സ്മരണ

2007 -ൽ മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ബി.ആർ.പി ഭാസ്കർ സംസാരിക്കുന്നു. പാനായിക്കുളം കേസിന്റെ പശ്ചാത്തലമാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ആ കേസ് സംബന്ധിച്ച് കേരളാ കൗമുദി പത്രത്തിൽ വന്ന ഒരു വാർത്ത അദ്ദേഹം ഉദ്ധരിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാളുടെ കൈയിൽനിന്ന് അസവർണർക്ക് നല്ലത് ഇസ്ലാം എന്ന പുസ്തകം പിടിച്ചതിനെ സംബന്ധിച്ചായിരുന്നു ആ വാർത്ത. ഏതോ ഒരു സുകുമാരന്‍ എഴുതിയതെന്ന പേരില്‍ മുസ്‌ലിംകള്‍ പ്രസിദ്ധീകരിച്ചതാണ് ആ കൃതിയെന്നാണ് ആ പത്രത്തിൽ അച്ചടിച്ചു വന്നത്. 'ഏതോ ഒരു സുകുമാരൻ' ആ പത്രത്തിന്റെ സ്ഥാപക പത്രാധിപരും, പത്രാധിപർ സുകുമാരൻ എന്ന് അറിയപ്പെടുകയും ചെയ്തിരുന്ന കെ. സുകുമാരനാണ് എന്നാണ് ബി.ആർ.പി ചൂണ്ടിക്കാണിച്ചത്. സ്വന്തം പത്രത്തിന്റെ സ്ഥാപക പത്രാധിപരെയും അദ്ദേഹം നൽകിയ സംഭാവനകളെയും അറിയാത്ത എഡിറ്റോറിയൽ ഡെസ്കുകളെ അദ്ദേഹം തന്റെ സ്വതഃസിദ്ധമായ പതിഞ്ഞ, എന്നാൽ മൂർച്ചയുള്ള ശൈലിയിൽ വിമർശിച്ചു.

ബി.ആർ.പി ഭാസ്കർ

(1936-ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ അസവർണർക്ക് നല്ലത് ഇസ്ലാം. കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരൻ, എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി തയ്യിൽ, എ.കെ ഭാസ്കർ, സഹോദരൻ അയ്യപ്പൻ, ഒറ്റപ്പാലം പി.കെ കുഞ്ഞുരാമൻ എന്നിവർ ചേർന്ന് എഴുതിയതാണ്‌ ഈ പുസ്തകം. ഇതിൽ എ.കെ ഭാസ്കരൻ ബി.ആർ.പി ഭാസ്കറിന്റെ പിതാവാണ്).

ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ എന്ന ബി.ആർ.പി 1932 മാർച്ച് 12-ന് കൊല്ലം ജില്ലയിലെ കായിക്കരയിൽ ഈഴവ നേതാവും സാമൂഹിക പരിവർത്തനവാദിയും നവഭാരതം പത്രത്തിന്റെ പത്രാധിപരുമായിരുന്ന എ.കെ ഭാസ്കരന്റെയും മീനാക്ഷിയുടെയും മകനായാണ് ജനിച്ചത്. 1951-ൽ കേരള സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം 1953-ൽ പത്ര പ്രവർത്തന ജീവിതം ആരംഭിച്ചു. യൂനിവേഴ്സിറ്റി ഓഫ് ഫിലിപ്പൈൻസിൽനിന്ന് മാസ്റ്റർ ബിരുദവും പിന്നീട് അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും ബി.ആർ.പി സേവനമനുഷ്ഠിച്ചു. ദ ഹിന്ദുവിന്റെ സഹപത്രാധിപർ, ദ സ്റ്റേറ്റ്മാനിൽ ഉപ പത്രാധിപർ, പാട്രിയറ്റിന്റെ സഹ പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ന്യൂസ് ഏജൻസിയായ UNI, ഡക്കാൻ ഹെറാൾഡ്, ആഡ്രാപ്രദേശ് ടൈംസ് എന്നിവയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 1991-ൽ സജീവ പത്രപ്രവർത്തനം അവസാനിപ്പിച്ച അദ്ദേഹം പിന്നീട് വിവിധ പത്രങ്ങളിൽ കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഏഷ്യാനെറ്റിൽ അദ്ദേഹം സക്കറിയയോടൊപ്പം അവതരിപ്പിച്ചിരുന്ന 'പത്രവിശേഷം' എന്ന പരിപാടി, കേരളത്തിന് അന്നുവരെ കാര്യമായി പരിചയമില്ലാത്ത മാധ്യമ വിമർശനമാണ് കൈകാര്യം ചെയ്തത്. കേരളത്തിലെ മാധ്യമങ്ങളുടെ മുഖം ഒരളവോളം മാറ്റാൻ ആ പരിപാടി ഇടയാക്കിയിട്ടുണ്ട്.

പത്രപ്രവർത്തനത്തിന്റെ നൈതികതയും ധാർമികതയും അദ്ദേഹം എക്കാലത്തും ഉയർത്തിപ്പിടിച്ചു. ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിന്റെ വലിയ റഫറൻസായിരുന്നു അദ്ദേഹം. ധാർമിക ബോധമുള്ള പ്രഫഷണൽ മാധ്യമ പ്രവർത്തകൻ എന്ന ലേബൽ തന്നെ സാമൂഹിക പ്രവർത്തനത്തിന് വലിയ അംഗീകാരമാകുമായിരുന്ന കാലത്തും അദ്ദേഹം ആയിടത്തു മാത്രമായി ഒതുങ്ങിനിന്നില്ല. ജനാധിപത്യത്തിന്റെ നാലാം തൂണായി മാധ്യമ പ്രവർത്തനത്തെ വിശേഷിപ്പിക്കാറുണ്ട്. അതിനപ്പുറം ജനാധിപത്യത്തെ താങ്ങിനിർത്തുന്ന അഞ്ചാമതൊരു തൂണുകൂടിയുണ്ട്. അതാണ് സിവിൽ സമൂഹത്തിന്റെ ഇടപെടൽ. ബി.ആർ.പി ഭാസ്കർ മാധ്യമ പ്രവർത്തകൻ മാത്രമായിരുന്നില്ല; സിവിൽ സമൂഹത്തിന്റെ ഉറച്ച ശബ്ദം കൂടിയായിരുന്നു. മുത്തങ്ങ സമരം, പ്ലാച്ചിമട സമരം അടക്കം കേരളത്തിൽ നടന്ന ജനകീയ മൂവ്മെന്റുകളോടൊപ്പം സഞ്ചരിക്കുന്ന ബി.ആർ.പിയെയാണ് നമുക്ക് കാണാനാവുക.

മുത്തങ്ങയിലെ ആദിവാസികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമര ഓണം ബി.ആര്‍.പി ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്യുന്നു

അദ്ദേഹത്തിന്റെ അത്തരം ഇടപെടലുകളിൽ ഏറ്റവും ജ്വലിച്ചുനിന്നത് 2009-11 കാലയളവിൽ ഡി.എച്ച്.ആർ.എം മൂവ്മെന്റിനെതിരെ പോലീസ്-മാധ്യമ വേട്ട നടക്കുന്ന കാലത്താണ്. വർക്കലയിൽ നടന്ന ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഡി.എച്ച്.ആർ.എം എന്ന സംഘടനക്ക് സ്വാധീനമുള്ള വർക്കലയിലെ നിരവധി ദലിത് കോളനികളിൽ പോലീസ് ഭീകരമായി അഴിഞ്ഞാടി. വർക്കലയിൽ ഒതുങ്ങി നിന്നില്ല ആ വേട്ട. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഡി.എച്ച്.ആർ.എമ്മിന് സ്വാധീനമുള്ള ദലിത് കോളനികളിലും ആ വേട്ട തുടർന്നു. നിരവധി ഡി.എച്ച്.ആർ.എം പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ കൊടിയ പീഡനം നേരിട്ടു. അന്നത്തെ കേരള ഡി.ജി.പി ജേക്കബ് പുന്നൂസ് പത്രസമ്മേളനം നടത്തി ദലിത് ടെററിസം ആണ് നടക്കുന്നത് എന്ന് പ്രഖ്യാപിച്ചു. തലസ്ഥാന നഗരിയിൽ ദലിത് സംഘടനകൾക്ക് പ്രതിഷേധിക്കാൻ പോലും കഴിയാത്ത സാഹചര്യം. ശിവസേനയും സി.പി.എമ്മുമൊക്കെ പോലീസിനൊപ്പം ചേർന്ന് വേട്ടക്കാരായി.

രാഷ്ട്രീയ പാർട്ടികളും സാമൂഹിക പ്രവർത്തകരും ഭയന്ന് മൗനം പാലിച്ചിരിക്കുന്ന ഈ സമയത്ത് ദലിത് വേട്ടയ്ക്കെതിരെ ഉറച്ച നിലപാടുമായി ബി.ആർ.പി രംഗത്തുവന്നു. അദ്ദേഹം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായും സിവിൽ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു. തിരുവനന്തപുരത്ത് ദലിത് ഐക്യദാർഢ്യ വേദി രൂപവത്കരിക്കാൻ അത്തരം ആളുകളുമായി ചേർന്ന് മുൻകൈയെടുത്തു. ദലിത് വേട്ടയ്ക്കെതിരെ പത്ര സമ്മേളനവും പ്രതിഷേധങ്ങളും ദലിത് ഐക്യദാർഢ്യ വേദി സംഘടിപ്പിച്ചു. സോളിഡാരിറ്റി പോലുള്ള സംഘടനകൾ നടത്തിയ പരിപാടികളിൽ അദ്ദേഹം സജീവ സാന്നിധ്യമായി. ശിവസേന പോലുള്ള സംഘടനകൾ അദ്ദേഹത്തിന്റെ കോലം കത്തിക്കലും, അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലേക്ക് മാർച്ചു നടത്തലും പതിവ് കാഴ്ചയായി. അതൊന്നും അദ്ദേഹത്തെ തെല്ലും പിന്നോട്ടടിപ്പിച്ചില്ല.
യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങൾക്കെതിരെയും, ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെയും ഉറച്ച നിലപാടെടുക്കാനും അദ്ദേഹത്തിനായി. തലസ്ഥാന നഗരിയിൽ അത്തരം വിഷയങ്ങളിൽ നടക്കുന്ന ഒട്ടുമിക്ക പരിപാടികളുടെയും സംഘാടകനായും അദ്ദേഹം ഉണ്ടാകും. കേരളത്തിലെ ഒട്ടുമിക്ക ജനകീയ സമരങ്ങളോടും അദ്ദേഹം അടുപ്പം സൂക്ഷിക്കുകയും അവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും തന്റെ തൂലിക അതിനു വേണ്ടി ചലിപ്പിക്കുകയും ചെയ്തു.
2010-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമായി ഇടപെട്ട് പ്രാദേശിക ഭരണകൂടങ്ങളിൽ ബദൽ സിവിൽ സമൂഹ മുന്നേറ്റം സാധ്യമാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പഞ്ചായത്തി രാജ് നിയമത്തിന്റെ അന്തസ്സത്തയ്ക്കനുസരിച്ച് രാഷ്ട്രീയ മത്സരങ്ങൾക്ക് പകരം ഓരോ പ്രദേശത്തിന്റെയും പ്രാദേശിക വികസന കാഴ്ചപ്പാടുള്ള സിവിൽ മുന്നേറ്റങ്ങൾ രൂപപ്പെടണം എന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സാമൂഹിക പ്രവർത്തകരെയും ബദൽ രാഷ്ട്രീയം ഉയർത്തുന്നവരെയും ഏകോപിപ്പിക്കാൻ ജനകീയ ഐക്യവേദി എന്ന പേരിൽ ഒരു ജനകീയ കൂട്ടായ്മ രൂപപ്പെടുത്താനും അദ്ദേഹം മുൻകൈയെടുത്തു.
സംസ്ഥാനത്താകെ ആയിരത്തോളം വാർഡുകളിൽ അത്തരം ബദൽ സംവിധാനങ്ങൾ മത്സര രംഗത്തുണ്ടായിരുന്നു. കാതിക്കൂടം സമരസമിതി സ്ഥാനാർഥി അടക്കം കേരളത്തിൽ പത്തിലധികം വാർഡുകളിൽ വിജയിച്ചുവെങ്കിലും ആ സംവിധാനം പൊതുവായ ഒരു കൂട്ടായ്മയായി വളർന്നില്ല. മുഖ്യധാരാ മീഡിയ അവഗണിച്ചതിനാൽ ജനകീയ ഐക്യവേദി എന്ന പേരിൽ ഒരു ബ്ലോഗും ഫേസ്ബുക്ക് പേജും അദ്ദേഹം തന്നെ തുടങ്ങുകയും, അദ്ദേഹം തന്നെ കൃത്യമായ ഇടവേളകളിൽ അന്നത് അപ്ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളിലും വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും അദ്ദേഹം എപ്പോഴും അപ്ഡേറ്റായിരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗുകളും ഫേസ്ബുക്ക് പ്രൊഫൈലും പേജും അദ്ദേഹം തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 92-ാം വയസ്സിൽ ഈ ലോകത്തോട് വിടപറയും വരെ അദ്ദേഹം തന്റെ വിജ്ഞാന സപര്യ തുടർന്നു.
ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര എന്ന് വിശ്വസിക്കുന്നതിനാൽ, അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്നവരെ ആക്ഷേപിക്കാനോ ചെറുതാക്കാനോ ബി.ആര്‍.പി ശ്രമിക്കാറില്ലായിരുന്നു. എതിരഭിപ്രായം പറയുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരെ വ്യക്തിപരമായി നിന്ദിക്കുക എന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. ബി.ആര്‍.പിയുടെ വിമര്‍ശകരിൽനിന്ന് പലപ്പോഴും അതിരുകടന്ന പ്രതികരണങ്ങളുണ്ടാകുമ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളോട് ബി.ആര്‍.പി പുലര്‍ത്തുന്ന സഹിഷ്ണുത അസാധാരണം തന്നെയായിരുന്നു. മോശം ഭാഷയില്‍ അധിക്ഷേപിക്കുന്നവരോട് പോലും ക്ഷുഭിതനാകാതെ, ക്ഷമയോടെ സ്വന്തം നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.

സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പശ്ചിമഘട്ട സംരക്ഷണ കാമ്പയിന്‍ തിരുവനന്തപുരത്ത് ബി.ആര്‍.പി ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്യുന്നു

തന്റെ ഏക മകൾ രോഗിയായതിനെ തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് താമസം മാറിയത് കേരളത്തിലെ സിവിൽ സമൂഹത്തിന് വലിയ നഷ്ടം തന്നെയായിരുന്നു. സഹധർമിണിയുടെയും മകളുടെയും മരണം അദ്ദേഹത്തെ തളർത്തിയെങ്കിലും കേരളത്തിലേക്ക് അദ്ദേഹം തിരിച്ചു വന്നിരുന്നില്ല. കേരളത്തിലുള്ളത് വയോജനങ്ങൾക്ക് പറ്റിയ സാമൂഹികാന്തരീക്ഷമല്ല എന്ന് അദ്ദേഹം പറയുമായിരുന്നു.

അവസാന കാലത്ത് കേരളത്തിലേക്ക് തിരിച്ചുവന്ന അദ്ദേഹം ഒടുവിൽ പങ്കെടുത്ത പൊതുപരിപാടി ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം ആയിരുന്നു. ഫാഷിസത്തെ തടുക്കാൻ തിരുവനന്തപുരത്ത് പൊതു കൂട്ടായ്മ രൂപവത്കരിക്കുന്നത് സംബന്ധിച്ച ആലോചനാ യോഗത്തിൽ താൻ പങ്കെടുക്കാമെന്ന് അദ്ദേഹം ഉറപ്പും പറഞ്ഞിരുന്നു. അനാരോഗ്യം മൂലം അദ്ദേഹത്തിന് അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

മാധ്യമ രംഗത്തെ അതികായൻ എന്നതിനപ്പുറം, മനുഷ്യാവകാശ പോരാട്ടങ്ങളിലും സിവിൽ സമൂഹങ്ങളുടെ ഇടപെടലുകളിലും അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം കൃത്യമായി ഇടപെട്ടിരുന്നു. രാജ്യത്ത് രൂപപ്പെട്ട ഫാഷിസ്റ്റ് അധികാര കേന്ദ്രം അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. എങ്കിലും, ഭരണഘടനയുടെ പിൻബലംകൊണ്ട് ജനം അത്തരം ദുശ്ശക്തികളെ അതിജയിക്കും എന്ന് അവസാന ശ്വാസം വരെ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. l