അനുസ്മരണം

പാലക്കാട് ജില്ലയിലെ പറളി, എടത്തറ പ്രദേശങ്ങളിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുഖമായിരുന്നു 75-ാം വയസ്സിൽ നാഥനിലേക്ക് മടങ്ങിയ ഞങ്ങളുടെ പിതാവ് വി.വി മുഹമ്മദ് ഖനി സാഹിബ്.

പ്രാഥമിക വിദ്യാഭ്യാസം നാലാം തരം വരെ മാത്രമാണെങ്കിലും സ്വപ്രയത്നംകൊണ്ട് വായനയിലൂടെയും മറ്റും സാമൂഹിക, രാഷ്ട്രീയ, ദീനീ വിഷയങ്ങളിൽ അവഗാഹം നേടിയെടുത്തു. യൗവനത്തിൽ തന്നെ ഇസ്ലാമിക നവോത്ഥാന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. ജൻമനാട് ഓടന്നൂരാണെങ്കിലും 1976-നു ശേഷം പറളി തേനൂരിലേക്ക് താമസം മാറ്റി. ഓടന്നൂരിലും ജമാഅത്തെ ഇസ്ലാമിയുടെ ഘടകം രൂപീകരിക്കുന്നതിലും മസ്ജിദും മദ്റസയും സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
സ്ത്രീകൾ പള്ളിയിൽ കയറാൻ വിമുഖത കാണിച്ചിരുന്ന ആദ്യകാലങ്ങളിൽ ഓടന്നൂർ ജുമാ മസ്ജിദിലേക്ക് 7 കിലോമീറ്റർ അപ്പുറത്തുള്ള സ്വന്തം താമസസ്ഥലമായ എടത്തറയിൽനിന്ന് സഹപ്രവർത്തകരുമായി ചേർന്ന് വാഹനത്തിൽ വനിതകളെ ദീർഘ കാലം ജുമുഅയ്ക്ക് എത്തിച്ചിരുന്നു. പറളിയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആരംഭ കാലം മുതൽ അദ്ദേഹം സജീവമായി രംഗത്തുണ്ട്. എടത്തറയിലെ മസ്ജിദുന്നൂറിന്റെ സ്ഥാപകരിൽ പ്രധാനിയായിരുന്നു. ദീർഘ കാലം അതിന്റെ പ്രസിഡന്റായിരുന്നു. പറളി സെൻട്രൽ ജുമാ മസ്ജിദിന് സ്ഥലം വാങ്ങുന്നതിലും നിർമിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ഈ മൂന്ന് പള്ളികളും അതത് പ്രദേശങ്ങളിലെ ഇസ്ലാമിക നവോത്ഥാന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ സഹായകമായി.
കാടൂർ പ്രദേശത്ത് പ്രസ്ഥാനത്തിന് ഒരു കേന്ദ്രമുണ്ടാവണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.

ഒരു വർഷം മുമ്പ് 'ദിശാ' കൾച്ചറൽ സെന്റർ കാടൂർ നിലവിൽ വന്നതിന്റെ പിറകിൽ അദ്ദേഹത്തിന്റെ കൂടി പരിശ്രമമുണ്ട്. പറളി, എടത്തറ പ്രദേശങ്ങളിലെ പ്രാദേശിക സകാത്ത് - റിലീഫ് സെല്ലിന്റെ കൺവീനറായും സേവനമനുഷ്ഠിച്ചു. സംഘടിത ഉദുഹിയ്യത്ത് പരിചയമില്ലാത്ത കാലത്ത് ഓടന്നൂരിലെ സ്വന്തം സ്ഥലത്ത് സംഘടിത ഉദുഹിയ്യത്ത് നടത്തി മാതൃകയായി. എടത്തറയിലെ ഉപ്പാന്റെ 'ബിസ്മില്ല ഹൗസ്' പ്രസ്ഥാനത്തിന്റെ കേന്ദ്രം എന്നോണം പ്രവർത്തിച്ചു. തർബിയത്ത് ക്യാമ്പ്, ഇഫ്ത്വാർ വിരുന്നുകൾ, പ്രസ്ഥാന യോഗങ്ങൾ എന്നിങ്ങനെയുള്ള നിരവധി പ്രസ്ഥാന പ്രവർത്തനങ്ങൾക്ക് അദ്ദേഹം സ്വന്തം വീട് തന്നെ വിട്ടുനൽകി.
ഭാര്യ: ഫാത്വിമ. മക്കൾ: ലുബ്ന, ഷബ്ന, സിറാജ്, ഷാനവാസ്, നൗഷാദ് ആലവി, റുബ്ന, ഷനൂബ്.
വി.എം ഷാനവാസ്

ബി. ഉസ്മാൻ കോയ

പറമ്പിൽ ബസാർ ജമാഅത്തെ ഇസ്‌ലാമി -വെൽഫെയർ പാർട്ടി സജീവ പ്രവർത്തകനും ജീവകാരുണ്യ മേഖലയിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്നു എരേച്ചൻ കാട്ടിൽ ബി. ഉസ്മാൻ കോയ എന്ന ഉസ്മാൻക്ക (75). ജനസേവന രംഗത്ത് തന്റെ ജീവിതം സമർപ്പിച്ച അദ്ദേഹം കാൻസർ - കിഡ്‌നി രോഗികൾ, വിധവകൾ, വീടില്ലാത്തവർ തുടങ്ങിയ അശരണരുടെ താങ്ങും തണലുമായിരുന്നു. തന്റെ ഇലക്ട്രിക് സ്കൂട്ടറിൽ പ്രസ്ഥാനത്തിന്റെയും പാർട്ടിയുടെയും എല്ലാ പരിപാടികളിലും അദ്ദേഹം എത്തും. തന്റെ സാമ്പത്തിക പ്രയാസങ്ങളും രോഗാവസ്ഥയും ഒരാളെയും അറിയിക്കാതെ മറ്റുള്ളവരുടെ മരുന്നിനും ഭക്ഷണത്തിനുമായി ഓടി നടന്നു. തന്റെ ജീവിതോപാധിയായ റിയൽ എസ്‌റ്റേറ്റ് മേഖലയിലും നീതിപുലർത്താൻ അദ്ദേഹത്തിന് സാധിച്ചു.

ജാതി, മത, രാഷ്ട്രീയ, പ്രായ, ലിംഗ ഭേദമന്യേ എല്ലാവരെയും ചെറു പുഞ്ചിരിയോടെ സമീപിച്ചിരുന്ന അദ്ദേഹം നല്ല ഗായകനുമായിരുന്നു. വാരാന്ത യോഗങ്ങളിൽ പാടുന്ന മിക്കവാറും പാട്ടുകളും മരണത്തെക്കുറിച്ചുള്ളതാകും. ജീവിതം പോലെത്തന്നെ മരണവും ആരെയും ബുദ്ധിമുട്ടിക്കാതെ പെട്ടെന്നായിരുന്നു. നാട്ടിൽ നടന്ന രണ്ട് അനുശോചന യോഗങ്ങളിലെയും ജനബാഹുല്യം ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സ്ഥാനം അടയാളപ്പെടുത്തുന്നതായിരുന്നു.

ഭാര്യ: ആയിഷബി. മക്കൾ: ഫിറോസ്, ഫാസില, ഫൗസിയ, ഫസീന, റഊഫ്. മരുമക്കൾ: റസിയ, സഫൂർ, ബാദുഷ, ബഷീർ, ഷംലത്ത്.
അബ്ദുൽ റഹീം പൂളക്കടവ്