അനുസ്മരണം

എന്റെ പ്രിയതമ കൊച്ചി-കൊച്ചങ്ങാടി ഹല്‍ഖ പ്രവര്‍ത്തകയും കൊച്ചി സിറ്റി ദഅ്‌വ കണ്‍വീനറുമായിരുന്ന സല്‍മ അല്ലാഹുവിലേക്ക് യാത്രയായി. 51-ാം വയസ്സില്‍.
പ്രസ്ഥാനത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വ്യക്തിതലത്തില്‍ അവര്‍ നടത്തിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ സാക്ഷിയാണ്. ദഅ്‌വത്ത് / ഇസ്‌ലാമിക പ്രബോധനം അവര്‍ക്ക് ലഹരി തന്നെയായിരുന്നു. അവരുടെ പരന്ന വായനയില്‍ ബൈബിളും ഹൈന്ദവ വേദങ്ങളുമൊക്കെ ഉള്‍പ്പെട്ടിരുന്നു. എന്നെ കൂട്ടുപിടിച്ച് ധാരാളം വീടുകള്‍ കയറി അവര്‍ക്ക് ഇസ്‌ലാമിക സന്ദേശം എത്തിക്കാന്‍ വല്ലാത്ത ഉത്സാഹമായിരുന്നു. നേരത്തെ അനുവാദം വാങ്ങി കൊച്ചിയിലെ പതിമൂന്ന് ചര്‍ച്ചുകളിലും എറണാകുളം, ആലപ്പുഴ ജില്ലകളിലെ അഞ്ച് ആശ്രമങ്ങളിലും പലതവണ സന്ദര്‍ശിച്ച് അച്ചന്‍മാരുമായും കന്യാസ്ത്രീകളുമായും സ്വാമിമാരുമായും വളരെ അടുത്ത സൗഹൃദബന്ധം സ്ഥാപിച്ചു. അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. അവര്‍ക്ക് ഖുര്‍ആന്‍ ഭാഷ്യവും ഖുര്‍ആന്‍ ലളിതസാരവും വായനക്ക് നല്‍കി. കൂട്ടിന് പോവുക എന്നതായിരുന്നു എന്റെ റോള്‍.
എറണാകുളം അയ്യപ്പന്‍കാവിലുള്ള ആശ്രമത്തില്‍ സംസാരിച്ചിരിക്കെ മഗ്‌രിബായപ്പോള്‍ പോകാനൊരുങ്ങിയ ഞങ്ങള്‍ക്ക് പായവിരിച്ച് ആശ്രമത്തിനകത്ത് തന്നെ നമസ്‌കാരത്തിന് സൗകര്യമൊരുക്കിയിരുന്നു. അവിടത്തെ സ്വാമിമാരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ജമാഅത്തായി നമസ്‌കരിച്ചു. അതുപോലെ പള്ളുരുത്തി സുറിയാനി പള്ളിയിലെ ഫാദര്‍ മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറി പോയശേഷവും ഫോണില്‍ വിളിച്ച് വീണ്ടും കാണണമെന്നാവശ്യപ്പെട്ടതും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അവര്‍ അക്യുപങ്ചര്‍ പഠിച്ച് വീട്ടില്‍ ചികിത്സ നടത്തിയ കാലയളവില്‍ വന്ന രോഗികളില്‍ 75 ശതമാനവും ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ചെല്ലാനത്ത്‌നിന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ചെറളായിയില്‍ നിന്നുമായിരുന്നു.
സാമ്പത്തിക പ്രയാസം കാരണം വിവാഹം നടക്കാത്ത പെണ്‍കുട്ടികളെ കുറിച്ചറിഞ്ഞാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ പരമാവധി പരിശ്രമിക്കും. ചെലവ് കുറഞ്ഞ ഒമ്പതോളം വിവാഹങ്ങള്‍ അവരുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. ഗള്‍ഫ് ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ധാരാളം പേര്‍ക്ക് ധനസഹായമെത്തിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഒരു മാസം മുമ്പാണ് വാട്‌സ് ആപ്പിലൂടെ കുടുംബ ഗ്രൂപ്പില്‍നിന്ന് ഒരു ലക്ഷത്തി പതിനയ്യായിരം രൂപ ശേഖരിച്ച് ഒരു സഹോദരിയുടെ വീട് നിര്‍മാണത്തിന് നല്‍കിയത്.
കുടുംബ വഴക്കുകള്‍ മധ്യസ്ഥം വഹിച്ച് പരിഹരിക്കുക, മരണ വീടുകളില്‍ അവരുടെ അയല്‍ക്കാരെ പ്രേരിപ്പിച്ച് ഭക്ഷണമെത്തിക്കുക, സ്വന്തം അയല്‍വാസികളായ സ്ത്രീകളെ വീട്ടില്‍ വരുത്തി ക്ലാസെടുക്കുക, അതിലൂടെ പ്രസ്ഥാനത്തെ പരിചയപ്പെടുത്തുക തുടങ്ങി വിവിധ നന്മകള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള സൗഭാഗ്യം എനിക്കുണ്ടായി.
ഞങ്ങള്‍ക്ക് രണ്ട് ആണ്‍മക്കളാണ്; റമീസും റയീസും.
ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ജി.ഐ.ഒ ഏരിയാ കണ്‍വീനര്‍, വനിതാ ജില്ലാ സമിതിയംഗം, ഏരിയാ ദഅ്‌വാ കണ്‍വീനര്‍, വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ ജില്ലാ കണ്‍വീനര്‍, മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ സല്‍മ വഹിച്ചിട്ടുണ്ട്.

പരേതയെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

March 1, 2022
സല്‍മ റഫീഖ്‌
by | 2 min read