കത്ത്‌

'മധ്യപ്രദേശില്‍ ഒമ്പത് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കൗമാരക്കാരനായ സഹോദരനാണെന്ന് കണ്ടെത്തി. മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കണ്ടതാണ് 13 കാരനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പിതാവിനോട് പറയുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതോടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു' (സുപ്രഭാതം 28-7-2024).

കേരളത്തിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. സ്ത്രീ പീഡന കേസുകളില്‍ പ്രതികളായ 1092 പേരില്‍ 416 പേര്‍ 18 വയസ്സിന് താഴെയുള്ളവരാണ്. നാലു വയസ്സുകാരി ശ്രീജ എന്ന കൊച്ചു പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ശവം മരപ്പൊത്തില്‍ ഒളിപ്പിച്ച പരാക്രമം, 13 വയസ്സുകാരന്റേതായിരുന്നുവല്ലോ. പീഡിപ്പിക്കാനുള്ള ശ്രമം എതിര്‍ത്ത യു.കെ.ജി വിദ്യാര്‍ഥിയെ കുളത്തിലേക്ക് തള്ളിയിട്ടായിരുന്നു കൊലപ്പെടുത്തിയത്. കൊല്ലത്തുനിന്ന് അഞ്ചു വയസ്സുകാരിയും തൃശൂരില്‍നിന്ന് ഏഴു വയസ്സുകാരിയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗിക പീഡനത്തിനിടയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടതിന് പിന്നില്‍ കൗമാര പ്രായക്കാരായിരുന്നു പ്രതികള്‍.

12 വയസ്സ് മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി മൂന്നു വയസ്സുകാരിയായ അയലത്തെ പെണ്‍കുഞ്ഞുമായി പ്രകൃതി വിരുദ്ധം നടത്തിയ ഒരു കേസ് തനിക്ക് കൈകാര്യം ചെയ്യേണ്ടിവന്ന സംഭവം, ഐ.പി.എസ്സുകാരിയായ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥ തന്റെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഉദ്ധരിച്ചത് വായിച്ചതോര്‍ക്കുന്നു.
കൊച്ചു കുട്ടികളെ പോലും ലൈംഗിക കുറ്റവാളികളാക്കുന്ന സാമൂഹിക സാഹചര്യമാണ് ഇവിടെ നിലവിലുള്ളത്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളാണ് ഇതിലെ മുഖ്യ വില്ലന്‍. ഇന്റര്‍നെറ്റ് ദൃശ്യങ്ങളും ബ്ലൂ ഫിലിം കാഴ്ചകളും അവരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു. കുട്ടികള്‍ക്കിടയില്‍ നീല ചിത്രങ്ങളോടുള്ള അഭിനിവേശം വര്‍ധിച്ചുവരികയാണ്. ഇന്റര്‍നെറ്റ് വ്യാപകമായ നമ്മുടെ കാലത്ത് അതിലൂടെ ലഭ്യമാവുന്ന അശ്ലീല ചിത്രങ്ങളാണ് വലിയ അപകടകാരികള്‍. കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന് ശിക്ഷിക്കപ്പെട്ടവരില്‍ നടത്തിയ ഒരു പഠനത്തില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പിടിയിലായവരില്‍ 87 ശതമാനവും, പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടവരില്‍ 77 ശതമാനവും സ്ഥിരമായി നീല ചിത്രങ്ങള്‍ കാണാറുണ്ടെന്നാണ് കണ്ടെത്തിയത്.

ടെലിവിഷന്‍ കാണുന്ന കൗമാര പ്രായക്കാര്‍ ലൈംഗികാഭാസങ്ങള്‍ കാണിക്കുന്നുവെന്ന് അമേരിക്കയിലെ നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കുട്ടികള്‍ ഏറെ അനുകരണ ശീലക്കാരാണ്. അക്കാരണത്താല്‍ അശ്ലീല ചിത്രങ്ങളില്‍ തങ്ങള്‍ കാണുന്ന കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കാന്‍ അവര്‍ ശ്രമിച്ചേക്കാം. നീല ചിത്രങ്ങള്‍ കാണുന്ന കുട്ടികളില്‍ 66 ശതമാനം ആണ്‍ കുട്ടികളും 40 ശതമാനം പെണ്‍കുട്ടികളും തങ്ങള്‍ കണ്ട സീനുകള്‍ പരീക്ഷിച്ചുനോക്കാന്‍ താല്‍പര്യമുള്ളവരാണെന്ന് ഒരു സര്‍വേയില്‍ സമ്മതിക്കുകയുണ്ടായി. വളര്‍ച്ചയുടെ ഒരു സുപ്രധാന ഘട്ടത്തില്‍ കുട്ടികളുടെ മനസ്സില്‍ പതിയുന്ന ലൈംഗിക വൈകൃതങ്ങളുടെ ചിത്രങ്ങള്‍, വളര്‍ന്ന് വലുതായാലും അവരുടെ മനസ്സില്‍ നിന്നും മാഞ്ഞു പോവുകയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ടി.വി, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയവയുടെ ദുരുപയോഗത്തില്‍നിന്ന് നമ്മുടെ കുട്ടികളെ പിന്തിരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നത് മാത്രമാണ് കരണീയം.

കുട്ടികളുടെ മാനസികാവസ്ഥയും കൗമാരത്തിന്റെ സവിശേഷതകളും കണ്ടറിഞ്ഞ് കരുക്കള്‍ നീക്കാനുള്ള വിവേകം മുതിര്‍ന്നവര്‍ക്കുണ്ടാവണം. കുട്ടികളോട് ഗുണകാംക്ഷികളായ കൂട്ടുകാരെ പോലെ പെരുമാറാനാണ് പുതിയ കാലം നമ്മോടാവശ്യപ്പെടുന്നത്. ആഹ്ലാദകരമായ ഗൃഹാന്തരീക്ഷവും സ്‌നേഹ വാത്സല്യപൂര്‍ണമായ സമീപനവുമായിരിക്കണം വഴിതെറ്റുന്ന കുട്ടികള്‍ക്ക് വഴി കാട്ടേണ്ടത്.
റഹ്മാന്‍ മധുരക്കുഴി


''പ്രിയരേ, എന്റെ ഭര്‍ത്താവ് അറിയപ്പെടുന്ന എഴുത്തുകാരനും മത പ്രഭാഷകനുമാണ്. നാടിന്റെ പല ഭാഗത്തും അദ്ദേഹം ഉപദേശ പ്രഭാഷണങ്ങള്‍ നടത്തിവരുന്നു. എന്നാല്‍, സ്വന്തം മക്കള്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കാന്‍ അദ്ദേഹം തീരെ ശ്രമിക്കുന്നില്ല. മക്കള്‍ വഴിമാറി സഞ്ചരിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടും അദ്ദേഹത്തിന് അനക്കമില്ല. ഇക്കാര്യം അദ്ദേഹത്തെ പലവുരു ഉണര്‍ത്തിയിട്ടും ഒരു മാറ്റവുമില്ല. ദയവ് ചെയ്ത് അദ്ദേഹത്തെ വിളിച്ചുവരുത്തി കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിക്കൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.''
മലപ്പുറം ജില്ലയിലെ ഒരിടത്തെ മഹല്ല് പ്രസിഡന്റിന് ഒരു മുസ്്‌ലിം വനിത അയച്ചുകൊടുത്ത കത്തിലെ പ്രസക്ത ഭാഗമാണ് മുകളിലുദ്ധരിച്ചത്. മുസ്്‌ലിം സമുദായത്തിലെ ബോധമുള്ള പല പണ്ഡിതന്മാരും കുടുംബ സംസ്‌കരണമെന്ന പരമ പ്രധാന വിഷയത്തില്‍ അശ്രദ്ധ പുലര്‍ത്തുന്നവരാണ്. പൊതു കാര്യങ്ങളിലും പ്രബോധന പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാവുന്നതുകൊണ്ട് കുടുംബ കാര്യങ്ങളിലും പ്രിയപ്പെട്ട സ്വന്തം മക്കളുടെ ധാര്‍മിക ശിക്ഷണങ്ങളിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നാണ് അവരുടെ ന്യായീകരണം. 'നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നരകത്തില്‍നിന്ന് രക്ഷിക്കുക' എന്ന ഖുര്‍ആന്റെ ഉദ്‌ബോധനത്തെക്കുറിച്ച് ഇക്കൂട്ടര്‍ അശ്രദ്ധരാണ്. കുടുംബവും അയല്‍പക്കങ്ങളുമാണ് പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രഥമ പരിഗണന ആവശ്യപ്പെടുന്ന രംഗങ്ങളെന്ന യാഥാര്‍ഥ്യം ഇവിടെ വിസ്മരിക്കപ്പെടുകയാണ്. നാട് നന്നാക്കാന്‍ ഓടി നടക്കുന്ന തിരക്കില്‍ വീട്ടില്‍ മക്കളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോയാല്‍ പുതിയ കാലത്ത് നമ്മുടെ വിപരീത ദിശയിലേക്ക് - അധാര്‍മികതയിലേക്ക് അവര്‍ കൂപ്പ് കുത്തുമെന്ന തിക്ത യാഥാര്‍ഥ്യം വിസ്മരിക്കുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതുറക്കുമെന്നത് തിരിച്ചറിയാതെ പോവുകയാണ്.

റഹ്മാന്‍ മധുരക്കുഴി

തിരുത്ത്

ഇസാമുൽ അത്താറിനെ കുറിച്ച അനുസ്മരണ ലേഖനത്തിന്റെ രണ്ടാം ഭാഗത്തിൽ (വാരിക 81:02) ഹാഫിസുൽ അസദിന്റെ ഭാര്യ അസ്മ എന്ന് അച്ചടിച്ചു വന്നത് ബശ്ശാറുൽ അസദിന്റെ ഭാര്യ എന്ന് തിരുത്തി വായിക്കാൻ അപേക്ഷ. തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു.
വി.എ കബീർ

വ്യക്തമാക്കാമോ?

ഹദീസ് പംക്തിയിൽ (ലക്കം 3354) സ്വലാത്തുസ്സ്വുബ്ഹ്് ഫർദ് നമസ്കാരവും സ്വലാത്തുൽ ഫജ്റ് സ്വുബ്ഹിന് മുമ്പുള്ള സുന്നത്ത് നമസ്കാരവും ആണെന്ന് എഴുതിയിട്ടുള്ളത് എന്തടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കാമോ?
മജീദ് രണ്ടത്താണി

സ്വലാത്തുസ്സ്വുബ്ഹും സ്വലാത്തുൽ ഫജ്റും

ഞാനെഴുതിയ ഹദീസ് പംക്തിയിലെ ( ലക്കം 3354) രണ്ടു ഹദീസുകളും സ്വുബ്ഹിന്റെ സുന്നത്ത് നമസ്കാരത്തെപ്പറ്റിയാണ്.
ولو يعلمون ما في العتمة و الصبح لأتواهما ولو حبوا
'ഇശാ, സ്വുബ്ഹ് ജമാഅത്ത് നമസ്കാരങ്ങൾക്കുള്ള പ്രതിഫലം അവരറിഞ്ഞിരുന്നുവെങ്കിൽ അവർ മുട്ടിലിഴഞ്ഞെങ്കിലും അതിന് രണ്ടിനും ഹാജരാകുമായിരുന്നു'.
ഈ ഹദീസിൽ സ്വുബ്ഹിന്റെ ഫർദ് നമസ്കാരത്തെ സ്വുബ്ഹ് എന്നു പറഞ്ഞിരിക്കുന്നു. ഖുർആൻ അതിനെ ഫജ്ർ എന്നും പറഞ്ഞിട്ടുണ്ട്. "ഇന്ന ഖുർആനൽ ഫജ്്രി കാന മശ്ഹൂദാ" എന്ന സൂറഃ അൽ ഇസ്റാഇലെ ആയത്തിൽ ആ ഫർദ് നമസ്കാരത്തെ 'ഫജ്ർ' എന്നും വിശേഷിപ്പിച്ചിരിക്കുന്നു. ഇത് രണ്ടും ഫർദിനെപ്പറ്റിയാണെന്ന് വ്യക്തമാണല്ലോ.
ഞാൻ ആ ഹദീസിൽ വന്ന ആ രണ്ടു പ്രയോഗത്തെ അടിസ്ഥാനമാക്കിയാണ് എഴുതിയത്. അവിടെ സുന്നത്ത് നമസ്കാരത്തിന് 'ഫജ്ർ' എന്നുമാണ് പ്രയോഗിച്ചിരിക്കുന്നത്. കൂടാതെ "കുതിരപ്പട നിങ്ങളെ പിന്തുടർന്നാലും 'ഫജ്റി'ന്റെ രണ്ടു റക്അത്ത് നിങ്ങൾ ഉപേക്ഷിക്കരുത്." ഇമാം അഹ് മദും അബൂ ദാവൂദും ബൈഹഖിയും (റ) ഉദ്ധരിച്ച ഹദീസിലും ആ സുന്നത്ത് നമസ്കാരത്തെ ഫജ്ർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (സയ്യിദ് സാബിഖിന്റെ ഫിഖ്ഹുസ്സുന്നഃ, സ്വുബ്ഹിന്റെ സുന്നത്ത് എന്ന അധ്യായം നോക്കുക, പേജ് 147).
എന്നാൽ "ഇതു രണ്ടും ഫർദ് നമസ്കാരത്തെപ്പറ്റിയാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, സ്വലാത്തുൽ ഫജ്ർ സ്വുബ്ഹിനു മുമ്പുള്ള സുന്നത്ത് നമസ്കാരത്തിനാണ് പറയുക. സ്വലാത്തുസ്സ്വുബ്ഹ് ഫർദ് നമസ്കാരത്തിനും" എന്നെഴുതിയതാണ് തെറ്റിദ്ധാരണയുണ്ടാക്കിയത്. സ്വുബ്ഹിന്റെ ഫർദ് നമസ്കാരത്തിന് ഫജ്ർ എന്നും സ്വുബ്ഹ് എന്നും ഖുർആനിലും ഹദീസിലും പ്രയോഗിച്ചിട്ടുണ്ട്.
നൗഷാദ് ചേനപ്പാടി

പ്രസ്ഥാന മാര്‍ഗത്തില്‍ ആറ് ദശകം

അന്തമാനിലെ പി.കെ മുഹമ്മദലിയുടെ ജീവിതാനുഭവങ്ങള്‍ (ഏപ്രില്‍ 19, 26) വായിച്ചു. സ്വദേശത്തില്ലാത്തതിനാല്‍ വൈകിയാണ് വായിച്ചത്. വളരെ ഹൃദ്യമായ വായനാനുഭവമായിരുന്നു. ലാളിത്യം, ഹൃദ്യമായ പെരുമാറ്റം, സരസ പ്രകൃതം എന്നീ സവിശേഷ ഗുണങ്ങളുള്ള മുഹമ്മദലി സാഹിബില്‍നിന്ന് കിട്ടേണ്ടതെല്ലാം നമ്മള്‍ക്ക് കിട്ടിയിട്ടില്ലെന്ന തോന്നലാണ് അദ്ദേഹവുമായി ദീര്‍ഘമായി സംസാരിച്ചപ്പോഴൊക്കെ എനിക്കുണ്ടായത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയെയും അതിന്റെ ചരിത്രത്തെയും വളരെ വിശദമായി ഗ്രഹിച്ച വ്യക്തിയെന്ന നിലക്കും പ്രസ്ഥാന മാര്‍ഗത്തില്‍ ത്യാഗപൂര്‍വം ആറ് ദശകം സഞ്ചരിച്ച വ്യക്തിയെന്ന നിലക്കും മുഹമ്മദലി സാഹിബില്‍നിന്ന് ഇനിയും ടാപ്പ് ചെയ്യേണ്ടതുണ്ട്.

റൂദാദ് ജമാഅത്തെ ഇസ്്‌ലാമി (5 ഭാഗങ്ങള്‍) എന്ന പ്രസ്ഥാന ചരിത്രത്തിലെ വിലപ്പെട്ട രേഖ മലയാളത്തിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്തത് വളരെ നന്ദിപൂര്‍വം അടയാളപ്പെടുത്തേണ്ടതുണ്ട്. അര നൂറ്റാണ്ടു കാലത്തോളം കേരളത്തിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അത് കിട്ടിയിരുന്നില്ല. മുഹമ്മദലി സാഹിബാണ് അത് സാധിച്ചുതന്നത്. ഇന്ത്യയിലെയും പാകിസ്താനിലെയും ഉര്‍ദുവിലുള്ള ജമാഅത്ത് സാഹിത്യവുമായി വളരെ അടുത്ത ബന്ധമുള്ള മുഹമ്മദലി സാഹിബില്‍നിന്ന് ഇനിയും പലതും കിട്ടേണ്ടതുണ്ട്.

കാണ്‍പൂര്‍ സ്വദേശിയായ സ്വാമി ലക്ഷ്മി ശങ്കരാചാര്യ രചിച്ച രണ്ട് നല്ല കൃതികള്‍ (ഇസ്ലാം ഭീകരതയല്ല, ജീവിതകല ഖുര്‍ആനില്‍) ഹിന്ദിയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് അദ്ദേഹമാണ്. ഈ കൃതികള്‍ ധാരാളമായി വായിക്കപ്പെടേണ്ടതും പ്രചരിപ്പിക്കേണ്ടതുമാണ്. ഇസ്്‌ലാമിനെ പറ്റിയുള്ള തെറ്റിദ്ധാരണകളകറ്റാന്‍ ഏറെ സഹായകമായ പുസ്തകങ്ങളാണിവ. മിതഭാഷിയും സരസനുമായ മുഹമ്മദലി സാഹിബിനോട് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ ചോദിച്ചു: ''ഇത്രയായിട്ടും നിങ്ങളെന്താണ് അത്രയൊന്നും വളരാത്തത്..?'' ''നിങ്ങളിങ്ങനെ അടിക്കടി ഇവിടത്തെ സന്ദര്‍ശകരായാല്‍ ആളുകളെങ്ങനെ ഇങ്ങോട്ടടുക്കും…'' ഇതായിരുന്നു മുഹമ്മദലി സാഹിബിന്റെ മറുപടി. സര്‍ക്കാറുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരുമായും അദ്ദേഹം അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്.
പി.പി അബ്ദുര്‍റഹ്്മാന്‍ പെരിങ്ങാടി
9961130807

വൈജ്ഞാനിക കേരളം കീറാമുട്ടിയാകരുത്

നമ്മള്‍ സ്വായത്തമാക്കുന്ന വിജ്ഞാനം സമൂഹ നന്മക്കായി വിനിയോഗിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ കാതൽ. വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന പരിണതഫലങ്ങള്‍ പുതിയ വൈജ്ഞാനിക കേരളത്തെ സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് വളരെയേറെ പ്രസക്തിയുണ്ട്.

ഇത്തിരി പ്രകാശത്തില്‍നിന്ന് പ്രപഞ്ചത്തോളം ഉയരാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതും വിദ്യാഭ്യാസ മേഖല തന്നെയാണ്. അരിസ്റ്റോട്ടില്‍, കണ്‍ഫ്യൂഷസ്, ടാഗോര്‍, ഗാന്ധിജി, റസ്സല്‍, ഗ്രാംഷി തുട ങ്ങിയ പ്രതിഭാശാലികളുടെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ മാനവ സമൂഹത്തിന് ഗുണകരമായ വിധത്തിലുള്ള മാര്‍ഗ രേഖകള്‍ കാണിച്ചുതന്നിട്ടുണ്ട്.
സാമൂഹിക ഘടനയുടെ പുനര്‍ നിര്‍മിതിയിലൂടെ മാത്രമേ വിദ്യാഭ്യാസ രംഗത്തെ അപര്യാപ്തതകളും മൂല്യശോഷണവും പരിഹൃതമാവുകയുള്ളൂ. എങ്കിലും ചട്ടക്കൂടുകള്‍ക്കകത്ത് നിന്നുകൊണ്ടുതന്നെ വിദ്യാഭ്യാസ നിലവാരമുയര്‍ത്താന്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അറിവില്‍നിന്നും അറിവിലേക്കുള്ള മനുഷ്യന്റെ പ്രയാണം ഒരിക്കലും അവസാനിക്കുകയില്ല എന്ന തിരിച്ചറിവ് വിദ്യാഭ്യാസ പരിഷ്‌കരണത്തിന് എന്നും പ്രചോദനമാവണം.
ആചാരി തിരുവത്ര, ചാവക്കാട് 8281123655

മതംമാറ്റം ആരോപിച്ച് മധ്യപ്രദേശിലെ വിഭിഷ ജില്ലയിലുള്ള 'ഗഞ്ച്ബസോദ'യിലെ മിഷനറി സ്‌കൂളിന് നേരെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഏതാനും വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ ക്രിസ്തുമതത്തിലേക്ക് മതം മാറ്റിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയായിരുന്നു ആക്രമണം. രാജ്യത്താകെ മതപരിവര്‍ത്തനം നിരോധിക്കണമെന്ന മുറവിളി മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഉയര്‍ന്നുവന്നപ്പോള്‍, കേന്ദ്ര നിയമ മന്ത്രാലയം അത് നിരാകരിച്ചു. അത് സംസ്ഥാന സര്‍ക്കാറുകളുടെ അധികാര പരിധിയില്‍ പെട്ട കാര്യമാകയാല്‍ നിരോധനം സാധ്യമല്ലെന്ന് 1977-ല്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. പ്രലോഭനം വഴിയുള്ള മതപരിവര്‍ത്തനം തടയാന്‍ പ്രത്യേക നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ജസ്റ്റിസ് റോഹിംഗ് ടണ്‍ നരിമാന്‍ അടങ്ങിയ ബെഞ്ച് 2021 ഏപ്രിലില്‍ തള്ളിക്കളയുകയായിരുന്നു. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം എന്തിന് നിഷേധിക്കുന്നുവെന്ന് ചോദിച്ച് സുപ്രീം കോടതി ഭരണഘടനയുടെ 25-ാം അനുഛേദ പ്രകാരം, മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം പൗരനുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഒഡീഷ, മധ്യപ്രദേശ്, യു.പി, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം സര്‍ക്കാറുകള്‍ തടഞ്ഞിരിക്കുകയാണ്. പ്രീണനം, പ്രലോഭനം, പ്രേരണ വഴിയുള്ള മതപരിവര്‍ത്തനമാണ് തടയുന്നതെങ്കിലും സ്വമേധയാ മതപരിവര്‍ത്തനം നടത്തിയവരെ പോലും പിടികൂടി പലതും ആരോപിച്ച് പത്ത് കൊല്ലം വരെ തടവ് ശിക്ഷ നല്‍കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി സര്‍ക്കാറുകള്‍. ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് മതപരിവര്‍ത്തന ബില്ല് കര്‍ണാടകയിലും പാസ്സാക്കിയെടുക്കാന്‍ തകൃതിയായ നീക്കമാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മാണ സഭയില്‍ മതപ്രചാരണം തടയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജകുമാരി അമൃത കൗര്‍, മുഖര്‍ജി എന്നിവര്‍ വിശ്വാസ സ്വാതന്ത്ര്യത്തില്‍ മതപ്രചാരണ സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുത്തണമെന്ന് വാദിക്കുകയും അത് അംഗീകരിക്കപ്പെടുകയുമാണുണ്ടായത്. മതപരിവര്‍ത്തനം തടയാന്‍ '50-കളില്‍ തന്നെ ശ്രമമുണ്ടായി. കേന്ദ്രം നിയമിച്ച നിയോഗി കമ്മിറ്റി ചില നിയന്ത്രണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും ന്യൂനപക്ഷങ്ങളുടെ ശക്തിയായ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം പരാജയപ്പെടുകയായിരുന്നു. 1977-ല്‍ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും മതപരിവര്‍ത്തനത്തിനെതിരെ നീക്കമുണ്ടായി. ജനതാ പാര്‍ട്ടിയിലെ തന്നെ മതേതര വാദികള്‍ ബില്ലിനെതിരെ രംഗത്ത് വന്നതോടെയാണ് ആ നീക്കവും പരാജയപ്പെട്ടത്. ഭരണഘടനാ നിര്‍മാണ സഭയില്‍ മതപ്രചാരണ സ്വാതന്ത്ര്യത്തെക്കുറിച്ച ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് ഭരണഘടനാ ശില്‍പികളില്‍ പ്രമുഖനായ കെ.എം മുന്‍ഷി പറഞ്ഞു: ''മതം പ്രചരിപ്പിക്കുക എന്നത് ക്രിസ്ത്യാനികളുടെ മതപ്രമാണത്തിന്റെ മൗലികമായ ഭാഗമാണ്. ഭരണഘടനയില്‍ പോലും, പ്രസംഗ സ്വാതന്ത്ര്യമുപയോഗിച്ച് ഏത് മത വിഭാഗത്തിനും മറ്റുള്ളവരെ തങ്ങളുടെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടായിരിക്കും. മതം, മതമായിരിക്കുന്നേടത്തോളം കാലം സ്വതന്ത്രമായ മനഃസാക്ഷി പ്രേരണയനുസരിച്ചുള്ള മതംമാറ്റത്തെ അംഗീകരിക്കേണ്ടതുണ്ട്.''

പ്രമുഖര്‍ എന്തു പറയുന്നു?
''ശക്തമായ വേരുകളുള്ള ഏത് വിശ്വാസ പ്രചാരണവും വ്യാപിക്കണമെന്നതാണ് യുക്തി. അങ്ങനെ വ്യാപിക്കാനുള്ള അവകാശത്തില്‍ ഇടപെടുന്നത് അതിന്റെ കടക്ക് കത്തിവെക്കുന്നതിന് തുല്യമാണ്''-ഇതാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വീക്ഷണം.
മതം മാറ്റത്തെ ശക്തമായി ന്യായീകരിച്ചുകൊണ്ട് ശ്രീനാരായണ ഗുരു പറയുന്നതിങ്ങനെ: ''ഹിന്ദു മതം, ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളില്‍ അറിയപ്പെടുന്ന മതങ്ങളില്‍ ചേര്‍ന്നിരിക്കുന്നവരില്‍ ഒരാള്‍ക്ക്, ആ മതത്തില്‍ വിശ്വാസമില്ലെന്ന് വന്നാല്‍ അയാള്‍ ആ മതം മാറുകയാണ് വേണ്ടത്. വിശ്വാസമില്ലാത്ത മതത്തില്‍ ഇരിക്കുന്നത് ഭീരുത്വവും കപടതയുമാണ്'' (ശ്രീനാരായണഗുരു, സ്വന്തം വചനങ്ങളിലൂടെ, പേജ് 54). ''മതം മാറണമെന്ന് തോന്നിയാല്‍ ഉടനെ മാറണം. അതിന് സ്വാതന്ത്ര്യം വേണം. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയായിരിക്കും. അഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്. അതാണ് നമ്മുടെ അഭിപ്രായം'' (അതേ പുസ്തകം, പേജ് 68).
ഒരു മുസ്‌ലിമോ ക്രിസ്ത്യാനിയോ തന്റെ വിശ്വാസം മാത്രമാണ് ശരിയെന്നും മറ്റു വിശ്വാസങ്ങള്‍ തെറ്റാണെന്നും വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആ വിശ്വാസം നിലനിര്‍ത്താനുള്ള അവകാശമുണ്ടെന്നാണ് രാഷ്ട്രപിതാവ് ഗാന്ധിജിയുടെ അഭിപ്രായം. ''തന്റെ മതത്തിന്റെ സത്യസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തന്റെ മനസ്സാക്ഷി ഒരാളെ സ്വാഭാവികമായി പ്രേരിപ്പിക്കുമല്ലോ. അതിനാല്‍ തന്നെ അവരുടെ മതങ്ങളുടെ പ്രചാരണത്തിന് എതിര് നില്‍ക്കേണ്ടതില്ല. എന്നാല്‍ ഏതെങ്കിലും മതം ഉപേക്ഷിക്കാനും മറ്റേതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും നിര്‍ബന്ധിക്കരുതെന്ന് മാത്രം'' (എം.കെ ഗാന്ധി, 1949. കമ്യൂണല്‍ യൂനിറ്റി, നവജീവന്‍ പബ്ലിഷിംഗ് ഹൗസ്, അഹമ്മദാബാദ്, പേജ് 588, അതേ പുസ്തകം, പേജ് 56,112). 'സ്വന്തം സമുദായം ഒരാളോട് കൃതഘ്‌നത കാട്ടുമ്പോഴാണ് അയാള്‍ മതം മാറുന്നത്' എന്നാണ് സ്വാമി വിവേകാനന്ദന്‍ പറയുന്നത്.

മതം മാറ്റം എന്തുകൊണ്ട്?
വ്യക്തികള്‍ക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതവും ഭരണഘടനാപരവും ജനാധിപത്യാധിഷ്ഠിതവുമാണ്. മൗലികമായ മനുഷ്യാവകാശവുമാണ്. മാനം മര്യാദയോടെ ജീവിക്കുക എന്ന മൗലികാവകാശത്തിന് വേണ്ടിയായിരുന്നു ചരിത്രത്തില്‍ മതം മാറ്റം നടന്നത്. ഡോ. അംബേദ്കര്‍ ലക്ഷത്തോളം അനുയായികള്‍ക്കൊപ്പം ഹിന്ദുമതം ഉപേക്ഷിച്ചതിന്റെ പ്രേരകം മറ്റൊന്നായിരുന്നില്ല. 'ഇത്ര സുലഭവുമാശ്ചര്യവുമായി സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍-ബുദ്ധിയുള്ളോരങ്ങാ ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ് മേവുമോ  ജാതി മേലില്‍' എന്ന ആശാന്റെ വരികള്‍ ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സ്വാഭാവിക മതംമാറ്റങ്ങളെ നിര്‍ബന്ധ മതംമാറ്റമായി ചിത്രീകരിച്ച് കടുത്ത ശിക്ഷ കൊണ്ട് തടയിടാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാറുകളുടെ ചാലകശക്തിയായി വര്‍ത്തിക്കുന്ന സംഘ് പരിവാരങ്ങള്‍ പോലും മതംമാറ്റത്തിന്റെ പ്രേരകം അധഃസ്ഥിത വിഭാഗം അുഭവിക്കുന്ന യാതനകളാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതരാവുന്നതിന്റെ അനിഷേധ്യ ദൃഷ്ടാന്തമാണ് അവരുടെ  ഔദ്യോഗിക ജിഹ്വയുടെ ഈ മുഖ പ്രസംഗം: ''ഒരു പരിധിവരെ തമിഴ്‌നാട്ടില്‍ ഈയിടെയുണ്ടായ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന് കാരണം ജാതീയമായി താഴ്ന്ന വിഭാഗങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളാണെന്നത് ഒരു വസ്തുത മാത്രമാണ്'' (കേസരി, മുഖ പ്രസംഗം, 1982 ഫെബ്രുവരി 7).
സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞതല്ലേ അനിഷേധ്യ യാഥാര്‍ഥ്യം. ''ഹിന്ദുക്കളിലെ ഉയര്‍ന്ന ജാതിക്കാരില്‍നിന്ന് ഇന്നുവരെ തൊഴി മാത്രം ലഭിച്ചിട്ടുള്ളവര്‍, അവിടെ സ്‌നേഹത്തിനും പരിചരണത്തിനും ദാഹിച്ചു കഴിയുന്നു. അവരോട് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുക. ഹിന്ദു സഹോദരങ്ങളില്‍നിന്ന് തൊഴിയും, ക്രിസ്ത്യാനികളില്‍നിന്നും മുസ്‌ലിംകളില്‍നിന്നും സ്‌നേഹവും എന്നതാണ് ഹരിജനങ്ങളുടെ അനുഭവം'' (കേസരി, 1982 നവംബര്‍21). ചാതുര്‍വര്‍ണ്യ വ്യവസ്ഥ കെട്ടിയേല്‍പിച്ച അടിമത്തത്തിന്റെ കനത്ത ഭാരം ഇറക്കിവെക്കാനുള്ള അത്താണിയായി ഇന്ത്യയിലെ അധഃസ്ഥിത വിഭാഗം മതംമാറ്റത്തെ കണ്ടുവെങ്കില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ നിശ്ശബ്ദ വിപ്ലവം അതില്‍ അന്തര്‍ലീനമായിരുന്നു എന്നതല്ലേ യാഥാര്‍ഥ്യം? നൂറ്റാണ്ടുകളായി ചവിട്ടി മെതിക്കപ്പെടാനും തങ്ങളുടെ കാമപൂര്‍ത്തീകരണത്തിന് ഇരയാവാനും വിധിക്കപ്പെട്ട ഒരു ജനതതി മതംമാറ്റത്തിലൂടെ ആര്‍ജിച്ച സ്വാതന്ത്ര്യം, അകക്കണ്ണ് തുറന്നു കാണാന്‍ ബന്ധപ്പെട്ടവര്‍ സന്നദ്ധരായേ തീരൂ. ഒരുവേള ക്ഷേത്ര കവാടങ്ങള്‍ ആര്‍ക്ക് നേരെയാണോ കൊട്ടിയടക്കപ്പെട്ടത് ആ ജനവിഭാഗം പള്ളികളിലേക്കും ചര്‍ച്ചുകളിലേക്കും ധൈര്യസമേതം കയറിച്ചെല്ലുകയാണ്. വേദം  ഉച്ചരിക്കാന്‍ പോയിട്ട് കേള്‍ക്കുന്നവന്റെ ചെവിയില്‍ ഈയമുരുക്കി ഒഴിക്കണമെന്നാജ്ഞാപിച്ച വ്യവസ്ഥിതിയില്‍ നിസ്സഹായരായി സ്തംഭിച്ചുനിന്ന 'താഴ്ന്ന' ജാതിക്കാരന്‍ ഖുര്‍ആനോ ബൈബിളോ കൈയിലേന്തി മതപരമായ സ്വാതന്ത്ര്യം ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ അതിനെതിരെ വാളോങ്ങുന്നത് മൗഢ്യമല്ലേ?
മതംമാറ്റത്തിന്റെ അടിസ്ഥാന പ്രേരകം എന്തെന്ന് തിരിച്ചറിഞ്ഞ്, പ്രശ്‌നത്തിന് മൗലികമായ പരിഹാരം പ്രയോഗവത്കരിക്കാന്‍ മുന്നോട്ട് വരുന്നതാണ് വിവേകത്തിന്റെ മാര്‍ഗമെന്ന്  ഇക്കൂട്ടര്‍ തിരിച്ചറിയാതെ  പോവുകയാണ്. തങ്ങളെപ്പോലെ മജ്ജയും മാംസവും പ്രതീക്ഷയും സ്വപ്‌നങ്ങളുമുള്ള മനുഷ്യ മക്കളെ മനുഷ്യരായി അംഗീകരിച്ച്, അവരോട് മനുഷ്യത്വപരമായി പെരുമാറാന്‍ സന്നദ്ധമാവാത്ത കാലത്തോളം, അംഗീകാരവും സമത്വവും തേടിയുള്ള മനുഷ്യരുടെ കൂടു മാറ്റം തടയാന്‍ ഫാഷിസത്തിന്റെ ത്രിശൂല വാഹകര്‍ക്ക് സാധ്യമല്ലെന്ന് തിരിച്ചറിയുന്നതാവും ബുദ്ധി..