ലേഖനം

സന്തോഷം, സംതൃപ്തി തുടങ്ങിയ വികാരങ്ങളെല്ലാം ആത്മീയമാണ്. ആ ആത്മീയാനുഭൂതി ശാരീരിക അനുഭവങ്ങളെക്കാൾ എത്രയോ ശക്തവും തീക്ഷ്ണവുമാണ്. അതിനു വേണ്ടി എത്ര വലിയ ശാരീരിക പ്രയാസങ്ങളും ത്യാഗങ്ങളും സഹിക്കാൻ ഏറെപ്പേരും സന്നദ്ധമാകുന്നത് അതിനാലാണ്. രോഗിയായ കുഞ്ഞിനെ ഊണും ഉറക്കവും ഉപേക്ഷിച്ച് പരിചരിക്കുന്ന മാതാവ് കുട്ടിയുടെ രോഗം സുഖപ്പെടുമ്പോൾ അനുഭവിക്കുന്ന അനുഭൂതി അവാച്യമാണല്ലോ. മാതാവ് അനുഭവിക്കുന്ന തീക്ഷ്ണമായ പ്രസവ വേദന കുഞ്ഞിന്റെ പിറവിയോടെ മറക്കുന്നു.

ഏതൊരു വിശ്വാസിയും ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്, സ്നേഹിക്കേണ്ടത് തന്റെ നാഥനെയാണ്. അവനോടുള്ള സ്നേഹത്തിന് മുന്നിൽ മറ്റെല്ലാം നന്നെ നിസ്സാരങ്ങളും അവഗണിക്കാവുന്നവയുമാണ്. സ്നേഹിക്കപ്പെടുന്നതിനുവേണ്ടി എത്ര കഷ്ടപ്പെടാനും ത്യാഗം സഹിക്കാനും ഏവരും സന്നദ്ധരായിരിക്കും. അപ്പോൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന തന്റെ നാഥനുവേണ്ടി അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും പ്രയാസങ്ങളും ത്യാഗങ്ങളും അത്യധികം അനുഭൂതിദായകമായിരിക്കും. അതിനാൽ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ തന്റെ നാഥനുമായി സ്വകാര്യ ഭാഷണം നടത്താൻ ഉണർന്ന് എഴുന്നേൽക്കുന്നത് പ്രയാസമല്ല, വിവരണാതീതമായ സന്തോഷമാണ് നൽകുക.

തന്റെ പ്രിയപ്പെട്ടവരുമായി സ്വകാര്യ ഭാഷണം നടത്തുന്നത് ആർക്കാണ് അതിരുകളില്ലാത്ത ആനന്ദം നൽകാത്തത്! നമസ്കാരം അല്ലാഹുവുമായുള്ള ആത്മഭാഷണമാണല്ലോ. ലോകം മുഴുവൻ ഗാഢ നിദ്രയിലായിരിക്കെ, എങ്ങും ശാന്തതയും നിശ്ശബ്ദതയും തളം കെട്ടി നിൽക്കെ ഉണർന്നെഴുന്നേറ്റ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനുമായി ആത്മഭാഷണം നടത്തുന്നത് എത്രമേൽ ആസ്വാദ്യകരമായിരിക്കും! ആനന്ദ ദായകമായിരിക്കും!
അപ്പോൾ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുന്നു. താൻ അല്ലാഹുവിന്റെ മുന്നിലാണ് നിൽക്കുന്നതെന്നും അവനോടാണ് വർത്തമാനം പറയുന്നതെന്നും മനസ്സിലാക്കുന്നു. തന്റെ കണ്ഠ നാഡിയെക്കാൾ തന്നോട് അടുത്ത് നിൽക്കുന്ന, തന്റെ മനോമന്ത്രങ്ങളും വികാരവിചാരങ്ങളും നന്നായി അറിയുന്ന അല്ലാഹുവിന്റെ അദൃശ്യ സാന്നിധ്യം അനുഭവിച്ചറിയുന്ന സമാനതകളില്ലാത്ത സന്ദർഭമാണ് രാത്രിയുടെ അന്ത്യയാമങ്ങളിലെ നമസ്കാരം. തന്റെ എല്ലാ ആവശ്യങ്ങളും അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കുമ്പോൾ അതെല്ലാം നന്നായി കേട്ടും ശ്രദ്ധിച്ചും തനിക്ക് ഉത്തരം നൽകുമെന്ന പ്രതീക്ഷ വിശ്വാസിക്ക് എത്രമേൽ ആശ്വാസവും ആനന്ദവും നൽകുമെന്ന് വാക്കുകളിൽ വിവരിക്കാനാവില്ല. അത് വിശ്വാസിയെ അങ്ങേയറ്റം പ്രത്യാശാനിർഭരനാക്കുന്നു.

രാത്രി നമസ്കാരങ്ങളിൽ നടത്തുന്ന ഖുർആൻ പാരായണവും പ്രാർഥനകളും വിശ്വാസിയെ അഭൗതികമായ ലോകത്തേക്ക് നയിക്കുന്നു. മൂന്നാം കണ്ണുകൊണ്ട് തന്നെ കാത്തിരിക്കുന്ന സ്വർഗ പൂങ്കാവനത്തിന്റെ സുഖവും സൗന്ദര്യവും കണ്ടാസ്വദിക്കുന്നു. അതിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. അപ്പോൾ കണ്ണിൽനിന്ന് കവിളിലൂടെ ഒലിച്ചിറങ്ങുന്ന ഓരോ തുള്ളി കണ്ണുനീരും മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കുന്നു. ആ ബാഷ്പ കണങ്ങൾ തന്റെ പാപങ്ങൾ ആവിയാക്കി മാറ്റി പുണ്യമായി വർഷിക്കുന്നത് അനുഭവിച്ചറിയുന്നു. അകക്കാത് കൊണ്ട് തന്റെ ഓരോ പ്രാർഥനക്കും വിശുദ്ധ വാക്യങ്ങളുടെ പാരായണത്തിനും തന്റെ പ്രിയപ്പെട്ട നാഥൻ നൽകുന്ന സ്നേഹപൂർവമായ മറുപടി കേൾക്കുന്നു. അത് മനസ്സിനെ കോരിത്തരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസിയെ സംബന്ധിച്ചേടത്തോളം രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിലെ നമസ്കാരം സമാനതകളില്ലാത്ത അനുഭൂതിയേകുന്നു. l

ഇത്തിരിയെങ്കിലും കാരുണ്യമുള്ളവരെയൊക്കെ അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. മാരകമായ രോഗങ്ങൾക്കടിപ്പെട്ട് വേദനകൊണ്ട് പുളയുന്നവർ, തലചായ്ക്കാൻ കൊച്ചു കൂര പോലുമില്ലാതെ കഷ്ടപ്പെടുന്നവർ, തൊഴിലെടുക്കാൻ കഴിവുണ്ടായിട്ടും ഉപകരണങ്ങളില്ലാത്തതിനാൽ ജോലിയില്ലാതെ പ്രയാസപ്പെടുന്നവർ, പഠിക്കാൻ യോഗ്യതയും സാമർഥ്യവുമുണ്ടായിരുന്നിട്ടും പണമില്ലാത്തതിനാൽ പഠനം മുടങ്ങുന്നവർ, കൊടിയ ദാരിദ്ര്യം കാരണം ബാലവേലയിലേക്കും കുറ്റകൃത്യങ്ങളിലേക്കും തള്ളപ്പെടുന്നവർ,

ബൈതുസ്സകാത്ത് കേരള കഴിഞ്ഞ മാസം വിതരണം ചെയ്ത ഓട്ടോറിക്ഷകൾ

രുമാനമൊന്നുമില്ലാതെ പട്ടിണികൊണ്ട് പൊറുതിമുട്ടുന്നവർ, അന്യായമായി ജയിലുകളിലടക്കപ്പെടുന്നവരുടെ നിസ്സഹായരായ ആശ്രിതർ; അങ്ങനെയങ്ങനെ ഗതിമുട്ടിയ ജീവിതങ്ങൾക്ക് കരുത്ത് പകരാനും തളർന്നുപോയ മനുഷ്യർക്ക് ആശ്വാസം നൽകാനും ഒരു പരിധിയോളം സാധിക്കുമെന്ന് പ്രായോഗികമായി തെളിയിച്ച സംരംഭമാണ് ബൈതുസ്സകാത്ത് കേരള. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി അത് ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചുകൊണ്ടിരിക്കുന്നു. വളരെ വ്യവസ്ഥാപിതമായി നടന്നുവരുന്ന ഏറെ ശ്രദ്ധേയമായ സംരംഭമാണിത്. സകാത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2000 ഒക്ടോബറിലാണ് ഇത് സ്ഥാപിതമായത്. പബ്ലിക് റിലീജിയസ് ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് ബൈതുസ്സകാത്ത് കേരള. വളരെ ഫലപ്രദമായി പ്രവർത്തിച്ചുവരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള.
നിലവിൽ ഓണ്‍ലൈനായി സകാത്ത് നൽകാനുള്ള സൗകര്യമുണ്ട്. വിശദാംശങ്ങൾ അറിയാൻ സകാത്ത് ആപ്പുമുണ്ട്.

കേരളത്തിൽ പലയിടങ്ങളിലും പ്രവർത്തിച്ചുവരുന്ന പ്രാദേശിക സകാത്ത് കമ്മിറ്റികൾ ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെങ്ങും ബൈതുസ്സകാത്തിന് പ്രവര്‍ത്തന ശൃംഖലകളുണ്ട്.

ബോധവൽക്കരണ പരിപാടികൾ

നിർബന്ധമായ അഞ്ചു നേരത്തെ നമസ്കാരം മാത്രം നിർവഹിക്കുന്നവർ ദിനേന നന്നേ ചുരുങ്ങിയത് പതിനേഴ് തവണയെങ്കിലും 'ഞങ്ങൾ നിനക്ക് മാത്രം ഇബാദത്ത് ചെയ്യുന്നു' എന്ന് അല്ലാഹുവോട് കരാർ ചെയ്യുന്നു. 'നിങ്ങൾ അവന് മാത്രം ഇബാദത്ത് ചെയ്യുന്നവരെങ്കിൽ' എന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ മൂന്നിടങ്ങളിൽ വ്യവസ്ഥവെക്കുന്നുമുണ്ട്. അതിൽ ഒന്ന് ആരാധനയും രണ്ടെണ്ണം ആഹാരവുമാണ്.
"അതിനാല്‍ നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ സുജൂദ് ചെയ്യരുത്. അവയെ പടച്ച അല്ലാഹുവിന് മാത്രം സുജൂദ് ചെയ്യുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍!" ( 41: 37).

ബാക്കി രണ്ടും ആഹാരത്തെ സംബന്ധിച്ചാണ്."വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍നിന്ന് ഉത്തമമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരാണെങ്കില്‍!" ( 2:172).
"അതിനാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍!" (16: 114). ആഹാരം അനുവദനീയവും ഉത്തമവുമാണെങ്കിൽ മാത്രമേ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നവരാവുകയുള്ളൂവെന്ന് ഖുർആൻ വ്യക്തമാക്കുകയാണ്. ആഹാരം അനുവദനീയവും നല്ലതുമാകണമെങ്കിൽ സകാത്ത് നൽകാൻ ബാധ്യതയുള്ളവർ അത് കൊടുക്കുക തന്നെ വേണം. അപ്പോൾ മാത്രമേ മറ്റുള്ളവരുടെ അവകാശങ്ങളിൽനിന്ന് സമ്പത്ത് മുക്തമാവുകയുള്ളൂ. അതിനാൽ, അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന തൗഹീദ് അംഗീകരിച്ചവരാകണമെങ്കിൽ നിർബന്ധമായും നൽകേണ്ട സകാത്ത് അതിന്റെ അവകാശികൾക്ക് കൊടുക്കേണ്ടത് അനിവാര്യമാണ്. സകാത്ത് നൽകാത്തവർ മുശ് രിക്കുകളായിത്തീരുമെന്ന് ഖുർആൻ പറയാനുള്ള കാരണവും അതു തന്നെ. മുപ്പതിലേറെ സ്ഥലങ്ങളിൽ വിശുദ്ധ ഖുർആൻ സകാത്ത് നൽകണമെന്ന് കർക്കശമായി കൽപ്പിക്കുന്നു. അതിൽ 27 സ്ഥലങ്ങളിലും, നമസ്കാരം നിഷ്ഠയോടെ നിർവഹിക്കണമെന്ന കൽപ്പനയോട് ചേർത്താണ് സകാത്ത് കൊടുക്കണമെന്ന് കൽപ്പിച്ചത്.

നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

എന്നിട്ടും മുസ് ലിം സമുദായം സകാത്തിനെ അവഗണിക്കുന്നു. അഞ്ചു നേരത്തെ നമസ്കാരം കൃത്യമായി നിർവഹിക്കുന്നവർ പോലും സകാത്ത് കൊടുക്കാൻ ബാധ്യസ്ഥരായിട്ടും അത് നൽകാതെ അതീവ ഗുരുതരമായ തെറ്റും കുറ്റവും ചെയ്തുകൊണ്ടേയിരിക്കുന്നു. സകാത്ത് നൽകുന്നവരിൽ തന്നെ അത് കൃത്യതയോടെയും കണിശമായും നിർവഹിക്കുന്നവർ വളരെ വിരളം. ആരും ളുഹ്റ് മൂന്ന് റക്അത്തോ മഗ്്രിബ് രണ്ട് റക്അത്തോ നമസ്കരിക്കാറില്ല. വളരെ കൃത്യതയോടെയാണ് അത് ചെയ്യാറുള്ളത്. എന്നാൽ, വരുമാനത്തിന്റെ കണക്ക് നോക്കി തോത് പരിശോധിച്ച് സകാത്ത് കൊടുക്കുന്നവർ വളരെ കുറവാണ്. പ്രധാന കാരണം, അതെക്കുറിച്ച് ബോധവൽക്കരിക്കേണ്ടവർ കുറ്റകരമായ മൗനം പാലിക്കുന്നുവെന്നത് തന്നെ.

നിങ്ങൾ ഇന്നോളം കേട്ട മതപണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും ഉദ്ബോധനങ്ങളും ഉപദേശങ്ങളും ഓർത്തു നോക്കൂ. മദ്റസകളിൽനിന്ന് ലഭിച്ച പാഠങ്ങൾ പരിശോധിച്ചു നോക്കൂ. അവയിലൊക്കെയും നമസ്കാരത്തെ സംബന്ധിച്ച് പറഞ്ഞതും പഠിപ്പിച്ചതും, സകാത്തിനെ സംബന്ധിച്ച് കേട്ടതിനോടും പഠിച്ചതിനോടുമൊന്ന് താരതമ്യം ചെയ്തു നോക്കൂ. നമസ്കാരത്തെ സംബന്ധിച്ച് നിങ്ങൾ കേട്ടതിന്റെ പത്തിലൊന്നു പോലും സകാത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ലെന്നുറപ്പ്. എന്നല്ല, നോമ്പിനെ പറ്റിയും ഹജ്ജിനെക്കുറിച്ചും പ്രഭാഷകർ പറഞ്ഞതിന്റെ നാലിലൊന്ന് പോലും സകാത്തിനെ സംബന്ധിച്ച് പരാമർശിച്ചിട്ടുണ്ടാവില്ല. ഉംറക്ക് കൊടുക്കുന്ന പ്രാധാന്യം പോലും സകാത്തിന് നൽകാറില്ല. നമസ്കാരത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും ഉംറയുടെയും നിയമങ്ങളും ക്രമങ്ങളും പഠിപ്പിക്കുന്ന പണ്ഡിതന്മാരും പ്രഭാഷകരും സകാത്ത് കൊടുക്കാൻ ബാധ്യസ്ഥമായ സാമ്പത്തിക പരിധിയും കൊടുക്കേണ്ട തോതും പറഞ്ഞുകൊടുക്കാറില്ല. അതുകൊണ്ടുതന്നെ ഏറെപ്പേർക്കും അതൊന്നും അറിയില്ല.
മതപണ്ഡിതന്മാരും സമുദായ നേതാക്കളും പ്രഭാഷകരും അത്രയേറെ അവഗണിച്ച അതിപ്രധാനമായ അനുഷ്ഠാനമാണ് സകാത്ത്. അക്കാരണം കൊണ്ടു തന്നെ ബൈതുസ്സകാത്ത്, സകാത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ നിരവധി പരിപാടികൾ ആവിഷ്കരിച്ചിരിക്കുന്നു. സകാത്ത് നൽകാൻ ബാധ്യസ്ഥരായ വ്യക്തികളെ നേരിൽ ചെന്നു കണ്ട് അക്കാര്യം ഉണർത്താറുണ്ട്. സകാത്തിനെ സംബന്ധിച്ച പഠന ക്ലാസ്സുകളും ചർച്ചകളും സെമിനാറുകളും കോൺഫറൻസുകളും അക്കാദമിക, ഗവേഷണ പഠനങ്ങളും സംഘടിപ്പിക്കുന്നു. പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശവും പരിശീലനവും ബൈതുസ്സകാത്ത് നൽകിവരുന്നുണ്ട്. റമദാനിന്റെ തൊട്ടു മുമ്പുള്ള ആഴ്ചകളിൽ സകാത്ത് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ഇങ്ങനെ സമൂഹത്തിൽ സകാത്തിനെ സംബന്ധിച്ച അവബോധം വളർത്താൻ വ്യത്യസ്ത പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്നു. മതപണ്ഡിതന്മാരും സമുദായ നേതാക്കളും പ്രഭാഷകരും എഴുത്തുകാരും സകാത്തിനെ സംബന്ധിച്ച് സംസാരിച്ചുകൊണ്ടേയിരിക്കണമെന്നാണ് ബൈതുസ്സകാത്ത് ആവശ്യപ്പെടുന്നത്. നിരന്തരമായ ഉദ്ബോധനങ്ങൾ വിശ്വാസികളെ സ്വാധീനിക്കാതിരിക്കില്ല. അങ്ങനെ സകാത്തിനോടുള്ള അവഗണനക്ക് ഒരു പരിധിയോളമെങ്കിലും അറുതി വരാനും സാധ്യതയുണ്ട്.

ബഹുമുഖ പദ്ധതികൾ
വിശ്വാസികളുടെ ജീവിതത്തിന്റെയും സമ്പത്തിന്റെയും സംസ്കരണം പോലെത്തന്നെ സകാത്തിന്റെ പ്രധാന ലക്ഷ്യമാണ് ദാരിദ്ര്യ നിർമാർജനവും സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയും വികസനവും. സമൂഹത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചക്കും സാമൂഹിക നീതിയുടെ സംസ്ഥാപനത്തിനും ഇസ് ലാം മുന്നോട്ടുവെച്ച സുപ്രധാനവും ശാസ്ത്രീയവുമായ സംവിധാനമാണല്ലോ അത്. സകാത്തിലൂടെ സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയും സമ്പത്തിന്റെ ഫലപ്രദവും സജീവവുമായ ഒഴുക്കും സാധ്യമായിത്തീരുന്നു.

സമ്പന്നരുടെ സമ്പത്തില്‍നിന്ന് ദരിദ്രര്‍ക്ക് നിര്‍ബന്ധമായും ലഭിക്കേണ്ട കൃത്യമായ വിഹിതം അവകാശമായി നിശ്ചയിച്ചതിലൂടെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കാനുള്ള അടിസ്ഥാന സംവിധാനമാണ് ഇസ്‌ലാം ആവിഷ്കരിച്ചത്. ഇതിന്റെ പ്രയോഗവൽക്കരണത്തിനാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ബൈതുസ്സകാത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഭവന നിര്‍മാണം, സ്വയംതൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, കടബാധ്യത തീര്‍ക്കല്‍, കുടിവെള്ള പദ്ധതി, റേഷന്‍, പെന്‍ഷന്‍ തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലായി ഏറെ പ്രയാസപ്പെടുന്ന പതിനായിരങ്ങൾക്ക് സഹായം നൽകാൻ ഇതിനകം ബൈതുസ്സകാത്തിന് സാധിച്ചിട്ടുണ്ട്.

ഏതൊരു കുടുംബത്തിന്റെയും സ്വപ്നമാണ് തല ചായ്ക്കാൻ ഒരിടം. അത് മനുഷ്യന്റെ മൗലികാവശ്യവുമാണ്. എന്നാൽ, നമ്മുടെ നാട്ടിൽ അന്തിയുറങ്ങാൻ ഒരു കൊച്ചു കൂര പോലുമില്ലാത്തവർ ലക്ഷങ്ങളാണ്. അതുകൊണ്ടുതന്നെ ബൈതുസ്സകാത്ത് മുഖ്യമായ ഊന്നൽ നൽകുന്ന പദ്ധതികളിലൊന്ന് വീടുനിർമാണമാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് ഏറ്റവും അർഹരായവർക്കാണ് വീടുകൾ നൽകാറുള്ളത്. ഈ വർഷം മാത്രം മുന്നൂറിലേറെ വീടുകൾ നിർമിക്കുന്നതിൽ പൂർണമായോ ഭാഗികമായോ പങ്കുവഹിക്കാൻ ബൈതുസ്സകാത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സകാത്ത് അത് സ്വീകരിക്കുന്നവരെ സ്വയം പര്യാപ്തരാക്കാനുള്ള സംവിധാനം കൂടിയാണല്ലോ. ഒരിക്കൽ അത് സ്വീകരിച്ചവർക്ക് പിന്നീട് അത് വാങ്ങേണ്ട അവസ്ഥ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അതുകൊണ്ടുതന്നെ ബൈതുസ്സകാത്ത് സ്വയംതൊഴിൽ പദ്ധതിക്ക് വലിയ ഊന്നൽ നൽകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച്, ആവശ്യപ്പെട്ട സഹായം നൽകിയാൽ അത് ബന്ധപ്പെട്ടവരുടെ കുടുംബത്തിന്റെ ജീവിതം മുന്നോട്ടു പോകാൻ സഹായമായിത്തീരുമെന്ന് ബോധ്യമാകുന്നവർക്കെല്ലാം ഭാഗികമായോ പൂർണമായോ ബൈതുസ്സകാത്ത് സഹായം നൽകിവരുന്നു. ഈ വർഷം തന്നെ മുപ്പത്തി രണ്ട് ഓട്ടോറിക്ഷകൾ അർഹർക്ക് കൈമാറുകയുണ്ടായി. മത്സ്യബന്ധന ബോട്ടും വലയും വള്ളങ്ങളും തയ്യൽ മെഷീനുകളും പെട്ടിക്കടകളും മറ്റു നിരവധി തൊഴിലുപകരണങ്ങളും നൽകിയിട്ടുണ്ട്.

ബൈതുസ്സകാത്ത് ഏറെ ശ്രദ്ധിക്കുന്ന മറ്റൊരു മേഖലയാണ് ചികിത്സാ സഹായം. ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹരായവർക്കെല്ലാം ചെറിയ തോതിലെങ്കിലും സഹായം നൽകിവരുന്നു.
കഴിവും യോഗ്യതയുമുണ്ടായിരുന്നിട്ടും സാമ്പത്തിക കാരണങ്ങളാൽ പഠിക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുമുണ്ട്. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സമുദായത്തിന്റെ ശാക്തീകരണത്തിന് ആവശ്യമായ മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്.
കടബാധ്യതകൾ തീർക്കാനും മാസം തോറും റേഷനും പെൻഷനും നൽകാനും കുടിവെള്ളം ഏർപ്പെടുത്താനും വാർഷിക ബജറ്റിൽ ഒരു വിഹിതം നീക്കിവെച്ചിട്ടുണ്ട്. ഇങ്ങനെ ഏറെ കഷ്ടപ്പെടുന്ന മനുഷ്യരുടെ മൗലിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈതുസ്സകാത്ത് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും അതിന്റെ മുന്നിൽ വരുന്ന ആവശ്യങ്ങളുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ പൂർത്തീകരിക്കാൻ സാധിക്കുന്നുള്ളൂ എന്നത് നടത്തിപ്പുകാരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കേരള മുസ് ലിംകളുടെ ദാരിദ്ര്യ നിർമാർജനവും സാമ്പത്തിക ഭദ്രതയും ശാക്തീകരണവും ലക്ഷ്യംവെച്ച് ബൈതുസ്സകാത്തിന് പുതിയ രൂപവും ഭാവവും ഘടനയും നൽകാൻ തീരുമാനിച്ചത്.

നമ്മുടെ നാട്ടിൽ സംഘടിത സകാത്ത് ശേഖരണത്തിനും വിതരണത്തിനും ഫലപ്രദമായ സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഓരോ വർഷവും ബില്യന്‍ കണക്കിന് രൂപ ശേഖരിച്ച് വിതരണം നടത്താൻ സാധിക്കുമായിരുന്നു. അതിലൂടെ ഇന്ത്യൻ മുസ് ലിംകളുടെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്ക് ഒരു പരിധി വരെ അറുതിവരുത്താൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ അത്തരം വിപുലവും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ സംവിധാനമില്ല. അതുകൊണ്ടുതന്നെ സകാത്തിന്റെ വളരെ ചെറിയ അംശം മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ.

ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ബൈതുസ്സകാത്ത് കേരളയെ, സംസ്ഥാനത്ത് സകാത്ത് നൽകാൻ ബാധ്യസ്ഥരായ മുഴുവൻ വ്യക്തികൾക്കും പങ്കാളിത്തം വഹിക്കാൻ കഴിയുന്ന പൊതു സകാത്ത് സംരംഭമായി വളർത്തിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇസ്‌ലാം നിശ്ചയിച്ച പ്രകാരമുള്ള വ്യക്തികളുടെ സാമ്പത്തിക ബാധ്യതാ നിർവഹണത്തിനും സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് അറുതി വരുത്തി, ദാരിദ്ര്യം നിർമാർജനം ചെയ്ത് സാമ്പത്തിക സുസ്ഥിതിയും ഭദ്രതയും കൈവരിക്കാനും ഇതനിവാര്യമാണ്.

അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കി ശരിയായ രീതിയിൽ സകാത്ത് നിർവഹിക്കാൻ ഇത്തരമൊരു സംരംഭം ഉണ്ടാവേണ്ടതുണ്ട്. സകാത്ത് സംവിധാനത്തിലൂടെ ഇസ്‌ലാമിന്റെ മഹിതമായ സാമ്പത്തിക വ്യവസ്ഥയുടെ സദ്ഫലങ്ങൾ സമൂഹത്തിന് ലഭ്യമാക്കാൻ അനിവാര്യമായ മഹത് സംരംഭമായി ഇതിനെ മാറ്റിയെടുക്കേണ്ടതുണ്ട്.
സകാത്ത് സംഭരണ-വിതരണത്തിലെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും ഉറപ്പ് വരുത്തിക്കൊണ്ടുതന്നെ ഇത് സാധ്യമാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. അതോടൊപ്പം സമൂഹത്തിന്റെയും സമുദായത്തിന്റെയും സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനും വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, മനുഷ്യ വിഭവ ശേഷിയുടെ പോഷണം തുടങ്ങി സമുദായ ശാക്തീകരണത്തിന് അനിവാര്യമായ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരമൊരു സംരംഭത്തിന് സാധിക്കും. l

(ബൈതുസ്സകാത്ത് കേരള
ചെയർമാനാണ് ലേഖകൻ)

നാല്പത് വിദ്യാർഥികൾ പഠിക്കുന്ന ഒരു ഹൈസ്കൂൾ ക്ലാസ്. പ്രധാന അധ്യാപകൻ ക്ലാസിൽ വന്നു. അദ്ദേഹം അവരോരോരുത്തരോടും താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന പത്ത് സഹപാഠികളുടെ പേരെഴുതാൻ ആവശ്യപ്പെട്ടു.

പിന്നെ, ഏറ്റവും കൂടുതൽ വെറുക്കുന്ന പത്ത് വിദ്യാർഥികളുടെ പേരെഴുതണമെന്നും പറഞ്ഞു. എല്ലാ വിദ്യാർഥികളും കടലാസിൽ പേരുകൾ എഴുതിക്കൊടുത്തു. എല്ലാം പരിശോധിച്ചപ്പോൾ ഒരു വിദ്യാർഥിയുടെ പേര് എല്ലാവരും എഴുതിയിരുന്നു. അവന്റെ കടലാസ് പരിശോധിച്ചപ്പോൾ വെറുക്കുന്ന ഒരു വിദ്യാർഥിയുടെ പേര് പോലും അതിലുണ്ടായിരുന്നില്ല. ഇത്രമാത്രം എഴുതിയിരുന്നു: "ഞാൻ ആരെയും വെറുക്കുന്നില്ല. എല്ലാവരെയും സ്നേഹിക്കുന്നു."

താൻ വെറുക്കുന്ന പത്ത് വിദ്യാർഥികളുടെ പേരുകൾ ഒരാൾ മാത്രമാണ് എഴുതിയത്. വെറുക്കുന്നവരുടെ പട്ടികയിൽ അവന്റെ പേര് എല്ലാവരും എഴുതിയിരുന്നു.

ആശയം വളരെ വ്യക്തം. എല്ലാവരെയും സ്നേഹിക്കുന്നവരെ എല്ലാവരും സ്നേഹിക്കുന്നു. വെറുക്കുന്നവരെ വെറുക്കുന്നു. പരക്കെ പറയപ്പെടുന്ന ഒരു കഥ ഇതിനോട് ചേർത്തു വെക്കാം: ആയിരം കണ്ണാടി പതിച്ച ഒരു വീട്. ഒരു നായ അവിടെ ഓടിക്കയറി. അപ്പോൾ അത് തനിക്ക് ചുറ്റും അനേകം നായകളെ കണ്ടു. അത് അവയുടെ നേരെ വാലാട്ടി. കണ്ണാടിയിലെ ആയിരം നായ്ക്കൾ അതിന്റെ നേരെയും വാലാട്ടി. മറ്റൊരു നായ അതേ കെട്ടിടത്തിലേക്ക് ഓടിക്കയറി. തനിക്ക് ചുറ്റും അനേകം നായ്ക്കളെ അതും കണ്ടു. അത് അവയുടെ നേരെ കുരച്ചു ചാടുകയാണുണ്ടായത്. ആയിരം നായ്ക്കൾ അതിന്റെ നേരെയും കുരച്ചു ചാടി. ആ നായ പേടിച്ചു വിറച്ചു. ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ഭയന്നോടി.

നമ്മുടെ പ്രവർത്തനങ്ങൾ മേൽപ്പോട്ട് എറിയുന്ന പന്ത് പോലെയാണ്. പെട്ടെന്ന് അത് നമ്മിലേക്ക് തന്നെ തിരിച്ചു വരും. അല്ലെങ്കിൽ സ്വന്തം മേൽവിലാസത്തിലുള്ള കത്ത് പോലെ. അത് നമ്മിലേക്ക് തന്നെ തിരിച്ചെത്തും.. വളരെ പെട്ടെന്ന്; അല്ലെങ്കിൽ സാവകാശം. നാം എന്താണോ നൽകുന്നത്, അതാണ് തിരിച്ചുകിട്ടുക. നാം നടന്നുപോകുമ്പോൾ എതിരെ വരുന്നയാളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചാൽ അയാളും ചിരിക്കും; തീർത്തും അപരിചിതനാണെങ്കിലും.

കോപത്തോടെ മുഖം കറുപ്പിച്ചാലോ രൂക്ഷമായ നോട്ടമായിരിക്കും തിരിച്ചു കിട്ടുക; അയാൾ അടുത്ത കൂട്ടുകാരനാണെങ്കിലും! നാം ആരെയെങ്കിലും സ്നേഹിച്ചാൽ അവർ നമ്മെയും സ്നേഹിക്കും. അപ്പോൾ നാം അവരെ കൂടുതൽ സ്നേഹിക്കും. അവരോ കൂടുതൽ സ്നേഹം തിരിച്ച് തരും. സ്നേഹം നൽകുന്നതിനനുസരിച്ച് കുറയുകയില്ല. കൂടിക്കൊണ്ടേയിരിക്കും.

നാം ആരെയെങ്കിലും വെറുത്താലോ, അവർ നമ്മെയും വെറുക്കും. നമ്മുടെ വെറുപ്പും വർധിക്കും. ഫലമോ, അവരുടെ അതിരുകളില്ലാത്ത വെറുപ്പ് നമ്മെ ആവരണം ചെയ്യും. ഏറ്റവും കൂടുതൽ പേരുടെ വെറുപ്പ് ഏറ്റുവാങ്ങേണ്ടി വരിക ഏറ്റവും കൂടുതൽ പേരെ വെറുക്കുന്നവരായിരിക്കും. ജനങ്ങൾ സ്നേഹിക്കുന്നവരെ അല്ലാഹുവും സ്നേഹിക്കും. വെറുക്കുന്നവരെ അവനും വെറുക്കും.

'സത്യവിശ്വാസത്തിൽ പൂർണത വരിച്ചവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ് ' (ഇമാം മുസ് ലിം ഉദ്ധരിച്ചത്) എന്ന് പ്രവാചകൻ പറയാനുള്ള കാരണവും അതു തന്നെ. അന്ത്യദിനത്തിൽ സത്യവിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തെക്കാൾ കനം തൂങ്ങുന്ന മറ്റൊന്നില്ലെന്നും (തിർമിദി), സുകൃതം സൽസ്വഭാവമാണെന്നും (മുസലിം), സ്വഭാവം നന്നാക്കിയവൻ സ്വർഗത്തിൽ അത്യുന്ന സ്ഥാനത്താണെന്നും(അബൂ ദാവൂദ്), അന്ത്യദിനത്തിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരും അവന്റെ അടുത്ത് സ്ഥാനം ലഭിക്കുന്നവരും ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കുമെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.

സ്നേഹത്തിന്റെ ശക്തി അപാരമാണ്. അത് ശത്രുവെ മിത്രമാക്കും. അകന്നവരെ അടുപ്പിക്കും. മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന കരുത്തുറ്റ കണ്ണിയാണത്. അതിനാൽ, നമ്മുടെ മനസ്സ് സ്നേഹത്താൽ നിറഞ്ഞൊഴുകട്ടെ. പരിസരമെങ്ങും അത് പ്രവഹിക്കട്ടെ. ചുറ്റും പ്രസരിക്കട്ടെ. നാമുമായി ബന്ധപ്പെടുന്ന എല്ലാവർക്കും നമ്മുടെ ആത്മാർഥമായ സ്നേഹം അനുഭവിക്കാൻ സാധിക്കുമാറാകട്ടെ. അത് അവരുടെയൊക്കെ മനസ്സിൽ കുളിര് പകരട്ടെ. അപ്പോൾ സമകാലികരും പിൻമുറക്കാരും നല്ലത് മാത്രം പറയുന്ന, സുഗന്ധ സ്മരണകൾ ബാക്കിവെക്കുന്ന മഹാഭാഗ്യവാന്മാരായി മാറാൻ നമുക്ക് സാധിക്കും. നല്ലത് മാത്രം നൽകി നല്ലത് മാത്രം നേടുക. l

മാൽക്കം എക്സ് തന്റെ ആത്മകഥയിൽ ഒരിടത്ത്, കറുത്ത വർഗക്കാർ തങ്ങളുടെ തലമുടി വെള്ളക്കാരുടേതു പോലെയാകാൻ നടത്തുന്ന ദീർഘവും കഠിനവും വേദനാപൂർണവുമായ ശ്രമത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്: "തലമുടി വെള്ളക്കാരുടേതു പോലെയാകുന്നത് മഹാ കാര്യമാണെന്ന് വിചാരിച്ച് ഞെളിഞ്ഞു നിൽക്കുന്ന പമ്പര വിഡ്ഢിയുടെ രൂപമാണ് കണ്ണാടിയിൽ തെളിഞ്ഞത്. എന്റെ തലമുടി ഇനി മേലിൽ ഇങ്ങനെത്തന്നെയായിരിക്കുമെന്ന് അന്ന് ഞാനൊരു പ്രതിജ്ഞയെടുത്തു. കൊല്ലങ്ങളോളം ഞാൻ അങ്ങനെത്തന്നെയായിരുന്നു. സ്വയം നിന്ദയിലേക്കുള്ള എന്റെ യാത്രയിലെ ആദ്യത്തെ ശരിയായ വലിയ കാൽവെപ്പായിരുന്നു ഇത്….കറുത്ത വർഗക്കാർ അധമന്മാരും വെള്ളക്കാർ കേമന്മാരുമാണെന്ന് വിശ്വസിക്കാൻ മാത്രം മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട എണ്ണമറ്റ നീഗ്രോ സ്ത്രീ-പുരുഷന്മാരുടെ കൂട്ടത്തിൽ ഞാനും ചേർന്നിരിക്കുന്നു. വെള്ളക്കാരുടെ മാനദണ്ഡങ്ങൾക്കൊത്ത രൂപലാവണ്യം കൈവരുത്താനുള്ള ശ്രമത്തിൽ, ദൈവം ഞങ്ങൾക്ക് കനിഞ്ഞുനൽകിയ ശരീരത്തിന് അംഗഭംഗം വരുത്താനും അതിനെ നശിപ്പിക്കാനും പോലും മടിയില്ലാത്തവരായിത്തീർന്നിരിക്കുന്നു ഇക്കൂട്ടർ…. തലമുടിയുടെ കാര്യത്തിൽ ചെലുത്തുന്ന ശ്രദ്ധയുടെ പകുതിയെങ്കിലും തലക്കുള്ളിലുള്ള തലച്ചോറിന് നൽകുകയാണെങ്കിൽ ഇപ്പോഴുള്ളതിനെക്കാൾ ആയിരം മടങ്ങ് മെച്ചപ്പെട്ട അവസ്ഥയിലായിരിക്കുമവർ."

മാൽകം എക്സ്

വെള്ളക്കാർ, തങ്ങളാണ് ബുദ്ധിയും ചിന്തയും അറിവും യോഗ്യതയുമുള്ളവരെന്നും കറുത്തവർ കഴിവുകെട്ടവരും അപരിഷ്കൃതരും ഒന്നിനും കൊള്ളരുതാത്തവരുമാണെന്നും വ്യാപകമായി പ്രചരിപ്പിച്ചു. അത് കറുത്ത വർഗക്കാരെയും അഗാധമായി സ്വാധീനിച്ചു. തങ്ങൾ അധഃസ്ഥിതരും അധമരും വെള്ളക്കാരെപ്പോലെ മാറേണ്ടവരുമാണെന്ന് കറുത്തവർ ഉറച്ച് വിശ്വസിച്ചു. അതിനാൽ, തൊലി വെളുത്തവരെപ്പോലെയാകാൻ കറുത്തവർ കഠിനവും തീവ്രവുമായ ശ്രമങ്ങൾ നടത്തി. അവരുടെ വേഷവും ഭാഷാശൈലിയും ഹാവഭാവങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുകരിക്കാൻ പരമാവധി ശ്രമിച്ചു. അതോടെ അവർക്ക് തങ്ങളുടെ സ്വത്വം നഷ്ടപ്പെട്ടു; വെള്ളക്കാരെപ്പോലെയായതുമില്ല.

ഇതു തന്നെയാണ് പാശ്ചാത്യർ പൗരസ്ത്യരോട് അനുവർത്തിച്ച സമീപനവും. ശാസ്ത്രവും സാങ്കേതിക വിദ്യയും തങ്ങളുടെതാണെന്നും ഉന്നതമായ സംസ്കാരത്തിന്റെയും നാഗരികതയുടെയും അവകാശികൾ തങ്ങളാണെന്നും വ്യാപകമായി പ്രചരിപ്പിച്ചു. പൗരസ്ത്യർ പ്രാകൃതരും കാട്ടാള സമാനരും പരിഷ്കരിക്കപ്പെടേണ്ടവരും സംസ്കരിക്കപ്പെടേണ്ടവരുമാണെന്ന പൊതുബോധം വളർത്തി. അത് പൗരസ്ത്യരെയും ആഴത്തിൽ സ്വാധീനിച്ചു. തങ്ങൾ മോശക്കാരും ഒന്നിനും കൊള്ളാത്തവരുമാണെന്ന ധാരണ അവരിലും വളർന്നുവന്നു. ഇവ്വിധം ആത്മനിന്ദക്കും അപകർഷ ബോധത്തിനും അടിപ്പെട്ട അവർ മുഴു ജീവിതമേഖലയിലും പടിഞ്ഞാറിനെ അനുകരിച്ചു.

ഇന്ത്യയിലെ മേൽജാതിക്കാർ കീഴ്ജാതിക്കാരോട് പറഞ്ഞു: "ഞങ്ങൾ ദൈവത്തിന്റെ പ്രത്യേകക്കാരാണ്. ഭഗവാന്റെ ശിരസ്സിൽനിന്നും ചുമലിൽനിന്നും തുടയിൽനിന്നും സൃഷ്ടിക്കപ്പെട്ടവരാണ്. നിങ്ങൾ ഹീന ജാതിക്കാരാണ്. നിങ്ങൾ അങ്ങനെയാകാൻ കാരണം കഴിഞ്ഞ ജന്മത്തിലെ പാപ വൃത്തികളാണ്, നിങ്ങളുടെ തന്നെ കർമഫലമാണ്. അതുകൊണ്ടുതന്നെ നിങ്ങൾ നിന്ദ്യരും നീചരും നികൃഷ്ട ജീവികളുമാണ്. നിങ്ങളുടെ ധർമം ഞങ്ങളെ സേവിക്കലാണ്. ഞങ്ങളുടെ കൽപനകൾ നടപ്പാക്കലാണ്. നിങ്ങളുടെ വീടും വഴിയും വേഷവും ഭാഷയും ആചാരവും അനുഷ്ഠാനവുമൊന്നും ഞങ്ങളുടേത് പോലെയാകാൻ പാടില്ല. ഞങ്ങളുടെ കിണറുകളോ കുളങ്ങളോ വഴികളോ മറ്റു വസ്തുക്കളോ നിങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഞങ്ങളെ സംബന്ധിച്ചേടത്തോളം നിങ്ങൾ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണ്."

ഈ പ്രചാരണത്തിനടിപ്പെട്ടവർ തങ്ങൾ അയിത്ത ജാതിക്കാരാണെന്ന് സ്വയം അംഗീകരിച്ചു. അവരിൽ അടിമ മനസ്സും അപകർഷ ബോധവും ആത്മനിന്ദയും രൂഢമൂലമായി. മേൽജാതിക്കാരുടെ കൽപനകൾ അക്ഷരംപ്രതി അനുസരിക്കാൻ തുടങ്ങി. അവരിലെ അറിവും ബോധവുമുള്ളവരുടെ ഏക മോഹം ജാതി മേധാവികളെപ്പോലെ ആകലായിരുന്നു; അത് തീർത്തും അസാധ്യമാണെങ്കിലും. അരികു വൽക്കരിക്കപ്പെട്ട കീഴ്ജാതിക്കാരുടെ അത്യുൽക്കടമായ ഈ ആഗ്രഹത്തെ ചൂഷണം ചെയ്താണ് ഇന്ത്യയിലെ സവർണരുടെ സംഘശക്തിയായ വർഗീയ ഫാഷിസ്റ്റുകൾ അവരെ കൂടെ കൂട്ടിയത്. മേൽജാതിക്കാരോടൊപ്പം പല ചടങ്ങുകളിലും വേദികളിലും പരിപാടികളിലും പങ്കാളികളാക്കിയതോടെ തങ്ങളും മേൽജാതിക്കാരെപ്പോലെയായെന്നും മഹത്വമാർജിച്ചുവെന്നും കീഴ്ജാതിക്കാർ തെറ്റിദ്ധരിച്ചു. യഥാർഥത്തിലവർ നേരത്തെ ഉണ്ടായിരുന്നതു പോലെത്തന്നെ സവർണ മേധാവികളുടെ ആജ്ഞാനുവർത്തികളും അടിമകളും പാദസേവകരുമായിത്തന്നെ തുടരുകയാണ്. ഹാവഭാവങ്ങളിലും രൂപഘടനകളിലും ഇരിപ്പിടങ്ങളിലും മറ്റും ചില മാറ്റങ്ങളുണ്ടായെന്ന് മാത്രം.

ഇപ്രകാരം തന്നെ പുരുഷ മേധാവിത്വം സ്ത്രീകളെ നിരന്തരം പറഞ്ഞ് പറ്റിച്ചു; പുരുഷന്മാരാണ് മികച്ചത്. അവരുടെ ജോലിയാണ് മഹത്തരം. വേഷമാണ് മാന്യം. നിങ്ങളുടെ പ്രത്യേകതയായ ഗർഭധാരണവും പ്രസവവും മുലയൂട്ടലും വളരെ മോശമാണ്. അസ്വാതന്ത്ര്യമാണ്. മാന്യതയ്ക്ക് ചേർന്നതല്ല. അതെല്ലാം ഒഴിവാക്കി ഞങ്ങളെപ്പോലെ വ്യവസായ ശാലകളിലും വ്യാപാര കേന്ദ്രങ്ങളിലും തെരുവുകളിലും അങ്ങാടികളിലും പോയി ജോലി ചെയ്യണം. ഞങ്ങളുടെ എല്ലാ തൊഴിലുകളും മഹത്തരമാണ്. അത് മറ്റുള്ളവരുടെ വാഹനം ഓടിക്കുന്ന ഡ്രൈവിംഗ് ആയാലും വാഹനം കഴുകി വൃത്തിയാക്കലായാലും ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യലായാലും അവിടെ വരുന്നവർക്കൊക്കെ ഭക്ഷണം വിളമ്പലായാലും അവർ കഴിച്ച പാത്രം കഴുകലായാലും അതൊക്കെയും മാന്യവും മികച്ചതുമായ ജോലിയാണ്. എന്നാൽ, നിങ്ങൾ വീടുകളിൽ ജീവിതപങ്കാളികൾക്കും മക്കൾക്കും ഭക്ഷണം ഉണ്ടാക്കലും അവ വിളമ്പിക്കൊടുക്കലും അവർ കഴിച്ച പാത്രം കഴുകലും ഹീനമായ തൊഴിലാണ്. ആണുങ്ങൾ മറ്റുള്ളവരുടെ വീടുകൾ സംരക്ഷിക്കുന്നതും പാറാവ് നിൽക്കുന്നതും നല്ലതും മാന്യവുമാണ്. എന്നാൽ, നിങ്ങൾ സ്ത്രീകൾ സ്വന്തം വീടുകൾ സംരക്ഷിക്കുന്നത് താഴ്ന്നതും നിലവാരമില്ലാത്തതുമായ പണിയാണ്. അതിനാൽ നിങ്ങൾ, എങ്ങനെയെങ്കിലും ഞങ്ങൾ പുരുഷന്മാർ ചെയ്യുന്ന ജോലികൾ നേടിയെടുക്കണം. അത് നേടലായിരിക്കണം നിങ്ങളുടെ ലക്ഷ്യം. എല്ലാ ശ്രദ്ധയും ശ്രമവും അതിനായിരിക്കണം. നിങ്ങളുടെ സൽവാറും കമ്മീസും സാരിയും പർദയും അഴിച്ചുമാറ്റി ഞങ്ങളുടെ പാന്റ്സും ഷർട്ടും ധരിക്കണം. തലമുടി മുറിച്ച് ഞങ്ങളെപ്പോലെയാകണം.

പുരുഷ മേധാവിത്വത്തിന്റെ നിരന്തരവും ആസൂത്രിതവുമായ ഈ പ്രചാരണം സ്ത്രീകളിൽ അറ്റമില്ലാത്ത അപകർഷ ബോധവും ആത്മനിന്ദയും വളർത്തി. തങ്ങൾ ആണുങ്ങളായി ജനിക്കാത്തതിൽ അങ്ങേയറ്റം ദുഃഖം അനുഭവിച്ചു. തങ്ങളുടെ ശരീരം പോലും ആണുങ്ങളുടേത് പോലെയാകണമെന്ന് ആഗ്രഹിച്ചു. ശസ്ത്രക്രിയയിലൂടെ അങ്ങനെയാകാൻ സാധിക്കാത്തവരും ആണുങ്ങളെപ്പോലെ ജീവിച്ചു. പുരുഷന്മാരെ പൂർണമായും അനുകരിച്ചും അനുധാവനം ചെയ്തും അവരോടൊപ്പം കഴിയാൻ തീരുമാനിച്ചു. പെണ്ണുങ്ങളോട് ചേർന്നിരിക്കൽ മോശമാണെന്നും ആണുങ്ങളോട് ചേർന്നിരിക്കുന്നതിലാണ് മഹത്വമെന്നും ഉറപ്പിച്ചു. അങ്ങനെ ലിംഗസമത്വം നേടിയതായി അവകാശപ്പെട്ടു.

ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമായിത്തീർന്ന മുസ്്ലിംകളെയും കടുത്ത അപകർഷ ബോധവും ആത്മനിന്ദയും പിടികൂടി. മേധാവിത്വം പുലർത്തുന്ന സംസ്കാരത്തോടും നാഗരികതയോടും അങ്ങേയറ്റത്തെ അഭിനിവേശവും ആദരവും വളർന്നുവന്നു. സ്വന്തം ആദർശ വിശ്വാസത്തോടും ആചാരാനുഷ്ഠാനങ്ങളോടും മതപരമായ ചിഹ്നങ്ങളോടും ഇസ്്ലാമിക സംസ്കാരത്തോടും കടുത്ത പുച്ഛവും മതിപ്പുകേടും. മേധാവിത്വം പുലർത്തുന്ന വിഭാഗത്തിന്റെ ആചാരങ്ങളും ജീവിതരീതികളും സ്വീകരിക്കാനും പിന്തുടരാനുമായി അഭിനിവേശം. അങ്ങനെയാണ് സമുദായത്തിൽ ഇക്കാണുന്ന വിധം സാംസ്കാരിക അധിനിവേശം സംഭവിച്ചത്. ആരാധനയിൽ പോലും അനിസ്്ലാമിക രീതികൾ കടന്നുകൂടി. വിവാഹാഘോഷങ്ങളിലും ജന്മദിന പരിപാടികളിലും മാത്രമല്ല, പെരുന്നാൾ ആഘോഷങ്ങളിൽ പോലും ഇത് പ്രകടമാണ്.

സ്വന്തം ആദർശ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നൈതിക മൂല്യങ്ങളെയും സംബന്ധിച്ച മതിപ്പുകേടും അപകർഷ ബോധവുമാണ് ആദർശ, വിശ്വാസ ദൗർബല്യങ്ങൾക്കും മൂല്യ നിരാസത്തിനും സാംസ്കാരിക അധിനിവേശത്തിനും വഴിയൊരുക്കുന്നത്.

ഇങ്ങനെ സംഭവിക്കാതിരിക്കാൻ വിശുദ്ധ ഖുർആൻ ഇസ്്ലാമിക സമൂഹത്തിൽ അന്തസ്സും ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്താനാവശ്യമായ പാഠങ്ങൾ നൽകുന്നു. അല്ലാഹു പറയുന്നു: "നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്. നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!" (3: 139). ഏത് സാഹചര്യത്തിലും സത്യവിശ്വാസിയിൽ ഈ ഔന്നത്യബോധം നിലനിൽക്കണം. വിശ്വാസം, ജീവിതവീക്ഷണം,സ്വഭാവ മര്യാദകൾ, പെരുമാറ്റ രീതികൾ, ആരാധനാനുഷ്ഠാനങ്ങൾ, മൂല്യങ്ങൾ, മാനദണ്ഡങ്ങൾ, നീതി സങ്കൽപങ്ങൾ തുടങ്ങി മാനവതയുടെ സകല അടിസ്ഥാനങ്ങളിലും ഇസ്്ലാമിന്റെ ഔന്നത്യത്തെ പ്രതിനിധാനം ചെയ്യുന്ന വിശ്വാസി അപകർഷ ബോധത്തിനോ ആത്മനിന്ദക്കോ അടിപ്പെടരുതെന്ന ആഹ്വാനവും ഈ വിശുദ്ധ സൂക്തം ഉൾക്കൊള്ളുന്നു.

ഇസ്്ലാമിക സമൂഹത്തിൽ അർപ്പിതമായ ദൗത്യനിർവഹണത്തിനും ആത്മവിശ്വാസവും ആത്മാഭിമാനവും അനിവാര്യമാണ്. അതിനാലാണ് വിശുദ്ധ ഖുർആൻ ഇസ്്ലാമിക സമൂഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്:

"മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമായിത്തീര്‍ന്നിരിക്കുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു" (3: 110).

വിശ്വാസ ദൗർബല്യം കാരണമായി സമുദായത്തിൽ വളർന്നുവന്ന അപകർഷ ബോധത്തിനും ആത്മ നിന്ദക്കും അറുതി വരുത്തണമെങ്കിൽ അവരിൽ ഇസ്്ലാമിന്റെ സമാനതകളില്ലാത്ത മഹത്വത്തെയും നന്മയെയും മേന്മയെയും സംബന്ധിച്ച വിശ്വാസവും ബോധവും വളർത്തണം. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ, സമുദായത്തിൽ വ്യാപകമായിത്തീർന്ന സാംസ്കാരിക അധിനിവേശത്തെ ഫലപ്രദമായി ചെറുക്കാൻ സാധിക്കുകയുള്ളൂ. സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ആദർശ വിശ്വാസങ്ങളിലും ജീവിത മൂല്യങ്ങളിലും സാംസ്കാരിക പരിസരങ്ങളിലും നിലനിൽക്കുന്ന അധിനിവേശത്തെ പ്രതിരോധിക്കാതെ ഇസ്്ലാമിക സമൂഹത്തിന്റെ അതിജീവനം സാധ്യമാവുകയില്ല.
l

ഇസ്്ലാമിക ഗ്രന്ഥങ്ങളെ സാഹിത്യ ശാഖയിലുൾപ്പെടുത്തി വിശദമായ പഠനത്തിനും കൃത്യമായ നിരൂപണത്തിനും വിധേയമാക്കിയ ലബ്ധ പ്രതിഷ്ഠനായ എഴുത്തുകാരനെയാണ് ഇബ്രാഹീം ബേവിഞ്ചയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. സാഹിത്യ നിരൂപകർ മറ്റു മതഗ്രന്ഥങ്ങളെ തങ്ങളുടെ പഠനങ്ങളിലും ഗ്രന്ഥ നിരൂപണങ്ങളിലും ഉൾപ്പെടുത്താറുണ്ടെങ്കിലും ഇസ്്ലാമിക രചനകളെ മാറ്റിനിർത്താറാണ് പതിവ്. ഇതിൽനിന്ന് തീർത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച സാഹിത്യ നിരൂപകരിലൊരാളാണ് ബേവിഞ്ച.

മലയാളത്തിലെ ഇസ്്ലാമിക സാഹിത്യ ശാഖ ഇന്ന് പുഷ്കലമാണ്. പിന്നിട്ട പതിറ്റാണ്ടുകളിൽ ഈ രംഗത്തുണ്ടായ വളർച്ചയും വികാസവും വിസ്മയകരമാണ്. എന്നിട്ടും അതൊന്നും കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുന്നവരാണ് ഏതാണ്ടെല്ലാ എഴുത്തുകാരും. മലയാളത്തിലെ ഇസ്്ലാമിക സാഹിത്യ ശാഖയെ നിരൂപണ വിധേയമാക്കിയ ആദ്യ കൃതി പ്രിയ സുഹൃത്തും ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ സഹയാത്രികനുമായ ഇബ്രാഹീം ബേവിഞ്ചയുടേതാണ്. അതിന്റെ ആമുഖത്തിൽ അദ്ദേഹം കുറിച്ചിട്ട വാചകങ്ങൾ തന്നെ തന്റെ നിലപാടുതറയേതെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം എഴുതി: "മതം എന്നും എനിക്കൊരു സൗന്ദര്യ പൂരമായിരുന്നു.

ഇബ്റാഹീം ബേവിഞ്ച

സുവിശേഷവും സാന്ത്വനവുമായിരുന്നു. മതത്തിൽനിന്നാണ് ഞാൻ സാഹിത്യത്തിലേക്കും കലയിലേക്കും കടന്നുപോയത്. അതോടെ 'സ്വർഗീയമായ' ഒരു നവലോകത്തേക്ക് മനസ്സ് വിടർന്നു. ആ വിടർച്ചയിലെ ചില ഇതളുകൾ ഈ കൃതിയിലുണ്ട്. ആരും കാണാതെ മനസ്സിൽ തന്നെ ബാക്കി കിടക്കുന്ന ഇതളുകൾ വേറെയും ധാരാളമുണ്ട്. ഏതാണ് ചേതോഹരം എന്നൊന്നും പറയുക വയ്യ."
അതേ ഗ്രന്ഥത്തിലൊരിടത്ത് ഇങ്ങനെയും എഴുതി: "ഭൗതിക ശാസ്ത്രങ്ങളുടെ മേൽക്കോയ്മയെപ്പോലെത്തന്നെ മത മീമാംസയുടെ പ്രഭാവവും വർത്തമാനകാല ജീവിതത്തിലുണ്ട്. മത തത്ത്വസാരങ്ങൾ വിശദീകരിക്കുന്ന സാഹിത്യ വിഭാഗം മലയാളത്തിൽ വികാസം കൊണ്ടിട്ടുണ്ട്. ആത്മീയതയും ഭൗതികതയും സമന്വയിക്കുന്നു എന്ന സവിശേഷതയുള്ള ഇസ്്ലാമിനെ ആധാരമാക്കി മികച്ച ഗ്രന്ഥങ്ങൾ ഉണ്ടാവുക കാലഘട്ടത്തിന്റെ ആവശ്യമാണല്ലോ. ഇസ്്ലാമികമായ ആശയങ്ങളെക്കുറിച്ചുള്ള പ്രബോധനപരമായ കൃതികൾ എന്ന് പറയാവുന്ന മലയാളത്തിലെ ഇസ്്ലാംമത സാഹിത്യം വിശദമായ പഠനത്തിന് വിധേയമാക്കാവുന്ന വിധത്തിൽ വളർച്ച പ്രാപിച്ചിട്ടുണ്ട്."

കാസർകോട് സാഹിത്യവേദി(കേരളീയം 06-07)യിൽ ബേവിഞ്ച സംസാരിക്കുന്നു

ഇബ്രാഹീം ബേവിഞ്ചയുടെ തീർത്തും വ്യത്യസ്തമായ ഈ പുസ്തകം വായനക്കാരുടെ കൈകളിൽ എത്തിച്ചത് ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസാണ്. അതിന്റെ അക്കാലത്തെ ഡയറക്ടർ എന്ന നിലയിൽ ഈ സുകൃതത്തിന് സൗഭാഗ്യം ലഭിച്ചത് ഒരനുഗ്രഹമായി ഇപ്പോഴും കരുതുന്നു.
'വായനയിലും ചിന്തയിലുമുള്ള ഒരു മുറിച്ചുകടക്കലിന് വഴിയൊരുക്കിയ മഹാ പ്രസ്ഥാനം' എന്ന് ഐ.പി.എച്ചിനെ സംബന്ധിച്ച ബേവിഞ്ചയുടെ വാക്കുകൾ ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസും അദ്ദേഹവും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നു. കേരളീയ മുസ്്ലിം സമൂഹത്തിൽ ഐ.പി.എച്ച് സൃഷ്ടിച്ച വിപ്ലവത്തെ അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു: "മലയാളം പഠിക്കുന്നത് പോലും ഹറാമാണെന്ന് കരുതിയിരുന്ന കാലത്ത് മലയാളത്തിൽ ഇസ്്ലാമിക ഗ്രന്ഥങ്ങൾ പുറത്തിറക്കിയവരെ നാം ആദരിക്കണം. പഴയ ഇസ്്ലാമിക പുസ്തക പ്രസിദ്ധീകരണാലയങ്ങളിൽ ചിലതെല്ലാം തനി യാഥാസ്ഥിതിക വിശ്വാസത്തിലൂന്നി നിന്നവരുടെതാകാം. പേര് പെറ്റവയും അവയിൽ ഉണ്ടാകാം. പക്ഷേ, അവയാണ് പുതിയ കാഴ്ചപ്പാടിലേക്ക് വരാൻ മുസ്്ലിംകളെ പരോക്ഷമായി പ്രേരിപ്പിച്ചത്. ഇസ്്ലാമിക സംസ്കാരത്തിന്റെ പീഠഭൂമിയിൽ വേരുകളാഴ്ത്തി നിന്നുകൊണ്ട് കേരളീയ മുസ്്ലിം സമൂഹത്തിൽ ചിന്താ വിപ്ലവം നടത്തി, അനുക്ഷണം വികസ്വരമായിക്കൊണ്ടിരിക്കുന്ന കാലത്തിന്റെയൊപ്പം അവരെ നടത്താൻ ശക്തിനൽകിയ പുസ്തക പ്രസാധക സംഘങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസാണ്."
ഇബ്രാഹീം ബേവിഞ്ച എന്റെ നാൽപതോളം പുസ്തകങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കി നിരൂപണം ചെയ്ത ലേഖന പരമ്പര 'വാരാദ്യ മാധ്യമ'ത്തിന്റെ മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുകയുണ്ടായി . വളരെ വിശദമായ ആ പഠനം 'ഇസ്്ലാമിക സാഹിത്യം മലയാളത്തിൽ' എന്ന പുസ്തകത്തിൽ അഞ്ചാം അധ്യായമായി ചേർത്തിട്ടുണ്ട്.

മലയാള സാഹിത്യത്തിലെന്ന പോലെ മാപ്പിള സാഹിത്യത്തിലും ആഴത്തിലുള്ള അറിവ് നേടിയ പ്രമുഖ സാഹിത്യകാരനും സാഹിത്യ നിരൂപകനും ഗ്രന്ഥകർത്താവും പ്രഭാഷകനും അധ്യാപകനുമാണ് ഇബ്രാഹീം ബേവിഞ്ച. കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, കോഴിക്കോട് സർവകലാശാലാ യു.ജി ബോർഡ് ഓഫ് സ്റ്റഡീസ്, പി.ജി ബോർഡ് ഓഫ് സ്റ്റഡീസ്, കേരള സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് (മലയാളം) എന്നിവയിലെല്ലാം അംഗമായിരുന്നു. കണ്ണൂർ വിമൻസ് കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളേജ്, കാസർകോട് ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു.

ഇസ്്ലാമിക വിദ്യാർഥി പ്രസ്ഥാനവും ശാന്തപുരമുൾപ്പെടെയുള്ള ഇസ്്ലാമിക സ്ഥാപനങ്ങളും സംഘടിപ്പിച്ച സാഹിത്യ, സാംസ്കാരിക പരിപാടികളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
ബേവിഞ്ച എഴുതിത്തുടങ്ങുന്ന കാലം തൊട്ടുതന്നെ അദ്ദേഹത്തിന്റെ രചനകളുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചു. അതിലൂടെ രൂപപ്പെട്ട മാപ്പിള സാഹിത്യത്തിന്റെ ചരടിൽ കോർത്ത സൗഹൃദം വ്യക്തിപരമായ സൗഹൃദമായും തുടർന്ന് ആത്മബന്ധമായും വളരാൻ ഏറക്കാലം വേണ്ടിവന്നില്ല.

ബേവിഞ്ചയുടെ മകൾ പെരുമ്പിലാവ് സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തിന്റെ യാത്രയിലെ ഇടത്താവളമായിരുന്നു ഹിറാ സെന്റർ. അതിനാൽ, ധാരാളം സമയം ഒരുമിച്ചു കഴിയാൻ അവസരം ലഭിച്ചു. രോഗബാധിതനായി വീട്ടിൽ വിശ്രമിക്കുമ്പോഴും ചെന്ന് കാണുകയുണ്ടായി. ജമാഅത്തെ ഇസ്്ലാമി കാസർകോട് ജില്ലാ പ്രസിഡന്റായിരുന്ന വി.എൻ ഹാരിസിനോടും സഹപ്രവർത്തകരോടുമൊന്നിച്ചാണ് ആ ചിരകാല സുഹൃത്തിനെ വീട്ടിൽ ചെന്ന് കണ്ടത്. പ്രതിഭാധനനായ ആ എഴുത്തുകാരന് പാർക്കിൻസൺസ് ബാധിച്ചതിനാൽ വർഷങ്ങളോളം സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയാകാനോ പ്രഭാഷണങ്ങളിലേർപ്പെടാനോ എഴുത്തു തുടരാനോ കഴിയാതെ വീട്ടിൽ കഴിയേണ്ടി വന്നു.
മലയാള സാഹിത്യത്തിലെ ഇസ്്ലാമിക സാന്നിധ്യത്തെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തുകയും നിരൂപണ സാഹിത്യത്തിന് പുതിയ പാത വെട്ടിത്തെളിയിക്കുകയും ചെയ്ത സർഗധനനായ എഴുത്തുകാരനാണ് ഇബ്രാഹീം ബേവിഞ്ച. ഇസ്്ലാമിക സംസ്കൃതിയെയും മുസ്്ലിം സാഹിത്യ പ്രവർത്തനങ്ങളെയും നന്നായി പഠിച്ചും സൂക്ഷ്മമായി വിലയിരുത്തിയും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തിയ ബേവിഞ്ചയാണ് ഇസ്്ലാമിക സാഹിത്യ ലോകത്തെ പൊതുവൽക്കരിച്ചതിൽ അനൽപമായ പങ്കു വഹിച്ചത്.

മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ടെലഫോണിലൂടെ പ്രാർഥിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. നിരവധി വർഷങ്ങൾക്ക് ശേഷം മകളെ കണ്ടപ്പോൾ അതനുസ്മരിക്കുകയും ഭർത്താവുൾപ്പെടെ എല്ലാവരോടും, പ്രാർഥിച്ച കാര്യം പറയാറുണ്ടെന്ന് അറിയിക്കുകയും ചെയ്തപ്പോൾ പിതാവിന്റെ പാതയിൽ തന്നെയാണ് മകളുമെന്ന് ബോധ്യമായി. കേരളീയ സമൂഹത്തിന് മഹത്തായ ഒട്ടേറെ സംഭാവനകൾ നൽകാൻ സാധിക്കുമായിരുന്ന ഒരു ജീവിതമാണല്ലോ വീട്ടിൽ ഒതുങ്ങേണ്ടി വന്നതെന്ന വ്യഥിത വികാരങ്ങളുമായാണ് അന്ന് ബേവിഞ്ചയുടെ വീട്ടിൽനിന്ന് മടങ്ങിയത്.

കാസർകോട് ഗവൺമെൻറ് കോളേജിൽനിന്ന് ബിരുദവും, പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ടി വാസുദേവൻ നായരുടെ രചനകളെ സംബന്ധിച്ച പഠനത്തിൽ എം.ഫിലും നേടുകയുണ്ടായി. തുടർന്ന് ചന്ദ്രിക സബ് എഡിറ്ററായി സേവനമനുഷ്ഠിച്ചു. അതിനുശേഷമാണ് അധ്യാപകനായത്. ചന്ദ്രിക വാരാന്തപ്പതിപ്പിൽ 'പ്രസക്തി', വാരാദ്യ മാധ്യമത്തിൽ 'പോയ മാസത്തെ കഥകൾ', ആരാമം വനിതാ മാസികയിൽ 'പെൺ വഴികൾ' എന്നീ പംക്തികൾ കൈകാര്യം ചെയ്തു.

മാപ്പിള കലാ സാഹിത്യ ലോകത്തെ മുസ്്ലിം സമുദായത്തിന്റെ വരുതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിൽ മഹത്തായ സംഭാവനകളർപ്പിച്ച സാഹിത്യ വിമർശകനാണ് ഇബ്രാഹീം ബേവിഞ്ച. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെയും ആഴത്തിൽ പഠിച്ചു. മാപ്പിളമാരുടെ ജീവിത വ്യവഹാരങ്ങളും വികാരങ്ങളും ചിന്തകളും മുഖ്യധാരാ സാഹിത്യത്തിന് പുറത്തല്ലെന്ന് ബേവിഞ്ച സമർഥിച്ചു.

ഇസ്്ലാമിക സാഹിത്യം മലയാളത്തിൽ, മുസ്്ലിം സാമൂഹിക ജീവിതം മലയാളത്തിൽ, ഉബൈദിന്റെ കവിതാലോകം, പക്ഷിപ്പാട്ട് ഒരു പുനർവായന, പ്രസക്തി, ബഷീർ ദ മുസ്്ലിം, നിളതന്ന നാട്ടെഴുത്തുകൾ എന്നിവയാണ് ശ്രദ്ധേയമായ പ്രധാന കൃതികൾ. കൂടാതെ ബിലാലുബ്്നു റബാഹിനെ ആധാരമാക്കി പി.ടി അബ്ദുറഹ്്മാൻ രചിച്ച 'കറുത്ത മുത്ത്' ഉൾപ്പെടെ നിരവധി പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് അവതാരികകളെഴുതിയിട്ടുണ്ട്. മൊഗ്രാൽ കവികൾ, പള്ളിക്കര എം.കെ അഹമ്മദിന്റെ മാപ്പിളപ്പാട്ടുകൾ, പൊൻകുന്നം സെയ്ദ് മുഹമ്മദിന്റെ മാഹമ്മദം എന്നിവയെക്കുറിച്ച പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാസർകോടിന്റെ സാംസ്കാരിക ജീവിതത്തിലെ നിറസാന്നിധ്യമായിരുന്ന ബേവിഞ്ചയുടെ എഴുത്ത് ചന്ദ്രഗിരി പുഴയുടെ ഒഴുക്ക് പോലെ തെളിമയുള്ളതും ഹൃദ്യവുമായിരുന്നു.
സൗമ്യ പ്രകൃതനും മിതഭാഷിയും ആകർഷകമായ പെരുമാറ്റത്തിന്റെ ഉടമയുമായിരുന്ന ബേവിഞ്ചയുടെ വിയോഗത്തിലൂടെ സ്നേഹസമ്പന്നനായ ആത്മമിത്രത്തെയാണ് നഷ്ടപ്പെട്ടത്. പരമ കാരുണികനായ അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂടാൻ സൗഭാഗ്യം നൽകട്ടെ. l

ഇസ്്ലാമിക ഗ്രന്ഥങ്ങളെ സാഹിത്യ ശാഖയിലുൾപ്പെടുത്തി വിശദമായ പഠനത്തിനും കൃത്യമായ നിരൂപണത്തിനും വിധേയമാക്കിയ ലബ്ധ പ്രതിഷ്ഠനായ എഴുത്തുകാരനെയാണ് ഇബ്രാഹീം ബേവിഞ്ചയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. സാഹിത്യ നിരൂപകർ മറ്റു മതഗ്രന്ഥങ്ങളെ തങ്ങളുടെ പഠനങ്ങളിലും ഗ്രന്ഥ നിരൂപണങ്ങളിലും ഉൾപ്പെടുത്താറുണ്ടെങ്കിലും ഇസ്്ലാമിക രചനകളെ മാറ്റിനിർത്താറാണ് പതിവ്. ഇതിൽനിന്ന് തീർത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച സാഹിത്യ നിരൂപകരിലൊരാളാണ് ബേവിഞ്ച.

മലയാളത്തിലെ ഇസ്്ലാമിക സാഹിത്യ ശാഖ ഇന്ന് പുഷ്കലമാണ്. പിന്നിട്ട പതിറ്റാണ്ടുകളിൽ ഈ രംഗത്തുണ്ടായ വളർച്ചയും വികാസവും വിസ്മയകരമാണ്. എന്നിട്ടും അതൊന്നും കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിക്കുന്നവരാണ് ഏതാണ്ടെല്ലാ എഴുത്തുകാരും. മലയാളത്തിലെ ഇസ്്ലാമിക സാഹിത്യ ശാഖയെ നിരൂപണ വിധേയമാക്കിയ ആദ്യ കൃതി പ്രിയ സുഹൃത്തും ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ സഹയാത്രികനുമായ ഇബ്രാഹീം ബേവിഞ്ചയുടേതാണ്. അതിന്റെ ആമുഖത്തിൽ അദ്ദേഹം കുറിച്ചിട്ട വാചകങ്ങൾ തന്നെ തന്റെ നിലപാടുതറയേതെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം എഴുതി: "മതം എന്നും എനിക്കൊരു സൗന്ദര്യ പൂരമായിരുന്നു. സുവിശേഷവും സാന്ത്വനവുമായിരുന്നു. മതത്തിൽനിന്നാണ് ഞാൻ സാഹിത്യത്തിലേക്കും കലയിലേക്കും കടന്നുപോയത്. അതോടെ 'സ്വർഗീയമായ' ഒരു നവലോകത്തേക്ക് മനസ്സ് വിടർന്നു. ആ വിടർച്ചയിലെ ചില ഇതളുകൾ ഈ കൃതിയിലുണ്ട്. ആരും കാണാതെ മനസ്സിൽ തന്നെ ബാക്കി കിടക്കുന്ന ഇതളുകൾ വേറെയും ധാരാളമുണ്ട്. ഏതാണ് ചേതോഹരം എന്നൊന്നും പറയുക വയ്യ."

കാസർകോട് സാഹത്യവേദി (കേരളീയം 06-07)യിൽ ബേവിഞ്ച സംസാരിക്കുന്നു

സൗമ്യ പ്രകൃതനും മിതഭാഷിയും ആകർഷകമായ പെരുമാറ്റത്തിന്റെ ഉടമയുമായിരുന്ന ബേവിഞ്ചയുടെ വിയോഗത്തിലൂടെ സ്നേഹസമ്പന്നനായ ആത്മമിത്രത്തെയാണ് നഷ്ടപ്പെട്ടത്. പരമ കാരുണികനായ അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂടാൻ സൗഭാഗ്യം നൽകട്ടെ.

ഇമാം ബുഖാരി, മുസ്ലിം, തിര്‍മദി, തഫ്താസാനി, ഫാറാബി, സമഖ്ശരി, ഇബ്നു സീന തുടങ്ങി ഒട്ടേറെ പ്രഗല്‍ഭ പണ്ഡിതന്മാരെയും മഹാത്മാക്കളെയും ലോകത്തിന് സമ്മാനിച്ച അതിമഹത്തായ ചരിത്ര പാരമ്പര്യമുള്ള ഭൂപ്രദേശമാണ് മധ്യേഷ്യ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സാറിസ്റ്റ് റഷ്യയുടെ അധിനിവേശത്തോടെയാണ് അവിടത്തുകാരുടെ ദുരിതം ആരംഭിക്കുന്നത്. 1865-ല്‍ താഷ്‌കന്ദും 1868-ല്‍ സമര്‍ഖന്ദും 1873-ല്‍ ബുഖാറയും 1874-ല്‍ ഖവാരസ്മും 1876-ല്‍ അവശേഷിക്കുന്ന പ്രദേശങ്ങളും അവരുടെ പിടിയിലമര്‍ന്നു. അധിനിവേശത്തിനെതിരെ നടന്ന എല്ലാ ചെറുത്തുനില്‍പുകളെയും കൂട്ടക്കൊലകളിലൂടെ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു. അങ്ങനെ അവിടം സാര്‍ ചക്രവര്‍ത്തിമാരുടെ പിടിയിലമര്‍ന്നു.
കുരിശ് യുദ്ധ മനസ്സോടെയാണ് സാര്‍ ചക്രവര്‍ത്തിമാര്‍ ഭരണം നടത്തിയിരുന്നത്. അവര്‍ കാരുണ്യമെന്തെന്നറിയാത്ത മര്‍ദ്ദകരായ സ്വേഛാധിപതികളുമായിരുന്നു. രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും എല്ലാ അര്‍ഥത്തിലും അവര്‍ ദ്രോഹിച്ചു. കൊടിയ ചൂഷണങ്ങള്‍ക്കിരയാക്കി. അവരുടെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വന്നത് മുസ്ലിംകളാണ്.  സാര്‍ ഭരണാധികാരികള്‍ ഇസ്‌ലാമിനെ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഇസ്ലാമിനെയും അതിന്റെ സംസ്‌കാരത്തെയും നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. മുസ്‌ലിം പള്ളികളെയും പള്ളിക്കൂടങ്ങളെയും സൈ്വരമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. ഇതൊക്കെ മുസ്‌ലിംകള്‍ക്കും സാര്‍ ഭരണാധികാരികള്‍ക്കുമിടയില്‍ കടുത്ത ശത്രുത നിലനില്‍ക്കാന്‍ കാരണമായി. റഷ്യയില്‍ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ബോള്‍ഷെവിക്ക് വിപ്ലവം ആരംഭിക്കുമ്പോള്‍ മധ്യേഷ്യന്‍ മുസ്‌ലിംകള്‍ ഇവ്വിധം പീഡിതാവസ്ഥയിലായിരുന്നു. ഇക്കാര്യത്തില്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ ശക്തമായ പിന്തുണയും സാര്‍ ചക്രവര്‍ത്തിമാര്‍ക്കുണ്ടായിരുന്നു.

വാഗ്ദാനങ്ങളുടെ പെരുമഴ

ബോള്‍ഷെവിക് വിപ്ലവത്തിന് നേതൃത്വം നല്‍കിയ വി.ഐ.ലെനിനും സ്റ്റാലിനും മുസ്‌ലിംകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്നു. മുസ്‌ലിംകളുടെ പിന്തുണ നേടാന്‍ ഏറ്റവും പറ്റിയ അവസ്ഥയാണ് അതെന്ന് അവര്‍ മനസ്സിലാക്കി.  മുസ്ലിംകളെ ചേര്‍ത്ത് നിര്‍ത്താന്‍ ആവശ്യമായ തന്ത്രങ്ങള്‍ അവര്‍ ആവിഷ്‌കരിക്കുകയും ചെയ്തു. 1917 നവംബര്‍ 24-ന് സഖാവ് ലെനിന്‍ മുസ്‌ലിംകളെ അഭിമുഖീകരിച്ച് പറഞ്ഞു: 'മുസ്‌ലിം സഹോദരങ്ങളേ, നിങ്ങളുടെ പള്ളികളും പള്ളിക്കൂടങ്ങളും നശിപ്പിക്കപ്പെട്ടിരിക്കുന്നു. മതം ആചരിക്കാനും അനുഷ്ഠിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. സാറിസ്റ്റ് ഭരണത്തിന് കീഴില്‍ നിങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. വിപ്ലവാനന്തരം മറ്റേതൊരു റഷ്യന്‍ സമൂഹത്തെയും പോലെ നിങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഞാനിതാ ഉറപ്പ് നല്‍കുന്നു.'
1917 ഡിസംബര്‍ 15-ന്  ലെനിനും സ്റ്റാലിനും  മുസ്ലിംകളോട് ഒരു അഭ്യര്‍ഥന നടത്തി. അതിങ്ങനെ: 'മുസ്ലിംകളേ, സാര്‍ ചക്രവര്‍ത്തിമാരുടെ മര്‍ദ്ദക ഭരണത്തിന് നാം അറുതി വരുത്തും. അക്രമത്തിന്റെയും അനീതിയുടെയും ആധിപത്യം അവസാനിക്കാന്‍ പോവുകയാണ്. സാമ്രാജ്യത്വത്തിന്റെ അടിത്തറ തകരുകയാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍,  മുസ്ലിംകളെ ശത്രു ചേരിയില്‍ നിര്‍ത്തി വേട്ടയാടുന്ന ദുശ്ശക്തികള്‍ക്കെതിരെ സര്‍വ ശക്തിയുമുപയോഗിച്ച് പൊരുതുന്ന ഞങ്ങളുമായി പൂര്‍ണമായും സഹകരിക്കുക....
വോള്‍ഗയിലും ക്രീമിയയിലും, സൈബീരിയയിലും തുര്‍ക്ക്മാനിസ്ഥാനിലും കോക്കസ്, ശീഷാന്‍ തുടങ്ങിയ റഷ്യയുടെ ഇതര ഭാഗങ്ങളിലും കിഴക്കന്‍ പ്രദേശങ്ങളിലും താമസിക്കുന്ന മുസ്‌ലിം സഹോദരങ്ങളേ, നാട് ഭരിക്കുന്ന ദുഷ്ട ശക്തികള്‍ നിങ്ങളുടെ പള്ളികള്‍ മലിനമാക്കിയിരിക്കുന്നു. ഖബ്‌റുകള്‍ തകര്‍ത്തിരിക്കുന്നു. വിശ്വാസത്തെ നശിപ്പിച്ചിരിക്കുന്നു. അവര്‍ ആരാധനാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു. ആചാര സമ്പ്രദായങ്ങള്‍ ഇല്ലാതാക്കുന്നു. അവര്‍ക്കെതിരെ നാം നടത്തുന്ന പോരാട്ടത്തില്‍ നിങ്ങളും പങ്കാളികളാവുക....
നിങ്ങള്‍ക്ക് ഞങ്ങള്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കും. ഒരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്തുകയില്ല. മതപരമായ കര്‍മ്മങ്ങള്‍ക്ക് ഒട്ടും വിലക്കുണ്ടാവില്ല. ഇതര ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും നിങ്ങള്‍ക്കും ലഭിക്കും. വിപ്ലവം എല്ലാറ്റിനെയും സംരക്ഷിക്കും. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കും. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സകലവിധ നേട്ടങ്ങളും ഉറപ്പ് വരുത്തും. നിങ്ങളുടെ ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും സാംസ്‌കാരിക വേദികളും സാമൂഹിക സംരംഭങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും....
നിങ്ങള്‍ ഒരു സ്വേഛാധിപതിക്കും കീഴടങ്ങേണ്ടി വരില്ല. ആരുടെയും അക്രമങ്ങള്‍ക്ക് ഇരയാവുകയുമില്ല. നിങ്ങളുടെ ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ  കെട്ടിപ്പടുക്കാം. നിങ്ങള്‍ പൂര്‍ണ സ്വതന്ത്രരായിരിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കുമിടയില്‍ ഒരുവിധ തടസ്സവുമുണ്ടാവില്ല. മറ്റു റഷ്യന്‍ ജന വിഭാഗങ്ങളുടെ അവകാശങ്ങള്‍ പോലെ നിങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടും. അതിനാല്‍ വിപ്ലവത്തോട് പൂര്‍ണമായും സഹകരിക്കുക.' തുടര്‍ന്ന് ഇതേ ആശയം ഉള്‍ക്കൊള്ളുന്ന ലഘുലേഖ തയാറാക്കി മുസ്‌ലിം വീടുകളില്‍ വിതരണം ചെയ്തു.
കമ്യൂണിസ്റ്റുകാരുടെ ഈ ആഹ്വാനത്തിന് തീര്‍ത്തും വ്യത്യസ്തമായ രണ്ട് പ്രതികരണങ്ങളാണ് മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായത്. വളരെ സാധാരണക്കാരും ദരിദ്രരുമായ മുസ്‌ലിംകള്‍ അതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചു. അവര്‍ കമ്യൂണിസ്റ്റുകാരില്‍ തങ്ങളുടെ രക്ഷകനെ കണ്ടെത്തി. അതിനാലവര്‍ ബോള്‍ഷെവിക് വിപ്ലവത്തെ നിരുപാധികം പിന്തുണച്ചു. സാറിസ്റ്റ് ഭീകര ഭരണത്തില്‍ നിന്ന് രക്ഷനേടാനുള്ള സുവര്‍ണാവസരമായാണ് അവരതിനെ കണ്ടത്.
എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുടെ കുതന്ത്രം തിരിച്ചറിഞ്ഞ മറു വിഭാഗം അവരുടെ അഭ്യര്‍ഥന നിരാകരിച്ചു. ഇതില്‍ പ്രകോപിതരായ ബോള്‍ഷെവിക്കുകള്‍ തങ്ങള്‍ക്ക് വഴങ്ങാത്ത മുസ്‌ലിംകള്‍ക്ക് നേരെ  ആക്രമണമഴിച്ചുവിട്ടു. ഇരുപത്തയ്യായിരത്തോളം മുസ്‌ലിംകളാണ് അതില്‍ വധിക്കപ്പെട്ടത്. ഇത് മുസ്‌ലിംകളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. അങ്ങനെ മുസ്‌ലിംകള്‍ ഫെര്‍ഗാന താഴ്‌വരയിലെ സിംഹ ഭാഗവും  തുര്‍ക്കിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തി ഒരു രാഷ്ട്രം സ്ഥാപിച്ചു. അതിലൂടെ സാറിസ്റ്റ് അധിനിവേശത്തിന് മുമ്പുള്ള അവസ്ഥ പുനഃസ്ഥാപിക്കുകയായിരുന്നു അവര്‍.
ഈ രാഷ്ട്രത്തിന് അഞ്ച് വര്‍ഷത്തെ ആയുസ്സേ ഉണ്ടായുള്ളൂ. 1922-ല്‍ ബോള്‍ഷെവിക്കുകള്‍ക്ക് കീഴിലുള്ള ചുവപ്പ് സേന(റെഡ് ആര്‍മി) അതിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തി. കിര്‍ഗികള്‍, താജിക്കുകള്‍, കസാക്കുകള്‍, ഉസ്‌ബെക്കുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയ ചിന്ത  വളര്‍ത്തിയും കലഹവും കലാപവും സൃഷ്ടിച്ചുമാണ് ബോള്‍ഷെവിക്കുകള്‍ ഇത് സാധിച്ചത്. ഭൂമിയില്‍ സ്വര്‍ഗം പണിയാമെന്ന കമ്മ്യൂണിസ്റ്റുകാരുടെ കപട വാഗ്ദാനങ്ങളിലും മധുരോക്തികളിലും വഞ്ചിതരായി ഒരു പറ്റം മുസ്‌ലിംകള്‍ അവരെ പിന്തുണയ്ക്കുകയായിരുന്നു
അവര്‍ ബോള്‍ഷേവിക്കുകളുമായി പൂര്‍ണമായും സഹകരിച്ചു. എല്ലാ അര്‍ഥത്തിലും വിപ്ലവത്തില്‍ പങ്കാളികളായി. സാര്‍ ഭരണകൂടത്തിനെതിരെ കമ്മ്യൂണിസ്റ്റ്കാരോടൊപ്പം അണിനിരന്നു. വിപ്ലവം വിജയിക്കുവോളം ഇത് തുടര്‍ന്നു.

കൊടും ചതി, ക്രൂരമായ വംശഹത്യ

ഭൂരിപക്ഷം മുസ്‌ലിംകളും ബോള്‍ഷെവിക് വിപ്ലവത്തെ സര്‍വാത്മനാ പിന്തുണച്ചെങ്കിലും അവര്‍ ആദര്‍ശപരമായി കമ്മ്യൂണിസ്റ്റുകാരായിരുന്നില്ല. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നില്ല. കാരണം അവര്‍ ദൈവ വിശ്വാസികളും മത ഭക്തരുമായിരുന്നു. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നവരും. എന്നിട്ടും അവര്‍ വിപ്ലവത്തെ പിന്തുണച്ചു. വിപ്ലവം വിജയിക്കുന്നത് വരെ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ മതവിരുദ്ധ മുഖം പുറത്ത് കാണിച്ചിരുന്നില്ലെന്നതാണിതിന് കാരണം. മോഹനവാഗ്ദാനങ്ങള്‍ ധാരാളം നല്‍കുകയും ചെയ്തിരുന്നു.
വിപ്ലവം വിജയിച്ചതോടെ കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ തനിനിറം പുറത്തെടുത്തു. ഇസ്‌ലാമിക വിശ്വാസത്തിനും മതപരമായ ജീവിതം നയിക്കുന്നതിനും എല്ലാ അര്‍ഥത്തിലും അവര്‍ എതിരായിരുന്നു. തത്വത്തിലും പ്രയോഗത്തിലും ഇസ്‌ലാം വിരുദ്ധമാണെന്ന് തെളിയിക്കുന്നതായിരുന്നു വിപ്ലവാനന്തരമുള്ള അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം. 'ചുവപ്പ് സേന' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അവരുടെ സായുധസംഘം മുസ്‌ലിം ആവാസ കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറി. കമ്മ്യൂണിസ്റ്റ് റെഡ് ആര്‍മി നാല്‍പത്തിയൊന്ന് ലക്ഷത്തി ആറായിരം ച.കി വിസ്തീര്‍ണമുള്ള പടിഞ്ഞാറന്‍ തുര്‍ക്കിസ്ഥാനും 18 ലക്ഷം ച.കി വിസ്തീര്‍ണമുള്ള കിഴക്കന്‍ തുര്‍ക്കിസ്ഥാനും പിടിച്ചടക്കി.
സായുധ കടന്നാക്രമണങ്ങളിലൂടെ മറ്റ് മുസ്‌ലിം പ്രദേശങ്ങളും അധീനപ്പെടുത്തി. അങ്ങനെ ഇസ്‌ലാമിക് റിപ്പബ്ലികുകള്‍ ഒന്നൊന്നായി റെഡ് ആര്‍മിയുടെ പിടിയിലമര്‍ന്നു. ചെറുത്തുനിന്നവരെ വകവരുത്തി.
വിപ്ലവം പൂര്‍ത്തിയായി മൂന്നുകൊല്ലം പിന്നിട്ടപ്പോഴേക്കും മുഴുവന്‍ മുസ്‌ലിം പ്രദേശങ്ങളും ബോള്‍ഷെവിക്കുകളുടെ പിടിയിലമര്‍ന്നു. മുസ്‌ലിംകളുടെ ചെറുത്തുനില്‍പ് വളരെ ദുര്‍ബലമായിരുന്നു. കമ്മ്യൂണിസ്റ്റ് ചെമ്പടയുടെ സര്‍വായുധ സജ്ജമായ ആക്രമണത്തെ നേരിടാനുള്ള സൈനിക ശക്തിയോ ആയുധങ്ങളോ അവരുടെ വശമുണ്ടായിരുന്നില്ല. വിമാനവും റോക്കറ്റുകളും കവചിത വാഹനങ്ങളും ബോംബും മറ്റ് ആധുനിക യുദ്ധോപകരണങ്ങളും ഉപയോഗിച്ചാണ് കമ്യൂണിസ്റ്റുകാര്‍ മുസ്ലിംകളെ കടന്നാക്രമിച്ചുകൊണ്ടിരുന്നത്. മുസ്‌ലിംകള്‍ അധിവസിക്കുന്ന ഭൂപ്രദേശങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ അധീനപ്പെടുത്തിയതോടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത അതിക്രമങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. വിപ്ലവത്തില്‍  പങ്കാളികളാകാന്‍ പ്രേരിപ്പിച്ചു കൊണ്ട് മുമ്പ് പറഞ്ഞ എല്ലാ വാക്കുകളും അണ്ണാക്ക് തൊടാതെ വിഴുങ്ങി. നല്‍കിയ വാഗ്ദാനങ്ങളൊക്കെയും കാറ്റില്‍പറത്തി. എല്ലാ കരാറുകളും ലംഘിച്ചു. സാറിസ്റ്റ് ഭരണ കാലത്തെ മുസ്‌ലിം വിരുദ്ധ ശക്തികള്‍ ബോള്‍ഷെവിക്ക് വിപ്ലവത്തോടെ കമ്മ്യൂണിസത്തിന്റെ മേലങ്കിയണിഞ്ഞ് നരഹത്യ തുടര്‍ന്നു. സാര്‍ ഭരണകാലത്ത് അവരുടെ അതിക്രമങ്ങള്‍ക്കിരയായി ദുര്‍ബലമായിരുന്ന മുസ്‌ലിംകള്‍ അവശേഷിക്കുന്ന ശക്തിയൊക്കെയും കമ്മ്യൂണിസ്റ്റ്കാരോടൊപ്പം ചേര്‍ന്ന് വിപ്ലവത്തില്‍ വിനിയോഗിച്ചിരുന്നു. അത് കൊണ്ടുതന്നെ നേരിയ ചെറുത്തുനില്‍പ്പ് പോലുമില്ലാതെ മുസ്‌ലിംകളെ ചവിട്ടിയരക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് അനായാസം സാധിച്ചു. അവര്‍ മുസ്‌ലിം ഭൂപ്രദേശങ്ങളില്‍ രക്തോല്‍സവം നടത്തുകയായിരുന്നു. സാര്‍ ചക്രവര്‍ത്തിമാരെക്കാള്‍ സാഡിസ്റ്റുകളും രക്തദാഹികളുമായിരുന്നു രക്ത പതാകയേന്തിയ കമ്മ്യൂണിസ്റ്റ് ചുവപ്പ് സേന.
സോവിയറ്റ് യൂനിയന്‍ നടത്തിയ വംശഹത്യ കാരുണ്യത്തിന്റെ അംശലേശമുള്ളവരുടെയൊക്കെ  കരള്‍ പിളര്‍ക്കുമാറ് ക്രൂരവും ചരിത്രത്തില്‍ സമാനതകളില്ലാത്തതുമാണ്. തലമുറ തലമുറകളായി താമസിച്ചു വരുന്ന പ്രദേശങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് മുസ്ലിംകളെയാണ് ആട്ടിപ്പായിച്ചത്. അനേക ലക്ഷങ്ങളെയവര്‍ കൊന്നൊടുക്കി. 1919 മുതല്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നിന്ന് മാത്രം 25 ലക്ഷം മുസ്‌ലിംകള്‍ ആട്ടിയോടിക്കപ്പെട്ടു. 1921-ല്‍ കമ്യൂണിസ്റ്റ് ഭരണകൂടം ക്രിമിയയില്‍ നിന്ന് ഒരു ലക്ഷം മുസ്‌ലിംകളെ ഉന്മൂലനം ചെയ്തു. ക്രിമിയന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി അവരോധിച്ച ഹംഗേറിയന്‍ കമ്യൂണിസ്റ്റ് നേതാവ് ബാലകോണിന്റെ ഭരണകാലത്ത് അമ്പതിനായിരം മുസ്‌ലിംകളെ ജന്മനാട്ടില്‍ നിന്ന് കുടിയിറക്കി.
1932-34 കാലത്ത് 30 ലക്ഷം തുര്‍ക്കിസ്ഥാന്‍ മുസ്‌ലിംകളെ കൊടുംതണുപ്പില്‍ പട്ടിണിക്കിട്ട് കൊന്നു. 1934-ല്‍ തുര്‍ക്കിസ്ഥാനില്‍ മാത്രം ഒരു ലക്ഷം മുസ്‌ലിംകളെ ക്രൂരമായി കൊലപ്പെടുത്തി. പ്രമുഖരായ പണ്ഡിതന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വ്യാപാരികള്‍, കര്‍ഷകര്‍, ബുദ്ധിജീവികള്‍, ഭരണത്തില്‍ പങ്ക് വഹിച്ചിരുന്നവര്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയരായ അനേകായിരങ്ങള്‍ ഇവ്വിധം ഉന്മൂലനം ചെയ്യപ്പെട്ടു. അതേ വര്‍ഷം മൂന്നുലക്ഷം തുര്‍ക്കിസ്ഥാന്‍ മുസ്‌ലിംകളെ നാടുകടത്തി.
1937-39 കാലത്ത് 5 ലക്ഷം മുസ്‌ലിംകളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്തു. അവരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന നിരവധി പേരുമുണ്ടായിരുന്നു. അവരില്‍ അനേകായിരങ്ങളെ കൊലപ്പെടുത്തി. അവശേഷിക്കുന്നവരെ സൈബീരിയയിലേക്ക് ആട്ടിയോടിച്ചു. 1949-ല്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നിന്ന് 2000 മുസ്‌ലിംകളെ ആട്ടിപ്പായിച്ചു. അവയില്‍ പകുതിപേരും ഇന്ത്യയിലേക്കുള്ള വഴിയില്‍ അന്ത്യശ്വാസം വലിച്ചു. 1950-ല്‍ എഴുപതിനായിരം മുസ്‌ലിംകളെ കൊലപ്പെടുത്തി. അതേവര്‍ഷം തുര്‍ക്കിസ്ഥാനില്‍ നിന്ന് ഇരുപതിനായിരം മുസ്‌ലിംകളെ നാടുകടത്തി. അവരില്‍ ജീവനോടെ ബാക്കിയായത് മുസ്‌ലിം നാടുകളില്‍ അഭയംതേടിയവര്‍ മാത്രമാണ്.
1951-ല്‍ മാത്രം 13565 തുര്‍ക്കിസ്ഥാന്‍ മുസ്‌ലിംകളെ പിടികൂടി കൊടും പീഡകള്‍ക്കിരയാക്കി.
സോവിയറ്റ് യൂനിയനിലെ ജനങ്ങളെ സങ്കര സമൂഹമാക്കി മാറ്റാനായി  ഉണ്ടാക്കിയ നിയമം നടപ്പില്‍ വരുത്താനായി 40,000 തുര്‍ക്കിസ്ഥാന്‍ മുസ്‌ലിംകളെ ഉക്രെയ്‌നിലേക്കും മധ്യ റഷ്യയിലേക്കും നാടുകടത്തി. അവരെ ആ ജനതകളില്‍ ലയിപ്പിക്കുകയും അവരുടെ യഥാര്‍ഥ പാരമ്പര്യവും സംസ്‌കാരവും സ്വത്വവും വിശ്വാസ വീക്ഷണങ്ങളും നശിപ്പിക്കുകയും ചെയ്തു. 1946-ല്‍ ക്രിമിയ, ചേസ് റിപ്പബ്ലിക്കുകളില്‍ നിന്ന് അവിടത്തെ മുസ്‌ലിംകളെ സൈബീരിയയിലേക്ക് നാടുകടത്തി അവിടങ്ങളില്‍ റഷ്യക്കാരെ കുടിയിരുത്തി.

പള്ളികളും പള്ളിക്കൂടങ്ങളും

പള്ളികള്‍ പൊളിച്ച് അവയെ വിനോദകേന്ദ്രങ്ങളും മ്യൂസിയങ്ങളും വ്യാപാരസ്ഥാപനങ്ങളും മറ്റുമാക്കി മാറ്റിയ അനേകം സംഭവങ്ങള്‍ സോവിയറ്റ് യൂനിയനില്‍ അരങ്ങേറി. നിരവധി മതപാഠശാലകള്‍ അടച്ചുപൂട്ടി. തുര്‍ക്കിസ്ഥാനില്‍ മാത്രം 6682 മുസ്‌ലിം പള്ളികള്‍ പൊളിച്ച് മാറ്റുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി പരിവര്‍ത്തിപ്പിക്കുകയോ ചെയ്തു. മുഹറ പട്ടണത്തിലെ കലാന്‍ മസ്ജിദ്, ഖുഖാന്‍ നഗരത്തിലെ ഇബ്‌നു ഖുതൈബ  മസ്ജിദ്, ഫദ്‌ലുബ്‌നു യഹ്‌യയുടെ മസ്ജിദ് തുടങ്ങിയവ തകര്‍ക്കപ്പെട്ട പള്ളികളില്‍ പെടുന്നു.
തുര്‍ക്കിസ്ഥാനില്‍ മാത്രം 7052 മത  പാഠശാലകള്‍ അടച്ചുപൂട്ടി. ദിവാന്‍ ബെക്കി മദ്‌റസ, ബുഖാറ നഗരത്തിലെ ബക് ലറിക് മദ്‌റസ, താഷ്‌കന്ത് പട്ടണത്തിലെ പ്രാന്‍ ഹാന്‍ മദ്‌റസ തുടങ്ങി നിരവധി മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയോ മറ്റ് കേന്ദ്രങ്ങളാക്കുകയോ ചെയ്തു. വളരെയേറെ പ്രശസ്തങ്ങളായ  വൈജ്ഞാനിക കേന്ദ്രങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളുമായിരുന്നു അവയൊക്കെയും.
ഉസ്‌ബെക്കിസ്ഥാനിലെ  ഹാന്‍ മസ്ജിദ് പോലുള്ള പുരാതന പള്ളികള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക കേന്ദ്രങ്ങള്‍ നശിപ്പിച്ച് ഇസ്‌ലാമിന്റെ  അടയാളങ്ങള്‍ തുടച്ചു നീക്കി. അറബി ലിപിയുടെ ഉപയോഗം വിലക്കി. പകരം റഷ്യന്‍ നടപ്പാക്കി. അറബി ഭാഷയിലുള്ള എല്ലാ ഗ്രന്ഥങ്ങളും നശിപ്പിച്ചു. അറബിയിലുള്ള വല്ലതും കൈവശം വെക്കുന്നവരെ കണ്ടെത്തിയാല്‍ അവരെ പിടികൂടി ജയിലില്‍ അടയ്ക്കുകയോ നാടുകടത്തുകയോ ചെയ്തു. വിശുദ്ധ കഅ്ബയുടെ ചിത്രം സൂക്ഷിക്കുന്നവരെപ്പോലും വെറുതെ വിട്ടില്ല. ഇസ്‌ലാമിന്റെ ഒരു ചിഹ്നവും അവശേഷിക്കരുതെന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

മതപണ്ഡിതന്മാരും രാഷ്ട്രീയ നേതാക്കളും

മതപണ്ഡിതന്മാരെ നാടുകടത്തുക, കഠിനാധ്വാനത്തിന് നിര്‍ബന്ധിക്കുക, മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കുക, ക്രൂരമായി കൊലപ്പെടുത്തുക തുടങ്ങിയ  കൊടുംക്രൂരതകള്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ അരങ്ങേറുകയുണ്ടായി. തുര്‍ക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മത പണ്ഡിതന്മാരില്‍ ഖാദില്‍ ഖുദാത്(ചീഫ് ജസ്റ്റിസ്) ശൈഖ് ബുര്‍ഹാനുല്‍ ബുഖാരി, ബുഖാറയിലെ മുഫ്തി ശൈഖ് ഖാന്‍ മര്‍വാന്‍ ഖാന്‍, ശൈഖ്  അബ്ദുള്‍ മുത്തലിബ്, ശൈഖ് യഅ്ഖൂബ് മുതവല്ലി, ശൈഖ് അബ്ദുല്‍-അഹദ് വാദിഖാന്‍, ശൈഖ് മുല്ലാ യഅഖൂബ്, ശൈഖ് മുല്ലാ അബ്ദുല്‍ കരീം തുടങ്ങിയ അതി പ്രഗത്ഭരും ഉള്‍പ്പെടുന്നു.
പൊതുസ്ഥലങ്ങളില്‍ വെച്ച് ഖുര്‍ആന്‍ അഗ്‌നിക്കിരയാക്കി. നിരവധി രാഷ്ട്രീയ നേതാക്കളെ വധിക്കുകയോ നാടുകടത്തുകയോ ചെയ്തു. 1934-ല്‍ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് അല്‍ഹാജ് ഖോജാ നിയാസ്, പ്രധാനമന്ത്രി മൗലാനാ സാബിത്, ആള്‍ട്ട പ്രവിശ്യയുടെ കമാന്‍ഡര്‍ ഷെരീഫ്, പ്രവിശ്യാ ഗവര്‍ണര്‍ ഉസ്മാന്‍ ഔറാസ്, ആഭ്യന്തര മന്ത്രി യൂനുസ് ബേ, വാണിജ്യ മന്ത്രി അല്‍ഹാജ് അബുല്‍ ഹസന്‍, പ്രതിനിധി സഭയുടെ സ്പീക്കര്‍ ത്വാഹിര്‍ ബേ, തൊഴില്‍ മന്ത്രി അബ്ദുല്ല ദാമില തുടങ്ങി നിരവധി പേര്‍ ക്രൂരമായി കൊല്ലപ്പെട്ടു.
തുര്‍ക്കിസ്ഥാനിലെ മുസ്‌ലിംകള്‍  ഏതെങ്കിലും ഇസ്‌ലാമിക സംഘവുമായോ സംരംഭവുമായോ ബന്ധപ്പെടുന്നതായി വിവരം ലഭിച്ചാലുടനെ അവരെ  മതവിരുദ്ധമായ കമ്മ്യൂണിസ്റ്റ് ആദര്‍ശം പഠിപ്പിക്കാന്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുമായിരുന്നു.
ഇസ്‌ലാമിക വ്യവസ്ഥയിലെ വ്യക്തി നിയമങ്ങള്‍ പോലും പാലിക്കാന്‍ സോവിയറ്റ് യൂണിയന്‍  മുസ്ലിംകളെ അനുവദിച്ചില്ല. അവര്‍ എല്ലാ ഇസ്ലാമിക നിയമങ്ങളും റദ്ദ് ചെയ്തു. പകരം മാര്‍ക്‌സിയന്‍ ആദര്‍ശത്തിലധിഷ്ഠിതമായ നിയമങ്ങളും വ്യവസ്ഥകളും നടപ്പാക്കി. തല്‍ഫലമായി ഇസ്‌ലാമിക കുടുംബ ഘടന തകരുകയും താറുമാറാവുകയും ചെയ്തു. അനന്തരാവകാശ നിയമങ്ങള്‍ ഉള്‍പ്പെടെ എല്ലാം തകിടം മറിച്ചു.
കമ്യൂണിസത്തിന്റെ പ്രഥമ പ്രയോഗ ഭൂമിയായ റഷ്യയില്‍ മാര്‍ക്‌സിസ്റ്റുകള്‍  നടത്തിയ ക്രൂരമായ കൂട്ടക്കൊലകളുടെയും കരള്‍ പിളര്‍ക്കുന്ന നിഷ്ഠൂരതകളുടെയും കൊടിയ ചൂഷണത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഹ്രസ്വമായ വിവരണം മാത്രമാണിത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലെ മുസ്‌ലിം അനുഭവം മനസ്സിലാക്കാന്‍ ഇതുതന്നെ ധാരാളമാണല്ലോ. 

അവലംബം

1.    വാഹിദുന്‍ വ ഇശ്‌റൂന: അഅ്മാലുശ്ശുയൂഇയ്യീന്‍ ളിദ്ദല്‍ മുസ്‌ലിമീന്‍.
    മൗസൂഅതുല്‍ മദാഹിബില്‍ ഫിക്‌രിയ്യതില്‍ മുആസ്വിറ
    (ശൈഖ് അലവി ബ്‌നു അബ്ദില്‍ ഖാദിര്‍ അസ്സഖഫിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകര്‍ തയാറാക്കിയത്. dorar.net
2.    അഹ്മദ് ളര്‍റാഫി -  മാദാ ജറാ ദാഖിലസ്സിയാജില്‍ ഹദീദി, ആസിയാ അല്‍വുസ്ത്വാ വ സ്റ്റാലിന്‍ (മജല്ലതുല്‍ ബയാന്‍, albayan.co.uk)
3.    സിയാദുല്‍ മദനി - താരീഖുല്‍ ഇജ്‌റാമി റൂസി ളിദ്ദല്‍ ഇസ്ലാം (aljaeera.net)