കവര്‍സ്‌റ്റോറി

2017 ഫെബ്രുവരി 17-ന് മലയാളത്തിലെ ഒരു പ്രമുഖ നടിയെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കാറിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. കേരളത്തിൽ ഉടനീളം രോഷം ആളിക്കത്തിച്ച കേസിൽ പിന്നീട് ഒരു പ്രമുഖ നടൻ ഉൾപ്പെട്ടപ്പോൾ, മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനം വലിയ ചർച്ചക്ക് വഴിവെച്ചു. ഈ സംഭവത്തെ തുടർന്ന് അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന വിമൻ ഇൻ സിനിമാ കളക്ടീവ് (W.C.C) രൂപവത്കരിക്കപ്പെട്ടു. 2017 മെയ് 18-ന് ഡബ്ലിയു.സി.സി കേരള മുഖ്യമന്ത്രിക്ക് അന്വേഷണം ആവശ്യപ്പെട്ട് ഒരു നിവേദനം നൽകി. കൂടാതെ മലയാള സിനിമാ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമവും വ്യാപകമായ ലിംഗ അസമത്വവും അന്വേഷിക്കാൻ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് കെ. ഹേമയുടെ നേതൃത്വത്തിൽ ജൂലൈയിൽ സംസ്ഥാന സർക്കാർ മൂന്നംഗ സമിതി രൂപവത്കരിച്ചു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന 80-ലധികം സ്ത്രീകൾ ജസ്റ്റിസ് ഹേമയ്ക്ക് മുന്നിൽ തങ്ങളുടെ അനുഭവം പങ്കുവെക്കുകയും മലയാള സിനിമാ വ്യവസായത്തിൽ നിലനിൽക്കുന്ന ശത്രുതാപരമായ അന്തരീക്ഷത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കമ്മിറ്റി 295 പേജുള്ള റിപ്പോർട്ട് 2019 ഡിസംബറിൽ കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അങ്ങനെ സമർപ്പിച്ച് നാലര വർഷത്തിന് ശേഷം 2024 ആഗസ്റ്റ് 19-ന്, ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി വെളിച്ചം കണ്ടു. മലയാളം സിനിമാ ഇൻഡസ്ട്രിയിലെ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും ലോബിയിംഗും തുറന്നുകാണിക്കുന്ന ഒന്നായി അത്. വലിയ ചർച്ചകൾക്കും രാഷ്ട്രീയ പൊട്ടിത്തെറികൾക്കും റിപ്പോർട്ട് വഴിയൊരുക്കി.

സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ള മുറികളും ടോയ്‌ലറ്റുകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലൊക്കേഷനുകളിൽ ഒരുക്കാറില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. എല്ലാവരെയും ഞെട്ടിച്ചത് ലൈംഗിക പീഡന കഥകളാണ്. ശക്തമായ ഒരു ലോബി പവർ ഗ്രൂപ്പായി മലയാള സിനിമയെ നിയന്ത്രിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മദ്യപിച്ചിരിക്കുന്ന പുരുഷന്മാർ (നടന്മാർ, നിർമാതാക്കൾ, സംവിധായകർ) സ്ത്രീ അഭിനേതാക്കളുടെ മുറികളുടെ വാതിലുകളിൽ മുട്ടാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട സാഹചര്യ(കാസ്റ്റിംഗ് കൗച്ച്)വും നിലനിൽക്കുന്നു.

ആധുനിക പുരോഗമന പ്രത്യയശാസ്ത്രം എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന തിയറികളെല്ലാം എത്രമാത്രം സ്ത്രീ വിരുദ്ധമാണ് എന്ന് തെളിയിക്കുന്നുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട്. സാമൂഹിക- സാംസ്‌കാരിക- സദാചാര മൂല്യങ്ങളുടെ തിരസ്‌കരണമാണ് ഇത്തരം ലിബറല്‍ മൂല്യങ്ങളുടെ മറവിൽ സംഭവിക്കുന്നത്. ഇത് നന്മ / തിന്മ എന്നതിനപ്പുറം വ്യക്തിസ്വാതന്ത്ര്യത്തെയാണ് അടിസ്ഥാന തത്ത്വമായി വിഭാവനം ചെയ്യുന്നത്. അപ്പോള്‍ തുടക്കവും ഒടുക്കവുമെല്ലാം പവർ അല്ലെങ്കിൽ അധികാരമുള്ള വ്യക്തിയിൽ നിന്നായിത്തീരും. അത് പുരുഷന്റെ താൽപര്യത്തെ തൃപ്തിപ്പെടുത്തുന്നതാകും. അഥവാ വ്യക്തിയെ ഉടമയാക്കുകയും വ്യക്തിയുടെ വ്യക്തിത്വത്തെ ധാര്‍മികമായി അളക്കാതിരിക്കുകയും ചെയ്യുന്നു. എല്ലാ മൂല്യങ്ങളെയും ധാര്‍മികതയെയും വെടിയുന്ന വ്യക്തികേന്ദ്രീകൃത കാഴ്ചപ്പാടായി അത് മാറുന്നു. കേരളത്തിൽ ഇടതുപക്ഷ സർക്കാരും സി.പി.എമ്മിന്റെ വിദ്യാർഥി സംഘടനയുമെല്ലാം തങ്ങൾ വലിയ പുരോഗമനക്കാരാണ് എന്ന് തെളിയിക്കുന്നതിനായി ലിബറൽ മൂല്യങ്ങൾ പാഠപുസ്തകങ്ങളിലും കുട്ടികളുടെ യൂനിഫോമിലും വരെ അടിച്ചേൽപ്പിച്ചവരാണ്. എല്ലായിടത്തും ന്യായം പറയുന്നത് ഞങ്ങൾ സ്ത്രീപക്ഷ വാദികളും സംരക്ഷകരുമെല്ലാം ആണെന്നാണ്. അവരുടെ സ്ത്രീപക്ഷം എത്രമാത്രം സ്ത്രീവിരുദ്ധവും പൊള്ളത്തരങ്ങൾ നിറഞ്ഞതുമാണെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മത സമൂഹങ്ങളെ പൊതുവിലും, മുസ്‌ലിംകളെ പ്രത്യേകമായും ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ലിബറല്‍ മൂല്യങ്ങളുടെ മറപിടിച്ച് സി.പി.എമ്മും പോഷക സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക കടന്നാക്രമണങ്ങളെല്ലാം സ്ത്രീകൾക്കെതിരായിരുന്നു എന്ന് കാണാൻ സാധിക്കും. കുടുംബ ജീവിതത്തിൽ സ്ത്രീകൾ അടിമകളാണെന്നും അതിനാൽ കുടുംബം തകർക്കപ്പെടണമെന്നുമുള്ള ലിബറൽ ചിന്താഗതിയാണ്, കുടുംബത്തെയും വിവാഹത്തെയും അപ്രസക്തമാക്കുന്ന തരത്തിലുള്ള പുതിയ ലിബറല്‍ ആശയങ്ങളും കാഴ്ചപ്പാടുകളും കാമ്പസുകളിലും പൊതു സമൂഹത്തിലും പ്രചരിപ്പിക്കാന്‍ മാത്രമല്ല, അധികാര ബലം ഉപയോഗിച്ച് അവ അടിച്ചേല്‍പിക്കാനുമുള്ള നീക്കത്തിന് പിന്നിൽ.

ഇടതുപക്ഷ സർക്കാർ വലിയ കൊട്ടിഗ് ഘോഷങ്ങളുമായി കൊണ്ടുവന്നതാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം. ആൺകുട്ടിയും പെൺകുട്ടിയും ഒരേവസ്ത്രം ധരിച്ചതുകൊണ്ടുമാത്രം ലിംഗനീതി സാധ്യമാകും എന്ന വിഡ്ഢിത്തത്തിന്റെ പുറത്ത് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുക കൂടിയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ചെയ്യുന്നത്. ഒരേ ഭാഷ, ഒരേ ഭക്ഷണം എന്നൊക്കെ പറയുന്നതു പോലെ മറ്റൊരു ഫാഷിസമാണ് ഒരേ വസ്ത്രമേ പാടുള്ളൂ എന്നു പറയുന്നതും. ആണും പെണ്ണും പരസ്പര പൂരകമാണെന്നും രണ്ടു പേരും പരസ്പരം ബഹുമാനിക്കേണ്ടവരാണെന്നുമുള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതിനു പകരം, നിങ്ങളുടെ വസ്ത്രം മാറ്റിയാൽ പുരോഗമനം സാധ്യമാകും എന്ന മണ്ടത്തരം പ്രഖ്യാപിക്കുകയാണ് ചെയ്തത്. കുടുംബവും മതവുമൊക്കെ കുട്ടികളെ അവര്‍ക്കിഷ്ടമില്ലാത്ത, കംഫര്‍ട്ടബിളല്ലാത്ത വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് നിരന്തരം ആരോപിക്കുന്നവർ അതിനു പ്രതിവിധിയായി കുട്ടികളുടെ മേല്‍ പാന്റ്സും ഷര്‍ട്ടും അടിച്ചേല്‍പിക്കുന്ന വിരോധാഭാസം. ഇങ്ങനെ കൊട്ടിഗ്്ഘോഷിച്ചു കൊണ്ടുവന്നതെല്ലാം എത്രമാത്രം സ്ത്രീപക്ഷമായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതാണ്.

സെക്‌സ് ഇന്‍ഡസ്ട്രി ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മാറിയത് പുരോഗമനപരം ആയതുകൊണ്ടല്ല, മനുഷ്യന്റെ ജന്തു സഹജമായ ചോദനകളെ കയറൂരി വിടുന്നു എന്നതുകൊണ്ടാണ്. മുതലാളിത്തം നന്നായി കച്ചവടം ചെയ്യുന്ന ഈ ചോദനകളുടെ പുറത്താണ് ഇടതുപക്ഷം അടക്കം അതിന്റെ നിലനിൽപ്പ് സാധ്യമാക്കുന്നതും. അപ്പോഴും ഒന്നാമതായി ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകൾ തന്നെയാണ്. ഇത്തരം സ്പെയ്സുകൾ ഒരേസമയം സ്ത്രീയെയും പുരുഷനെയും ചൂഷണം ചെയ്യുന്നതായും നമുക്ക് കാണാൻ കഴിയും. ഇതൊന്നും ഇത്തരം മൂല്യങ്ങളുടെയോ ലിബറൽ വാദത്തിന്റെയോ പ്രശ്നമൊന്നുമല്ല, അതെല്ലാം വ്യക്തികേന്ദ്രീകൃതമായിട്ടുള്ള പ്രശ്നങ്ങൾ മാത്രമാണ്, മതവിശ്വാസികളിലും ഇതുപോലെയുള്ള പ്രവണതകൾ നിലനിൽക്കുന്നുണ്ടല്ലോ എന്നു തുടങ്ങിയ ന്യായീകരണങ്ങൾ നമുക്ക് ധാരാളമായി കേൾക്കാൻ കഴിയും. പക്ഷേ, മനസ്സിലാക്കേണ്ടത് മത മൂല്യങ്ങൾ ഒരിക്കലും ഉദാരമായി വ്യക്തിസ്വാതന്ത്ര്യത്തെ മഹത്വവത്കരിക്കുന്നില്ല എന്നതാണ്. മറിച്ച്, സമൂഹത്തിന് അതല്ലെങ്കിൽ മറ്റൊരു വ്യക്തിക്ക് മോശമായി ഭവിക്കുന്ന എല്ലാ വ്യക്തിസ്വാതന്ത്ര്യങ്ങളെയും മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ലിമിറ്റ് ചെയ്യുകയാണ് മതം.

ഇസ്ലാം മതത്തെ സംബന്ധിച്ചേടത്തോളം പരിധികളും അതിരുകളും ഇല്ലാത്ത എല്ലാ സ്വാതന്ത്ര്യങ്ങളും നിരാകരിക്കപ്പെടേണ്ടതാണ്. മറ്റു മനുഷ്യരുടെ ജീവൻ, സമ്പത്ത്, വിശ്വാസം, ആത്മാഭിമാനം എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങളും പരിധികളും നിശ്ചയിച്ചിട്ടുള്ളത്. എല്ലാ മനുഷ്യർക്കും സ്പേസ് ഉള്ള ഒരു ധാർമിക സമൂഹത്തെ അത് വിഭാവന ചെയ്യുന്നു. നല്ലതായുള്ളതെല്ലാം ദൈവം അനുവദനീയമാക്കുകയും ചീത്തത് നിഷിദ്ധമാക്കുകയും ചെയ്തു എന്നാണല്ലോ. ഉത്കൃഷ്ടനാകാനും മ്ലേച്ഛനാകാനുമുള്ള മനുഷ്യന്റെ രണ്ട് സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ടാണ് ഇസ്ലാം ഇത്തരം ധാർമിക അതിരുകൾ മനുഷ്യ ജീവിതത്തിൽ നിശ്ചയിച്ചത്.

വ്യക്തിയുടെ ലൈംഗിക സ്വാതന്ത്ര്യത്തിനും അഭിനിവേശങ്ങള്‍ക്കും തടസ്സമാവുന്ന സ്ഥാപനം എന്ന നിലയില്‍ ലിബറലിസത്തിന് കുടുംബം, വിവാഹം എന്നതിനോടൊന്നും വലിയ താല്‍പര്യമില്ല. പടിഞ്ഞാറന്‍ നാടുകളില്‍ ലിബറലിസം വിവാഹത്തിന്റെയും കുടുംബ ഘടനയുടെയും വ്യാപകമായ തകര്‍ച്ചയിലേക്ക് നയിക്കാനുള്ള കാരണമിതാണ്. എന്നാൽ, ബദലായി അവതരിപ്പിച്ച എല്ലാ സംവിധാനങ്ങളും സ്ത്രീചൂഷണത്തിൽ അധിഷ്ഠിതവുമാണ്. വിവാഹ ജീവിതത്തിലും കുടുംബജീവിതത്തിലും സ്ത്രീക്ക് പ്രത്യേകമായ പദവിയും പുരുഷന് അവളോട് ഉത്തരവാദിത്വങ്ങളും കടമകളും ഉണ്ട്. എന്നാൽ, ലിബറലിസം മുന്നോട്ടു വെക്കുന്ന കുടുംബത്തിന് ബദലായി കൊണ്ടുവന്ന സംവിധാനങ്ങളൊക്കെയും പ്രായോഗികതയിലും തത്ത്വത്തിലും കുടുംബമായി തന്നെയാണ് നിലകൊള്ളുന്നതെങ്കിലും സ്ത്രീക്ക് പ്രത്യേകമായിട്ടുള്ള അവകാശങ്ങളോ പദവികളോ അനുവദിക്കുന്നില്ല. ഉപാധികളില്ലാതെ സ്ത്രീകൾ ചൂഷണത്തിന് വിധേയമാവുകയാണ് എന്നാണ് ഇത്തരം തുറന്നുപറയലുകളിലൂടെ വ്യക്തമാകുന്നത്.

സ്വതന്ത്ര ലൈംഗികത സൃഷ്ടിക്കുന്ന സാമൂഹിക ശൈഥില്യം ഭീകരമായിരിക്കും. ലിവിംഗ് ടുഗെദറിൽ ആർക്കും എപ്പോൾ വേണമെങ്കിലും തന്റെ പങ്കാളിയുമൊന്നിച്ചുള്ള ജീവിതം ഉപേക്ഷിച്ച് ഇറങ്ങിപ്പോകാം. അവിടെ ഒരാൾക്ക് പ്രണയം അവസാനിക്കുമ്പോൾ മറ്റൊരാളിൽ പ്രണയം അവശേഷിക്കുന്നുണ്ടെങ്കിൽ അത് എത്ര വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കുക എന്നോർത്തു നോക്കൂ. പരസ്പരം കടമകളും ഉത്തരവാദിത്വങ്ങളും ഒന്നുമില്ലാത്ത അത്തരം ജീവിതത്തിൽ സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യാനും സാധിക്കുന്നു. യാതൊരു ഉത്തരവാദിത്വവും സ്ത്രീയോട് നിർവഹിക്കാതെ ആ ജീവിതത്തിൽനിന്ന് യഥേഷ്ടം പുരുഷന് ഇറങ്ങിപ്പോകാൻ കഴിയും.

സ്ത്രീ ഗർഭിണി ആവുകയോ കുഞ്ഞിന് ജന്മം നൽകുകയോ ചെയ്യേണ്ടി വന്നാൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ സിംഗിൾ പാരന്റിംഗിലേക്ക് ആ സ്ത്രീ നയിക്കപ്പെടുന്നു. അതല്ലെങ്കിൽ ആ കുഞ്ഞ് രക്ഷിതാക്കളില്ലാതെ ഉപേക്ഷിക്കപ്പെടുന്നു. രണ്ടും മനുഷ്യത്വ വിരുദ്ധമാണ്, സ്ത്രീവിരുദ്ധവുമാണ്.
ആണ്‍-പെണ്‍ ലൈംഗിക ബന്ധത്തിലും സ്വവര്‍ഗരതിയിലും വിചിത്രമായ പുതിയ പുതിയ രീതികള്‍ പരീക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പടിഞ്ഞാറിന്റെ ലിബറല്‍ ലോകത്തു നിന്നാണ് കുടുംബം തിരിച്ചുപിടിക്കാനുള്ള മുറവിളി ഉയരുന്നതെന്നോര്‍ക്കണം. ഈ ഘട്ടത്തിലാണ് വേലികള്‍ തകര്‍ക്കാനും ലിംഗാതിര്‍ത്തികള്‍ ഭേദിക്കാനും യുവതലമുറയോടുള്ള എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സോ കാൾഡ് ലിബറൽ പുരോഗമന പ്രസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. മതേതരത്വത്തിന്റെ പേരും പറഞ്ഞ് അവർ നടപ്പാക്കാൻ ശ്രമിക്കുന്നത് പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ, ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ മുതലാളിത്ത സംസ്കാരമാണ്. അത് വ്യക്തി എന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാഷ്ട്രീയ സാമൂഹിക മേഖലകളിലും സ്ത്രീയെ ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുകയും, വീണ്ടും വീണ്ടും പാർശ്വവൽക്കരിക്കുകയും ചെയ്യുന്നു. മുതലാളിത്ത സംസ്കാരത്തിൽ സ്ത്രീ എന്നത് കമ്പോളത്തിൽ വിലപേശി വിറ്റഴിക്കപ്പെടുന്ന ഉപഭോഗ വസ്തു മാത്രമാണ് എന്ന് തിരിച്ചറിയുക. അതിനെ കമ്യൂണിസത്തിന്റെ കുപ്പിയിലാക്കിയാൽ വിമോചനം സാധ്യമാകില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, സിനിമയിൽ അവസരം ലഭിക്കുന്നതിന് പുരുഷന്മാർക്ക് ശാരീരികമായി വഴങ്ങാൻ നിർബന്ധിതരാകുന്നു പ്രായപൂർത്തി എത്താത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകൾ എന്ന് പറയുന്നുണ്ട്. അത്തരം കരാറുകളിൽ ഏർപ്പെടുന്നത് ഈ പെൺകുട്ടികളുടെ അമ്മമാരുടെ 'സമ്മതപ്രകാരം' ആണെന്നും പറയുന്നു. ഒന്നോർത്തു നോക്കൂ, ടാലന്റ് മാനദണ്ഡം ആയിരിക്കേണ്ട ഒരു കലാമേഖലയിൽ അവിടെ സ്ത്രീയുടെ കാര്യം വരുമ്പോൾ അവളുടെ ടാലന്റോ കഴിവോ അല്ല പരിഗണിക്കപ്പെടുന്നത്. അതിന് പ്രാധാന്യം നൽകുന്നതിനു പകരം അതേ തൊഴിലിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പുരുഷന്റെ ശാരീരിക താൽപര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുക എന്ന നിബന്ധനയാണ് കയറിവരുന്നത്. സ്ത്രീയെ കേവലം ഉപഭോഗ വസ്തു മാത്രമായിട്ടേ അവർ കാണുന്നുള്ളൂ. സ്ത്രീകളുടെ ചോയ്സ് എന്നെല്ലാം അവരിടുന്ന വസ്ത്രത്തെക്കുറിച്ച് പറയാറുണ്ടല്ലോ. യഥാർഥത്തിൽ, സിനിമയിലെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം പോലും അതേ മേഖലയിലെ പുരുഷന്മാർ നിശ്ചയിക്കുന്നതാണെന്ന് കേൾക്കുമ്പോൾ ആ മേഖലയിൽ സ്ത്രീയുടെ അവസ്ഥ എത്രമാത്രം പരിതാപകരമായിരിക്കുമെന്ന് ഊഹിക്കാം. ഇതൊരു സിനിമാ മേഖലയിലെ മാത്രം കാര്യമല്ല, ലിബറൽ എന്നു പറയപ്പെടുന്ന സ്പേസുകളുടെയെല്ലാം മാനിഫെസ്റ്റേഷനാണ്.

സ്ത്രീകളുടെ ശരീരത്തിന് മാത്രം പ്രാധാന്യം നൽകുന്ന ഒരു തൊഴിൽ മേഖലയിലും സ്ത്രീക്ക് ചൂഷണത്തിൽനിന്ന് മുക്തി നേടാൻ സാധ്യമല്ല. ലൈംഗിക ചുവയുള്ള നോട്ടം, സംസാരം, ഇടപെടലുകൾ, അത്തരത്തിലുള്ള തമാശകൾ, ശരീര ഭാഷ ഇതെല്ലാം സ്ത്രീകൾക്കെതിരായ അതിക്രമം തന്നെയാണ്. തന്റെ സഹപ്രവർത്തകയായ ഒരു സ്ത്രീയോട് കിടക്ക പങ്കിടാൻ തയാറാണോ എന്ന് സ്വാഭാവികമായി ചോദിക്കാനുള്ള ധൈര്യം പുരുഷന് വരുന്നത് എങ്ങനെയാണ്? തയാറല്ലാത്തവരെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും, അവസരമില്ല എന്നു പറഞ്ഞു ആ തൊഴിൽ മേഖലയിൽനിന്ന് പുറത്താക്കാനും മാത്രമുള്ള പ്രവിലേജ് ഇത്തരം ലിബറൽ സ്പെയ്സുകളിൽ സ്ത്രീക്ക് മേൽ പുരുഷന് ഉണ്ടാകുന്നതെങ്ങനെയാണ്? സ്ത്രീ എന്നാൽ ശരീരം മാത്രമാണെന്നും, അവളുടെ മറ്റ് മൗലികതകളെല്ലാം റദ്ദ് ചെയ്യപ്പെടേണ്ടതാണെന്നും, പുരുഷനെ തൃപ്തിപ്പെടുത്തുക എന്നുള്ളതാണ് അവളുടെ ഉത്തരവാദിത്വമെന്നുമുള്ള മൂഢ ബോധ്യങ്ങളിൽ നിന്നല്ലേ ഇത്തരം 'സ്വാഭാവിക' പ്രതികരണങ്ങൾ ഉണ്ടാകുന്നത്?

മലയാള സിനിമാ വ്യവസായം 15 അംഗ മാഫിയാ സംഘത്തിന്റെ പിടിയില്‍ അടിമുടി മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകളോടുള്ള അതിക്രമങ്ങളും തൊഴില്‍ നിഷേധവും തുടരുന്ന ഇടമാണെന്ന് ഹേമ കമീഷന്‍ റിപ്പോര്‍ട്ട് പ്രതിപാദിക്കുമ്പോഴും, പ്രതികളെ കുറിച്ചുള്ള മുഴുവന്‍ തെളിവുകളും കൈയില്‍വെച്ചു നാലര വര്‍ഷം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് സര്‍ക്കാര്‍ ഇരകളോട് ചെയ്ത കടുത്ത അനീതിയാണ്; ക്രിമിനലുകളെ സംരക്ഷിക്കുന്നതിന് തുല്യവുമാണ്. പ്രതികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുവിടാനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാനും സ്ത്രീപക്ഷ സർക്കാറിന് കഴിയുന്നില്ല എന്നു മാത്രമല്ല, ആരോപിതരിൽ സി.പി.എം ജനപ്രതിനിധികൾ വരെ ഉൾപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, സ്ത്രീകള്‍ക്ക് സ്വതന്ത്രമായും ഭയരഹിതമായും ജോലി ചെയ്യാനും ഹേമ കമീഷന്‍ ശിപാര്‍ശകള്‍ കൃത്യമായി നടപ്പാക്കാനും സർക്കാറിന് ധൈര്യമുണ്ടോ എന്ന് തിരിച്ചറിയാനുള്ള മറ്റൊരവസരം കൂടിയാണിത്.

ജെൻഡർ വ്യത്യാസമില്ലാതെ ഇടപഴകുമ്പോഴും, സ്വയം തെരഞ്ഞെടുപ്പാണെന്ന് കള്ളം പറഞ്ഞ് വസ്ത്രധാരണത്തിലും സൗഹൃദങ്ങളിലും യാതൊരു സൂക്ഷ്മതയും നിയന്ത്രണങ്ങളുമില്ലാതെ ജീവിക്കുമ്പോഴുമാണ് പുരോഗമനം സാധ്യമാകുന്നത് എന്ന ലിബറൽ പുരോഗമന വാദത്തെയും ഹേമ കമ്മിറ്റി റിപ്പോർട്ട് സൂക്ഷ്മമായി ചോദ്യം ചെയ്യുന്നു. അതിൽ പതിയിരിക്കുന്ന ചതിക്കുഴികൾ തുറന്നു കാണിക്കുന്നു. പുരുഷ കാമനകളെ തൃപ്തിപ്പെടുത്തുന്ന വസ്ത്രധാരണവും ശാരീരിക രൂപഘടനയും നിർണയിക്കപ്പെടുന്ന ലിബറൽ ഇടങ്ങളിൽനിന്ന്, മുസ്ലിം സ്ത്രീകളുടെ ഹിജാബിനെയും വസ്ത്രധാരണത്തെയും അടിമത്തത്തിന്റെ കവചിത രൂപങ്ങളായി അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ കുറേ കാലമായി തുടരുന്ന ഒന്നാണ്. മറ്റൊരു മനുഷ്യന്റെയും താൽപര്യത്തിൽ അധിഷ്ഠിതമല്ലാത്ത, തികച്ചും തന്റെ വിശ്വാസത്തിൽ മാത്രം അധിഷ്ഠിതമായ വസ്ത്രധാരണ രീതി മുസ്ലിം സ്ത്രീ തെരഞ്ഞെടുക്കുമ്പോൾ അതിനെ താലിബാനിസവും തീവ്രവാദവും അടിമത്തവും ആക്കി മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി! തെരഞ്ഞെടുപ്പുകളെ കുറിച്ച് വലിയ ഗീർവാണം മുഴക്കുന്നവർ അത്തരം തെരഞ്ഞെടുപ്പുകളുടെ മോട്ടിവ് ഒന്ന് പരിശോധിക്കുന്നത് നന്നാവും. തോന്നുമ്പോൾ തോന്നുമ്പോൾ നിലപാട് മാറ്റി സ്ത്രീകളെ ഒന്നുകിൽ 'എസ്' അല്ലെങ്കിൽ 'നോ' എന്ന് മാത്രം പറയേണ്ട വിഭാഗമാക്കി ചുരുക്കുകയല്ലേ ചെയ്യുന്നത്.

ഏതായാലും സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളും തൊഴിൽ നിഷേധവും പീഡനങ്ങളും തുറന്നുപറയാൻ ധൈര്യം കാണിച്ച സിനിമാ മേഖലയിലെ വനിതാ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. പുരുഷ താൽപര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ കാലങ്ങളായി തൊഴിൽ നിഷേധിക്കപ്പെട്ടവരുണ്ട് ഈ പോരാളികളുടെ കൂട്ടത്തിൽ, തന്റെ കുടുംബ ജീവിതവും സമ്പത്തും നഷ്ടപ്പെട്ടവരുണ്ട്, ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കപ്പെട്ടവരുണ്ട്, ഭയന്ന് ജീവിക്കാൻ വിധിക്കപ്പെട്ടവരുണ്ട്, അഭിമുഖീകരിക്കാനിരിക്കുന്ന പ്രതിസന്ധികളെ ഓർത്ത് വഴങ്ങി ജീവിക്കാൻ വിധിക്കപ്പെട്ടവരും ഉണ്ട്. ഇതിൽ ഏതു സ്ത്രീയാണ് സ്വതന്ത്ര എന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു. l

പ്രബോധനം വാരിക അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ അറിവും അവബോധവും പ്രദാനം ചെയ്യുന്ന, മലയാളിയുടെ വായനാ സംസ്കാരത്തെ നയിക്കാൻ കെൽപ്പുള്ള ഒന്നായി നിലനിൽക്കുന്നു എന്നു പറഞ്ഞാൽ അധികമാവില്ല. സമകാലിക വിജ്ഞാനീയങ്ങളും, ഇന്നു വരെയുള്ള മുസ്ലിം ലോകത്തിന്റെ ഉത്ഥാന-പതന ചരിത്രവും ഒപ്പം വർത്തമാനവും ക്രോഡീകരിച്ച സമ്പുഷ്ടമായ വായനാനുഭവമാണ് മലയാളികൾക്കത് സമ്മാനിച്ചിട്ടുള്ളത്. അത് തിരിച്ചറിവുകളിൽനിന്ന് കൂടുതൽ വിശാലമായ ബോധ്യങ്ങളുടെ ലോകത്തേക്കാണ് വായനക്കാരെ നയിച്ചത്.
കേരള ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വയായി 1949-ൽ ആരംഭിച്ച പ്രബോധനം വാരികയിൽ വരുന്ന ലേഖനങ്ങളും വിശകലനങ്ങളും ഒരിക്കലും ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക അറിയിപ്പുകളോ നയനിലപാടുകളുടെ വിശദീകരണങ്ങളോ മാത്രമായിരുന്നില്ല. ഇസ്ലാമിന്റെ വിവിധ വശങ്ങളെ വിശദീകരിച്ചും അനിസ്‌ലാമിക പദ്ധതികളെ നിരൂപണം ചെയ്തും പ്രമുഖ പണ്ഡിതന്മാര്‍ അതിൽ ലേഖനങ്ങൾ എഴുതി. മുസ്ലിം എന്ന അർഥത്തിൽ ഒരു സത്യവിശ്വാസി എങ്ങനെ ജീവിക്കണം എന്ന ആശയാദർശങ്ങളിൽ അടിയുറച്ച ഉദ്ബോധനങ്ങളും, ജനങ്ങളില്‍ ദൈവബോധവും മതഭക്തിയും സദാചാര നിഷ്ഠയുമുണ്ടാക്കി അവരെ സല്‍പന്ഥാവിലൂടെ ചരിക്കാന്‍ സഹായിക്കുന്ന മഹാന്മാരെഴുതിയ അമൂല്യ ലേഖനങ്ങളും മാത്രമായിരുന്നില്ല പ്രസിദ്ധീകരിച്ചത്. മുസ്ലിം സമൂഹത്തിന്റെ ചരിത്രം, മുസ്ലിം ഉമ്മത്തിന്റെ കാലങ്ങളായുള്ള അടയാളപ്പെടുത്തലുകൾ എല്ലാം പ്രബോധനം പ്രതിപാദ്യ വിഷയങ്ങളാക്കി. ബഹുദൈവത്വം, നിരീശ്വരത്വം, ഭൗതികവാദം, കമ്യൂണിസം, മോഡേണിസം തുടങ്ങിയ പ്രത്യയശാസ്ത്രങ്ങളെ കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും ആശയപരമായി സംവദിച്ചും, ഫാഷിസവും നാസിസവും സയണിസവും ചരിത്രത്തിൽനിന്ന് തോണ്ടിയെടുത്തും വർത്തമാനത്തിൽ അതിന്റെ വേരുകൾ ചികഞ്ഞും അത് അറിവും അവബോധവും നൽകി മുസ്ലിം സമൂഹത്തെ ഇന്റലക്ച്വലായി രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചുകൊണ്ടേയിരിക്കുന്നു.

വളരെ വൈജ്ഞാനിക മൂല്യമുള്ള ഒരു വായനാ സംസ്കാരത്തെ വളർത്തിയെടുത്തതിലും ആ വായനാശീലം വായനക്കാരുടെ ബൗദ്ധികതയെ വികസിപ്പിക്കുന്നതിലും അവരുടെ സാംസ്കാരികവും വൈജ്ഞാനികവുമായ നിലവാരം ഉയർത്തുന്നതിലും വലിയ പങ്കുണ്ട് വാരികക്ക്. ഏറ്റവും മാന്യമായ രീതിയിൽ, ആശയ സമ്പുഷ്ടമായ ഭാഷാപ്രയോഗങ്ങളാൽ പ്രബോധനം അതിന്റെ ഉത്തരവാദിത്വം നിർവഹിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാം എന്നാൽ കേവലം അധികാര സ്വഭാവത്തിലുള്ള മതശാസനകൾ എന്ന് തോന്നിപ്പിക്കുന്ന വരണ്ട ശൈലി തിരുത്തി ഇസ്ലാമികാദർശം ആശയ സുന്ദരമായി അവതരിപ്പിക്കാൻ കഴിയുമെന്ന് പ്രബോധനം തെളിയിച്ചുകൊണ്ടിരിക്കുന്നു.
വ്യക്തിപരമായി എന്നെ സംബന്ധിച്ചേടത്തോളം എന്റെ വായനയെയും അറിവിനെയും നിർണയിക്കുന്നതിൽ വളരെ സുപ്രധാനമായ പങ്ക് നിർവഹിച്ച ഒന്നാണ് പ്രബോധനം വാരിക.

മുസ്ലിം സമൂഹത്തെ മുഖ്യധാരാ മാധ്യമങ്ങൾ പൊതുവിൽ പ്രതിസ്ഥാനത്തോ അതല്ലെങ്കിൽ സ്വയം സംഘടിക്കാനോ സ്വയം പ്രതിരോധിക്കാനോ അർഹതയില്ലാത്ത ഒരു രണ്ടാംകിട സ്ഥാനത്തോ ആണ് നിർത്തിയിരുന്നത്. പലപ്പോഴും മുസ്ലിം സമുദായത്തിന്റെ ഏജൻസി പരിപൂർണമായും അവരിൽനിന്ന് റദ്ദ് ചെയ്യപ്പെട്ടു. മറ്റാരൊക്കെയോ സമുദായത്തിന്റെ രക്ഷാകർതൃത്വം ഉള്ളവരായി വേണമെന്ന തീരുമാനവും ഉണ്ടായി. അതിൽനിന്നു വിഭിന്നമായി ഏതൊരു ലോക സമൂഹത്തെ പോലെയും കൃത്യമായ ചരിത്രവും പോരാട്ടവീര്യവും പ്രതിരോധ പാഠങ്ങളും മുന്നേറ്റങ്ങളും ഉത്ഥാന-പതനങ്ങളും തിരിച്ചറിവും തിരുത്തലുകളും ഏറ്റെടുക്കലുകളും മുന്നോട്ടുപോക്കും, അതിന്റെയൊക്കെ അപ്പുറത്ത് ആത്മവിശ്വാസവും ഉള്ള ഒരു ഇസ്ലാമിക സമൂഹത്തെ ഏറ്റവും സ്വാഭാവികമായ രീതിയിൽ, ഏറ്റവും സത്യസന്ധമായി പ്രബോധനം നമുക്ക് കേൾപ്പിച്ചുകൊണ്ടിരിക്കുന്നു. l