ഇസ്ലാമിക ഖിലാഫത്ത് ഉന്മൂലനം ചെയ്യപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് തികയുന്ന ഈ വേളയിൽ, ഗൗരവതരമായ ആലോചനകൾക്ക് വിഷയീഭവിക്കേണ്ടതുണ്ട് ആ സ്ഥാപനം. ഖിലാഫത്തിന്റെ തിരോധാനത്തോടെ മുസ്ലിംകൾക്ക് അവരുടെ രാഷ്ട്രീയ കേന്ദ്രം തന്നെയാണ് നഷ്ടമായത്. രാഷ്ട്രീയ മുൻകൈയെടുക്കാൻ ഒരു ശക്തിയും ഇല്ലെന്ന് വന്നു. ഖിലാഫത്തിന്റെ അഭാവം ഇന്നത്തെ മുസ്ലിം യാഥാർഥ്യത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണല്ലോ. തുർക്കിയക്ക് അകത്താണ് ഖിലാഫത്ത് ഉന്മൂലനം ചെയ്യപ്പെട്ടതെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ മുസ്ലിം ലോകത്തുടനീളം അലയടിച്ചു.
തുർക്കിയക്കകത്തെ ഒന്നാം തലമുറ ഇസ്ലാമിസ്റ്റുകൾക്കാണ് ഖിലാഫത്തിന്റെ റദ്ദാക്കൽ ഏറ്റവും കൂടുതൽ ആഘാതമുണ്ടാക്കിയത്. ഈ സംഭവത്തിന് ശേഷം മുസ്ലിം ലോകത്തെ 'ഖിലാഫത്താനന്തരം' എന്നാണ് വിശേഷിപ്പിക്കാറ്. മുസ്ലിംകൾ തങ്ങളുടെ നീണ്ട ചരിത്രത്തിൽ ഇതാദ്യമായി തങ്ങളെ പ്രതിനിധാനം ചെയ്യാൻ ഒരു രാഷ്ട്രീയ സ്വരൂപം ഇല്ല എന്ന് തിരിച്ചറിയുകയായിരുന്നു. ഇസ്ലാമികാശയങ്ങൾക്ക് കർമരൂപം നൽകാനുള്ള രാഷ്ട്രീയ വേദി ഇല്ലാതായി. ഈ ഇല്ലാതാകലിന് പരസ്പരബന്ധിതമായ രണ്ട് തലങ്ങളുണ്ടെന്ന കാര്യവും ഓർക്കണം.
ഒന്ന്: ഇസ്ലാമിക ജ്ഞാനാന്വേഷണ (ഫിഖ്ഹ്) ചരിത്രത്തിൽ ഇതുപോലൊരു അഭാവം മുമ്പുണ്ടായിട്ടില്ല. മുൻകാലങ്ങളിൽ പലേടങ്ങളിലും മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തങ്ങളൊരു പ്രബല രാഷ്ട്രീയ ശക്തിയോട് ചേർന്നുനിൽക്കുന്നവരാണെന്ന അവബോധവും ആത്മാഭിമാനവും അവർക്കുണ്ടായിരുന്നു. ഇതവരുടെ സാമൂഹിക പദവി ഉയർത്താൻ പര്യാപ്തമായി. രണ്ട്: ഖിലാഫത്ത് ഉന്മൂലനത്തിന്റെ തൊട്ടു മുമ്പ് ആ സ്ഥാപനത്തെക്കുറിച്ചുള്ള വിലയിരുത്തൽ. ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഖിലാഫത്ത് അതിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നതിന്റെ അടുത്തൊന്നും എത്തുന്നില്ല എന്നതായിരുന്നു ആ വിലയിരുത്തൽ. മറ്റു പല ലോകശക്തികളുടെയും സമ്മർദങ്ങൾക്കും ഖിലാഫത്ത് വിധേയപ്പെട്ടു പോകുന്നുണ്ടെന്നും, അതിനാൽ മുസ്ലിം സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അതിന് ശേഷി ഇല്ലാതായെന്നും വിശകലനങ്ങളുണ്ടായി. ഖിലാഫത്തിൽ ശൂറാ തത്ത്വങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും ഭരണവർഗത്തിന്റെ താൽപര്യസംരക്ഷണത്തിനുള്ള ഉപകരണമായി അത് തരം താണുവെന്നും ആക്ഷേപമുണ്ടായി.
ഖിലാഫത്ത് പദവിയെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതിനെതിരെ, അത് ഉന്മൂലനം ചെയ്യപ്പെടുന്നതിന് മുമ്പ് പല ഇസ്ലാമിക ചിന്തകൻമാരും പണ്ഡിതൻമാരും രംഗത്ത് വന്നിട്ടുണ്ട്. തുർക്കിയയിലെ സഈദ് നൂർസി മുതൽ ഹംദി യസർ വരെ, മുഹമ്മദ് ആകിഫ് മുതൽ ആത്വിഫ് ഖോജ അൽ അസ്ഖലീബി വരെയുള്ള പണ്ഡിതൻമാർ, ഖിലാഫത്ത് പദവിയിലെത്തുന്നവർ ആ പദവി വേണ്ടരീതിയിൽ കൈകാര്യം ചെയ്യാത്തതിനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ഖിലാഫത്തിന്റെ ഉൻമൂലനം തുർക്കിയ പാർലമെന്റിൽ ചർച്ചക്ക് വന്നപ്പോൾ സയ്യിദ് ബേ തന്റെ ദീർഘ പ്രഭാഷണത്തിൽ ഉയർത്തിയ വിമർശങ്ങൾ ഇസ്ലാമിക പക്ഷത്ത് നിന്നായിരുന്നുവെന്ന് പറയാം. പല സന്ദർഭങ്ങളിലും മുസ്തഫ കമാൽ പാഷ ഖിലാഫത്ത് ഉന്മൂലനം ചെയ്യാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചത്, ഖിലാഫത്ത് പണം കുന്നു കൂട്ടാനുള്ള ഉപകരണമായി അധഃപതിച്ചിരിക്കുന്നു എന്ന് ഇസ്ലാമിക സ്രോതസ്സുകളിൽ തന്നെ വന്നിട്ടുള്ള പരാമർശങ്ങൾ എടുത്തുദ്ധരിച്ചുകൊണ്ടായിരുന്നു. പക്ഷേ, ഈ വിമർശനമുന്നയിച്ച ഇസ്ലാമിസ്റ്റുകളിൽ ആരും ഖിലാഫത്തിനെ ഉന്മൂലനം ചെയ്യണം എന്നല്ല പറഞ്ഞത്. ഖിലാഫത്ത് ഉന്മൂലനം ചെയ്യപ്പെട്ടപ്പോൾ അവർ അതിനെതിരെ ശക്തമായി രംഗത്തു വന്നതിൽനിന്ന് തന്നെ അവരുടെ നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാവും. അങ്ങനെയൊരു ചുവടുവെപ്പിന് അവർ ഒരുക്കമേ ആയിരുന്നില്ല. കാരണം, ഇതിന്റെ ഒന്നാമത്തേതും ഏറ്റവും മാരകവുമായ പ്രത്യാഘാതം രാഷ്ടത്തിനകത്ത് നിയമ വ്യവഹാര ശൂന്യത സൃഷ്ടിക്കപ്പെട്ടു എന്നതാണ്. ഇസ്ലാമിക നിയമങ്ങളുടെ പ്രയോഗവൽക്കരണം അതോടെ തീർത്തും അസാധ്യമായി. നിലവിലുണ്ടായിരുന്ന ഫിഖ്ഹീ വ്യവഹാരങ്ങളൊന്നും, ഇസ്ലാമിക ലോകത്തെ നയിച്ചുവന്നിരുന്ന ആ രാഷ്ട്രീയ സ്ഥാപനത്തിന്റെ അഭാവത്തിൽ കാര്യങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന് പഠിപ്പിക്കുന്നവയായിരുന്നില്ല. ഖിലാഫത്തിനകത്താണ് ആ ഫിഖ്ഹീ വ്യവഹാരങ്ങളെല്ലാം ഉള്ളത്. ഖുർആനിക അധ്യാപനങ്ങൾ പരിശോധിച്ചാലും, അവ പൊതുവെ ഈ അധികാര ഘടനയിൽ നിലനിൽക്കുന്ന ഇസ്ലാമിക സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നത് എന്നു കാണാം. ഈ സ്ഥാപനം ഇല്ലാതായതോടെ മിക്ക ശരീഅ നിയമങ്ങളും അപ്രസക്തമായി. ദൈനംദിന വ്യക്തിജീവിതം മുതൽ ഒട്ടേറെ സാമൂഹിക സംവിധാനങ്ങൾ വരെ ശരീഅ പരിധിയിൽനിന്ന് പുറത്താക്കപ്പെടാൻ ഇത് നിമിത്തമായി. ഖുർആൻ പല സൂക്തങ്ങളിലും ഏതൊരു സമൂഹത്തെയാണോ അഭിസംബോധന ചെയ്യുന്നത് അത്തരമൊരു സമൂഹവും ഇല്ലാതായി.
ഖിലാഫത്ത് സംവിധാനത്തിനകത്ത് ജീവിക്കുന്ന മുസ്ലിമിനാണ് തന്റെ ജീവിതത്തിൽ ഇസ്ലാമിക മൂല്യങ്ങൾ പൂർണാർഥത്തിൽ സ്വാംശീകരിക്കാനാവുക എന്ന് പറയാറുണ്ട്. ദൈവിക നിയമങ്ങൾ നടപ്പാക്കുന്ന ആ ഭരണകൂടം വിശ്വാസിയുമായി ആഴത്തിലുള്ള ബന്ധവും പരസ്പരാശ്രിതത്വവുമാണ് ഉണ്ടാക്കിയെടുക്കുന്നത്. പൊതു ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വ്യക്തിയും ഭരണകൂടവും ഇവിടെ ഒറ്റ ശരീരമായി മാറുകയാണ്. ഇസ്ലാമിലെ സുന്നി വിഭാഗത്തിൽ ഉയർന്നുവന്നിട്ടുള്ള തുർക്കിയയിലെ ഈ ഖിലാഫത്താണ് അവിടത്തെ ഇസ്ലാമിക പ്രവർത്തകരുടെ ബുദ്ധിപരവും രാഷ്ട്രീയവുമായ കരുത്ത്. അതിനാൽ ഖിലാഫത്തിന്റെ ഉന്മൂലനാനന്തരമുള്ള പുതിയ സാഹചര്യങ്ങൾ മുസ്ലിം സമൂഹത്തെ ശരീരമില്ലാത്ത, അവയവങ്ങൾ മാത്രമുള്ള ഒന്നാക്കി മാറ്റി. ഖിലാഫത്ത് എന്ന ആ ശരീരം ഇല്ലാതായി. അതിന്റെ സ്ഥാനത്ത് പുതിയ ഏതോ രാഷ്ട്രീയ, സാമൂഹിക ഘടനകൾ വന്നു. പക്ഷേ, അതിലെ വ്യക്തികൾ പഴയ വ്യക്തികൾ തന്നെ. ഈ വ്യക്തികളെ പുതിയ വ്യവസ്ഥയുടെ കുപ്പായമിടുവിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കുപ്പായം മാറുമ്പോഴും വ്യക്തികളുടെ ആത്മസത്ത പഴയ രാഷ്ട്രീയ, സാമൂഹിക ഘടനയിൽ തന്നെ നിലകൊള്ളുകയാണ്. ഈ രൂപത്തിൽ രാഷ്ട്രത്തെയും അതിലെ വ്യക്തികളെയും മാറ്റിത്തീർക്കുന്നതിൽ ആധുനികതക്ക് വലിയ പങ്കുണ്ട്.
ഇവിടെ തീർച്ചയായും വൈരുധ്യങ്ങളുണ്ട്. ആളുകൾ ധരിക്കുന്ന വസ്ത്രങ്ങൾ, അവർ എന്താണോ വിശ്വസിക്കുകയും മുറുകെ പിടിക്കുകയും ചെയ്യുന്നത് അതിനെ പ്രതിഫലിപ്പിക്കുന്നില്ല. 1925-ൽ അത്താതുർക്ക് പരമ്പരാഗത തൊപ്പിക്ക് നിരോധമേർപ്പെടുത്തിക്കൊണ്ട് വന്ന നിയമം (ഭരണകൂട ഭാഷയിൽ 'തൊപ്പി വിപ്ലവം') ഈ വൈരുധ്യത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇങ്ങനെ ഉള്ളും പുറവും രണ്ട് രീതിയിലായിത്തീർന്നത് ആ പരിണാമത്തെ ഒരു ദുരന്തമാക്കിത്തീർത്തു. ഖിലാഫത്തിന്റെ ഉന്മൂലനം ലോകമൊട്ടുക്കുമുള്ള മുസ്ലിംകൾക്ക്, പ്രത്യേകിച്ച് തുർക്കിയയിലെ മുസ്ലിം സമൂഹത്തിന് വലിയ ആഘാതമായിത്തീർന്നു എന്ന് പറയാൻ അതാണ് കാരണം. ഖിലാഫത്ത് ഉന്മൂലനം ചെയ്യപ്പെട്ട ഉടനെ അതിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ ധാരാളം ശ്രമങ്ങളുണ്ടായി. ഈ വൈരുധ്യം പേറിക്കൊണ്ട് കാലാകാലം മുസ്ലിം സമൂഹത്തിന് മുന്നോട്ടു പോകാനാവില്ല എന്നാണ് മുസ്ലിം പണ്ഡിതന്മാർ എത്തിച്ചേർന്ന നിഗമനം. ഈ പരിണാമം നേരത്തെ ഉണ്ടായിരുന്ന സകല ബന്ധങ്ങളെയും വിഛേദിച്ചിരിക്കുന്നു. ഇതൊരു താൽക്കാലിക മാറ്റമായേ പണ്ഡിതൻമാർ കണ്ടുള്ളൂ. ഇക്കാലത്ത് രൂപംകൊണ്ട ഫിഖ്ഹി നിയമ നിർധാരണങ്ങളധികവും ഈ 'താൽക്കാലിക ( മുഅഖത്ത) സന്ദർഭങ്ങളെ' അധികരിച്ചുള്ളതായിരുന്നു. ഖിലാഫത്തില്ലാത്ത അവസ്ഥയെയാണ് അവർ താൽക്കാലികം എന്നു വിശേഷിപ്പിച്ചത്. ഖിലാഫത്തിന്റെ അഭാവത്തോടുള്ള ഇസ്ലാമിസ്റ്റ് ധാരകളുടെ വ്യത്യസ്തരീതിയിലുള്ള പ്രതികരണങ്ങൾ നമുക്ക് കാണാനാവുന്നുണ്ട്. അവയെ ആഴത്തിൽ പഠിക്കുമ്പോഴേ മുസ്ലിം സമൂഹം ഇന്നെവിടെ എത്തിച്ചേർന്നിരിക്കുന്നു എന്ന് കൃത്യമായി നിർണയിക്കാൻ നമുക്ക് സാധ്യമാവൂ. l
(തുർക്കിയയിലെ അക്കാദമിഷ്യനും തുർക്കിയ പ്രസിഡന്റ് ഉർദുഗാന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവുമാണ് ലേഖകൻ)