മധ്യകേരളത്തിലെ രണ്ട് കുടുംബങ്ങൾ തമ്മിൽ, മക്കളുടെ വിവാഹ കാര്യത്തിൽ അന്വേഷണം നടക്കുന്നു. പ്രാരംഭ ചർച്ചകൾ ഇരു കുടുംബങ്ങൾക്കും ഗുണപരമായി തോന്നിയതിനാൽ, വധൂവരൻമാർക്കിടയിലെ കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങി. സാമാന്യം ദീർഘിച്ച സംഭാഷണത്തിന്റെ അവസാനത്തിൽ, വിവാഹത്തിന് സമ്മതം പറഞ്ഞ പെൺകുട്ടി ഒരു നിബന്ധന മുന്നോട്ട് വെച്ചു: "വിവാഹം കഴിക്കാം, പക്ഷേ കുട്ടികളെ കുറിച്ച് ഞാൻ ചിന്തിക്കുക മൂന്ന് വർഷങ്ങൾ കഴിഞ്ഞായിരിക്കും. പ്രസവിക്കാൻ എനിക്ക് താൽപര്യം കുറവാണ്, കുഞ്ഞിനെ ദത്തെടുക്കാനാണ് എനിക്കിഷ്ടം. അത് മൂന്ന് വർഷം കഴിഞ്ഞ് തീരുമാനിക്കാം. അന്ന് എനിക്ക് ദത്തെടുക്കണമെന്ന് തന്നെ തോന്നുകയും നിനക്ക് അത് ഇഷ്ടമില്ലാതെ വരികയുമാണെങ്കിൽ നമുക്ക് അപ്പോൾ വിവാഹമോചനം ചെയ്യാം. വിവാഹ മോചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഇപ്പോൾ, വിവാഹ വേളയിൽ തന്നെ ഒരു കരാർ പത്രം തയാറാക്കിയാൽ, മൂന്ന് വർഷം കഴിഞ്ഞ് പിരിയാൻ നാം പ്രയാസപ്പെടേണ്ടി വരില്ല". വിചിത്രമെന്ന് തോന്നാവുന്ന ഈ വാദഗതി പക്ഷേ, അനുഭവ യാഥാർഥ്യമാണ്. വിവാഹവും കുടുംബ ജീവിതവും സംബന്ധിച്ച സമീപനങ്ങളിൽ സമീപകാലത്ത് സംഭവിച്ച ഗൗരവതരമായ മാറ്റങ്ങളുടെ ഒരു സൂചകമാണ് ഈ നിലപാട്.
മാറ്റത്തിന്റെ മുഖങ്ങൾ
ഈ മാറ്റത്തിന് പൊതുവായ ചില മുഖങ്ങളുണ്ട്. പക്ഷേ, വ്യക്തിനിഷ്ഠമായ വ്യത്യാസങ്ങളും നവതലമുറയുടെ സമീപനങ്ങളിൽ കാണാം. കുടുംബ ജീവിതത്തെ മുൻനിർത്തിയുള്ള നിഷേധാത്മകമായ മാറ്റങ്ങൾ നമ്മുടെ സാമൂഹിക മണ്ഡലത്തെ ആഴത്തിൽ അസ്വസ്ഥപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും സമീപ ഭാവിയിൽ അത് കൂടുതൽ അപകടകരമായ ദുരന്തങ്ങൾക്ക് വഴിതുറക്കും. വിവാഹത്തോടുള്ള വിമുഖത, ഇണകളായി മാറാത്ത ദാമ്പത്യം, ദുർബലമായ കുടുംബ ബന്ധങ്ങൾ, സന്താനോൽപ്പാദനത്തിലെ താൽപര്യക്കുറവ്, കുട്ടികൾ ജനിച്ചാലും മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥരായിത്തീരുന്ന മക്കൾ, ബന്ധങ്ങൾ മുറിച്ചുമാറ്റിയ ശേഷമുള്ള ഒറ്റപ്പെട്ട ജീവിതം, രക്ഷിതാക്കളുടെ തീരാനോവുകൾ തുടങ്ങി ഇതിന്റെ പ്രത്യാഘാതങ്ങൾക്ക് പല അടരുകളുണ്ട്.
കുടുംബങ്ങൾക്കകത്ത് വർത്തമാനകാലത്ത് രൂപപ്പെട്ടു തുടങ്ങിയ ഈ ദുരവസ്ഥയെ കുറിച്ച് ആശങ്കകളും അസ്വസ്ഥതകളും പങ്കുവെച്ചതുകൊണ്ട് മാത്രം കാര്യമില്ല. മുൻവിധികളോടെ കാര്യങ്ങളെ നോക്കിക്കാണുകയോ, പൊതു പ്രസ്താവങ്ങളിൽ പ്രതികരണങ്ങൾ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതും ഫലപ്രദമാകില്ല. പ്രശ്നങ്ങളെ കുറിച്ച വെറും ചർച്ചകളല്ല, അവയുടെ കാരണങ്ങളെ കുറിച്ച ശരിയായ ആലോചനകൾ നടത്തുകയും പ്രതിവിധികൾ ആസൂത്രണം ചെയ്ത് പ്രയോഗവൽക്കരിക്കുകയുമാണ് വേണ്ടത്.
ആശയപരവും അനുഭവപരവുമായ കാരണങ്ങൾ, പുതിയ കാലത്തെ വിവാഹ-ദാമ്പത്യ-കുടുംബ ജീവിതത്തിലെ മാറിയ കാഴ്ചപ്പാടുകൾക്ക് പിന്നിലുണ്ട്. ലിബറലിസത്തിൽനിന്ന് രൂപപ്പെട്ട വ്യക്തിസ്വാതന്ത്ര്യ വാദങ്ങൾ ആശയപരമായ അടിത്തറ ഒരുക്കുകയും സമീപനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ, സ്വന്തം വീടകങ്ങളിലും ചുറ്റുമുള്ള കുടുംബാന്തരീക്ഷത്തിലും കണ്ടു പരിചയിച്ച അസ്വസ്ഥതകൾ, നവതലമുറയുടെ ബോധമണ്ഡലത്തെ സ്വാധീനിച്ച അനുഭവപരമായ തലങ്ങളാണ്. ഇവ രണ്ടിനുമൊപ്പം, അക്കാദമിക വളർച്ചയും തൊഴിൽ ലഭ്യതയും സാമ്പത്തിക സ്വാശ്രയത്വവും സ്വാഭാവികമായി വന്നുചേരുന്ന സ്വാതന്ത്ര്യവും നിയമ പരിരക്ഷകളും കൂടിച്ചേരുമ്പോൾ സംഭവിക്കുന്നതാണ് നാം ഇപ്പോൾ കാണുന്നത്.
പൊതുവിൽ നമ്മുടെ സമൂഹത്തിൽ നിലനിന്നു പോരുന്ന വിവാഹ, ദാമ്പത്യ, കുടുംബ സമീപനങ്ങളിൽ ഇപ്പോൾ കണ്ടുവരുന്ന മാറ്റങ്ങൾക്ക് ഇങ്ങനെ വ്യത്യസ്തമായ തലങ്ങളുണ്ട്. ഇവയിൽ ഏതെങ്കിലും ഒരു കോണിൽ മാത്രം പ്രശ്നത്തെ നിരീക്ഷിക്കുന്നത് ഗുണകരമാവില്ല.
ആശയ തലം
ഉദാര സമീപനങ്ങളിൽ ഊന്നിയ വ്യക്തിസ്വാതന്ത്ര്യ വാദമാണ് ലിബറലിസത്തിന്റെ പ്രധാന വശം. ചില ശരികൾ ചേർന്ന, പല തെറ്റുകളാണ് ലിബറലിസം നമ്മുടെ സാമൂഹിക മണ്ഡലത്തിന് സംഭാവന ചെയ്യുന്നത്. കുടുംബ ജീവിതത്തിന്റെ തകർച്ചയാണ് ഇതിൽ മുഖ്യം. ലിബറലിസം സംബന്ധിച്ച് ആഴമുള്ള ചർച്ചകൾ നടന്നുകഴിഞ്ഞിട്ടുണ്ട്. അതിനാൽ, കുടുംബ ജീവിതത്തെ ലിബറലിസം എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാന ഘടകങ്ങൾ മാത്രമാണ്, വിശദീകരണങ്ങളില്ലാതെ ഇവിടെ സൂചിപ്പിക്കുന്നത്.
വ്യക്തിഗത സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുടെ സംരക്ഷണവും, അടിച്ചമർത്തുന്ന അധികാരസ്ഥാനങ്ങളോടും സ്ഥാപനങ്ങളോടുമുള്ള എതിർപ്പ്, ജനാധിപത്യ തത്ത്വങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം, വിശാലമനസ്കതയും സഹിഷ്ണുതയും, സമത്വം, മനുഷ്യാവകാശം, പൗരാവകാശം, ആവിഷ്കാര സ്വാതന്ത്ര്യം, ലിംഗസമത്വം, നിയമാവകാശം എന്നിങ്ങനെയുള്ള ആശയങ്ങൾ ലിബറലിസം മുന്നോട്ടുവെക്കുന്നുണ്ട്. യൂറോപ്പിലെ ജ്ഞാനോദയമായിരുന്നു ലിബറലിസത്തിന്റെ പിറവിക്ക് പശ്ചാത്തലമൊരുക്കിയ പ്രധാന ഘടകം. ക്രൈസ്തവ ചർച്ചും രാഷ്ട്രവും തമ്മിലുള്ള ബന്ധ വിച്ഛേദനം, സ്വതന്ത്രമായ സമ്പത്തും വിപണിയും, വിദ്യാഭ്യാസത്തിലൂടെയുള്ള വളർച്ചയും പുരോഗതിയിലുള്ള വിശ്വാസവും, ഭരണകൂടത്തിന്റെ പരിമിതമായ ഇടപെടലുകൾ, വ്യക്തിയുടെ സ്വകാര്യതക്കും പരമാധികാരത്തിനുമുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ലിബറലിസത്തിന്റെ ആശയങ്ങൾ വികസിക്കുന്നു.
ഈ ആശയങ്ങളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ തന്നെ, അവയുടെ ചില ഗുണങ്ങളോടൊപ്പം പലവിധ ദോഷങ്ങളും നമുക്ക് ചിന്തിച്ചെടുക്കാൻ സാധിക്കും. ഈ ഉദാരതാ വാദം ഉദയംകൊണ്ട യൂറോപ്പിലും അത് ദേശാടനം ചെയ്ത് സ്വാധീനമുറപ്പിച്ച മറ്റു ഭൂഖണ്ഡങ്ങളിലും ഉണ്ടായിട്ടുള്ള പ്രായോഗികാനുഭവങ്ങൾ ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്. വ്യക്തി, കുടുംബ, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ എല്ലാം തന്നെ ലിബറലിസം വിതച്ച ദുരന്തങ്ങൾ ദൂരവ്യാപകമാണ്.
ഒന്ന്: വ്യക്തിസ്വാതന്ത്ര്യ വാദമാണ് ലിബറലിസത്തിന്റെ പ്രധാന ആശയം. ഇത് ഭദ്രമായ കുടുംബ ജീവിതത്തെ ദുർബലപ്പെടുത്തുന്നതോ, പൂർണമായും നിരാകരിക്കുന്നതോ ആണ്. മറ്റെല്ലാറ്റിനെക്കാളും വ്യക്തി പരമ പ്രധാനമാകുന്നു, തീരുമാനങ്ങൾ എടുക്കുന്നതിലും അവ പ്രാവർത്തികമാക്കുന്നതിലും വ്യക്തിയുടെ മാത്രം താൽപര്യവും സന്തോഷവും പരിഗണിക്കുന്നു എന്ന് വരുമ്പോൾ ഇണയായും കുടുംബാംഗമായും കഴിയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെടുന്നു.
മറ്റുള്ളവരോട് ഇടപഴകിയും അവരോടൊപ്പം സാധ്യതകളും പരിമിതികളും പങ്കുവെച്ചും ദൗർബല്യങ്ങളിൽ പരസ്പരം ശക്തിപകർന്നും ജീവിക്കുകയെന്ന കാഴ്ചപ്പാട് ലിബറലിസത്തിന് അരോചകവും കുടുംബ ജീവിതത്തിന് അനിവാര്യവുമാണ്. 'ഞാൻ ഒറ്റക്ക് ജീവിക്കും, എനിക്ക് വിദ്യാഭ്യാസവും തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവുമുണ്ട്, ഞാൻ വിവാഹം കഴിക്കുന്നില്ല, എനിക്ക് കുട്ടികൾ വേണ്ട, പിതൃത്വവും മാതൃത്വവും ഭാരമാണ്, നിബന്ധനകളോടെ ദാമ്പത്യമാകാം, പക്ഷേ കുടുംബാംഗങ്ങളുമായി ഒരുപാട് ബന്ധവും ഇടപഴകലും സാധ്യമല്ല, ഇണയുടെ ചെറിയ പ്രശ്നങ്ങൾ പോലും പൊരുത്തപ്പെടാനാകില്ല, പെട്ടെന്ന് വിവാഹമോചനം ചെയ്യണം' തുടങ്ങിയ വാദങ്ങൾ വ്യാപകമാണല്ലോ! ഇതിന്റെ ഒരു പ്രധാന കാരണം, ലിബറലിസത്തിന്റെ വ്യക്തിസ്വാതന്ത്ര്യ വാദങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും, ബോധത്തിലും അബോധത്തിലും പല വഴികളിലൂടെ സ്വാധീനം ചെലുത്തിയതാണ്. വിവാഹത്തോട് വിമുഖത കാണിക്കുന്നതും വിവാഹ മോചനം പെരുകുന്നതും എന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ പല ഉത്തരങ്ങളിൽ പ്രധാനമാണിത്.
എന്നാൽ, പ്രാപഞ്ചിക സത്യങ്ങൾക്കും ശാസ്ത്ര യുക്തികൾക്കും മനുഷ്യപ്രകൃതത്തിനും വിരുദ്ധമാണ് ലിബറലിസത്തിന്റെ വ്യക്തിസ്വാതന്ത്ര്യ വാദത്തിൽ നിന്ന് രൂപംകൊണ്ട ഈ നിലപാടുകളെല്ലാം. അതുകൊണ്ടുതന്നെ മത ധാർമിക പാഠങ്ങളിൽനിന്നുകൊണ്ട് മാത്രമല്ല, യുക്തിശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തിലും ഈ വാദങ്ങൾ തള്ളപ്പെടേണ്ടതാണ്. പക്ഷേ, അതിന് ഉൽബോധന ക്ലാസുകളും ഉപദേശ പ്രസംഗങ്ങളും മതിയാകില്ല എന്നു മാത്രം.
രണ്ട്: ധാർമിക മൂല്യങ്ങളുടെ നിരാകരണമാണ് ഉദാരവാദത്തിന്റെ മറ്റൊരു വശം. ദേഹേഛക്ക് അടിപ്പെട്ട ജീവിതം ഒരാളുടെ അവകാശമാകുന്നു, അയാൾക്ക് ഇഷ്ടമുള്ളതെന്തും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാകുന്നു, മൂല്യങ്ങളുടെ അതിരടയാളങ്ങൾ മായ്ചു കളയുന്നു, വ്യക്തിയുടെ ശരീരവും മനസ്സും സ്വന്തം മാത്രമായതിനാൽ അത് ആർക്കും പങ്കുവെക്കാനുള്ള അവകാശം അയാളിൽ മാത്രം നിക്ഷിപ്തമാകുന്നു, നിയന്ത്രണങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുന്നു, ചോദ്യങ്ങൾ അവകാശങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാകുന്നു, ഉപദേശങ്ങൾ അവഹേളനങ്ങളാകുന്നു…. ഇങ്ങനെ നീളുന്നു ഉദാരവാദത്തിന്റെ ജീവിത വീക്ഷണം. മൂല്യബോധത്തിലും അതിരടയാളങ്ങളിലും ഊന്നിനിൽക്കുന്ന കുടുംബ ജീവിതത്തിന്റെ അടിത്തറ തന്നെയാണ് ഇതുവഴി തകർക്കപ്പെടുന്നത്. ലിബറലിസം ആശയമായി സ്വീകരിച്ചിട്ടുള്ളവർ പ്രത്യക്ഷത്തിൽ തന്നെ ധാർമികമൂല്യങ്ങൾ നിരാകരിച്ച് വ്യക്തി - കുടുംബ ജീവിതം നയിക്കുന്നുണ്ട്. അതിരുകളില്ലാതെ ജീവിക്കാൻ ദമ്പതികൾ പരസ്പരം കരാർ പത്രം എഴുതുകയാണ് ഇവിടെ ചെയ്യുന്നത്. എന്നാൽ, ലിബറലിസത്തിന്റെ പലവിധ സ്വാധീനങ്ങളിൽ പെട്ടുപോകുന്നവർ, മൂല്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ജീവിതം കുടുംബങ്ങൾക്ക് അകത്തും പുറത്തും നയിക്കുന്നുണ്ട്. പലപ്പോഴും ഇത് കുടുംബ തകർച്ചക്കും മക്കളുടെ മാനസികവും ധാർമികവും വിദ്യാഭ്യാസപരവുമൊക്കെയായ അപചയങ്ങൾക്കും കാരണമാവുന്നതിന്റെ എത്രയെങ്കിലും അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അടിയൊഴുക്കുകൾ ശക്തമായ ഈ പ്രശ്നം, അതീവ ഗുരുതരമായ പൊട്ടിത്തെറിയിലേക്ക് ചെന്നെത്തുക എന്നത് സമയത്തിന്റെ മാത്രം വിഷയമാണ്.
മൂന്ന്: സഹകരണ മനോഭാവത്തെക്കാൾ സംഘർഷ മനസ്സാണ് വ്യക്തിസ്വാതന്ത്ര്യ വാദം സംഭാവന ചെയ്യുന്നത്. ഇത് വിവാഹ മോചനം വർധിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്. അവനവനെക്കുറിച്ച ആലോചനകൾ കൂടുമ്പോൾ അപരനെ കുറിച്ച ചിന്തകൾ കുറയുന്നു. സ്വാതന്ത്ര്യ വാദം സ്വാർഥതക്കുള്ള വഴി എളുപ്പമാക്കുന്നു. തന്മയീഭാവം നഷ്ടപ്പെടുകയും താൻ മാത്ര ബോധം ഉള്ളിലുറക്കുകയും ചെയ്യുന്നു. ഇത്, സാമൂഹിക ജീവിതത്തെ പല തലങ്ങളിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാമൂഹിക പങ്കാളിത്തവും പങ്കുവെപ്പുകളും സഹകരണവും തുലോം കുറഞ്ഞുവരുന്നത് ഇതിന്റെ ഫലമാണ്.
സ്വകാര്യ ഇടങ്ങളിലേക്ക് ചുരുങ്ങുക, ഒറ്റക്ക് ജീവിക്കുക, ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ബന്ധങ്ങൾ വിഛേദിച്ചും എല്ലാം വിട്ടൊഴിഞ്ഞും മാറിപ്പോവുക, മറ്റുള്ളവരോട് ഇടപഴകാതെ അധിക സമയം ഒറ്റക്കിരിക്കാനും എല്ലാറ്റിൽനിന്നും ഒഴിഞ്ഞുമാറാനും ശ്രമിക്കുക തുടങ്ങിയവയൊക്കെ വല്ലാതെ വർധിക്കുന്നുണ്ട്. വീടകങ്ങളിലെ സംസാരത്തിൽ മറ്റുള്ളവരെ പരിഗണിക്കുകയും ഭാഷാശൈലികൾ മാന്യമാവുകയും വിട്ടുവീഴ്ചകൾ കാണിക്കുകയുമൊക്കെ ചെയ്യേണ്ടത് അനിവാര്യമാണ്.
ഇത് അസഹ്യമായവർ, സംഭാഷണങ്ങൾ തന്നെ വേണ്ടെന്നു വെക്കുകയാണ് ഇപ്പോൾ. ഇണകൾ തമ്മിലും രക്ഷിതാക്കളും മക്കളും തമ്മിലും സംസാരിക്കാത്ത വീടുകൾ വർധിച്ചുവരുന്നുണ്ട്. ആശയ വിനിമയം നിലച്ചുപോയ കുടുംബങ്ങൾ പ്രശ്ന പരിഹാരത്തിനായി സമീപിക്കുന്നത് വർധിക്കുമ്പോഴാണ്, ഇതിന്റെ വ്യത്യസ്ത വശങ്ങൾ നാം കൂടുതൽ ചിന്തിക്കുന്നത്. ഇതെല്ലാം കുടുംബ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു.
നാല്: പ്രകൃതിദത്തമായ സ്ത്രീ-പുരുഷ ഭാഗധേയങ്ങളിൽ വരുത്തുന്ന വിപരീത ദിശയിലുള്ള മാറ്റങ്ങൾ ലിബറലിസത്തിന്റെ അനന്തര ഫലമാണ്. ലിംഗ നീതി ആരോഗ്യകരമായ സാമൂഹികാവസ്ഥയുടെയും ഭദ്രമായ കുടുംബ ജീവിതത്തിന്റെയും അടിസ്ഥാനമാണ്. എന്നാൽ, ലിംഗസമത്വത്തിന് ഊന്നൽ നൽകുന്ന ലിബറൽ കാഴ്ചപ്പാടുകൾ, കുടുംബഘടനയിൽ സ്ത്രീയും പുരുഷനും അനിവാര്യമായും പാലിക്കേണ്ട ധർമങ്ങളും കടമകളും സംബന്ധിച്ച് കടുത്ത ആശയക്കുഴപ്പങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നു. അഭിരുചികളിലും കഴിവുകളിലും വൈവിധ്യതകൾ ഉള്ളതുകൊണ്ടുതന്നെ, ദൗത്യങ്ങളിലും ഉത്തരവാദിത്വങ്ങളിലും വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണ്.
പക്ഷേ, സ്ത്രൈണതയെ പൗരുഷത്തിലേക്ക് തരം മാറ്റാനുള്ള ശ്രമത്തിലാണ് ലിബറലിസത്തിന്റെ ലിംഗസമത്വ വാദം. ജെൻഡർ ന്യൂട്രാലിറ്റിയും വിദ്യാലയങ്ങളിലെ യൂനിഫോമിൽ ഒരേതരം വസ്ത്രവുമൊക്കെ ഇതിന്റെ ചില പ്രയോഗസൂത്രങ്ങൾ മാത്രമാണ്. വസ്ത്രങ്ങളിൽ മാത്രമല്ല, ഭാഗധേയങ്ങളിലും ലിംഗസമത്വം സ്ഥാപിച്ചെടുക്കാനുള്ള ത്വര, ബോധത്തിലും മാനസികാവസ്ഥയിലും സ്ത്രീയെ പുരുഷനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നവ തലമുറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചിലത് സൂക്ഷ്മപരിശോധന നടത്തിയാൽ ഈ വശം ശരിക്കും ബോധ്യപ്പെടും. അവകാശങ്ങളിലെയും അവസരങ്ങളിലെയും അനിവാര്യമായ നീതിക്കും അപ്പുറത്താണ്, ലിംഗസമത്വ വാദത്തിന്റെ സ്വാധീനങ്ങൾ.
അഞ്ച്: അവകാശബോധം കൂടിയ, ബാധ്യതാബോധം കുറഞ്ഞ വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ ലിബറലിസത്തിന് വലിയ പങ്കുണ്ട്. ഇത്, രക്ഷാകർതൃത്വ സങ്കൽപ്പങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ ബാധ്യതകൾ ഏറ്റെടുക്കുന്നത് തങ്ങളുടെ സ്വന്തം സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുമെന്നാണ് പലരും കരുതുന്നത്. അതുകൊണ്ട്, നവതലമുറ മാതാപിതാക്കൾ ജീവിച്ചിരിക്കെ അനാഥരായി വളരുന്ന കുഞ്ഞുമക്കൾ ഇന്ന് വർധിച്ചിട്ടുണ്ട്. മാതൃത്വം ഭാരമാവുക, പ്രസവം വേണ്ടെന്നു വെക്കുകയോ ഒന്നിൽ അവസാനിപ്പിക്കുകയോ ചെയ്യുക, രക്ഷാകർതൃ രീതികൾ മാറ്റുക തുടങ്ങി പലതും ഇതിന്റെ സ്വാധീനഫലമാണ്.
സ്വാതന്ത്ര്യം, ജോലി, സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യം വെച്ച്, മക്കളെ അകറ്റുകയും ഒറ്റക്ക് വിടുകയും ചെയ്യുന്നവർ ഇന്ന് പെരുകിവരുന്നുണ്ട്. ദാമ്പത്യം തകർന്ന് അകന്ന് കഴിയുന്ന ഭാര്യാ - ഭർത്താക്കൻമാരുടെ കുഞ്ഞുമക്കൾ കുടുംബ വീടുകളിൽ ഒറ്റക്ക് കഴിയേണ്ടി വരുന്നു. ചില കുട്ടികൾ സംഘർഷഭരിതമായ കുടുംബാന്തരീക്ഷത്തിൽ കടുത്ത മാനസിക സമ്മർദങ്ങൾക്ക് ഇരകളാകുന്നു. ഇങ്ങനെ വളരുന്ന കുട്ടികളുടെ മാനസിക, ധാർമിക, വ്യക്തിത്വ പ്രശ്നങ്ങൾ നാളെ നാം അനുഭവിക്കാൻ പോകുന്ന വലിയൊരു സാമൂഹിക വെല്ലുവിളിയാണ്.
സമകാലിക കുടുംബ പ്രശ്നങ്ങളുടെ, ഒരു വശം മാത്രമാണ് ഇവിടെ കുറിച്ചത്. തിക്താനുഭവങ്ങളുടെയും അസന്തുലിത വളർച്ചയുടെയും മറ്റു രണ്ട് കാരണങ്ങൾ കൂടി ഇതിൽ മുഖ്യമാണ്. പരമ്പരാഗത കുടുംബഘടനക്കകത്ത് നടക്കുന്ന പല തലങ്ങളിലുള്ള സംഘർഷങ്ങളും വേദനകളും അനുഭവിച്ച് വളരുന്നവരിൽ, വ്യത്യസ്ത വഴികളിലൂടെ വന്നുകിട്ടുന്ന ലിബറൽ കാഴ്ചപ്പാടുകൾ, വളർന്നു പടർന്ന് സ്വാധീനം ചെലുത്തുക സ്വാഭാവികമാണ്. കുരുന്ന് പ്രായം മുതൽ യൗവനം വരെ, നിലവിലെ വിദ്യാഭ്യാസ രീതിയനുസരിച്ച് നീണ്ട 21 വർഷങ്ങൾ അക്കാദമിക മാത്രമായ വളർച്ചയിൽ മാത്രം കേന്ദ്രീകരിച്ച്, വളരുന്ന / വളർത്തപ്പെടുന്ന വ്യക്തിത്വങ്ങളിൽ സംഭവിക്കാവുന്ന ചില അസന്തുലിതത്വങ്ങളുണ്ട്. അവ കൂടുതൽ പ്രതികൂലമായി ബാധിക്കുക കുടുംബ ജീവിതത്തെയാണ്. നവതലമുറയുടെ വിദ്യാഭ്യാസ വളർച്ചക്കും അവരാർജിച്ച കഴിവുകൾക്കും അനുസൃതമായ, ഗുണപരമായ വളർച്ച കുടുംബത്തിലും സമൂഹത്തിലും ഇനിയും സംഭവിച്ചിട്ടില്ലെന്നത് അസന്തുലിതത്വത്തിന്റെ കാരണങ്ങളിലൊന്നാണ്. ഇനിയും കൂടിയേക്കാവുന്ന ഈ കാരണങ്ങൾക്കും അവയുണ്ടാക്കുന്ന പ്രശ്നങ്ങൾക്കും, കേവല ഉപദേശപ്രസംഗങ്ങൾക്കപ്പുറം കൃത്യവും യുക്തിപൂർവകവുമായ പരിഹാര മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. l