ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട റോഹിങ്ക്യൻ ജനതക്ക് വിദ്യാഭ്യാസം ഏറെ അന്യമാണ്. മ്യാന്മറിലെ പട്ടാള ഭീകരതയിൽ നിന്ന് രക്ഷ തേടി ഇന്ത്യ, ബംഗ്ലാദേശ് പോലെയുള്ള അയൽ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തത്രപ്പാടിൽ ജീവനും ജീവിതവുമല്ലാതെ മറ്റൊന്നിനെയും പറ്റി അവർ ചിന്തിക്കാറില്ല.
എന്നാൽ, എന്നും ഏഴകളായി ജീവിക്കേണ്ടവരല്ല തങ്ങളെന്നുള്ള ചിന്ത അവരിൽ പലരിലും മുളച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ റോഹിങ്ക്യകളിൽനിന്ന് ആദ്യത്തെ ബിരുദധാരിണിയായി മാറിയ തസ്‌മിദ ജോഹറിന്റെ നേട്ടം ഇതാണ് സൂചിപ്പിക്കുന്നത്.
"എന്റെ ഈ ബിരുദ നേട്ടത്തിന് രണ്ട് വശങ്ങളുണ്ട്. ഒരു വശത്ത് സന്തോഷമാണെങ്കില്‍ മറുപുറം ദുഃഖത്തിന്റേതാണ്. ഞാൻ സഹിച്ച കഷ്ടപ്പാടുകൾക്ക് പകരമായി ലഭിച്ചതാണ് ഈ നേട്ടം എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. എന്നാൽ, എന്നെപ്പോലെ ഒരുപാട് ആളുകൾ ഇത്തരം നിലയിലേക്ക് എത്തിച്ചേരാൻ താല്പര്യപ്പെടുന്നവരും കഷ്ടപ്പെടുന്നവരുമാണെങ്കിലും അവർക്കാർക്കും അതിന് സാധിക്കുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുമുണ്ട്."
"തസ്മിൻ ഫാത്തിമയിൽനിന്ന് തസ്‌മിദ ജോഹർ എന്ന പേരിലേക്ക് എത്തിച്ചേരേണ്ടി വന്നത് വിദ്യാഭ്യാസത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടിയാണ്. കാരണം, ഒരു ബുദ്ധിസ്റ്റ് പേരില്ലെങ്കിൽ സ്കൂളിലോ മറ്റു പഠനാലയങ്ങളിലോ പോവാൻ കഴിയുമായിരുന്നില്ല." മ്യാന്മറിൽ റോഹിങ്ക്യൻ ജനതക്ക് സ്വന്തമായി ബിസിനസ് നടത്താനോ കട നടത്താനോ സ്വാതന്ത്ര്യമില്ല. തസ്‌മിദ ജോഹറിന്റെ പിതാവിന്റെ കട മ്യാന്മർ പട്ടാളം കൈയേറുകയും പണം തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
മ്യാന്മറിലെ സ്കൂളുകളിലും ഇത്തരം വിവേചനങ്ങൾ നിലനിൽക്കുന്നു. ബുദ്ധന്മാരല്ലാത്ത കുട്ടികൾ ഏറ്റവും കൂടുതല്‍ മാർക്ക് നേടിയാല്‍ പോലും അവർക്ക് ഉയർന്ന റാങ്കുകൾ നൽകിയിരുന്നില്ല. റോൾ നമ്പറുകളിലും ക്ലാസ്സ് റൂമുകളിലും എക്കാലത്തും റോഹിങ്ക്യകൾക്ക് അവഗണന സഹിക്കേണ്ട സാഹചര്യമാണുള്ളത്. ഹിജാബ് ധരിക്കാനുള്ള അവകാശം അത്തരം കുട്ടികൾക്ക് വകവെച്ചു കൊടുക്കാത്ത സമീപനമാണ് അവിടത്തെ അധികാരികളുടേത്.
കടുത്ത നടപടികൾ കൂടിക്കൂടി വന്നതോടെ 2005-ൽ തസ്‌മിദയുടെ കുടുംബം ബംഗ്ലാദേശിലേക്ക് കുടിയേറി. മ്യാന്മറിൽ മൂന്നാം ക്ലാസ്സ് വരെ പഠിച്ചെങ്കിലും ബംഗ്ലാദേശിൽ ആദ്യം മുതൽ വീണ്ടും പഠിച്ചു തുടങ്ങുകയാണുണ്ടായത്. പക്ഷേ, പുതിയ ചുറ്റുപാടുകളും സംസ്കാരങ്ങളും കൂടുതൽ ഭാഷകളും അറിവുകളും സ്വായത്തമാക്കാൻ അതവളെ സഹായിച്ചു. ബർമീസ്, റോഹിങ്ക്യ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, ബംഗാളി, ഉർദു എന്നീ ഭാഷകൾ കൂടി തസ്‌മിദ പഠിച്ചെടുത്തു. 2012-ൽ വീണ്ടും റോഹിങ്ക്യൻ സമൂഹം അക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായിത്തീർന്നത് മൂലം ഇന്ത്യയിലേക്ക് കുടിയേറാൻ ആ കുടുംബം തീരുമാനിച്ചു. അങ്ങനെയാണ് തസ്‌മിദയും കുടുംബവും ഹരിയാനയിലും ദൽഹിയിലും അവസാനം ഈസ്റ്റ് ദൽഹിയിലെ കാളിന്ദി കുഞ്ച് ക്യാമ്പിലും എത്തിച്ചേരുന്നത്.
"ഇന്ത്യയിലേക്കുള്ള വരവ് എന്നെ ഏറെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ എന്റെ ഐഡന്റിറ്റി മറച്ചു വെച്ചാണ് സ്കൂളുകളിലും കോളേജുകളിലും പോയത്. ബസ് കേറാൻ പോകുമ്പോഴും ഇറങ്ങുന്ന നേരവും എന്റെ ഉമ്മ എന്നെ കാത്തുനിൽക്കുമായിരുന്നു. മ്യാൻമറിൽ ജീവിച്ച സമയത്ത് കാണേണ്ടിവന്ന ദുരനുഭവങ്ങൾ തന്നെയാവും അങ്ങനെ കാത്തുനിൽക്കാൻ ഉമ്മയെ പ്രേരിപ്പിച്ചത്"- ഇത് പറയുമ്പോഴും തസ്മിദയുടെ കണ്ണുകള്‍ നിറയുന്നുണ്ട്.
തസ്‌മിദ ജോഹർ എല്ലാവർക്കും മാതൃകയാണ്. തസ്‌മിദയെ കണ്ട് ഒരുപാട് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പഠനത്തിലും അനുബന്ധ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയിട്ടുണ്ട്. UNHCR ഡൗലിങ്ങോ പ്രോഗ്രാമുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 25 അഭയാർഥികളിൽ ഒരാളാണ് തസ്‌മിദ ജോഹർ. കാനഡയിലെ വിൽഫ്രഡ് ലാറിയർ യൂനിവേഴ്സിറ്റിയിൽനിന്നുള്ള അക്‌സെപ്റ്റൻസ് ലെറ്ററിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍ തസ്‌മിദ.
"പഠിച്ച് ഒരു മനുഷ്യാവകാശ പ്രവർത്തകയാവുകയെന്നതാണ് എന്റെ ലക്ഷ്യം. എന്റെ സമൂഹത്തിനും ഇതര പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കണം. എന്നാൽ മാത്രമേ അവരിൽ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ." പറഞ്ഞു നിര്‍ത്തുമ്പോള്‍ തസ്മിദയുടെ കണ്ണുകളില്‍ പ്രത്യാശയുടെ ഒരായിരം പൂത്തിരികള്‍ കാണും. ആ വെളിച്ചത്തില്‍ റോഹിങ്ക്യകളുടെ ഭാവി പ്രകാശപൂരിതമാവട്ടെ എന്ന് നമുക്ക് ആശിക്കാം. l