ലേഖനം

ശാരീരികാരോഗ്യം, മാനസികാരോഗ്യം- ഇവ രണ്ടുമായി ബന്ധപ്പെട്ട് പുതിയ കാലത്ത് പലതരത്തിലുള്ള പ്രതിസന്ധികൾ നാം അഭിമുഖീകരിക്കുന്നുണ്ട്. സ്ട്രെസ്സ്, ഡിപ്രഷൻ, കായികക്ഷമതയില്ലായ്മ, പലവിധ ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവ ഇന്ന് വ്യാപകമാണ്. സന്തുലിതവും ചിട്ടയാർന്നതുമായ ദൈനംദിന ജീവിത ശൈലി രൂപപ്പെടുത്തിയാൽ മാത്രമേ മാനസികാരോഗ്യവും ശാരീരികാരോഗ്യവും നിലനിർത്താനാവുകയുള്ളൂ.

ദുനിയാവിലെ സൗകര്യങ്ങളും വിഭവങ്ങളും മനുഷ്യർക്ക് അനുഭവിക്കാനും ആസ്വദിക്കാനും വേണ്ടി തന്നെയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അതിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതമല്ല ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അല്ലാഹു പറയുന്നു: "ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ, അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു"(അൽ അഅ്റാഫ് 32). ഇക്കാര്യത്തിൽ സന്തുലിതവും ചിട്ടയാർന്നതുമായ രീതി സ്വീകരിക്കാതിരിക്കുമ്പോൾ നമ്മുടെ ജീവിത താളം തെറ്റുകയും കാര്യങ്ങൾ വഷളാവുകയും ചെയ്യും.

അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ആരോഗ്യം. ദുനിയാവുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങളിൽ ആരോഗ്യത്തെക്കാൾ മഹത്തായ മറ്റൊരു അനുഗ്രഹം ഒരുപക്ഷേ ഉണ്ടാവുകയില്ല. ജീവിതത്തിൽ എല്ലാം ഉണ്ടാവുകയും ആരോഗ്യം മാത്രം ഇല്ലാതിരിക്കുകയും ചെയ്യുന്നതിനെക്കാൾ ഉത്തമം ജീവിതത്തിൽ ഒന്നും ഇല്ലെങ്കിലും ആരോഗ്യം മാത്രമുള്ളതായിരിക്കും. ഈമാൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യം. മുആദുബ്നു രിഫാഅ (റ) തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: അബൂബക്ർ സിദ്ദീഖ്  (റ) മിമ്പറില്‍ കയറിനിന്നു, ശേഷം കരഞ്ഞു. എന്നിട്ട് പറഞ്ഞു: ഹിജ്റ ഒന്നാം വർഷം റസൂൽ (സ) ഞങ്ങളെ അഭിസംബോധന ചെയ്യാൻ വേണ്ടി (ഇതേപോലെ) എഴുന്നേറ്റുനിന്നു. ശേഷം അവിടുന്ന് കരഞ്ഞു. എന്നിട്ട് നബി (സ) പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനോട് മാപ്പും സമ്പൂർണ ആരോഗ്യവും ചോദിക്കുക. ദൃഢവിശ്വാസത്തിന് ശേഷം സമ്പൂർണ ആരോഗ്യം പോലൊരു അനുഗ്രഹം ആർക്കും നൽകപ്പെട്ടിട്ടില്ല."
ആരോഗ്യം എന്ന അനുഗ്രഹത്തിന്റെ ആഴം യഥാർഥത്തിൽ രണ്ട് സന്ദർഭങ്ങളിലാണ് നമുക്ക് ബോധ്യപ്പെടുക. ഒന്ന്, ആരോഗ്യം നഷ്ടപ്പെടുമ്പോൾ. രണ്ട്, ആരോഗ്യം നഷ്ടപ്പെട്ടതു മൂലം ദുരിത ജീവിതം നയിക്കുന്ന ആളുകളെ കാണുമ്പോൾ. ആരോഗ്യമുള്ളപ്പോൾ ആരോഗ്യം എന്ന അനുഗ്രഹത്തെക്കുറിച്ച് നമ്മളിൽ പലരും അശ്രദ്ധരായിരിക്കും. അതുകൊണ്ടാണ് റസൂൽ പറഞ്ഞത്: "രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ അധികം ആളുകളും അശ്രദ്ധരാണ്/ നഷ്ടകാരികളാണ്. ആരോഗ്യവും ഒഴിവ് സമയുവുമാണവ." ആശുപത്രികളും ക്യാൻസർ വാർഡുകളും ഡയാലിസിസ് സെൻററുകളും സന്ദർശിക്കുമ്പോൾ മാരകമായ രോഗം പിടിപെട്ട് വേദന തിന്ന് ജീവിക്കുന്ന നിരവധി ആളുകളെ നാം കാണാറുണ്ട്. ജീവിതത്തിൽ മറ്റൊന്നുമില്ലെങ്കിലും കുഴപ്പമില്ല, ആരോഗ്യമൊന്ന് തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ച് കിടക്കുന്നവരാണ് അവർ. ജീവിക്കുന്നേടത്തോളം കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നുവെന്ന് ആ കാഴ്ചകള്‍ കാണുമ്പോള്‍ നാം പറഞ്ഞുപോകും.

പുതിയ കാലം, പുതിയ ലോകം; എല്ലാം മാറിക്കൊണ്ടേയിരിക്കുന്നു. ഭക്ഷണശീലങ്ങളിലും കായികാധ്വാനങ്ങളിലും ഉറക്കത്തിന്റെ സമയങ്ങളിലും എല്ലാം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അസന്തുലിതമായ ജീവിത ശൈലികൾ കാരണം പലരുടെയും കായികക്ഷമത കുറയുന്നു, രോഗങ്ങൾ വർധിക്കുന്നു, യൗവനത്തിൽ തന്നെ ശരീരം ദുർബലമാകുന്നു. ആരോഗ്യം നിലനിർത്താനും ശക്തിപ്പെടുത്താനും ദൈനംദിന ജീവിതത്തിൽ ചില ചിട്ടയായ ശീലങ്ങൾ ഇസ്ലാം നിർദേശിക്കുന്നുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം, വൃത്തി, വിനോദം - ഈ അഞ്ച് ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് അവ.
ഈ അഞ്ച് ഘടകങ്ങളെ മുൻനിർത്തി നമ്മുടെ ദൈനംദിന ജീവിതത്തെ പുനഃക്രമീകരിക്കാൻ നാം ശ്രമിക്കണം.

ഭക്ഷണ ശീലം

ഭൂമിയിലുള്ള വിഭവങ്ങളെല്ലാം മനുഷ്യര്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് അല്ലാഹു പറയുന്നു (അൽ ബഖറ 29). ആസ്വാദനത്തിന്റെ വലിയ സാധ്യതകളാണ് ഇസ്ലാം ഇവിടെ തുറന്നുവെക്കുന്നത്. രുചികരമായ ധാരാളം ഭക്ഷണ വിഭവങ്ങളെ ഖുർആൻ പരാമർശിക്കുന്നുണ്ട്. അഥവാ, വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളെ ഇസ്ലാം നിരാകരിക്കുന്നില്ല. രണ്ട് നിബന്ധനകള്‍ പാലിച്ചുകൊണ്ട് എന്തും കഴിക്കാൻ ഇസ്ലാം അനുവാദം നൽകുന്നു. ഹലാല്‍, ത്വയ്യിബ് എന്നിവയാണ് ആ രണ്ട് നിബന്ധനകള്‍.
അല്ലാഹു പറയുന്നു: "അല്ലയോ ജനങ്ങളേ, ഭൂമിയില്‍നിന്ന് ഹലാലായതും ത്വയ്യിബായതും നിങ്ങള്‍ തിന്നുകൊള്ളുക" (അൽ ബഖറ 168).
ത്വയ്യിബ് എന്നാല്‍ ആരോഗ്യത്തിന് ദോഷകരമല്ലാത്തത് എന്നാണ് ഉദ്ദേശ്യം. അതായത്, ആരോഗ്യത്തിന് ഹാനികരമായത് എന്ന് തെളിയിക്കപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കണം. രുചിവൈവിധ്യങ്ങൾ തേടിപ്പോകുന്നവരാണ് നമ്മൾ. ഹോട്ടലുകളില്‍ കയറി വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നവരാണ് പലരും. അതിന് ദീനിൽ തടസ്സമൊന്നുമില്ല. എന്നാൽ, നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ ചില വിഭവങ്ങളും അക്കൂട്ടത്തിലുണ്ടാകാം. അവ സ്ഥിരമായി കഴിക്കുന്നത് ചിലപ്പോൾ ഗുണകരമായിരിക്കില്ല. രുചികള്‍ ആസ്വദിക്കുന്നതിനിടയില്‍ ആരോഗ്യത്തെ മറക്കുന്നുണ്ടോ? താല്‍ക്കാലിക സുഖം ആസ്വദിക്കുന്നതിനിടയിൽ നാം നമ്മുടെ ആരോഗ്യത്തെ കുറിച്ച് അശ്രദ്ധരായാൽ ഭാവിയില്‍ നിത്യരോഗത്തിന്റെ പിടിയിലകപ്പെടും.

എങ്ങനെ ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ചും ഇസ്ലാം ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അമിതാഹാരം പാടില്ല എന്നതാണ് അതിലൊന്ന്. അല്ലാഹു പറയുന്നു: "നിങ്ങള്‍ തിന്നോളൂ കുടിച്ചോളൂ, അതിര് കവിയരുത്. അതിര് കവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അൽ അഅ്റാഫ് 31). ഇവിടെ ഇസ്റാഫ് എന്ന പദമാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. ആവശ്യത്തിലധികം ഭക്ഷിക്കരുത് എന്നാണ് അതിന്റെ ഒരു വിവക്ഷ.

അമിതാഹാരം ശാരീരികമായും ആത്മീയമായും നമുക്ക് ദോഷം ചെയ്യും.
ഓരോരുത്തരും അവർക്ക് ആവശ്യമായ ഭക്ഷണം കഴിക്കണം. ആവശ്യമായ ഭക്ഷണം കഴിക്കാതിരുന്നാല്‍ കരുത്ത് നഷ്ടപ്പെടും. നാം ക്ഷീണിച്ചുപോകും. ശരീരം ദുർബലമാവും. അതുകൊണ്ടു തന്നെ നല്ല ഭക്ഷണം നല്ല രീതിയിൽ കഴിക്കുക എന്നത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. അമിതമായി ഭക്ഷണം കഴിക്കുമ്പോൾ എന്താണ് സംഭവിക്കുക? ക്ഷീണം തോന്നും. അലസതയുണ്ടാകും. ശരീരത്തിന് ഭാരക്കൂടുതൽ അനുഭവപ്പെടും. ഭക്ഷണം കഴിച്ചാൽ ഉന്മേഷവും ഊർജസ്വലതയുമാണല്ലോ യഥാർഥത്തിൽ ഉണ്ടാകേണ്ടത്. അഥവാ ഭക്ഷണം കൊണ്ട് ലഭിക്കേണ്ട ഗുണങ്ങൾ പോലും അമിതാഹാരം കാരണം നഷ്ടപ്പെടുകയാണ്.
അമിതാഹാരത്താല്‍ അലസമായ ശരീരം ഇബാദത്തുകള്‍ നിര്‍വഹിക്കാന്‍ മടികാണിക്കും. വയറ് നിറച്ച് ഭക്ഷണം കഴിച്ച ശേഷം നമസ്കാരത്തിന് നില്‍ക്കുമ്പോഴുള്ള അവസ്ഥ ആലോചിച്ചാൽ മതി. അമിതാഹാരം പലവിധ രോഗങ്ങളിലേക്ക് നാം അറിയാതെ നമ്മെ കൊണ്ടെത്തിക്കും. ഉമര്‍ (റ) പറഞ്ഞു: "നിങ്ങള്‍ അമിതാഹാരത്തെ സൂക്ഷിക്കുക. അത് ശരീരത്തിന് ദോഷം ചെയ്യും. രോഗങ്ങള്‍ വരുത്തിവെക്കും. നമസ്കാര കാര്യത്തില്‍ അലസതയുണ്ടാക്കും. നിങ്ങള്‍ ആഹാരത്തില്‍ മിതത്വം പാലിക്കുക. അതാണ് ശരീരത്തിന് ഏറ്റവും നല്ലത്.'' മിതമായ ആഹാരം ഇത്രയാണ് എന്ന് തിട്ടപ്പെടുത്തി പറയാന്‍ സാധിക്കില്ല. വ്യക്തികള്‍ക്കനുസരിച്ച് അതില്‍ മാറ്റമുണ്ടാകും. ഇന്ന് പല ഹോട്ടലുകളിലും എഴുതിവെച്ചിരിക്കുന്ന പരസ്യ വാചകമാണല്ലോ 'അൺ ലിമിറ്റഡ് റൈസ്.' അൺ ലിമിറ്റഡ് ആയി കഴിക്കാൻ അവസരം ലഭിക്കുമ്പോഴും സ്വന്തമായൊരു ലിമിറ്റ് നിശ്ചയിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

വ്യായാമം

വ്യായാമം ശീലമാക്കാത്ത ശരീരം ആരോഗ്യമുള്ളതായിരിക്കില്ല. വ്യായാമമില്ലെങ്കിൽ ശരീരത്തിൽ അലസത നിറയുകയും ഊർജസ്വലതയും ഉന്മേഷവും ചോർന്നു പോവുകയും ചെയ്യും. വ്യായാമത്തിന്റെ അഭാവം പല വിധ രോഗങ്ങൾക്ക് കാരണമാവാറുണ്ട്. ഇന്ന് വ്യാപകമായി കാണുന്ന പല രോഗങ്ങളുടെയും പ്രധാനപ്പെട്ടൊരു കാരണമായി വിലയിരുത്തപ്പെടുന്നത് വ്യായാമം ശീലമില്ലാത്ത ജീവിത രീതിയാണ്. വ്യായാമം സ്ഥിരമാക്കുമ്പോൾ മനസ്സിൽ സന്തോഷവും ശരീരത്തിന് ഉന്മേഷവും ഉണ്ടാകുന്നത് നമ്മിൽ പലരുടെയും അനുഭവമാണ്. വ്യായാമവും വ്യത്യസ്ത കായിക പരിശീലനങ്ങളും ശീലമാക്കാൻ റസൂൽ ( സ) പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്. നീന്തൽ, കുതിര സവാരി, ആയോധന കല, ഓട്ടം തുടങ്ങിയവ ഉദാഹരണം. നബി (സ) പറഞ്ഞു: " നിങ്ങൾ നീന്തൽ പഠിക്കൂ. നിങ്ങളുടെ മക്കൾക്ക് നീന്തൽ പഠിപ്പിച്ച് കൊടുക്കൂ.”

Balanced diet organic healthy food clean selection with space for text, on black wooden background.

വ്യായാമത്തിന് ആരോഗ്യവുമായി മാത്രമല്ല ബന്ധമുള്ളത്. വ്യായാമവും ആത്മീയതയും തമ്മിൽ വലിയ ബന്ധമുണ്ട്. ആരോഗ്യവും ചിട്ടയായ ജീവിതക്രമവും തസ്കിയത്തിന്റെ ഒരു പ്രധാന വശമാണ്. വ്യായാമത്തിന്റെ അഭാവം നമ്മുടെ ആത്മീയതയെ പ്രതികൂലമായി ബാധിക്കും. വ്യായാമമില്ലാത്ത ശരീരത്തെ അലസത പിടികൂടുമെന്ന് പറഞ്ഞല്ലോ. അലസതയും മടിയും ബാധിച്ച ശരീരം ദേഹേഛക്ക് പെട്ടെന്ന് കീഴ്പെടുമെന്നും ഇബാദത്തുകൾ ചൈതന്യത്തോടെ നിർവഹിക്കുന്നതിന് തടസ്സമാകുമെന്നും മുൻഗാമികളായ പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്. അലസത ബാധിച്ച ശരീരത്തില്‍ പിശാചിന് പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും പണ്ഡിതന്മാർ ഉണർത്തി. നമ്മുടെ ദേഹേഛയെ/ വികാരങ്ങളെ വളരെ വേഗം തൊട്ടുണര്‍ത്താനും തെറ്റിലേക്ക് വഴിതിരിച്ചു വിടാനും പിശാചിന് വലിയ റിസ്ക് എടുക്കേണ്ടി വരില്ല. അതുകൊണ്ടുതന്നെ വ്യായാമം, ആയോധന കലാ പരിശീലനം, കായിക വിനോദങ്ങൾ തുടങ്ങിയവ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ നാം ശ്രമിക്കണം.

ഉറക്കം

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് ഉറക്കം. ഉറങ്ങാൻ കഴിയുക എന്നത് അല്ലാഹുവിന്റെ ഒരു ദൃഷ്ടാന്തമായി ഖുർആനിൽ പറയുന്നുണ്ട്. "രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. കേട്ടുമനസ്സിലാക്കുന്ന ജനത്തിന് ഇതിലും നിരവധി തെളിവുകളുണ്ട്" (അർറൂം 23). ഭക്ഷണവും വെള്ളവും ശരീരത്തിന് അനിവാര്യമാണല്ലോ; അതുപോലെ അനിവാര്യമാണ് ഉറക്കവും. ഭക്ഷണം കൂടുന്നതും കുറയുന്നതും ശരീരത്തെ ബാധിക്കുന്നതു പോലെ, ഉറക്കത്തിന്റെ കുറവും കൂടുതലും ശരീരത്തെ ബാധിക്കും. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത ശരീരം ദുർബലമായിരിക്കും. മനുഷ്യരടക്കമുള്ള ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ശരീരം ആരോഗ്യത്തോടെ നിലനിൽക്കാൻ അല്ലാഹു സംവിധാനിച്ച ജൈവിക വ്യവസ്ഥയാണ് ഉറക്കം. അല്ലാഹു പറയുന്നു:
"അവനാണ് നിങ്ങള്‍ക്ക് രാവിനെ വസ്ത്രമാക്കിയത്. ഉറക്കത്തെ വിശ്രമാവസരവും പകലിനെ ഉണര്‍വു വേളയുമാക്കിയതും അവന്‍ തന്നെ" (അൽ ഫുർഖാൻ 47).

പകൽ പ്രവർത്തിക്കാനുള്ള സമയം, രാത്രി ഉറങ്ങാനുള്ള സമയം; അങ്ങനെയാണ് ഭൂമിയിലെ ജീവിതത്തെ അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. പകൽ പ്രവൃത്തികളിലേർപ്പെടുന്ന ഭൂമിയിലെ സകല ജീവജാലങ്ങളും രാത്രിയായാൽ ഉറക്കത്തിലേക്ക് നീങ്ങും.
മനുഷ്യരും ആ വ്യവസ്ഥ തന്നെയാണ് പിന്തുടരേണ്ടത്. എങ്കിലേ ശരീരത്തിൽ ആരോഗ്യം നിലനിൽക്കുകയുള്ളൂ.

ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ മാനസികവും ശാരീരികവുമായ പലവിധ രോഗങ്ങൾ പതുക്കെപ്പതുക്കെ തലപൊക്കും. വിഷാദം, ഓർമക്കുറവ്, ഹൃദ്രോഗം, ശരീരം ദുർബലമാവുക, ക്ഷീണം, ഉൽസാഹക്കുറവ്, ഷുഗർ തുടങ്ങിയവക്ക് ഉറക്കക്കുറവ് കാരണമാകും. ഉറക്കത്തിന് അല്ലാഹു നിശ്ചയിച്ച ജൈവികമായ ക്രമത്തിന് നാം ഭംഗം വരുത്തുമ്പോഴാണ് ആരോഗ്യം വഷളാവാൻ തുടങ്ങുന്നത്.
ഉറക്കത്തെ കുറിച്ച് അല്ലാഹു പറയുന്നു: "നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമം ആക്കിയിരിക്കുന്നു" (അന്നബഅ് 9). വിശ്രമം എന്നതിന് ഖുര്‍ആൻ ഈ ആയത്തിൽ പ്രയോഗിച്ച വാക്ക് സുബാത്ത് എന്നാണ്. മറ്റെല്ലാ ജോലികളും പ്രവർത്തനങ്ങളും നിര്‍ത്തിവെച്ച് പൂർണമായ വിശ്രമത്തിൽ മുഴുകുന്നതിനെയാണ് സുബാത്ത് എന്ന് പറയുന്നത്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും രാത്രിയായാൽ ഉറങ്ങുന്നു. പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളുമെല്ലാം ആഴമേറിയ ഉറക്കത്തിൽ മുഴുകുന്നു. അവയൊന്നും രാത്രി ഉറക്കമൊഴിക്കാറില്ല. അതുപോലെ തന്നെ കിടന്നിട്ട് ഉറക്കം വരാതെ നേരം പുലരുവോളം പ്രയാസപ്പെടാറില്ല. വളരെ സ്വാസ്ഥ്യമുള്ള ആഴമേറിയ ഉറക്കം അവക്ക് ലഭിക്കുന്നു. കാരണം, അവയെല്ലാം ഉറക്കത്തിന് അല്ലാഹു നിശ്ചയിച്ച പ്രകൃതിപരമായ സമയക്രമം പാലിക്കുന്നവയാണ്.

നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുക എന്നതായിരുന്നു റസൂലിന്റെ രീതി. ആ രീതിയാണ് ആരോഗ്യത്തിന് നല്ലത് എന്ന് ശരീരശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. വൈകി ഉറങ്ങുന്നത് ശരീരത്തിന് ഹാനികരമാണ്. മൊബൈലുകളിൽ വ്യാപൃതരായി വൈകി ഉറങ്ങുന്ന രീതി ഇന്ന് വ്യാപകമാണ്. ഇത് വളരെ ദോഷം ചെയ്യും. നിങ്ങൾ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു നോക്കൂ. ശേഷം വരുന്ന രണ്ടോ മൂന്നോ ദിവസങ്ങളിൽ അതിന്റെ അലസതയും ക്ഷീണവും നിങ്ങളിലുണ്ടാവും. നേരത്തെ ഉറങ്ങി രാത്രിയുടെ അന്ത്യയാമങ്ങളിൽ എഴുന്നേൽക്കുന്നത് ശീലിച്ചാൽ ശരീരത്തിനും മനസ്സിനും അത് ഉന്മേഷവും ഉണർവും സമ്മാനിക്കും. ആരാധനാ കർമങ്ങൾക്ക് വേണ്ടി പോലും സ്ഥിരമായി രാത്രി മുഴുവൻ ഉറക്കമൊഴിക്കുന്നത് റസൂൽ നിരോധിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഉറങ്ങാതെ നമസ്കരിക്കാന്‍ തീരുമാനിച്ച ഒരു അനുയായിയെ റസൂൽ അതിൽനിന്ന് വിലക്കുകയുണ്ടായി.

വൃത്തി

ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായും ഉണ്ടാകേണ്ട ഘടകമാണ് വൃത്തി. ഇസ്ലാമിൽ വൃത്തി എന്നത് ഒരു ഇബാദത്താണ്. നബി (സ) പറഞ്ഞു: "വൃത്തി ഈമാനിലേക്ക് ക്ഷണിക്കുന്നു, ഈമാന്‍ തന്റെ കൂട്ടുകാരനോടൊപ്പം സ്വര്‍ഗത്തിലുമാണ്. "
മറ്റൊരിക്കൽ പറഞ്ഞു: "ശുദ്ധി ഈമാനിന്റെ പകുതിയാണ്.”
ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ ആദ്യത്തെ അധ്യായം ‘ത്വഹാറ’ അഥവാ വൃത്തി/ ശുദ്ധി എന്നതാണ്. ഇസ്ലാമിക കര്‍മശാസ്ത്രത്തിൽനിന്ന് ഒരു മുസ്ലിമിന് ആദ്യമായി പഠിക്കാനുള്ളത് അതാണ്. ആരോഗ്യ സംരക്ഷണത്തിന് വൃത്തിയുള്ള ദൈനംദിന ജീവിത രീതി ചിട്ടപ്പെടുത്താൻ ഇസ്ലാം നിർദേശിക്കുന്നു. വൃത്തിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റസൂൽ പ്രത്യേകം പ്രത്യേകം ഉണർത്തിയിട്ടുമുണ്ട്. ഉറക്കത്തിൽ നിന്നുണർന്നാൽ മൂന്നു പ്രാവശ്യം കൈകൾ കഴുകിയ ശേഷമല്ലാതെ വെള്ളപ്പാത്രത്തിൽ സ്പർശിക്കരുത് എന്ന് നബി പഠിപ്പിച്ചു . പല്ല് വൃത്തിയായി സൂക്ഷിക്കണം. റസൂൽ പറയുന്നു: "ദന്തശുദ്ധീകരണം വായയെ വൃത്തിയാക്കുന്നതും അല്ലാഹുവിനെ തൃപ്തനാക്കുന്നതുമാണ്”. പ്രത്യേകിച്ചും രാത്രി ഉറങ്ങുന്നതിനു മുമ്പ് പല്ല് വൃത്തിയാക്കുന്നത് നല്ലതാണ്. രാത്രി പല്ല് വൃത്തിയാക്കാതെ ഉറങ്ങുന്നത് ശീലമാക്കിയാൽ പല്ല് ക്രമേണ കേടുവരും. അതുകൊണ്ടാണ് റസൂൽ പറഞ്ഞത്: "എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലായെങ്കിൽ എല്ലാ വുദൂവിനോടൊപ്പവും പല്ല് തേക്കാന്‍ കൽപിക്കുമായിരുന്നു".
തലമുടി ചീകിയൊതുക്കി വെക്കണമെന്നും റസൂൽ നിർദേശിച്ചു. നബി (സ) പറഞ്ഞു: “മുടിയുള്ളവൻ അതിനെ ബഹുമാനിക്കട്ടെ."
കക്ഷരോമവും ഗുഹ്യരോമവും നീക്കം ചെയ്യുക, നഖം മുറിക്കുക തുടങ്ങിയവയെല്ലാം റസൂലിന്റെ (സ) നിർദേശങ്ങളിൽ പെട്ടതാണ്.
വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കാനും ഇസ്ലാം ഉണർത്തുന്നുണ്ട്. റസൂൽ പറഞ്ഞു: “അല്ലാഹു വൃത്തി ഇഷ്ടപ്പെടുന്നു. അതിനാൽ നിങ്ങൾ സ്വന്തം മുറ്റങ്ങൾ വൃത്തിയായി സൂക്ഷിക്കുക.”
കഴിക്കുന്ന പാത്രങ്ങളും ഭക്ഷണവുമെല്ലാം വൃത്തിയായി സൂക്ഷിക്കാനും നിർദേശിച്ചു. ഭക്ഷണ പാത്രം തുറന്നിടരുത്, ഭക്ഷണത്തിന് മുമ്പ് കൈകഴുകണം, ഭക്ഷണത്തില്‍ ഊതരുത് തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങൾ അതിന്റെ ഭാഗമാണ്.

വിനോദം

വിനോദം മനുഷ്യന്റെ പ്രകൃതിപരമായ താൽപര്യങ്ങളിൽ പെട്ടതാണ്. വിനോദം മനസ്സിന് ആനന്ദവും ആശ്വാസവും ചിന്തക്ക് ഭാരക്കുറവും നൽകുന്നു. ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള ഉണർവ് അതുവഴി ലഭിക്കുന്നു. വിനോദം ഇല്ലെങ്കിൽ ജീവിതവും മനസ്സും വരണ്ടുപോവും. കായിക വിനോദങ്ങൾ, യാത്രകൾ, ഭാര്യയോടും കുട്ടികളോടുമൊപ്പമുള്ള കളികൾ, ഇസ്ലാം നിരോധിക്കാത്ത വിവിധ തരം എന്റർടൈൻമെന്റുകൾ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാകണം.

ലൈഫ് സ്റ്റൈൽ ബാലൻസിങ്

ബിസിനസും ജോലിയും ജോലിയിടങ്ങളിലെ തിരക്കുകളുമൊക്കെയായി നമ്മുടെ ജീവിതം മുന്നോട്ട് പോവുകയാണ്. വിവിധ പ്രൊഫഷനുകളിലും, വ്യത്യസ്ത ബിസിനസുകളിലും തൊഴിലുകളിലും ഏർപ്പെടുന്നവരാണ് നാം. ഓരോ മേഖലയിലും അതിന്റേതായ തിരക്കുകളും മെന്റൽ സ്ട്രെയ്്നുമൊക്കെയുണ്ട്. അതോടൊപ്പം കുടുംബം, പാരന്റിംഗ്, ഇബാദത്ത്, വ്യക്തിപരവും സംഘടിതവുമായ മറ്റു ദീനീ പ്രവർത്തനങ്ങൾ, വായന, പഠനം തുടങ്ങിയവയിൽ നാം ഏർപ്പെടുന്നുണ്ട്.
ഈ കാര്യങ്ങളിലെല്ലാം സന്തുലിതമായി എൻഗേജ് ചെയ്യുന്ന ജീവിത ശൈലിയാണ് നാം രൂപപ്പെടുത്തേണ്ടത്. മാനസികാരോഗ്യം നിലനിർത്തുന്നതിലും സ്ട്രെസ്സ് ഇല്ലാതാക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, ഇവയെല്ലാം സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ പലപ്പോഴും നാം പ്രയാസമനുഭവിക്കാറുണ്ട്. ഓരോ സന്ദർഭത്തിലും ഓരോന്നിന്റെയും മുൻഗണനാക്രമം മാറിക്കൊണ്ടിരിക്കാം. അതിനനുസരിച്ച് സമയ ക്രമീകരണവും ഊന്നലും നിശ്ചയിക്കുക എന്നത് പ്രധാനമാണ്. ഒന്നിൽ എൻഗേജ് ചെയ്യുമ്പോൾ മറ്റുള്ളതിൽ നിന്നെല്ലാം അശ്രദ്ധമാകുന്ന ജീവിതശൈലിയിൽ മാറ്റം ഉണ്ടാവണം. അത് മാനസിക സ്ട്രെസ്സിനും വിരസതക്കും മടുപ്പിനും കാരണമാകും. നമ്മിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും. ബിസിനസ്, കുടുംബം, ദീനീപ്രവർത്തനങ്ങൾ തുടങ്ങിയവ സന്തുലിതമായി കൊണ്ടുപോകുന്ന ജീവിത സംസ്കാരം നാം വളർത്തിയെടുക്കണം. നമ്മുടെ പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കുന്ന രൂപത്തിൽ ജീവിത രീതിയെ ക്രമീകരിക്കുകയും ആസൂത്രണങ്ങൾ നടത്തുകയും വേണം.
നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത ശരീരപ്രകൃതമാണുള്ളത്. ഉയരമുള്ളവർ, ഉയരം കുറഞ്ഞവർ, മെലിഞ്ഞ ശരീരപ്രകൃതമുള്ളവർ, തടിച്ച ശരീരപ്രകൃതമുള്ളവർ, വൈകല്യമുള്ളവർ, വൈകല്യം ഇല്ലാത്തവർ…… ശരീരപ്രകൃതം ഏതാണെങ്കിലും വിശ്വാസിയുടെ ശരീരഭാഷ എപ്പോഴും ഊർജസ്വലതയും ഉന്മേഷവും നിറഞ്ഞതായിരിക്കണം. കാണുന്നവർക്കൊരു പോസിറ്റീവ് എനർജി ലഭിക്കുന്ന വിധത്തിൽ ബോഡി ലാംഗ്വേജ് എനർജറ്റിക് ആയിരിക്കണം. റസൂലിന്റെയും സ്വഹാബികളുടെയും ബോഡി ലാംഗ്വേജ് അപ്രകാരമായിരുന്നു. l

(2022 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ എസ്.ഐ.ഒ കേരള
സംഘടിപ്പിക്കുന്ന കാംപയിന്റെ പ്രമേയം വിശദീകരിക്കുന്നു)


ലൈംഗിക അരാജകത്വവും ഉദാര ലൈംഗികതയും അതിര്‍വരമ്പുകളില്ലാത്ത ആണ്‍-പെണ്‍ ബന്ധവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ ഉദാര ലൈംഗികത ആദര്‍ശമായി കൊണ്ടുനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചിലര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആ ആശയത്തെ അംഗീകരിക്കാത്തവരില്‍ ചിലര്‍ പോലും അത്തരം ജീവിത സംസ്‌കാരത്തിലേക്ക് വഴുതി വീഴുന്നു. മാത്രവുമല്ല, അതീവ സൂക്ഷ്മതയും തികഞ്ഞ ജാഗ്രതയും പുലര്‍ത്തിയില്ലെങ്കില്‍ ഏതൊരാളും പെട്ടുപോകും വിധം അശ്ലീലതയിലേക്കുള്ള എല്ലാ വാതിലുകളും തുറക്കപ്പെടുകയും സകല അവസരങ്ങളും ഒരുക്കപ്പെടുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇവിടെ നിന്നുകൊണ്ടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ധാര്‍മിക സദാചാര അധ്യാപനങ്ങളെ കുറിച്ചും അതിലൂടെ സാധ്യമാകുന്ന ജീവിത സൗന്ദര്യത്തെ കുറിച്ചും   ചര്‍ച്ച ചെയ്യുന്നത്.
'ആ മരത്തോട് അടുക്കരുത്'. ആദിമനുഷ്യന്    അല്ലാഹു ആദ്യമായി നല്‍കിയത് ഒരു വിലക്കായിരുന്നു എന്ന് പറയാറുണ്ട്. ഇങ്ങനെ,  വിലക്കുകളുടെ മതമായി ഇസ്‌ലാം ചിലപ്പോഴെങ്കിലും അവതരിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ ഈ ഒരു വിലക്കിന് മുമ്പ് ആസ്വാദനങ്ങളുടെ ഒരുപാട് വാതിലുകള്‍ ആദമിനും ഹവ്വക്കും  മുന്നില്‍ അല്ലാഹു തുറുന്ന്  വെച്ചിരുന്നു. മരത്തോട് അടുക്കരുത് എന്ന് കല്‍പിക്കുന്നതിന്  മുമ്പ് അല്ലാഹു പറഞ്ഞു: 'നീയും നിന്റെ പത്‌നിയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. നിങ്ങള്‍ അതില്‍നിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോട് അടുക്കരുത്.' വിശാലമായ സ്വാതന്ത്ര്യവും ആസ്വാദനാവസരങ്ങളും നല്‍കിയതിന് ശേഷം ഒടുവില്‍ മാത്രമാണ് വിലക്കിനെ  കുറിച്ച് സംസാരിച്ചത്. ആ വിലക്കാകട്ടെ, നല്‍കിയ സ്വാതന്ത്ര്യത്തിന്റെ പരിധിയെ സൂചിപ്പിക്കാനുമായിരുന്നു.
ഇസ്‌ലാം സൗന്ദര്യമാണ്. ഇസ്‌ലാമിലൂടെ സാധ്യമാകുന്നത് സൗന്ദര്യമുള്ള ജീവിതമാണ്. ഇസ്‌ലാമിലെ ഓരോ നിയമവും നിര്‍ദേശവും ജീവിതത്തിന്റെ അഴകും ഭംഗിയും തെളിമയും വര്‍ധിപ്പിക്കുന്നതാണ്.  അനുവദനീയങ്ങളുടെ വലിയ ലോകമാണ് ഇസ്‌ലാം മനുഷ്യന് മുമ്പില്‍ തുറന്ന്  വെക്കുന്നത്. ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടില്‍ ഈ ഭൂമിയും അതിലെ സകല വിഭവങ്ങളും മനുഷ്യന് വേണ്ടിയാണ് അല്ലാഹു  സൃഷ്ടിച്ചത്. അല്ലാഹു പറയുന്നു: 'ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുവെച്ചത് അവനാകുന്നു' (അല്‍ബഖറ: 29).
അഥവാ അടിസ്ഥാനപരമായി  മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ ലൗകിക കാര്യങ്ങളും അനുവദനീയമാണ്. ഇത് ശരീഅത്തിലെ പ്രധാന തത്ത്വമാണ്. അപ്പോള്‍ ഭൗതിക വ്യവഹാരവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യം അനുവദനീയമാണ് എന്നതിന് തെളിവ് അന്വേഷിക്കേണ്ടതില്ല. നിഷിദ്ധമാണ് എന്നതിനാണ് തെളിവ് വേണ്ടത്. ജീവിതത്തില്‍ നിഷിദ്ധമായത് എന്തെല്ലാമാണെന്ന് അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുണ്ട്. അഥവാ കുറച്ച് വിലക്കുകള്‍. ബാക്കിയുള്ളത് മുഴുവന്‍ അനുവദനീയമാണ്. അല്ലാഹു അനുവദനീയങ്ങളുടെ വിശാലമായ ലോകം നമുക്ക് തുറന്ന് തന്നു. ഒപ്പം ചില അതിര്‍വരമ്പുകളും വിലക്കുകളും നിര്‍ണയിക്കുകയും ചെയ്തു. 
എന്തിനാണ്  അതിര്‍വരമ്പുകള്‍ നിശ്ചയിച്ചത്? ഈ പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും സൃഷ്ടിക്കുകയും പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അല്ലാഹുവാണ്.  മനുഷ്യനെ സൃഷ്ടിച്ചതും ഇങ്ങനെ ഒരു ജീവിതം സംവിധാനിച്ചതും അല്ലാഹു തന്നെ. മനുഷ്യനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് അല്ലാഹുവാണെങ്കില്‍ മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന് പറയാനുള്ള അധികാരവും അല്ലാഹുവിനാണ്. എല്ലാം അറിയുന്നവന്‍ സ്രഷ്ടാവായ അല്ലാഹു മാത്രമാണ്. അവന്‍ അറിയിച്ചതല്ലാതെ ഒന്നും മനുഷ്യന് അറിയുന്നില്ല. അതുകൊണ്ട് തന്നെ മനുഷ്യന് ജീവിതത്തില്‍ ഗുണമുള്ളതും ദോഷമുള്ളതും ഏതൊക്കെയാണെന്നും മനുഷ്യന്റെ  വ്യക്തിപരവും സാമൂഹികവുമായ വിജയത്തിനും നന്മക്കും ഏത് നിയമം ആവശ്യമാണെന്നും, ഏത് അളവിലാണ് അത് വേണ്ടതെന്നും അല്ലാഹുവിനേക്കാള്‍ നന്നായി ഒരാള്‍ക്കും അറിയില്ല. വിശാലമായ സ്വാതന്ത്ര്യം നല്‍കിയതോടൊപ്പം അല്ലാഹു ചില പരിധികളും നിയന്ത്രണങ്ങളും മനുഷ്യന്റെ മേല്‍ നിശ്ചയിച്ചിട്ടുണ്ട്. അത് മനുഷ്യന്റെ  ജീവിതം സൗന്ദര്യവും സമാധാനവും നിറഞ്ഞതാകാന്‍ വേണ്ടിയാണ്. സംസ്‌കാര സമ്പന്നമായ ഒരു സമൂഹം ഉണ്ടാകാനും ശക്തമായ നാഗരികത ഉയര്‍ന്നുവരാനും വേണ്ടിയാണ്. ദീന്‍ വിലക്കിയ കാര്യത്തില്‍നിന്ന് ഒരു വിശ്വാസി എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ അല്ലാഹു പറഞ്ഞത് കൊണ്ട് എന്നാണ്  ഉത്തരം. ആ വിലക്കിന്റെ യുക്തിയെന്താണെന്നത് രണ്ടാമത്തെ കാര്യമാണ്. അല്ലാഹു പറഞ്ഞു എന്നതാണ് പ്രധാനം. ഒരു കാര്യം അല്ലാഹു വിലക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ യുക്തി ചിലപ്പോള്‍ നമുക്ക് പിടികിട്ടും; ചിലപ്പോള്‍ പിടികിട്ടില്ല.  നമ്മള്‍ മനസ്സിലാക്കിയ യുക്തിയാകട്ടെ അത് ശരിയാകണമെന്നുമില്ല.
ഈ വിശ്വാസാടിത്തറകളില്‍ നിന്നാണ് സത്യവിശ്വാസിയുടെ ജീവിത സംസ്‌കാരവും   സദാചാര- ധാര്‍മിക കാഴ്ചപ്പാടുകളും രൂപപ്പെടുന്നത്. സദാചാര - ധാര്‍മികതയുമായി  ബന്ധപ്പെട്ട ചര്‍ച്ചയില്‍ കൂടുതലായി കടന്നു വരിക ആണ്‍-പെണ്‍ ബന്ധവും ലൈംഗികതയുമാണ്. ലൈംഗികതയടക്കുള്ള ശാരീരിക വികാരങ്ങള്‍ മനുഷ്യന്റെ നൈസര്‍ഗിക വാസനയാണ്. നൈസര്‍ഗിക വാസനകളെ ഇസ്‌ലാം അശ്ലീലമായി കാണുന്നില്ല. ലൈംഗികത മനുഷ്യപ്രകൃതിയുടെ അനിവാര്യ തേട്ടമാണ്. ആണ്‍ ശരീരം പെണ്‍ ശരീരത്തെയും, പെണ്‍ ശരീരം ആണ്‍ ശരീരത്തെയും കൊതിക്കുന്നു. മനുഷ്യ പ്രകൃതിയാണിത്. ലൈംഗിക വികാരത്തിന്റെ പൂര്‍ത്തീകരണത്തിന് ഇസ്‌ലാം വിശുദ്ധമായ മാര്‍ഗം നിശ്ചയിച്ച് തന്നു; വിവാഹം.  വിവാഹ ശേഷം ഇണയും തുണയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രതിഫലം ലഭിക്കുന്ന പുണ്യ കര്‍മമാണ് എന്ന് ഇസ്‌ലാം  പഠിപ്പിക്കുന്നു. ഇസ്‌ലാം ഇങ്ങനെയാണ് മനുഷ്യന്റെ സഹജവാസനകളെ അറിഞ്ഞ് അംഗീകരിക്കുന്നത്. അല്ലാഹുപറയുന്നു: 'സ്ത്രീകള്‍, സന്താനങ്ങള്‍, കനകത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കാലികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയോടുള്ള മോഹം മനുഷ്യര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അതൊക്കെയും ഏതാനും നാളത്തെ ഐഹികജീവിതത്തിനുള്ള വിഭവങ്ങളാകുന്നു. വാസ്തവത്തില്‍ ഏറ്റവും ഉല്‍കൃഷ്ടമായ പാര്‍പ്പിടം  അല്ലാഹുവിങ്കലത്രെ' (ആലുഇംറാന്‍: 14). ഈ വചനത്തില്‍ ഭൗതിക ലോകത്തെ അലങ്കാരങ്ങളും സുഖങ്ങളും വിഭവങ്ങളും എടുത്തു പറയുന്നു. അവ മനുഷ്യ മനസ്സിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. അത് ആഗ്രഹിക്കുന്നതും അതിന് വേണ്ടി പരിശ്രമിക്കുന്നതും തെറ്റാണെന്ന് അല്ലാഹു പറയുന്നില്ല. 
മനുഷ്യന്റെ ലൈംഗിക വികാര പൂര്‍ത്തീകരണത്തിന് വിവാഹം എന്ന മാര്‍ഗം കാണിച്ചു തരികയും അതിനപ്പുറമുള്ള  ലൈംഗിക ബന്ധങ്ങള്‍ നിഷിദ്ധമാക്കുകയും ചെയ്തു. അത്തരം അവിഹിത മാര്‍ഗങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാന്‍ പല പരിധികളും അതിര്‍വരമ്പുകളും  നിര്‍ണയിച്ചു. 
മനുഷ്യ മനസ്സ് എപ്പോഴും പാപത്തിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതാണ്. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും, മനസ്സ് തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുതന്നെയാകുന്നു' (യൂസുഫ്: 53).  അങ്ങനെയെങ്കില്‍ സാഹചര്യം കൂടി ഒത്തുവന്നാലോ, മനുഷ്യന്‍ അതിനെ അതിജീവിക്കാന്‍ പാടുപെടും. അതുകൊണ്ട് ഇസ്‌ലാമിക ശരീഅത്ത് ഒരു പ്രധാന തത്ത്വം മുന്നോട്ട് വെക്കുന്നു. 'തെറ്റുകളിലേക്ക് എത്തിക്കുന്ന വഴികള്‍ അടക്കപ്പെടണം' ഫിഖ്ഹിലെ സമാനമായ മറ്റൊരു തത്ത്വം ഇങ്ങനെയാണ്:- 'നിഷിദ്ധത്തിലേക്ക് എത്തിക്കുന്ന എല്ലാ കാര്യവും നിഷിദ്ധമാണ്.'  അതായത്, ഒരു  കാര്യം, അത് ചെയ്യുന്നതിലൂടെ പാപത്തിലേക്കുള്ള വഴി തുറക്കപ്പെടുമെങ്കില്‍, അത്തരം സന്ദര്‍ഭങ്ങളില്‍ ആ കാര്യവും നിഷിദ്ധമാവും. തെറ്റ് ചെയ്യാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തുന്നത് പോലെ തെറ്റിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങള്‍  ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശരീഅത്ത് ഉണര്‍ത്തുന്നു. 
ഖുര്‍ആനില്‍ രണ്ട് പ്രയോഗമുണ്ട്. ഒന്ന്, 'നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കരുത്.' വ്യഭിചരിക്കരുത് എന്ന് പറയാതെ, അതിലേക്ക് അടുക്കരുത് എന്നാണ് കല്‍പന. കാരണം അശ്ലീലതയുടെ അഴുക്കു ചാലിലേക്ക് പലരും മനപ്പൂര്‍വം ഇറങ്ങുന്നതല്ല. ചില സാഹചര്യങ്ങളും അവസരങ്ങളും അവരെ അതിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.  രണ്ട്, 'നിങ്ങള്‍ പിശാചിന്റെ കാലടികളെ പിന്തുടരരുത്.' അഥവാ പിശാച് ഒരു തെറ്റിലേക്ക് നേരിട്ട് ക്ഷണിക്കാറില്ല. തെറ്റിലേക്കുള്ള വഴികള്‍ കാണിച്ചു തരിക മാത്രമാണ് ചെയ്യുക. പാപം ചെയ്യാന്‍ അവസരം ഒരുക്കുക എന്നതാണ് അവന്റെ തന്ത്രം. കാരണം മനുഷ്യന്റെ അവസ്ഥ പിശാചിന് അറിയാം. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ മനുഷ്യന്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടും.  അതുകൊണ്ടാണ് അല്ലാഹുവും റസൂലും ചില നിയന്ത്രണങ്ങളെ കുറിച്ചും പരിധികളെ കുറിച്ചും ഓര്‍മിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:  ''പ്രവാചകന്‍, വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍  കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവര്‍ക്കുള്ള ഏറ്റം സംസ്‌കൃതമായ നടപടി. അവര്‍ പ്രവര്‍ത്തിക്കുന്നത്  അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നു. വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ.  ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ'' (അന്നൂര്‍: 30).
ആണിനോടെന്ന പോലെ പെണ്ണിനോടും (അന്നൂര്‍: 31) അല്ലാഹു കണ്ണുകളെ നിയന്ത്രിക്കാന്‍ കല്‍പ്പിക്കുകയാണ്. കണ്ണുകളെ നിയന്ത്രിക്കട്ടെ എന്ന് പറഞ്ഞ ശേഷം തൊട്ടുടനെ അല്ലാഹു കല്‍പിക്കുന്നത് ലൈംഗിക വിശുദ്ധി പുലര്‍ത്തുകയും  ചെയ്യട്ടെ എന്നാണ്. അഥവാ നോട്ടമാണ് അശ്ലീലതയിലേക്കുള്ള ഒന്നാമത്തെ വാതില്‍. പിശാചിന്റെ ഒന്നാമത്തെ ചുവടുവെപ്പ്. ആ വാതില്‍ തുറന്നാല്‍ ചീത്ത വിചാരങ്ങളുടെ അടുത്ത ഘട്ടങ്ങളിലേക്ക് എത്തിപ്പെടും.  അതുകൊണ്ടാണ് അല്ലാഹു കണ്ണുകളെ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നത്.  അതുപോലെതന്നെ, അന്യരായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സ്പര്‍ശിക്കുന്നത് അനുവദനീയമല്ലെന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. നബി (സ) പറയുന്നു: 'ഞാന്‍ അന്യ സ്ത്രീകളോട് ഹസ്തദാനം ചെയ്യാറില്ല.' ആഇശ ബീവി (റ) പറയുന്നു: 'റസൂലിന്റെ കൈ മറ്റൊരു സ്ത്രീയുടെ കൈയില്‍ ഒരിക്കലും സ്പര്‍ശിച്ചിട്ടില്ല.'    സ്ത്രീ- പുരുഷന്മാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കണമെന്നും ഇസ്‌ലാം  പഠിപ്പിക്കുന്നു. അത്യാവശ്യത്തിന് മാത്രം പരസ്പരം  സംസാരിക്കുക, കൊഞ്ചിക്കുഴഞ്ഞ് പരസ്പരം ഇടപഴകാതിരിക്കുക തുടങ്ങിയവ അതില്‍ ചിലതാണ്.      
ഓണ്‍ലൈനിലാണെങ്കിലും ഓഫ്‌ലൈനിലാണെങ്കിലും സംസാരത്തില്‍ ഇത്തരം സൂക്ഷ്മതകള്‍ പാലിക്കണം. അന്യ സ്ത്രീയും പുരുഷനും ആരുമില്ലാത്തിടത്ത്  തനിച്ചാവുന്നത് ശരീഅത്ത് വിലക്കി. അങ്ങനെ തനിച്ചാകുന്ന നിമിഷം മൂന്നാമനായി ഉണ്ടാവുക പിശാചാണെന്ന് മുന്നറിയിപ്പ് നല്‍കി.  ചിലര്‍ ഇങ്ങനെ പറയുന്നു: 'എന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ എനിക്ക് അറിയാം. തനിച്ചായത് കൊണ്ട് തെറ്റായ  വിചാരങ്ങള്‍ ഉണ്ടാവണമെന്നില്ലല്ലോ. എല്ലാം ആ കണ്ണോടെ നോക്കുന്നത് കൊണ്ടുള്ള പ്രശ്‌നമാണിത്'. മനുഷ്യ പ്രകൃതിയുടെ യാഥാര്‍ഥ്യത്തിന് നേരെ കണ്ണടച്ചു കൊണ്ടുള്ള വര്‍ത്തമാനമാണിത്. സ്ത്രീയും പുരുഷനും തനിച്ചായാല്‍ അരുതാത്തത് ഉറപ്പായും സംഭവിക്കും എന്നല്ല ശരീഅത്ത് പറയുന്നത്. തെറ്റിലേക്ക് എത്തിക്കുന്ന ചെറിയൊരു സാഹചര്യം പോലും ഉണ്ടാവാതിരിക്കാനാണ് ഇത്തരം പരിധികള്‍ വെക്കുന്നത്.
ഗൗരവപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രപഞ്ച നാഥന്റെ വര്‍ത്തമാനമാണല്ലോ ഖുര്‍ആന്‍. അന്യന്റെ വീട്ടില്‍ പടികടന്ന് കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഖുര്‍ആന്‍ വിവരിക്കുന്നു: 'അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടേതല്ലാത്ത വീടുകളിലേക്ക് പ്രവേശിക്കാതിരിക്കുവിന്‍; ആ വീട്ടുകാരോട് അനുവാദം ചോദിക്കുകയും അവര്‍ക്കു സലാം പറയുകയും ചെയ്യുന്നതുവരെ. ഈ സമ്പ്രദായമാകുന്നു നിങ്ങള്‍ക്കുത്തമമായിട്ടുള്ളത്. ഇതു നിങ്ങള്‍ ശ്രദ്ധിക്കുമല്ലോ. അന്യവീട്ടില്‍ ആരെയും കണ്ടില്ലെങ്കിലും സമ്മതം  കിട്ടുന്നതുവരെ കടക്കരുത്. നിങ്ങളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചുപോരണം. അതാണ് നിങ്ങള്‍ക്കേറെ ഉചിതമായ സംസ്‌കാരം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും അല്ലാഹു നന്നായറിയുന്നുണ്ട്' (അന്നൂര്‍: 27,28).
ഈ കാര്യം ഇത്ര വിശദമായി ഖുര്‍ആന്‍ പറയുന്നത് എന്തിന് എന്ന് ചിലപ്പോള്‍ തോന്നാം. റസൂല്‍ (സ) ഈ  വിഷയം ഒന്നു കൂടി വിശദീകരിച്ചു. മറ്റൊരു വീടിന്റെ വാതില്‍ക്കല്‍ എത്തിയാല്‍ ഇടതു വശത്തേക്കോ  വലതു വശത്തേക്കോ മാറി നില്‍ക്കുക. വാതിലിന് അഭിമുഖമായി നില്‍ക്കരുത്. ജനല്‍ വിടവിലൂടെ നോക്കരുത്. അരുതാത്തത് കാണാന്‍ ഇടവരാതിരിക്കാനുള്ള ജാഗ്രത നിര്‍ദേശങ്ങളാണിവ. അതുവഴി തെറ്റായ വിചാരങ്ങള്‍ മനസ്സില്‍ ഉറവയെടുക്കാതിരിക്കാനാണ് അല്ലാഹുവും റസൂലും ഇങ്ങനെ പഠിപ്പിക്കുന്നത്. 
അന്യ  സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം ഏറ്റവും സുന്ദരമായി അവതരിപ്പിച്ച ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം. ഖുര്‍ആന്‍ ഇതിലേക്ക് വെളിച്ചം വീശുന്നു: 'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ നിരോധിക്കുന്നു. നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്ത് നല്‍കുന്നു. അല്ലാഹുവിനെയും  അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം  ലഭിക്കുക തന്നെ ചെയ്യും. നിശ്ചയം, അല്ലാഹു അജയ്യനും യുക്തിമാനുമാകുന്നു' (അത്തൗബ: 71).
സ്ത്രീ- പുരുഷ ബന്ധത്തിന്റെ മാനദണ്ഡം ഈ ആയത്ത് വ്യക്തമാക്കുന്നുണ്ട്. അത് നന്മ നിലനിര്‍ത്തുന്നതിനും തിന്മയും അനീതിയും തടയുന്നതിനുമുള്ള പ്രവര്‍ത്തന മാര്‍ഗത്തിലെ പരസ്പര സഹകരണമാണ്. നന്മയുടെ മാര്‍ഗത്തില്‍ ഇങ്ങനെ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുമ്പോള്‍ സ്ത്രീ-പുരുഷ ബന്ധത്തില്‍  മുകളില്‍ സൂചിപ്പിച്ച, ഇസ്‌ലാമിലെ പരിധികളും അതിര്‍വരമ്പുകളും പൂര്‍ണമായും പാലിക്കാന്‍ സൂക്ഷ്മത പുലര്‍ത്തുകയും വേണം.
എന്റെ ശരീരത്തിന്റെ ഉടമ ഞാനാണ്. അത് എനിക്ക് ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാനും അനുഭവിക്കാനുമുള്ള  അവസരം ലഭിക്കുക എന്നത് എന്റെ അവകാശമാണ്; ഇങ്ങനെ വാദിക്കുന്നവരുണ്ട്.  ഈ വാദം സത്യവിശ്വാസിക്ക് ഉണ്ടാവുകയില്ല. കാരണം അത് അവന്റെ വിശ്വാസത്തിന് എതിരാണ്. അത്തരം വാദങ്ങളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: 'സ്വന്തം ഇഛയെ ദൈവമായി സ്വീകരിച്ചവനെ താങ്കള്‍ കണ്ടുവോ' (അല്‍ജാസിയ: 23).
സത്യവിശ്വാസികളുടെ കാഴ്ച്ചപ്പാട് മറ്റൊന്നാണ്.  ഞാനും എന്റെ ശരീരവും എന്റെ അടുത്തുള്ളതുമെല്ലാം അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. അവന്‍ അതെല്ലാം എന്നെ അമാനത്തായി ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഉടമസ്ഥന്റെ താല്‍പര്യപ്രകാരം അത് ഉപയോഗിക്കാന്‍ മാത്രമേ എനിക്ക് അവകാശമുള്ളൂ. ഉടമസ്ഥനായ അല്ലാഹു എന്തെങ്കിലും വിലക്കുകയോ ഏതെങ്കിലും പരിധി നിശ്ചയിക്കുകയോ ചെയ്താല്‍ അത് ലംഘിക്കാന്‍ എനിക്ക് ഒരു നിര്‍വാഹവുമില്ല; ഇങ്ങനെയാണ് ഒരു മുസ്ലിം വിശ്വസിക്കുന്നത്. ഈ ലോകത്തിനുമപ്പുറം മറ്റൊരു ലോകവും ജീവിതവുമുണ്ടെന്ന കാഴ്ച്ചപ്പാടില്‍ നിന്ന് കൂടിയാണ് ദുന്‍യാവിലെ ആസ്വാദനത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച വിശ്വാസിയുടെ കാഴ്ച്ചപ്പാട് രൂപപ്പെടുന്നത്. 
ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ധാര്‍മിക അതിര്‍വരമ്പുകള്‍ പാലിക്കുന്നത് കൊണ്ട് പരലോക മോക്ഷം മാത്രമല്ല ലഭിക്കുന്നത്. ആ പരിധികള്‍ പാലിക്കുന്നതിലൂടെ ഈ ലോകത്ത്  രൂപപ്പെടുന്നത് സൗന്ദര്യവും സമാധാനവും മനോഹാരിതയുമുള്ള ജീവിതമാണ്. ഇസ്‌ലാമിലൂടെ മാത്രം സാധ്യമാകുന്ന ജീവിത സൗന്ദര്യമാണത്. 

(എസ്.ഐ.ഒ കേരള സെക്രട്ടറിയാണ് ലേഖകന്‍)