വായന

വായന തുടങ്ങിയതും ആദ്യമായി വായിച്ചതും എഴുതാൻ പ്രേരിപ്പിച്ചതും ആദ്യമായി എഴുതിയതുമൊന്നുമല്ലാത്ത ഒരു ആഴ്ചപ്പതിപ്പ് - അതാണ് എന്നെ സംബന്ധിച്ച് പ്രബോധനം. കൗമാര പ്രായത്തിലെ കൗതുകങ്ങൾക്കൊപ്പം യാത്ര തുടങ്ങി യൗവനത്തിലെത്തി നിൽക്കുന്ന വായനയിൽ ഇടവേളകളുണ്ടായിട്ടുണ്ട്; പക്ഷേ അതിലേറെ തുടർച്ചകളാണ് ഓർമയിൽ. സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ വീക്ഷണങ്ങളിൽ തെളിച്ചം നൽകാൻ, അന്താരാഷ്ട്ര രാഷ്ട്രീയ സംഭവ വികാസങ്ങൾ നമ്മെ എത്രത്തോളം സ്വാധീനിക്കുമെന്ന് മനസ്സിലാക്കാൻ പ്രബോധനം വായന എന്നെ സഹായിച്ചിട്ടുണ്ട്.

കലുഷിതമായ സാമൂഹിക സാഹചര്യങ്ങളിലെ വെല്ലുവിളികളെ എങ്ങനെ നോക്കിക്കാണണമെന്ന്, എങ്ങനെ ഇടപെടലുകൾ നടത്തണമെന്ന് പഠിപ്പിക്കാൻ വെറും എഴുത്തുകൾകൊണ്ട് സാധ്യമായി എന്നത് അതിശയോക്തിയായി അനുഭവപ്പെടാമെങ്കിലും അതാണ് സത്യം. കാല്പനികത കലരാത്ത ഭാഷയിലൂടെ, ആശയ ചോർച്ചയില്ലാതെ, വിമർശനങ്ങൾക്ക് ഇടം നൽകിക്കൊണ്ട് ചിട്ടപ്പെടുത്തിയ ലേഖന സമാഹാരങ്ങൾ ഒരു വിഭാഗം മത സമൂഹത്തിനു മാത്രമായി രൂപകൽപ്പന ചെയ്യപ്പെട്ടതല്ല. ഇസ്ലാം മുസ്ലിമിനു മാത്രമുള്ളതല്ല; മുഴുവൻ ലോകത്തിനുമായുള്ളതാണെന്ന് സംശയരഹിതമായി മനസ്സിലാക്കാൻ സഹായകമാണീ വാരിക.

സി. റൈറ്റ് മിൽസ് സോഷ്യോളജിക്കൽ ഇമാജിനേഷനെ കുറിച്ചു പറഞ്ഞപോലെ, ജീവിതത്തിന്റെ വിവിധ കോണുകളിലെ ചെറുതും വലുതുമായ ചെയ്തികളെ/ സംഭവങ്ങളെ ഒരു വ്യക്തി എന്നതിനപ്പുറം, ഇസ്ലാം എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഇവിടെ പ്രധാനം. അപ്പോഴാണ് സാമൂഹിക സാഹചര്യങ്ങളെ / പ്രശ്നങ്ങളെ വ്യക്ത്യധിഷ്ഠിതമായല്ല, സാമൂഹികമായാണ് നോക്കിക്കാണേണ്ടതെന്നും അതിനുപയോഗിക്കുന്ന വീക്ഷണ രീതി എത്രത്തോളം ആ സാഹചര്യങ്ങളെ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും മെച്ചപ്പെടുത്താനും ഉപകരിക്കും എന്നും വ്യക്തമാവുക.

വായിക്കുക എന്ന് തുടങ്ങുന്ന മതഗ്രന്ഥത്തിന്, ലോകർക്ക് മുഴുവനായി വന്ന ദർശനത്തിന് എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഇടവും മനസ്സുമുണ്ടാകും എന്നും, അതേ ദർശനത്തിന് മനുഷ്യരിൽ പ്രതീക്ഷ നിറയ്ക്കാനാകുമെന്നും ചുരുക്കം. l