‘‘വ്രതമാണ് ഔഷധത്തിന്റെ സാരം; വ്രതമനുഷ്ഠിക്കൂ, അപ്പോഴറിയാം ആത്മാവിന്റെ ശക്തിയുടെ ശരിയായ പ്രകാശനം’’- റൂമി
വ്രതം പകരുന്ന ആത്മീയ ഗുണങ്ങളെ കുറിച്ചാണ് റൂമി പറയുന്നത്. വ്രതം മനുഷ്യ ശരീരത്തിനും മനസ്സിനും ചിന്തക്കുമെല്ലാം നൽകിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ പ്രയോജനങ്ങളും ഗുണങ്ങളും ശാസ്ത്രം കണ്ടെത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്.
ഇമാം ശാഹ് വലിയ്യുല്ലാഹ് റമദാനിനെ വിശേഷിപ്പിക്കുന്നത്, എല്ലാം ചേർന്ന ഒരു മനുഷ്യനെ സൃഷ്ടിച്ചെടുക്കാനുള്ള സമ്പൂർണ പരിശീലനക്കളരി എന്നാണ്. ഉറങ്ങിക്കിടക്കുന്ന എല്ലാ ശേഷികളെയും ഉണർത്തി അവയെ പരിപോഷിപ്പിക്കുകയും കൃത്യമായി അവ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന അന്തരീക്ഷം വ്രതം സൃഷ്ടിക്കുന്നു.
ഇന്ന്, മറ്റെന്നത്തേക്കാളുമുപരി റമദാനിലെ ഇസ്‍ലാമിക വ്രതാനുഷ്ഠാനത്തിന്റെ സമഗ്ര സ്വഭാവമാണ് ഗവേഷകർ അന്വേഷണ വിധേയമാക്കുന്നത്. ശാരീരിക, ധാർമിക, ആത്മീയ ക്ഷമത നൽകുന്നതിൽ റമദാൻ നോമ്പിന്റെ കഴിവിനെ കുറിച്ച് എണ്ണമറ്റ പഠനങ്ങൾ വന്നിട്ടുണ്ട്. ശരീരത്തെ വിഷാംശ മുക്തമാക്കൽ, ഭാരം കുറക്കൽ, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കുറച്ചുകൊണ്ടുവരൽ… എന്നിങ്ങനെ പോകുന്നു ആരോഗ്യ ഗുണങ്ങൾ. ഹൃദയത്തിനും രക്തധമനികൾക്കും ഏറ്റവും മികച്ച ആരോഗ്യം ഉറപ്പെന്നർഥം. വ്യക്തികളുടെ ധാർമിക-ആത്മീയ വളർച്ച, ചുറ്റുമുള്ളവരോട് അനുതാപമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കൽ തുടങ്ങി നോമ്പെടുക്കുന്നതിന്റെ മൗലികമായ പ്രയോജനങ്ങൾ കൂടി ഇതോടു ചേർത്തുവായിക്കണം. ഇതെല്ലാം പക്ഷേ, നാമെങ്ങനെ വ്രതമെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. വിഭവങ്ങൾ വിളങ്ങുന്ന ആഘോഷമാക്കി റമദാനിനെ മാറ്റുകയും, പകലുകളെ രാത്രികളാക്കുകയും ചെയ്താൽ ഈ നേട്ടങ്ങൾ നമ്മുടേതാകില്ല.
റമദാനിനെ ഇങ്ങനെ വില കുറക്കുന്നതിനെതിരെ ഇമാം ഗസാലി മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്രതമെടുക്കുന്നവരെ അദ്ദേഹം മൂന്നായി തരം തിരിക്കുന്നുണ്ട്. അതിലെ ഒന്നാമത്തെ വിഭാഗം, മഹാ ഭൂരിപക്ഷവും പ്രത്യേകിച്ച് ഗുണമൊന്നും നേടാത്തവരാണ്. മണിക്കുറുകൾ അന്നപാനീയങ്ങൾ വെടിഞ്ഞുനിൽക്കുമെങ്കിലും ആസക്തി കൂടുന്നതാണ് അവരുടെ പ്രശ്നം. റമദാനിന്റെ ഗുണകരമായ തലങ്ങൾക്കായി ഉണർന്നിരിക്കുകയും അതിന്റെ നന്മകൾ സ്വാംശീകരിക്കുകയും ചെയ്യുന്നവർ മാത്രമാണ് ശരിക്കും റമദാനിന്റെ ഗുണഭോക്താക്കളെന്ന് അദ്ദേഹം പറയുന്നു.
ഈ ലക്ഷ്യം സഫലമാക്കാൻ, 15-ഉം 16-ഉം മണിക്കൂർ ഭക്ഷണം വെടിയുന്നതിലുപരി ചിലത് കൂടിയുണ്ടാകണം നമ്മുടെ റമദാൻ വ്രതക്കാലത്ത്. പ്രാർഥനകൾ, ചിന്ത, അവബോധം, ക്ഷമയും അനുതാപവും പഠിച്ചെടുക്കൽ, പരസ്പരം പങ്കുവെക്കൽ, ദുശ്ശീലങ്ങളോട് വിട പറയൽ എന്നിവയിലൂടെ ദൈവസാന്നിധ്യത്തിലേക്ക് മനസ്സിനെ എത്തിക്കണം. നമ്മുടെ ആത്മീയ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും നമുക്കുള്ളതിനെല്ലാം നന്ദിയോതുകയും ചെയ്യാനുള്ള സമയം കൂടിയാണിത്.
കാനഡയിലെ റമദാൻ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട എന്റെ അനുഭവങ്ങൾ വിവരിക്കുകയാണ് ഞാൻ ഈ കുറിപ്പിൽ. സാംസ്കാരിക വൈവിധ്യമുള്ള ബഹുസ്വര നാടാണ് കാനഡ. വിവിധ സമൂഹങ്ങൾ അവിടെ ശാന്തിയിലും സൗഹാർദത്തിലും സഹകരണത്തിലും പുലർന്നുപോരുന്നു. മുസ്‍ലിംകളാണ് അവിടെ ഏറ്റവും വലിയ രണ്ടാമത്തെ സമുദായം. ക്രിസ്ത്യാനികളാണ് ഒന്നാമത്. ഏകദേശം ഇന്ത്യയെക്കാൾ മൂന്നിരട്ടി വിസ്തൃതി വരുന്ന പ്രവിശാലമായ രാജ്യത്ത് 1800-ലേറെ മസ്ജിദുകളുണ്ട്. ആൽബെർട്ടയിൽ എഡ്മൺടനിലെ അൽറാശിദ് മസ്ജിദാണ് കാനഡയിലെ ആദ്യ മസ്ജിദ്- 1938-ലാണ് സ്ഥാപിതമായത്. നോർത്ത് വെസ്റ്റ് പ്രവിശ്യകളിൽ (North West Territories) ഇനുവികിലെ (Inuvik) മിഡ്നൈറ്റ് സൺ മസ്ജിദ് (Midnight Sun Mosque) ഏറ്റവും പുതുതായി തുറന്ന ഒന്നാണ്. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉത്തരദേശത്തുള്ള മസ്ജിദ് കൂടിയാണിത്. ‘ഭൂമിയുടെ പരമമായ അറ്റങ്ങളിൽ പോലും ഈ സന്ദേശം എത്തും’ (ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്ത ഹദീസ്) എന്ന പ്രവാചക വചനത്തിന്റെ അടയാളങ്ങളിലൊന്ന്. ‘അർധരാത്രി സൂര്യൻ’ മസ്ജിദ് എന്ന പേര് അന്വർഥമാക്കി തറാവീഹ് നമസ്കാരം ഇവിടെ നിർവഹിക്കപ്പെടുക തലക്കുമുകളിൽ സൂര്യൻ വെളിച്ചം ചൊരിഞ്ഞുനിൽക്കുമ്പോഴാകും.
മറ്റൊരു കണ്ടുപിടിത്തം കൂടി ഇത് നമുക്കു മുന്നിലെത്തിക്കുന്നു. അഥവാ, ദിവസവും സൂര്യോദയ - അസ്തമയങ്ങൾക്ക് സാക്ഷിയാകാത്ത പ്രദേശങ്ങളുണ്ട്. നുനാവട്ട് പ്രവിശ്യയിൽ ദിവസങ്ങളോളം സൂര്യൻ അസ്തമിക്കാറില്ല. ആർട്ടിക് സർക്കിളിൽ കാനഡയുടെ നോർത്ത് വെസ്റ്റ് പ്രവിശ്യകൾക്ക് രണ്ട് ഡിഗ്രി മുകളിലാണ് നുനാവട്ട്. പകലും രാത്രിയും ഒരുപോലെ സൂര്യൻ പ്രകാശം പൊഴിച്ച് രണ്ടു മാസത്തോളമുണ്ടാകും ഇവിടെ. ശൈത്യകാലത്ത് തുടർച്ചയായി 30 നാൾ സമ്പൂർണ ഇരുട്ടുമാകും.
പകൽ സമയം 16 മുതൽ 20 മണിക്കൂർ വരെ ദൈർഘ്യമുള്ള പ്രദേശങ്ങളുമുണ്ട്.
ഒരു അന്താരാഷ്ട്ര വെബ്സൈറ്റിൽ എന്റെ തത്സമയ ഫത് വാ സെഷനുകളിലൊന്നിൽ (Live Fatwa Session) ഒരു ചോദ്യം നേരിട്ടപ്പോൾ ഈ തിരിച്ചറിവിൽ ഞാൻ ഞെട്ടിപ്പോയി. പകൽ സമയം 20 മണിക്കൂറിലധികം വരുമ്പോൾ എങ്ങനെയാകും വ്രതാനുഷ്ഠാനമെന്നായിരുന്നു ചോദ്യം. അത്രയും ദീർഘമായി, തുടർച്ചയായി വ്രതം തുടർന്നാൽ നിർജലീകരണവും മറ്റും വന്ന് തൊഴിലും അധ്യയനവും മറ്റും അസാധ്യമാകുമെന്നായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്.
ഇതു സംബന്ധമായി ഫത്‍വ നൽകാൻ ആഴത്തിൽ പഠനം വേണ്ടിവന്നു. ഇമാം ഇബ്നു തൈമിയയുടെ ഉൾക്കാഴ്ചയാർന്ന അന്വേഷണമായിരുന്നു ഞാൻ ആധാരമാക്കിയത്. പ്രവാചകൻ സ്ഥാപിച്ച പ്രാർഥനാ സമയങ്ങൾ ഹിജാസിന്റെ പ്രാർഥനാ സമയമേഖലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ അവ തികച്ചും വ്യത്യസ്തമായ സമയ മേഖലകളിൽ പ്രയോഗിക്കുന്നതിൽ നാം അക്ഷാംശം പ്രയോഗിക്കണം. ഇതുപ്രകാരം മുസ്തഫ അൽ സർഖയെ പോലുള്ള കർമശാസ്ത്ര പണ്ഡിതർ, അതിദീർഘമായ പകലുള്ള പ്രദേശങ്ങളിൽ മക്കയിലെയോ മദീനയിലെയോ അതല്ലെങ്കിൽ അവക്ക് സമീപസ്ഥമായ സ്ഥലങ്ങളിലെയോ ഇതേ മാനദണ്ഡമുള്ള അസ്തമയ സമയം കണക്കിലെടുക്കണമെന്ന് നിർദേശിച്ചു.
അഞ്ച് പതിറ്റാണ്ട് മുമ്പ് അനുഭവിച്ചതിനെക്കാൾ സന്തോഷകരമായി കാനഡയിലെ മുസ്‍ലിംകൾ ഇന്ന് റമദാന്റെ പുണ്യങ്ങൾ ആസ്വദിക്കുന്നു. ഇവിടുത്തെ മസ്ജിദുകൾ റമദാനിനെ വരവേൽക്കാൻ നേരത്തെ ഒരുങ്ങിക്കഴിഞ്ഞു. റമദാൻ കാലത്ത് കാനഡയിൽ സവിശേഷമായി എന്തൊക്കെയുണ്ട് എന്നു നോക്കാം. പതിറ്റാണ്ടുകളോളം കാനഡയിൽ റമദാൻ കാലം കഴിച്ചുകൂട്ടിയതിനിടെ രണ്ടു തവണ മാത്രമാണ് ഞാൻ ഇന്ത്യയിൽ വെച്ച് റമദാൻ വ്രതമെടുത്തത്. രണ്ടുതവണയും കാനഡയിലെ റമദാനിന്റെ മധുരം എനിക്ക് നഷ്ടമായി. കാനഡയിലെ റമദാൻ മുസ്‍ലിംകൾക്ക് എല്ലാ തലങ്ങളിലുമുള്ള അനുഭവങ്ങൾ പകരുമ്പോൾ, ഇന്ത്യയിൽ പക്ഷേ അത് നമുക്ക് ആ രീതിയിൽ അനുഭവിക്കാനാകുന്നില്ല.
രണ്ട് അനുഭവങ്ങൾക്കുമിടയിൽ എന്തുകൊണ്ട് ഇത്ര അകലം എന്ന് ഞാൻ എന്നോട് ചോദിച്ചപ്പോൾ രണ്ട് ഉത്തരങ്ങളാണ് ലഭിച്ചത്: ഇന്ത്യയിലെ മുസ്‍ലിംകൾ റമദാനിനെ അത്ര ഗൗരവത്തോടെയല്ല സമീപിക്കുന്നത്. അതോടെ, അതും ഒരു പതിവുകർമം മാത്രമായി മാറുന്നു. യാന്ത്രികമായ ഒരു ശീലമായാണ് അവർ വ്രതം അനുഷ്ഠിക്കുന്നത്. മുൻകാലത്ത് അങ്ങനെയായിരുന്നില്ല. പവിത്രമായ ഈ അതിഥിയെ വരവേൽക്കാൻ ഞങ്ങളുടെ പിതാമഹന്മാർ ഒരുക്കങ്ങളിലാകും. വീടുകൾ തുടച്ചും ശുചീകരിച്ചും മറ്റും, മനസ്സും ശരീരവും ആത്മാവും ഒരുപോലെ വിശുദ്ധിയോടെ റമദാനിലേക്ക് പ്രവേശിക്കലായിരുന്നു ലക്ഷ്യം. പൂർണാർഥത്തിൽ സംസ്കരണം നിർവഹിക്കുന്ന ഒരു അനുഷ്ഠാനത്തെ അതിന്റെ ശരിയായ അർഥത്തിൽ ആത്മീയ അനുഭവമാക്കാൻ അങ്ങനെ അവർക്കായി.
ഭൗതികതയുടെ അതിപ്രസരം കാരണം റമദാനിനോടുള്ള മനസ്സാന്നിധ്യത്തോടെയുള്ള ഈയൊരു സമീപനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആഗോളീകരണം പിടിമുറുക്കിയതോടെ കടുത്ത മത്സരമാണ് എവിടെയും. ബാഹ്യമായ വിഷയങ്ങൾക്കാണ് പരിഗണന. ഇന്ത്യയിലെ മുസ്‍ലിംകൾ പലപ്പോഴും ഇസ്‍ലാമിക വിശ്വാസാചരണം പോലും ശരിയായ അർഥത്തിൽ കാണുന്നില്ല. ആത്മാവൊഴിഞ്ഞ ആചാരങ്ങൾ മാത്രമാണ് അവർക്ക് മതാനുഷ്ഠാനം. മാലിക് ബിന്നബിയുടെ വാക്കുകളാണ് മനസ്സിലെത്തുന്നത്: "മുസ്‍ലിം സമൂഹങ്ങൾ ഖുർആനിക തത്ത്വങ്ങൾക്കനുസൃതമായാണ് ജീവിക്കുന്നതെന്ന് അവർ പറയുന്നു. അതുപക്ഷേ, ശരിയല്ല ഒരിക്കലും. പകരം നമുക്ക് പറയേണ്ടിവരുന്നു, ഖുർആനിക തത്ത്വങ്ങൾ തത്തയെ പോലെ അനുകരിക്കുക മാത്രമാണ് മുസ്‍ലിംകൾ. പെരുമാറ്റത്തിലും ജീവിതശൈലിയിലും ഖുർആനിക പാഠങ്ങൾ പ്രയോഗവത്കരിക്കുന്നതിൽ അവർ വഴിവിട്ടുപോകുന്നു.’’
അവിടെയാണ്, കാനഡയിലെ റമദാൻ അനുഭവം എങ്ങനെ വേറിട്ടതാകുന്നുവെന്ന ചോദ്യം ഉയരുന്നത്.
ഒരു പെൺകാഴ്ചപ്പാടിൽ തുടങ്ങാം: ദീർഘകാലത്തെ ജീവിത പങ്കാളിയായ പ്രിയ പത്നി സുഹ്റയോട് ഇതേ കുറിച്ച് ഞാൻ ചോദിക്കുന്നുണ്ട്. 1975 മുതലാണ് കാനഡയിൽ അവർ എനിക്കൊപ്പം ചേരുന്നത്. അഥവാ, ഇന്ത്യയിലെ നോമ്പനുഭവങ്ങൾക്ക് ശേഷമാണ് അവർ കാനഡയിലെ റമദാനിൽ നോമ്പനുഷ്ഠിക്കുന്നത്. ഇന്ത്യയിലാകുമ്പോൾ ഇഫ്ത്വാറിനും അത്താഴത്തിനും ഭക്ഷണമൊരുക്കലായിരുന്നു ഒരു സ്ത്രീയെന്ന നിലക്ക് പ്രധാന ജോലിയെന്ന് അവർ പറയുന്നു. ഉണർന്നിരിക്കുന്ന സമയമത്രയും പാചകവും വൃത്തിയാക്കലുമായി കഴിയും. റമദാനിന്റെ ആത്മീയ പുണ്യം നേടാൻ അവസരം നന്നേ കുറവ്. സ്ത്രീകൾ മസ്ജിദിലേക്ക് പോകുന്നത് ശുഷ്‍കം. സാമൂഹികതയുടെ അനുഭവം അവർക്ക് തീരെയുണ്ടാകില്ല. കാനഡയിൽ പക്ഷേ, കാര്യങ്ങൾ മറ്റൊന്നാണ്. പാചകം ചെയ്യേണ്ടിവരുമ്പോഴും അതിന് ഏറെ സമയമൊന്നും വേണ്ടിവരില്ല. വിപുലമായ വിഭവശ്രേണികളൊന്നും വേണ്ടെന്നതു തന്നെ മുഖ്യം. അങ്ങനെ റമദാനിന്റെ മാധുര്യമറിയാൻ നമുക്ക് അവസരമുണ്ടാകുന്നു.
റമദാനിൽ പള്ളികൾ സജീവമാകും. ആത്മീയത മിടിക്കുന്ന കേന്ദ്രങ്ങളാകും. നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാർക്കൊപ്പം ഒന്നിച്ച് ഒരേ മേൽക്കൂരക്കു താഴെ അണിനിരക്കും. വാരാന്ത്യങ്ങളിലും മറ്റും നൂറുകണക്കിന് പേർ ഒന്നിച്ച് ഇഫ്ത്വാറുകളിൽ ഭാഗമാകും. പ്രതിവാര പ്രഭാഷണങ്ങൾ, കരുത്തുപകരുന്ന ആത്മീയ പ്രചോദനങ്ങൾ, ഓർമപ്പെടുത്തലുകൾ എന്നിവ അകമ്പടിയായുണ്ടാകും.
അറിയപ്പെടുന്ന ഖാരിഉകൾ നിർവഹിക്കുന്ന ഹൃദയഹാരിയായ ഖുർആൻ പാരായണവും വേറിട്ട അനുഭവമാകും. ഇന്ത്യയിൽ മറ്റൊന്നായിരുന്നു ഞങ്ങളുടെ അനുഭവം. റമദാനിലെ അവസാന പത്തു രാത്രികളിൽ ഖിയാമുല്ലൈലിലും കാനഡയിൽ സ്ത്രീ സാന്നിധ്യമുണ്ടാകും. അപ്പോഴും കർണാനന്ദകരമായ ഖുർആൻ പാരായണം അകമ്പടിയായുണ്ടാകും. പ്രതിവാര ഇഫ്ത്വാർ കൂട്ടായ്മകൾ സമുദായത്തെ ഒന്നിപ്പിക്കും. ബന്ധങ്ങൾ ഊഷ്മളമാക്കും- അതുവഴി ഏക ഉമ്മത്തെന്ന ചിന്തയും വികാരവും അനുഭവവേദ്യമാകും.
പെരുന്നാൾ പിറ കണ്ടാൽ, നൂറുകണക്കിന് സഹോദരീ സഹോദരന്മാർ വീണ്ടും ഒരുമിച്ചുകൂടും. കുടുംബം മൊത്തമായി വീട്ടിൽനിന്ന് പുറത്തിറങ്ങും. അതൊരു അനുഭവമാക്കി മാറ്റും.
ഇതത്രയും ഇന്ത്യയിൽ സാധ്യമല്ല. അവിടെ സ്ത്രീകളെ നാം പാചകക്കാരും പരിചാരികരുമാക്കി അടച്ചിടുകയാണ്. കാനഡയിൽ എല്ലാം തികഞ്ഞ സാഹചര്യമാണെന്നൊന്നും ഞാൻ പറയുന്നില്ല. എന്നാലും, ഭൗതികത ശക്തമായി ആവേശിച്ച ഉപഭോക്തൃ സമൂഹത്തിൽ ജീവിക്കുന്നവരെന്ന നിലക്ക് മുസ്‍ലിംകൾ കുറെക്കൂടി ശിക്ഷിതമായ ജീവിതം നയിച്ചേ പറ്റൂ. അപ്പോഴേ അവർക്ക് തങ്ങളുടെ ഇസ്‍ലാമിക സ്വത്വം നിലനിർത്താനാകൂ.
കാനഡയിൽ സമുദായത്തിലെ സക്രിയ മനസ്സുകൾക്ക് റമദാൻ പാഠങ്ങൾ പങ്കുവെക്കാനാകുന്ന കൂടുതൽ പ്രായോഗികമായ ആശയങ്ങൾ വികസിപ്പിക്കാനുള്ള അവസരം കൂടിയാണ് റമദാൻ. അത്തരം ദൗത്യങ്ങളിൽ സുപ്രധാനമായ ഒന്നാണ് ‘ഗിവ്30’. ടൊറണ്ടോ ആസ്ഥാനമായുള്ള അഭിഭാഷകനായ സിയാദ് മിയ ആണ് അതിന്റെ സ്ഥാപകൻ. സമൂഹങ്ങൾ അനുഭവിക്കുന്ന വിശപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2012-ലാണ് ‘ഗിവ്30’ സ്ഥാപിക്കുന്നത്. റമദാൻ കാലത്ത് ഭക്ഷ്യബാങ്കുകൾക്ക് സഹായവും പിന്തുണയും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. 19 വലിയ ഭക്ഷ്യബാങ്കുകൾ മാത്രമല്ല കാനഡ, യു.എസ്, ആസ്ത്രേലിയ എന്നിവിടങ്ങളിലുടനീളമുള്ള പട്ടിണി മാറ്റാൻ യത്നിക്കുന്ന സംഘടനകൾ വഴി ലക്ഷക്കണക്കിന് പേർക്ക് തുണയും അത്താണിയുമാണിന്ന് ഈ പ്രസ്ഥാനം.
സ്മരണീയമായ മറ്റു സംരംഭങ്ങളുമുണ്ട്. കഴിഞ്ഞ വർഷം ടൊറണ്ടോ ഭക്ഷ്യബാങ്കുകളിൽ ആവശ്യക്കാർ കൂടുകയും മറ്റിടങ്ങളിൽ പലതും പൂട്ടിപ്പോവുകയും ചെയ്തതിനാൽ ദേശീയ സകാത്ത് ഫൗണ്ടേഷൻ (എൻ.സെഡ്.എഫ്) വർധിച്ചുവരുന്ന ആവശ്യം നേരിടാൻ ഒരു പുതു പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.
‘‘ഞങ്ങൾ രംഗത്തിറങ്ങി. വിശപ്പിനെ ചെറുക്കുന്ന ഒരു പദ്ധതി ഉണ്ടാക്കണം. ഒന്നിച്ചുപ്രവർത്തിക്കാവുന്ന വിവിധ സംഘടനകളെ കൂടെ കൂട്ടണം. ഇതര സമുദായങ്ങളിൽനിന്നുള്ളവയും വേണം. എവിടെ കുറവുകളുണ്ടെന്നും വീഴ്ചകൾ എങ്ങനെ പരിഹരിക്കണമെന്നും അറിയണം’’- എൻ.സെഡ്.എഫ് ദേശീയ മാനേജർ സെയ്ദ് മിർസ പറയുന്നു.
പെരുന്നാൾ കാലത്തേക്കു വന്നാൽ, കുടുംബങ്ങൾക്കും കുരുന്നുകൾക്കും പെരുന്നാൾ ആഘോഷമാക്കാൻ ടൊറണ്ടോയിലെ മുസ്‍ലിംകൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രമുഖ മുസ്‍ലിം സംഘടനയായ ‘മാക്’, ആയിരക്കണക്കിന് വിശ്വാസികളെ ആകർഷിക്കുന്ന തരത്തിൽ പ്രധാനപ്പെട്ട വേദികളിലായാണ് അത് നടത്തുക. അവിടെ ചന്തകളും ഭക്ഷ്യ സ്റ്റാളുകളും ഒരുക്കും. നശീദുകൾ, റൈഡുകൾ, വിനോദ പ്രദർശനങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിങ്ങനെ എല്ലാം ഉണ്ടാകും. മിക്ക മസ്ജിദുകളിലും പെരുന്നാൾ നമസ്കാരത്തിൽ ആയിരങ്ങൾ പങ്കാളികളാകും. പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. ഇസ്‍ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ തുറന്ന സ്ഥലങ്ങളിൽ നടത്തുന്ന നമസ്കാരങ്ങളിലും ആയിരങ്ങളുടെ സാന്നിധ്യമുണ്ടാകും.
കാനഡയിലും യൂറോപ്പിലും വനിതാ പ്രഫഷനലുകളുടെ അനുഭവങ്ങളിലേക്ക് വെളിച്ചം പകരുന്ന ചില സംഭവങ്ങൾ ഉദ്ധരിക്കാം. അടുത്തിടെ കാനഡയിലെ പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരായ ജിനെല്ല മാസ, ആലിയ അത്താർ, സഗൽ ജമ എന്നിവർ തങ്ങളുടെ റമദാൻ ആഘോഷവും പെരുന്നാൾ ഒരുക്കവും സംബന്ധിച്ച് ഒന്നിച്ചിരുന്ന് സംസാരിക്കുന്നുണ്ട്. റമദാനിലും ഈദിലും മുസ്‍ലിം വനിതാ പ്രഫഷനലുകളുടെ അനുഭവങ്ങളാണ് അവർ പങ്കുവെക്കുന്നത്. ജിനെല്ല മാസ (ജനനം ജനുവരി 29,1987) കാനഡയിലെ ടി.വി ജേണലിസ്റ്റാണ്. ആഫ്രോ ലാറ്റിൻ മുസ്‍ലിം റിപ്പോർട്ടറും അവതാരകയുമായ അവർ 2015-ൽ കാനഡയിലെ പ്രഥമ ഹിജാബ് ധാരിയായ ടെലിവിഷൻ റിപ്പോർട്ടറായി. ടൊറണ്ടോയിലെ സിറ്റി-ഡി.റ്റി ചാനലിൽ രാത്രി 11 മണിക്ക് സിറ്റി ന്യൂസ് അവതാരകയായി. കാനഡയിലെ തന്റെ റമദാൻ അനുഭവം അവർ പറയുന്നതിങ്ങനെ: "ഇപ്പോൾ ഞാൻ പ്രസവാവധിയിലാണ്(സി.ബി.സി ന്യൂസിൽ കാനഡ ടുനൈറ്റ് അവതരണത്തിനാണ് അവധി). അതുകൊണ്ട് നോമ്പെടുത്ത് ജോലിയെടുക്കുന്ന സാഹചര്യമില്ല. റമദാനിനെ കുറിച്ച് സഹപ്രവർത്തകരുമായി ഞാൻ സംവദിക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ചിലപ്പോൾ പരസ്യ ഇടവേളകളുടെ സമയത്ത് നോമ്പ് തുറക്കുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. ലോകം മുഴുക്കെ എല്ലാവരുമായും ബന്ധപ്പെടാൻ വലിയ മാർഗമാണ് സമൂഹ മാധ്യമങ്ങൾ.’’
റമദാൻ അടുത്തെത്തുമ്പോൾ എന്തൊക്കെയാണ് മുന്നിൽ കാണുന്നതെന്ന ചോദ്യത്തിന്: ‘‘ലോകമൊട്ടുക്കും ദശലക്ഷക്കണക്കിന് മുസ്‍ലിംകൾ ഒന്നിച്ചാണ് ഇത് അനുഷ്ഠിക്കുന്നതെന്നോർക്കുമ്പോൾ പെരുത്തിഷ്ടം. അവധികളിൽ പലതും വല്ലാതെ വാണിജ്യവത്കരിക്കപ്പെട്ട് ഭക്ഷണത്തിന്റെയും സമ്മാനങ്ങളുടെയും അതിരുവിടലായി മാറിയിട്ടുണ്ട്. എന്നാൽ, റമദാനിൽ ആരാധനയാണ് ഒന്നാമത്തേതെന്നതാണ് ഏറെ സന്തോഷിപ്പിക്കുന്നത്. നാം നോമ്പുതുറക്കായി കാത്തിരിക്കുമ്പോൾ, എണ്ണമറ്റ മനുഷ്യർ വിശപ്പടക്കാൻ ഭക്ഷണം എവിടെ കിട്ടുമെന്ന ആധിയിൽ നിൽക്കുന്നുണ്ടെന്ന ചിന്ത നമ്മിലെത്തുന്നു."
ആലിയ അത്താർ പറയുന്നതിങ്ങനെ: ‘‘എല്ലാറ്റിലുമുപരി, ഭർത്താവുമായി ആത്മീയ ബന്ധം കൂടുതൽ ഉറ്റതാക്കുന്നുവെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. വീട്ടിൽ ഞങ്ങൾ ഒന്നിച്ച് പ്രാർഥിക്കുന്നു. സുഹൂറും ഇഫ്ത്വാറും ഒന്നിച്ച് കഴിക്കുന്നു. ഇസ്‍ലാമിക പ്രഭാഷണങ്ങൾ ഒന്നിച്ച് ശ്രവിക്കുന്നു. മസ്ജിദിൽ ഒന്നിച്ച് രാത്രികളിൽ പ്രാർഥനയുമായി കഴിച്ചുകൂട്ടുന്നു.’’
തറാവീഹ് നമസ്കാരമാണ് സഗൽ ജമയെ ആകർഷിക്കുന്നത്: "തറാവീഹ് നമസ്കാരങ്ങൾക്കായുള്ള കാത്തിരിപ്പാണ് എനിക്കേറെയിഷ്ടം. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കുമൊപ്പം കാറ് പങ്കിട്ടുള്ള യാത്ര, ഒന്നിച്ചുള്ള നമസ്കാരം, പരിചിത മുഖങ്ങളുമായി മസ്ജിദിലെ മുഖാമുഖം, രാത്രി വൈകിയുള്ള ഭക്ഷണം.. എല്ലാം എനിക്കേറെ ഇഷ്ടം.’’
കാനഡയിലെ മുസ്‍ലിം വനിതകളുടെ ഈ അനുഭവങ്ങൾ പങ്കുവെച്ചത്, സമൂഹ നിർമിതിയിൽ പുരുഷനും സ്ത്രീയും ഒരുമയോടെയാകണം ഇവ നിർവഹിക്കേണ്ടതെന്ന ഖുർആനിക പാഠങ്ങൾ റമദാനിലും പെരുന്നാളിലും പ്രയോഗത്തിൽ വരുത്താനാകുമെന്ന് സൂചിപ്പിക്കാനാണ്. ഇന്ത്യയിലെയും കാനഡയിലെയും അനുഭവങ്ങൾ മുന്നിൽവെച്ച് എത്തിച്ചേരുന്ന തീർപ്പ് ഇതാണ്: പുരുഷനും സ്ത്രീയും ഇസ്‍ലാമിൽ തുല്യ പങ്കാളികളാണെന്ന് നാം ഉറക്കെ ഘോഷിക്കുന്നു. പക്ഷേ, അവരെ നാം അടുക്കളയിൽ തളച്ചിടുന്നു.
ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ മാലിക് ബിന്നബി പറയുന്നത്, മുസ്‍ലിംകൾ ഖുർആൻ അനുസരിച്ച് സഞ്ചരിക്കുന്നില്ലെന്നാണ്. പകരം അവർ പ്രസംഗിച്ചുനടക്കുന്നു. സ്ത്രീ ശാക്തീകരിക്കപ്പെടാത്ത ഒരു സമൂഹത്തിലും യഥാർഥ വിമോചനം സാധ്യമായിട്ടില്ല. അവസാനമായി ഇബ്നു റുശ്ദിന്റെ വാക്കുകൾകൂടി ഓർമിപ്പിക്കട്ടെ: ‘‘ഏറ്റവും അവശരായ വിഭാഗങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാവണം ഓരോ സമൂഹത്തെ കുറിച്ചും വിധി പറയാൻ.’’ l