പിരിഞ്ഞുപോയി.
രണ്ടാം ദിവസവും അബൂദർറ് ഏകദൈവത്വ പ്രഖ്യാപനം ആവർത്തിച്ചു. ശത്രുക്കൾ വീണ്ടും അദ്ദേഹത്തിന് മേൽ ചാടിവീണു. അപ്പോഴും അദ്ദേഹത്തിനു സംരക്ഷണ കവചമൊരുക്കിയത് അബ്ബാസ് (റ) തന്നെ ആയിരുന്നു.
l
('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ)