ജാവലിന്റെ അഗ്രം പോലെ മുന കൂർത്തതാണ് നമ്മുടെ അതിർത്തികൾ! ചാരിനിൽക്കാനാകാത്തവിധം കൂർത്തത്, മുറിവേൽപിക്കുന്നത്. ഇപ്പുറത്ത് നിന്നും നാം വിരൽ ചൂണ്ടും: അതാ, അതാണ് നമ്മുടെ ശത്രുരാജ്യം; പാകിസ്താൻ. അപ്പുറത്ത് നിന്ന് ഒരു വിരൽ ഇങ്ങോട്ടും നീളും: അതാ, അതാണ് നമ്മുടെ ശത്രുരാജ്യം; ഇന്ത്യയെന്ന് പേര്!
നിരീക്ഷണക്കണ്ണുകളും ബൂട്ടിൻപെരുക്കങ്ങളും തോക്കിൻ കുഴലുകളും കണ്ട് വസന്തം മടങ്ങിപ്പോകുന്ന ഇടങ്ങളാണ് അതിർത്തികൾ! ചാറുന്ന മഴത്തുള്ളികളും പരക്കുന്ന വെയിൽനൃത്തവും ഇറ്റുന്ന തുഷാര ബിന്ദുക്കളും പതിയെ മൊഴിയാറുണ്ട്; ഒന്നായിരുന്നു നാം, ഒരേ ഉടലായിരുന്നു, ഒരേ മണ്ണായിരുന്നു, ഒരേ മനമായിരുന്നു. പിന്നെ എപ്പോഴാണ് നാം ശത്രുക്കളായത്?! അർഷദ് നദീം നീട്ടിയെറിഞ്ഞ ജാവലിന്റെ കുതിപ്പ് നീരജ് ചോപ്രയുടെ അമ്മയുടെ മനവും, നീരജ് ചോപ്ര തൊടുത്ത ജാവലിന്റെ സ്പർശത്താൽ നദീമിന്റെ ഉമ്മയുടെ മനവും പൂത്തുല്ലസിച്ചു നിന്നപ്പോൾ അതിർത്തിയിലെ മുള്ളുവേലികൾ അല്പനേരത്തേക്കെങ്കിലും അപ്രത്യക്ഷമാവുകയായിരുന്നു.
2024 പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോ പോരാട്ടത്തിൽ പാകിസ്താന്റെ അർഷദ് നദീമിനാണ് സ്വർണമെഡൽ, ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളിയും. എന്നാൽ, ആ സ്വർണവും വെള്ളിയും രണ്ടു മാതാക്കളുടെ മനസ്സിലാണ് ഏറ്റം തിളങ്ങിയത്. "സ്വർണം നേടിയത് ഞങ്ങളുടെ കുട്ടിയാണ്, വെള്ളി നേടിയതും ഞങ്ങളുടെ കുട്ടിയാണ്" എന്ന് നീരജിന്റെ അമ്മ സരോജ്ദേവി സന്തോഷം പങ്കുവെക്കുമ്പോൾ നദീം നമ്മുടെ രാജ്യത്തിന്റെ സന്തതിയായി പിറക്കുന്നു. "അവർ സുഹൃത്തുക്കൾ മാത്രമല്ല, സഹോദരന്മാർ കൂടിയാണ്. നീരജിന് കൂടുതൽ വിജയങ്ങൾ ലഭിക്കാൻ ഞാൻ പ്രാർഥിക്കുന്നു" എന്ന് നദീമിന്റെ ഉമ്മ റസിയ പർവീൺ വാചാലമാകുമ്പോൾ നീരജ് 'ശത്രുരാജ്യത്തിന്റെ' കൂടി മകനാകുന്നു.
ആറുമാസം മുമ്പ് പുതിയൊരു ജാവലിൻ വാങ്ങാൻ പണം തികയാത്തതിനാൽ ജനങ്ങളോട് സഹായം അഭ്യർഥിച്ച നദീമിന് വേണ്ടി സംസാരിക്കാനും നീരജ് മുന്നോട്ടുവരികയുണ്ടായി. നദീമിനെ നിങ്ങൾ സഹായിക്കണം, അദ്ദേഹം നിരാശപ്പെടുത്തില്ല എന്ന നീരജിന്റെ വാക്കുകൾ അക്ഷരംപ്രതി ശരിവെക്കുന്നതാണ് ഒളിമ്പിക്സ് റെക്കോർഡ് കുറിച്ചിട്ട ആ ഏറ്. അത്്ലറ്റിക്സിൽ പാകിസ്താന്റെ ആദ്യ സ്വർണ മെഡൽ.
ടോക്യോ ഒളിമ്പിക്സിൽ നീരജിനായിരുന്നു സ്വർണം. നദീം അന്ന് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കാലപ്പഴക്കം ചെന്നൊരു ജാവലിൻ കൊണ്ടായിരുന്നു പരിശീലനം. അത് തകർന്നപ്പോഴായിരുന്നു ചാനലിലൂടെ ജനങ്ങളോട് തന്റെ സാമ്പത്തിക പരാധീനത തുറന്നുപറഞ്ഞത്. നീരജ് ചോപ്രയും അദ്ദേഹത്തിന്റെ ഒപ്പം നിന്നു.
നീരജും നദീമും തമ്മിലുള്ള ബന്ധം സുദൃഢമാണ്. അവർക്കിടയിൽ മുള്ളുവേലികൊണ്ട് തിരിച്ച അതിർത്തികളില്ല. ടോക്യോ ഒളിമ്പിക്സിനു വേണ്ടി നീരജിന്റെ ജാവലിൻ എടുത്തായിരുന്നു നദീമിന്റെ പരിശീലനമത്രയും. പക്ഷേ, വെറുപ്പിന്റെ ദുശ്ശക്തികൾ പാടിനടന്നു, ജാവലിനിൽ കൃത്രിമം വരുത്തി നീരജിനെയും അതുവഴി ഇന്ത്യയെയും തോൽപിക്കാനുള്ള കൗശലത്തിന്റെ ഭാഗമാണ് നദീമിന്റെ ഈ പരിശീലനമെന്ന്! നിങ്ങളുടെ ഈ വൃത്തികെട്ട അജണ്ടയിലേക്ക് തന്നെയും നദീമിനെയും വലിച്ചിഴക്കരുതെന്നായിരുന്നു നീരജിന്റെ നീരസം കലർന്ന മറുപടി. വാക്കുകൾകൊണ്ടും ചേർത്തുപിടിക്കൽ കൊണ്ടും ചിലർ അതിർത്തികൾ മായ്ക്കുന്നത് ഇപ്രകാരമാണ്. l