അഭിമുഖം

ഫലസ്ത്വീനിലെ 'മഹാ ഇന്‍തിഫാദ' അതിന്റെ ഭൂമിശാസ്ത്ര -രാഷ്ട്രീയ അതിരുകള്‍ ഭേദിച്ച് ഒരു ആഗോള പ്രതിഭാസമായി വളര്‍ന്നിരിക്കുകയാണെന്ന് കൊളംബിയ യൂനിവേഴ്‌സിറ്റി ഇസ്ലാമിക പഠന വിഭാഗം അധ്യാപകനായ പ്രഫ. വാഇല്‍ ഹല്ലാഖ് നിരീക്ഷിക്കുന്നു. ഇന്‍തിഫാദ ഇസ്രയേലിനെതിരെയുള്ള ഒരു പ്രാദേശിക ചെറുത്തുനില്‍പ്പല്ല; അതൊരു ആഗോള ചെറുത്തുനിൽപ്പ് പ്രസ്ഥാനമായി ശക്തിപ്പെട്ടിരിക്കുന്നു. വാഇല്‍ ഹല്ലാഖുമായി അല്‍ ജസീറ ഡോട്ട് നെറ്റ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

  • ഫലസ്ത്വീന്‍ പ്രശ്‌നം ഒരു സുപ്രധാന വഴിത്തിരിവിലെത്തിയെന്ന് പലരും വിശ്വസിക്കുന്നു. ഇസ്രയേലി അധിനിവേശകര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട നിരവധി വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ അതിന് തെളിവാണെന്നും അവര്‍ കരുതുന്നു. ഇത് ശരിയാണോ?

താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ്, 2023 ഒക്ടോബര്‍ ഏഴിന് ശേഷമുള്ള സംഭവ വികാസങ്ങളെ സൂചിപ്പിക്കാന്‍ ഞാന്‍ പുതിയൊരു പ്രയോഗം രൂപകല്‍പന ചെയ്യുകയാണ്. 'മഹാ ഇന്‍തിഫാദ' എന്നാണ് ആ പ്രയോഗം. ഇത് ഒരു മുദ്രാവാക്യമോ പ്രാസംഗികമായി പറയുന്നതോ അല്ല. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഒരു ചിന്തയെയും അതിന്റെ പ്രയോഗവത്കരണത്തെയും കുറിക്കുന്ന പ്രയോഗമാണത്.
'മഹാ ഇന്‍തിഫാദ' ഫലസ്ത്വീനിയന്‍ മാത്രമല്ല; അത് ഇസ്രയേലിനെതിരെ മാത്രവുമല്ല. അതിന്റെ കേന്ദ്രം ഗസ്സ ആയിരിക്കാമെങ്കിലും, അതിന്റെ ആഘാത തരംഗങ്ങള്‍ ലോകമൊട്ടുക്കുമാണ്. ആധുനിക ലോക ചരിത്രത്തില്‍ സവിശേഷമായ നിരവധി മുദ്രകള്‍ പതിപ്പിക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാമതായി, നന്നെ ചെറിയതും ദുര്‍ബലവുമായ ഗസ്സ മുനമ്പ്, ഇസ്രയേൽ എത്രമാത്രം ദുർബലവും ശിഥിലവുമാണെന്ന് കാണിച്ചുതന്നു. ഇസ്രയേലുമായി അതിന്റെ അയല്‍ രാജ്യങ്ങള്‍ പലപ്പോഴും കൊമ്പ് കോര്‍ത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇസ്രയേലിന്റെ ദുര്‍ബലത ഇത്രമാത്രം തുറന്നുകാട്ടപ്പെട്ടിരുന്നില്ല. അമേരിക്ക നിരന്തരം സഹായിക്കുകയും സംരക്ഷണമൊരുക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍, ഇസ്രയേലിനെ എളുപ്പത്തില്‍ തോല്‍പിക്കാനാവുമായിരുന്നുവെന്ന് ഗസ്സ തെളിയിച്ചു. ഇസ്രയേലിനെക്കുറിച്ച 'അജയ്യ ശക്തി' എന്ന മിത്താണ് അതോടെ തകര്‍ന്നു വീണത്. 1973-ലും 2006-ലും ഇസ്രയേലിന്റെ അജയ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ഇത്രത്തോളം ശക്തമായിരുന്നില്ല. ഒക്ടോബര്‍ ഏഴ് സംഭവത്തിനു ശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും മധ്യധരണ്യാഴിയില്‍ അമേരിക്കന്‍ കപ്പലുകള്‍ നങ്കൂരമിട്ടു നില്‍ക്കുന്നതും, അമേരിക്ക തുടര്‍ച്ചയായി ബോംബുകളും മറ്റു ആയുധങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നതും അതിന്റെ വ്യക്തമായ തെളിവാണ്. അമേരിക്കയുടെ കനത്ത പിന്‍ബലമില്ലാതെ ഇസ്രയേലിന് യുദ്ധം തുടരാനോ അവസാനിപ്പിക്കാനോ കഴിയാത്ത സ്ഥിതിയാണ്.
രണ്ടാമതായി, മഹാ ഇന്‍തിഫാദ ഇരുപക്ഷത്തും കനത്ത ആള്‍ നാശത്തിന് കാരണമായി; നഷ്ടത്തിന്റെ കണക്കില്‍ ഇരുപക്ഷവും തമ്മില്‍ ഭീമമായ അന്തരം ഉണ്ടെങ്കിലും. ഇസ്രയേലിന് ഇത്രയേറെ പേരെ നഷ്ടമായ മറ്റൊരു സൈനിക നീക്കം അവരുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഫലസ്ത്വീനില്‍ ഒറ്റ യുദ്ധത്തില്‍ ഇത്രയധികം രക്തസാക്ഷികളുണ്ടാകുന്നതും ഇതാദ്യം. മൂന്നാമതായി, മിഡില്‍ ഈസ്റ്റിലെ മറ്റൊരു സംഘര്‍ഷത്തിലും ഇത്രയധികം കക്ഷികള്‍ നേരില്‍ പങ്കാളികളായിട്ടില്ല. ഹമാസ്, ഇസ്രയേല്‍, അമേരിക്ക, ലബനാന്‍, യമന്‍, ഇറാന്‍, സിറിയ, ഇറാഖ്, പിന്നെ ചില യൂറോപ്യന്‍ രാജ്യങ്ങളും നേരില്‍ ഇടപെട്ടവരാണ്. താരതമ്യേന ഇസ്രയേലുമായി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ നയന്ത്ര ബന്ധം വിഛേദിച്ചിട്ടുള്ളതും ഈ സന്ദര്‍ഭത്തിലാണ്. ബൊളീവിയ, ചിലി, കൊളംബിയ, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഹോണ്ടുറാസ്, തുര്‍ക്കിയ, ഛാഢ്, ബെലിസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് നയതന്ത്ര ബന്ധം വിഛേദിച്ചത്. വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തിച്ച് ഇസ്രയേലിനെതിരെയുള്ള നയതന്ത്ര നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുമുണ്ട് ദക്ഷിണാഫ്രിക്ക. ഏറ്റവുമൊടുവിലായി, ഇതൊരു 'മഹാ ഇന്‍തിഫാദ'യാകുന്നത് ലോകത്തുടനീളം അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ പിന്തുണകൊണ്ടാണ്. 1948-ല്‍ ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനങ്ങള്‍ രൂപവത്കരിക്കപ്പെട്ട ശേഷം ഇതുപോലൊരു ആഗോള പിന്തുണ മുമ്പൊന്നും അതിന് ലഭിച്ചിട്ടില്ല.

ഈ നാലാമത്തെ തലമാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. ജനങ്ങളുടെ രാഷ്ട്രീയാഭിമുഖ്യത്തില്‍ വന്ന കേവല മാറ്റമായി നമുക്കതിനെ കാണാന്‍ കഴിയില്ല. ഫലസ്ത്വീനികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരില്‍ കണ്ട്, അവരിലുണ്ടായ ജ്ഞാനശാസ്ത്രപരവും അവബോധപരവുമായ മാറ്റമായാണ് ഞാനതിനെ കാണുന്നത്. അതായത്, പില്‍ക്കാല ആധുനികത (Late Modernity)യിലെ ഘടനാപരമായ പ്രശ്‌നങ്ങളെയാണ് അത് തുറന്നുകാണിക്കുന്നത്. അമേരിക്കന്‍ തെരുവിലെ പ്രക്ഷോഭകര്‍ 'നമ്മളെല്ലാം ഫലസ്ത്വീന്‍' എന്ന് വിളിച്ചുപറയുമ്പോള്‍, അതിനെ വെറും രാഷ്ട്രീയ മുദ്രാവാക്യമായി നാം വ്യാഖ്യാനിക്കരുത്. ജ്ഞാനശാസ്ത്രപരമായി വലിയ അര്‍ഥധ്വനികള്‍ അതിനുണ്ട്. ഇനി നിങ്ങളുടെ ചോദ്യത്തിന് ഒറ്റവാക്കില്‍ മറുപടി പറയാം. അതേ, കഴിഞ്ഞ ഏഴ് മാസങ്ങളില്‍ ലോക മനസ്സാക്ഷിയില്‍ വളരെ സുപ്രധാനമായ വഴിത്തിരിവ് തന്നെയാണ് ഉണ്ടായിട്ടുള്ളത്; പില്‍ക്കാല ആധുനികതയിലെ ജ്ഞാനശാസ്ത്രത്തില്‍ തന്നെയാണ് ആ മാറ്റം.

'ജ്ഞാനശാസ്ത്രപരമായ മാറ്റം' എന്ന് പറഞ്ഞല്ലോ. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്? രാഷ്ട്രീയമെന്നതിലുപരി അത് ജ്ഞാനശാസ്ത്രപരമാവുന്നത് എങ്ങനെയാണ്?
അവബോധം തന്നെയാണ് അറിവ്. അത് മൂല്യനിര്‍ണയത്തിന് വിധേയമായിക്കൊണ്ടിരിക്കും. ചിലപ്പോള്‍ അവബോധം ഉപരിപ്ലവമായിരിക്കും, ചിലപ്പോള്‍ അഗാധ സ്പര്‍ശിയായിരിക്കും. ഉദാഹരണത്തിന്, ഒരു രാഷ്ട്രം/സമൂഹം മറ്റൊരു രാഷ്ട്രത്തെയോ സമൂഹത്തെയോ കടന്നാക്രമിക്കുന്നു. അല്ലെങ്കില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷത്തെ അടിച്ചൊതുക്കുന്നു. ഇതിനെ സംബന്ധിച്ചൊക്കെ പലപ്പോഴും ഉണ്ടാവുക ഉപരിപ്ലവമായ അവബോധമായിരിക്കും. അതില്‍ ഒരുപാട് വൈരുധ്യങ്ങള്‍ ഉള്ളടങ്ങിയിരിക്കും. ഉദാഹരണത്തിന്, ഒരു വെള്ള അമേരിക്കക്കാരന്‍ ഇസ്രയേലില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല നിയമങ്ങളെയും എതിര്‍ക്കുന്നു. അവയൊക്കെ ഫലസ്ത്വീനികളോട് കടുത്ത വംശീയ വിവേചനം കാണിക്കുന്നവയാണ്. എന്നാലും ഈ വെള്ളക്കാരന്‍ കടുത്ത ഇസ്രയേല്‍ അനുകൂലിയായിരിക്കും. ഇതൊക്കെ കേവലം രാഷ്ട്രീയ അവബോധമോ ചിന്താഗതിയോ ഒക്കെയായി മാത്രമേ കാണാന്‍ പറ്റൂ. ഈ വൈരുധ്യങ്ങളെ പൊറുപ്പിക്കാന്‍ ആ രാഷ്ട്രീയ അവബോധത്തിന് കഴിയുന്നുണ്ട്. ഞാന്‍ എപ്പോഴും ഉണര്‍ത്താറുള്ള ഒരു കാര്യമുണ്ട്. ഇത്തരം രാഷ്ട്രീയ വിശകലനങ്ങള്‍ ഉപരിപ്ലവമാണെന്ന് മാത്രമല്ല, ആഴാര്‍ഥങ്ങളിലേക്ക് അതൊരിക്കലും കടക്കുകയുമില്ല.
അവബോധം ആഴമുള്ളതാവുന്നത് ജ്ഞാനശാസ്ത്ര തലം കൂടി അതില്‍ ഉള്‍ച്ചേരുമ്പോഴാണ്. രാഷ്ട്രീയ പ്രതിഭാസങ്ങളെയും മറ്റും അവയുടെ ഉത്ഭവ സ്ഥാനത്ത് പോയി അന്വേഷിച്ചുകൊണ്ടാണ് അതിന് തുടക്കം കുറിക്കേണ്ടത്. നാം പറഞ്ഞ ആ വെള്ള അമേരിക്കക്കാരന് വിഷയത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കില്‍, ഇസ്രയേലില്‍ നടപ്പുള്ള അമ്പതിലധികം വര്‍ണവെറിയന്‍ നിയമങ്ങളെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ അയാള്‍ സ്വയം ചോദിക്കേണ്ടതുമുണ്ട്. എന്തിനാണ് ഇസ്രയേല്‍ സൃഷ്ടിക്കപ്പെട്ടത്? ജനാധിപത്യ രാഷ്ട്രമെന്ന് അവകാശപ്പെടുന്ന ഇസ്രയേല്‍ എന്തുകൊണ്ടാണ് സ്വന്തം പൗരന്മാരോട് വിവേചനം കാണിക്കുന്നത്? ഈ വിവേചനത്തിന്റെ ചരിത്രമെന്താണ്? ഒരു രാഷ്ട്രീയ പ്രോജക്ട് എന്ന നിലക്ക് ഇസ്രയേല്‍ തുടക്കം മുതലേ നടപ്പാക്കിവരുന്ന കാര്യങ്ങളും ഈ നിയമങ്ങളും തമ്മില്‍ എന്താണ് ബന്ധം? ഇതിന്റെയൊക്കെ ജ്ഞാനശാസ്ത്രപരമായ/ വീക്ഷണപരമായ അടിത്തറ എന്താണ്? സയണിസത്തിന്റെ വക്താക്കള്‍ എങ്ങനെയാണ് ഫലസ്ത്വീനിലെ തദ്ദേശവാസികളായ അറബികളെ കാണുന്നത്? സയണിസ്റ്റുകളുടേത് (സയണിസ്റ്റ് നേതാവായ സീവ് വ്‌ളാഡ്മിര്‍ ജബോറ്റിന്‍സ്‌കി അങ്ങനെ പറഞ്ഞിട്ടുണ്ട്) ഒരു കൊളോണിയല്‍ പ്രോജക്ട് ആണോ? ഫലസ്ത്വീനികളുടെ സാന്നിധ്യം തന്നെ ഇല്ലാതാക്കലാണോ ആ പ്രോജക്ടിന്റെ ലക്ഷ്യം?

ഇത്തരം ചോദ്യങ്ങളുമായി വിഷയത്തിന്റെ ആഴത്തിലേക്ക് ചെല്ലുമ്പോഴാണ് അവബോധപരമായ ആഴക്കാഴ്ചകള്‍ ലഭിക്കുക. ഫലസ്ത്വീനികളെ ഉന്മൂലനം ചെയ്യലാണ് സയണിസ്റ്റ് പ്രോജക്ടിന്റെ ലക്ഷ്യം എന്നപ്പോള്‍ വ്യക്തമാവും. ഗസ്സയിലെ കൂട്ടക്കുരുതി കാണുമ്പോള്‍ അയാള്‍ക്കൊരു അത്ഭുതവും തോന്നുകയില്ല. ഇത് ആഴത്തിലുള്ള അറിവിന്റെ ആദ്യ ഘട്ടം മാത്രമാണ്. അതാണ് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ അന്തര്‍ധാര. അപ്പോള്‍ 'നമ്മളെല്ലാം ഫലസ്ത്വീന്‍' എന്ന മുദ്രാവാക്യത്തിന് പുതിയ അര്‍ഥം കൈവന്നു. കൊളോണിയലാനന്തര, ആധുനികാനന്തര ലോകത്തെക്കുറിച്ച പുതിയ തിരിച്ചറിവായി അത് മാറുന്നു. യുവാക്കള്‍ക്കുള്ളതു പോലെ ഈ തിരിച്ചറിവ് മറ്റാര്‍ക്കും ഉണ്ടാകില്ല. അവരനുഭവിക്കുന്നതു പോലെ മറ്റാര്‍ക്കും അത് അനുഭവിക്കാനാവില്ല. പഴയ തലമുറ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് പിഴ ഒടുക്കേണ്ടിവരുന്നത് അവരാണല്ലോ.

പതിനെട്ടിനും മുപ്പതിനും ഇടക്ക് പ്രായമുള്ള ഒരു അമേരിക്കന്‍ യുവാവാണ് നിങ്ങളെന്ന് സങ്കല്‍പിക്കുക. മാതാപിതാക്കള്‍ സമ്പന്നരായതുകൊണ്ട് നിങ്ങളെ മികച്ച യൂനിവേഴ്‌സിറ്റിയിലേക്ക് പഠിക്കാനായി പറഞ്ഞയക്കുന്നു. നിങ്ങള്‍ക്ക് ഫലസ്ത്വീനെക്കുറിച്ച് മാത്രമല്ല, മറ്റു വിഷയങ്ങളെക്കുറിച്ചും പരിമിതമായ അറിവേയുള്ളൂ. എന്നാല്‍, ചുറ്റും നോക്കുമ്പോള്‍ നിങ്ങള്‍ കാണുന്നതാവട്ടെ ഇരുണ്ട ചിത്രവും. അമേരിക്കന്‍ യുവാവ് എന്ന നിലക്ക് നിങ്ങളുടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് കുടുംബത്തില്‍നിന്ന് തന്നെയായിരിക്കും. വിവാഹബന്ധം വേര്‍പിരിഞ്ഞ മാതാപിതാക്കള്‍, അമ്മാവന്മാര്‍, അമ്മായിമാര്‍, മറ്റു കുടുംബാംഗങ്ങള്‍, എങ്ങും തകര്‍ന്ന കുടുംബങ്ങള്‍, ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ഒരു മാര്‍ഗവുമില്ല. എല്ലാവരും തിരക്കിലാണ്. സ്ത്രീയും പുരുഷനും അവരവരുടെ തൊഴിലും സാമ്പത്തിക നിലയും മെച്ചപ്പെടുത്താനുള്ള നെട്ടോട്ടത്തില്‍. വിവാഹം പല വിട്ടുവീഴ്ചകളും ചെയ്ത് നിലനിര്‍ത്തേണ്ട സ്ഥാപനമാണല്ലോ. ആണും പെണ്ണും അതിന് സന്നദ്ധരല്ല.
തൊഴില്‍ എന്നത് മറ്റൊരു അടിമപ്പണിയായി മാറിയിരിക്കുന്നു ഇന്നെവിടെയും. ജീവിതം ഓഫീസില്‍ ജീവിച്ച് തീര്‍ക്കുകയാണ്. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇടക്ക് ടൂര്‍ പരിപാടികളുണ്ടാവും. പിരിമുറുക്കം കുറക്കാന്‍ പലപ്പോഴും കൂട്ടിനുണ്ടാവുക മയക്കുമരുന്നുകളാവും. കമ്പോളമാണ് മുഴു ജീവിതത്തെയും നിയന്ത്രിക്കുക. പണം സമ്പാദിക്കുകയാണ് ലക്ഷ്യം. ഭദ്രമായ തൊഴില്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഇങ്ങനെ പല സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായുന്ന മനുഷ്യന് പലതും സാക്ഷാത്കരിക്കാന്‍ കഴിയുന്നില്ല.

എല്ലാ ദിവസവും യുദ്ധങ്ങളുടെ, വംശഹത്യകളുടെ, പരിസ്ഥിതി നശീകരണത്തിന്റെ വാര്‍ത്താ കൂമ്പാരങ്ങളാണ് അയാള്‍ക്ക് മുന്നില്‍ വന്നു നിറയുന്നത്. ചിലയിടങ്ങളില്‍ കനത്ത പേമാരിയും വെള്ളപ്പൊക്കവും. ചിലയിടങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരുന്നു. വായു, വെള്ളം, ഭൂമി എല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു. വിഷം ചേര്‍ത്ത ഭക്ഷണമല്ലാതെ കിട്ടാനില്ല. ഈ വിഷമയമായ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നതാരാണെന്ന കാര്യത്തില്‍ അമേരിക്കന്‍ യുവാവിന് സംശയമില്ല. വന്‍കിട കോര്‍പറേറ്റുകള്‍ തന്നെ. പക്ഷേ, ആ കോര്‍പറേറ്റുകള്‍ തന്നെയാണല്ലോ ഇവരുടെ തൊഴില്‍ദായകരും. ഈ കമ്പനികള്‍ക്ക് വേണ്ടി തൊഴിലെടുക്കാന്‍ ജനം വിധിക്കപ്പെട്ടിരിക്കുന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കമ്പനികള്‍ ഇവരെ വെച്ച് കണ്ടമാനം ലാഭം അടിച്ചുമാറ്റുകയും ചെയ്യുന്നു.

താന്‍ സ്വന്തം നാട്ടില്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ സ്ഥിതിവിശേഷം മനസ്സിലാക്കിത്തുടങ്ങുന്ന അമേരിക്കന്‍ യുവാവ് പെട്ടെന്നൊരു ദിവസം അഥവാ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന്, ഇസ്രയേലില്‍ സൈനികാധിനിവേശം നടന്നതായി വാര്‍ത്ത കേള്‍ക്കുന്നു. ഇസ്ലാമിക ഭീകരര്‍ കുട്ടികളെ അടുപ്പിലിട്ട് ചുട്ടതായും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായും കേള്‍ക്കുന്നു. നിങ്ങള്‍, അമേരിക്കന്‍ യുവാവ്, വാര്‍ത്ത കുറച്ചധികം ഗൗരവത്തോടെ പിന്തുടരാന്‍ ആരംഭിക്കുന്നു. ഇതു സംബന്ധമായി ഇസ്രയേലും അമേരിക്കന്‍ ഭരണകൂടവും പറഞ്ഞിരുന്നതെല്ലാം പച്ചക്കള്ളങ്ങളായിരുന്നു എന്ന് കണ്ടെത്തുന്നു. കുഞ്ഞുങ്ങളെ ആരും ചുട്ടുകൊന്നിട്ടില്ല, ആരെയും ബലാത്സംഗം ചെയ്തിട്ടുമില്ല. പക്ഷേ, രാഷ്ട്രീയക്കാര്‍ നുണ പറയുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. നേരത്തെ തന്നെ നിങ്ങള്‍ക്ക് രാഷ്ട്രീയക്കാരെക്കുറിച്ച് നല്ല അഭിപ്രായമില്ല. ഇപ്പോള്‍ ഒരു കൂട്ടം പെരും നുണയന്മാരായി അവര്‍ നിങ്ങളുടെ മുന്നില്‍ വന്നുനില്‍ക്കുകയാണ്.
പിന്നെ ഗസ്സയില്‍ നടക്കുന്ന ക്രൂരത ഓരോന്നോരോന്നായി നിങ്ങളുടെ മുന്നിലേക്ക് വരികയായി. ഇത് രണ്ട് സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല എന്ന് ഒറ്റനോട്ടത്തില്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാവുന്നു. ഇപ്പോൾ നിങ്ങള്‍ കേള്‍ക്കുന്നു, സൂയസ് കനാലിന് പകരമായി ഇസ്രയേല്‍ മരുഭൂമിയില്‍ നെഗവ് കനാല്‍ കുഴിക്കാന്‍ പോവുകയാണെന്ന്. ഗസ്സ തീരത്തെ ഒരു ദ്വീപാക്കി മാറ്റാന്‍ നേരത്തെ അവര്‍ക്ക് പദ്ധതിയുണ്ട്. എന്നിട്ടവിടെ ആഡംബര റിസോര്‍ട്ടുകളും അപ്പാര്‍ട്ട്‌മെന്റുകളും പണിയും. എല്ലാം ഇസ്രയേലിന്റെ ആഭിമുഖ്യത്തില്‍, യൂറോപ്പിലെ പണക്കാര്‍ക്കു വേണ്ടി.

നിങ്ങള്‍ ശുദ്ധ വെള്ള അമേരിക്കക്കാരന്‍ തന്നെയാണെങ്കിലും, ഈ സാമ്രാജ്യത്തിന്റെ വൃത്തികെട്ട ബീഭത്സ മുഖം നിങ്ങള്‍ കാണാതെ പോകില്ല. നിങ്ങളുടെ നാട് മറ്റൊരു നാടിനെയും അതിലെ ജനങ്ങളെയും ഉന്മൂല നാശം വരുത്തുന്നതിന് ഒരു അതിക്രമി രാജ്യത്തിന് പണവും ആയുധവും നല്‍കിക്കൊണ്ടേയിരിക്കുകയാണ്. വംശഹത്യക്കായി തന്റെ ഭരണകൂടം കൊടുത്തുവിടുന്ന പണം തന്റെ തന്നെ പണമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നു. പൗരനായ തന്റെ അനുവാദമില്ലാതെ അതങ്ങനെ കൊടുത്തുകൊണ്ടേയിരിക്കുകയാണ്. നിങ്ങള്‍ക്ക് അനിയന്ത്രിതമായ കോപം വരുന്നു. ഭരണകൂടവും ആയുധ നിര്‍മാതാക്കളും ആയുധക്കച്ചവടക്കാരും മാത്രമല്ല വാള്‍മാര്‍ട്ട്, ആമസോണ്‍, എക്‌സണ്‍, യൂനിയന്‍ കാര്‍ബൈഡ് പോലുള്ള വന്‍കിട കോര്‍പറേറ്റുകളും ഒന്നിച്ചണിനിരക്കുന്ന വലിയൊരു അന്തര്‍നാടകമാണ് അരങ്ങേറുന്നത് എന്ന ബോധത്തിലേക്ക് താങ്കള്‍ വരുന്നു. തിന്മയുടെ ശക്തികളെല്ലാം പരസ്പരബന്ധിതമാണ് എന്ന ഉറച്ച ബോധ്യവും നിങ്ങള്‍ക്കുണ്ടാകുന്നു. കുറച്ചുകൂടി ഉയര്‍ന്ന് ആ അമേരിക്കന്‍ യുവാവ് ചോദിക്കുന്നു: യഥാര്‍ഥത്തില്‍ നമ്മള്‍ ആരാണ്? എന്തൊരു തരം മനുഷ്യരാണ് നമ്മള്‍ ആയിത്തീര്‍ന്നിട്ടുള്ളത്?
ഇങ്ങനെയൊരു മാറ്റത്തെയാണ് ആഴത്തിലുള്ള അവബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതും കഴിഞ്ഞ് ഒരു 'ധാര്‍മിക മാറ്റം' ഉണ്ടാവേണ്ടതുണ്ട്. അതാണ് മനുഷ്യാവബോധത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം. അതേക്കുറിച്ച് പറയാന്‍ ഇപ്പോള്‍ സന്ദര്‍ഭമില്ല.

താങ്കള്‍ താങ്കളുടെ കൃതികളില്‍, ഭരണകൂടം കലാലയങ്ങളെ തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. അതായത്, ഭരണകൂടം സര്‍വകലാശാലകളില്‍ തങ്ങളുടെ ആഖ്യാനങ്ങളെ മാര്‍ക്കറ്റ് ചെയ്യുന്ന ഒരു വരേണ്യ വര്‍ഗത്തെ വളര്‍ത്തിയെടുക്കുന്നുണ്ടെന്ന്. ഫലസ്ത്വീന്‍ വിഷയത്തില്‍ എന്താണ് ഇപ്പോള്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളില്‍ നടന്നുകൊണ്ടിരിക്കുന്നത്?

നമ്മള്‍ 'സമൂഹം' എന്ന് പറയാറുണ്ടല്ലോ. യഥാര്‍ഥത്തിലിത് ഒരു പ്രകൃതി പ്രതിഭാസമൊന്നുമല്ല. ഒരര്‍ഥത്തില്‍ ഭരണകൂട നിര്‍മിതിയാണ് സമൂഹം. ഒരു കുടുംബത്തിലെ കുട്ടികളെപ്പോലെയാണ് സമൂഹം. മാതാപിതാക്കളാണ് കുട്ടികളെ വളര്‍ത്തുന്നത്. അതുപോലെ സ്‌റ്റേറ്റ് ആണ് സമൂഹത്തെ വളര്‍ത്തുന്നത്. അതിലെ അംഗങ്ങളെ 'പൗരന്മാര്‍' എന്ന് പേര് വിളിക്കുകയും ചെയ്യുന്നു. സ്റ്റേറ്റിന്റെ കുട്ടിയായ പൗരന്‍ സ്റ്റേറ്റിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനാണ് പഠിപ്പിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നത്. സ്റ്റേറ്റ് നിയമങ്ങള്‍ പാലിക്കപ്പെടുന്ന സ്‌കൂളില്‍ പഠിക്കുകയും, സ്റ്റേറ്റ് നടത്തുന്ന ആശുപത്രികളില്‍ ചികിത്സ തേടുകയും, സ്റ്റേറ്റിന്റെ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പൗരന്‍ അതേ ആയിത്തീരുകയുള്ളൂ. സ്റ്റേറ്റിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിമര്‍ശന ജ്ഞാനം അവന്‍ ആര്‍ജിക്കുന്നില്ല.
കുടുംബത്തില്‍ മാതാപിതാക്കളും മക്കളും ഒത്തുപോവാതിരിക്കുന്നതു പോലെ, സ്‌റ്റേറ്റും പൗരന്മാരും വിരുദ്ധ ചേരികളില്‍ നിലയുറപ്പിക്കുന്ന രീതികളും കണ്ടുവരാറുണ്ട്. അതാണിപ്പോള്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളില്‍ കണ്ടുതുടങ്ങിയിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. 1960-കളില്‍ വിയറ്റ്‌നാം യുദ്ധകാലത്തേ ഈ ഭിന്നത തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോൾ അവസ്ഥ സങ്കീര്‍ണമാണ്. അന്നില്ലാത്ത പല രോഗങ്ങളും മുതലാളിത്ത ഘടനയെ പിടികൂടിയിരിക്കുന്നു. ജനം മുമ്പത്തെക്കാളേറെ നിരാശരുമാണ്. ഈ ഘടനയെ വീഴ്ത്തുന്നതില്‍ 'മഹാ ഇന്‍തിഫാദ'യും ഒരു പങ്ക് വഹിക്കുമെന്ന് ഞാന്‍ കരുതുന്നു.

താങ്കൾ ജോലി ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ കൊളംബിയ യൂനിവേഴ്സിറ്റിയുടെ പ്രസിഡന്റായി ഈജിപ്ഷ്യൻ വംശജയായ നിഅ്മത്ത് ശഫീഖ് ചുമതലയേറ്റപ്പോൾ അത് അറബ് വംശജർക്ക് ആഹ്ളാദത്തിന്റെ നിമിഷങ്ങളായിരുന്നു. എന്നാൽ, ഇവരിപ്പോൾ അറബ്-മുസ്ലിം വിരുദ്ധ നയങ്ങളാണ് യൂനിവേഴ്സിറ്റിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതൊരു വൈരുധ്യമല്ലേ? അല്ലെങ്കിൽ തങ്ങളുടെ നയങ്ങൾ നടപ്പാക്കാൻ ആധുനികതയുടെ വക്താക്കൾ ഇവരെ ഉപയോഗപ്പെടുത്തുകയാണോ?

കൊളംബിയ യൂനിവേഴ്സിറ്റി പ്രശ്നം മനസ്സിലാക്കൽ താരതമ്യേന എളുപ്പമാണ്. ആ പ്രശ്നം തുടങ്ങിയത് കഴിഞ്ഞ ഒക്ടോബർ ഏഴിന് ശേഷവുമല്ല. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയിട്ടുണ്ട്. അതായത്, യൂനിവേഴ്സിറ്റികൾ കോർപറേറ്റുകളുടെ മാതൃകയിൽ കച്ചവട സ്ഥാപനങ്ങളെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽക്ക്. മൂന്ന് നൂറ്റാണ്ട് മുമ്പ് ആധുനികതാ പ്രോജക്ട് ആരംഭിക്കുമ്പോഴും സാമ്പത്തികവും ഭൗതികവുമായ നേട്ടങ്ങൾക്കായിരുന്നു ഒന്നാം സ്ഥാനം. യൂനിവേഴ്സിറ്റിയെ ഇത്തരമൊരു സ്ഥാപനമാക്കി മാറ്റുമ്പോൾ 'കച്ചവടക്കാരെ'യും അതിനകത്തേക്ക് കൊണ്ടു വരേണ്ടിവരും. അക്കാദമിക്കുകളോ ബുദ്ധിജീവികളോ ആയിരിക്കില്ല മുൻപന്തിയിൽ. തൊള്ളായിരത്തി എൺപതുകളിൽ ഇതായിരുന്നില്ല സ്ഥിതി. ഇപ്പോൾ കൊളംബിയ യൂനിവേഴ്സിറ്റിയുടെ തലപ്പത്തുള്ളവർ അക്കാദമികമായി മികവ് പുലർത്തുന്നവരല്ല. ബൗദ്ധിക അന്വേഷണങ്ങളുമായി യൂനിവേഴ്സിറ്റിക്കുള്ള ബന്ധം ദുർബലമാണെന്നർഥം. നേതൃത്വത്തിന്റെ മുഖ്യ പരിഗണന പണമായതോടെ, മുതൽമുടക്കാനായി / ഫണ്ട് ചെയ്യാനായി ആരെങ്കിലുമെത്തിയാൽ അവർക്ക് മുന്നിൽ യൂനിവേഴ്സിറ്റി ഭരണ വിഭാഗം തല കുനിക്കും. പണമെറിയുന്നത് ആരാണെന്ന് പോലും നോട്ടമില്ല.


യൂനിവേഴ്സിറ്റി ഭരണ വിഭാഗം കച്ചവടക്കാരായി എന്ന് മാത്രമല്ല, അവർ രാഷ്ട്രീയ യജമാനൻമാരുടെ വിനീത ശിഷ്യരുമായി. അതുകൊണ്ടാണ് യൂനിവേഴ്സിറ്റി പ്രസിഡന്റ് വിദ്യാർഥി പ്രക്ഷോഭം അടിച്ചൊതുക്കാൻ റയട്ട് പോലീസിനെ വിളിച്ചത്. നിഅ്മത്ത് ശഫീഖ് കറങ്ങുന്നത് ഫിനാൻസിന് ചുറ്റുമാണ്. അക്കാദമികമായ മാനങ്ങളൊന്നും അവരിൽനിന്ന് പ്രതീക്ഷിക്കരുത്. യോഗ്യത വെച്ചു പറഞ്ഞാൽ, അവരെ ഒരു ബാങ്കിന്റെ മാനേജരാക്കാൻ കൊള്ളാം. കൊളംബിയ പോലുള്ള ഒരു വലിയ സർവകലാശാലയുടെ തലപ്പത്തിരിക്കാൻ ഒട്ടും യോഗ്യതയില്ല. അക്കാദമിക സ്വാതന്ത്ര്യത്തിന് വേണ്ടി എഴുന്നേറ്റു നിൽക്കാനുള്ള ധൈര്യം നിഅ്മത്തിനില്ല. ആരാണോ ഫണ്ട് ചെയ്യുന്നത് അവർ അവരുടെ ഇഷ്ടത്തിന് യൂനിവേഴ്സിറ്റിയുടെ നയങ്ങളും മുൻഗണനകളും തീരുമാനിക്കുന്നു. AlPAC പോലുള്ള ഇസ്രയേൽ ലോബികളുടെ ആളുകളാവും പലപ്പോഴും ഫണ്ട് കൊടുക്കുന്നത്. അവർ യൂനിവേഴ്സിറ്റിയുടെ മാത്രമല്ല, അമേരിക്കയുടെ തന്നെ നയങ്ങളിൽ തിരിമറി നടത്തുന്നവരാണ്. ഇതൊക്കെ കലാലയത്തിന്റെ ഭരണാധികാര ഘടനയിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്.
മറ്റൊരു സുപ്രധാന രാഷ്ട്രീയ യാഥാർഥ്യവും നമ്മുടെ ശ്രദ്ധയിൽ ഉണ്ടാവണം. അമേരിക്കൻ രാഷ്ട്രീയഘടന മൊത്തമായി വിൽപ്പനക്ക് വെച്ചിരിക്കുന്നു എന്നതാണത്. മറ്റൊരു രാഷ്ട്രത്തിന്റെ മുൻഗണനകൾക്കനുസരിച്ച് ഈ രാഷ്ട്രത്തെ മെരുക്കിയെടുക്കുകയാണ്. John Mearsheimer ഉം Stephen Walt ഉം ചേർന്നെഴുതിയ The Israel Lobby and U.S Foreign Policy എന്ന ഗ്രന്ഥത്തിൽ ഇത് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഇസ്രയേലിന് വേണ്ടിയുള്ള അമേരിക്കൻ നയങ്ങൾ ഇസ്രയേലിന് മാത്രമേ പ്രയോജനപ്പെടൂ എന്നും അതൊരിക്കലും അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അതിൽ ഗ്രന്ഥകാരൻമാർ സമർഥിച്ചിട്ടുണ്ട്. കാരണം, ഇത്തരം ലോബികളാണ് ഇന്ന് അമേരിക്കയെ നിയന്ത്രിക്കുന്നത് തന്നെ. യാതൊരു ധാർമികതയും ബാക്കി വെക്കാത്ത ഈ അധികാരക്കളിയുടെ ചെറു മാതൃകയാണ് കൊളംബിയ യൂനിവേഴ്സിറ്റിയിൽ കാണുന്നത്. അതായത്, കൊളംബിയ യൂനിവേഴ്സിറ്റി ഭരണ വിഭാഗം അതിന്റെ ആത്മാവിനെ പിശാചിന് വിറ്റിരിക്കുന്നു. l