സുഹൃത്തും വഴികാട്ടിയും സഹപ്രവര്‍ത്തകനുമെല്ലാമായിരുന്ന എം.വി മുഹമ്മദ് സലീം മൗലവി അല്ലാഹുവിലേക്ക് യാത്രയായി. ശാന്തപുരം ഇസ്്‌ലാമിയാ കോളേജിന്റെ അപൂര്‍വ സന്തതികളില്‍ അവസാനത്തെ കണ്ണികളില്‍ ഒരാള്‍ കൂടി മുസ്്‌ലിം ഉമ്മത്തിന് നഷ്ടപ്പെട്ടു. ആ വിടവ് നികത്തുക അത്രയൊന്നും എളുപ്പമല്ലെന്ന് മൗലവിയെ അനുഭവിച്ചവര്‍ക്ക് നന്നായറിയാം.
സലീം മൗലവി എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന അദ്ദേഹം അനിതര സാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. സകല കലാ വല്ലഭന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി. പണ്ഡിതന്‍, പ്രഭാഷകന്‍, ഗായകന്‍, പാട്ടെഴുത്തുകാരന്‍, പരിഭാഷകന്‍, ഗ്രന്ഥകാരന്‍, ഹോമിയോ ഡോക്ടര്‍, അധ്യാപകന്‍, കളരിയധ്യാപകന്‍, ഖുര്‍ആന്‍ ഓത്തുകാരന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം കീര്‍ത്തിയാര്‍ജിച്ചു. അറബി, മലയാളം, ഇംഗ്ലീഷ്, ഉര്‍ദു എന്നീ ഭാഷകളെല്ലാം അദ്ദേഹത്തിന് അനായാസം വഴങ്ങി. മത വിജ്ഞാനങ്ങളില്‍ അഗാധമായ പാണ്ഡിത്യം മൗലവിക്കുണ്ടായിരുന്നു. 'തഹ്ഖീഖ്' (സൂക്ഷ്മജ്ഞാനം) ഉള്ള പണ്ഡിതന്മാര്‍ ചുരുങ്ങിയ ഇക്കാലത്ത് സലീം മൗലവി വേറിട്ടു നിന്നു. ആധികാരികമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും ചോദ്യകര്‍ത്താക്കളുടെ സംശയങ്ങളകറ്റാനും അദ്ദേഹത്തിനുള്ള കഴിവ് നിസ്തുലമായിരുന്നു.
തൊള്ളായിരത്തി അറുപതുകളുടെ തുടക്കം മുതല്‍ക്കേ സലീം മൗലവിയെ ഈ ലേഖകന് അടുത്തറിയാം. അന്ന് തിരൂര്‍ക്കാട് ഇലാഹിയാ കോളേജില്‍ പഠിക്കുന്ന ഞങ്ങളെ വാര്‍ഷിക സമ്മേളന പരിപാടികള്‍ പഠിപ്പിക്കുന്നതിനായി സലീം മൗലവി ശാന്തപുരത്ത് നിന്ന് വരുമായിരുന്നു. അന്ന് ആരംഭിച്ച സൗഹൃദം പിന്നീട് ഈ ലേഖകന്‍ ശാന്തപുരത്ത് ചേര്‍ന്നതോടെ കൂടുതല്‍ ശക്തിപ്പെട്ടു. ഇസ്്ലാമിയാ കോളേജില്‍ അന്ന് പതിനൊന്ന് വർഷത്തെ പഠനമായിരുന്നു. ഞാന്‍ ചേര്‍ന്നത് ആറാം ക്ലാസ്സിലാണ്. സലീം മൗലവി (അന്നദ്ദേഹം എം.വി മുഹമ്മദ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്) ഒമ്പതാം ക്ലാസ്സിലും. പിന്നീട് അദ്ദേഹത്തിന്റെ ബുദ്ധിസാമര്‍ഥ്യവും സ്ഥിരോത്സാഹവും കണക്കിലെടുത്ത് അധികൃതര്‍ ഡബ്ള്‍ പ്രമോഷന്‍ നല്‍കി വി.കെ ഹംസ, ഹൈദറലി ശാന്തപുരം എന്നിവരോടൊപ്പം മൗലവിയെ പത്താം ക്ലാസ്സില്‍ ഇരുത്തി. അക്കാലത്ത് കോളേജില്‍ തിളങ്ങിനിന്ന വിദ്യാര്‍ഥികളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഒരാളായിരുന്നു മുഹമ്മദ് സലീം.
വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ കിതാബുകള്‍ പരതുകയും വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുകയും ചെയ്യുന്ന പ്രകൃതം അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്തെ 'മോഡല്‍ പാര്‍ലമെന്റ്' തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രമാണങ്ങളില്‍ അവഗാഹം നേടുന്നതിനും ഏറെ സഹായകമായിരുന്നു. ഇബാദത്ത്, ഇസ്തിഗാസ, സകാത്തിന്റെ വിവിധ തര്‍ക്ക പ്രശ്‌നങ്ങള്‍, തറാവീഹിന്റെ റക്അത്തുകള്‍, ബഹുഭാര്യത്വം തുടങ്ങിയവ അന്ന് സമൂഹത്തില്‍ സജീവ ചർച്ചാ വിഷയമായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ 'ഇബാദത്ത്' എന്ന ധാതുവില്‍നിന്ന് നിഷ്പന്നമായ വിവിധ പദങ്ങളും, വ്യത്യസ്ത മുഫസ്സിറുകള്‍ അവക്ക് നല്‍കിയ വിശദീകരണങ്ങളും അക്കാലത്ത് സലീം മൗലവി പഠനവിഷയമാക്കുകയുണ്ടായി. വിദ്യാര്‍ഥിയായിരിക്കെത്തന്നെ പുറത്ത് പോയി മതപ്രസംഗങ്ങള്‍ നടത്തുന്നതിലും തര്‍ക്ക വിഷയങ്ങളില്‍ ഭാഗഭാഗിത്വം വഹിക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു. എം.വി മുഹമ്മദ് എന്നത് മുഹമ്മദ് സലീം മൗലവിയായി രൂപാന്തരപ്പെടുന്നതും അതോടെയാണ്.
ശാന്തപുരത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ കഴിവുറ്റ പണ്ഡിതൻമാരായിത്തീരാന്‍ അന്ന് വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിരുന്നു. ഇംഗ്ലീഷും അറബിയും ഉര്‍ദുവുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്യുന്നവർ. ഇസ്്‌ലാമിയാ കോളേജില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ആരെയും വെല്ലാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. സലീം മൗലവി പാടിയ പോലെ:
പോരിനിറങ്ങാനുണ്ടോ ഞങ്ങളുമായിട്ടെങ്കിലിറങ്ങീടൂ.
സംസ്‌കാരത്തില്‍, സാഹിത്യത്തില്‍, ജീവിത രംഗമഖിലത്തില്‍.
തോല്‍പിച്ചങ്ങ് തുരത്തും നിങ്ങളെ
സത്യത്തിന്‍ പടയോര്‍ത്തോളൂ.
മാറിടണം, മാറിടണം ഈ മാര്‍ഗമില്‍നിന്നും
സത്യത്തിന്‍ പട മുന്നോട്ട്
ഈ കഴിവുകള്‍ക്കെല്ലാം തങ്ങള്‍ ശാന്തപുരം ഇസ്്ലാമിയാ കോളേജ് എന്ന സ്ഥാപനത്തോടാണ് കടപ്പെട്ടിരിക്കുന്നത് എന്നവര്‍ക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് കോഴ്‌സ് പൂര്‍ത്തിയാക്കി തന്റെ ബാച്ച് പുറത്തിറങ്ങിയ വേളയില്‍ സലീം മൗലവി പാടിയത്:
വിടവാങ്ങുകയാം മാതാവേ
കരളിന്‍ കരളാം മാതാവേ…
ശ്രോതാക്കളുടെ കണ്ണുകളെ സജലങ്ങളാക്കിയ ഈരടികളായിരുന്നു അവയെന്ന് ഈ ലേഖകന്‍ ഇന്നും ഓര്‍ക്കുന്നു.
ശാന്തപുരത്തെ പഠനം പൂർത്തിയാക്കിയ ശേഷം കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. വടക്കാങ്ങര, കാസർകോട് ആലിയാ അറബിക് കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്വ്്ലാഹിയാ കോളേജ്, ശാന്തപുരം കോളേജ് എന്നിവ അവയില്‍ ചിലതാണ്. അധ്യാപനത്തോടൊപ്പം പ്രഭാഷണ വേദികളിലും സലീം മൗലവി ശ്രദ്ധയാകര്‍ഷിച്ചു. ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുക എന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പരകള്‍ ഇവ്വിഷയകമായി മൗലവി നടത്തി. മലപ്പുറത്തും തിരൂര്‍ക്കാടും കൊടുങ്ങല്ലൂരുമെല്ലാം ഇത്തരത്തിലുള്ള പരിപാടികള്‍ നടന്നതായി ഓര്‍ക്കുന്നു.
ഖത്തറിലെ മഅ്ഹദുദ്ദീനിയില്‍ ഉപരിപഠനത്തിനുള്ള വാതില്‍ ശാന്തപുരം കോളേജിന് തുറന്നു കിട്ടിയപ്പോള്‍ ആദ്യമായി പോയ ബാച്ചില്‍ സലീം മൗലവിയും ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തെ പഠനം മാത്രമേ മഅ്ഹദില്‍ അവർക്ക് ഉണ്ടായിരുന്നുള്ളൂ. ശാന്തപുരത്ത് നിന്ന് പോകുന്നവര്‍ക്കാകട്ടെ, പുതുതായി പഠിക്കാന്‍ കാര്യമായൊന്നും പ്രസ്തുത സ്ഥാപനത്തിലുണ്ടായിരുന്നുമില്ല. എന്നാല്‍, അറബി ഭാഷാ പ്രാവീണ്യം വര്‍ധിപ്പിക്കാനും ശൈഖ് ഖറദാവി, ശൈഖ് അബ്ദുല്ലത്വീഫ്, ശൈഖ് സന്നാവി, ശൈഖ് അലി ജമ്മാസ് എന്നീ വിശ്വോത്തര വ്യക്തിത്വങ്ങളുടെ ശിഷ്യത്വം സ്വീകരിക്കാനും അറബി ഭാഷയില്‍ 'ഫ്‌ളുവന്‍സി' (ഒഴുക്ക്) നേടിയെടുക്കാനും ഇതൊരവസരമായി അവർ മാറ്റുകയായിരുന്നു. മഅ്ഹദിലെ പഠനത്തിനു ശേഷം ഖത്തറില്‍ തന്നെ ജോലി നേടാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചു. സലീം മൗലവിക്ക് ജോലി ലഭിച്ചത് ഖത്തറിലെ സുഊദി എംബസിയിലായിരുന്നു. 1974-ല്‍ ഈ ലേഖകന്‍ ഖത്തറില്‍ ഉപരിപഠനത്തിനെത്തിയപ്പോള്‍ സലീം മൗലവി പ്രസ്തുത എംബസിയിലെ ഉദ്യോഗസ്ഥനാണ്. എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിക്കാന്‍ മൗലവിയും മറ്റു സുഹൃത്തുക്കളും മുന്‍പന്തിയിലുണ്ടായിരുന്നു. അക്കാലത്ത് ഖത്തറില്‍ വ്യവസ്ഥാപിതമായ ദീനീ പ്രവര്‍ത്തനങ്ങളോ സംഘടനകളോ ആര്‍ക്കിടയിലുമുണ്ടായിരുന്നില്ല. ഇടക്ക് വല്ലപ്പോഴും ഖുര്‍ആന്‍ ക്ലാസ്സുകളോ മറ്റോ ഉണ്ടാകുമെന്ന് മാത്രം. അതിനിടക്കാണ് ഇന്ത്യയില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇസ്്‌ലാമിക പ്രസ്ഥാനത്തിന് ഇന്ത്യയിൽ വിലങ്ങുവീണ കാലമായിരുന്നു അത്. ഈ സന്ദര്‍ഭത്തില്‍ ഖത്തറിലെ ഇസ്്‌ലാമിക പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് 'ഇന്ത്യന്‍ ഇസ്്‌ലാമിക് അസോസിയേഷന്‍ -ഖത്തര്‍' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപപ്പെടുത്തി. ഇന്നത് വളര്‍ന്ന് വികസിച്ചു ഖത്തറിലെ ഏറ്റവും ശക്തമായ വേദിയായി മാറിത്തീർന്നിരിക്കുന്നു. ഞങ്ങള്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച പ്രസ്തുത അസോസിയേഷന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റുമെല്ലാമായി സലീം മൗലവി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ മതപഠന ക്ലാസ്സുകള്‍ നടത്തുക, വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ ജുമുആനന്തര പ്രഭാഷണം നിര്‍വഹിക്കുക, നാട്ടില്‍നിന്ന് വരുന്ന പ്രസ്ഥാന നായകരെ സ്വീകരിക്കുകയും അവരുടെ ദൗത്യങ്ങള്‍ വിജയിപ്പിക്കുകയും ചെയ്യുക, യൂനിറ്റുകള്‍ സ്ഥാപിച്ച് പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഉറപ്പ് വരുത്തുക, ഭൗതിക വിഷയങ്ങൾ പഠിച്ച് നാട്ടില്‍നിന്ന് ഖത്തറിലെത്തിയ യുവാക്കളുടെ ഇസ്്‌ലാമിക പരിജ്ഞാനം വര്‍ധിപ്പിക്കുക, പ്രഭാഷണ കല പരിപോഷിപ്പിക്കുക, ജുമുഅ ഖുത്വ്്ബ പരിശീലിപ്പിക്കുക ഇതൊക്കെ അസോസിയേഷന്റെ പ്രവര്‍ത്തന മേഖലകളായിരുന്നു. ഇവയിലെല്ലാം സലീം മൗലവിയുടെ പങ്ക് വലുതാണ്.
സുഊദി എംബസിയിലെ ജോലി, ഖത്തരികളും സുഊദികളുമായ ശൈഖന്മാരെയും പണ്ഡിത ശ്രേഷ്ഠരെയും അടുത്തറിയാനും ബന്ധപ്പെടാനുമുള്ള സുവര്‍ണാവസരമായിരുന്നു അദ്ദേഹത്തിന്. ഖത്തറിലെ ചീഫ് ജസ്റ്റിസായിരുന്ന ശൈഖ് അബ്ദുല്ലാഹിബ്‌നു സൈദ് ആലു മഹ്്മൂദിന്റെ മജ്‌ലിസുകളില്‍ അദ്ദേഹം നിത്യ സന്ദര്‍ശകനായിരുന്നു. പലപ്പോഴും ശൈഖിന് ഗ്രന്ഥങ്ങള്‍ വായിച്ചുകൊടുക്കുന്നത് മൗലവിയായിരിക്കും. സലഫീ പണ്ഡിതനും ഗ്രന്ഥകാരനുമായ ശൈഖ് അഹ്്മദ് ഇബ്‌നു ഹജര്‍ ആലു ബൂത്വാമി സലീം മൗലവിയുടെ ബിസിനസ് പാര്‍ട്ണറും സ്‌പോണ്‍സറുമായിരുന്നു.
ഏത് വിഷയവും സൂക്ഷ്മമായി അപഗ്രഥിച്ച് പഠിച്ച ശേഷമേ അദ്ദേഹം അതിലേക്കിറങ്ങുകയുള്ളൂ. വാഹനം വാങ്ങുന്നത് പോലും അതിന്റെ പ്രവര്‍ത്തനക്ഷമതയും, ഓരോ പാര്‍ട്‌സുകളുടെയും ഗുണവും ദോഷവും സൂക്ഷ്മമായി മനസ്സിലാക്കിയ ശേഷമാകും. ബിസിനസ്സില്‍ ചിലപ്പോള്‍ പിറകോട്ടടിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തോട് തമാശയായി പറയും, ഇത്രയേറെ സൂക്ഷ്മത പാലിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പരാജയപ്പെടുന്നതെന്ന്. അദ്ദേഹം ഒന്നു പുഞ്ചിരിക്കുമെന്നല്ലാതെ തന്റെ നിലപാടില്‍ മാറ്റം വരുത്താറില്ല.
പഠനവും ഗവേഷണവും ജീവിതത്തിലുടനീളം നിഷ്‌കര്‍ഷയോടെ പിന്തുടര്‍ന്ന വ്യക്തിത്വമായിരുന്നു മൗലവിയുടേത്. അദ്ദേഹത്തിന്റെ കൃതികളിലും ലേഖനങ്ങളിലും അതിന്റെ നിലാവൊളി കാണാം. ശൈഖ് ആലു മഹ്്മൂദിന്റെ 'ലാ മഹ്ദിയ്യുൻ യുൻതളർ' എന്ന കൃതി 'മഹ്ദി എന്ന മിഥ്യ' എന്ന പേരില്‍ അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മഹ്്ദിയിലുള്ള വിശ്വാസം ഒരു അഖീദയായി അംഗീകരിക്കുന്നവരുടെ അന്തക്കേട് ഈ കൃതി വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വതന്ത്ര കൃതിയായ 'ജിന്നും ജിന്നുബാധയും' എന്ന പുസ്തകവും അന്ധവിശ്വാസങ്ങളുടെ കടക്ക് കത്തി വെക്കുന്നതാണ്. ഈ കൃതി രചിക്കാനുള്ള പ്രചോദനത്തെക്കുറിച്ച് പ്രസാധകര്‍ പറയുന്നു: "ജിന്ന് കേരള മുസ്്ലിംകള്‍ക്കിടയില്‍ ഇന്ന് വിവാദ വിഷയമാണ്. ജിന്നിന്റെ അസ്തിത്വമല്ല, ജിന്ന് മനുഷ്യനെ ബാധിക്കുമോ എന്നതാണ് വിവാദത്തിന്റെ മര്‍മം. മനുഷ്യനില്‍ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ജിന്നുകള്‍ക്ക് കഴിയും എന്നാണ് ജിന്നുബാധയുടെ വക്താക്കള്‍ അവകാശപ്പെടുന്നത്. ഈ ബാധ ഒഴിപ്പിക്കാന്‍ മന്ത്രങ്ങളടക്കമുള്ള ചില പ്രതിവിധികളും അവര്‍ നിര്‍ദേശിക്കുന്നു. കേരളത്തിലെ യാഥാസ്ഥിതികർ നേരത്തെ ഈ വാദക്കാരാണ്. എന്നാല്‍, ദീര്‍ഘകാലം അവരുമായി ആശയസംവാദം നടത്തിയ ഉല്‍പതിഷ്ണുക്കളില്‍നിന്ന് തന്നെ ഒരു വിഭാഗം ജിന്നുബാധയുടെ വക്താക്കളായതാണ് വിവാദത്തിന്റെ പുതിയ പശ്ചാത്തലം. വിഷയത്തെ വസ്തുനിഷ്ഠവും പണ്ഡിതോചിതവുമായി സമീപിക്കാനുള്ള എളിയ ശ്രമമാണ് ഈ ഗ്രന്ഥം.'' ഇതിലദ്ദേഹം മനുഷ്യന്‍, മലക്ക്, ജിന്ന്, പിശാചും മനുഷ്യനും, സുലൈമാന്‍ നബിയും ജിന്നുകളും, ശാസ്ത്രവും ദുര്‍ഭൂതബാധയും, മനോരോഗങ്ങള്‍, കുട്ടിച്ചാത്തന്‍, സിഹ്്റ് തുടങ്ങിയ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്നുണ്ട്.
ദീര്‍ഘമായ ഇരുപത്തിയൊന്നു വര്‍ഷം ഖത്തറില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കവസരമുണ്ടായി. സലീം മൗലവിയും അബ്ദുല്ലാ ഹസനും ഈയുള്ളവനും അസോസിയേഷന്റെ നേതൃത്വം മാറി മാറി വഹിക്കുമായിരുന്നു. സാധാരണ കാണപ്പെടുന്ന അഭിപ്രായ വ്യത്യാസങ്ങളോ ഭിന്നിപ്പുകളോ ഖത്തറിലെ പ്രസ്ഥാന നേതൃത്വത്തില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഖത്തര്‍ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച ഈ ലേഖകനെ ശാന്തപുരം കോളേജിന്റെ പ്രിന്‍സിപ്പലും പിന്നീട് 'അല്‍ജാമിഅ'യായപ്പോള്‍ അതിന്റെ റെക്ടറും ആയി പ്രസ്ഥാനം നിയമിച്ചു. താമസിയാതെ സലീം മൗലവിയും തിരിച്ചെത്തി ശാന്തപുരം അല്‍ ജാമിഅയില്‍ ദഅ്‌വാ കോളേജിന്റെ ചുമതലയേറ്റു. മരിക്കുന്നതു വരെ ഞങ്ങളുടെ ഊഷ്മളമായ സൗഹൃദം തുടര്‍ന്നു. മരണത്തിന് ഒരു മാസം മുമ്പ് ഞാനും ഭാര്യയും അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടപ്പോള്‍ വളരെ അവശനായിരുന്നു. എങ്കിലും പഴയ സ്മരണകള്‍ അയവിറക്കി കൂടുതല്‍ ഉന്മേഷം പ്രകടിപ്പിക്കാന്‍ മൗലവി ശ്രമിക്കുകയുണ്ടായി.
സലീം മൗലവിയുടെ വിയോഗം അല്‍ ജാമിഅക്കും പണ്ഡിത ലോകത്തിനും പ്രസ്ഥാനത്തിന് പൊതുവിലും കനത്ത നഷ്ടമാണ്. അല്ലാഹു ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ആ പ്രിയ സുഹൃത്തിന് സ്ഥാനം നല്‍കി ആദരിക്കട്ടെ- ആമീന്‍ .l