കവര്‍സ്‌റ്റോറി

പിയേഴ്‌സ് മോര്‍ഗന്‍ ബ്രിട്ടനിലെ വിഖ്യാതനായ ടി.വി അവതാരകനാണ്. ഈയിടെ അദ്ദേഹം ഈജിപ്തിലെ ഹാസ്യ കലാകാരനായ ബാസിം യൂസുഫുമായി നടത്തിയ ഒരു ഇന്റര്‍വ്യൂ ഒരു ദിവസംകൊണ്ട് ഒന്നര കോടി പേര്‍ കണ്ടു. വിരുദ്ധോക്തിയും ആക്ഷേപഹാസ്യവും കൊണ്ട് മോര്‍ഗന്റെ ഇസ്രായേലി ചായ് വ് തുറന്നു കാട്ടുകയും അദ്ദേഹത്തെ നിരായുധനാക്കുകയും ചെയ്ത യൂസുഫ്, പരിപാടിക്കിടെ മോര്‍ഗന്‍ ഒരു വ്യാജ വാര്‍ത്ത പരത്തിയ കാര്യം എടുത്തു പറഞ്ഞു.

ഇതിനകം വ്യാജമെന്ന് എല്ലാവരും തിരിച്ചറിഞ്ഞതാണ് ആ കള്ള വാര്‍ത്ത: 40 ഇസ്രായേലി കുഞ്ഞുങ്ങളെ ഹമാസുകാര്‍ കഴുത്തറുത്ത് കൊന്നു എന്നത്. മോർഗൻ മുമ്പൊരു വാര്‍ത്താ പരിപാടിയില്‍ ആ വ്യാജ വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു: ''ഈ പുതിയ വെളിപ്പെടുത്തല്‍… 40 കുഞ്ഞുങ്ങളെ കൊന്നുവത്രെ. ചിലരെ തലയറുത്തുകൊണ്ട്… മനുഷ്യര്‍ക്കെങ്ങനെ ഇപ്രകാരം ചെയ്യാന്‍ കഴിയുന്നു…?''

ഇതിനെ ഇപ്പോള്‍ ബാസിം യൂസുഫ് ചോദ്യം ചെയ്തപ്പോള്‍ മോര്‍ഗന്‍ പറയുന്നു: ''ഞാന്‍ അങ്ങനെ പറഞ്ഞില്ല.'' യൂസുഫ് ആവര്‍ത്തിച്ച് ചോദിച്ചിട്ടും മോര്‍ഗന്‍ നിഷേധിച്ചുകൊണ്ടിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ മോർഗന്റെ വ്യാജ വാര്‍ത്താ ക്ലിപ് ചിലര്‍ എടുത്തിട്ടതോടെ അദ്ദേഹമൊഴിച്ച് എല്ലാവര്‍ക്കും കാര്യം ബോധ്യപ്പെട്ടു. 'ശിരഛേദ'മെന്ന വാക്ക് താൻ ഉപയോഗിച്ചില്ലല്ലോ എന്ന മട്ടില്‍ മോര്‍ഗന്‍ ഇപ്പോഴും ഉരുണ്ടുകളിക്കുന്നു.

വ്യാജം പരത്തി എന്നത് മാത്രമല്ല വിഷയം. അക്കാര്യം നിഷേധിക്കാന്‍ വിഖ്യാത ജേണലിസ്റ്റിന് കഴിഞ്ഞു എന്നതാണ്. സ്വന്തം നുണകള്‍ സ്വയം വിശ്വസിക്കുന്ന ഘട്ടവും കടന്ന്, താന്‍ പറഞ്ഞത് നുണയായാലും നുണയല്ല എന്ന ശാഠ്യത്തിലെത്തി നില്‍ക്കുന്നു ചില മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍.

കഴുത്തറുത്ത് കൊന്നു എന്ന വ്യാജ വാര്‍ത്ത ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ 'ആധികാരിക' മാധ്യമങ്ങള്‍ വഴി 'പ്ലാ ന്റ്് ' ചെയ്തതാണെന്ന് കരുതാന്‍ ന്യായമുണ്ട്. സൈനികര്‍ പറഞ്ഞ 'കഥ' ഇന്‍ഡിപ്പെന്‍ഡന്റ്, സി.എന്‍.എന്‍ തുടങ്ങിയവ മുഖേന ലോക മാധ്യമങ്ങളിലേക്ക് കടന്നപ്പോഴേക്കും അതിന് തീവ്രത കൂടിവന്നു. 40 കുട്ടികളെ എങ്ങനെ മാതാപിതാക്കളില്‍നിന്ന് പിടിച്ചുവാങ്ങി അവര്‍ക്ക് മുമ്പാകെ കഴുത്തറുത്ത് കൊന്നു തുടങ്ങിയ വിശദാംശങ്ങള്‍ വരെ ദൃക്‌സാക്ഷി വിവരണം പോലെ പരന്നു.

മലയാളത്തില്‍ കേരള കൗമുദിയിലാണ് ഈ 'ദൃക്‌സാക്ഷി വിവരണം' പ്രാധാന്യത്തോടെ വന്നത്. ഒക്ടോബര്‍ 11-ലെ പത്രത്തില്‍ (പേജ് 9) 'കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത് ഹമാസ്- കൊല്ലപ്പെട്ടത് 40 കുഞ്ഞുങ്ങള്‍' എന്ന തലക്കെട്ടില്‍ അത് കാണാം.

വാര്‍ത്തയുടെ ഡേറ്റ് ലൈന്‍ തെല്‍ അവീവ് - വാര്‍ത്ത ഇങ്ങനെ: ''കുഞ്ഞുങ്ങളെ അരും കൊല ചെയ്ത് ഹമാസ് ഭീകരരുടെ ക്രൂരത. തെക്കന്‍ ഇസ്രായേലിലെ കിബ്ബ്യൂട്‌സില്‍ വീടുകളില്‍ കയറി കുഞ്ഞുങ്ങളെ തലയറുത്ത് കൊന്ന് മുഴുവന്‍ കുടുംബങ്ങളെയും വെടിവെച്ചു കൊല്ലുന്ന ഭീകരത ലോകത്തെ ഞെട്ടിച്ചു. തോക്കുകളും ഗ്രനേഡുകളുമായി 70-ഓളം ഹമാസ് ഭീകരര്‍ കിബ്ബ്യൂട്‌സിലേക്ക് ഇരച്ചുകയറുകയായിരുന്നു. അവര്‍ മുന്നില്‍ പെട്ടവരെയെല്ലാം കൊന്നു. കുറഞ്ഞത് 40 കുഞ്ഞുങ്ങളെയെങ്കിലും ഹമാസ് ഭീകരര്‍ കൊന്നതായാണ് റിപ്പോര്‍ട്ട്.'' ഈ 'റിപ്പോര്‍ട്ട്' എവിടെനിന്നു കിട്ടി എന്നൊന്നും വാര്‍ത്തയിലില്ല.

യുംന പട്ടേൽ

നമ്മുടെ പത്രങ്ങള്‍ക്ക് അല്ലെങ്കിലും ഉറവിടം (ഏത് ആധികാരിക സ്രോതസ്സ്, ഏത് മാധ്യമം, ഏത് വാര്‍ത്താ ഏജന്‍സി എന്നൊന്നും) പറയുന്ന ശീലം ഇല്ലല്ലോ. കൗമുദി തന്നെ, ഇതിന്റെ തൊട്ടുതലേന്ന് (ഒക്ടോ. 10) ചേര്‍ത്ത ഒരു വാര്‍ത്ത, ഹമാസ് ആക്രമണത്തിന്റെ 'ബുദ്ധികേന്ദ്രം ഇറാന്‍' എന്നായിരുന്നു. യുദ്ധം ഇറാനു നേരെ കൂടി നീട്ടാന്‍ മുമ്പേ ശ്രമമുള്ളതാണ് എന്നതൊന്നും ഇത് ആധികാരികകമായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് വിഷയമല്ല. ഈ വാര്‍ത്തയുടെ ഉറവിടം എത്ര ദുര്‍ബലമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും: ''ഇസ്രായേലില്‍ കടന്നുള്ള ഹമാസ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇറാനെന്ന് അമേരിക്കന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.''

ഏത് 'അമേരിക്കന്‍ മാധ്യമം?' അത് പറയുന്നില്ലെങ്കിലും വാര്‍ത്തയില്‍ ഉറപ്പ് പ്രകടമാണ്: ''അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ അടുക്കുന്നത് തടയാന്‍ ഇറാന്‍ നടത്തിയ കരുനീക്കമാണിത്.'' എന്താണിത്ര ഉറപ്പിനു കാരണം? ''ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിലെ ഉന്നതര്‍ ഹമാസുമായി മാസങ്ങളോളം ചര്‍ച്ച നടത്തിയെന്നും ഒക്ടോബര്‍ രണ്ടിന് ആക്രമണത്തിന് ഇറാന്‍ പച്ചക്കൊടി വീശിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.'' അപ്പോഴും റിപ്പോര്‍ട്ട് എവിടെനിന്നുള്ളതാണ് എന്നില്ല. ഇതാണ് വാര്‍ത്താ തെരഞ്ഞെടുപ്പിന്റെയും അവതരണത്തിന്റെയും രീതി. വ്യാജങ്ങള്‍ക്ക് കടന്നുവരാന്‍ ചെറുപഴുതല്ല, വിശാലമായ കവാടങ്ങള്‍ തന്നെ തുറന്നിട്ടിരിക്കുന്നു.

'ഒരിക്കലും കണ്ടിട്ടില്ല'

'കഴുത്തറപ്പന്‍' വാര്‍ത്തയിലേക്ക് തിരിച്ചുവരാം. അതിന്റെ ഉറവിടത്തെപ്പറ്റി കൗമുദി വാര്‍ത്തയില്‍ സൂചന ഇല്ലാതില്ല: (മുന്നിൽ പെട്ടവരെയെല്ലാം ഹമാസുകാര്‍ കൊന്നതോടെ) ''നിമിഷ നേരംകൊണ്ട് ഇവിടം ശ്മശാന ഭൂമിയായി. ഇന്നലെ ഇസ്രായേല്‍ സൈനികര്‍ നടത്തിയ തെരച്ചിലിലാണ് വീടുകളില്‍ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടത് കണ്ടത്. ഇസ്രായേലില്‍ കടന്നുകയറി ആക്രമണം തുടങ്ങിയതു മുതല്‍ ഭീകരര്‍ നടത്തിയ നിഷ്ഠുരമായ പ്രവൃത്തികളുടെ അടയാളമായി തലവെട്ടി മാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍…''

''ഇസ്രായേല്‍ മേജര്‍ ജനറല്‍ ഇറ്റായി വെറൂവ്'' പറഞ്ഞതാണിതെല്ലാം എന്ന് പിന്നീട് കാണാം. ''ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത കാര്യമാണിതെല്ലാം'' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്രെ. റിപ്പോര്‍ട്ടിലെ ഏക സത്യം ഇതാവണം. നടന്നെങ്കിലല്ലേ കാണാനാകൂ!

പക്ഷേ, ഈ തലയറുപ്പന്‍ നുണ വിശ്വസിച്ചവരില്‍ സി.എന്‍.എന്‍ മാത്രമല്ല, ലോസ് ആഞ്ചലസ് ടൈംസ്, ലണ്ടന്‍ ടൈംസ്, ഡെയ്‌ലി മെയില്‍ തുടങ്ങി അനേകം മാധ്യമങ്ങളുമുണ്ട്. പ്രസിഡന്റ് ബൈഡന്‍ അതു കണ്ട് ബോധ്യപ്പെട്ടെന്നു വരെ പറഞ്ഞുകളഞ്ഞു- വൈറ്റ് ഹൗസ് പിന്നീട് തിരുത്തിയെങ്കിലും. എങ്ങനെയാണ് ഈ കള്ളം മുഖ്യധാരാ മാധ്യമങ്ങളിലേക്ക് എത്തിയതെന്ന് ബ്രിട്ടീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ ഗ്രേസോണ്‍ വിശദീകരിച്ചിട്ടുണ്ട്.

ഇത്ര വലിയ ഭീകര വാര്‍ത്ത ഇത്ര പ്രാധാന്യത്തോടെ കൊടുത്ത പത്രം അത് തിരുത്തേണ്ടതല്ലേ? പിറ്റേന്നത്തെ കൗമുദിയില്‍ ബൈഡനെ വൈറ്റ് ഹൗസ് തിരുത്തിയ വാര്‍ത്ത മാത്രമുണ്ട്, വായനക്കാരന് വിദൂര സൂചനയായിട്ട്: ''കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടെന്ന് ബൈഡന്‍; തിരുത്തി വൈറ്റ് ഹൗസ്'' എന്ന്. നേരിട്ടു കണ്ടമട്ടില്‍ കൗമുദി എഴുതിയ വാര്‍ത്തയെപ്പറ്റി ഒന്നുമില്ല.

ഒരേതരം ഉറവിടങ്ങള്‍. അവര്‍ തിരുകിക്കയറ്റുന്ന പ്രചാരണങ്ങള്‍. ഇസ്രായേലിന് സൈനിക-വിഭവ രംഗങ്ങളില്‍ മാത്രമല്ല, പ്രചാരണ രംഗത്തും മേല്‍ക്കൈയുണ്ട്. അത് മനസ്സിലാക്കി മറുപക്ഷം തേടാന്‍ മാധ്യമങ്ങള്‍ക്കൊട്ട് താല്‍പര്യവുമില്ല. വാര്‍ത്താ ലോകത്ത് ഏറക്കുറെ കുത്തകാധികാരമാണ് ഇസ്രായേല്‍ പക്ഷ വാര്‍ത്തകള്‍ക്ക്. അധികാര-യുദ്ധകാര്യ മേഖലകളില്‍ വന്‍കിട മാധ്യമങ്ങള്‍ക്കും വാര്‍ത്താ ഏജന്‍സികള്‍ക്കുമുള്ള പങ്കാളിത്തം ഇതിന് ഒരു കാരണമാണ്. വിശദമായ പഠനത്തിനുള്ള വിഷയമാണത്.

കൗമുദി തന്നെ ഉദാഹരണമാക്കാം. ഒക്ടോബര്‍ 12-ന് മുന്‍ പേജിലും ഉള്‍പ്പേജിലുമായി വന്ന വാര്‍ത്തകള്‍: 'ഇരച്ചുകയറാന്‍ ഇസ്രായേല്‍ സേന.' 'കരയുദ്ധം: ഇസ്രായേലിന്റെ വമ്പന്‍ പടയൊരുക്കം.' 'ദമ്പതികളെ വധിച്ചു, സൈന്യം ഇരട്ടക്കുഞ്ഞുങ്ങളെ രക്ഷിച്ചു' - എല്ലാം ഇസ്രായേല്‍ പക്ഷ വാര്‍ത്തകള്‍. മറുപക്ഷം വാര്‍ത്തയില്‍ ഭീകരരായി മാത്രം അവതരിക്കുന്നു (ദീപിക, കൗമുദി തുടങ്ങിയവക്ക് 'ഭീകര'-'തീവ്രവാദ' മുദ്രയില്ലാതെ ഹമാസിനെപ്പറ്റി എഴുതാന്‍ മടിയാണ്). അനേകം ഫലസ്ത്വീന്‍കാര്‍ തങ്ങളുടെ നേരനുഭവങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലോകത്തോട് പറയുന്നുണ്ട്; ഹമാസ് വക്താക്കള്‍ ചിലപ്പോള്‍ വിശദീകരണങ്ങളുമായി എത്താറുണ്ട്. ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി തോന്നാറില്ല. തോന്നണമെങ്കില്‍, 'അംഗീകൃത' ഏജന്‍സികളുടെ പ്രത്യേക വാര്‍പ്പിലൂടെ കടന്നുവരണം.

ആരോ പറയും,
ഇവര്‍ പകര്‍ത്തും

അങ്ങനെയാണ് മാതൃഭൂമി ഓണ്‍ലൈന്‍ പതിപ്പില്‍ ഇപ്രകാരമൊരു വാര്‍ത്ത വരുന്നത്: ''ഇസ്രായേല്‍ ആദ്യ ലക്ഷ്യം മാത്രം; ലോകം മുഴുവന്‍ ഞങ്ങളുടെ കീഴില്‍ വരും-ഭീഷണിയുമായി ഹമാസ് കമാണ്ടര്‍.'' അത് വ്യാജ വാര്‍ത്തയായിരുന്നു. സയണിസ്റ്റ് പ്രോപഗണ്ടാ സൈറ്റായ മെംറി ടിവി (Memri TV) നിര്‍മിച്ചെടുത്തത്. അത് എന്‍.ഡി.ടി.വിയും മാതൃഭൂമിയുമൊക്കെ ഏറ്റുപിടിച്ചതാണ്. സന്ദര്‍ഭത്തില്‍നിന്ന് മാറ്റി അര്‍ഥം മാറ്റുക എന്ന തന്ത്രമാണ് ഇതില്‍ പരീക്ഷിച്ചത്.

ഒരു വീഡിയോയിലാണ് ഹമാസ് നേതാവിന്റെ ആ പ്രസ്താവന ഉള്ളത്: ''510 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള ഭൂമിയൊന്നാകെ അനീതിയും അടിച്ചമര്‍ത്തലും കൊലപാതകവും മറ്റു കുറ്റകൃത്യങ്ങളുമില്ലാത്ത ഒരു സംവിധാനം നിലവില്‍ വരും. ഫലസ്ത്വീന്‍ ജനതക്കെതിരെയും ലബനാന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും ഇപ്പോഴുള്ള ആക്രമണങ്ങള്‍ അവസാനിക്കും'' എന്നാണ് വീഡിയോയില്‍ പറയുന്നത്. ഇതെങ്ങനെ ഭീഷണിയാകും? മാത്രമല്ല, അത് പറയുന്നത് ഹമാസ് കമാണ്ടറല്ല, ഹമാസിന്റെ രാഷ്ട്രീയ കാര്യ സമിതി അംഗമാണ്. വീഡിയോ പുതിയതല്ല, കഴിഞ്ഞ ഡിസംബറിലേതാണ്.

എത്ര വേഗത്തിലും എത്ര എളുപ്പത്തിലുമാണ് നമ്മുടെ വലിയ മാധ്യമങ്ങള്‍ പോലും കബളിപ്പിക്കപ്പെടുന്നത് എന്ന് നോക്കുക. കബളിപ്പിക്കപ്പെടാന്‍ അവ നിന്നു കൊടുക്കുന്നതു കൂടിയല്ലേ?

മറുപക്ഷത്തിന്റെ ശബ്ദം കേള്‍പ്പിക്കാതിരിക്കുക ഒരു ആസൂത്രിത പദ്ധതിയാണെന്ന് തോന്നും, ചില സംഭവങ്ങള്‍ കണ്ടാല്‍. സി.എന്‍.എന്നിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആദ്യ ദിവസം വന്ന വാര്‍ത്താ ക്ലിപ്പുകള്‍ ജേണലിസ്റ്റ് യുംന പട്ടേല്‍ പരിശോധിച്ചു. 14-ല്‍ ഒന്നിലും ഫലസ്ത്വീനികളുടെ വാക്കുകളില്ല. ഫലസ്ത്വീന് അനുകൂലമായി വല്ലതും പറഞ്ഞാല്‍ കുറ്റമാക്കുന്ന നിയമം ഫ്രാന്‍സില്‍ വന്നെങ്കില്‍, കുറെ മാധ്യമങ്ങള്‍ക്ക് അത് പണ്ടേ നിയമമാണ്. സ്വതന്ത്ര ഫലസ്ത്വീന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് ലേഖകനെ പിരിച്ചുവിട്ടിട്ടുണ്ട് സി.എന്‍.എന്‍. ഇസ്രായേലി അപാര്‍തൈറ്റിനെ വിമര്‍ശിച്ചതിന് ദ ഹില്‍ പത്രം ലേഖികയെ ഒഴിവാക്കി. ഫലസ്ത്വീന് അനുകൂലമായി ട്വീറ്റ് ചെയ്തതിന് ജൂത റിപ്പോര്‍ട്ടറെ എ.പി ഒഴിവാക്കി. ഗാര്‍ഡിയന്‍ പത്രം ഈയിടെ കാര്‍ട്ടൂണിസ്റ്റ് സ്റ്റീവ് ബെലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്, കാര്‍ട്ടൂണില്‍ നെതന്യാഹുവിനെ വിമര്‍ശിച്ചതിനാണ്. ഇൻസ്റ്റഗ്രാം കുറെ ഫലസ്ത്വീന്‍ പ്രൊഫൈലുകള്‍ക്ക് 'ഭീകര' മുദ്ര ചാര്‍ത്തിയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍; പിന്നീട് മാപ്പ് പറഞ്ഞു. ഫേസ് ബുക്കും എക്‌സുമെല്ലാം സയണിസ്റ്റ് ഭാഷ്യങ്ങള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതായി ആരോപണം വ്യാപകമാണ്. മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഉന്നം വെക്കുന്നത് ഇസ്രായേലിന് പതിവ് കൃത്യം മാത്രമാണ്.

'സമ്മതി നിര്‍മിക്കല്‍' (Manufacturing Consent) എന്ന പ്രസിദ്ധമായ ഗ്രന്ഥത്തില്‍ ചോംസ്‌കിയും ഹെര്‍മനും എണ്ണിപ്പറഞ്ഞ മാധ്യമ തന്ത്രങ്ങളെല്ലാം ഇന്ന് കൂടുതല്‍ തെളിച്ചത്തോടെ പുലരുകയാണ്. ഹമാസും ഫലസ്ത്വീന്‍കാരും അറബികളും മുസ്്‌ലിംകളും ഭീകരരാണ് എന്ന മുദ്ര ഉറച്ചുകഴിഞ്ഞാല്‍ പിന്നെ അവരെ നശിപ്പിക്കാന്‍ പൊതു സമ്മതി നിര്‍മിക്കാനെളുപ്പമാണല്ലോ. 40 കുഞ്ഞുങ്ങളെ തലയറുത്ത് കൊന്നു എന്ന നുണ പ്രസിദ്ധപ്പെടുത്തിയവര്‍, ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ആശുപത്രിയിലും മറ്റുമായി ഇസ്രായേലി ബോംബാക്രമണത്തില്‍ തുണ്ടം തുണ്ടമായി ചിതറിയത് കണ്ടില്ല; കണ്ടെങ്കില്‍ തന്നെ പ്രാധാന്യം കല്‍പിച്ചില്ല. അതില്‍ ഭീകരത ഒട്ടും കണ്ടില്ല.

എഡ്്വേഡ് സഈദ് എന്ന ഫലസ്ത്വീനി ഗ്രന്ഥകാരന്‍ ഓറിയന്റലിസം എന്ന കൃതിയില്‍ ചൂണ്ടിക്കാട്ടിയ പിശാചുവത്കരണ മാതൃകകള്‍ക്കും വേറെ ഉദാഹരണങ്ങള്‍ തേടിപ്പോകേണ്ടതില്ല. അതുകൊണ്ടാണ് സ്വന്തമായി ഭൂരിപക്ഷമില്ലാത്ത കക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ തട്ടിക്കൂട്ട് സര്‍ക്കാറുള്ള ഇസ്രായേല്‍ 'മിഡിലീസ്റ്റിലെ ഏക ജനാധിപത്യ'മാകുന്നത്; യു.എസ് സര്‍ക്കാറിന്റെ നിരീക്ഷണത്തില്‍ നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ (2006) തനിച്ച് ഭൂരിപക്ഷം നേടിയ ഹമാസിനെ 'ഭീകരരെ'ന്ന് ചാപ്പകുത്തി ഒതുക്കുന്നത്. ഇസ്രായേലും മറ്റും നടത്തിയ ഉപജാപത്തിലൂടെ ഹമാസിന് ഗസ്സയിലെ ഭരണം മാത്രം ഏല്‍പിക്കുകയായിരുന്നു. വെസ്റ്റ് ബാങ്കില്‍ ഭരണം നടത്തുന്നത് ഇസ്രായേലിനു കൂടി സ്വീകാര്യരായ ഫലസ്ത്വീന്‍ നാഷ്നല്‍ അതോറിറ്റിയും.

പക്ഷേ, റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്ത വരുന്നു, ഫലസ്ത്വീന്‍ ജനതക്ക് കിട്ടുന്ന സഹായധനം വകമാറ്റി ഹമാസ് മിസൈലുകള്‍ വാങ്ങുന്നുവെന്ന്. എവിടെ നിന്ന് കിട്ടിയതാണീ വാര്‍ത്ത എന്നില്ല. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പറയുന്നു, നാം പകര്‍ത്തുന്നു. അതേസമയം, അമേരിക്ക ഇസ്രായേലിന് ഒരു കോടി 31 ലക്ഷം ഡോളര്‍ വീതം പ്രതിദിനം സൈനിക സഹായമായി നല്‍കുന്നതില്‍ വാര്‍ത്താ പ്രാധാന്യമില്ല.

വാക്കുകള്‍, ആയുധങ്ങള്‍

സമ്മതി നിര്‍മിതിയും പിശാചുവത്കരണവും എത്രത്തോളം മാധ്യമങ്ങള്‍ ജനമനസ്സുകളില്‍ ചെലുത്തിക്കഴിഞ്ഞെന്ന് തെളിയിക്കുന്ന അനേകം ഉദാഹരണങ്ങളുണ്ട്; ഭാഷാ പ്രയോഗങ്ങള്‍ മുതല്‍ തികഞ്ഞ കള്ളവാര്‍ത്തകള്‍ വരെ അക്കൂട്ടത്തില്‍ കാണാം.

ഒക്ടോബര്‍ 17-ന് ഗസ്സയിലെ അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ബോംബിട്ട സംഭവം ഇതിനെല്ലാമിടയിലും ലോകത്തെ ഞെട്ടിക്കാന്‍ പോന്ന മഹാ പാതകമായിരുന്നല്ലോ. എത്രയോ ആശുപത്രികള്‍ ബോംബിട്ട ചരിത്രമുണ്ട് ഇസ്രായേലിന്. ഗസ്സയില്‍ എന്തും ചെയ്യുമെന്നു പറഞ്ഞിട്ടുണ്ട് ഇസ്രായേലി നേതാക്കള്‍. ആശുപത്രിയില്‍ ബോംബിടുമെന്ന് ഇസ്രായേല്‍ ഒരു ദിവസം മുമ്പ് മുന്നറിയിപ്പും കൊടുത്തിരുന്നു. ബോംബ് വീണ ഉടനെ ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ പ്രചാരകനായ ഹനന്യ നഫ്തലി ട്വീറ്റ് ചെയ്തു: ''ഞങ്ങള്‍ ആശുപത്രിയിലെ ഭീകര ആസ്ഥാനം തകര്‍ത്ത് അനേകം പേരെ കൊന്നു'' എന്ന്.

കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലോകമെങ്ങും രോഷമുയര്‍ന്നു. അതോടെ തങ്ങളല്ല ബോംബിട്ടത് എന്ന പ്രചാരണവുമായി ഇസ്രായേല്‍ എത്തി. ഇസ്്‌ലാമിക് ജിഹാദ് എന്ന സംഘടന ഇസ്രായേലിനു നേരെ വിട്ട മിസൈല്‍ ദിശ തെറ്റി ആശുപത്രിക്ക് മേല്‍ വീണു എന്നായി ഭാഷ്യം.

വന്‍കിട മാധ്യമങ്ങള്‍ ഇസ്രായേലി ഭാഷ്യത്തിനൊത്ത് ചാഞ്ചാടുന്നതാണ് പിന്നെ കണ്ടത്. ന്യൂയോര്‍ക്ക് ടൈംസ് ആദ്യം തലക്കെട്ടിട്ടത്, 'ഇസ്രായേലി ആക്രമണം ആശുപത്രിയിലെ നൂറുകണക്കിനാളുകളെ കൊന്നു എന്ന് ഫലസ്ത്വീന്‍കാര്‍' എന്നായിരുന്നു. വൈകാതെ അത് മാറി, ഇങ്ങനെയായി: ''ഗസ്സ ആശുപത്രിയിലെ ആക്രമണത്തില്‍ ചുരുങ്ങിയത് 500 പേര്‍ മരിച്ചു എന്ന് ഫലസ്ത്വീന്‍കാര്‍.'' അഞ്ചു മിനിറ്റ് കഴിഞ്ഞ് അതും മാറ്റി; 'ആക്രമണം' എന്ന വാക്കിനു പകരം 'സ്‌ഫോടനം' എന്നാക്കി.

'തലക്കെട്ട് മാനേജ്‌മെന്റ് ' ഇങ്ങനെ മുന്നേറുന്നതിനൊപ്പം, ഫലസ്ത്വീന്‍കാരുടെ വഴിതെറ്റിയ മിസൈല്‍ എന്ന കഥയും പ്രചരിച്ചു തുടങ്ങി. അതിന് തെളിവായി അല്‍ജസീറയുടെ ഒരു വീഡിയോയും, ഹമാസുകാര്‍ തമ്മിലുള്ളതെന്നു പറയുന്ന ഒരു ശബ്ദരേഖയും ഇസ്രായേലി സൈന്യം ഇറക്കി. ഇസ്രായേലിനെ ആദ്യം കുറ്റപ്പെടുത്തിയ ബി.ബി.സി പിന്നീട് മാപ്പ് പറയുകയും 'ഫാക്ട് ചെക്കിംഗ്' നടത്തി, ആക്രമിച്ചത് ഹമാസായിക്കൂടെന്നില്ല എന്ന് പറഞ്ഞുവെക്കുകയും ചെയ്തു. മറുവശത്ത് ഇസ്രായേലികളുടെ തെളിവുകള്‍ ഡിജിറ്റല്‍ പരിശോധനക്ക് വിധേയമാക്കി, ബോംബ് ഫലസ്ത്വീന്‍ പക്ഷത്തുനിന്നുള്ളതല്ല എന്ന് സ്ഥാപിച്ചു അല്‍ജസീറ. ചാനല്‍ 4-ന്റെ അന്വേഷണവും ആ നിഗമനത്തിലാണെത്തിയത്. റെഡ് ക്രെസന്റും ഇസ്രായേലി പങ്ക് സ്ഥിരീകരിച്ചു. ഹമാസുകാർ തമ്മിലുള്ള സംഭാഷണമെന്ന നിലക്ക് ഇസ്രായേൽ ഇറക്കിയ ശബ്ദരേഖ അറബി ഭാഷാ വിദഗ്ധർ പരിശോധിച്ചു; അത് കൃത്രിമ നിർമിതിയാണെന്ന് കണ്ടെത്തി.

ശിറീന്‍ അബൂ ആഖ്ല എന്ന ജേണലിസ്റ്റിനെ വെടിവെച്ചു കൊന്ന ശേഷം തങ്ങളല്ലെന്ന് ആദ്യം പറഞ്ഞ ഇസ്രായേലി സേന, പിന്നീട് തെളിവുകള്‍ക്ക് മുന്നില്‍ കുറ്റം സമ്മതിക്കേണ്ടിവന്ന ചരിത്രമുണ്ട്. ആശുപത്രി വിഷയത്തില്‍, ആയുധവിദഗ്ധരും ഇസ്രായേലി ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

മാറി മാറി വന്ന ഈ ആഖ്യാനങ്ങള്‍ മലയാള പത്രങ്ങള്‍ എങ്ങനെ കണ്ടു? മിക്ക പത്രങ്ങളും (ഒക്ടോബര്‍ 18) ഇസ്രായേലി ആക്രമണമെന്നു പറഞ്ഞു. 'ഗാസയിലെ ആശുപത്രിക്ക് ഇസ്രായേല്‍ ബോംബിട്ടു' എന്നെഴുതിയ മാതൃഭൂമി പിറ്റേന്ന് 'ഗാസ ആശുപത്രി ആക്രമണം' എന്നു മാത്രമെഴുതി മാറിനിന്നു. 'ബോംബിട്ടത് തങ്ങളല്ലെന്ന് ഇസ്രായേല്‍' പറഞ്ഞത് ചേര്‍ത്തു. 'ഇസ്രായേലിന്റെ ആരോപണം ഇസ് ലാമിക് ജിഹാദ് നിഷേധിച്ച'തും പറഞ്ഞു.

കൗമുദി 18-ന് ആക്രമണ വാര്‍ത്തയേ ചേര്‍ത്തില്ല. 19-ന് ലീഡ് വാര്‍ത്തയാക്കി അത്. കുറ്റം നിഷേധിച്ച ഇസ്രായേലിന്റെ ഭാഷ്യം വിശദമായി ചേര്‍ത്തു; മറുപക്ഷം പറഞ്ഞതേയില്ല. എന്നാല്‍, തലക്കെട്ട് തന്നെ എല്ലാം പറഞ്ഞു: 'ആശുപത്രിയിലെ കൂട്ടക്കുരുതി: രോഷാഗ്നിയില്‍ ഇസ്രായേല്‍.' ഇരയാണ് ഇസ്രായേല്‍!

ആശുപത്രിയിലെ മരണസംഖ്യ കൂടിക്കൊണ്ടിരുന്നപ്പോഴും എല്ലാം ഹമാസിന്റെ അത്യുക്തിയെന്നു പറയുന്ന ഇസ്രായേലി ഭാഷ്യം 20-ന്റെ കൗമുദിയിലും കണ്ടു. ''കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ സംശയമുണ്ടെന്ന് യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. 500-ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറഞ്ഞത്. എന്നാലും ഇത്രയും ഉണ്ടാകില്ലെന്നാണ് ഏതാനും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.''

ഏകപക്ഷീയതയും ചായ് വും

വാര്‍ത്താ യുദ്ധത്തിലെ ഇസ്രായേലി മേല്‍ക്കോയ്മ മാത്രമല്ല പ്രശ്‌നം. ഈ രംഗത്തെ ഏകപക്ഷീയത ഭീകരമാണ്. ഫലസ്ത്വീന്‍ പക്ഷത്തുനിന്നുള്ള വാദങ്ങളോ ആരോപണങ്ങളോ വിശദീകരണങ്ങളോ മുഖ്യധാരാ മാധ്യമങ്ങളില്‍ കാണുകയില്ല. ഒന്നാമത്, ഗസ്സയില്‍നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുക ഏറക്കുറെ അസാധ്യം. ഉള്ളവരെ ബോംബിട്ട് കൊന്നും ഓടിച്ചും തീര്‍ക്കുന്നു ഇസ്രായേല്‍. ഇന്റര്‍നെറ്റ് വഴിയുള്ള വിനിമയമടക്കം തടസ്സപ്പെടുന്നു. ഇത്തമൊരു സാഹചര്യത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മത ഡെസ്‌കുകള്‍ പുലര്‍ത്തുന്നുമില്ല. ഒക്ടോബര്‍ 21-ന് മാതൃഭൂമി മുന്‍ പേജിലിട്ട ഫോട്ടോയുടെ അടിക്കുറിപ്പ് ഇങ്ങനെ: 'വെസ്റ്റ് ബാങ്കിലെ നൂര്‍ ഷംസ് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന പലസ്തീന്‍ കുട്ടികള്‍. ക്യാമ്പില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം പരിശോധന നടത്തിയിരുന്നു.' ഇസ്രായേല്‍ ക്യാമ്പ് റെയ്ഡ് ചെയ്തതിനെയാണ് 'പരിശോധന'യാക്കിയത്; അതില്‍ 13 പേര്‍ മരിച്ചു.

ഭാഷയും ശൈലിയും മാധ്യമങ്ങളുടെ പക്കലുള്ള ആയുധമാണ്. ഹമാസിനെപ്പറ്റി അവര്‍ പറയുന്ന ഏത് ഭീകരതയാണ് ഇസ്രായേല്‍ ചെയ്യാത്തത് എന്ന ചോദ്യം വന്നാലും ഇസ്രായേലിനെ ഭീകര രാഷ്ട്രമെന്നു വിളിക്കില്ല. 'തീവ്രവാദ'വും ഫലസ്ത്വീന്‍പക്ഷത്തിനു മാത്രമുള്ളതാണ്. നെതന്യാഹു അതിതീവ്ര വര്‍ഗീയ പാര്‍ട്ടിയെ സഖ്യത്തില്‍ ചേര്‍ത്ത് 'തീവ്ര വലതുപക്ഷ' സർക്കാറുണ്ടാക്കിയ സമയത്തു മാത്രമാണ് ആ വാക്ക് പടിഞ്ഞാറന്‍ പത്രങ്ങള്‍ ഉപയോഗിച്ചത്. ഇതൊരു ഫാഷിസ്റ്റ് സര്‍ക്കാര്‍ എന്നുതന്നെ അവര്‍ തുറന്നെഴുതി. പക്ഷേ, ആ ഫാഷിസത്തോട് ഫലസ്ത്വീന്‍ പൊരുതുമ്പോള്‍ പെട്ടെന്ന് ഇസ്രായേല്‍ ഇരയും ഫലസ്ത്വീന്‍ ഭീകരരുമായി മാറുന്നത് നാം കാണുന്നു. 500 പേര്‍ ഗസ്സയില്‍ 'മരിച്ച'തും 700-ലേറെ പേര്‍ ഇസ്രായേലില്‍ 'കൊല്ലപ്പെട്ട'തും ബി.ബി.സിയുടെ മാത്രം ശൈലിയല്ല. ആ ശൈലി വ്യാപകമായി തുറന്നുകാട്ടപ്പെട്ട ശേഷവും സ്‌കൈ ന്യൂസിലെ അവതാരക അതുതന്നെ പ്രയോഗിച്ചത് കേട്ടു.

'ഗാസയില്‍ അധികാരം കൈയാളുന്ന പലസ്തീന്‍ അനുകൂല സായുധ സംഘമായ ഹമാസ്' എന്ന് മാതൃഭൂമി നീട്ടി വിസ്തരിക്കുമ്പോള്‍, വാക്കുകള്‍ കൊണ്ട് ഒരു ജനാധിപത്യ സര്‍ക്കാറിനെ ദുഷിക്കുന്നതെങ്ങനെയെന്ന് നാമറിയുന്നു. 'ഇസ്രായേല്‍-പലസ്തീന്‍ നാള്‍വഴി' മലയാള മനോരമ (ഒക്ടോബര്‍ 8) കുറിച്ചുതരുന്നത് 1948-ല്‍ തുടങ്ങിക്കൊണ്ടാകുമ്പോള്‍ ഫലസ്ത്വീന്‍ ഭൂമി അനധികൃതമായി ഇസ്രായേല്‍ സ്വന്തമാക്കിയ മൂലപാപമാണ് കഴുകിപ്പോകുന്നത്. 'ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങള്‍' (ഒക്ടോബർ 19) എന്ന് തലക്കെട്ടിട്ട് കൗമുദി വിഷയത്തെ ഒരു കൂട്ടരുടെ സ്വകാര്യ പ്രശ്‌നമാക്കുമ്പോള്‍ ഫ്രാന്‍സ്, പോളണ്ട്, റുമേനിയ, ബോസ്‌നിയ, ഇന്ത്യ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ആസ്‌ത്രേലിയ, യു.കെ, യു.എസ്, ഇറ്റലി, സ്‌പെയിന്‍, അയര്‍ലന്റ്, സ്‌കോട്ട്‌ലന്റ്, ഓസ്ട്രിയ, കാനഡ, തെക്കന്‍ കൊറിയ, സ്വീഡന്‍, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങി ഒട്ടനേകം രാജ്യങ്ങളില്‍ നീതിക്കു വേണ്ടി ഉയര്‍ന്ന ശബ്ദങ്ങളെയാണ് തമസ്‌കരിക്കുന്നത്.

ഹോളോകോസ്റ്റോ മറ്റു വംശീയ ഉന്മൂലനമോ ഒറ്റ ദിവസംകൊണ്ട് സംഭവിക്കുന്നതല്ല. പതുക്കെപ്പതുക്കെ, വിദ്വേഷവും ശത്രുതയും പരത്തി ഒരു സമൂഹത്തെ പിശാചായി കാണിക്കുന്നതില്‍ വിജയിക്കുന്നതോടെ ഉന്മൂലനം എളുപ്പമാകും. ഫലസ്ത്വീനോട് വന്‍ രാഷ്ട്രങ്ങളും മാധ്യമങ്ങളും ചെയ്യുന്നത് അതാണ്. ഇരയെ ഭീകരനെന്ന് വിളിക്കാന്‍ മടിയില്ലാത്ത തലത്തിലേക്ക് മാധ്യമ പ്രവര്‍ത്തനം ജീര്‍ണിച്ചിരിക്കുന്നു; ഭീകരനെ അങ്ങനെ വിളിക്കാത്ത ഭീരുത്വത്തിലേക്കും. l