നോക്കൂ, നമ്മുടെ വീട് ഇന്നില്ല അവിടെ മലപെറ്റ പുഴയൊഴുകുന്നുണ്ട്.
നാമുറങ്ങാൻ വിരിച്ച രാവ് മഴയിൽ കുതിർന്നു കിടക്കുന്നു. ആ രാവിനെ പിഴിഞ്ഞാൽ നമ്മുടെ നിലവിളികൾ തുള്ളിയായ് ഇറ്റിയേക്കാം.
നാമുരുട്ടിക്കയറ്റിവെച്ച ഉരുളിനോളം പോന്ന കിനാവുകൾ ഇടറിവീണേക്കാം.
നിന്റെ കൈയോ കാലോ എന്റെ പാതിമുറിഞ്ഞ ഉടലോ ഏന്തി ചാലിയാർ വേച്ചുനടക്കുന്നുണ്ട്.
നമ്മുടെ കുട്ടികൾ നോട്ടുബുക്കിൽ ക്രയോണിനാൽ വരഞ്ഞ കൊച്ചു കൊച്ചു അരുവികൾ ചാലിയാറിൽ വന്നുമുട്ടുന്നുണ്ട്.
അവർ വരച്ച മലയും മാമരങ്ങളും സഹ്യാദ്രിയെ ഇറുകിപ്പുണരുന്നുണ്ട്. അത് തുരക്കാനൊരു ബുൾഡോസറിനേയും അവരുടെ ക്രയോണുകൾ കടത്തിവിട്ടിട്ടുണ്ടാവില്ല.
എന്നോ വരച്ചിട്ട കാട്ടുവള്ളികളിൽ തൂങ്ങി ആകാശത്തേക്ക് കയറിപ്പോകുന്നുണ്ട് അവരുടെ കുട്ടിക്കാലം.
ഒഴുക്കിന്റെ പാതിവഴിയിൽ അതോ ഏതെങ്കിലും കടവിലോ മിടിപ്പൊഴിഞ്ഞ പ്രാണനായിട്ടെങ്കിലും നാമിനി കണ്ടുമുട്ടുമോ?
മീൻവിശപ്പിന് നമ്മുടെ വ്രണങ്ങളെ വേണ്ട നമ്മുടെ പൈതങ്ങളുടെ തുറിച്ച കണ്ണുകളിൽ കൊത്തേണ്ട.
മീനുകളോട് പുഴയുടെ ശാസനമായിരിക്കുമോ അത്?
നോക്കൂ, നമ്മുടെ വീട് ഇന്നില്ല നമ്മുടെ തൊടിയില്ല നമ്മുടെ ഗന്ധമില്ല. നാമുണ്ട് ജീവിച്ചിരിക്കുന്നവരുടെ തുളുമ്പിയ കൺതടാകത്തിലെ പരൽമീനുകളായി, ഓർമകളിലെ ഉരുൾപൊട്ടാത്ത മലയായി മാമരങ്ങളായി….
ക്രയോൺ കൊണ്ട് വരച്ച മലയിൽ ഇപ്പോഴും മഴ ചാറുന്നുണ്ട്. l
സൈൻ നദിയിലപ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. ഇരു കരയിലുമിരുന്ന് ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുകയായിരുന്ന ഏവരുടെയും ശ്രദ്ധയെ തൊട്ടുവിളിച്ചു രണ്ടക്കം പോലും തികയാത്ത ആ പ്രതിനിധി സംഘം! കൃത്യമായി പറഞ്ഞാൽ, മുപ്പത്തിമൂന്നാം ഒളിമ്പിക് ഗെയിംസ് വേദിയിൽ അവർ എട്ടു പേരുണ്ടായിരുന്നു. ഈഫൽ ടവറിനേയും സൈൻ നദിയേയും സാക്ഷിനിർത്തി ഫലസ്ത്വീൻ പതാക ആഞ്ഞുവീശിക്കൊണ്ട് പാരിസ് ഒളിമ്പിക്സിലേക്ക് ചുവടുവെക്കുമ്പോൾ ഒരു മെഡൽ പോലും അവർ കിനാവ് കണ്ടിരിക്കില്ല. മെഡലിനപ്പുറം ലോകത്തോട് അവർക്ക് ചിലത് പറയാനുണ്ട്; രാഷ്ട്രത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, വംശഹത്യയെക്കുറിച്ച്, അധിനിവേശത്തെക്കുറിച്ച്, ഇനിയുമൊടുങ്ങാത്ത നിലവിളികളെക്കുറിച്ച്, ഇനിയും തുടരുന്ന നിങ്ങളുടെ മൗനത്തെക്കുറിച്ച്….
രാഷ്ട്രമെന്ന നിലയിൽ തങ്ങളെ അംഗീകരിക്കാത്ത ഫ്രാൻസിന്റെ മണ്ണിൽത്തന്നെ പച്ചയും കറുപ്പും ചുവപ്പും നിറങ്ങൾ ചാലിച്ച ഫലസ്ത്വീൻ പതാകകൾ അവർ ആഞ്ഞുവീശി. ചെറുത്തുനിൽപ്പിന്റെ പരമ്പരാഗത പ്രതീകമായ കഫിയ്യ ചുറ്റി സൈൻ നദിയോട് മിണ്ടിയും പറഞ്ഞുമവർ തുഴയെറിഞ്ഞു. അവർ ധരിച്ച കുപ്പായങ്ങൾക്കുപോലും നാവുണ്ടായിരുന്നു; അവരുടെ മൗനങ്ങൾക്ക് വാചാലതയും. പ്രഥമ ഫലസ്ത്വീനിയൻ ഒളിമ്പിക് ബോക്സറായി മത്സരിക്കാനെത്തിയ വസീം അബൂ സാലിന്റെ എംബ്രോയ്ഡറി ചെയ്ത വെള്ളക്കുപ്പായത്തിന് ഒരു പിഞ്ചു കുട്ടിയുടെ നിലവിളിയെ ധ്വനിപ്പിക്കാൻ പോന്ന ശക്തിയുണ്ടായിരുന്നു; രക്തദാഹികളായ ഇസ്രയേലിന്റെ, ബോംബുകൾ ചുമന്ന് വട്ടമിട്ട് പറക്കുന്ന യന്ത്രപ്പക്ഷിയുടെ ഇരമ്പങ്ങളെ, അത് പാരീസിന്റെ മണ്ണിലേക്ക്, കാണികളുടെ മുന്നിലേക്ക് കുടഞ്ഞിട്ടു. ഉദ്ഘാടന ചടങ്ങിന് ദൃക്സാക്ഷികളായവർ മാത്രമല്ല, ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരാവൃത്തി കണ്ടവർ പോലും അതിന്റെ ഇരമ്പം കേട്ടു; ഒപ്പം ആ കുട്ടികളുടെ ചിതറിയ ഞെരക്കങ്ങളും.
സോക്കർ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മേൽ ബോംബുകൾ വർഷിക്കുന്ന വിമാനത്തിന്റെ ചിത്രങ്ങൾ എംബ്രോയ്ഡറി ചെയ്ത ആ വെള്ളക്കുപ്പായത്തിന് വാതോരാതെ സംസാരിക്കാനുള്ള വേദിയാണ് ഫലസ്ത്വീനികൾക്ക് ഒളിമ്പിക്സ്; മെഡൽ നേടാനുള്ളതല്ല. തങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാൻ വിമുഖത കാട്ടുന്നവന്റെ ഒപ്പം നിന്ന് മത്സരിക്കാനും, തോളോടു തോൾ ചേർന്ന് നിൽക്കാനും, ഇങ്ങനെയും ഒരു രാജ്യമുണ്ട് എന്ന് ഉദ്ഘോഷിക്കാനുമുള്ളതാണ് ഫലസ്ത്വീനികൾക്ക് ഒളിമ്പിക്സ്; തങ്കമെഡൽത്തിളക്കത്തിലേക്ക് ഒളികണ്ണെറിയാനുള്ളതല്ല. ഫലസ്ത്വീനികൾക്ക് ഒളിമ്പിക്സ് എന്തെന്ന് റംസി ബാറൂദ് മുമ്പ് എഴുതിയിട്ടുണ്ട്: "നമ്മുടെ ദൈനംദിന രാഷ്ട്രീയത്തിൽനിന്ന് വ്യത്യസ്തമാണ് ഒളിമ്പിക്സിനുള്ളിലെ രാഷ്ട്രീയം. തീർച്ചയായും അത് അഗാധവും ആഴത്തിലുള്ളതുമായ ആവിഷ്കാരമാണ്; സ്വത്വം, സംസ്കാരം, വിമോചനം, സമത്വം, വംശം, സ്വാതന്ത്ര്യം എന്നിവയ്‌ക്കായുള്ള ദേശീയ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടത്.
ഞങ്ങളെ സംബന്ധിച്ചേടത്തോളം ഉദ്ഘാടന ചടങ്ങ് എപ്പോഴും നിർണായകമായിരുന്നു. ഓരോ പ്രതിനിധി സംഘവും കടന്നുപോകുമ്പോൾ ക്യാമറകൾ കുറച്ച് നിമിഷങ്ങൾ മാത്രമേ കൺമിഴിക്കുന്നുള്ളൂവെങ്കിലും, ഓരോ രാജ്യത്തെയും കുറിച്ചുള്ള നമ്മുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ ആ കുറച്ച് നിമിഷങ്ങൾ മതിയായിരുന്നു." 1996 ഒളിമ്പിക്സ് മുതലുള്ള ഫലസ്ത്വീൻ സാന്നിധ്യം, വംശഹത്യയുടെയും യുദ്ധക്കെടുതികളുടെയും ഈ നിർണായക ഘട്ടത്തിലും, 2024 പാരിസ് ഒളിമ്പിക്സിലും തുടരുകയാണ്. അഭയാർഥി ക്യാമ്പിലെ ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷന് മുന്നിലിരുന്ന് ഒളിമ്പിക്സ് ഗെയിമുകൾ കണ്ട ഓർമകൾ, അടിച്ചേൽപിക്കപ്പെട്ട പ്രവാസത്തിലിരുന്ന് ഫലസ്ത്വീനികൾ അയവിറക്കുന്നുണ്ടാകും. അന്നു മുതൽ ഇന്നേവരെ ഒരു മെഡലും നേടാത്തൊരു രാജ്യത്തിന്റെ പോരാട്ടവീര്യവും നിലപാടു പ്രഖ്യാപനവും തകർന്ന കെട്ടിടങ്ങൾക്കും ഇരുണ്ട ആകാശത്തിനും, മിസൈലുകൾ ചവച്ചുതുപ്പിയ ഭൂമിക്കു ചാരെയിരുന്നും പുതു തലമുറ കാണുന്നുണ്ടാവണം. അറ്റുപോകാത്ത കൈകൾകൊണ്ട് ക്ലാപ്പടിക്കുന്നുണ്ടാകണം . l
പതിനാറു വയസ്സ് മാത്രം പ്രായമുള്ള സ്പാനിഷ് താരം ലാമിൻ യമാലിന്റെ മഴവില്ലുപോലെ വലയിലേക്ക് വളഞ്ഞിറങ്ങിയ ഗോൾ, തുർക്കി മെസ്സി എന്നറിയപ്പെടുന്ന അർദ ഗുലറിന്റെ പോരാട്ടവീര്യം, രണ്ടു ദശകങ്ങളോളം മൈതാനമധ്യം അടക്കിഭരിച്ച ടോണി ക്രൂസിന്റെ വിടവാങ്ങൽ രാവ്, പറങ്കിപ്പടയുടെ കപ്പിത്താൻ റൊണാൾഡോയുടെ ഗോളില്ലാ ടൂർണമെന്റിൽ ഗോളിനോളം മൊഞ്ചുള്ള അസിസ്റ്റ്….. 2024 യൂറോ കപ്പിന് അവസാന വിസിൽ മുഴങ്ങുമ്പോൾ ഓർത്തിരിക്കാൻ ഒരുപിടി മുഹൂർത്തങ്ങളൊന്നുമില്ല. വിരസമായ യൂറോ കാൽപ്പന്തുനീക്കങ്ങളിൽ ഇങ്ങനെയും ചിലതുണ്ടായിരുന്നു എന്നുമാത്രം.
എന്നാൽ, മാനവികതയെ അണച്ചുപിടിച്ച ഫ്രഞ്ചുകാർക്ക് സന്തോഷിക്കാൻ, യൂറോ കപ്പിനുമേൽ ചാർത്തുന്ന മുത്തത്തെക്കാൾ മൂല്യമേറിയ ചിലതുണ്ട്. ജർമനി ആതിഥേയത്വം വഹിച്ച യൂറോ കപ്പ് സെമി ഫൈനലിൽ സ്പാനിഷ് പടക്ക് മുന്നിൽ തോൽക്കാനായിരുന്നു ദേശീയ ടീമിന്റെ വിധിയെങ്കിലും, നിർണായകമായ ദേശീയ പൊതു തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയെ കലാശപ്പോരിൽ കടത്താതിരിക്കാൻ കിലിയൻ എംബാപ്പെയും കൂട്ടരും വഹിച്ച പങ്ക് നിസ്തുലമാണ്. വർഗീയതയെയും വംശീയതയെയും എതിർപക്ഷത്ത് നിർത്തുന്ന ആ നാട്ടിലെ ജനാധിപത്യസ്നേഹികൾക്ക് അത് വിസ്മൃതിയിലേക്ക് കുടഞ്ഞെറിയുക അത്ര എളുപ്പമല്ല.
ഫുട്ബോൾ ടീം ജർമനിയിലേക്ക് വണ്ടി കയറുമ്പോൾ, ഫ്രാൻസ് തെരഞ്ഞെടുപ്പ് ചൂടിന്റെ മൂർധന്യത്തിലായിരുന്നു. മെയ് 31-ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ മുപ്പത്തിമൂന്ന് ശതമാനം വോട്ട് നേടി വലതുപക്ഷ-വംശീയവാദി നേതാവ് മറീൻ ലെ പെൻ നയിക്കുന്ന നാഷണൽ റാലി പാർട്ടി അധികാരത്തിലേക്ക് ചുവട് വെക്കുമെന്ന പ്രതീതി. കുടിയേറ്റക്കാരുടെ ഇരട്ട പൗരത്വവും, ഹിജാബ് നിരോധനവും, കുടിയേറിയവരുടെ ഭാവിതലമുറയുടെ പൗരത്വവും പ്രശ്നവത്കരിച്ച്, ഫ്രഞ്ച് ഫ്രൈഡ്റൈസ് പോലെ വംശീയത രുചിച്ചിറക്കുന്ന സാഹചര്യം. മുസ് ലിം വിരുദ്ധതയും അതിതീവ്ര ദേശീയതാവാദവും വാരിവിതറി ഫ്രാൻസിന്റെ സാമൂഹിക അന്തരീക്ഷത്തിന് സാരമായ പോറലേൽപിച്ച് ലെ പെൻ ആഗോള വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചുവെച്ച നിമിഷം. വാർത്താ സമ്മേളനത്തിൽ മൈക്കിനു മുന്നിലിരുന്ന് കിലിയൻ എംബാപ്പെ തൊടുത്ത മുന കൂർത്ത വാക്കുകൾ നാഷണൽ റാലി പാർട്ടിയുടെ അധികാരക്കൊതിക്കുമേൽ അശനിപാതമായി പതിക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ഫുട്ബോളിനെക്കുറിച്ച് വാചാലനാകുന്നതിന് പകരം ടീം ക്യാപ്റ്റൻ എംബാപ്പെ, ദേശീയ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയെ തുരത്തേണ്ടതുണ്ടെന്നാണ് ഊന്നിപ്പറഞ്ഞത്. പോർച്ചുഗലുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലും രാഷ്ട്രീയം തന്നെ സംസാരിക്കാൻ ആ വേദി ഉപയോഗപ്പെടുത്തി. വംശീയതയും വർഗീയതയും അഴിച്ചുവിട്ട കൊടുങ്കാറ്റിനു മുന്നിൽ രാജ്യം ആടിയുലയുമ്പോൾ കാൽപ്പന്തുകളിയുടെ സ്ട്രാറ്റജിയെക്കുറിച്ച് വാചാലനാകാൻ ഒരു രാജ്യസ്നേഹിക്ക് എങ്ങനെയാണ് സാധ്യമാവുക?
"ഫുട്ബോളും രാഷ്ട്രീയവും കലർത്തരുതെന്നാണ് പലരുടെയും അഭിപ്രായം. കളിയെക്കാൾ അതീവ പ്രാധാന്യമുള്ള ഒരു സാഹചര്യത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. ഫ്രാൻസിൽ അശുഭകരമായ സാഹചര്യമാണുള്ളത്. മനുഷ്യരെ ഭിന്നിപ്പിക്കുന്ന തീവ്ര ആശയങ്ങൾക്ക് എതിര് നിൽക്കുന്നവനാണ് ഞാൻ. ഫ്രാൻസിനെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്നാൽ, എന്റെയോ നമ്മുടെയോ മൂല്യങ്ങളെ പ്രതിഫലിപ്പിക്കാത്ത ഒരു രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" - ഫ്രഞ്ച് ജനതയെ, വിശേഷിച്ചും യുവാക്കളെ പ്രബുദ്ധരാക്കുന്ന വാക്കുകൾ കൊണ്ട് ജർമനിയിലിരുന്ന് ഫ്രീകിക്ക് തൊടുക്കുകയായിരുന്നു കിലിയൻ എംബാപ്പെ. ആ ഫ്രീകിക്കിന്റെ കൃത്യതയും തീക്ഷ്്ണതയും മറീൻ ലെ പെന്നിന്റെ ഗോൾമുഖത്താണ് നാശം വിതച്ചത്. 577 അംഗ ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി വീണു നാഷണൽ റാലിയെന്ന തീവ്ര വലതുപക്ഷ- വംശീയ പാർട്ടി. ആർക്കും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും 188 സീറ്റുകൾ നേടി ഇടതുപക്ഷസഖ്യം മേൽക്കൈ നേടി. കിലിയൻ എംബാപ്പെയും സഹകളിക്കാരും മാത്രമല്ല, അധ്യാപകരും വിദ്യാർഥികളും ചരിത്രകാരന്മാരും ജനാധിപത്യ വിശ്വാസികളും മുസ്ലിം- ക്രിസ്ത്യൻ ആക്ടിവിസ്റ്റുകളുമെല്ലാം മുൻനിരയിൽ തന്നെയുണ്ടായിരുന്നു ലെ പെന്നിന്റെ വിജയത്തിന് വിഘാതം തീർക്കാൻ. എങ്കിലും, ജർമനിയിൽനിന്ന് ഫ്രാൻസിന്റെ തെരഞ്ഞെടുപ്പ് മൈതാനത്തേക്ക് വളഞ്ഞിറങ്ങിയ, അധികാരക്കൊതിയുടെ കോട്ടമതിൽ പിളർത്തിയ എംബാപ്പെയുടെ ആ ഫ്രീക്കിക്കിനുണ്ട് വർണനാതീതമായ ചാരുത. വിദ്വേഷ-വിഭജന രാഷ്ട്രീയത്തിന്റെ ഇഴകളാൽ കടുംകെട്ടിട്ട വലക്കണ്ണികളെയാണ് ആ രാഷ്ട്രീയ കിക്ക് കീറിമുറിച്ചത്. l
നമ്മുടെ രാജ്യം വലതു ചായുന്നു, പറവൂർ ടൗണിൽ പന്തംകൊളുത്തി പ്രകടനമുണ്ട് പങ്കെടുക്കണം നിർബന്ധമായും നീ
വാട്സാപ്പിലൂടെ അവനെന്നെ ഉദ്ബുദ്ധനാക്കി
മുഷ്ടി ചുരുട്ടിയ ഇമോജികൾ വമ്പൻ പ്രകടനമായി അവന്റെ ഫോണിന്റെ നഗരത്തിരക്കുകളിലേക്ക് പാഞ്ഞു. നഗരം തൊടാതെ കുറുക്കുവഴികളിലൂടെ ഞാൻ വീടണഞ്ഞു
ഫലസ്ത്വീനിൽ വെള്ളത്തുണിയിൽ പൊതിഞ്ഞുകിടത്തിയ പൈതങ്ങളുടെ ഫോട്ടോ അയച്ചിട്ട് അവൾ വോയ്സിട്ടു: ഇതിൽ നമ്മുടെ കുഞ്ഞുണ്ടെന്ന് സങ്കൽപിച്ചു നോക്ക്യേ നുറുങ്ങുന്ന ഹൃദയമുള്ള ഇമോജികളുടെ കൂമ്പാരം എന്റെ വിരൽസ്പർശത്താൽ മഴപ്പാറ്റകൾ പോലെ അവളുടെ വോയ്സിനു ചുറ്റും പാറി
കൊല്ലപ്പെട്ട നീതിമാന്റെ രക്തം ചവിട്ടിക്കടന്ന് വീട്ടിലേക്ക് പോരുന്ന വഴിയിലാകെ ചിതറിക്കിടക്കുന്നു ആൻഗ്രിയുടെ ഇമോജികൾ
വിശന്നു മരിച്ച പിഞ്ചു ബാലികയുടെ പുഴു കരണ്ട ശവശരീരത്തിൽ പെയ്തൊഴിയാതെ മാപ്പെന്നൊരായിരം കൂപ്പുകൈ
ഇനിയും കെടാത്ത കലാപത്തീക്കു ചുറ്റും തീ കായാനിരിക്കുന്നു സ്മൈലികൾ വെറുപ്പിന്റെ തമ്പുകൾ
രാഷ്ട്രം പറഞ്ഞു: മൂന്ന് ഇമോജികൾ നിങ്ങൾക്കുള്ളതല്ല; പിരിച്ചുവെച്ച മീശ, തൂക്കുകയർ, തടവറകൾ
ഞങ്ങൾ ലൈക്കും ലവ്വുമടിച്ച് കഴുമരത്തിൻ ചോട്ടിൽ ഊഴം കാത്തിരുന്നു
സാഡ് ഇമോജികൾ തിരമാല കണക്കെ ആർത്തുവരുന്നത് കണ്ട് ഞാൻ എന്നെ നുള്ളിനോക്കി
ഓരോ മനുഷ്യന്റെയും ചുവടുകൾക്കടിയിൽ ഒരു തെളിനീരുറവ മറഞ്ഞിരിപ്പുണ്ട്. ദാഹാർത്തനായും പരിക്ഷീണിതനായും അത് ചവിട്ടിക്കടന്നാണ് നാം ഓരോരുത്തരും ജീവസന്ധാരണത്തിനായി പരക്കം പായുന്നത്. ആത്മീയതയുടെ പിക്കാസിനാൽ ഖനനം ചെയ്താൽ കണ്ടെത്താവുന്നതേയുള്ളൂ അദൃശ്യമായ ആ ഉറവ.
ത്യാഗത്തിന്റെ, വിശ്വാസദാർഢ്യത്തിന്റെ, സമർപ്പണത്തിന്റെ, ധ്യാനത്തിന്റെ പിക്കാസ് കൊണ്ട് കുഴിച്ചാൽ മാത്രം കണ്ടെത്താവുന്ന ആ ഉറവ മരുഭൂമിയുടെ പാറക്കെട്ടുകളിൽനിന്ന് ഖനനം ചെയ്തെടുത്ത ചരിത്രം അയവിറക്കുന്നുണ്ട് ഹജ്ജ് വേള.
സംസം…സംസം… അടങ്ങ്, അടങ്ങ്! ഹാജറ ബീവി ആർത്തുവിളിച്ചില്ലായിരുന്നെങ്കിൽ അതിന്റെ ഒഴുക്ക് പ്രവചനാതീതമാകുമായിരുന്നു. ഭൂമിയുടെ മാറിടം ആവോളം ചുരത്തുമായിരുന്നു. മക്കയെ ഒന്നടങ്കം അത് മുക്കുമായിരുന്നു. ഇല്ല, അല്ലാഹുവിന്റെ താല്പര്യമായിരുന്നു ആ തെളിനീരുറവക്ക് ആ പേര് ചാർത്തണമെന്നത്. അടങ്ങൂ എന്നർഥം പേറുന്ന സംസം എന്ന വാക്ക് ഹാജറ ബീവി ഉച്ചരിക്കുവോളം അനുസ്യൂതമായി അത് ഒഴുകി. ആ ഒഴുക്കാണ് വിജനമായ മരുപ്പറമ്പിൽ ഒരു പുതു നാഗരികതയുടെ കൊടിക്കൂറ നാട്ടുന്നതിന് നിമിത്തമായത്.
ഹജ്ജ് വേളയിൽ ആലു ഇബ്റാഹീമിനെ അകതാരിൽ വരുത്തുന്നു ഹാജിമാർ. ആത്മീയതയുടെ ഉത്തുംഗതയിൽ ഇബ്റാഹീമിലേക്കും ഇസ്മാഈലിലേക്കും ഹാജറാ ബീവിയിലേക്കും അവർ പരകായം ചെയ്യുന്നു. സ്വഫാ-മർവ കുന്നുകളിൽ ഹാജറയെ അനുകരിക്കുന്നു. ആത്മീയ ദാഹത്തിന്റെ മിടിപ്പിലേക്ക് സംസം തളിക്കുന്നു.
പരീക്ഷണങ്ങളുടെ പേമാരിപ്പെയ്ത്തിൽ നനഞ്ഞ്, ഇടിവാളുകളെ മുറിച്ചുകടന്ന്, കനൽത്താരകളെ ചവിട്ടിക്കടന്ന്, വെയിൽച്ചീളെറിഞ്ഞ് കളിക്കുന്ന നട്ടുച്ചയിൽ ആത്മചൈതന്യത്താൽ കുളിർന്ന്, ഒടുവിൽ അല്ലാഹുവിന്റെ പ്രീതിയിൽ പരിലസിച്ച് ചരിത്രത്തിൽ അജയ്യമായി നിൽക്കുന്ന ആ മഹിത കുടുംബത്തെ മക്കയിൽ ചെന്ന് ഹൃദയത്തിലേക്ക് പകർത്തിയെഴുതാനുള്ള തീർഥാടനമാണ് പരിശുദ്ധ ഹജ്ജ്. ജംറയിൽ നാമെറിഞ്ഞ് കളയുന്നത് നമ്മെത്തന്നെയാണ്; ദുർബല നിമിഷത്തിൽ പിശാചിന് രാപാർക്കാൻ ഒരിടം അനുവദിച്ച നമ്മുടെ മനസ്സിന്റെ മാലിന്യങ്ങളെയാണ്, നമ്മുടെ സിരകളിൽ ഇബ് ലീസ് നിറച്ചുവെച്ച പ്രതിലോമ ചിന്തകളെയാണ്, പൈശാചിക പ്രേരണയാലും ഭൗതിക വിധേയത്വത്താലും നരച്ചുതുടങ്ങിയ നമ്മിലെ അപരനെയാണ്. നമ്മുടെ ഹൃദയമടക്കുകളിൽ തമ്പുകെട്ടി പാർത്തിരുന്ന അരാജകത്വത്തെയാണ് നാം അറുത്തുകളയുന്നത്.
ഹിമധവളിമയാർന്ന രണ്ടു കീറത്തുണിയിൽ അറഫയിൽ നിൽക്കുമ്പോൾ ജീവിതത്തില്‍ നമുക്ക് കൈമോശം വന്ന ആ ശുഭ്രതയെയാണ് നാം തിരിച്ചുപിടിക്കുന്നത്. മഹ്ശറിൽനിന്ന് വിയർക്കാതിരിക്കാൻ കഅ്ബക്ക് ചുറ്റും നിന്ന് വിയർത്തേ തീരൂ. പ്രദക്ഷിണം ചെയ്ത് മടങ്ങുമ്പോൾ ഒരു കഅ്ബ നെഞ്ചിൽ പണിതേ തീരൂ. ചിന്തയിൽ സംസം പോലെ തെളിമയാർന്ന ഒരു പൊയ്ക തടംകെട്ടി നിർത്തിയേ മതിയാകൂ.
ചാരമാകാൻ വേണ്ടി തീനാളത്തിനു ചുറ്റും പറക്കുന്ന പൂമ്പാറ്റയാണ് ത്വവാഫ്! തീറ്റ കണ്ടെത്താനായി ആകാശത്തിൽ റാകിപ്പറക്കുന്ന പരുന്താണ് സഅ്യ്!* പൂമ്പാറ്റയും പരുന്തുമാകുന്ന അനുപമ മുഹൂർത്തങ്ങൾ, അനവദ്യ സുന്ദര നിമിഷങ്ങൾ, ആത്മീയതയാൽ ദീപ്തമായ അനുഭൂതികൾ, ഉൽക്കർഷങ്ങൾ….
തവക്കുൽ! ആ വാക്ക് ഉച്ചരിക്കുമ്പോഴും ജീവിതത്തിൽ തുന്നിച്ചേർക്കുമ്പോഴും ആലു ഇബ്റാഹീമിനെ സ്മരണയിൽ കൊണ്ടുവരാതിരിക്കാനാവില്ല ഒരു വിശ്വാസിക്കും. തന്റെ പ്രിയതമയെയും, നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൈക്കുഞ്ഞിനെയും വിജനമായ മരുപ്പറമ്പിൽ വിട്ടേച്ചുപോരാൻ തവക്കുലിന്റെ തെളിച്ചമില്ലാത്ത ഏതു പിതാവിനാണ് കഴിയുക! അല്ലാഹുവിന്റെ നിർദേശപ്രകാരമാണ് ഈ മരുഭൂവാസമെന്നറിഞ്ഞ പ്രിയതമയുടെ സർവവും നാഥനിൽ ഭരമേല്പിക്കാനുള്ള മാനസികാവസ്ഥ ഏതു ചരിത്രത്തെയാണ് ഉജ്ജ്വലിപ്പിക്കാതിരിക്കുക! പിതാവിന്റെ സ്വപ്നദർശനാനന്തരം മൂർച്ചയുള്ള കഠാരക്ക് കീഴെ, ബലിക്കല്ലിലേക്ക് സുസ്മേരവദനനായി കഴുത്ത് നീട്ടിക്കൊടുക്കാൻ വിമുഖത കാട്ടാത്ത, തവക്കുലിന്റെയും സമർപ്പണത്തിന്റെയും ഉദാത്തമായ നിദർശനമാകുന്ന ഒരു മകനെ എത്ര പകർത്തിയാലാണ് മതിയാവുക!
ആത്മാവിന്റെ ഉൾവിളിയിൽ നിർവഹിക്കേണ്ട കർമമാണ് ഹജ്ജ്. സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ നിർവഹിക്കേണ്ട ഒന്നല്ല. പാപക്കറ ഒന്നിനു മീതെ ഒന്നായി പതിഞ്ഞ് നരച്ചുപോയ ജീവിതത്തെ അലക്കിവെളുപ്പിക്കാനും തിരിച്ചുപിടിക്കാനും ആത്മാവിന്റെ ഉൾവിളി ഉയർന്നേ മതിയാകൂ. മക്ക വിളിച്ചുകൊണ്ടേയിരിക്കും. ഹൃദയത്തിൽ കാതുള്ളവർ മാത്രം കേൾക്കുന്ന വിളി! വിലങ്ങനെ എത്ര കടലുകൾ ഒഴുകിപ്പരന്നാലും, എത്ര ഭൂഖണ്ഡങ്ങൾ ഉയർന്നുനിന്നാലും, രാജ്യാതിർത്തികൾ മുള്ളുവേലികളിൽ തട്ടി മുറിവേറ്റുനിന്നാലും നമ്മിലേക്കെത്തുന്ന വിളി! പൊള്ളിക്കിടന്ന മരുഭൂമിയെ മഴവിരലാൽ തൊടുന്നപോലെ നമ്മുടെ ആത്മാവിനെ സ്പർശിക്കുന്ന വിളി!
ആത്മവിമലീകരണത്തിന്റെ കൊടുംപാത താണ്ടിക്കടക്കുന്നവനിൽ ഒരു ഇബ്റാഹീമുണ്ട്, ഇസ്മാഈലും ഹാജറയുമുണ്ട്. ആ പരമ്പരയുടെ കണ്ണി വന്നുമുട്ടുന്ന മുഹമ്മദെന്ന അന്ത്യപ്രവാചകനുണ്ട്. പ്രവാചകജീവിതത്തിന്റെ ദീപ്തിയെ സ്വജീവിതത്തിൽ പകർത്തിയെടുത്ത് പ്രതിഫലിപ്പിച്ച അനുചരന്മാരേറെയുണ്ട്. നമ്മുടെ ഹൃദയമൊന്ന് കുഴിച്ചുനോക്കൂ… ആരെല്ലാമുണ്ടവിടെ? ഹൃദയവനിയിലെ പാറക്കെട്ടുകൾക്കിടയിൽനിന്ന് കിനിയുന്ന ഉറവ കലക്കുവെള്ളമാണോ? അരുചി നിറഞ്ഞതാണോ? അടങ്ങൂ… അടങ്ങൂ…. എന്നെത്ര ശഠിച്ചിട്ടും അടങ്ങാതെ അതു നമ്മെത്തന്നെയും ചുറ്റുപാടിനെയും ഇസ് ലാമിക സംസ്കാരത്തെയും മുക്കിക്കൊല്ലാൻ പാകത്തിൽ ഒരു പ്രളയമായി വാപിളർത്തുന്നുണ്ടോ? തിരിച്ചുകയറാനാവാത്തവിധം ചുഴിയിൽ അകപ്പെടുത്തുന്നുണ്ടോ? അണകെട്ടി തടയാനാവാത്തവിധം ഭീമാകാരം കൊള്ളുന്നുണ്ടോ…?
ആലു ഇബ്റാഹീമിന്റെ കാടുപിടിച്ചു കിടക്കുന്ന ആ പാത വെട്ടിത്തെളിക്കാൻ സമയമായിരിക്കുന്നു. ഹൃദയത്തിൽ എവിടെയോ തുരുമ്പ് പിടിച്ചുകിടക്കുന്ന പിക്കാസെടുക്കാൻ ഉൾവിളി ഉയരേണ്ടിയിരിക്കുന്നു. ത്യാഗത്തിന്റെയും ധ്യാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പിക്കാസുകൊണ്ട് കുഴിച്ചുതുടങ്ങുമ്പോൾ മനസ്സിലെ പാറകൾ പൊടിഞ്ഞുതുടങ്ങും. പൊടുന്നനെയല്ല; ക്രമാനുഗതമായി. ആ പാറകളിൽ നിന്ന് ഉറവ കിനിയാൻ തുടങ്ങും; സംസം പോലെ കലർപ്പില്ലാത്തത്. ഹൃദയത്തിൽ തളംകെട്ടിക്കിടക്കുന്ന ഇരുട്ടിനെ അലിയിച്ച് ഒരു ജ്യോതി തെളിയാൻ തുടങ്ങും. നൂറുൻ അലാ നൂർ… പ്രകാശത്തിനു മേൽ പ്രകാശമിറ്റിച്ചവന്റെ, വാനഭുവനങ്ങളുടെ വിളക്കായവന്റെ സവിധത്തിലേക്ക് ചാലുകീറുന്ന പ്രക്രിയകൾക്ക് അത് നാന്ദിയാകും.
മക്കയിൽനിന്ന് സ്വദേശത്തേക്ക് തീർഥാടകൻ മടങ്ങുമ്പോൾ ഹൃദയത്തിലൊരു തടാകമുണ്ടാകും. പാറക്കെട്ടുകളിൽനിന്ന് കിനിയുന്ന തെളിനീരു പോലെ തെളിമയാർന്നത്; ഹൃദയസരസ്സിലെ സംസം ഉറവകൾ! പിന്നീടുള്ള കർമപഥങ്ങളിലാണ് അത് ഓളം വെട്ടുക. l
ഡോ. അലി ശരീഅത്തിയുടെ ഹജ്ജ് എന്ന കൃതിയിലെ രണ്ടു വരികൾ
കഫിയ്യ ചുറ്റിയും ഫലസ്ത്വീൻ പതാക പുതച്ചും അമേരിക്കയിലെ യൂനിവേഴ്സിറ്റികൾ തൊണ്ടയിടറി സയണിസ്റ്റ് വിരുദ്ധ ഗീതമാലപിക്കുമ്പോൾ, വംശഹത്യക്ക് ഒരുക്കിനിർത്തിയ ഇസ്രയേലിന്റെ യന്ത്രപ്പക്ഷികളുടെ ചിറകുകളാണ് ഒടിഞ്ഞുതൂങ്ങാൻ തുടങ്ങുന്നത്. ബോംബുകൾ കുത്തിനിറച്ച് ഗസ്സയുടെ ആകാശത്ത് വട്ടമിടുന്ന ആ പക്ഷികൾ, നിരാലംബരും അധിനിവേശത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരുമായ ആ മർദിതജനതയെ വിഴുങ്ങാൻ കൊക്കുപിളർത്തുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ലെന്ന്, പാഠപുസ്തകങ്ങളിൽനിന്നും തലയൂരിയെടുത്ത ഒരുപറ്റം വിദ്യാർഥികൾ തെരുവിലിരുന്ന് ക്ഷോഭിക്കുന്നു. മുദ്രാവാക്യങ്ങളിൽ കുപ്പിച്ചില്ലുകൾ വാരിനിറക്കുന്നു. ചൂണ്ടുവിരലുകൾ രാകിരാകി മുനകൂർപ്പിക്കുന്നു. അനീതിയുടെ തിരുത്തൽ ശക്തികളായി കളം വാഴുന്നു.
കലാലയ വളപ്പുകളിൽ തമ്പുകൾ കെട്ടി, രാപാർത്ത്, സമരമുഖങ്ങളിൽ കത്തിച്ചുവെച്ച റാന്തലുകൾ അണയാതെ അവർ കാവലുണ്ട്. വിദ്യാർഥികൾ മാത്രമല്ല, പ്രഫസർമാരും മാധ്യമ പ്രവർത്തകരും ഇതിന്റെ ഭാഗമാകുന്നത് ശുഭോദർക്കമാണ്. അമേരിക്കൻ ഭരണകൂടത്തിന്റെ ആശീർവാദത്തോടുകൂടിയാണ് ഈ വംശഹത്യ എന്നതിനാൽ, അതേ ഭരണകൂടത്തിന്റെ മുന്നിൽ തിളക്കുന്ന ഈ സമരങ്ങൾക്ക് പ്രാധാന്യമേറുകയാണ്. പ്രഥമ യു.എസ് പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ പ്രതിമ കഫിയ്യ ധരിച്ചും പതാകയണിഞ്ഞും നിൽക്കുന്ന കാഴ്ചക്ക് ഇന്ന് മറ്റെന്തിനെക്കാളും ചാരുതയേറെയുണ്ട്.
സയണിസം അവിരാമം തുടരുന്ന രക്തപാനത്തിന് ലഹരിയുടെ ഐസ് ക്യൂബുകൾ ഇട്ട് തണുപ്പേറ്റുന്നതും, മാംസഭോജനത്തിന് വെറുപ്പിന്റെ മസാലകൾ വിതറി രുചിയേറ്റുന്നതും നിർലോഭം പടക്കോപ്പുകൾ വാരിക്കോരി നൽകുന്ന അമേരിക്കയാണ്; അവർ വെച്ചുനീട്ടുന്ന ആയുധങ്ങളും സാമ്പത്തിക പിന്തുണയുമാണ്. ഇസ്രയേലിന്റെ പള്ള നിറയുമ്പോൾ മനസ്സ് നിറയുന്നത് അമേരിക്കയുടേതാണ്. ആ വംശീയതയെ ഫലസ്ത്വീൻ മണ്ണിൽ പ്രതിഷ്ഠിക്കാൻ അഹോരാത്രം പണിയെടുത്ത ഏതാനും യൂറോപ്യൻ രാഷ്ട്രങ്ങളുടേതുമാണ്. വ്യാജം ചമച്ച് അതിനെ സൈദ്ധാന്തികവത്കരിച്ച ക്രിസ്ത്യൻ സയണിസത്തിന്റേതുമാണ്. അതിനാൽ അമേരിക്കയിൽ മാത്രമല്ല, ആ യൂറോപ്യൻ രാഷ്ട്രങ്ങളിലും പുതു യുവതകൾ വംശീയതക്കെതിരെ കലഹത്തിന്റെ കാഹളം മുഴക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതിയാവുകയാണ്.
ന്യൂയോർക്കിൽനിന്ന് കൂട്ടംകൂട്ടമായി കൊളംബിയ സർവകലാശാലയിലേക്ക് ദൂരം താണ്ടുന്ന പ്രക്ഷോഭകരുടെ അധരങ്ങളിൽ 'ലീവെ ലീവെ പലസ്തീന'യും സയണിസത്തിന്റെ ആസന്നമായ തകർച്ചയുടെ പ്രവചനാത്മക ഈരടികളുമാണ് കവിഞ്ഞൊഴുകുന്നത്. ഹാവാർഡ്സിലെ ഇലകൊഴിഞ്ഞ മരത്തിനു ചുവട്ടിൽ പ്രക്ഷോഭത്തിന്റെ കൊടിനാട്ടുന്നതും തമ്പ് കെട്ടുന്നതും ഡ്രമ്മിന്റെ താളമേളങ്ങളോടെയാണ്. ബോംബുകൾ വിതറി ലോകത്തെ ചൊൽപ്പടിയിൽ നിർത്താൻ ശീലിച്ചവരോട്, വാക്കുകൾ വിതറി അനീതിയുടെ തിരുത്തൽ ശക്തിയാവാൻ ഈ കലാലയവും, ഈ തെരുവും, ഇലകൊഴിഞ്ഞ ഈ മരത്തിന്റെ ഇത്തിരിപോന്ന തണലും മതിയെന്ന് അവർ മുദ്രാവാക്യങ്ങൾ കൊണ്ട് ഒപ്പുചാർത്തുന്നു. യു.എസിൽ മാത്രം ഇതിനകം മുപ്പത്തിയാറ് സർവകലാശാലകളിൽ സമരത്തിന് നാന്ദികുറിക്കപ്പെട്ടിരിക്കുന്നു. ഗസ്സയിലെ വംശഹത്യയെ അപലപിക്കാൻ അക്കാദമിയുടെ തലപ്പത്തുള്ളവർ തയാറാകണം, വംശഹത്യയും കോളനിവത്കരണവും നടത്തുന്ന ഇസ്രയേലുമായും അവിടുത്തെ അക്കാദമിക സംവിധാനങ്ങളുമായും സർവകലാശാലകൾ ഒരു സഹവർത്തിത്വവും പുലർത്തരുത്, സംയുക്ത പരിപാടികളും പദ്ധതികളും ഉപേക്ഷിക്കണം തുടങ്ങി ഇസ്രായേലിനെ സമ്മർദത്തിലാക്കുന്ന ഒരുപിടി ആവശ്യങ്ങളുടെ പട്ടികയാണ് പ്രക്ഷോഭകാരികൾ നിവർത്തിപ്പിടിച്ചിരിക്കുന്നത്. ഉപരോധിച്ചും നിരാഹാരമനുഷ്ഠിച്ചും, കലാലയകവാടങ്ങളിൽ മനുഷ്യകവചം സൃഷ്ടിച്ചും, മുദ്രാവാക്യം മുഴക്കിയും ലോകശ്രദ്ധയാകർഷിച്ച പ്രക്ഷോഭം, അമേരിക്കൻ സർവകലാശാലകളിൽനിന്ന് ബ്രിട്ടനിലേക്കും ഇറ്റലിയിലേക്കും പാരീസിലേക്കും മെൽബണിലേക്കും സിഡ്നിയിലേക്കുമെല്ലാം കൊടിക്കൂറ കൈമാറുകയാണ്. ലീവെ ലീവെ…. ലീവെ പലസ്തീനാ…. തമ്പുകളിലിരുന്നും തെരുവിൽ കൂട്ടംകൂടിനിന്നും അവർ പാടുകയാണ്, അനീതിയോട് കലഹിക്കുകയാണ്. l
നടുവിരലിനും ചൂണ്ടുവിരലിനുമിടയിലൂടെ നീട്ടിത്തുപ്പിയ മുറുക്കാൻചാറ് പടിഞ്ഞാറൻ സന്ധ്യാകാശത്തെ ചൊകചൊകാ ചൊമപ്പിച്ചു നിലാവിന്റെ തട്ടമിട്ട് പാതിരാചൂളം കുത്തി തീവണ്ടി പാഞ്ഞു
തീവണ്ടി ജാലകത്തിലൂടെ തിരിച്ചോടുന്ന ഇന്ത്യയെ കണ്ടുകണ്ട്, ചില റെയിൽവേ സ്റ്റേഷന്റെയും നഗരങ്ങളുടെയും വെട്ടിത്തിരുത്തിയ പേരിനു ചുവട്ടിൽ മുറുക്കാൻചണ്ടി കാറിത്തുപ്പി ആലുവയിൽ വന്നിറങ്ങുമ്പോൾ നെഞ്ചിൽ ചിനക്കുന്നു ഷാജഹാന്റെ കുതിരകൾ കൂട്ടിമുട്ടുന്നു മുംതാസിന്റെ കുപ്പിവള
താജ്മഹലിന്റെ പൗരത്വമെടുത്തുകളഞ്ഞ് തേജോമഹാലയത്തിന് പൗരത്വമനുവദിച്ചതറിയാതെ കദീസുമ്മയിപ്പോൾ വെറ്റിലയിൽ വരയ്ക്കുന്നു ചുണ്ണാമ്പുകൊണ്ടൊരു താജ്
മുറുക്കാൻചണ്ടി പോലെ അണപ്പല്ലിൽ ഞെരിച്ച് രാജ്യം നീട്ടിത്തുപ്പുന്നു ചരിത്രത്തിന്റെ മുറിവുകൾ.
വിറയാർന്ന വിരലാൽ തന്റെ ഗ്രാമത്തെ തൊട്ടു ഒഴുക്ക് നിലച്ച പുഴയെ ഒരു കുമ്പിളിൽ കോരിയെടുത്തു ഉമ്മവെച്ചു വിളഞ്ഞുനിൽക്കുന്ന ഓറഞ്ചുതോട്ടത്തിലിരുന്ന് അല്ലികൾ പിഴിഞ്ഞ് ഓർമയുടെ കണ്ണുകളെ നീറ്റിച്ചു
ഉറ്റവരുറങ്ങുന്ന ഖബറിലെ മീസാൻകല്ലിൽ മാഞ്ഞുപോയൊരു കാലത്തെ കൊത്തി പലായനം ചെയ്ത മണ്ണുവഴിയിൽ മാഞ്ഞുതുടങ്ങിയ ഉപ്പൂറ്റിവിള്ളലുകളെ, പാകമാകാത്ത കുഞ്ഞുടുപ്പിൽ കുട്ടിപ്പൗഡർ മണക്കുന്ന ഓർമകളെ വീണ്ടും കൊത്തി
ആ താക്കോലെടുത്ത് അയാളാ പുഴയെ തുറന്നുവിട്ടു തണുത്തുവിറച്ചുനിൽക്കുന്ന തന്നെത്തന്നെ അതിലേക്ക് തള്ളിയിട്ടു എന്നോ വറ്റിയ പുഴ അയാൾക്കായി ഒരിക്കൽക്കൂടി ഒഴുകാമെന്നേറ്റു
ആ താക്കോലെടുത്ത് അയാളാ ഓറഞ്ചുതോട്ടത്തിലേക്കുള്ള വഴിയൊക്കെയും തുറന്നു പഴയ കാല്പാടുകളെ പിന്തുടർന്ന് പഴുത്ത ഓറഞ്ചുപഴങ്ങളെ കുട്ടയിൽ നിറക്കുന്നവളുടെ അരികിലെത്തി ഓറഞ്ചല്ലികളിൽ അയാളുമവളും പുളിച്ചു പുളിച്ച് പുളിച്ച് മധുരിച്ചു പിന്തിരിയാന്നേരം നീറി
ആ താക്കോലെടുത്ത് അയാളാ ഖബറ് തുരന്നു ഉപ്പയുടെയും ഉമ്മയുടെയും ഇടയിലായി തിക്കിത്തിരക്കി കിടന്നു കുഞ്ഞനുജത്തിയെ ഇക്കിളിയിട്ടു
അയാളാ പഴയ വീട് തുറന്നു ഉണങ്ങിയ ഒലീവുകമ്പുകൾ കൊണ്ട് അടുപ്പിൽ തീ പൂട്ടി ചോളറൊട്ടിക്കുള്ള മാവ് കുഴച്ചു കാവ തിളക്കുന്ന മണം പരന്നു
എഴുന്നേൽക്കുന്നില്ലേ എഴുന്നേൽക്കുന്നില്ലേ എഴുന്നേൽക്കുന്നില്ലേ…. സുബഹി ബാങ്ക് അയാളെ തട്ടിവിളിച്ചു
മിടിപ്പൊഴിഞ്ഞ പ്രാണന് പിന്നിൽ ആ താക്കോൽ തൂങ്ങിയാടി
കരിയുന്ന ചോളറൊട്ടിയുടെയും തിളച്ചുവറ്റിയ കാവയുടെയും മണം ഭൂപടമാകെ നിറഞ്ഞു.
ശീർഷകത്തിന് കടപ്പാട്: ബാബു ഭരദ്വാജ്. പ്രവാസിയുടെ വഴിയമ്പലങ്ങൾ എന്ന പുസ്തകത്തിലെ 'അൽ-നക്ബ; ഫലസ്തീനിന്റെ ജീവിതത്തിലേക്കുള്ള മടക്കയാത്രക്കുള്ള താക്കോൽ' എന്ന ഓർമകുറിപ്പിൽ നിന്ന്. മടങ്ങിവരാനാകുമെന്ന ഒടുവിലെ പ്രതീക്ഷയും പ്രതീകവുമാണ് ഓരോ ഫലസ്ത്വീനി അഭയാർഥിക്കും, തുരുമ്പിച്ച താക്കോലുകൾ.