ജമാഅത്തെ ഇസ് ലാമി തിരൂരങ്ങാടി ഏരിയ ചുള്ളിപ്പാറ ഘടകത്തിലെ സജീവ പ്രവർത്തകനും, ചുള്ളിപ്പാറ തബ് ലീഗുൽ ഇസ് ലാം ചാരിറ്റബ്ൾ ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായിരുന്ന കെ.കെ കോയക്കുട്ടി ആന്ധ്രയിലെ കടപ്പക്കടുത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് അല്ലാഹുവിലേക്ക് യാത്രയായി. ഏക മകൻ ജാവിദ് അലിയും ജ്യേഷ്ഠാനുജന്മാരുൾപ്പെടെ മൂന്ന് സഹോദരങ്ങളും ചുരുങ്ങിയ കാലയളവിനുള്ളിൽ മരണമടഞ്ഞതിനെ തുടർന്ന് കുടുംബത്തിന്റെ അത്താണിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനും പ്രസ്ഥാനത്തിനും സുഹൃത്തുക്കൾക്കും തീരാ സങ്കടമായി. ഇളയ സഹോദരന്റെ കച്ചവടസ്ഥലം സന്ദർശിക്കാനായി ആന്ധ്രയിലെത്തിയപ്പോഴാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അപകടമുണ്ടായത്.
ചുള്ളിപ്പാറയിൽ പ്രസ്ഥാനത്തിന് അടിത്തറ പാകിയ ആദ്യകാല പ്രവർത്തകനായിരുന്ന തൂമ്പിൽ മുഹമ്മദ് സാഹിബ് 1982-ൽ സ്ഥാപിച്ച ഇസ് ലാമിക പഠനവേദിയിലൂടെയാണ് കെ.കെ ഹംസക്കുട്ടിയും കെ.കെ കോയക്കുട്ടിയുമുൾപ്പെടുന്ന ഒരു കൂട്ടം യുവാക്കൾ പ്രസ്ഥാനവുമായി അടുത്തതും പിന്നീട് സജീവ പ്രവർത്തകരായതും. 1983-ലെ ദഅ്‌വത്ത് നഗർ സമ്മേളന കാലത്ത് പ്രദേശത്ത് ജമാഅത്ത് ഘടകം സ്ഥാപിതമായതോടെ കെ.കെ കോയക്കുട്ടിയും പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. 1980-90 കാലയളവിൽ എസ്.ഐ. ഒവിന്റെ മലപ്പുറം ജില്ലാ സമിതിയംഗമായും തിരൂരങ്ങാടി ഏരിയാ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. മരിക്കുമ്പോൾ ചുള്ളിപ്പാറയിലെ മസ്ജിദു സ്വാലിഹീനടക്കമുള്ള വിവിധ സ്ഥാപനങ്ങളുൾപ്പെടുന്ന ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.
പാരമ്പര്യ കുടുംബത്തിൽ ജനിച്ച് പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അദ്ദേഹം പരന്ന വായനയിലൂടെയും പഠനത്തിലൂടെയുമാണ് ഇസ് ലാമിനെയും ഇസ് ലാമിക പ്രസ്ഥാനത്തെയും ആഴത്തിൽ പഠിച്ചതും പ്രവർത്തകനായതും. പ്രദേശത്തും തിരൂരങ്ങാടിയിലും, അദ്ദേഹത്തിന്റെ വ്യാപാരകേന്ദ്രമായ തിരുവനന്തപുരത്തുമായി വലിയ സുഹൃദ് വലയത്തിനുടമയുമായിരുന്നു. ആദ്യകാലത്ത് കർണാടകയിലും പിന്നീട് ചെമ്മാട് കേന്ദ്രീകരിച്ചുള്ള സുൽത്താന ജ്വല്ലറിയിലും ജോലി ചെയ്തു. കുറച്ചു കാലം പ്രവാസിയായെങ്കിലും വൈകാതെ തിരിച്ചെത്തുകയും സഹോദരങ്ങൾക്കൊപ്പം തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലായി ബെസ്റ്റ് ബേക്കറിയെന്ന പേരിൽ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്തു. സഹോദരന്മാരുടെ മരണശേഷം പിന്നീട് ഇവയുടെ മേൽനോട്ടം വഹിച്ചുവരുന്നതിനിടയിലാണ് ആകസ്മികമായ വേർപാട്.
പൂർണമായും പ്രസ്ഥാന കുടുംബമാണ്. കൊടിഞ്ഞി സ്വദേശിനിയും ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം തിരൂരങ്ങാടി ഏരിയാ വൈസ് പ്രസിഡന്റും ചുള്ളിപ്പാറ യൂനിറ്റ് നാസിമത്തുമായ സൈനബയാണ് ഭാര്യ. ജയ്‌സിയ ഏക മകളാണ്. മരുമക്കൾ: അനസ് കൊടക്കാട്, ഫഹീമ പൊൻമുണ്ടം (ജി.ഐ.ഒ തിരൂരങ്ങാടി ഏരിയാ പ്രസിഡന്റ്.).
ശഫീഅ് മുനീസ് ചുള്ളിപ്പാറ
വി.കെ.എം കുട്ടി
ചാത്തമംഗലം പഞ്ചായത്തിലെ ഈസ്റ്റ് മലയമ്മയില്‍ ഒരു സ്വകാര്യ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ വി.കെ.എം കുട്ടി എന്ന പേരിലറിയപ്പെടുന്ന മരക്കാര്‍ കുട്ടിയുടേതാണ് ആ ലൈബ്രറി. സ്വന്തം സ്ഥലത്തുണ്ടാക്കിയ കടകളിലൊരു ഭാഗം ലൈബ്രറിക്കും വായനക്കുമായി നീക്കി വെച്ചിരിക്കുകയാണ്. സാഹിത്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണധികവും. മദ്റസാധ്യാപകനും ഇമാമുമൊക്കെയായി ജോലി ചെയ്തിട്ടുണ്ടെങ്കിലും പൊതുവായനയില്‍ തൽപരനായിരുന്നു അദ്ദേഹം.
ഖത്തറില്‍ ഗവണ്‍മെന്റ് പബ്ലിക്കേഷന്‍ വകുപ്പില്‍ ജോലി ചെയ്തിരുന്നു. അങ്ങനെ കൂടുതല്‍ വായിക്കാനുള്ള അവസരമുണ്ടായി. മുപ്പതു വര്‍ഷത്തെ പ്രവാസ ജീവിതം വൈജ്ഞാനികമായി സമ്പന്നമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
തിരിച്ചെത്തിയ അദ്ദേഹം ഭാഷാ സമന്വയ വേദി, കാലിക്കറ്റ് ബുക്ക് ക്ലബ്ബ്, കേരള സാഹിത്യ സമിതി തുടങ്ങിയ സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. നാട്ടിലെ ലൈബ്രറിയും വായനശാലയും ജീവിതത്തിന്റെ ഭാഗമായിത്തന്നെ കൊണ്ടുനടന്ന അദ്ദേഹം ആനുകാലികങ്ങളിലെ ലേഖനങ്ങള്‍ക്ക് പ്രതികരണക്കുറിപ്പുകള്‍ എഴുതുമായിരുന്നു.
മൂന്നു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്റെ കാരക്കക്കാറ്റ് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തത്.
'ആവിഷ്‌കരിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും ലളിത മനോഹരമായ പദങ്ങള്‍ കൊണ്ടൊരു പൂക്കുട മെനയുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്' എന്ന് അതിന്റെ അവതാരികയില്‍ കാനേഷ് പൂനൂര്‍ എഴുതിയിട്ടുണ്ട്. ജീവിതാന്ത്യം വരെ അദ്ദേഹം ഇസ് ലാമിക പ്രസ്ഥാനത്തോടൊപ്പം നടന്നു.
പുത്തൂര്‍ ഇബ്‌റാഹീം കുട്ടി