2000 ഒക്ടോബറിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ബൈത്തുസ്സകാത്ത് കേരള കാൽ നൂറ്റാണ്ടിനോടടുക്കുകയാണ്. പബ്ലിക് റിലീജിയസ് ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംവിധാനമാണിത്. ബൈത്തുസ്സകാത്ത് കേരള ഇതിനകം നിർവഹിച്ച ദൗത്യവും പ്രവർത്തന രീതിയും വിശദമാക്കുകയാണ് ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന്.
ബൈത്തുസ്സകാത്ത് കേരള സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും സ്വീകരിക്കുന്ന രീതികള്‍ എന്തൊക്കെയാണ്?
നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള. ഈ സംരംഭത്തെ നേരിട്ടറിയുന്നവര്‍ അവരുടെ സകാത്തിന്റെ ഒരു പങ്ക് ബൈത്തുസ്സകാത്തിനെ നേരിട്ട് ഏല്‍പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നല്‍കുന്നവരുടെ സൗകര്യത്തിനായി ഓണ്‍ലൈന്‍ സംവിധാനമടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈത്തുസ്സകാത്ത് കേരള നടപ്പാക്കുന്ന പദ്ധതികള്‍ നേരിട്ടറിയുകയും അനുഭവിക്കുകയും ചെയ്യുന്നവര്‍ പുതുതായി ഓരോ വര്‍ഷവും ഈ സംവിധാനവുമായി സഹകരിക്കുന്നു. ഓരോ വര്‍ഷവും ബൈത്തുസ്സകാത്ത് കേരളയോട് സഹകരിക്കുന്ന സകാത്ത് ദായകരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കേരളത്തില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ ബൈത്തുസ്സകാത്ത് കേരളയില്‍ അഫിലിയേറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെങ്ങും ബൈത്തുസ്സകാത്ത് കേരളക്ക് പ്രവര്‍ത്തന ശൃംഖലകളുണ്ട്. ഇവ വഴിയും സകാത്ത് ബൈത്തുസ്സകാത്തില്‍ എത്തിച്ചേരുന്നു.
ഇങ്ങനെ ഒരു വര്‍ഷം ബൈത്തുസ്സകാത്ത് കേരളക്ക് ലഭിക്കുന്ന സംഖ്യ ആ വര്‍ഷം തന്നെ വിവിധ പദ്ധതികളിലൂടെ അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഭവന നിര്‍മാണം, സ്വയം തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, കടബാധ്യത തീര്‍ക്കല്‍, കുടിവെള്ള പദ്ധതി, റേഷന്‍, പെന്‍ഷന്‍ പദ്ധതികളാണ് ഇതിനായി നടപ്പാക്കുന്നത്. ഇത്തരം സഹായങ്ങള്‍ക്ക് അര്‍ഹരായവര്‍ നേരിട്ടോ അവര്‍ക്ക് വേണ്ടി മറ്റുള്ളവരോ ഓണ്‍ലൈനായി ബൈത്തുസ്സകാത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ വഴിയും ബൈത്തുസ്സകാത്തിന്റെ ആയിരത്തിലേറെ വരുന്ന വളണ്ടിയര്‍മാര്‍ മുഖേനയും അപേക്ഷകരുടെ കൃത്യമായ വിവരങ്ങള്‍ പ്രാദേശികമായി തന്നെ ബൈത്തുസ്സകാത്ത് ശേഖരിക്കും. ശേഷം അപേക്ഷകരില്‍ സകാത്തിന് ഏറ്റവും അര്‍ഹരായവര്‍ക്ക് അവര്‍ ആവശ്യപ്പെട്ട പദ്ധതിക്കായി സഹായം നല്‍കുകയാണ് ബൈത്തുസ്സകാത്ത് ചെയ്യുന്നത്.
ബൈത്തുസ്സകാത്ത് നടപ്പാക്കുന്ന പദ്ധതികളില്‍ ഏറ്റവും ചെലവേറിയത് ഭവന പ്രോജക്ടാണല്ലോ. ഇതിനകം എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കാന്‍ സാധിച്ചിട്ടുണ്ട്?
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം നമ്മുടെ സംസ്ഥാനത്ത് നാലേകാല്‍ ലക്ഷം കുടുംബങ്ങള്‍ ഭവന രഹിതരാണ്. സുരക്ഷിതമായൊരു വീടെന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. ഓരോ വര്‍ഷവും വീടില്ലാത്ത അനേകം പേരാണ് ബൈത്തുസ്സകാത്ത് കേരളയിൽ അപേക്ഷ നല്‍കുന്നത്. ഒരു വര്‍ഷം നമുക്ക് ലഭിക്കുന്ന മുഴുവന്‍ സകാത്ത് വിഹിതവും ഇതിനായി നീക്കിവെച്ചാല്‍ പോലും എല്ലാ അപേക്ഷകരെയും പരിഗണിക്കാനാവില്ല. ഒരു പദ്ധതിക്ക് മാത്രമായി സംഖ്യ മാറ്റിവെക്കുന്ന രീതിയല്ല ബൈത്തുസ്സകാത്ത് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ സൂചിപ്പിച്ച ഏഴു പദ്ധതികള്‍ക്കുമായി ഒരു വര്‍ഷത്തെ സംഖ്യ വിഭജിച്ച് ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. അതിനാല്‍, ഭവന നിര്‍മാണത്തിന് ലഭിക്കുന്ന അപേക്ഷകളില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് മാത്രമാണ് പൂര്‍ണമായ സഹായധനം നൽകാറുള്ളത്. ഇപ്രകാരം 1462 വീടുകളാണ് ബൈത്തുസ്സകാത്ത് ഇതിനകം നിര്‍മിച്ചു നല്‍കിയത്. ഇതിനോടൊപ്പം 3706 കുടുംബങ്ങള്‍ക്ക് വീടു നിര്‍മാണത്തിന് ഭാഗിക സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രാദേശികവും കുടുംബപരവുമായ സഹായങ്ങള്‍ കൂടി ചേര്‍ത്തുവെച്ചു കൊണ്ടാണ് ഭവന പദ്ധതികൾ ഇപ്പോള്‍ ബൈത്തുസ്സകാത്ത് പൂര്‍ത്തീകരിക്കുന്നത്. ഇങ്ങനെ പൂര്‍ണമായതും ഭാഗികമായതുമായ സഹായം ചേര്‍ത്തുവെച്ചാല്‍ 5168 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഭവന നിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ ഇതിനകം ബൈത്തുസ്സകാത്തിന് സാധിച്ചിട്ടുണ്ട്. സ്വന്തമായി പണിയെടുത്തും സമ്പാദിച്ചും വീടെന്ന സ്വപ്‌നം ജീവിതായുസ്സില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയില്ലാത്ത കുടുംബങ്ങളായിരുന്നു ഇവരെന്ന് പ്രത്യേകം ഓര്‍ക്കുക. ഇങ്ങനെയുള്ള ഒരു കുടുംബത്തില്‍ മിനിമം അഞ്ച് അംഗങ്ങളുണ്ട് എന്ന് കണക്ക് കൂട്ടിയാല്‍ 25,840 പേരിലേക്കാണ് ഈ സംഘടിത സകാത്തിന്റെ തണലെത്തിയിരിക്കുന്നത്. വീട് നിര്‍മിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത ചില കുടുംബങ്ങള്‍ക്ക് പീപ്പ്ള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് സംയുക്ത ഭവന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ ശാക്തീകരണമെന്നത് സമുദായത്തിന്റെ സർവതോമുഖമായ ശാക്തീകരണത്തിന്റെ വാതിലാണല്ലോ. ആ രംഗത്ത് സകാത്ത് സംരംഭങ്ങള്‍ കുറെക്കൂടി ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലേ?
ഏതൊരു സമൂഹത്തിന്റെ ശാക്തീകരണത്തിലും വിദ്യാഭ്യാസ മുന്നേറ്റം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. വിദ്യാഭ്യാസം വഴി തന്നെയാണ് സാമ്പത്തികവും സാമൂഹികവുമായ ഉണര്‍വുകള്‍ സമുദായത്തിനകത്ത് ഉണ്ടായിട്ടുള്ളത്. അതിനാല്‍, ഈ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുമാണ്. ഈ തിരിച്ചറിവ് ബൈത്തുസ്സകാത്ത് കേരളക്കുണ്ട്. പക്ഷേ, മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ പാര്‍പ്പിടം, ഭക്ഷണം, വെള്ളം, ചികിത്സ എന്നിവ പോലും ലഭ്യമല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിൽ ഇപ്പോഴുമുണ്ട് എന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാതിരിക്കാന്‍ നമുക്കാവില്ല. അത് നിലനില്‍ക്കുന്നിടത്തോളം കാലം സകാത്തിന് ഏറ്റവും അര്‍ഹരായ വിഭാഗം എന്ന നിലക്ക് അത്തരം പദ്ധതികള്‍ക്കായി നല്ലൊരു സംഖ്യ മാറ്റിവെക്കേണ്ടിവരും. എന്നാലും ഓരോ വര്‍ഷവും സകാത്തിന് അര്‍ഹരായ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ബൈത്തുസ്സകാത്ത് നല്‍കിവരുന്നുണ്ട്. അവയുടെ വിഹിതം പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സമുദായത്തിന് നിലവിലെ സാമൂഹിക സാഹചര്യത്തില്‍ കൂടുതല്‍ ഗുണപ്രദമാണെന്ന് വിലയിരുത്തിയ കോഴ്‌സുകള്‍ക്ക് മാത്രമാണിപ്പോള്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സിവില്‍ സര്‍വീസ്, മാനേജ്‌മെന്റ് പഠനം, ജേണലിസം കോഴ്‌സുകള്‍, ലോ കോളേജ് കോഴ്‌സുകള്‍, ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പെട്ടെന്ന് ജോലി സാധ്യതയുള്ള ബി.എസ്.സി നഴ്‌സിംഗ്, ബിഫാം കോഴ്‌സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമ പഠനം കഴിഞ്ഞ് ജൂനിയര്‍ അഭിഭാഷകരായി ജോലി ചെയ്യുന്നവര്‍ക്ക് തുടക്കത്തില്‍ തുഛമായ ശമ്പളമാണ് ലഭിക്കുക. അതിനാല്‍, പലരും ഈ രംഗം വിട്ട് മറ്റു മേഖലകളിലേക്ക് പോകുന്ന അനുഭവങ്ങളുണ്ട്. നിയമരംഗത്ത് ഭാവിയില്‍ സമുദായത്തിനുപകരിക്കുന്ന പലരും ഇങ്ങനെ പോകുന്നത് ദോഷം ചെയ്യുമെന്നതിനാല്‍ അവരിൽ ചിലര്‍ക്ക് സാമ്പത്തിക സഹായങ്ങളും നല്‍കിവരുന്നു. ബൈത്തുസ്സകാത്തിന്റെ സഹായത്തോടെ ഉന്നത പഠനം പൂര്‍ത്തീകരിച്ച് യൂറോപ്പടക്കമുള്ള വിദേശങ്ങളില്‍ ജോലി ലഭിച്ചവര്‍ പിന്നീട് ബൈത്തുസ്സകാത്ത് സംരംഭവുമായി സഹകരിക്കുകയും അവിടെയുള്ള മറ്റുള്ളവരെ ഈ പദ്ധതിയുമായി സഹകരിപ്പിക്കുകയും ചെയ്തുവെന്നത് എടുത്തു പറയേണ്ട ഒരനുഭവമാണ്.
ബൈത്തുസ്സകാത്ത് കേരള വഴി നടപ്പാക്കുന്ന മറ്റു പദ്ധതികളുടെ സ്വഭാവം എങ്ങനെയാണ്?
സ്വയം തൊഴില്‍ രംഗമാണ് എടുത്തുപറയേണ്ട ഒരു പ്രധാന പദ്ധതി. ഒരാള്‍ക്ക് അയാളുടെ കുടുംബം പോറ്റാന്‍ സാധിക്കുന്ന ഒരു തൊഴിലുണ്ടായാല്‍ ആ കുടുംബം സ്വന്തം കാലില്‍ മുന്നോട്ടുപോകും. പക്ഷേ, പലപ്പോഴും അയാൾക്ക് കഴിവും സാമര്‍ഥ്യവും ആവശ്യമായ തൊഴില്‍ മേഖലയിലേക്ക് കടക്കാനാവശ്യമായ മൂലധനം ഉണ്ടാവില്ല. ഇങ്ങനെയുള്ളവരാണ് ബൈത്തുസ്സകാത്തിലേക്ക് സ്വയം തൊഴിലിന് സഹായം ആവശ്യപ്പെടുക. അപേക്ഷിക്കുന്നവരുടെ കൈവശമുള്ള സംഖ്യയും ചേര്‍ത്താണ് സംരംഭം ആരംഭിക്കുക. ആദ്യം, അവര്‍ സൂചിപ്പിച്ച സ്വയം തൊഴില്‍ ചെയ്യാനുള്ള സാമര്‍ഥ്യം അപേക്ഷകനുണ്ടോ എന്ന് പരിശോധിക്കും. സകാത്തിന് അര്‍ഹമായ കുടുംബമാണെങ്കില്‍ അവരെ അതിന് പരിഗണിക്കും. ഓട്ടോറിക്ഷ, ബോട്ട്, തയ്യല്‍ മെഷീന്‍, പെട്ടിക്കട, റിക്ഷ, കാടുവെട്ട് യന്ത്രം, പശു എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തുവരുന്നു. ഇതിനകം 2596 വ്യക്തികള്‍ക്ക് ഇങ്ങനെ സ്വയം തൊഴില്‍ സഹായം നല്‍കിയിട്ടുണ്ട്.
ബൈത്തുസ്സകാത്തിന് ഏറ്റവുമധികം അപേക്ഷകള്‍ വരുന്നത് ചികിത്സാ സഹായം ആവശ്യപ്പെട്ടാണ്. ഓരോ ആഴ്ചയും നൂറിലധികം അപേക്ഷകളാണ് വരുന്നത്. ഇതിൽ അധികവും അടിയന്തര ചികിത്സാ സഹായങ്ങളുമായിരിക്കും. ഒരാഴ്ച ലഭിക്കുന്ന അപേക്ഷകളില്‍ അര്‍ഹമായതിനെ ആ ആഴ്ച തന്നെ തെരഞ്ഞെടുക്കും. അപേക്ഷകരുടെ ആധിക്യം കാരണം, അവരാവശ്യപ്പെടുന്ന സംഖ്യ നല്‍കാന്‍ സാധിക്കാറില്ല. അര്‍ഹരായവര്‍ക്കെല്ലാം ഒരു നിശ്ചിത സംഖ്യ നല്‍കുന്ന രീതിയാണ് ചികിത്സാ സഹായ അപേക്ഷകളില്‍ ബൈത്തുസ്സകാത്ത് പൊതുവേ സ്വീകരിച്ചിട്ടുള്ളത്. അധികം അപേക്ഷകളിലും രോഗങ്ങള്‍ കിഡ്‌നി തകരാറുകൾ, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവ ആയതിനാല്‍ ദീര്‍ഘകാല ചികിത്സ വേണ്ടി വരും. ആ ചികിത്സ അവസാനിക്കുന്നത് വരെ സഹായം നല്‍കുക അസാധ്യമായതിനാല്‍ കൂടിയാണ് ഈ രീതി സ്വീകരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. 5080 കുടുംബങ്ങള്‍ക്ക് ഇങ്ങനെ ഇതിനകം ബൈത്തുസ്സകാത്ത് കേരളയില്‍നിന്ന് ചികിത്സാ സഹായം നൽകിയിട്ടുണ്ട്. ചികിത്സാ രംഗത്ത് ചില പ്രമുഖ ആശുപത്രികൾ ബൈതുസ്സകാത്തുമായി സഹകരിക്കുന്നുണ്ട്.
ബൈത്തുസ്സകാത്ത് രോഗിക്ക് അനുവദിക്കുന്ന സംഖ്യയുടെ മൂന്നിൽ ഒന്ന് ഈ ഹോസ്പിറ്റലുകളും ചേർന്ന് വഹിക്കും. കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ അൽ ശിഫ ഹോസ്പിറ്റൽ, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് (മെഡിസിറ്റി) എന്നിവയാണ് ബൈത്തുസ്സകാത്തുമായി സഹകരിക്കുന്നത്. മറ്റ് ഹോസ്പിറ്റലുകളുടെയും സഹകരണം ലഭ്യമാവാൻ ശ്രമങ്ങൾ തുടരും.
കടബാധ്യത തീര്‍ക്കാന്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളും, അര്‍ഹരായ വ്യക്തികള്‍ക്കോ ഒന്നിലധികം കുടുംബങ്ങള്‍ക്കോ നല്‍കുന്ന കുടിവെള്ള പദ്ധതിയും, തീര്‍ത്തും നിരാലംബരായവര്‍ക്ക് നല്‍കുന്ന റേഷന്‍ -പെന്‍ഷന്‍ പദ്ധതികളുമാണ് മറ്റു സംരംഭങ്ങള്‍. 312 കുടിവെള്ള പദ്ധതികളും 2265 വ്യക്തികള്‍ക്ക് റേഷൻ-പെന്‍ഷനുകളും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. 1989 കുടുംബങ്ങള്‍ക്കാണ് കടബാധ്യത തീര്‍ക്കുന്നതിനുള്ള സഹായം നല്‍കിയിരിക്കുന്നത്.
സംഘടിത സകാത്തിലേക്ക് കേരള മുസ്്‌ലിംകളിലെ സമ്പന്നര്‍ മുഴുവന്‍ വരികയാണെങ്കില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളുടെ വ്യാപ്തി എത്രയായിരിക്കും?
വ്യക്തിയുടെ സംസ്‌കരണത്തിനും സമ്പത്തിന്റെ ശുദ്ധീകരണത്തിനുമൊപ്പം സമൂഹത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക ഭദ്രതയും സന്തുലിത വികസനവും സകാത്തിന്റെ ലക്ഷ്യങ്ങളാണ്. ഇവ നേടണമെങ്കില്‍ സകാത്ത് സംഘടിതമായി ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യേണ്ടതുണ്ട്. കേരളത്തിലെ മുസ് ലിം സമ്പന്നര്‍ അവരുടെ സകാത്ത് ഇപ്രകാരം സംഘടിത സംരംഭങ്ങള്‍ വഴി വിതരണം ചെയ്യുകയാണെങ്കില്‍ കേരള മുസ് ലിംകളുടെ സര്‍വതോമുഖ ശാക്തീകരണത്തിന് അതുപകരിക്കും. കേരളത്തിന് പുറമെ ഉത്തരേന്ത്യയിലെ മുസ് ലിം ശാക്തീകരണ പ്രോജക്ടുകള്‍ക്കും അവ ഉപയോഗപ്പെടുത്താനാവും. അത്രയും വിപുലമായ പദ്ധതികള്‍ നടപ്പാക്കാനാവശ്യമായ സംഖ്യ ഓരോ വര്‍ഷവും ഇതുവഴി സംഭരിക്കാനാകും. കൃത്യമായ ആസൂത്രണത്തോടെ ദീർഘകാല പദ്ധതികള്‍ നടപ്പാക്കാനും ഇതുവഴി സാധിക്കും. അതുണ്ടാക്കുന്ന മാറ്റം അത്ഭുതകരമായിരിക്കും.
നിലവില്‍ സകാത്ത് ദായകരായ സമ്പന്നരിൽ അധികവും തങ്ങളുടെ പരിചിത വൃത്തത്തിലുള്ള അര്‍ഹരായവര്‍ക്ക് ആയിരവും രണ്ടായിരവും നല്‍കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒരു വ്യക്തിക്ക് ലഭിക്കുന്ന സംഖ്യ പെരുന്നാള്‍ കഴിയുന്നതോടെ ചെലവഴിച്ച് തീരും. പ്രത്യേകിച്ചൊരു മാറ്റവും അത് സമൂഹത്തിലുണ്ടാക്കുന്നില്ല. സകാത്ത് വാങ്ങുന്നവരുടെ സാമ്പത്തിക-കുടുംബാവസ്ഥക്ക് അതൊരു മാറ്റവും ഉണ്ടാക്കുന്നില്ല. വാങ്ങുന്നവര്‍ എല്ലാ വര്‍ഷവും അതേപടി സകാത്ത് വാങ്ങുന്നവരായി തുടരുന്നു. ഇത് ഇസ് ലാം സകാത്ത് വ്യവസ്ഥ കൊണ്ട് ലക്ഷ്യം വെച്ച സാമൂഹിക മാറ്റത്തിന് ഉതകുന്നതേയല്ല. ഈ പ്രവർത്തന വർഷം മാത്രം ബൈത്തുസ്സകാത്ത് കേരള ഭാഗികമായോ പൂർണമായോ 320 വീടുകൾ നിർമിക്കാൻ സഹായം നൽകിയിട്ടുണ്ട്. 750 പേർക്ക് ചികിത്സാ സഹായവും 160 പേർക്ക് സ്വയം തൊഴിൽ സഹായവും 60 പേർക്ക് കടാശ്വാസ സഹായവും 130 പേർക്ക് പെൻഷൻ സഹായവും നൽകിയിട്ടുണ്ട്. 27 കുടിവെള്ള പദ്ധതികളും പൂർത്തീകരിച്ചു. ഒരു വർഷത്തിൽ മാത്രം പൂർത്തീകരിച്ചതാണിത്. ബൈത്തുസ്സകാത്തിൽ നിന്ന് പല കാലങ്ങളിലായി സ്വയം തൊഴില്‍ സഹായം ലഭിച്ച 2520 കുടുംബങ്ങളുടെ സാമ്പത്തിക സാമൂഹികാവസ്ഥ തന്നെ മുന്‍ വര്‍ഷത്തേതില്‍നിന്ന് മാറുകയാണ്. അതുവരെ സ്വന്തമായി ഭവനമില്ലാതിരുന്ന 5002 കുടുംബങ്ങളുടെ ജീവിതാവസ്ഥയും മാറി മറിയുന്നു. ഇത്തരം മാറ്റങ്ങള്‍ കൂടി സകാത്ത് ലക്ഷ്യമാക്കുന്നുണ്ടെന്ന് സകാത്ത് ദായകരായ സമ്പന്നര്‍ തിരിച്ചറിയേണ്ടതുണ്ട്.
സംഘടിത സകാത്തിന് ഇത്തരം മേന്മകളും ഗുണങ്ങളുമെല്ലാം ഉണ്ടായിട്ടും ബൈത്തുസ്സകാത്ത് ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കെതിരെ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നുവരുന്നത് എന്തുകൊണ്ടാണ്?
സാമ്പ്രദായിക മതപണ്ഡിതരില്‍ ചിലരാണ് ബൈത്തുസ്സകാത്തിനെതിരെ വിമര്‍ശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ഇത്തരം തടസ്സവാദങ്ങൾ ഉന്നയിക്കുന്നവരുടെ പ്രധാന പ്രശ്‌നം ഇസ് ലാമികമോ കര്‍മശാസ്ത്രപരമോ ആയ പ്രശ്‌നങ്ങളാണെന്ന് തോന്നുന്നില്ല. പലരുടെയും ജീവിത സാമൂഹിക സാഹചര്യമാണ് ഇങ്ങനെ പറയാൻ നിര്‍ബന്ധിക്കുന്നത്. നിലവിലെ സമ്പ്രദായമനുസരിച്ച് ഒരു മഹല്ലിലെ സമ്പന്നര്‍ വ്യക്തികള്‍ക്കാണ് സകാത്ത് നല്‍കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആ മഹല്ലിലെ മത സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരായിരിക്കും. മഹല്ലിലെ സകാത്ത് നല്‍കുന്ന എല്ലാ സമ്പന്നരും പൊതുവായി ഒരു കാരണവശാലും വിട്ടുപോകാതെ നല്‍കുന്ന വിഭാഗം ഇക്കൂട്ടരായിരിക്കും. മഹല്ലിലെ എല്ലാ സമ്പന്നരില്‍നിന്നും ഇങ്ങനെ ഒരു വിഹിതം ലഭിക്കുമ്പോള്‍ ചെറുതല്ലാത്ത സംഖ്യ അതുണ്ടാവും. ഇങ്ങനെ ഓരോ വര്‍ഷവും കാലങ്ങളായി കിട്ടിക്കൊണ്ടിരിക്കുന്ന കാശ് നഷ്ടപ്പെടുന്നതും സംഘടിത സകാത്തിനെതിരെയുള്ള ഇവരുടെ പ്രചാരണത്തിന് ഒരു കാരണമാണ്. അതല്ലാതെയുള്ള കര്‍മശാസ്ത്ര വാദങ്ങള്‍ അത്ര പ്രബലമായി തോന്നുന്നില്ല. ഇസ് ലാമിക ഗവണ്‍മെന്റുകളുണ്ടെങ്കിലേ സംഘടിത സകാത്ത് നടപ്പാക്കേണ്ടതുള്ളൂ എന്ന വാദം മറ്റു ഇബാദത്തുകള്‍ക്ക് ബാധകമാക്കിയിട്ടില്ലെന്നത് തന്നെ അതിന്റെ ദൗര്‍ബല്യത്തെയാണ് തുറന്നുകാട്ടുന്നത്.
ബൈത്തുസ്സകാത്തിന് എതിരെ ഉയര്‍ന്നിട്ടുള്ള ഓരോ വിമര്‍ശനവും ആ സംരംഭത്തിന് ഉപകാരപ്പെട്ടിട്ടേയുള്ളൂ. കൂടുതല്‍ ആളുകള്‍ ഈ സംരംഭത്തെ മനസ്സിലാക്കുന്നതിനും അതിനോട് സഹകരിക്കുന്നതിനും അത് നിമിത്തമായിട്ടുണ്ട്. പുതിയ ഡിജിറ്റല്‍ യുഗത്തില്‍ ബൈത്തുസ്സകാത്ത് കേരളയുടെ വെബ് സൈറ്റ് വഴിയും സാമൂഹിക മാധ്യമങ്ങളിലെ അതിന്റെ പ്രചാരണങ്ങള്‍ മുഖേനയും നേരിട്ട് പഠിക്കാനും വിലയിരുത്താനും എല്ലാവര്‍ക്കും സാധിക്കും. വിമര്‍ശനങ്ങളുയരുന്ന സന്ദര്‍ഭങ്ങളില്‍ ഒട്ടേറെ പേർ ഇങ്ങനെ വെബ് സൈറ്റ് സന്ദര്‍ശിക്കുന്നു. അതില്‍ ബൈത്തുസ്സകാത്ത് ഒരു വര്‍ഷം ശേഖരിച്ച കാശിന്റെ വിവരണങ്ങളും അത് നടപ്പാക്കിയ വിവിധ പദ്ധതികളും സുതാര്യമായി കാണുമ്പോള്‍ അവര്‍ക്കീ സംരംഭത്തോട് മതിപ്പ് കൂടുകയാണ് ചെയ്തിട്ടുള്ളത്. അത്രയും സുതാര്യവും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഓഡിറ്റിംഗിന് വിധേയവുമായാണ് ബൈത്തുസ്സകാത്ത് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും അതിന്റെ വരവ് - ചെലവ് കണക്കുകള്‍ പൊതുജനത്തിന് ലഭ്യമായ രീതിയില്‍ ബൈത്തുസ്സകാത്ത് പ്രസിദ്ധീകരിക്കാറുണ്ട്. അതിനാല്‍, വിമര്‍ശനങ്ങളെ ഇനിയും സ്വാഗതം ചെയ്യുന്നു.
ബൈത്തുസ്സകാത്തിന്റെ ഭാവി പ്രോജക്ടുകള്‍?
കേരളത്തിലെ സകാത്ത് ദായകരായ മുഴുവന്‍ സമ്പന്നര്‍ക്കും ബൈത്തുസ്സകാത്തിനെ പരിചയപ്പെടുത്തുന്ന വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായിട്ടുണ്ട്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കകം അവ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അവരെയെല്ലാം ബൈത്തുസ്സകാത്തുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അവരിപ്പോള്‍ വര്‍ഷവും നല്‍കുന്ന സകാത്ത് വിഹിതം മുഴുവനായും ബൈത്തുസ്സകാത്തിന് നല്‍കണമെന്ന ആവശ്യമല്ല നമ്മള്‍ പങ്കുവെക്കുന്നത്. നിലവിൽ അവര്‍ പ്രാദേശികമായി നൽകിക്കൊണ്ടിരിക്കുന്ന സംരംഭങ്ങള്‍ക്കെല്ലാം നല്‍കിക്കൊണ്ടുതന്നെ സകാത്തിൽ ഒരു പങ്ക് എല്ലാ വര്‍ഷവും ബൈത്തുസ്സകാത്തിനെ ഏല്‍പിക്കണമെന്ന സന്ദേശമാണ് നല്‍കുന്നത്. ബൈത്തുസ്സകാത്ത് വഴി സംഘടിതമായി സകാത്ത് വിതരണം ചെയ്തപ്പോഴുണ്ടായ നന്മകളും ഗുണങ്ങളും അവരെ ബോധ്യപ്പെടുത്തും. ഇത് വലിയൊരളവോളം യാഥാര്‍ഥ്യമായാല്‍ ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതികളുടെ പതിന്മടങ്ങ് പ്രോജക്ടുകള്‍ ബൈത്തുസ്സകാത്ത് കേരളക്ക് നടപ്പാക്കാനാവും. അതുവഴി കേരളീയ മുസ് ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ഒട്ടേറെ സാമൂഹിക മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. l