അഭിമുഖം

അഭിമുഖം-2

ഗസ്സക്ക് വേണ്ടി ശബ്ദിക്കുന്നത് അറബ് രാജ്യങ്ങളെക്കാൾ കൂടുതലായി ദക്ഷിണാഫ്രിക്കയാണ്, ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ്. എന്തുകൊണ്ടാണിത്?
ഞാൻ പറഞ്ഞല്ലോ, ഗസ്സ ഇപ്പോൾ അനുഭവിക്കുന്നതെന്തോ അതേ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് ഈ രാജ്യങ്ങളൊക്കെ. ഗസ്സയിലെ പോരാട്ടം അവരുടെ പോരാട്ടം തന്നെയാണ്. ഗസ്സ അവരെ പോരാട്ട വഴിയിലേക്ക് ഉണർത്തിക്കൊണ്ടുവന്നിരിക്കുന്നു. ഉദാഹരണത്തിന് ബ്രസീലിന്റെ കാര്യമെടുക്കാം. അവിടെ രണ്ട് ധാരകളുണ്ട്. ഒന്ന്, ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ്, ഇടതുപക്ഷ ധാര. എതിർപക്ഷത്തുള്ളത് രാജ്യത്തിന്റെ വിഭവങ്ങൾ കുത്തകയാക്കി വെച്ചിട്ടുള്ള വെള്ളക്കാരുടെ കോർപറേറ്റ് സ്ഥാപനങ്ങളാണ്. ബ്രസീലിലെ മുഖ്യധാരാ മീഡിയ അവരുടെ പിടിത്തത്തിലാണ്. ഗസ്സയിൽ ഇസ്രായേലിനൊപ്പം നിൽക്കുന്നവർ തന്നെയാണ് ബ്രസീലിലും മറുപക്ഷത്തുള്ളത് എന്നർഥം. മുൻ ബ്രസീലിയൻ പ്രസിഡന്റും തീവ്ര വലതുപക്ഷക്കാരനുമായിരുന്ന ബോൾസൊനാരോയുടെ ഭാര്യ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയത് ഇസ്രായേലിന്റെ പതാക മുദ്രണം ചെയ്ത ടീഷർട്ട് ധരിച്ചുകൊണ്ടായിരുന്നു. ബോൾസൊനാരോയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുടനീളം ഇസ്രായേലി പതാക പാറിക്കളിക്കുന്നതും നിങ്ങൾക്ക് യുട്യൂബ് നോക്കിയാൽ കാണാം. അതേസമയം എതിർ സ്ഥാനാർഥി ലുല ഡ സിൽവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് ഫലസ്ത്വീനി കഫിയ്യ കഴുത്തിൽ ചുറ്റിയാണ്. ഫലസ്ത്വീനിലും ബ്രസീലിലും നടക്കുന്നത് പാശ്ചാത്യ മൂലധന അധീശത്വത്തിനെതിരെയുള്ള ഒരേ പോരാട്ടമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതു കൊണ്ടാണിത്. ലാറ്റിനമേരിക്കയിലെ മറ്റു ഇടതുപക്ഷ ഭരണകൂടങ്ങളും ഗസ്സക്കൊപ്പം വീറോടെ നിൽക്കുന്നതും അതുകൊണ്ടാണ്.
ഇസ്രായേലിന്റേത് പോലെയുള്ള വംശീയ ഭരണകൂടത്തിന്റെ (അപ്പാർത്തീഡ്) ഭീകര താണ്ഡവം ഏറെ അനുഭവിച്ചവരാണ് ദക്ഷിണാഫ്രിക്കക്കാരും. നെൽസൺ മണ്ടേല നേതൃത്വം നൽകിയ ആ സമൂഹത്തിന്, നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്. ഇസ്രായേലിലേത് വംശീയ ഭരണകൂടമാണെന്ന് തങ്ങളുടെ അനുഭവങ്ങളിലൂടെ അവർക്കാണ് നന്നായി പറയാനാവുക. അവരത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. നോക്കൂ, കഴിഞ്ഞ ഒരു വർഷത്തിനകം പ്രമുഖ മനുഷ്യാവകാശ കൂട്ടായ്മകളായ ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷ്നലും ഇസ്രായേലിലെ തന്നെ ബെയ്ത്ത് സാലിമും (B'Tselem) അതു പോലുള്ള മറ്റു സ്ഥാപനങ്ങളും അന്താരാഷ്ട്രീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ വെച്ച് ഇസ്രായേൽ വംശീയ രാഷ്ട്രമാണെന്ന് സമർഥിച്ചിട്ടുണ്ട്. അപ്പോൾ അന്താരാഷ്ട്ര നിയമങ്ങൾ വെച്ചായിരിക്കണം ലോക രാഷ്ട്രങ്ങൾ ഇസ്രായേലിനോടുള്ള നിലപാട് രൂപപ്പെടുത്തേണ്ടത്. പക്ഷേ, അങ്ങനെയൊന്നുമല്ല സംഭവിക്കുന്നത്. പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്: ലോകത്ത് എല്ലായിടത്തും നടക്കുന്നത് ഒരേ പോരാട്ടമാണ്. ഒരു വശത്ത് അധികാരവും മൂലധനവും കൈയടക്കി വെച്ചിരിക്കുന്ന ശക്തികൾ. മറുവശത്ത് അതിനെ ചെറുക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന സംഘങ്ങൾ.

ഈ പോരാട്ടത്തിൽ സത്യം തുറന്നു പറയുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കാറുണ്ട്. താങ്കൾ അൽ ജസീറ ചാനലിന്റെ തലപ്പത്ത് ഉണ്ടായിരുന്നപ്പോഴാണ് അമേരിക്കയുടെ അഫ്ഗാൻ - ഇറാഖ് അധിനിവേശങ്ങളുണ്ടാകുന്നത്. അന്നത്തെ അനുഭവങ്ങൾ വെച്ച് എന്താണ് പറയാനുള്ളത് ?

ലുല ഡ സിൽവ ഫലസ്ത്വീനി കഫിയ്യ
തോളിലിട്ട് പ്രചാരണം നടത്തുന്നു

മുഖ്യധാരാ മാധ്യമങ്ങൾക്ക് അവയുടേതായ ഒരു പ്രവർത്തന രീതിയുണ്ട്. അത് അധികാരം കൈയാളുന്ന മൂലധന ശക്തികൾ രൂപപ്പെടുത്തിയതാണ്. അതിൽ നിന്ന് മാറി ഏതെങ്കിലും മാധ്യമം സ്വന്തമായി ആഖ്യാനമുണ്ടാക്കാൻ ശ്രമിച്ചാൽ പ്രശ്നമാകും. സാമ്പത്തിക മേഖലയിലും നിങ്ങൾക്കിത് കാണാനാവും. മൂലധന ശക്തികൾ ഇവിടെ ഒരു സിസ്റ്റം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതിൽനിന്ന് ഭിന്നമായ ഒരു രീതി സ്വീകരിക്കാൻ ശ്രമിച്ചാൽ അവരത് വെച്ചുപൊറുപ്പിക്കില്ല. ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടുപോന്ന ഈ ധാരയിൽനിന്ന് പുറത്തുകടക്കുകയായിരുന്നു അൽ ജസീറ. നേരത്തെ സൂചിപ്പിച്ച മുഖ്യധാരാ മാധ്യമപ്രവർത്തനം എന്നു പറയുന്നത്, പാശ്ചാത്യ ലിബറൽ ധാരണകളെയും ആശയങ്ങളെയും സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ്. ഭൂമിയുടെ ദക്ഷിണ മേഖലക്ക് അഥവാ ഗ്ലോബൽ സൗത്തിന് അവിടെ ഇടമില്ല. ദക്ഷിണ ഭാഗത്തുള്ള മീഡിയയും പാശ്ചാത്യ നിയന്ത്രണത്തിൽ തന്നെയാണല്ലോ. ഇറാഖ് യുദ്ധമൊക്കെ നടക്കുന്ന കാലത്ത് സോഷ്യൽ മീഡിയ ദുർബലവും പരിമിതവുമാണ്. അതിന്റെ പ്രയോജനം വലിയ തോതിൽ ലഭിച്ചുതുടങ്ങിയത് അറബ് വസന്ത പ്രക്ഷോഭ കാലത്താണ്. ഇന്ന് സോഷ്യൽ മീഡിയ വളരെയേറെ ശക്തിയാർജിച്ചിരിക്കുന്നു. മുഖ്യധാരാ മീഡിയാ ആഖ്യാനങ്ങളെ അത് ദുർബലപ്പെടുത്തുകയും നിർവീര്യമാക്കുകയും ചെയ്യുന്നു. നേരത്തെ മൂലധന ശക്തികൾ അൽ ജസീറ സംപ്രേഷണം തടസ്സപ്പെടുത്തിയതു പോലെ ഇന്ന് തടസ്സപ്പെടുത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഗസ്സയിലുള്ളവർ അവരുടെ മൊബൈൽ കാമറകളിൽ സംഭവങ്ങളൊക്കെ പിടിച്ചെടുക്കുന്നുണ്ട്. അവ സംപ്രേഷണം ചെയ്യാൻ നിരവധി പ്രാദേശിക ജനകീയ യൂട്യൂബ് ചാനലുകളുമുണ്ട്.

ഇറാഖ് യുദ്ധകാലത്തൊക്കെ അമേരിക്ക പല രീതിയിൽ അൽ ജസീറ സംപ്രേഷണത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. കാരണം, ഇറാഖിലെ ജനകീയ ചെറുത്തുനിൽപ്പിനെക്കുറിച്ച് സത്യസന്ധമായ വാർത്ത കൊടുത്തുകൊണ്ടിരുന്നത് അൽ ജസീറ മാത്രമായിരുന്നു. അൽ ജസീറ ഏതെങ്കിലും പക്ഷം ചേർന്നുകൊണ്ടല്ല റിപ്പോർട്ടുകൾ കൊടുത്തിരുന്നത്. വസ്തുനിഷ്ഠമായിട്ടായിരുന്നു. ഇന്നും അതിൽ മാറ്റമില്ല. ഫലസ്ത്വീനികളുടെ യാതനകൾ ലോകത്തിന് മുമ്പിൽ കൊണ്ടുവരുമ്പോൾ തന്നെ, ഇസ്രായേൽ സൈനിക വക്താവിന്റെ പത്രസമ്മേളനങ്ങളും മറ്റും അൽ ജസീറ പൂർണമായി കൊടുക്കുന്നുണ്ടല്ലോ. മാധ്യമ ധർമം നിർവഹിക്കുന്നതിൽ അത് വീഴ്ചവരുത്തുന്നില്ല. അമേരിക്കയിലെയോ ഇസ്രായേലിലെയോ മാധ്യമങ്ങൾ ഈ ധർമം നിർവഹിക്കുന്നില്ല. അവർ ഒരു പക്ഷം മാത്രം കേൾക്കുന്നു.
അൽ ജസീറയുടെ ഗസ്സയിലെ പ്രതിനിധി വാഇൽ ദഹ്ദൂഹിന്റെ മാധ്യമ പ്രതിബദ്ധത നോക്കൂ. അദ്ദേഹത്തിന്റെ മകനുൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടയുടനെ വാർത്ത റിപ്പോർട്ട് ചെയ്യാനായി അദ്ദേഹം കാമറക്ക് മുമ്പിൽ വരികയാണ്. മനുഷ്യനെന്ന നിലക്ക് അത്യന്തം വികാരവിക്ഷുബ്ധനായിരിക്കുന്ന ഈ ഘട്ടത്തിൽ സംയമനം പാലിക്കുക എന്നത് വളരെ പ്രയാസകരമാണ്. അപ്പോഴും എത്ര സമചിത്തതയോടെയാണ് അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നത്! ഈയൊരു മാധ്യമ സംസ്കാരമാണ് അൽ ജസീറ അതിന്റെ സന്തതികളെ പഠിപ്പിക്കുന്നത്. പ്രതിബദ്ധതയും പ്രഫഷനലിസവും ഇവിടെ ഒത്തുചേരുന്നു.

ഗസ്സയുടെ ഭാവി എങ്ങനെ രൂപപ്പെടുമെന്നാണ് താങ്കൾ കരുതുന്നത്?

ഇസ്രായേലിന് അതിന്റെ സൈനിക ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നെങ്കിൽ അവരുടെ സൈനികനടപടികൾ ഇത്രമാത്രം ബീഭത്സമാവുമായിരുന്നില്ല. ആശുപത്രികളും സ്കൂളുകളും അഭയാർഥി ക്യാമ്പുകളും തകർത്തു, ആയിരക്കണക്കിന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നു… ഇതേ അവർക്ക് 'നേട്ട'മായി പറയാനുള്ളൂ. ഇസ്രായേലിന്റെ പ്രതിഛായയെ വലിയ തോതിൽ കളങ്കപ്പെടുത്താനേ അത് ഉപകരിച്ചുള്ളൂ. ആ നിലക്ക് ഇസ്രായേലിനിത് കനത്ത പരാജയമാണ്. നിരപരാധികൾ ദിവസവും ഗസ്സയിൽ കൂട്ടക്കൊലക്കിരയാവുന്നു എന്നത് നമ്മെയെല്ലാം വല്ലാതെ മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്ട്രാറ്റജിക് വീക്ഷണകോണിലൂടെ നോക്കിക്കാണുമ്പോൾ, ഇസ്രായേൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ചെയ്തുവെച്ചിരിക്കുന്നത് എന്ന് വ്യക്തമാവും. ഇസ്രായേൽ സമചിത്തതയോടെ പെരുമാറും എന്നിനി അതിനെക്കുറിച്ച് ആരും വിചാരിക്കുമെന്ന് തോന്നുന്നില്ല. അത്രക്ക് ഭീകരമാണ് അതിന്റെ സൈനിക ഓപറേഷനുകൾ. സൈനിക ലക്ഷ്യങ്ങളൊന്നും നേടിയില്ല എന്നു പറഞ്ഞല്ലോ. ആശുപത്രികൾക്ക് മേൽ നിരന്തരം ബോംബിടുക… ആലോചിച്ചു നോക്കൂ, എന്തൊരു മാനക്കേടാണ്! ഈ ഇസ്രായേൽ സൈന്യം 1967-ലെ യുദ്ധത്തിൽ മൂന്ന് അറബ് രാഷ്ട്രങ്ങളെയാണ് എതിരിട്ടത്. ആറ് ദിവസത്തിനകം ഈ മൂന്ന് സൈന്യങ്ങളെയും ഇസ്രായേൽ പരാജയപ്പെടുത്തി. ഈ മൂന്ന് രാജ്യങ്ങളിൽനിന്നായി ഇസ്രായേൽ പിടിച്ചെടുത്ത ഭൂമിയുടെ വിസ്തീർണം അന്ന് ഇസ്രായേലിന് ഉണ്ടായിരുന്ന ഭൂമിയുടെ മൂന്ന് ഇരട്ടിയായിരുന്നു. അറുനൂറ് ഇസ്രായേലി പട്ടാളക്കാർക്ക് മാത്രമാണ് ജീവഹാനി സംഭവിച്ചത്. ഇന്ന് മുന്നൂറിൽപരം ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള, പതിനേഴ് വർഷമായി കടുത്ത ഉപരോധത്തിൽ കഴിയുന്ന ഒരു ചെറിയ ഭൂപ്രദേശത്തോടാണ് ഇസ്രായേൽ യുദ്ധം ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ ശാക്തിക ബലാബലത്തിൽ ഇസ്രായേലിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അമേരിക്കയും ഇസ്രായേലും യുദ്ധ ലക്ഷ്യങ്ങളെക്കുറിച്ച് മാത്രമല്ല, ഹമാസാനന്തര ഗസ്സയിലെ ഭരണ സംവിധാനത്തെപ്പറ്റി വരെ സംസാരിക്കുന്നുണ്ടെങ്കിലും ചെറുത്തുനിൽപ്പിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇതു വരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴും ചെറുത്തുനിൽപ്പ് സംഘങ്ങൾക്ക് ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിക്കാനാവുന്നുണ്ട്.

എനിക്ക് തോന്നുന്നത്, ഇസ്രായേൽ ഇതുവരെ പ്രഖ്യാപിച്ച ലക്ഷ്യങ്ങളിൽനിന്ന് ക്രമേണ താഴോട്ട് ഇറങ്ങി വന്ന് ചെറിയതെന്തെങ്കിലും നേടിയാൽ തന്നെ അവർ തൃപ്തരാവുമെന്നാണ്. വലിയ അബദ്ധം കാണിക്കുകയോ യുദ്ധത്തിന് അയൽപക്കങ്ങളിലേക്ക് അപ്രതീക്ഷിത വിപുലനം ഉണ്ടാവുകയോ ചെയ്താൽ ഇതിന് മാറ്റമുണ്ടാവും. ഉദാഹരണത്തിന്, തെക്കൻ ലബനാനിൽനിന്ന് വിക്ഷേപിക്കുന്ന റോക്കറ്റുകൾ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയാൽ യുദ്ധഗതി മാറും. ഏതായാലും ഇപ്പോൾ ഒരു പ്രവചനം അസാധ്യമാണ്.

ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ, 2011-ൽ ഉണ്ടായ അറബ് വസന്ത വിപ്ലവങ്ങളെക്കാൾ തീക്ഷ്ണമായ ജനകീയ പ്രക്ഷോഭങ്ങൾ അറബ് ലോകത്ത് സംഭവിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

അറബ് സമൂഹങ്ങൾ അകത്ത് സൂക്ഷിക്കുന്ന വിപ്ലവോർജം പുറത്ത് ചാടുമെന്നതിൽ എനിക്ക് സംശയമില്ല. അത് എങ്ങനെയായിരിക്കും എന്നു പറയാൻ കഴിയില്ല. 1948-ൽ നക്ബ സംഭവിച്ചതു മുതൽ അറബ് ലോകത്ത് ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. രാജഭരണങ്ങൾ പലതും കടപുഴകിയത് അങ്ങനെയാണ്. തൊള്ളായിരത്തി അറുപത്തിയേഴിന് ശേഷവും അത് ആവർത്തിച്ചു. പിന്നെ അൽ അഖ്സ്വാ ഇൻതിഫാദയുണ്ടായി. എന്തൊക്കെപ്പറഞ്ഞാലും പരാജയത്തിന് മുന്നിൽ അടങ്ങിയൊതുങ്ങുന്നവരല്ല അറബ് സമൂഹങ്ങൾ. പരാജയവുമായി ഒത്തുപോകാൻ അവർക്ക് കഴിയില്ല. അറബ് ലോകത്തെ ഭരണാധികാരികൾ ഇപ്പോൾ ഒരു കാര്യം ചെയ്യുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അവർ തങ്ങളുടെ സമൂഹങ്ങളുമായി സന്ധിചെയ്തു ഒത്തുതീർപ്പിലെത്തണം. ഫലസ്ത്വീൻ പ്രശ്നത്തോട്, സ്വന്തം ജനതയോട് തന്നെ അവർ സ്വീകരിച്ചുവരുന്ന നയങ്ങൾ പുനഃപരിശോധിക്കണം. കഴിഞ്ഞതൊക്കെ മറക്കാനും പൊറുക്കാനും അറബ് സമൂഹങ്ങൾ തയാറാണ്. സ്വന്തം സമൂഹങ്ങളുമായി അറബ് ഭരണാധികാരികൾ പുതിയ രാഷ്ടീയ - സാമൂഹിക സമവാക്യങ്ങൾ രൂപപ്പെടുത്തേണ്ട സന്ദർഭമാണിത്; അത് സംഭവിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ലെങ്കിലും.

ഓരോ യുദ്ധവും എന്താണ് ബാക്കി വെക്കുന്നത് എന്ന് ആലോചിക്കണം. ഒന്നാം ഇറാഖ് യുദ്ധത്തിന് ശേഷം അൽ ഖാഇദ പ്രത്യക്ഷപ്പെടുന്നു. രണ്ടാം ഇറാഖ് യുദ്ധത്തിന് ശേഷം ഐ.എസ് രംഗത്ത് വരുന്നു. പിന്നെ അറബ് വസന്ത പ്രക്ഷോഭങ്ങൾ. ഇതൊക്കെ പല രീതിയിലും, ക്രിയാത്മകമായും നിഷേധാത്മകമായും, അറബ് സമൂഹങ്ങളിൽനിന്ന് ഉൽഭൂതമാവുന്ന ഊർജ പ്രവാഹങ്ങളാണ്. ചിലപ്പോഴവ സമാധാനപരമാവും; ചിലപ്പോൾ ഹിംസാത്മകവും.

പലരും പറയാറുണ്ടല്ലോ, ഗസ്സക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ കൂടുതലും യൂറോപ്യൻ രാജ്യങ്ങളിലാണ്, അറബ് ലോകത്തല്ല എന്ന്. ഞാൻ അവരോട് പറയുന്നു, ഞങ്ങൾ അറബികൾ ഓർമകൾ സൂക്ഷിക്കുന്നവരാണ്. ആ ഓർമകൾ അവസരം കാത്തു നിൽക്കുകയാണ്. യഥാസമയം അത് അഗ്നിപർവതം പോലെ പൊട്ടും. അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടത് നിങ്ങൾ കണ്ടില്ലേ? ആരും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഭരണകൂടങ്ങളെ കടപുഴക്കിയ ആ പ്രക്ഷോഭമുണ്ടാകുന്നത്. സകല സുരക്ഷാ-രഹസ്യാന്വേഷണ വിഭാഗങ്ങളും അമ്പരന്ന് നിന്നു. അതെ, അറബ് സമൂഹം എല്ലാം ഓർമയിൽ പാത്തുവെക്കുകയാണ്. യഥാസമയം ആ ഊർജപ്രവാഹമുണ്ടാവും. അത് ഇസ് ലാമിക സമൂഹത്തിന് അതിന്റെ അന്തസ്സും ശക്തിയും തിരിച്ചുപിടിക്കാനുള്ള ഒരു ബൃഹദ് പദ്ധതിയായി മാറട്ടെ എന്ന് ഞാൻ ആശിക്കുകയാണ്.

അടുത്തൊരു ഘട്ടത്തിൽ ത്വൂഫാനുൽ അഖ്സ്വായിൽ പൊതുജന പങ്കാളിത്തം ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ?

രാഷ്ട്രീയമായും, മാധ്യമങ്ങളിലൂടെയും ജനം ഇപ്പോൾ തന്നെ ഈ ചെറുത്തുനിൽപ്പിന്റെ ഭാഗമാണല്ലോ. ഫലസ്ത്വീൻ പ്രശ്നം കുഴിച്ചുമൂടാൻ പലരും യവനികക്ക് പിറകിൽ കരുക്കൾ നീക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും ത്വൂഫാനുൽ അഖ്സ്വായോടെ സംഭവിച്ചത് എന്താണെന്ന് നോക്കൂ. ഫലസ്ത്വീൻ പ്രശ്നത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതിരുന്ന പുതിയ തലമുറ ആ വിഷയം ആഴത്തിൽ പഠിച്ചു. ഇന്ന് പഴയ തലമുറയെക്കാൾ അവബോധം ആ വിഷയത്തിൽ പുതിയ തലമുറക്കുണ്ട്. ആഴ്ചകളായി ലോകമെങ്ങും ഈ അനൗപചാരിക പഠന - അധ്യയന പ്രക്രിയ നടന്നുവരികയാണ്. അതായത്, മുമ്പെങ്ങുമില്ലാത്ത അവബോധമാണ് ഫലസ്ത്വീൻ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ബെൻഗുറിയോൺ പറഞ്ഞതായി ഒരു രാഷ്ട്രീയ നിരീക്ഷകൻ ഉദ്ധരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ബെൻഗുറിയോൺ പറഞ്ഞത് ഇതാണ്: 'ഫലസ്ത്വീനികൾ അവരുടെ ഓർമകൾ സൂക്ഷിക്കുന്നുണ്ടോ എന്നു നോക്കണം. അവരെക്കുറിച്ച് ഞാൻ ഭയപ്പെടുന്ന ഏക സംഗതി അതാണ്.' ഇന്ന് ഫലസ്ത്വീനികൾ മാത്രമല്ല, ലോകം മുഴുവൻ ആ ഓർമയിലേക്ക് വന്നിരിക്കുകയാണ്. ഫലസ്ത്വീനിലെ ഓരോ നഗരവും തെരുവും, തൊള്ളായിരത്തി നാൽപ്പത്തെട്ടും തൊള്ളായിരത്തി അറുപത്തേഴുമെല്ലാം ഇന്ന് ഫലസ്ത്വീനികളല്ലാത്തവർക്കും നന്നായിട്ടറിയാം. ഇത് അസാധാരണ നേട്ടമാണ്.

ഇനി എന്താണ് ചെയ്യേണ്ടത് ?

ഈ അവബോധത്തെ കർമ പരിപാടിയായി ആവിഷ്കരിക്കുക. ഫലസ്ത്വീനികളല്ലാത്ത യുവാക്കളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. യുവ സമൂഹം സഹായിക്കാൻ സൻമനസ്സുള്ളവരാണ്. ഇന്നത്തെ യുവശക്തിയാണ് നാളെ ലോകത്തെ നിയന്ത്രിക്കുന്ന ശക്തി. ഇന്നത്തെ യുവാക്കളാണ് നാളത്തെ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, കമ്പനി മേധാവികൾ ….. അവരെ ഒപ്പം കൂട്ടാനാകണം. അതിനാലാണ് നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒരു ആഗോള പ്രസ്ഥാനം ആരംഭിക്കേണ്ട സമയമാണിതെന്ന് ഞാൻ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. സംഘടനകൾ, സ്ഥാപനങ്ങൾ, സാഹിത്യകാരൻമാർ, സാംസ്കാരിക പ്രവർത്തകർ, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന വിമോചനപ്പോരാളികൾ - ഇങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും അതിൽ പങ്കാളികളാണ്. എല്ലാവർക്കും ഒറ്റ ലക്ഷ്യം, ഒറ്റ താൽപര്യം: രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിലെല്ലാം പിടിമുറുക്കിയിരിക്കുന്ന പാശ്ചാത്യ അധീശത്വത്തിന് അന്ത്യം കുറിക്കുക. l
(അവസാനിച്ചു)

January 1, 2024
ഗസ്സയുടെ ഭാവി
by | 2 min read

എന്തുകൊണ്ടാണ് ഗസ്സ സർവരാലും ഉപേക്ഷിക്കപ്പെട്ടത്? മുസ് ലിം ഉമ്മത്തിന്റെ ബലഹീനതയും നിസ്സഹായതയും ഏതളവിലാണ് ഗസ്സക്കാരെ ബാധിച്ചത്?

വദ്ദാഹ് ഖൻഫർ

ഗസ്സക്ക് നഷ്ടമുണ്ടായി എന്ന് ഞാൻ കരുതുന്നില്ല. ഗസ്സ എന്ന ഈ കൊച്ചു ദേശത്തിന് മുഴു ലോകത്തെയും ഉണർത്താൻ കഴിഞ്ഞു എന്നത് അവർക്ക് ലഭിച്ച വലിയ അംഗീകാരവും ശ്രേഷ്ഠതയുമാണ്. അറബ്, മുസ് ലിം ലോകത്ത് മാത്രമല്ലല്ലോ ഗസ്സക്കാർ സ്വീകാര്യത നേടുന്നത്. മിക്ക ലോക രാഷ്ട്രങ്ങളെയും ഒപ്പം നിർത്താൻ അവർക്ക് കഴിഞ്ഞു. വളരെ ഉയർന്ന അളവിൽ മൂല്യബോധവും അതിന് അനുഗുണമായ ശേഷികളും ആർജിച്ച സമൂഹത്തിനേ അത് സാധ്യമാവൂ. ആ ഒരു തലത്തിലേക്ക് ഉയരാൻ കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. ഗസ്സ അതിന്റെ ബലിയർപ്പണംകൊണ്ട്, ഉറച്ചുനിൽപ്പുകൊണ്ട്, നിശ്ചയദാർഢ്യംകൊണ്ട്, അത് ഉയർത്തിപ്പിടിക്കുന്ന വിഷയത്തിന്റെ നൈതികതകൊണ്ട്, അത് പ്രതിരോധിച്ച് നിർത്തുന്ന ഭൂമിയുടെ പവിത്രതകൊണ്ട് ലോക സമൂഹത്തെ തട്ടിയുണർത്തുകയാണ് ചെയ്തത്. ലോകത്ത് ഇന്ന് പലയിടങ്ങളിലും സംഘർഷങ്ങൾ, ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. പക്ഷേ, അവയുടെയൊന്നും സ്വാധീനം ഭൂമിശാസ്ത്രപരമായ ഒരു പരിധിക്കപ്പുറം പോകുന്നില്ല. മറ്റേതൊരു പ്രശ്നത്തെക്കാളും ഗസ്സക്ക് ലോക ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു എന്നത് തർക്കമറ്റ സംഗതിയാണ്.
ത്വൂഫാനുൽ അഖ്സ്വാ ഉണ്ടാക്കാൻ പോകുന്ന സ്വാധീനവും പ്രത്യാഘാതങ്ങളും നാം കണക്ക് കൂട്ടുന്നതിനും പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും. ഇതിനെയാണ് ബറക (പുണ്യം) എന്ന് പറയുന്നത്. കണക്ക് കൂട്ടലുകൾക്കതീതമായി വരുന്ന സദ്ഫലങ്ങളാണ് ബറക.

താങ്കൾ പലപ്പോഴായി പറയുന്ന ഒരു കാര്യമാണ്, ലോകം വിധി നിർണായകമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു എന്ന്. ഭാവി ലോകത്തെ തന്നെ മാറ്റിയെഴുതാൻ കരുത്തുള്ള ഒരു സംഭവമായി താങ്കൾ ത്വൂഫാനുൽ അഖ്സ്വായെ കാണുന്നുണ്ടോ?

ഇന്നത്തെ ലോക ഘടന പരിശോധിക്കുക. കിഴക്കും പടിഞ്ഞാറുമായി അത് വേർപിരിഞ്ഞ് കിടക്കുകയാണ്. അവ തമ്മിൽ വലിയ അന്തരമുണ്ട്. ശാക്തിക ബലാബലത്തിലൊക്കെ ഭീമമായ വ്യത്യാസമുണ്ട്. ശാക്തിക ചേരികളെ അമ്പരപ്പിച്ചാണ് ത്വൂഫാനുൽ അഖ്സ്വാ സംഭവിക്കുന്നത്. അതാരും പ്രതീക്ഷിച്ചതായിരുന്നില്ല. ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ മറ്റൊരു ദിശയിലേക്ക് പ്രയാണം തുടങ്ങിക്കഴിഞ്ഞ ലോകത്തിന്റെ ആ പ്രയാണ ഗതിക്ക് ആക്കം കൂട്ടാൻ ത്വൂഫാനുൽ അഖ്സ്വാക്ക് കഴിഞ്ഞിട്ടുണ്ട്. കൊറോണ പകർച്ചവ്യാധി ഈ ദിശയിലേക്കുള്ള പ്രയാണ വേഗത കൂട്ടിയ വിധിനിർണായകമായ ഒരു സംഭവമായിരുന്നു. നിലനിന്നിരുന്ന സാമ്പത്തിക ബലാബലത്തെ അത് തകിടം മറിച്ചു. ഗ്ലോബലൈസേഷന്റെ പല ആധാരങ്ങളെയും അത് തകർത്തുകളഞ്ഞു. റഷ്യ - യുക്രെയ്ൻ യുദ്ധം ഇതു പോലെ വിധി നിർണായകമാണ്. റഷ്യക്ക് മുമ്പിൽ അമേരിക്കൻ - യൂറോപ്യൻ ശക്തികൾ പതറുകയാണ്. മൂന്ന് നൂറ്റാണ്ടുകളായി ലിബറൽ ആശയങ്ങളുമായി, അതിന്റെതായ ജനാധിപത്യ-മനുഷ്യാവകാശ - നീതി വാദങ്ങളുമായി ലോകത്ത് ആധിപത്യം സ്ഥാപിച്ച പാശ്ചാത്യ ചേരിയുടെ മുഖംമൂടികളത്രയും ചീന്തിയെറിയുകയാണ് ത്വൂഫാനുൽ അഖ്സ്വാ ചെയ്തത്. പാശ്ചാത്യ ലിബറലിസം എന്ന അടിത്തറയിൽ തന്നെയാണ് ത്വൂഫാനുൽ അഖ്സ്വാ വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. ഗസ്സ കൂട്ടക്കൊലയോടെ പാശ്ചാത്യർ കെട്ടിപ്പൊക്കിയതൊക്കെയും തകർന്നുവീണു.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്ന്, പാശ്ചാത്യ അധിനിവേശ ശക്തികൾ ആഫ്രിക്കയിൽ ദശലക്ഷക്കണക്കിനാളുകളെ കൊന്നുകൊണ്ടിരുന്നപ്പോൾ, പാശ്ചാത്യ ദേശങ്ങളിലെ തത്ത്വചിന്തകരും സാംസ്കാരിക നായകൻമാരും നവോത്ഥാന - ജ്ഞാനോദയ മൂല്യങ്ങളുടെ പോരിശ പാടിക്കൊണ്ടിരിക്കുകയായിരുന്നു എന്നതാണ്. അതിന് കാരണമുണ്ട്. ഭൂഗോളത്തിന്റെ വടക്ക് സംഭവിക്കുന്നതിനെയും തെക്ക് സംഭവിക്കുന്നതിനെയും അവർ രണ്ടായിട്ടാണ് കണ്ടത്. വടക്ക് തങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ നീതി, സമത്വം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ ഇതെല്ലാം വേണം. ഭൂഗോളത്തിന്റെ തെക്കു ഭാഗത്ത് എന്ത് സംഭവിച്ചാലും അവർക്ക് പ്രശ്നമില്ല. ബെൽജിയൻ അധിനിവേശകർ കോംഗോയിൽ പത്ത് ദശലക്ഷമാളുകളെയാണ് കൂട്ടക്കൊല ചെയ്തത്. വടക്കാനാഫ്രിക്കയിൽ ഫ്രഞ്ച് അധിനിവേശകരും ദശലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി. നമീബിയയിൽ ജർമൻകാരും ചെയ്തത് ഇതു തന്നെയാണ്. മിക്കയിടങ്ങളിലും ഇതു പോലുള്ള പാശ്ചാത്യ അധിനിവേശങ്ങളുണ്ടായിട്ടുണ്ട്. ചോദ്യമിതാണ് - ഈ ഇരട്ടത്താപ്പുമായി ഇവർക്ക് എങ്ങനെ മുന്നോട്ടു പോകാനായി? കാരണം, തെക്കിന് ശബ്ദമില്ലായിരുന്നു. ലോകത്തെ അഭിസംബോധന ചെയ്യാനുള്ള ശേഷി ഇല്ലായിരുന്നു.

ഗസ്സയിലെ കുട്ടികൾ

ആ അധിനിവേശത്തിന്റെ ആവർത്തനമാണ് ഗസ്സയിലും കണ്ടത്. യൂറോപ്യരല്ലാത്ത സമൂഹങ്ങളെ പൂർണമായി നശിപ്പിക്കുക എന്നതായിരുന്നു അധിനിവേശകരുടെ രീതി. ആസ്ത്രേലിയയിൽ തദ്ദേശവാസികളെ നശിപ്പിച്ചുകൊണ്ടാണ് പാശ്ചാത്യർ അവരുടെ രാഷ്ട്രം ഉണ്ടാക്കിയത്. അമേരിക്കയിൽ രാഷ്ട്രമുണ്ടാക്കിയതും അവിടത്തെ ആദിമ നിവാസികളെ ഉന്മൂലനം ചെയ്തുകൊണ്ട്. കാനഡയിലും ലാറ്റിനമേരിക്കയിലും ഇതു തന്നെയാണ് സംഭവിച്ചത്. നിരവധി രാഷ്ട്രങ്ങൾക്ക് പറയാനുള്ളതും ഇതേ കഥയാണ്. സ്വാതന്ത്ര്യം, മനുഷ്യാവകാശം, ജനാധിപത്യം പോലുള്ളവയെ മറയാക്കി ഇവർ തങ്ങളുടെ മുഖം രക്ഷിച്ചു പോരുകയാണ് ചെയ്തത്. ചിലർ അക്കാലത്ത് നടന്ന കൂട്ടക്കൊലകളിൽ ഖേദം പ്രകടിപ്പിച്ച് ആ അധ്യായം തന്നെ അടച്ചു. ഗസ്സയിലെ കൂട്ടക്കൊലയോട് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമനിയുമൊക്കെ സ്വീകരിക്കുന്ന നിലപാട്, അവർ തങ്ങളുടെ അധിനിവേശക്കാലത്ത് നടത്തിയ കൂട്ടക്കൊലകളുമായി ബന്ധിപ്പിച്ചേ മനസ്സിലാക്കാൻ പറ്റൂ. ഈ ഇരട്ട മുഖമാണ് ഗസ്സ തുറന്നുകാട്ടിയത്. തകർന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ സംസ്കൃതിയുടെ തകർച്ച വേഗത്തിലാക്കും ഗസ്സയിലെ സംഭവങ്ങൾ. നവോത്ഥാന മൂല്യങ്ങളെക്കുറിച്ച പുനഃപരിശോധനയിലേക്ക് അത് ലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാത്ത മൂല്യവ്യവസ്ഥയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. പാശ്ചാത്യ ദേശങ്ങളിലുള്ളവർ വരെ, ഇതാണോ നമ്മൾ അഭിമാനം കൊണ്ടിരുന്ന മൂല്യങ്ങൾ എന്ന് ചോദിച്ചുതുടങ്ങിയിരിക്കുന്നു. അപൂർവം സംഭവങ്ങൾക്കേ അധീശത്വം പുലർത്തുന്ന ആഖ്യാനങ്ങളെ ചോദ്യം ചെയ്യാനാവൂ. ഒട്ടും പ്രതീക്ഷിക്കാ തെയാണ് അത്തരം സംഭവങ്ങളുണ്ടാവുക. അതിലൊന്നായി ഞാൻ ഗസ്സൻ ചെറുത്തുനിൽപ്പിനെയും ത്വൂഫാനുൽ അഖ്സ്വായെയും കാണുന്നു. ലോകത്ത് രണ്ട് മാസം മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത് എന്ന് ഞാൻ പറയാൻ കാരണം അതാണ്.

ത്വൂഫാനുൽ അഖ്സ്വക്കെതിരായ പാശ്ചാത്യ രാഷ്ട്രങ്ങളുടെയും ഇസ്രായേലിന്റെയും പ്രതികരണങ്ങൾ സ്ട്രാറ്റജിക്കലായി വലിയ തിരിച്ചടിയല്ലേ?

നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുതയുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945 - മുതൽ രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും സാങ്കേതികമായുമൊക്കെ പാശ്ചാത്യരുടെ കുത്തകാധിപത്യമാണ് നിലനിന്നുപോരുന്നത്. ജനം കഴിക്കുന്നതും കുടിക്കുന്നതും ധരിക്കുന്നതും ശ്വസിക്കുന്നതും വരെ ആ സംസ്കാരമാണ്. ഇതിനെ തടുക്കാൻ സോവ്യറ്റ് യൂനിയന് വരെ സാധിക്കുകയുണ്ടായില്ല. ഒക്ടോബർ ഏഴിന് മുമ്പ് പാശ്ചാത്യ ലോകം മുഖ്യമായും മൂന്ന് അജണ്ടകളെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഒന്ന് സ്വവർഗരതിയെക്കുറിച്ചായിരുന്നു. രണ്ട്, പരിസ്ഥിതി മാറ്റങ്ങളെക്കുറിച്ച്. മൂന്നാമത്തെ ചർച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും. പാശ്ചാത്യേതര രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഏഷ്യൻ - ആഫ്രിക്കൻ രാജ്യങ്ങളിൽ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോൾ അതവരുടെ അജണ്ട ആകാത്തത് എന്തുകൊണ്ടാണ്? അമേരിക്കയിൽ വരെ നീതി നിഷേധത്തിനെതിരെ ബ്ലാക് ലൈവ്സ് മാറ്റർ, ഒക്യുപൈ വാൾ സ്ട്രീറ്റ് പ്രക്ഷോഭങ്ങളുണ്ടാകുന്നു. അതിനർഥം മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചല്ല പാശ്ചാത്യ ലിബറലിസം സംസാരിക്കുന്നത് എന്നാണ്. അത് കേവലം ഉപരിപ്ലവതകളിൽ അഭിരമിക്കുകയാണ്. ധാർമികമായ ആഴം അതിന് തീരെയില്ല. ഇനി അവരുടെ ഭരണാധികാരികളെ നോക്കൂ. ജോ ബൈഡനെക്കാൾ ദുർബലനായ ഭരണാധികാരി അമേരിക്കയിൽ ഉണ്ടായിട്ടുണ്ടാവില്ല. ബ്രിട്ടനിൽ ഋഷി സുനകിനെക്കാളോ ജർമനിയിൽ ഒലഫ് ഷോൾസിനെക്കാളോ ഫ്രാൻസിൽ ഇമ്മാനുവൽ മാക്രോണിനെക്കാളോ ദുർബലനായ ഭരണാധികാരി ഉണ്ടായിരിക്കാനിടയില്ല. ഇസ്രായേലിൽ നെതന്യാഹു എത്ര ദുർബലനാണെന്ന് നോക്കൂ. ഒട്ടും രാഷ്ട്രീയ അവബോധമില്ലാതെ, കോപാവേശിതരായാണ് ഇവരുടെ നീക്കങ്ങളും സംസാരങ്ങളും. അവരുടെ ഉള്ളിൽ ഒളിപ്പിച്ചുവെച്ച വെറുപ്പും വിദ്വേഷവുമൊക്കെ പുറത്ത് ചാടുന്നു. ഇസ്രായേലിനെക്കുറിച്ച് എന്തൊക്കെയാണ് പ്രചരിപ്പിച്ചിരുന്നത്! ഏകാധിപത്യങ്ങൾ തിമിർത്താടുന്ന സമുദ്ര മധ്യത്തിൽ ഒരു ജനാധിപത്യ തുരുത്ത്. ധാർമിക - നൈതിക ബോധമുള്ളതാണ് അതിന്റെ സൈന്യം, സാങ്കേതിക മേഖലയിൽ അമ്പരപ്പിക്കുന്ന നേട്ടങ്ങൾ അത് കൈവരിച്ചിട്ടുണ്ട് …. പെട്ടെന്നതാ ഇസ്രായേലിന്റെ സകല സംവിധാനങ്ങളും ഈ പ്രചരിപ്പിക്കപ്പെട്ടതിന് നേർ വിരുദ്ധമായി പൈശാചിക രൂപം കൈക്കൊള്ളുന്നു. ഫലസ്ത്വീനികൾ മനുഷ്യ മൃഗങ്ങളാണെന്ന് അട്ടഹസിക്കുന്നു. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നു. ഇസ്രായേലിലുള്ള പകുതിയിലധികം പേരും പറയുന്നത് ഗസ്സയിലെ സൈനിക ഇടപെടൽ പോരാ, പോരാ എന്നാണ്. എന്തു മാത്രം വംശീയ വിദ്വേഷമാണ് ഇവരൊക്കെ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് നോക്കൂ. ഈ പൈശാചികത പാശ്ചാത്യ സംസ്കൃതിയിൽനിന്ന് അവർക്ക് അനന്തരമായി കിട്ടിയതാണ്.
നെതന്യാഹുവും മാക്രോണുമൊക്കെ പറയുന്നത് കേട്ടില്ലേ - ഐ.എസിനെപ്പോലെയാണ് ഹമാസ് എന്ന്. മൗസ്വിലിലും റഖയിലുമൊക്കെ സംഭവിച്ചതു പോലെ സമ്പൂർണ നശീകരണം വേണമെന്ന്. അമാലിക്കുകളെ വംശഹത്യ നടത്തണമെന്ന വേദ പരാമർശങ്ങളൊക്കെ നെതന്യാഹു ഉദ്ധരിക്കുന്നത് ഈ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. ഇങ്ങനെയൊക്കെ നിയന്ത്രണം വിട്ട് പെരുമാറുന്ന (ലോകം മുഴുക്കെ അത് ലൈവായി കണ്ടുകൊണ്ടിരിക്കുന്നു) ഭരണാധികാരിക്ക് എങ്ങനെയാണ് ഇനിമേൽ ധാർമികത അവകാശപ്പെടാനാവുക?

കുറ്റവിചാരണ നേരിടുന്ന നെതന്യാഹു അതിൽനിന്ന് ഒഴിവാകാനാണ് യുദ്ധം നീട്ടിക്കൊണ്ടു പോകുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഊരിച്ചാടാൻ കഴിയാത്ത വിധം അമേരിക്കയെ ഈ യുദ്ധത്തിലേക്ക് കൊണ്ടുചാടിക്കുകയായിരുന്നു നെതന്യാഹു എന്നും പറയുന്നുണ്ട്. ഇത് റഷ്യയും ചൈനയും എങ്ങനെയൊക്കെ ആയിരിക്കും മുതലെടുക്കുക ?

ചൈനയും റഷ്യയും പ്രാർഥിക്കുന്നുണ്ടെങ്കിൽ അത്, അമേരിക്കയെ ഏതെങ്കിലും യുദ്ധത്തിൽ കൊണ്ടുപോയി കുരുക്കണേ എന്നായിരിക്കും. ഈ രണ്ട് രാഷ്ട്രങ്ങളും സ്ട്രാറ്റജിക്കലായി ഉണ്ടാക്കിയ മികച്ച നേട്ടങ്ങളെല്ലാം അമേരിക്ക യുദ്ധത്തിൽ തലയിട്ടപ്പോൾ കൈവന്നതാണ്. 2001-ന് ശേഷം അമേരിക്ക കുറേ കാലം അഫ്ഗാനിസ്താനിലെ ഗുഹകളിൽ യുദ്ധം ചെയ്തു. പിന്നെ കുറേ കാലം ഇറാഖിലെ മരുഭൂമിയിലായിരുന്നു യുദ്ധം. കൃത്യമായ സ്ട്രാറ്റജിക് ലക്ഷ്യങ്ങളൊന്നും തന്നെ ഈ യുദ്ധങ്ങൾക്ക് ഉണ്ടായിരുന്നില്ല. ചിലരെ ശത്രുക്കളായി കണ്ട് അവരെ വകവരുത്തുകയാണുണ്ടായത്. സദ്ദാം ഹുസൈൻ അവരിൽ ഒരാളായിരുന്നു. എന്തെങ്കിലും നേടിയോ എന്ന് ചോദിച്ചാൽ ഒന്നും നേടിയില്ല എന്നാണ് ഉത്തരം. അമേരിക്ക തകർത്ത താലിബാൻ ഭരണകൂടം ഇരുപത് വർഷത്തിന് ശേഷം അഫ്ഗാനിസ്താനിൽ അധികാരത്തിൽ തിരിച്ചെത്തി. ഒരു നേട്ടവും അമേരിക്കക്ക് നേടിക്കൊടുക്കാത്ത ലക്ഷ്യ രഹിത യുദ്ധങ്ങളായിരുന്നു ഇതൊക്കെ.

റഷ്യയും ചൈനയും ഈ കാര്യങ്ങൾ സൂക്ഷ്മമായി പിന്തുടരുന്നുണ്ടായിരുന്നു. 2008-ൽ ചൈന സന്ദർശിച്ചപ്പോൾ ഇത് എനിക്ക് തന്നെ അനുഭവപ്പെട്ടിട്ടുള്ളതാണ്. ഒരു ചൈനീസ് നയതന്ത്രജ്ഞൻ ഞങ്ങളോട് പറഞ്ഞു: ഞങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നവർ എന്ന നിലക്ക് ഞങ്ങൾക്ക് അറബികളോട് വലിയ കടപ്പാടുണ്ട്. നിങ്ങളുടെ താൽപര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കുകയോ, അതെങ്ങനെ? ഞങ്ങൾ ചോദിച്ചു. നിങ്ങളല്ലേ അമേരിക്കയെ പല പല യുദ്ധ മുഖങ്ങളിൽ കുരുക്കിയിടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം! റഷ്യയും ചൈനയും ഫലസ്ത്വീനികൾക്കും ഹമാസിനുമൊപ്പം നിൽക്കുന്നുണ്ടെങ്കിൽ അതവരോടുള്ള സ്നേഹംകൊണ്ടൊന്നുമല്ല. അവരുടെ നീക്കങ്ങൾ തങ്ങളുടെ താൽപര്യ സംരക്ഷണത്തിന് പ്രയോജനപ്പെടും എന്നതുകൊണ്ടാണ്.

താങ്കൾ ശ്രദ്ധേയനായ ഒരു മാധ്യമപ്രവർത്തകൻ കൂടിയാണ്. ത്വൂഫാനുൽ അഖ്സ്വയെക്കുറിച്ച് പാശ്ചാത്യ മുഖ്യധാരാ മീഡിയ ഉണ്ടാക്കാൻ ശ്രമിച്ച ആഖ്യാനങ്ങളെപ്പറ്റി എന്തു പറയുന്നു?

ഇറാഖിലും അഫ്ഗാനിസ്താനിലും യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്നപ്പോൾ പാശ്ചാത്യ മീഡിയ അതെങ്ങനെ റിപ്പോർട്ട് ചെയ്തു എന്ന് ഞാൻ സൂക്ഷ്മമായി പിന്തുടർന്നിട്ടുണ്ട്. ഇരട്ടത്താപ്പും കാപട്യവും കാരണം വസ്തുനിഷ്ഠത ആ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നില്ല. പാശ്ചാത്യ മീഡിയയെക്കുറിച്ച് ചില വസ്തുതകൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. പാശ്ചാത്യ നാടുകളിലെ മീഡിയ അവിടത്തെ ഭരണാധികാരികളെയും നേതാക്കളെയും വിമർശിക്കും. അവരുടെ ആഭ്യന്തര നയങ്ങളെ ഇഴകീറി പരിശോധിക്കും. എന്നാൽ, പാശ്ചാത്യേതരമായ നാടുകളുടെ കാര്യം വരുമ്പോൾ ഈ മീഡിയ പൂർണമായി അതത് പാശ്ചാത്യ രാഷ്ട്രങ്ങളുടെ വിദേശ നയങ്ങൾക്കൊപ്പമാണ്. ഔദ്യോഗിക വിദേശ നയമെന്തോ അതിനെ ന്യായീകരിക്കുക, പിന്തുണക്കുക എന്നതു മാത്രമേ പാശ്ചാത്യ മീഡിയക്ക് ചെയ്യാനുള്ളൂ. 'മൂട്താങ്ങി പത്രപ്രവർത്തനം' (embedded journalism) എന്ന സംജ്ഞ പോലും ഉണ്ടായത് അങ്ങനെയാണ്. ഇറാഖിലും അഫ്ഗാനിസ്താനിലും പാശ്ചാത്യ രാഷ്ട്രങ്ങൾ രൂപം നൽകിയ സഖ്യങ്ങളാണ് യുദ്ധം നയിച്ചത്. സഖ്യസേനയുടെ ഔദ്യോഗിക പ്രസ്താവനകൾ റിപ്പോർട്ടാക്കി അവതരിപ്പിക്കുക എന്നതിലപ്പുറം പാശ്ചാത്യ മീഡിയ ഒന്നും ചെയ്തിട്ടില്ല. ആ രാഷ്ട്രങ്ങളുടെ വിദേശ നയം പാശ്ചാത്യേതര നാടുകളിൽ പരാജയപ്പെടുമ്പോൾ മാത്രം ആ മീഡിയ ഈ പരാജയത്തെക്കുറിച്ച് എന്തെങ്കിലും പറഞ്ഞെങ്കിലായി.

നമീബിയയിലെ അധിനിവേശം- പെയിന്റിംഗ്

ഗസ്സയിലേക്ക് വരാം. മുൻ യുദ്ധങ്ങളെ അപേക്ഷിച്ച് ഈ യുദ്ധത്തിൽ പാശ്ചാത്യ മീഡിയ ഉണ്ടാക്കിക്കൊണ്ടിരുന്ന ആഖ്യാനങ്ങൾ വളരെ വിപുലവും ആസൂത്രിതവുമായിരുന്നു. നോക്കൂ, അവർ കള്ളങ്ങൾ നിരന്തരം ആവർത്തിക്കുകയായിരുന്നു. പാശ്ചാത്യ ഭരണ കേന്ദ്രങ്ങളുടെ, മൂലധന ശക്തികളുടെ താൽപര്യങ്ങളാണ് ആ മീഡിയ സംരക്ഷിച്ചുകൊണ്ടിരുന്നത്. മീഡിയയെ ഉടമപ്പെടുത്തി നിയന്ത്രിക്കുന്നതും ബഹുരാഷ്ട്ര കുത്തകകൾ ആണല്ലോ. ജനങ്ങൾക്ക് മുമ്പിൽ പാശ്ചാത്യ മീഡിയയുടെ വിശ്വാസ്യത തകർന്നു തരിപ്പണമാവാൻ ഇത് കാരണമായി. ഗസ്സയിലുള്ളവർ സംഭവങ്ങൾ തങ്ങളുടെ മൊബൈൽ കാമറകളിൽ പകർത്തുന്നുണ്ടായിരുന്നു. അൽ ജസീറ ചാനലും സത്യസന്ധമായി വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. ഇതൊന്നുമായിരുന്നില്ല ബി.ബി.സിയിലും സി.എൻ. എന്നിലും വന്നുകൊണ്ടിരുന്നത്. സത്യസന്ധമായി വാർത്തകൾ എത്തിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിച്ച പങ്കും പ്രത്യേകം പരാമർശിക്കണം. മീഡിയ നിയന്ത്രിക്കുന്നവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റുകൾ തുറന്നുകാട്ടി.

ഗസ്സയിൽ അതിക്രമത്തിന് വന്ന ശക്തികളുടെ അടിച്ചമർത്തലുകളും നീതി നിഷേധവും അനുഭവിക്കേണ്ടി വന്ന നിരവധി രാഷ്ട്രങ്ങളും ജനസമൂഹങ്ങളും ലോകത്തുണ്ട്. അവരെല്ലാം ഗസ്സക്ക് ഐക്യദാർഢ്യവുമായി രംഗത്ത് വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ പരിണാമം. ലോകത്തിലെ ഏതാനും ശതകോടീശ്വരൻമാരാണ് ഭരണത്തെയും ലോക സമ്പദ്ഘടനയെയും നിയന്ത്രിക്കുന്നത്. മീഡിയാ സ്ഥാപനങ്ങളും അവരുടെ കൈയിൽ തന്നെ. എല്ലാം കൈയടക്കിവെച്ച ഈ ശക്തികളെ ഗസ്സയിലെ പോരാളികൾ ഒറ്റക്ക് നേരിടാൻ കാണിച്ച ചങ്കൂറ്റം മർദിത വിഭാഗങ്ങളിൽ വലിയ ഉണർവും ആവേശവുമുണ്ടാക്കി. ഗസ്സയോടുള്ള ഐക്യദാർഢ്യത്തിൽ ഇടതു പക്ഷങ്ങളെയും മുൻ നിരയിൽ കാണാൻ കഴിയുന്നത്, പൊതു ശത്രു ഒന്നാണെന്ന തിരിച്ചറിവ് അവർക്ക് ഉള്ളതുകൊണ്ടാണ്. മൂന്ന് നൂറ്റാണ്ടായി ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കൻ നാടുകളിലും പാശ്ചാത്യർ തുടർന്നുകൊണ്ടിരിക്കുന്ന അധിനിവേശങ്ങളുടെയും കൂട്ടക്കൊലകളുടെയും തുടർച്ചയാണ് ഗസ്സയിലേതെന്ന് മർദിത ജനവിഭാഗങ്ങൾ മനസ്സിലാക്കുന്നു. ഇത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ആഗോള മുന്നേറ്റത്തിന്റെ തുടക്കമായി അവർ കാണുന്നു. മുൻകാല പീഡന സ്മൃതികൾ ഗസ്സ അവരുടെ മനസ്സിലേക്ക് കൊണ്ടുവന്നിരിക്കുന്നു. l
(തുടരും)