സാംസ്കാരികവും നാഗരികവുമായി ഒരു സമൂഹത്തെ അടയാളപ്പെടുത്തുന്നതില്‍ വൈജ്ഞാനിക ശേഖരണത്തിനും പ്രസിദ്ധീകരണത്തിനും ക്രോഡീകരണത്തിനും വലിയ പങ്കുണ്ട്. മുസ്ലിം സമൂഹത്തിന്റെ നാഗരിക ശേഷിപ്പുകളുടെ പുഷ്കലമായ തുടര്‍ച്ച സാധ്യമാവുന്നതും അങ്ങനെയാണ്. ആശയസംവേദനത്തിന് വരമൊഴിയെക്കാള്‍ വാമൊഴിക്ക് പ്രചാരവും തഴക്കവുമുണ്ടായിരുന്ന കാലത്ത് കേരള മുസ്‌ലിംകളില്‍ പ്രസിദ്ധീകരണത്തിലൂടെ ഒരു പാരഡൈം ഷിഫ്റ്റ് (മാതൃകാ മാറ്റം) സാധ്യമാക്കുന്നതിൽ പ്രബോധനം വഹിച്ച പങ്ക് ചെറുതല്ല. തലമുറകളുടെ വൈജ്ഞാനിക പരാഗണം സാധ്യമാകുന്ന ബൃഹത്തായ പ്രതലങ്ങളാണ് പ്രബോധനം അന്നു മുതലേ ഒരുക്കിയത്. ആ ഉദ്യമം വിപുലമാക്കിയ ധിഷണാ വൃത്തം കേരളത്തിന് പരിചിതവുമാണ്.
ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന് ഭാഷയിലും ആധുനിക വിജ്ഞാനീയങ്ങളിലുമുള്ള ആധികാരികതയും ശൈലീപരമായ സമഗ്രതയും പ്രധാനമാണ്. ജോര്‍ദാന്‍ പ്രൈവറ്റ് യൂനിവേഴ്സിറ്റിയില്‍ അപ്ലൈഡ് ലിങ്ക്വിസ്റ്റിക്‌സ് വിഭാഗത്തിലെ അസി. പ്രഫസറായ ഡോ. അബൂ ശിഹാബ് 'റീഡിംഗ് അസ് ക്രിട്ടിക്കല്‍ തിങ്കിങ്' എന്ന തന്റെ പഠനത്തില്‍, ഭാഷയിലും ശൈലിയിലും ഒരു പ്രസിദ്ധീകരണത്തിന് വേണ്ട സമഗ്രതയെ സംബന്ധിച്ച് രേഖപ്പെടുത്തുന്നുണ്ട്. വായിക്കപ്പെടുന്ന വസ്തുവും വായനക്കാരനും തമ്മിലുള്ള പാരസ്പര്യവും ആനുകാലിക പ്രസിദ്ധീകരണം പാലിക്കേണ്ട Contextual Updations ഉം അതിൽ പ്രധാനമാണ്. ഒരു മുഖപത്രത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് പ്രബോധനം ഭംഗിയായി അത് നിർവഹിക്കുന്നുണ്ട്.
ഒട്ടുമിക്ക വൈജ്ഞാനിക വ്യവഹാരങ്ങളും പ്രബോധനം കൈകാര്യം ചെയ്യുന്നുണ്ട്. ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക സിദ്ധാന്തങ്ങള്‍ തുടങ്ങിയവ എല്ലാ കാലത്തും ഏറ്റക്കുറവുകളോടെ പ്രബോധനം കൈകാര്യം ചെയ്തിട്ടുണ്ട്. അത് അങ്ങനെ കൈകാര്യം ചെയ്തുവെന്നതല്ല പ്രബോധനത്തിന്റെ പ്രത്യേകത. ഇതെല്ലാം സമഗ്രമായി തന്നെ കൈകാര്യം ചെയ്യുന്ന വേറെയും പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലുണ്ട്. മറിച്ച്, കൃത്യമായ ഒരു സാമൂഹിക വീക്ഷണത്തിന്റെ അടിത്തറയിലാണ് അതെല്ലാം കൈകാര്യം ചെയ്യപ്പെട്ടത് എന്നതാണതിനെ വ്യതിരിക്തമാക്കുന്നത്.
കേവല മത മീമാംസയായിട്ടല്ലാതെ ഇസ്ലാമിന്റെ, സമഗ്ര സാമൂഹിക-ജീവിത വ്യവസ്ഥിതിയെ ശാസ്ത്രീയ രീതിയിൽ അവതരിപ്പിച്ച പ്രബോധനത്തിന്റെ ഉള്ളടക്കങ്ങളിലെ വ്യതിരിക്തതകൾ ഇതര മുസ്‌ലിം പ്രസിദ്ധീകരണങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ആരാധനകളും അനുഷ്ഠാനങ്ങളും സംഘടനാപരമായ തര്‍ക്കങ്ങളും മാത്രം വിഷയമായ മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ ഇന്ന് തുലോം വിരളമാണ്. അക്കാദമിക ഡിസ്കോഴ്സുകളും ആനുകാലിക പരിതഃസ്ഥിതിയും രാഷ്ട്രീയവും സാമൂഹികതയും തത്ത്വശാസ്ത്രവും സംസ്കൃതിയുമെല്ലാമിന്ന് എല്ലാ മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെയും വിഷയമാണ്. ധൈഷണികമായ പ്രസ്തുത വായനാന്തരീക്ഷം സാധ്യമാക്കുന്നതിൽ പ്രബോധനം ആദ്യകാലങ്ങളിലേ മുൻപന്തിയിലുണ്ടാവുകയും അതിന് ഉപോൽബലകമായി പ്രബുദ്ധരായ ഒരു വായനാ സമൂഹം രൂപപ്പെടുകയും ചെയ്തു.
പ്രബോധനത്തിന്റെ ഉള്ളടക്കത്തിന് മാത്രമല്ല, ഭാഷക്കും മുസ്‌ലിം സമുദായത്തിന്റെ വായനാ സംസ്‌കൃതിയെ രൂപപ്പെടുത്തിയ തഴക്കമുണ്ട്. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ ശുദ്ധ മലയാളമാണ് പ്രബോധനത്തിന്റേത്. ഭാഷ ലളിതമാകണമെന്നത് പോലെ കൈകാര്യം ചെയ്യപ്പെടുന്ന വിഷയത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി കൂടി അതിനുണ്ടാവണമെന്നത് പ്രധാനമാണ്. കേവല ലാളിത്യത്തിനു വേണ്ടി ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പ്രബോധനം മുതിർന്നിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. അതിനാല്‍, ആദ്യവായനയില്‍ മനസ്സിലാക്കാന്‍ സ്വല്‍പം പ്രയാസമുള്ള താരതമ്യേന ഉയര്‍ന്ന ഭാഷ തന്നെയാണ് പ്രബോധനത്തിന്റേത്. പതിയേ ഗൗരവമായ വായനയിലേക്ക് വായനക്കാരെ വഴിനടത്തുകയായിരുന്നു പ്രബോധനം അതിലൂടെ.
ഉള്ളടക്കത്തോടൊപ്പം ഭാഷയിലെ ഈ പ്രത്യേകത കൂടി ഉള്ളതുകൊണ്ടാണ് പ്രബോധനത്തിന് പൊതു സമൂഹത്തിലും മെയിൻസ്ട്രീമിലും ഇത്രമേൽ സ്വാധീനം ചെലുത്താൻ സാധിക്കുന്നത്. ഉള്ളടക്കത്തെ പോലെ ഭാഷയിലും പ്രബോധനവും മറ്റു മുസ്‌ലിം പ്രസിദ്ധീകരണങ്ങളും തമ്മില്‍ ഇന്ന് പറയത്തക്ക വ്യത്യാസമൊന്നുമില്ല. തെളിഞ്ഞതും ശുദ്ധവുമായ മലയാളത്തില്‍ തന്നെയാണ് ഇന്ന് ഏറക്കുറെ എല്ലാ മുസ്‌ലിം പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങുന്നത്. പക്ഷേ, കൃത്യമായ വീക്ഷണങ്ങളും സമഗ്രമായ ചിന്താപദ്ധതിയും രൂപവത്കരിക്കുന്നതോടൊപ്പം അവ പ്രസിദ്ധീകരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഗൗരവസ്വഭാവത്തിൽ അപ്ലൈ ചെയ്യാനും കഴിയുന്നിടത്താണ് ഒരു മാഗസിൻ വിജയകരമാവുന്നത്.
വിപ്ലവകരമായ ഒരു സാമൂഹിക വീക്ഷണത്തോടു കൂടി തന്നെയാണ് മുസ്‌ലിംകള്‍ക്കിടയിലെ ശാഖാപരമായ തര്‍ക്കങ്ങളിലും സംവാദങ്ങളിലും ഇടപെടാതെ ഇസ്‌ലാമിന്റെ ചിന്താ-കര്‍മവ്യവസ്ഥയെ തെളിമയോടെ അവതരിപ്പിക്കാന്‍ പ്രബോധനം സമയവും ഊർജവും ചെലവഴിക്കുന്നത്. കേരളത്തിനു പുറത്തും ഇന്ത്യക്കു പുറത്തുമുള്ള സ്കോളേഴ്സിനെ, വിശിഷ്യാ ഉത്തരേന്ത്യൻ ഉലമ അടക്കമുള്ള ധൈഷണിക വൃത്തത്തെ തികവോടെയാണ് പ്രബോധനം മലയാളത്തില്‍ അവതരിപ്പിച്ചത്. ഒപ്പം ആഗോള ഇസ്ലാമിക പ്രസ്ഥാനങ്ങളെയും ചലനങ്ങളെയും ആഗോള മുസ്ലിം പണ്ഡിതരെയും ക്ലാസിക്കൽ രചനകളെയും യഥാസമയം മലയാളത്തിലെത്തിച്ചിട്ടുണ്ട്. ഭരണകൂട ഭീകരതക്കും സംഘ് പരിവാര്‍ ഫാഷിസത്തിനുമെതിരെ ജാഗ്രതയോടെ നിലകൊള്ളുന്നതോടൊപ്പം തന്നെ ലിബറലിസം, സര്‍വമത സത്യവാദം, മതനിരാസം അടക്കമുള്ള മറ്റു ദാർശനിക രഹിത പ്രത്യയശാസ്ത്രങ്ങളെയും പ്രബോധനം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്.
എന്നാൽ, മലയാളത്തിലെ സൂക്ഷ്മമായ റിസോഴ്സ് പ്രസിദ്ധീകരണമായി മാറാൻ പ്രബോധനത്തിന് ഇനിയും മുന്നേറാനും വളരാനുമുണ്ട്. മുസ്ലിം സമുദായത്തെ കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ, സംസ്കാരങ്ങളെയും ആചാരങ്ങളെയും മുന്‍നിര്‍ത്തി സമൂഹത്തെയും സമുദായങ്ങളെയും കുറിച്ച് പഠിക്കുന്ന സാംസ്കാരിക പഠനങ്ങള്‍ക്ക് വലിയ പ്രാമുഖ്യമുണ്ട്. ദര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ സംസ്കാരങ്ങളെയാണ് ഇന്ന് വായിക്കുന്നത്. അതിനാൽ ആന്ത്രപോളജി, എത്നോഗ്രഫിക്കൽ പഠനങ്ങൾ, ഇസ്ലാമിക എയ്സ്തെറ്റിക്സ്, തിയോളജിയിലെ പുതിയ ഗവേഷണ ഏരിയകൾ, ലിറ്ററേച്ചർ & ലിംഗ്വിസ്റ്റിക്കൽ സ്റ്റഡീസ് തുടങ്ങിയവയിൽ പ്രബോധനം കൂടുതൽ അപ്ഡേഷനോടു കൂടി ഇനിയും മുന്നേറാനുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
ഒപ്പം പടിഞ്ഞാറൻ ബുദ്ധിജീവികളിലെ സൂഫീ സ്കോളേഴ്സിനെയും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന പണ്ഡിതരുടെ ബൃഹത്തായ പുതിയ ഗവേഷണങ്ങളെയും മലയാളത്തിൽ അവതരിപ്പിച്ചാൽ വലിയ ഉദ്യമമാവും. അതേസമയം യൂറോപ്പും യൂറോ കേന്ദ്രീകൃത പ്രത്യയശാസ്ത്രങ്ങളും സവര്‍ണ മീഡിയയും ചേര്‍ന്ന് രൂപപ്പെടുത്തിയ നിർമിതികളെ വസ്തുനിഷ്ഠമായി പ്രബോധനം കോറിയിടുന്നുണ്ട്. ഇസ്ലാമും മുസ്ലിംകളും അവരുടെ സംസ്കാരവും ആചാരവും പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന കാലത്ത് അവരുടെ ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യത്തെ എഴുതുന്നുവെന്നത് രാഷ്ട്രീയമായ ഒരു പ്രതിരോധം കൂടിയാണ്. l