പഠനം

സയണിസം വംശവെറിയുടെ ഭീകരത-3

അമേരിക്ക, ബ്രിട്ടന്‍ പോലുള്ള പാശ്ചാത്യ ശക്തികളുടെ പൂര്‍ണ പിന്തുണയോടെ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നത് ഇസ്രയേല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ വിശദാംശങ്ങള്‍ ഈ പഠനത്തില്‍ അനിവാര്യമല്ല. കാരണം, കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ലോകം അത് നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഇസ്രയേല്‍ അധിനിവേശം ചെയ്ത ഫലസ്ത്വീന്‍ ഭൂഭാഗങ്ങളിലെല്ലാം ഈ അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.32 കോടതിയില്‍ കേസ് എത്തിക്കാതെയുള്ള കൊലകളും, സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കലും നിര്‍ബാധം തുടരുന്നു.33 അധിനിവേശകര്‍ ഭ്രാന്ത് പിടിച്ച പോലെ സിവിലിയന്‍മാരുടെ തലയില്‍ ബോംബെറിയുന്നു. ഹോസ്പിറ്റലുകളും സ്‌കൂളുകളും വരെ തകര്‍ത്തെറിയുന്നു. ലോക യുദ്ധങ്ങളില്‍ വരെ ഇങ്ങനെ ഉണ്ടായിട്ടില്ല. ഒരര്‍ഥത്തില്‍ ഹിരോഷിമ-നാഗസാക്കി ബോംബ് വര്‍ഷത്തെക്കാള്‍ ഭീകരമാണ് ഗസ്സയിലെ സ്ഥിതിവിശേഷം.34 യാതൊരു വിചാരണയുമില്ലാതെ സാധാരണക്കാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി ജയിലിലിടുകയാണ്. അവരില്‍ സ്ത്രീകളും കുട്ടികളും വരെയുണ്ട്.35 ജയിലറകളില്‍ അതിഭീകരമായി അവര്‍ പീഡിപ്പിക്കപ്പെടുന്നു.36 മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാതെയും ഫലസ്ത്വീനികളുടെ വീടുകള്‍ ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ചുനിരത്തുന്നു.37 (എട്ട് വര്‍ഷം 'കോമ'യില്‍ കിടന്ന ശേഷം 2014-ൽ മരിച്ച മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് 'ബുള്‍ഡോസള്‍ ഷാരോണ്‍' എന്ന പേര് വന്നത് വെറുതെയല്ല).38 ഫലസ്ത്വീനികള്‍ക്ക് വെള്ളം വിതരണം ചെയ്യാതെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു.39

ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊലക്ക് ശേഷമാണ് ഇസ്രയേല്‍ നിലവില്‍ വന്നത്. 1948-ല്‍ നിരവധി ഫലസ്ത്വീനിയന്‍ നഗരങ്ങളും ഗ്രാമങ്ങളും ഒഴിപ്പിച്ചത് അവിടങ്ങളിലെ നിവാസികളെ കൊന്നൊടുക്കിക്കൊണ്ടായിരുന്നു. തല്‍ഫലമായി രാജ്യത്തെ പകുതി ജനങ്ങളും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവര്‍ അഭയാര്‍ഥികളായിത്തീർന്നു. ഇതിനെയാണ് അറബിയില്‍ 'നക്ബ' എന്നു പറയുന്നത്.40 കൂട്ടക്കൊലകളുടെ പരമ്പരതന്നെ പിന്നീട് അരങ്ങേറി. 1956-ലെ കഫ്്ര്‍ ഖാസിം41, ഖാന്‍ യൂനുസ് കൂട്ടക്കൊലകള്‍. 1982-ല്‍ ലബനാനിലെ ഫലസ്ത്വീന്‍ അഭയാർഥി ക്യാമ്പായ സ്വബ്‌റാ -ശാത്തീലയിലെ കൂട്ടക്കൊല42, 1994-ലെ ഇബ്റാഹീം മോസ്‌ക് (ഹെബ്രോണ്‍) കൂട്ടക്കൊല 43, 2000-ത്തിന് ശേഷം ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന നിരവധി കൂട്ടക്കൊലകള്‍… പക്ഷേ, 2023-ല്‍ തുടങ്ങിവെച്ചത് മുമ്പുള്ള കൂട്ടക്കൊല റെക്കാര്‍ഡുകളെയൊക്കെ തകര്‍ക്കുന്നതായി.44 ഇതിനു സമാനമായി സമീപകാല ചരിത്രത്തില്‍ മറ്റൊന്നില്ല. മധ്യകാലത്തോ പൗരാണിക കാലത്ത് പോലുമോ ഇത്രക്ക് ബീഭത്സമായ ഒരാക്രമണം നമുക്ക് കണ്ടെത്താന്‍ കഴിയണമെന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും വീണതിനെക്കാള്‍ ബോംബുകള്‍ ഗസ്സയില്‍ വീണുകഴിഞ്ഞു. മിക്ക നഗരങ്ങളും ഇപ്പോള്‍ കല്‍ക്കൂമ്പാരങ്ങള്‍ മാത്രമാണ്. ഹോസ്പിറ്റലുകളും സ്‌കൂളുകളും എന്നു വേണ്ട, യു.എന്‍ റിലീഫ് കേന്ദ്രങ്ങള്‍ വരെ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു.

മുസ് ലിം ലോകവും ഇടതുപക്ഷ പാര്‍ട്ടികളും മാത്രമല്ല ഇസ്രയേല്‍ മാനവതക്കെതിരായ കുറ്റകൃത്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നു പറഞ്ഞിട്ടുള്ളത്. നിരവധി അന്താരാഷ്ട്ര സംഘടനകള്‍ അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.45 ഇസ്രയേലിനകത്തുള്ള കൂട്ടായ്മകള്‍ തന്നെ ഇത് വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്.46 അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇസ്രയേല്‍ രാഷ്ട്രീയ -സൈനിക നേതൃത്വങ്ങള്‍ക്കെതിരെ യുദ്ധ കുറ്റകൃത്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്ഥിരമായി ഹരജികള്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്.47
ഇതൊക്കെ മുന്നില്‍ വെച്ചാല്‍, ഭൂമുഖത്തെ അതിഭീകര രാഷ്ട്രമാണ് ഇസ്രയേല്‍ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവുമോ? ഇറാഖിലും അഫ്ഗാനിലും നേരത്തെ തന്നെ പാശ്ചാത്യ ശക്തികളുടെ തനിനിറം തുറന്നുകാട്ടപ്പെട്ടിരുന്നു. അവരുടെ മുഖം എത്രമാത്രം വികൃതമാണെന്ന് ഇപ്പോള്‍ ഫലസ്ത്വീനികളും തുറന്നുകാണിച്ചുകൊണ്ടിരിക്കുന്നു. ഫലസ്ത്വീനികളുടെ ഈ പോരാട്ടമില്ലായിരുന്നെങ്കില്‍, പാശ്ചാത്യ ശക്തികളുടെ ഇടപെടലുകള്‍ ഒട്ടും സത്യസന്ധമല്ലെന്നും, അന്താരാഷ്ട്ര നിയമങ്ങള്‍ അവര്‍ക്ക് പുല്ലുവിലയാണെന്നും, സ്വന്തം താല്‍പര്യങ്ങളല്ലാതെ മറ്റൊരു ലക്ഷ്യവും അവര്‍ക്കില്ലെന്നും ലോകത്തിന് ഇത്രമേല്‍ ബോധ്യപ്പെടില്ലായിരുന്നു.

കൊളോണിയലിസം, കുടിയേറ്റ കൊളോണിയലിസം

കൊളോണിയലിസത്തിന്റെയും കുടിയേറ്റ കൊളോണിയലിസത്തിന്റെയും ചരിത്രം ആധുനിക പാശ്ചാത്യ സംസ്‌കൃതിയുടെ മുഖത്തെ ഏറ്റവും വികൃതമാക്കുന്ന ഒന്നാണ്. ചരിത്രത്തില്‍ സംഭവിച്ചതിന് 'മാപ്പ്' പറഞ്ഞുകൊണ്ട് ഈ കളങ്കം കഴുകിക്കളയാന്‍ അവര്‍ നോക്കാറുണ്ട്. പക്ഷേ, ഇസ്രയേല്‍ നടത്തുന്ന അധിനിവേശ വ്യാപനത്തിന് സര്‍വ വിധ പിന്തുണയും നല്‍കിക്കൊണ്ട്, തങ്ങളുടെ കൊളോണിയല്‍ ആര്‍ത്തികളൊക്കെ ഇപ്പോഴും സജീവമാണ് എന്ന് തെളിയിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍.
ഇസ്രയേലിന്റെ മുഴുവന്‍ പ്രോജക്ടും ആധുനിക സംജ്ഞയായ 'കുടിയേറ്റ കൊളോണിയലിസം' (Settler Colonialism) എന്ന ഇനത്തില്‍ പെടുന്നതാണ്.48 പുറത്തുനിന്ന് ഒരു വിഭാഗം ആളുകള്‍ വരുന്നു, അവര്‍ തദ്ദേശവാസികളെ കൊന്നൊടുക്കുകയും ശേഷിക്കുന്നവരെ ആട്ടിപ്പുറത്താക്കുകയും ചെയ്യുന്നു, തദ്ദേശവാസികളുടെ ഭൂമി കൈയേറി, അവിടെ അവര്‍ താമസം തുടങ്ങുന്നു-ഇതാണ് കുടിയേറ്റ കൊളോണിയലിസം. പാശ്ചാത്യ ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള കൊളോണിയലിസം നടന്നിട്ടുണ്ട്. വടക്കെ അമേരിക്കയിലും (റെഡ് ഇന്ത്യക്കാരെ കൊന്നൊടുക്കിക്കൊണ്ട്) ലാറ്റിന്‍ അമേരിക്കയിലും ആസ്ത്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ അവര്‍ ഇതുതന്നെയാണ് ചെയ്തത്. കൊളോണിയലിസത്തിന്റെ ഏറ്റവും പരുഷവും ഭീകരവുമായ മുഖമാണിത് (ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും, പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമൊക്കെ ഉണ്ടായിരുന്നത് 'സെറ്റ്‌ലര്‍ കൊളോണിയലിസം' ആയിരുന്നില്ല. ഇവിടങ്ങളിലെ നിവാസികള്‍ പുറത്താക്കപ്പെടുകയുണ്ടായില്ല. ഭരണം പിടിക്കുകയും വിഭവങ്ങള്‍ കൊള്ളയടിച്ച് കൊണ്ടുപോവുകയുമാണ് ചെയ്തത്). തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായ കുടിയേറ്റ കൊളോണിയല്‍ നയങ്ങള്‍ പാശ്ചാത്യ ശക്തികളുടെ പൂര്‍ണ പിന്തുണയോടെ ഇസ്രയേലിന് നടപ്പാക്കാന്‍ കഴിയുന്നു എന്നതില്‍പരം നാണക്കേട് 'പരിഷ്‌കൃത' ലോകത്തിന് വരാനുണ്ടോ!

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജൂതന്മാര്‍ ഫലസ്ത്വീന്റെ വളക്കൂറുള്ള, കണ്ണായ പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ പൂര്‍വികര്‍ താമസിച്ച ഭൂമിയാണിത് എന്നാണ് ആ ജൂതന്മാരോട് പറഞ്ഞിരുന്നത്. ഇന്നത്തെ ഇസ്രയേലില്‍ ബനൂ ഇസ്രാഈലില്‍ പെടുന്ന യഥാര്‍ഥ ജൂതന്മാർ എത്രയുണ്ട്, ഇവരുമായി ബന്ധമില്ലാത്ത ആര്യവംശജരായ വെള്ള ജൂതന്മാര്‍ (ഇവര്‍ പല താല്‍പര്യങ്ങളാല്‍ പല കാലങ്ങളില്‍ ജൂതമതം സ്വീകരിച്ചവരാണ്) എത്രയുണ്ട് - ഇതൊക്കെ അന്വേഷിക്കേണ്ട വിഷയങ്ങളാണ്. ഇന്നത്തെ ഇസ്രയേലില്‍ 'ബനൂ ഇസ്രാഈലി'ല്‍ പെടുന്ന ജൂതന്മാര്‍ വളരെക്കുറവാണെന്ന് ജൂത ചരിത്രകാരന്മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.49 ഒറിജിനല്‍ ബനൂ ഇസ്രാഈലിന്റെ കഥ ഇതാണെങ്കില്‍, ഇപ്പോഴുള്ള ജൂതന്മാര്‍ക്ക് ഒരു മാനദണ്ഡം വെച്ചും ഫലസ്ത്വീന്‍ ഭൂമി അവകാശപ്പെടാന്‍ കഴിയില്ല. ഇബ്‌റാഹീം നബി (അദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് ബനൂ ഇസ്രാഈലും അറബികളുമൊക്കെ) ഇറാഖില്‍നിന്ന് ഫലസ്ത്വീനിലെത്തുന്നു, ‌അവിടെനിന്ന് അദ്ദേഹത്തിന്റെ പൗത്രന്‍ യഅ്ഖൂബ് നബി കുടുംബത്തോടൊപ്പം തന്റെ മകനായ യൂസുഫ് നബി ഈജിപ്ത് ഭരിക്കുന്ന കാലത്ത് അങ്ങോട്ടേക്കെത്തുന്നു, ഇവരുടെ പരമ്പരയാണ് യഥാര്‍ഥ ബനൂ ഇസ്രാഈല്‍. ഈജിപ്തില്‍ ദീര്‍ഘകാലം അടിമകളായി കഴിയേണ്ടിവന്ന ബനൂ ഇസ്രാഈല്‍ പിന്നെ മൂസാ നബിയുടെ കാലത്താണ് ഫലസ്ത്വീനിലേക്ക് മടങ്ങിവരുന്നത്. നാല്‍പത് വര്‍ഷം മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ ശേഷം ഈ സംഘം കിഴക്കന്‍ ജോര്‍ദാനിലെത്തി. അവിടെ വെച്ചാണ് മൂസാ നബി മരിക്കുന്നത്. മൂസാ നബിയുടെ പിന്‍ഗാമി യൂശഉബ്‌നു നൂനിന്റെ നേതൃത്വത്തിലാണ് ജൂതന്മാര്‍ ആദ്യമായി ഫലസ്ത്വീനില്‍ കടക്കുന്നത്. ത്വാലൂത്തിന്റെ കീഴില്‍ യുദ്ധം ജയിച്ച (ബി.സി 1047) ശേഷം, ആ മേഖലയുടെ നിയന്ത്രണം അവർക്ക് കൈവരുന്നു.50 പിന്നീട് ദാവൂദ് നബിയുടെ ഭരണം വരുന്നു. അതിനു ശേഷമാണ് സുലൈമാന്‍ നബിയുടെ മികച്ച ഭരണത്തിന് മേഖല സാക്ഷ്യം വഹിക്കുന്നത്. അദ്ദേഹത്തിനു ശേഷം ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബി.സി 587-ല്‍ ബാബിലോണിയന്‍ യുദ്ധത്തില്‍ നബുക്കദ് നസര്‍ രണ്ടാമന്‍ ജറൂസലം കൊള്ളയടിക്കുകയും ജൂതന്മാരെ ബന്ദികളാക്കുകയും അവരെ ബാബിലോണിലേക്ക് നാട് കടത്തുകയും ചെയ്തു. അങ്ങനെയാണവര്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ചിതറിപ്പോയത്.51 എന്നാല്‍ ഫലസ്ത്വീനികളാവട്ടെ, വ്യതിരിക്തമായ സാംസ്‌കാരിക തനിമയോടെ കഴിഞ്ഞ നാലായിരം വര്‍ഷമായി ഈ ഭൂപ്രദേശത്ത് ജീവിച്ചുകൊണ്ടിരിക്കുന്നവരാണ്.52

ഇങ്ങനെ നോക്കുമ്പോള്‍, ബനൂ ഇസ്രാഈൽ മൂവായിരം വര്‍ഷങ്ങൾക്ക് മുമ്പ് മറ്റൊരു നാട്ടില്‍നിന്ന് ഫലസ്ത്വീനിലേക്ക് വന്നവരാണ്. അവര്‍ ഫലസ്ത്വീനില്‍ താമസിച്ചതും അവിടെ ഭരണം നടത്തിയതും നാനൂറ് വര്‍ഷം മാത്രമാണ്. ഇതു വെച്ചാണ് ജൂതന്മാര്‍ അവകാശവാദം ഉന്നയിക്കുന്നതെങ്കില്‍, ഇന്ത്യയിലേക്ക് 'തിരിച്ചുവരാനുള്ള അവകാശം' തങ്ങള്‍ക്ക് ഉണ്ട് എന്ന് ബ്രിട്ടന്‍ അവകാശവാദം ഉന്നയിക്കുന്ന കാലം വിദൂരമായിരിക്കില്ല. സമീപകാല ചരിത്രത്തില്‍തന്നെ ബ്രിട്ടീഷുകാര്‍ ഒരുപാട് കാലം ഇവിടെ ഇന്ത്യയില്‍ താമസിക്കുകയും ഈ നാട് കോളനിയാക്കുകയും ചെയ്തതാണല്ലോ. ഫ്രാന്‍സിനും ഇറ്റലിക്കും ഹോളണ്ടിനും പോര്‍ച്ചുഗലിനും സ്‌പെയിനിനും റഷ്യക്കുമൊക്കെ ഇമ്മട്ടില്‍ തങ്ങളുടെ പൂര്‍വകാല കോളനിനാടുകള്‍ക്ക് മേല്‍ ഈ 'തിരിച്ചുവരവവകാശം' ഉന്നയിക്കാവുന്നതേയുള്ളൂ. ജൂതന്മാര്‍ക്ക് ഫലസ്ത്വീന്‍ അവകാശപ്പെടാമെങ്കില്‍ അറബികള്‍ക്ക് സ്‌പെയിനും അവകാശപ്പെട്ടുകൂടേ?

ഇങ്ങനെ സഹസ്രാബ്ദങ്ങളായി ഫലസ്ത്വീനില്‍ താമസിച്ചുപോരുന്ന ഒരു ജനവിഭാഗത്തെ ആട്ടിയോടിച്ച ശേഷമാണ് ഇസ്രയേല്‍ നിലവില്‍ വന്നിരിക്കുന്നത്. എത്ര മൂല്യ ശുഷ്‌കമാണ് അതിന്റെ അടിത്തറ! രൂപവത്കരിക്കപ്പെട്ട ഉടനെത്തന്നെ ഫലസ്ത്വീന്‍ ജനതയില്‍ പകുതിയും ആട്ടിയോടിക്കപ്പെട്ടു. അവര്‍ ജോര്‍ദാനിലും സിറിയയിലും ഈജിപ്തിലുമൊക്കെയായി അഭയാര്‍ഥികളായി കഴിയുകയാണ്. ഇസ്രയേല്‍ നിലവില്‍ വന്ന ശേഷവും സെറ്റ്‌ലര്‍ കൊളോണിയലിസത്തിന് അവസാനമായില്ല. കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷമായി ഇസ്രയേല്‍ അതിന്റെ അതിര്‍ത്തികള്‍ വികസിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. യു.എൻ പ്രമേയങ്ങൾ ഇസ്രയേലിന് പുല്ലു വിലയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്താറുമില്ല.53 ജൂത കുടിയേറ്റ ജനതയെക്കാള്‍ ഇരട്ടിയുണ്ട് ഫലസ്ത്വീനികളുടെ എണ്ണം. അവരില്‍ പകുതിയും മറ്റു നാടുകളിലാണ്. അധിനിവിഷ്ട പ്രദേശങ്ങള്‍ക്കകത്തും ജൂത ജനസംഖ്യയെക്കാള്‍ കൂടുതലുണ്ട് ഫലസ്ത്വീനികളുടെ എണ്ണം. അവിടെ രണ്ട് ചെറിയ മേഖലകളിലേക്കാക്കി (ഗസ്സ, വെസ്റ്റ് ബാങ്ക്) അവരെ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്. ഇതില്‍ വെസ്റ്റ് ബാങ്ക് തന്നെ പരസ്പര ബന്ധമില്ലാത്ത ചെറിയ മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ഒരു ഫലസ്ത്വീനി ഗ്രാമത്തിന്റെ നാല് ഭാഗവും ജൂത കുടിയേറ്റ പ്രദേശങ്ങളായിരിക്കും. വെസ്റ്റ് ബാങ്കിലെ ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് പോകാന്‍ വിവരണാതീതമായ കടമ്പകള്‍ കടക്കേണ്ടിവരും.54 ഈ വെട്ടിമുറിക്കലിനെ എ,ബി,സി സോണുകള്‍ എന്ന് പേരിട്ട് ഓസ് ലോ കരാര്‍ അംഗീകരിച്ചിട്ടുണ്ട്.55 പക്ഷേ, ഇവിടം കൊണ്ടൊന്നും ഇസ്രയേല്‍ അതിക്രമം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ഓസ് ലോ കരാര്‍ ഫലസ്ത്വീനികളുടേതെന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിലും അവര്‍ ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.56 ബൈത്തുല്‍ മഖ്ദിസ് സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ജറൂസലമിലാണ് സെറ്റില്‍മെന്റ് നിര്‍മാണം ഏറ്റവും തകൃതിയായി നടക്കുന്നത്.

സെറ്റില്‍മെന്റ് വ്യാപനംകൊണ്ട് ഇസ്രയേല്‍ എന്താണ് ഉദ്ദേശിക്കുന്നത്? അതിന്റെ മുഴുവന്‍ വാദമുഖങ്ങളും എന്താണ്? ഇതൊന്നും ഔദ്യോഗികമായി കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ, 'ഗ്രേറ്റര്‍ ഇസ്രയേല്‍' (Ertz Yisrael) എന്ന സ്വപ്‌നം ഇസ്രയേലിലെ രാഷ്ട്രീയ, മത, അക്കാദമിക വൃത്തങ്ങളില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്താണ് വിശാല ഇസ്രയേല്‍ (Greater Israel)? ഈ ആശയവും കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. ഇതിന്റെ ഏറ്റവും ചുരുങ്ങിയ, ചെറിയ വ്യാഖ്യാനം ഇങ്ങനെയാണ്: മെഡിറ്ററേനിയന്‍ കടല്‍ മുതല്‍ ജോര്‍ദാന്‍ നദി വരെ (From River to Sea) വ്യാപ്തിയുള്ള ഭൂപ്രദേശം. അതായത്, ചരിത്രപരമായി മുഴുവന്‍ ഫലസ്ത്വീനിയന്‍ ഭൂമിയും. ഇപ്പോഴുള്ള ഇസ്രയേല്‍, വെസ്റ്റ് ബാങ്ക്, ഗസ്സ, ജറൂസലം എല്ലാം ഉള്‍പ്പെടുന്നത്.57 ഇത് ബൈബിളില്‍ പറഞ്ഞ 'ദാന്‍ മുതൽ ബേര്‍ഷെവ' (From Dan to Be'er Sheva) വരെയുള്ള പ്രദേശമാണ്.58 ക്രമപ്രകാരം നിലവിലുള്ള ഇസ്രയേലിലെ ഏറ്റവും വടക്കും തെക്കും ഉള്ള നഗരങ്ങളാണിത്. ഫലസ്ത്വീനികള്‍ക്ക് ഇപ്പോള്‍ പരിമിത നിയന്ത്രണമുള്ള ആ ചെറിയ പ്രദേശങ്ങളില്‍നിന്ന് പോലും അവരെ പുറത്താക്കി ഫലസ്ത്വീന്‍ മുഴുവനായി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നു എന്നാണതിന്റെ അര്‍ഥം. വിശാല ഇസ്രയേലിന്റെ മറ്റൊരു ആഖ്യാനം, ഇപ്പോള്‍ പറഞ്ഞ പൗരാണിക ഫലസ്ത്വീന്‍ ഭൂപ്രദേശത്തിനൊപ്പം ജോര്‍ദാന്റെ ചില ഭാഗങ്ങളും സീനായ് ഉപദ്വീപും സിറിയയിലെ ഗോലാന്‍ കുന്നുകളും ചേര്‍ന്ന ഭൂവിഭാഗമാണെന്നാണ്.59 ഈ പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചടക്കുകയോ പിടിച്ചടക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നുണ്ട്. വിശാല ഇസ്രയേലിന്റെ മൂന്നാമത്തെ വ്യാഖ്യാനം ഇങ്ങനെയാണ്: നൈല്‍ മുതല്‍ യൂഫ്രട്ടീസ് വരെ വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശം. ഈ ആശയത്തിനാണ് കൂടുതല്‍ ജനകീയത. ബൈബിളില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും വാദമുണ്ട്.60 അതു പ്രകാരം ഫലസ്ത്വീന്‍, ജോര്‍ദാന്‍, ലബനാന്‍ എന്നീ രാജ്യങ്ങള്‍ മുഴുവനായി, സിറിയയുടെ മിക്ക ഭാഗങ്ങളും, സീനായ് ഉപദ്വീപ്, ഈജിപ്തിലെ കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരപ്രദേശം, ഇറാഖിന്റെ പകുതിയിലധികം ഭാഗം (ബസ്വറയും നജ്ഫും കര്‍ബലയും ഉള്‍പ്പെടെ), തുര്‍ക്കിയയുടെ ഒരു ഭാഗം, മദീന ഉള്‍പ്പെടെ സുഊദി അറേബ്യയുടെ വലിയൊരു ഭാഗം ഗ്രേറ്റര്‍ ഇസ്രയേലിന്റെ പരിധിയില്‍ വരും. സയണിസത്തിന്റെ ആദ്യകാല വക്താക്കള്‍ക്ക് തുടക്കത്തില്‍ ഈ ആശയമാണ് ഉണ്ടായിരുന്നത്.61 യാസിര്‍ അറഫാത്തിന്റെ അഭിപ്രായത്തില്‍, ഇസ്രയേല്‍ പതാകയില്‍ കാണുന്ന രണ്ട് നീല വരകള്‍ നൈല്‍, യൂഫ്രട്ടീസ് നദികളെയാണ് പ്രതിനിധാനം ചെയ്യുന്നത്.62 നൂറിന്റെ ഇസ്രയേലി ഷെകല്‍ കറന്‍സിയില്‍ കാണുന്ന വരയും ഇതുതന്നെ.63 ഇസ്രയേലിന്റെ രാജ്യരക്ഷാ മന്ത്രിയായിരുന്ന മോഷെ ദയാന്‍ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്: ''ഇപ്പോള്‍ നാം ജറൂസലം പിടിച്ചടക്കി. ഇനി നാം മദീനക്കും ബാബിലോണിനും നേരെ നീങ്ങുകയാണ്.''

ഇതൊന്നും കേവലം വൈകാരിക പ്രസംഗങ്ങളോ പ്രത്യയശാസ്ത്ര ഭാവനകളോ അല്ല; ഇസ്രയേല്‍ ജന്മമെടുത്തത് മുതല്‍ ഈ വിപുലന പരിപാടികള്‍ ഒട്ടും സജീവത കുറയാതെ അത് നടത്തിപ്പോന്നിട്ടുണ്ട്. ഓരോ വര്‍ഷവും ഇസ്രയേലിന്റെ നിയന്ത്രണത്തില്‍ വരുന്ന സെറ്റില്‍മെന്റ് പ്രദേശങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്.65 അതിന്റെ പേരില്‍ ലോകം മുഴുക്കെ ഇസ്രയേല്‍ പഴികേള്‍ക്കുന്നുമുണ്ട്. യുദ്ധങ്ങള്‍ നടത്തിയാണെങ്കിലും, അവിടത്തെ ജനങ്ങളെ വലിയ അപകടങ്ങളിലേക്ക് തള്ളിവിട്ടാണെങ്കിലും കുടിയേറ്റ വിപുലന പരിപാടികള്‍ നിര്‍ബാധം തുടരുകയാണ്. ഈയൊരു മനോഭാവം കാരണമാണ്, മേല്‍ പറഞ്ഞ ഭാവനകളെല്ലാം ഇസ്രയേല്‍ വളരെ രഹസ്യമായി പ്രയോഗിക്കാന്‍ ശ്രമിക്കുന്ന പദ്ധതികളാണെന്ന് ലോകം കരുതുന്നത്. l
(തുടരും)

കുറിപ്പുകള്‍
[32] ഇസ്രയേലിലെ അതിഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് കാണുക: Amnesty International, The State of The World's Human Rights: Amnesty International Report 2022-23; pages 206-211.
[33] https://www.btselem.org/firearms/20220310_extrajudicial_killing_of_3_nabulus_residents_in_broad_daylight.
[34] https://euromedmonitor.org/en/article/5908/Israel-hits-Gaza-Strip-with-the-equivalent-of-two-nuclear-bombs.
[35] https://www.btselem.org/administrative_detention.
[36] Israel/OPT: Horrifying cases of torture and degrading treatment of Palestinian detainees amid spike in arbitrary arrests – Amnesty International.
[37] House Demolition Database. https://statistics.btselem.org/en/ demolitions/pretext-unlawful-construction?structureSensor=%5B%22residential%22,%22non-residential%22%5D‘tab=overview'stateSensor=%22west-bank%22‘demoScopeSensor=%22false%22
[38] https://a;kazeera.com/features/2014/1/11/the-leagcy-of-ariel the-bulldozer-sharon.
[39] Parched Israel‘s policy of water deprivation in the West Bank B‘Tselem report, April 2023; https://www.btselem.org/sites/default/files/publications/202305_parched_eng.pdf retrieved on 15-11-2023.
[40] Salman Abu Sitta (2000): The Palestinian Nakba 1948: The Register of Depopulated Localities in Palestine. London: The Palestinian Return House, OneWorld London.
[41] Samia Halaby (2016): Drawing the Kafr Qasem Massacre.Schilt; Amsterdam.
[42] Bayan Nuwayhed Al-Hout (2004): Sabra and Shatila: September 1982; Pluto Press, London.
[43] https://www.nytimes.com/1994/03/16/world/that-day-hebron-special-report-soldier-fired-crowd-survivors-massacre-say.html?pagewanted=all
[44} ഗസ്സ തകര്‍ക്കപ്പെട്ടതിനെക്കുറിച്ച വിശദ റിപ്പോര്‍ട്ട് https://reliefweb.int/report/occupied-palestinian-territory/hostilities-gaza-strip-and-israel-flash-update-44
[45] Criminal Justice Ser Saada Adem (2019): Palestine and the International Criminal Court; T.M.C. Asser Press, Germany.
[46] B.salem-ന്റെ മേല്‍ കൊടുത്ത വിവിധ റിപ്പോര്‍ട്ടുകള്‍ കാണുക.
[47] https://www.theguardian.com/law/2019/dec/20/icc-to-investigate-alleged-israeli-and-palestinian-war-crimes retrieved on 17-11-2023.
[48] Edward Cavanagh, Lorenzo Veracini (2016): ‘‘Introduction’’. The Routledge Handbook of the History of Settler Colonialism. Taylor Francis, P. 29.
[49] Shlomo Sand(2020): The Invention of the Jewish People;Verso Books, London.
[50] Karel Van der Toorn (1993): ''Saul and the rise of Israelite state religion.'' Vetus Testamentum. XLIII (4): 519–542.
See this mention in the Bible 1 Samuel 10: 17-24.
[51] John Allegro (2015): The Chosen People: A study of Jewish History From the Time of the Exile until the Revolt of Bar Kocheba; Andrews; London.
[52] Nur Masalha (2018): Palestine: A Four Thousand Year History, Zed Books.
[53] United Nation (2008): The Question of Palestine and United Nations; United Nations Organization, New York.
[54] https://www.btselem.org/sites/default/files/publications/202101_this_is_apartheid_eng.pdf
[55] The Oslo Accords 1993–2013: A Critical Assessment (2013), (Edited Compilation); American University in Cairo Press; Cairo.
[56] https://press.un.org/en/2023/sc15424.doc.htm
[57] Ilan Pappe (2017): Ten Myths About Israel; Verso, London, pp. 92-100.
[58] Bible; Judges 20: 1, Samuel 3: 20; 3: 10. 17: 11.
[59] https://www.frontiersin.org/articles/10.3389/fpos.2022.963682/full
[60] Genesis 15: 18, Deuteronomy 11: 24
[61] ഉദാഹരണത്തിന് കാണുക: സയണിസ്റ്റ് പ്രസ്ഥാന സ്ഥാപകൻ തിയോഡർ ഹെർസലിന്റെ ഡയറി. Raphael Patai: The Complete Diaries of Theodor Herzl, Vol. II, Herzl Press, New York, Page 711.
[62] https://web.archive.org/web/ 2001/1015064546/http://www.geocities.com/Heartland/9766/arafat.htm
[63] Gwyn Rowley(1989): “Developing Perspectives upon the Areal Extent of Israel: An Outline Evaluation; Geo Journal 1989-09: Vol. 19, Iss 2.

ഇസ്്ലാം, ആദര്‍ശത്തിന്റെ കരുത്തും സമൂഹത്തിന്റെ ശാക്തീകരണവും-3

ഒരു ആദര്‍ശ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട രണ്ടാമത്തെ ഗുണമാണ് സമവായം (ഇത്തിഫാഖ്/ Consensus). അതായത്, ആദര്‍ശത്തെയും പ്രത്യയശാസ്ത്രത്തെയും സംബന്ധിച്ച് ആ സമൂഹത്തില്‍ പൂര്‍ണമായ ഒത്തൊരുമയും സമവായവും ഉണ്ടായിരിക്കണം. അടിസ്ഥാന കാര്യങ്ങളില്‍ ഒരു ഭിന്നതയും ഉണ്ടാവാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആന്‍ എവിടെയൊക്കെ ഐക്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ അവിടെയെല്ലാം അതിനെ ഇസ് ലാമിക ആദര്‍ശവുമായി ബന്ധിപ്പിച്ചാണ് പറഞ്ഞിരിക്കുന്നത്. സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങളുമായോ അത് നേരിടുന്ന പൊതു വെല്ലുവിളികളുമായോ അല്ല ഐക്യത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. ''നിങ്ങള്‍ ഒറ്റക്കെട്ടായി അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുവിന്‍. ഭിന്നിച്ചുപോകരുത്. അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ ഓര്‍ക്കുക. നിങ്ങള്‍ ബദ്ധവൈരികളായിരുന്നല്ലോ; അവൻ നിങ്ങളുടെ ഹൃദയങ്ങളെ ഇണക്കിയില്ലേ. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരന്മാരായിത്തീരുകയും ചെയ്തു'' (ആലു ഇംറാന്‍ 103). ഇവിടെ 'അല്ലാഹുവിന്റെ പാശം' എന്നാല്‍ ഖുര്‍ആനാണ്. നിങ്ങള്‍ ഒന്നിക്കേണ്ടത് ഖുര്‍ആനിന്റെ അടിസ്ഥാനത്തിലാവണം എന്നര്‍ഥം. ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മറ്റൊരു സന്ദര്‍ഭം കാണുക: ''നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്ക് അയച്ചിട്ടുള്ളതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് അനുശാസിച്ചിരുന്നതുമായ അതേ ദീന്‍ തന്നെയാണ് നിങ്ങള്‍ക്ക് നിയമമാക്കിത്തന്നിരിക്കുന്നത്. ഈ ദീനിനെ നിലനിര്‍ത്തുവിന്‍; അതില്‍ നിങ്ങള്‍ ഭിന്നിക്കരുത്'' (അശ്ശൂറാ 13). ഐക്യമുണ്ടാകേണ്ടത് ദീന്‍ കാര്യത്തിലും ദീന്‍ നിലനിര്‍ത്തുന്ന കാര്യത്തിലുമാണെന്നര്‍ഥം.

ഇന്ത്യന്‍ മുസ് ലിംകളെ സംബന്ധിച്ചേടത്തോളം അവരുടെ മുന്നില്‍ ധാരാളം സാമൂഹിക പ്രശ്‌നങ്ങളും ലക്ഷ്യങ്ങളുമാണ്. സമുദായത്തിന്റെ പ്രതിരോധവും സംരക്ഷണവും, ഭൗതിക പുരോഗതിയും ക്ഷേമവും തുടങ്ങിയവ അവരുടെ ഉപലക്ഷ്യങ്ങളല്ലെന്ന് മാത്രമല്ല, മുഖ്യ ലക്ഷ്യങ്ങള്‍ കൂടിയാണ്. ഒരു പൊതു സ്വപ്‌നം അവര്‍ പങ്കുവെക്കുന്നില്ല. ഇതു തന്നെയാണ് അവരുടെ ഏറ്റവും വലിയ ന്യൂനതയും. അവര്‍ ദീനിനോട് ചേര്‍ന്നുനില്‍ക്കുന്നുണ്ടെങ്കിലും ആ ആദര്‍ശം അവരുടെ ജീവിത ലക്ഷ്യമോ അതിന്റെ പ്രയോഗവത്കരണം അവരുടെ ജീവിതാഭിലാഷമോ ആകുന്നില്ല. ആദര്‍ശത്തില്‍ ഒത്തൊരുമയില്ലാത്ത പക്ഷം ഒരു വിഭാഗത്തിനും ഗണ്യമായ ശക്തിയായിത്തീരാന്‍ സാധിക്കുകയില്ല.

ആശയവിനിമയം

ആശയവിനിമയം(Communication / ഇബ് ലാഗ്) ആണ് ആദര്‍ശ സമൂഹത്തിന്റെ മൂന്നാമത്തെ ഗുണം. ഇതിന് രണ്ട് തലമുണ്ട്. ഒന്ന്, മൃദു (Soft) എന്ന് വിളിക്കാവുന്ന ധൈഷണിക തലമാണ്. അതായത്, ജനങ്ങള്‍ക്ക് ബോധ്യമാകുന്ന വിധം അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ഈ ആദര്‍ശത്തെ അവതരിപ്പിക്കുക. ആനുകാലിക പ്രശ്‌നങ്ങളുമായും നടന്നുകൊണ്ടിരിക്കുന്ന ഡിബേറ്റുകളുമായും അതിനെ ബന്ധിപ്പിക്കണം. ചര്‍ച്ചകളിലെ അവതരണവും തെളിവ് നിരത്തലുമെല്ലാം പ്രബോധിത സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടാവണം. അങ്ങനെ ജനത്തെ സ്വാധീനിക്കുന്ന ഒരു ആഖ്യാനം (narrative) ഉണ്ടാക്കിയെടുക്കാനാവണം. അതിനെ അവലംബിച്ച് ശക്തമായ ഒരു വ്യവഹാരം (discourse) വളര്‍ത്തിയെടുക്കാനുമാവണം.

Senior Indian Man Reading Newspaper Outdoors

ഈ മേഖലകളിലെല്ലാം ഇന്ത്യന്‍ മുസ് ലിംകള്‍ ഇപ്പോഴും വളരെ പിന്നിലാണ്. ഇന്ത്യന്‍ സമൂഹത്തെയോ അവരുടെ സാമൂഹിക മനസ്സിനെയോ ഒരു പ്രബോധന/ദഅ്‌വത്തീ പരിപ്രേക്ഷ്യത്തില്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ അപൂര്‍വമായേ ഉണ്ടാകുന്നുള്ളൂ. നമുക്കിപ്പോഴുമുള്ളത് രണ്ടു തരം ശൈലികളാണ്. ഒന്ന്, മുസ് ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുള്ള പരമ്പരാഗത ശൈലി. രണ്ട്, ആധുനികതയെ നേരിടാന്‍ നമ്മുടെ കാലത്തെ മുസ് ലിം ചിന്തകന്മാര്‍ വികസിപ്പിച്ചെടുത്ത ശൈലി.1 ഈ രണ്ട് ശൈലികള്‍ക്കും അതിന്റേതായ പ്രസക്തിയും മേന്മയും ഇന്നുമുണ്ട്. പക്ഷേ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍മ നസ്സിനെ പഠിക്കേണ്ടതും വളരെ അനിവാര്യമാണല്ലോ. അത്തരം ശ്രമങ്ങള്‍ വളരെക്കുറച്ചേ ഉണ്ടാവുന്നുള്ളൂ.

ഖുര്‍ആന്റെ അവതരണങ്ങള്‍ നോക്കുക. എല്ലാം തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള അവതരണങ്ങളാണ്. അഭിസംബോധിതര്‍ മാറുന്നതിനനുസരിച്ച് തെളിവുകളും മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍, പ്രപഞ്ചത്തിലും സ്വന്തം ശരീരത്തിലും ദൈവാസ്തിക്യത്തിന്റെ തെളിവുകൾ പരതൂ എന്നായിരിക്കും ഖുർആന്റെ ആഹ്വാനം. ചിലപ്പോൾ ചരിത്രത്തില്‍നിന്നും ചരിത്ര സ്മാരകങ്ങളില്‍നിന്നുമായിരിക്കും ഖുര്‍ആന്‍ തെളിവുകള്‍ കണ്ടെത്തുന്നത്. മക്കയിലെ ഖുറൈശികളെയാണ് അഭിസംബോധന ചെയ്യുന്നതെങ്കില്‍, അവര്‍ നിത്യേന കടന്നുപോകുന്ന ചരിത്ര സ്മാരകങ്ങളെ ചൂണ്ടിയാവും അവരോട് സംസാരിക്കുക. അഭിസംബോധന വേദക്കാരോടാവുമ്പോള്‍, ഇസ്രായേല്‍ സന്തതികളെയും അവരില്‍ വന്ന പ്രവാചകന്മാരെയും പുണ്യപുരുഷന്മാരെയുമൊക്കെയാണ് ഖുര്‍ആന്‍ എടുത്തുകാണിക്കുക. അതായത്, ഒരേ ആശയം തന്നെ സമര്‍പ്പിക്കുമ്പോള്‍, അഭിസംബോധിതരുടെ മാറ്റത്തിനനുസരിച്ച് തെളിവുകളും വ്യത്യസ്തമാകും എന്നത് ഖുര്‍ആനിന്റെ ശൈലിയാണ്. 'തസ്വ്്രീഫുല്‍ ആയാത്ത്' എന്നാണ് ഖുര്‍ആന്‍ ഈ ശൈലിക്ക് നല്‍കുന്ന പേര്. ''ഇങ്ങനെ വിവിധ രൂപത്തില്‍ നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയാകുന്നു. നീ ആരില്‍നിന്നോ പഠിച്ചുവന്നിരിക്കുന്നു എന്ന് അവര്‍ പറയുന്നതിനും, ജ്ഞാനമുള്ള ജനത്തിന് യാഥാര്‍ഥ്യം തെളിയിച്ചുകൊടുക്കുന്നതിനും വേണ്ടിയാകുന്നു ഇങ്ങനെ ചെയ്യുന്നത്'' (അല്‍ അന്‍ആം 105).

Bhopal, Madhya Pradesh, India - March 2019:An elderly muslim man dressed in a white kurta and a skullcap walking past an old, dilapidated heritage building in the city of Bhopal.

'നാം മനുഷ്യര്‍ക്ക് സന്ദേശം നല്‍കുന്നതിനായി അയച്ച ഏത് ദൈവദൂതനും സ്വജനത്തിന്റെ ഭാഷയില്‍ തന്നെയാണ് അവരോട് സംസാരിച്ചിട്ടുള്ളത്; അദ്ദേഹം അവരെ കാര്യങ്ങള്‍ സുവ്യക്തമായി ഗ്രഹിപ്പിക്കേണ്ടതിന്' എന്നും ഖുര്‍ആന്‍ (ഇബ്‌റാഹീം 4) പറയുന്നുണ്ട്. 'ജനങ്ങളുടെ ഭാഷ' എന്ന് പറഞ്ഞാല്‍ അറബി, ഹീബ്രു, പാര്‍സി പോലുള്ള ഏത് ഭാഷയും. പക്ഷേ, ഭാഷ എന്നു പറയുമ്പോള്‍ അതില്‍ സാങ്കേതിക ശബ്ദങ്ങള്‍, വാക്കുകള്‍, മിത്തുകള്‍, രൂപകാലങ്കാരങ്ങള്‍, ശൈലികള്‍ ഇതെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഭാഷ എന്ന് പറയുമ്പോള്‍ ഖുര്‍ആന്‍ ഇതെല്ലാം ഉദ്ദേശിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഖുര്‍ആന്റെ ഭാഷ മനസ്സിലാക്കാനുള്ള ഏറ്റവും പ്രധാന സ്രോതസ്സ് ഖുര്‍ആന്‍ അവതരിച്ച കാലത്തെ ജാഹിലീ സാഹിത്യമാണെന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്.2

പറഞ്ഞുവരുന്നത് ഇതാണ്: നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഭാഷകളില്‍ ആശയവിനിമയം നടത്താനുള്ള ശേഷി മുസ് ലിംകള്‍ക്ക് ഉണ്ടാവണം. ഇക്കാലത്തെ അവതരണ രീതികളെക്കുറിച്ച് അവര്‍ക്ക് ആഴത്തില്‍ അവബോധമുണ്ടാവണം. നമ്മുടെ കാലത്ത് പലതരം 'ഭാഷകള്‍' ഉണ്ട്. അക്കാദമിക, വൈജ്ഞാനിക ഭാഷയാണ് അതിലൊന്ന്. മറ്റൊന്ന് ശാസ്ത്രഭാഷയാണ്. ശാസ്ത്രഭാഷയില്‍ തന്നെ ശുദ്ധ ശാസ്ത്രത്തിന് ഒരു ശൈലിയുണ്ട്. സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ മറ്റു ശൈലികളാണ്. ഇനി ഓരോരുത്തരും നടത്തുന്ന യുക്തിവിചാരം നോക്കൂ. ഓരോരുത്തര്‍ക്കും അവരുടേതായ അവതരണ ശൈലിയും സാങ്കേതിക ശബ്ദങ്ങളും ഉണ്ട്. ഇനി സാഹിത്യ ഭാഷയാണെങ്കില്‍ അത് മറ്റൊരു തരത്തിലാണ്. പത്ര/മാധ്യമ ഭാഷ എന്ന മറ്റൊന്നുണ്ട്. രാഷ്ട്രീയ വിശദീകരണങ്ങള്‍ നടത്തുന്ന, വൈകാരിക ആഹ്വാനങ്ങള്‍ നടത്തുന്ന, മുദ്രാവാക്യങ്ങള്‍ നിര്‍മിക്കുന്ന സാധാരണക്കാരുടെതായ ഒരു 'പ്രസംഗ' ഭാഷയും ഉണ്ട്. ഒരു ആദര്‍ശ സമൂഹത്തിന് ഭാഷക്കകത്തെ ഈ ഭാഷാ വൈവിധ്യങ്ങളെക്കുറിച്ചെല്ലാം നല്ല അവബോധം വേണം. അവയോരോന്നും വേണ്ടിടത്ത് പ്രയോഗിക്കാനാവുമ്പോള്‍ മാത്രമാണ് ആ ഗ്രൂപ്പിന് ശക്തി കൈവരിക.

പുതിയ കാലത്തെ ആശയ പ്രചാരണ രീതികള്‍ രണ്ടു തരത്തിലാണ്. മനുഷ്യന്റെ ചിന്തയോടും ബുദ്ധിയോടും സംവദിക്കുകയാണ് ഒന്നാമത്തെ രീതി. തെളിവുകള്‍ നിരത്തിയും വ്യവകലന-അനുമാന യുക്തിയിലൂടെയുമാണ് ആശയ സമര്‍പ്പണം. യുക്തിയുടെ ചിന്താ മാതൃക (Rational world paradigm) എന്നാണിതിനെ വിളിക്കുന്നത്. കഥാവതരണങ്ങളിലൂടെയും മറ്റും മനുഷ്യന്റെ വൈകാരിക തലങ്ങളെ അഭിസംബോധന ചെയ്യുകയാണ് രണ്ടാമത്തെ രീതി. ഇതിനെ narrative paradigm എന്നാണ് വിളിക്കുന്നത്. ഈ രണ്ടു തരത്തിലുള്ള അഭിസംബോധനാ രീതികളും വേണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ''നബിയേ, യുക്തിപൂർണമായും സുന്ദരമായ സദുപദേശം നല്‍കിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. നല്ല രീതിയില്‍ ജനങ്ങളോട് സംവദിക്കുക'' (അന്നഹ് ല്‍ 125). ഇതില്‍ 'സുന്ദരമായ സദുപദേശം' എന്താണെന്ന് മൗലാനാ മൗദൂദി വ്യാഖ്യാനിക്കുന്നത് കാണുക:

''സംബോധിതരെ തെളിവുകള്‍ നിരത്തി സമാധാനിപ്പിക്കുന്നതില്‍ പരിമിതമാക്കാതെ അവരുടെ വികാരങ്ങളെക്കൂടി തട്ടിയുണര്‍ത്തേണ്ടതുണ്ട്. തിന്മകളും ദുര്‍വൃത്തികളും ബുദ്ധിപരമായ സമീപനത്തിലൂടെ മാത്രം ഉന്മൂലനം ചെയ്യാന്‍ സാധ്യമല്ല. മറിച്ച്, അതോടൊപ്പം അവയോട് മനുഷ്യന്നുള്ള നൈസര്‍ഗികമായ വെറുപ്പിന്റെ വികാരവും കൂടി ഉജ്ജീവിപ്പിക്കുകയും അവയുടെ പരിണാമത്തെക്കുറിച്ച് ഭീതി ജനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതേപോലെ, നേര്‍മാര്‍ഗത്തിന്റെയും സദ് വൃത്തികളുടെയും ഗുണം ബുദ്ധിപരമായി സ്ഥാപിച്ചാല്‍ മാത്രം പോരാ, അവയോട് ആഭിമുഖ്യവും ആഗ്രഹവും ജനിപ്പിക്കുകയും കൂടി വേണം.'' ഈ വൈകാരിക അഭിസംബോധനയെയാണ് നാം 'നരേറ്റീവ് പാരഡൈം' എന്നു പറഞ്ഞത്.

നമ്മുടെ കാലത്ത് ഡിബേറ്റുകളുടെയും ചര്‍ച്ചകളുടെയും ദിശ നിശ്ചയിക്കാനാവുക എന്നത് ഏറ്റവും മികച്ചൊരു കല തന്നെയാണ്. മനുഷ്യരുടെ ശ്രദ്ധ വഴിതെറ്റിച്ചു വിടാന്‍ പലതരം കുതന്ത്രങ്ങളും പയറ്റുന്ന കാലമാണിത്. നമ്മള്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളിലേക്ക് ജനശ്രദ്ധ എങ്ങനെ കൊണ്ടുവരാം? എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന ചിന്താപ്രതലം (acceptable spectrum) രൂപപ്പെടുത്തി ചിന്തകളെയും ആശയങ്ങളെയും അതില്‍ എങ്ങനെ തളച്ചിടാം? ആളുകളെ തങ്ങളുദ്ദേശിക്കുന്ന ദിശയിലേക്ക് കൊണ്ടുവരാന്‍ സംഭവങ്ങളെ ഏത് രൂപത്തില്‍ വിശകലനം ചെയ്യണം? ഇതൊക്കെയും കലാപരമായ മിടുക്കായി കാണുന്ന കാലമാണ്.

അതുകൊണ്ടുതന്നെ നമ്മുടെ പോരാട്ടം ജാഹിലിയ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളോട് ആകുന്നതിന് പകരം അത് ഉല്‍പാദിപ്പിക്കുന്ന കള്ളപ്രചാരണ തന്ത്രങ്ങളോട്/ പ്രോപഗണ്ടയോട് ആയി മാറിയിരിക്കുന്നു. ഇതെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടെങ്കിലേ ശാസ്ത്രീയമായ ആവിഷ്‌കാര രീതികള്‍ പരിചയപ്പെടുത്താന്‍ നമുക്ക് കഴിയൂ.

ആശയപ്രചാരണത്തിന്റെ രണ്ടാമത്തെ തലം മീഡിയ/മാധ്യമങ്ങള്‍ ആണ്. ഞാനെഴുതിയ മറ്റൊരു ലേഖനത്തില്‍നിന്നുള്ള ഭാഗം ഇവിടെ എടുത്ത് ചേര്‍ക്കുകയാണ്: ''ഏതൊരു സമൂഹത്തിലും മീഡിയയുടെ സ്വാധീനം വര്‍ധിക്കുന്നതിനനുസരിച്ച്, സംഭവങ്ങളെ യഥാര്‍ഥ രീതിയില്‍ (real perspective) മനസ്സിലാക്കാനുള്ള കഴിവ് ആ സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അപ്പോള്‍ വ്യക്തിയുടെ അഭിപ്രായങ്ങള്‍ രൂപപ്പെടുക അയാളുടെ ബോധ്യങ്ങള്‍ക്കനുസരിച്ചായിരിക്കില്ല; ഒരു പുറം ശക്തിയായിരിക്കും അവയെ രൂപപ്പെടുത്തുക. സംഭവങ്ങളെ എങ്ങനെ കാണണമെന്ന് മീഡിയ ഇഛിക്കുന്നുവോ ആ വിധത്തിലേ ഏതൊരാളും സംഭവങ്ങളെ കാണുകയുള്ളൂ. വ്യക്തിക്ക് പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യമുണ്ടല്ലോ എന്നൊക്കെ നമുക്ക് പറയാമെങ്കിലും, ഒരു ബാഹ്യശക്തിക്ക് അടിമപ്പെട്ട നിലയിലായിരിക്കും അയാള്‍ … ഇങ്ങനെ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന വിവരങ്ങളെയും അവരുടെ അഭിപ്രായങ്ങളെയും വരിഞ്ഞുമുറുക്കുന്നു എന്നതാണ് പുതിയ നാഗരികതയുടെ ശാപങ്ങളിലൊന്ന്. മനുഷ്യന്റെ ചിന്ത, സ്വാതന്ത്ര്യം, സ്വതന്ത്ര മനസ്സാക്ഷി എന്നിവക്കു മേല്‍ വലിയ വിലങ്ങുകള്‍ ഇട്ടിരിക്കുന്നു ആ നാഗരികത. ഈ വിലങ്ങണിയിച്ചിട്ടുള്ളത് മുഖ്യമായും മീഡിയ വഴിയാണ്. പഴയ കാലത്തെ കൊടും സ്വേഛാധിപതിക്ക് പോലും ചെയ്യാന്‍ കഴിയാത്തത് ഇന്ന് പുതിയ ടെക്‌നോളജിയുടെയും അതിനെ ഉപയോഗപ്പെടുത്തുന്ന മീഡിയയുടെയും സഹായത്തോടെ ചെയ്യാന്‍ കഴിയും. ജനങ്ങള്‍ക്കാകട്ടെ പ്രത്യക്ഷത്തില്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുകയും ചെയ്യും!

അതത് കാലത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊതുങ്ങും മീഡിയയുടെ സ്വാധീനം എന്നൊരു പൊതു ധാരണയുണ്ട്. അതത് കാലത്തെ സാമ്പത്തിക, രാഷ്ട്രീയ കാഴ്ചപ്പാടുകളെ മീഡിയ സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രത്യയശാസ്ത്രത്തെയും സാംസ്‌കാരിക അടിത്തറകളെയും മീഡിയ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്ന കാര്യവും കണക്കിലെടുക്കണം. ഉപഭോക്താക്കള്‍ അറിയാതെ, വളരെ നിശ്ശബ്ദമായി പാശ്ചാത്യ തത്ത്വചിന്തയും സംസ്‌കാരവുമാണ് മീഡിയ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ വിവരങ്ങള്‍ മൂടിവെക്കുന്നു, ചില ധാര്‍മിക ചിട്ടകളെ പൊളിക്കാന്‍ നോക്കുന്നു, അല്ലെങ്കില്‍ പൊതുജനാഭിപ്രായത്തെ വഴിതിരിച്ചുവിടാന്‍ നോക്കുന്നു - ഇത്യാദി കാര്യങ്ങളില്‍ ഒതുങ്ങുന്നില്ല മീഡിയാ പ്രവര്‍ത്തനം എന്നര്‍ഥം. ഒരു സാംസ്‌കാരിക അട്ടിമറിക്ക് തന്നെയാണ് അത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചിന്തയെ മാത്രമല്ല ചിന്തയുടെ, അഭിപ്രായ രൂപവത്കരണത്തിന്റെ ചട്ടക്കൂട് തന്നെ മാറ്റിമറിക്കുകയാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും മനസ്സിനെയും ഉപബോധ മനസ്സിനെയും അത് സ്വാധീനിക്കുന്നു. അതിനാല്‍ പൊതുബോധത്തെ സ്വാധീനിക്കുക മാത്രമല്ല, അഭിപ്രായ രൂപവത്കരണത്തിന് ഒരു ചിന്താ മാതൃക (Paradigm) നിര്‍മിച്ചുകൊടുക്കുക കൂടിയാണ് മീഡിയ.'' 3

ദിനപത്രമോ മാഗസിനോ ചാനലോ നടത്തിയാല്‍ തീരുന്നതല്ല പ്രശ്‌നം എന്ന് ചുരുക്കം. നമുക്ക് ഉണ്ടായിവരേണ്ടത് മാധ്യമ വിദഗ്ധര്‍/ മീഡിയാ എക്‌സ്‌പേര്‍ട്ട്‌സ് ആണ്. മീഡിയാ ഡൈനമിക്‌സിനെക്കുറിച്ച് ആഴത്തില്‍ അറിയുന്ന വിദഗ്ധര്‍. അവര്‍ക്കാണ് പുതിയ മീഡിയാ ആഖ്യാനങ്ങള്‍ നിര്‍മിക്കാനാവുക. അത്തരം വിദഗ്ധരുണ്ടെങ്കില്‍ നിലവിലുള്ള വിഭവങ്ങള്‍ കൊണ്ടുതന്നെ നമുക്ക് പലതും ചെയ്യാനാവും. മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള മീഡിയയെ സ്വാധീനിക്കാനുമാവും. അല്ലാത്തപക്ഷം 'നമ്മുടെ മീഡിയ' ഉപരിപ്ലവമായി നമ്മുടെ ചില വൈകാരികതകളെ ശമിപ്പിക്കാന്‍ ഉതകിയേക്കാം. അത്തരം മീഡിയാ സംവിധാനങ്ങള്‍ക്ക് നിലനില്‍ക്കുന്ന ട്രെന്‍ഡുകളെ ചെറുക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, ചിലപ്പോഴെങ്കിലും അവ മുഖ്യധാരക്കൊത്ത് ഒഴുകുകയും ചെയ്യും. l
(അവസാനിച്ചു)
വിവ: അബൂ സ്വാലിഹ

കുറിപ്പ്

  1. സആദത്തുല്ലാ ഹുസൈനിയുടെ 'ഇഖാമത്ത് ദീന്‍ കി ശാഹ്‌രാഹ്' (2018) എന്ന പുസ്തകം.
  2. ഉദാഹരണത്തിന്, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്വ് ലാഹിയുടെ 'തദബ്ബുറെ ഖുര്‍ആന്‍' (2009), ആമുഖം, ഒന്നാം വാള്യം, പേജ് 14-17.
  3. സയ്യിദ് സആദത്തുല്ലാ ഹുസൈനി, 'ഇശാറാത്ത്', സിന്ദഗി നൗ, 2020 മാര്‍ച്ച്, പേജ് 9.

ഇസ്്ലാം, ആദര്‍ശത്തിന്റെ കരുത്തും സമൂഹത്തിന്റെ ശാക്തീകരണവും-2

ആദര്‍ശപരവും പ്രത്യയശാസ്ത്രപരവുമായ ശക്തിക്ക് മൂന്ന് ഘടകങ്ങളുണ്ട്. ഒന്നാമത്തേത്, പ്രത്യയശാസ്ത്രത്തിന്റെ ആന്തരിക ശക്തി തന്നെ. അതായത്, തെളിവുകളുടെ പിന്‍ബലത്തില്‍ വാദിക്കാനും സംവദിക്കാനുമുള്ള അതിന്റെ ശേഷി. അങ്ങനെ ജമനസ്സുകളെയും അവരുടെ ചിന്തകളെയും ആകര്‍ഷിക്കാന്‍ അതിന് സാധ്യമാവുന്നു. രണ്ടാമത്തെ ഘടകം, ഈ ആശയത്തിന്റെ സ്വീകാര്യത കാലത്തെയും സ്ഥലത്തെയും (Time and Space) കൂടി ആശ്രയിച്ചു നില്‍ക്കുന്നു എന്നതാണ്. ഏതൊരു ആശയവും കാര്യക്ഷമമായി പ്രബോധനം ചെയ്യാനും പ്രചരിപ്പിക്കാനും കെല്‍പുറ്റ ഒരു ഗ്രൂപ്പ് ഉയര്‍ന്നുവരിക എന്നതാണ് മൂന്നാമത്തെ ഘടകം. ഈ മൂന്ന് ഘടകങ്ങളും ഒത്തുവന്നാല്‍, ആ ആശയത്തിന്റെ വക്താക്കള്‍ക്കത് സാമൂഹിക ശക്തിയും സ്വാധീനവും പ്രദാനം ചെയ്യും.

ഇസ് ലാം പ്രകൃതി മതമാണ്. അതിനാല്‍, ഏത് കാലത്തെയും ഏത് മനുഷ്യനെയും ആകര്‍ഷിക്കാനുള്ള കഴിവ് പ്രകൃത്യാ തന്നെ അതിനുണ്ട്. ഈയൊരു ബോധ്യം മുസ്‌ ലിംകളുടെ അടിയുറച്ച വിശ്വാസം തന്നെയാണ്. ചരിത്രത്തില്‍നിന്നുള്ള തെളിവുകളും അതിനെ സാക്ഷ്യപ്പെടുത്തുന്നു. ഒരു കാര്യം ശ്രദ്ധിക്കുക: നാം പറഞ്ഞ മൂന്ന് ഘടകങ്ങളില്‍ ആദ്യത്തേത്, അതായത് അതിന്റെ പ്രത്യയശാസ്ത്രപരമായ ആന്തരിക ശക്തി എന്നും അത് നിലനിര്‍ത്തിയിട്ടുണ്ട്; ഉറപ്പായും ഇന്നും അത് നിലനിര്‍ത്തുന്നു. ഇങ്ങനെ മനുഷ്യ ധിഷണയെ ആകര്‍ഷിക്കാനുള്ള കഴിവ് ഇസ്‌ ലാമില്‍ നിലീനമാണെങ്കിലും, ചില സന്ദര്‍ഭങ്ങള്‍ ഇസ് ലാമിക ദര്‍ശനവും ചിന്തയും വളരെ വേഗം പ്രചരിക്കാന്‍ നിമിത്തമാകും. ഇതിനും ഇസ് ലാമിക ചരിത്രത്തില്‍ തെളിവുകളുണ്ട്. ഇന്നത്തെ ലോക സാഹചര്യവും അത്തരമൊരു അവസരമാണ് നമുക്ക് ഒരുക്കിത്തന്നിരിക്കുന്നത്.

സയ്യിദ് സആദത്തുല്ലാ ഹുസൈനി

മുഴുവന്‍ ലോകവും ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും പിടിയിലാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ആത്മീയ ശൂന്യത, മാനസിക അശാന്തി, കുടുംബത്തിന്റെ തകര്‍ച്ച, സാമ്പത്തിക അസ്ഥിരത, അസാധാരണമായ സാമ്പത്തിക അസമത്വം, വംശീയവാദികളായ പോപുലിസ്റ്റ് ഭരണാധികാരികളുടെ കടന്നുവരവ്, പരിസ്ഥിതി പ്രതിസന്ധി, ഭീകരത തുടങ്ങി എണ്ണമറ്റ പ്രശ്‌നങ്ങളാല്‍ കലുഷിതമായിരിക്കുന്നു മനുഷ്യ ജീവിതം. നിലനില്‍ക്കുന്ന ആശയങ്ങളിലോ ഐഡിയോളജികളിലോ ഈ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കൊന്നും യാതൊരു പരിഹാരവും ജനത്തിന് കാണാനാവുന്നുമില്ല. പ്രത്യയശാസ്ത്രപരമായി ഇത്ര കാലുഷ്യമേറിയ ആശയക്കുഴപ്പം സമീപ കാലത്തൊന്നും മനുഷ്യരാശി അഭിമുഖീകരിച്ചിട്ടില്ല.1 ഈയൊരവസ്ഥ പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്. പുതിയൊരു ആശയത്തിന് ഈ സാഹചര്യത്തില്‍ പെട്ടെന്ന് ജനസ്വീകാര്യത ലഭിക്കും. മൈക്കിള്‍ മാന്‍ എഴുതുന്നു: ''പ്രത്യയശാസ്ത്രങ്ങള്‍ക്ക് പ്രാമുഖ്യവും പ്രാധാന്യവും ലഭിക്കുന്നത്, നിലവില്‍ വാഴുന്ന പ്രത്യയശാസ്ത്രങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയും, ബദലായി സമര്‍പ്പിക്കപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുതുതായി ഒന്നും സമര്‍പ്പിക്കാനില്ലാതെ വരികയും ചെയ്യുന്ന പ്രതിസന്ധി നിറഞ്ഞ സന്ദര്‍ഭങ്ങളിലാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പുതിയ ഐഡിയോളജികള്‍ (നിലവിലുള്ളവയില്‍നിന്ന് വ്യത്യസ്തമായവ) വലിയ ശക്തി നേടും; അവക്ക് സങ്കീര്‍ണ പ്രശ്‌നങ്ങളില്‍ ന്യായയുക്തമായ പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായാല്‍. അത്തരം ഘട്ടങ്ങളില്‍ തന്നെയാണ് പുതിയ പ്രത്യയശാസ്ത്രങ്ങളും ശക്തികളും ഉയര്‍ന്നുവരിക. സമൂഹത്തില്‍ അടിമുടി മാറ്റത്തിനായിരിക്കും ആ പുതിയ ശക്തികള്‍ ശ്രമിക്കുക.''2

നമ്മുടെ നാട്ടില്‍ വിഭാഗീയ ശക്തികള്‍, രാജ്യം നിലനിന്നു പോരുന്ന സ്ഥാപനങ്ങളുടെയും, ജനം വിശ്വാസമര്‍പ്പിക്കുന്ന ആശയങ്ങളുടെയും അടിത്തറ ഇളക്കിക്കഴിഞ്ഞിരിക്കുകയാണ്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, വളരെ ഗുരുതരമായ പ്രത്യയശാസ്ത്ര പ്രതിസന്ധിക്കും അവര്‍ വഴിമരുന്നിട്ടിരിക്കുകയാണ്. തങ്ങളുടെ ബദല്‍ ചിന്താ മാര്‍ഗങ്ങള്‍ അവതരിപ്പിക്കാന്‍ അരികുവത്കരിക്കപ്പെട്ട സംഘങ്ങള്‍ക്ക് ഇത് അസാധാരണമായ അവസരങ്ങള്‍ തുറന്നിരിക്കുന്നു എന്നാണ് നമ്മുടെ അഭിപ്രായം.3

പ്രതിസന്ധി ഘട്ടങ്ങളിലാണ് ഇസ് ലാമിന്റെ പ്രചാരവും വ്യാപനവും ഏറ്റവും വേഗത്തിലായത് എന്ന് നമുക്കറിയാം. ജനം അരാജകത്വത്തിലും ആശയക്കുഴപ്പത്തിലും അകപ്പെട്ട് സത്യപാത കാണാതെ അലയുന്ന ഘട്ടത്തിലാണല്ലോ പ്രവാചകന്മാരെ അല്ലാഹു അയക്കുന്നത്. മുസ് ലിം സമൂഹം അങ്ങേയറ്റം ദുര്‍ബലമായ സമയങ്ങളിലും ഇടങ്ങളിലുമാണ് അവര്‍ ഏറ്റവും മികച്ച ആത്മീയ വിജയങ്ങള്‍ കൊയ്തതെന്ന് പ്രഫ. ആര്‍നോള്‍ഡ് ടോയന്‍ബി(1864-1930)യും എഴുതിയിട്ടുണ്ട്.4 ഇസ് ലാമിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ പലതരം സാഹചര്യങ്ങളും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത് വിശദീകരിക്കാന്‍ ഇവിടെ സന്ദര്‍ഭമില്ല. പല ലേഖനങ്ങളിലും നാം അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.5 മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, പ്രത്യയശാസ്ത്ര കരുത്തിന്റെ രണ്ടാമത്തെ ഘടകമായി നാം പറഞ്ഞ സമയവും സ്ഥലവും ഇപ്പോള്‍ ഒത്തുവന്നിരിക്കുന്നു എന്നര്‍ഥം. എന്നിട്ടും പ്രത്യയശാസ്ത്ര കരുത്തിനെ മുസ് ലിംകള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോകുന്നത്, ഈ ലേഖകന്റെ അഭിപ്രായത്തില്‍, മൂന്നാമത്തെ ഘടകത്തിന്റെ അഭാവംകൊണ്ടാണ്. അതായത്, ഒരു ആദര്‍ശ സമൂഹത്തിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ആര്‍ജിക്കുന്നതില്‍ മുസ് ലിം സമൂഹം പിറകിലാണ് എന്നത്.

മുസ് ലിംകളും ആദര്‍ശ ശക്തിയും

ഒരു ആദര്‍ശ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെന്തൊക്കെയാണ്? ഇംഗ്ലീഷ് ഭാഷയിലെ 'C' എന്ന അക്ഷരംകൊണ്ട് തുടങ്ങുന്ന മൂന്ന് വാക്കുകളിലൂടെ ആ ഗുണഗണങ്ങള്‍ വിവരിക്കാനാവും എന്നു പറയാറുണ്ട്. consistency (സ്ഥിരത), consensus (സമവായം), communication (ആശയവിനിമയം) എന്നിവയാണ് ആ വാക്കുകള്‍. നാമിതിന് ബദലായി ഉര്‍ദു ഭാഷയിലെ 'അലിഫ്' കൊണ്ട് തുടങ്ങുന്ന മൂന്ന് വാക്കുകളാണ് കൊണ്ടുവരുന്നത്- ഇസ്തിഖ്‌ലാല്‍, ഇത്തിഫാഖ്, ഇബ്്‌ലാഗ്. ഇതിനെക്കുറിച്ചും നാം നേരത്തെ എഴുതിയിട്ടുണ്ട്.6 സന്ദര്‍ഭത്തില്‍ പ്രസക്തമായതുകൊണ്ട് അതൊന്നു കൂടി വിശദീകരിക്കാം.

സ്ഥിരത

പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലമുള്ള ഏതൊരു വിഭാഗവും ആ പ്രത്യയശാസ്ത്രത്തിന്റെ പ്രബോധനത്തിനും പ്രയോഗവത്കരണത്തിനും ഉറച്ച് നിലകൊള്ളുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കടുത്ത എതിര്‍പ്പുകള്‍ നേരിട്ടേക്കാം. സാഹചര്യങ്ങള്‍ അത്യന്തം നിരാശാജനകമായിരിക്കാം. അത്തരം സന്ദര്‍ഭങ്ങളിലൊന്നും ആ വിഭാഗത്തിന്റെ കാലിടറുകയില്ല; അവരുടെ മനസ്സ് മാറുകയില്ല. അപ്പോഴൊക്കെയും തങ്ങളുടെ ആദര്‍ശവും ചിന്തയും തന്നെയായിരിക്കും അവര്‍ക്ക് ഏറ്റവും പ്രിയങ്കരം. അതിലായിരിക്കും അവരുടെ മുഴു ശ്രദ്ധയും. അടിയുറച്ച വിശ്വാസത്തില്‍നിന്ന് മാത്രമേ ഈ ആദര്‍ശ സ്ഥിരത ഉണ്ടാവൂ. ''സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക് അല്ലാഹു സുസ്ഥിര വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴിതെറ്റിക്കുന്നത്. താന്‍ ഇഛിക്കുന്നത് ചെയ്യാന്‍ അല്ലാഹുവിന് അധികാരമുണ്ട്' (ഇബ്‌റാഹീം 27). സ്ഥിരത എന്ന ആശയം ധ്വനിപ്പിക്കുന്ന പല പ്രയോഗങ്ങളും ഖുര്‍ആന്‍ നടത്തിയിട്ടുണ്ട്. 'ഹനീഫിയ്യത്ത്' അതിലൊന്നാണ്. അല്ലാമാ റാഗിബ് അസ്വ്്ഫഹാനി, 'വഴിതെറ്റലില്‍നിന്ന് മുക്തമായി സത്യപാതയില്‍ ഉറച്ചുനില്‍ക്കുക' എന്നാണ് ഹനീഫിയ്യത്തിന് അര്‍ഥം നല്‍കിയിരിക്കുന്നത്.7

ഏതൊരു പ്രത്യയശാസ്ത്രവും പ്രതിരോധത്തിന്റേതായ ഘട്ടത്തിലൂടെ കടന്നുപോകും. ഇങ്ങനെ കടന്നാക്രമണമുണ്ടാകുമ്പോള്‍ ആ പ്രത്യയശാസ്ത്രത്തിന്റെ ആളുകള്‍ സഹനമവലംബിച്ച് ഉറച്ചുനില്‍ക്കുകയാണെങ്കില്‍, അവരുടെ ആദര്‍ശം സത്യമാണെന്ന് ജനത്തിന് ബോധ്യമാവും. ഈ വിഭാഗത്തിന് തങ്ങളുടെ ആദര്‍ശത്തോട് കൂറും ആത്മാര്‍ഥതയുമുണ്ടെന്ന് ജനം വിശ്വസിക്കും. അവര്‍ ആ ആദര്‍ശത്തിലേക്ക് ആകൃഷ്ടരാകും. ഒരു ആദര്‍ശം കരുത്ത് നേടുന്നതിന്റെ സ്വാഭാവിക ഘട്ടങ്ങളാണിതൊക്കെ. ഇനി, സാഹചര്യത്തിന്റെ കടുപ്പം മൂലം ആ വിഭാഗം തങ്ങളുടെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കുകയും ഇസ് ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൈവിട്ട് മറ്റു പല കാര്യങ്ങളില്‍ വ്യാപൃതരാവുകയും, അതല്ലെങ്കില്‍ തങ്ങളുടെ ഭൗതികമായ സുരക്ഷയിലും പ്രതിരോധത്തിലും മാത്രമായി വേവലാതിപ്പെടുകയുമാണെങ്കില്‍ തങ്ങളുടെ ആദര്‍ശത്തെ നിര്‍വീര്യമാക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇവര്‍ ആദര്‍ശം പറയുന്നത് അത്ര കാര്യഗൗരവത്തോടെയൊന്നുമല്ല എന്ന പ്രതീതിയാണ് അത് ജനങ്ങളില്‍ ഉണ്ടാക്കുക. ഒരു ആദര്‍ശത്തെ കൈയേല്‍ക്കുന്നവര്‍ ഈ വിധം നിരുത്തരവാദപരമായി, സ്ഥിരതയില്ലാതെ പെരുമാറിയാല്‍ ഏത് മികച്ച ആദര്‍ശത്തിനും ഒരു ശക്തിയായി രൂപപ്പെടാന്‍ കഴിയില്ല.

ചരിത്രത്തില്‍ വളരെ അനുകൂലമായ സാഹചര്യം രൂപപ്പെട്ടുവന്നപ്പോള്‍ ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് അവരുടെ ആദര്‍ശം ഒരു കരുത്തായി മാറാതിരുന്നത് ഈ സ്ഥിരതയുടെ അഭാവം കൊണ്ടാണെന്നാണ് നമ്മുടെ അഭിപ്രായം. ശരിയാണ്, മുസ് ലിം സമൂഹത്തിന് മൊത്തത്തില്‍ ഇസ് ലാമിനോട് വൈകാരികമായ അടുപ്പമുണ്ട്. ഇസ് ലാമികാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലും അവര്‍ സ്ഥിരത പുലര്‍ത്താറുണ്ട്. പക്ഷേ, ഇസ് ലാമിനോടുള്ള ഈ കൂറും പ്രതിബദ്ധതയും മുസ് ലിം സമൂഹത്തിന് അകത്ത് പരിമിതമായിപ്പോകുന്നു. മറ്റു സമൂഹങ്ങളുടെ മുന്നില്‍ ഇസ് ലാമിന്റെ വക്താക്കളും പ്രയോക്താക്കളുമായി അവര്‍ അപൂര്‍വമായേ ചെന്നെത്താറുള്ളൂ. പൊതു മണ്ഡലങ്ങളില്‍ അവര്‍ ഇസ് ലാമിന്റെ പേരില്‍ സമരോത്സുകമായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് സാമുദായികമായ അവകാശങ്ങള്‍ വകവെച്ചുകിട്ടുന്നതിനുമായിരിക്കും. രാജ്യത്തിനും അതിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഇസ് ലാമിനെ ഒരു ബദല്‍ ജീവിത ദര്‍ശനമായി അവതരിപ്പിക്കാന്‍ അവര്‍ ശ്രമങ്ങള്‍ നടത്തുന്നില്ല.

തങ്ങള്‍ സവിശേഷവും അന്യാദൃശവുമായ ഒരു ചിന്താ പദ്ധതിയുടെ വക്താക്കളാണെന്ന ഐഡന്റിറ്റി രാജ്യനിവാസികളുടെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇപ്പോഴും ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് സാധിക്കുന്നില്ല. അവര്‍ യഥാര്‍ഥത്തില്‍ ഒരു പുതിയ പരിഹാര നിര്‍ദേശം രാജ്യത്തിന് സമര്‍പ്പിക്കുന്നവരും അതിനു വേണ്ടി പണിയെടുക്കുന്നവരുമാണല്ലോ. ആ സമൂഹത്തിന്റെ ഏറ്റവും ആകര്‍ഷകമായ വശം അതിന്റെ ആശയവും ചിന്തയും തന്നെയാണ്. മുസ് ലിം ജനസാമാന്യത്തിന് മാത്രമല്ല, സ്വാധീനശക്തിയുള്ള മുസ് ലിം ഗ്രൂപ്പുകള്‍ക്ക് പോലും ഈയൊരു ഐഡന്റിറ്റി കാണിച്ചുകൊടുക്കാനാവുന്നില്ല. ഇന്ത്യന്‍ മുസ് ലിംകള്‍ പ്രത്യയശാസ്ത്രപരമായി ദുര്‍ബലപ്പെടാന്‍ ഇതാണ് പ്രധാന കാരണം. l
(തുടരും)

കുറിപ്പുകള്‍

  1. Yuval Noah Harari (2019): 21 Lessons for the 21st Century; Penguin Random House UK; London, pages 11-28.
  2. Michael Mann (2012): The Sources of Social Power, Vol 3, page 6.
  3. സയ്യിദ് സആദത്തുല്ലാ ഹുസൈനി (2022): ഹിന്ദുത്വ ഇന്‍തിഹാ പസന്ദി നള്്രിയ്യാത്തി കശ്മകശ് ഔര്‍ മുസല്‍മാന്‍ (മര്‍കസി മക്്തബ, ന്യൂദല്‍ഹി), പേജ് 7-8.
  4. T.W Arnold (1913): The Preaching of Islam, Constable and Company Ltd. London, page 263.
  5. സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ 'ഇശാറാത്ത്' പംക്തി, സിന്ദഗി നൗ മാസിക, ഒക്ടോബര്‍ 2020, പേജ് 5.
  6. സയ്യിദ് സആദത്തുല്ലാ ഹുസൈനി (2018): ഇഖാമത്ത് ദീന്‍ കീ ശാഹ് രാഹ് (ഹിദായത്ത് പബ്ലിഷേഴ്‌സ്, ന്യൂദല്‍ഹി), പേജ് 82.
  7. അര്‍റാഗിബ് അല്‍ അസ്വ്്ഫഹാനി (2009): (മക്്തബതു നിസാര്‍ മുസ്ത്വഫ അല്‍ ബാസ്, മക്ക), പേജ് 176.

ഹിന്ദുത്വത്തിന്റെ സൈദ്ധാന്തിക അടിത്തറകളെയും ബൗദ്ധിക വ്യവഹാരങ്ങളെയും ഇതിന് മുമ്പ് നാം വിശകലനം ചെയ്തിട്ടുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തില്‍ വിവിധ മതേതര രാഷ്ട്രീയ ചേരിയിലുള്ളവര്‍ വഹിച്ച ചരിത്രപരമായ പങ്കും നാം ചര്‍ച്ച ചെയ്തു. മുസ്‌ലിം രാഷ്ട്രീയത്തിന്റെ നാള്‍വഴികള്‍ വിമര്‍ശനാത്മകമായി പരിശോധിച്ച് മുസ്‌ലിം സമൂഹത്തിന്റെ പദവിയുമായും ഉത്തരവാദിത്തവുമായും ബന്ധപ്പെട്ട കാര്യങ്ങളും ഏറ്റവുമൊടുവില്‍ വിശകലന വിധേയമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭാവി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അനിവാര്യമായും ചര്‍ച്ച ചെയ്യേണ്ട അടിസ്ഥാനപരവും പ്രായോഗികവുമായ സുപ്രധാന കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇനി ഉദ്ദേശിക്കുന്നത്. ഹിന്ദുത്വ സൈദ്ധാന്തികരുമായും മതേതര ചിന്തകരുമായും ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനിയും വികസിക്കേണ്ടതുമായ ഗൗരവമര്‍ഹിക്കുന്ന വിഷയങ്ങളാണിത്. ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന ഈ വിഷയങ്ങളില്‍ രാജ്യത്തെ പൊതുജനാഭിപ്രായം സ്വരൂപിക്കേണ്ടതുണ്ടെന്നും നാം മനസ്സിലാക്കുന്നു. 
രാജ്യത്ത് നിലനില്‍ക്കുന്ന ആശങ്കാജനകമായ സാഹചര്യങ്ങള്‍ക്ക് ശേഷം, താമസിയാതെ തന്നെ പൗരന്മാര്‍ക്കിടയില്‍ സമത്വം സാധ്യമാക്കുന്നതും പൗരാവകാശങ്ങള്‍ വിവേചനങ്ങളില്ലാതെ ലഭ്യമാക്കുന്നതുമായ മെച്ചപ്പെട്ട നയങ്ങളിലേക്ക് രാജ്യ നിവാസികള്‍ അവരുടെ ആലോചനകള്‍ തിരിച്ചുവിടാനുള്ള സാധ്യത നാം മുന്നില്‍ കാണുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ക്ക് മുന്‍കാലചരിത്രങ്ങളില്‍ എമ്പാടും ഉദാഹരണങ്ങള്‍ ഉണ്ട്. ലോക രാജ്യങ്ങളില്‍ പലയിടങ്ങളിലും ഒരുവേള തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയും അതിന്റെ തുടര്‍ച്ചയായുണ്ടായ രൂക്ഷമായ രക്തച്ചൊരിച്ചിലുകളും പിന്നീട് ആ രാജ്യങ്ങളിലെ വ്യവസ്ഥകളില്‍ മൂര്‍ത്തമായ പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇറ്റലിയിലും ജര്‍മനിയിലുമുണ്ടായ ഫാഷിസത്തിന്റെയും നാസിസത്തിന്റെയും ഭീകരമായ തേര്‍വാഴ്ചകളാണ് പിന്നീട് പല അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും നിമിത്തമായത്. ആ രാജ്യങ്ങളില്‍ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ വികസിപ്പിക്കുന്നതിനും അത് കാരണമായി. എന്നല്ല ഐക്യരാഷ്ട്ര സഭയുടെയും അതിന്റെ വിവിധ അനുബന്ധ സ്ഥാപനങ്ങളുടെയും രൂപീകരണത്തിന് പോലും കാരണമായതും മറ്റൊന്നുമല്ല. ബാല്‍ക്കനിലെയും കിഴക്കന്‍, മധ്യ യൂറോപ്പിലെയും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെയും വംശീയ പ്രസ്ഥാനങ്ങളുടെയും ക്രൂരതകള്‍ വിവിധ സാംസ്‌കാരിക വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വിപ്ലവകരവും നൂതനവുമായ നിരവധി നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ കാരണമായി. അതിനാല്‍, സമീപഭാവിയില്‍ തന്നെ വിഭാഗീയ ശക്തികള്‍ സൃഷ്ടിക്കുന്ന തിന്മകളും അതിക്രമങ്ങളും ദുരാചാരങ്ങളും രാജ്യത്ത് ശാശ്വത സ്വഭാവമുള്ള പരിഷ്‌കാരങ്ങളുടെ ഉറവിടമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ ഘട്ടത്തില്‍ ഈ പരിഷ്‌കരണങ്ങള്‍ക്ക് നിമിത്തമാകാനിടയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ സാധിക്കേണ്ടതുണ്ട്. നിലനില്‍ക്കുന്ന സാഹചര്യത്തെ പറ്റി വിലപിക്കുന്നതിനായി നമ്മുടെ മുഴുവന്‍ സമയവും ഊര്‍ജ്ജവും പാഴാക്കാതെ, നാളെയെ മുന്‍കൂട്ടി കാണാനും ആ ഭാവി പദ്ധതി നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കാനും നമുക്ക് സാധിക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും നീതിയും തുല്യാവകാശവും ഉറപ്പുവരുത്തുവാനും വിഭാഗീയതയുടെ ദുഷ്പ്രവണതകളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുവാനും നമ്മുടെ രാജ്യത്ത് ഇനിയും എന്ത് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ് എന്നത് സംബന്ധിച്ചാണ് നാം ഗൗരവത്തില്‍ ആലോചിക്കേണ്ടത്.

നീതിയും സമത്വവും

ഇസ്‌ലാമിക ശരീഅത്തിന്റെ തലവാചകവും സുപ്രധാന സവിശേഷതയുമാണ് നീതി. ഇസ്‌ലാമിക നിയമത്തിന്റെ ലക്ഷ്യം തന്നെ നീതിയാണെന്ന് അല്ലാമാ ഇബ്‌നുല്‍ ഖയ്യിം പറയുന്നുണ്ട്. ദൈവ ദാസന്മാര്‍ക്കിടയില്‍ നീതി നടപ്പിലാക്കുകയും മുഴുവന്‍ ജനങ്ങള്‍ക്കുമിടയില്‍ നീതിയുടെ നേര്‍സാക്ഷികളായി എഴുന്നേറ്റു നില്‍ക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യം (മഖ്‌സ്വൂദുഹു ഇഖാമതുല്‍ അദ്ല്‍ ബൈന ഇബാദിഹി, വ ഖിയാമുന്നാസി ബില്‍ ഖിസ്ത്വ്).1 എന്നല്ല, സര്‍വശക്തനായ അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും ഒരു മുസ്‌ലിമിന്റെ ദൗത്യം നീതിയും ന്യായവുമാണെന്ന് (അദ്‌ലും ഖിസ്ത്വും) വ്യക്തമാക്കുന്നുണ്ട്. ''അല്ലയോ സത്യവിശ്വാസികളേ, നീതിയുടെ ധ്വജവാഹകരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍'' (അന്നിസാഅ്: 135). ''നബിയേ താങ്കള്‍ അവരോടു പറയുക: എന്റെ റബ്ബ് നീതിയും ന്യായവും അനുശാസിച്ചിരിക്കുന്നു'' (അല്‍അഅ്‌റാഫ്: 29). ''തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍ അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്'' (അല്‍ഹദീദ്: 25). രാഷ്ട്രീയ രംഗത്ത് ഇസ്‌ലാമിന്റെ ഏറ്റവും പ്രധാന ലക്ഷ്യം നീതിയാണെന്ന് ഈ സൂക്തങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം നീതിയും സമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന നീതിയുടെയും സമത്വത്തിന്റെയും പ്രശ്‌നം ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളെപ്പോലെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ മാത്രം പരിമിതപ്പെടുന്നതല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും അസമത്വവും അടിച്ചമര്‍ത്തലും ചൂഷണവും അപമാനവും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക വ്യവസ്ഥയുടെ ഭാഗമായി നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ്.
അതുകൊണ്ടെല്ലാം തന്നെ നമ്മുടെ വ്യവഹാരങ്ങളിലെ വളരെ പ്രധാനപ്പെട്ട വിഷയമായി ഇന്ത്യാ രാജ്യത്ത് നാം ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് നീതിയും സമത്വവുമാണ്. എന്നല്ല, മുസ്‌ലിം ഉമ്മത്ത് നീതിയെയും ന്യായത്തെയും സംബന്ധിച്ച് ബോധവാന്മാരാകണം. നീതിയും ന്യായവും മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക അസ്തിത്വത്തിന്റെ പ്രധാന ഉള്ളടക്കമായി മാറണം. അവരുടെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യമായി അതിനെ ഉയര്‍ത്തിക്കൊണ്ടുവരണം. അവരുടെ ഐഡന്റിറ്റിയുടെ സുപ്രധാന ഐക്കണായി അത് മാറണം. 
നീതിയുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തിനകത്ത് അനിവാര്യമായും ഇനിപ്പറയുന്ന പ്രശ്‌നങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
1. സാമ്പത്തിക നീതി: അതായത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും വിധം സാമ്പത്തിക നീതി നടപ്പിലാക്കണം. രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യുന്നതിനും സമ്പന്നരില്‍ നിന്ന് ദരിദ്രരിലേക്ക് സമ്പത്തിന്റെ ഒഴുക്കിനും സംവിധാനമുണ്ടാകണം. ചൂഷണവും കൊള്ളയും ഫലപ്രദമായി തടയുന്നതിനുള്ള മെച്ചപ്പെട്ട നയങ്ങള്‍ (Policy Measures) രാജ്യത്ത് ആവിഷ്‌കരിക്കപ്പെടണം.
2. നീതിന്യായ വ്യവസ്ഥ: അതായത് കോടതികളുടെയും കുറ്റാന്വേഷണ ഏജന്‍സികളുടെയും പ്രോസിക്യൂഷന്റെയും സംവിധാനം മികച്ചതും വേഗമേറിയതും കൂടുതല്‍ നീതിയുക്തവുമാക്കുക. സാധാരണക്കാര്‍ക്ക് സൗജന്യവും വേഗത്തിലുള്ളതുമായ നീതി ഉറപ്പാക്കാനും, അക്രമികളെയും മര്‍ദ്ദകരെയും എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, നിരപരാധികളുടെ പീഡനവും ചൂഷണവും തടയാനും കോടതിയിലും പോലീസ് സംവിധാനത്തിലും ഫലപ്രദമായ പരിഷ്‌കാരങ്ങള്‍ നമ്മുടെ രാജ്യത്ത് നടപ്പിലാക്കേണ്ടതുണ്ട്.
3. ജാതി, ലിംഗം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങള്‍ തടയല്‍: അന്തസ്സും ആദരവുമുള്ള ജീവിതം എല്ലാവര്‍ക്കും ലഭ്യമാകണം. പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടണം. സമ്പൂര്‍ണ ജാതി ഉന്മൂലനം, പിന്നാക്ക ജാതികളുടെ ശാക്തീകരണം, സാമൂഹിക ഉന്നമനം എന്നിവയ്ക്കായി കൂടുതല്‍ ഫലപ്രദമായ നയ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
4. സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവും വംശീയവുമായ വിവിധ വിഭാഗങ്ങളുടെ അസ്തിത്വം തിരിച്ചറിയുകയും അവരുടെ സാമൂഹിക അവകാശങ്ങള്‍ വകവെച്ചു നല്‍കുകയും ചെയ്യേണ്ടതുണ്ട്. അതുവഴി അവര്‍ക്ക് അവരുടെ കാര്യങ്ങളില്‍ പരമാവധി അധികാരമുണ്ടാവണം. അത് രാജ്യത്തിന്റെ പൊതു സംവിധാനങ്ങളിലും വ്യവസ്ഥക്കകത്തും ആനുപാതികമായ പങ്കാളിത്തവും അധികാരവും അവര്‍ക്ക് ലഭ്യമാക്കണം.
5. ചൂഷണമുക്തമായ രാഷ്ട്രീയം: നമ്മുടെ രാജ്യത്തെ അനീതിയുടെ ഏറ്റവും വലിയ ഉറവിടം രാഷ്ട്രീയ മേഖലയാണ്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക, ചില പ്രത്യേക വിഭാഗങ്ങളോട് നിരന്തരം കലഹിക്കുകയും അവര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുക, അവരെ ചൂഷണം ചെയ്യുക തുടങ്ങിയ അനീതികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുറുക്കുവഴികളായി നമ്മുടെ രാജ്യത്ത് നിരന്തരം ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നീതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്.

ബഹുസ്വര സമൂഹവും 
കൊളോണിയല്‍ സമീപനവും

സ്വാതന്ത്ര്യത്തിനുമുമ്പ്, യൂറോപ്യന്‍ ഭരണാധികാരികളും അവരുടെ സൈദ്ധാന്തികരും ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര - ബഹുസാംസ്‌കാരിക രാജ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നത് അവരുടെ ജീവിതത്തിലെ തന്നെ ആദ്യത്തെ അനുഭവമായിരുന്നു. ആധുനികത ഉല്‍പാദിപ്പിച്ച ദേശീയ ആശയങ്ങളുടെ തണലില്‍ വളര്‍ന്ന ഇത്തരം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ സൈദ്ധാന്തികര്‍ക്കോ ബഹുസ്വര രാജ്യത്തെക്കുറിച്ച് യാതൊരുവിധ കാഴ്ചപ്പാടും ഇല്ലായിരുന്നു. എന്നല്ല ഈ സൈദ്ധാന്തികരുടെ ദൃഷ്ടിയില്‍ ബഹുസ്വര സമൂഹങ്ങളിലെ വിവിധ മത, സാംസ്‌കാരിക, ഭാഷാ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന യാതൊരു വിധ ആന്തരിക ശക്തിയും അവര്‍ക്ക് കണ്ടെത്താനും സാധിച്ചിരുന്നില്ല. ബാഹ്യമായ ഒരു സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ഉണ്ടായ കാരണത്താല്‍ മാത്രമാണ് അവര്‍ സംഘടിച്ചത്.
പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനായ ജോണ്‍ ഫെര്‍ണീവാള്‍ (John S. Furnivall -1878-1960), ബ്രിട്ടീഷ് കാലത്തെ ബഹുസാംസ്‌കാരിക സമൂഹങ്ങളെ സംബന്ധിച്ച പഠനങ്ങളില്‍ വിദഗ്ധനാണ്. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസാംസ്‌കാരിക സമൂഹത്തില്‍, ഓരോ വിഭാഗത്തിന്റെയും പദവികളും മൂല്യങ്ങളും മറ്റൊന്നില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് തന്റെ രചനകളില്‍ അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. അവര്‍ തമ്മിലുള്ള സമവായത്തിന് യാതൊരു അടിസ്ഥാനവുമില്ല. എന്നല്ല അവര്‍ക്കിടയില്‍ ഒരു 'പൊതു സാമൂഹിക ആവശ്യം' (Common Social Demand) തന്നെയില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ഈ സമൂഹങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. ആയതിനാല്‍ ഇവിടെ ക്രമസമാധാനം നിലനിര്‍ത്തണമെങ്കില്‍ ഒരു ബാഹ്യശക്തിയുടെ (കൊളോണിയലിസം) സാന്നിധ്യം ആവശ്യമാണ്.2
അക്കാലത്തെ പല പാശ്ചാത്യ എഴുത്തുകാരുടെയും ചിന്തകള്‍ വിശകലന വിധേയമാക്കിയാല്‍ അവര്‍ക്കാര്‍ക്കും ബഹുസ്വര സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുണ്ടാകേണ്ട സമാധാനപരമായ സഹവര്‍ത്തിത്വത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല എന്ന് ബോധ്യപ്പെടും. ബഹുസ്വര സമൂഹങ്ങളില്‍ ഏക സാംസ്‌കാരിക സംഘത്തിന്റെ കുത്തകാധിപത്യം (Monopoly)വേണമെന്നാണ് പ്രശസ്ത എഴുത്തുകാരന്‍ എം.ജി. സ്മിത്ത് ആഹ്വാനം ചെയ്തത്.3
പടിഞ്ഞാറിന്റെ വികലമായ ഈ സിദ്ധാന്തങ്ങള്‍ നമ്മുടെ രാജ്യത്തെ വിദ്യാസമ്പന്നരായ ബുദ്ധിജീവികളെയും രാഷ്ട്രീയ നേതൃത്വത്തെയും സ്വാധീനിച്ചു. ഒരു രാജ്യത്തിന് വേണ്ട ഏക നാഗരികതയെ സംബന്ധിച്ചാണ് അവരുടെ ആലോചന പോയത്. ഇങ്ങനെ ചിന്തിക്കുന്നവര്‍ പിന്നീട് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഒരു രാജ്യത്തിനകത്ത് സഹവര്‍ത്തിത്വം അസാധ്യമാണെന്ന് കരുതുന്നവര്‍ ഒരു വശത്ത്. മറുവശത്ത് സംസ്‌കാരങ്ങള്‍ ഉണ്ടായിരിക്കെ തന്നെ അവയെ സംയോജിപ്പിച്ച് ഒരു ഏകതാന രാഷ്ട്രമായി മാറും വിധം ഏക സാംസ്‌കാരിക ഏകതാനമായ രാഷ്ട്രം (Unicultural Homogeneous Nation) വേണമെന്ന വാദക്കാര്‍. ഏക സാംസ്‌കാരിക ഏകീകൃത രാഷ്ട്രത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും അവര്‍ കരുതി.
ആധുനിക സാമൂഹിക ശാസ്ത്രത്തില്‍, ബഹുസ്വര സമൂഹങ്ങളെക്കുറിച്ച് രണ്ട് കാഴ്ചപ്പാടുകളുണ്ട്. അതിലൊന്ന് മെല്‍റ്റിംഗ് പോട്ട് തിയറി (Melting Pot Theory) എന്നാണ് അറിയപ്പെടുന്നത്. ഇത് വിവിധ ലോഹങ്ങള്‍ ഉരുക്കിയെടുക്കുന്ന ലോഹ പാത്രത്തോടോ വിവിധ പഴവര്‍ഗങ്ങള്‍ ചേര്‍ത്ത് പഴച്ചാറുണ്ടാക്കുന്ന ജാറിനോടോ ആണ് സമൂഹത്തെ ഉപമിക്കുന്നത്. പഴച്ചാറുണ്ടാക്കുന്ന ജാറില്‍, വ്യത്യസ്ത പഴങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം ഇടകലര്‍ന്ന് പരസ്പരം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഒന്നായിത്തീരുന്നു. അവ ഓരോന്നിന്റെയും തനതായ നിറവും രുചിയും നഷ്ടപ്പെടുന്നു. അവയെല്ലാം ചേര്‍ന്ന് പുതിയ നിറവും പുതിയ രുചിയും ഉണ്ടാക്കുന്നു. പഴച്ചാറില്‍ ഏത് ഇനത്തിന്റെ അളവാണോ കൂടുതല്‍ കാണുന്നത് അതിന്റെ രുചിയും നിറവും മേല്‍ക്കൈ നേടി പഴച്ചാറിന്റെ രുചിയെ മൊത്തത്തില്‍ നിയന്ത്രിക്കുന്നു. അതില്‍ ഏറ്റവും കുറഞ്ഞ അളവിലുള്ള പഴത്തിന്റെ രുചിയും നിറവും അതിലുണ്ടാകുമെങ്കിലും അതിന്റെ പ്രത്യേക ഐഡന്റിറ്റി ഒരു നിലക്കും അതില്‍ പ്രകടമാവുകയില്ല. ചുരുക്കത്തില്‍ വിവിധ നിറങ്ങളുടെയും ഗന്ധങ്ങളുടെയും സംയോജനം പുതിയൊരു നിറവും പുതിയ മണവും അതില്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതാണ് മെല്‍റ്റിംഗ് പോട്ട് തിയറി കൊണ്ട് അര്‍ഥമാക്കുന്നത്. രണ്ടാമത്തെ സിദ്ധാന്തം സാലഡ് ബൗള്‍ തിയറി (Salad Bowl Theory) ആണ്. ഇതുപ്രകാരം സമൂഹത്തെ ഒരു സാലഡ് പ്ലേറ്റിനോട് ഉപമിക്കുന്നു. വ്യത്യസ്ത ചേരുവകള്‍ വെച്ചാണ് സാലഡ് ഉണ്ടാക്കുന്നത്. അതില്‍ ചേര്‍ക്കുന്ന ഓരോന്നിനും അതിന്റേതായ നിറവും സ്വാദും ഉണ്ട്. സാലഡിന്റെ ഭാഗമാകുന്നത് കൊണ്ട് ഒന്നിന്റെയും ഐഡന്റിറ്റി നഷ്ടപ്പെടുന്നില്ല. അതിലുള്ള കാരറ്റുകളും വെള്ളരിക്കയും ഒലിവുമെല്ലാം നിങ്ങള്‍ക്ക് വെവ്വേറെ വേര്‍തിരിച്ചറിയാനാവും. ഇപ്രകാരം ഒരു സമൂഹത്തിലെ വൈവിധ്യങ്ങള്‍ ഒന്നിന്റെയും സ്വത്വം നഷ്ടപ്പെടാതെ നിലനില്‍ക്കും സാലഡ് ബൗള്‍ തിയറി പ്രകാരം.4
കൊളോണിയല്‍ ദേശീയ ആഖ്യാനങ്ങള്‍ മെല്‍റ്റിംഗ് പോട്ട് തിയറിയെയാണ് പിന്തുണച്ചത്. എന്നാല്‍ നമ്മള്‍ കാണാന്‍ പോകുന്നതുപോലെ, മാറുന്ന ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ലോകത്തെ മുഴുവന്‍ സാലഡ് ബൗള്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള സമീപനത്തിലേക്കാണ് ആകര്‍ഷിക്കുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഈ സമീപനമാണ് ന്യായമായും പ്രായോഗികമാവുക എന്നത് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ഈ സമീപനത്തിന് പ്രായോഗിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ, ഉണ്ടെങ്കില്‍ അതെന്തൊക്കെയായിരിക്കും എന്നീ ചോദ്യങ്ങള്‍ സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.

മള്‍ട്ടി കള്‍ച്ചറലിസത്തിന്റെ മികച്ച 
മാതൃക വേണം

നാം നേരത്തേ സ്വത്വ രാഷ്ട്രീയം വിശകലന വിധേയമാക്കിയപ്പോള്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇസ്‌ലാമിന്റെ അനുയായികള്‍ കേവല സ്വത്വ രാഷ്ട്രീയം പിന്തുടരുകയല്ല വേണ്ടത്. മറിച്ച് സ്വത്വവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ പരിഹാര നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. ഇത് മുസ്‌ലിം സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ല; രാജ്യത്തെ നൂറുകണക്കിന് സാമൂഹിക സാംസ്‌കാരിക വിഭാഗങ്ങളുടെ പ്രശ്‌നമാണ്. ഇത് മുഴുവന്‍ മതന്യൂനപക്ഷങ്ങളുടെയും പ്രശ്‌നമാണ്. ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാത്തതോ സ്വന്തം സംസ്ഥാനത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നതോ ആയ നിരവധി ഭാഷാ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണിത്. പട്ടിക ജാതിക്കാര്‍, ദലിതര്‍, ഒ.ബി.സികള്‍, ഗോത്രവര്‍ഗക്കാര്‍, ആദിവാസികള്‍, ഹിന്ദുക്കളിലെ തന്നെ വ്യത്യസ്ത വിഭാഗങ്ങള്‍ (മഹാരാഷ്ട്രയിലെ മറാത്തകള്‍, കര്‍ണാടകയിലെ ലിംഗായത്തുകള്‍ മുതലായവ) തുടങ്ങി മതപരവും സാംസ്‌കാരികവുമായ പ്രത്യേക സ്വത്വങ്ങളുള്ള എല്ലാവരുടെയും പ്രശ്‌നമാണിത്.
നമ്മുടെ രാജ്യത്ത്, വ്യക്തികളുടെ അവകാശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സാംസ്‌കാരികവും മതപരവുമായ സാമൂഹിക അവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടില്ല. ഭരണഘടനാ നിര്‍മാണ സമയത്ത് നിലനിന്നിരുന്ന മേല്‍പ്പറഞ്ഞ ആഗോള ചിന്തയുടെയും പ്രത്യേകിച്ച് ജനാധിപത്യ ദേശീയ രാഷ്ട്രത്തിന്റെ ആംഗ്ലോ-സാക്‌സണ്‍ മോഡലിനെ(Anglo-Saxon Model) അമിതമായി ആശ്രയിക്കുന്നതിന്റെയും ഫലമാണിത്. ഗാന്ധിയെയും അംബേദ്കറെയും പോലുള്ള നേതാക്കള്‍ ഇന്ത്യയുടെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുകയും വിവിധ സാംസ്‌കാരിക വിഭാഗങ്ങളുടെ സാമൂഹിക പദവി അംഗീകരിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പട്ടേലിനെയും നെഹ്‌റുവിനെയും പോലെയുള്ള നേതാക്കള്‍ക്ക് അതത്ര ഉചിതമാണെന്ന് തോന്നിയില്ല. ആംഗ്ലോ സാക്‌സണ്‍ മോഡലിനൊപ്പം റഷ്യയിലെ സാംസ്‌കാരിക വിഭാഗങ്ങളെ ഒരൊറ്റ രാഷ്ട്രമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ച സ്റ്റാലിനും നെഹ്‌റുവില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തല്‍ഫലമായി, അംബേദ്കറുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ചില നിര്‍ദേശങ്ങള്‍ നിരസിക്കപ്പെട്ടു. കരട് കമ്മിറ്റി അംഗീകരിച്ചതും കരട് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതുമായ കാര്യങ്ങള്‍ പോലും ഭരണഘടനാ നിര്‍മാണ സഭയില്‍ തള്ളപ്പെട്ടു. യൂറോപ്യന്‍ രാഷ്ട്രങ്ങളെപ്പോലെ ഇന്ത്യയെ ഏകതാനമായ രാഷ്ട്രമായി (Homogeneous Nation) പരിഗണിച്ചുകൊണ്ട് അവര്‍ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയെ രൂപപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ പ്രകൃതത്തോട് യോജിക്കാത്ത അസ്വാഭാവികമായ ഇടപെടലും സമീപനവുമാണ് ഈ രാജ്യമനുഭവിക്കുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ നാരായ വേര് ഈ തെറ്റിലാണ് ഊട്ടപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സന്ദര്‍ഭത്തില്‍ നമ്മുടെ രാജ്യം നിരവധി നാഗരികതകളുടെ കളിത്തൊട്ടിലാണെന്ന് രാജ്യനിവാസികളെ വളരെ അനിവാര്യമായും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയെ ഒരൊറ്റ സാംസ്‌കാരിക സ്ഥാപനമെന്ന നിലയില്‍ കൈകാര്യം ചെയ്യുന്നത് സംഘര്‍ഷങ്ങള്‍ക്കും വലിയ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും എന്നത് തര്‍ക്കമറ്റതാണ്.
മതന്യൂനപക്ഷങ്ങള്‍ക്കായി, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 മത, ജീവകാരുണ്യ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള മതവിഭാഗങ്ങളുടെ അവകാശവും, ആര്‍ട്ടിക്കിള്‍ 29(1) സാംസ്‌കാരിക ഭാഷാ വിഭാഗങ്ങള്‍ക്ക് അവരുടെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കാനുള്ള അവകാശവും, ആര്‍ട്ടിക്കിള്‍ 30 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശവും വകവെച്ചുനല്‍കുന്നുണ്ട്. ഈ മൂന്ന് വകുപ്പുകള്‍ മാത്രമാണ് മതന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സാമൂഹികമായ അവകാശങ്ങള്‍ പരിമിതമായ സ്വഭാവത്തില്‍ അംഗീകരിച്ചു നല്‍കുന്നത്. ഇതുകൂടാതെ 1937-ല്‍ അംഗീകരിച്ച മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പിന്തുടരുവാനുള്ള അവകാശവും നല്‍കുന്നുണ്ട്. മറ്റെല്ലാ ഭരണഘടനാ അവകാശങ്ങളും വ്യക്തികള്‍ക്കുള്ളതാണ്. അവക്കൊന്നും സാംസ്‌കാരികമോ മതപരമോ വംശീയമോ ആയ തലങ്ങളില്ല.
ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭൂമിശാസ്ത്രപരമായി പ്രത്യേക പ്രദേശങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതിനാല്‍, ഭാഷാപരമായ സംസ്ഥാനങ്ങള്‍ രൂപീകരിച്ച് അവരുടെ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കപ്പെടുകയും ഭൂമിശാസ്ത്രപരമായ അടിസ്ഥാനത്തില്‍ അവര്‍ക്ക് പ്രദേശിക സ്വയംഭരണം (Territorial Autonomy) നല്‍കുകയും ചെയ്തു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കി. ഇത് അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിമിതമായ പരിഹാരം മാത്രമായിരുന്നു.
വിവിധ സാംസ്‌കാരിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അശാന്തിയും അതൃപ്തിയും നാടിന് മുഴുവന്‍ ദോഷകരമാണെന്ന് ഇപ്പോള്‍ തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥ ഭരണ കാര്യങ്ങളില്‍ പ്രായോഗികമായി ഭൂരിപക്ഷ വിഭാഗത്തിന് നിയന്ത്രണാധികാരം നല്‍കുന്നതാണെങ്കില്‍, ഇതര സാംസ്‌കാരിക വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉടലെടുക്കും. അതുവഴി രാജ്യം തങ്ങളുടേത് കൂടിയാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ ഇല്ലാതായേക്കാം. ഓരോ സാംസ്‌കാരിക വിഭാഗത്തിനും അവരുടെ സാംസ്‌കാരിക ഇടപാടുകളില്‍ പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കുകയും രാജ്യത്തിന്റെ സാമൂഹിക ഇടപാടുകളില്‍ ആവശ്യമായ സ്വാധീനം ചെലുത്താന്‍ അവസരങ്ങള്‍ ലഭ്യമാവുകയും ചെയ്താല്‍, മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ യഥാര്‍ഥ ഐക്യത്തിന്റെ പാത തുറക്കാന്‍ കഴിയും. ഇത് വിഘടനവാദവും സംഘര്‍ഷങ്ങളും തടയാന്‍ സഹായിക്കും. വിവിധ സാംസ്‌കാരിക വിഭാഗങ്ങളുടെ സാമൂഹിക അസ്തിത്വം തിരിച്ചറിയുന്നത് രാജ്യത്തെ വിഭജിക്കുകയല്ല, മറിച്ച് കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുക.5

വ്യക്തിഗത അവകാശങ്ങളോ 
സാമൂഹിക അവകാശങ്ങളോ?

പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ രാഷ്ട്രീയ ചിന്തകര്‍ക്കിടയില്‍ ആധുനിക ഭരണകൂടത്തിന്റെ അവകാശങ്ങള്‍ യഥാര്‍ഥത്തില്‍ വ്യക്തികള്‍ക്കാണോ അതോ സാമൂഹിക വിഭാഗങ്ങള്‍ക്കാണോ എന്നതിനെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പരമ്പരാഗത ഗോത്ര സമൂഹങ്ങളില്‍, ഗോത്രത്തെ തന്നെ ഒരു രാഷ്ട്ര യൂനിറ്റായി അംഗീകരിക്കുകയും ഗോത്രങ്ങള്‍ക്ക് നിരവധി അവകാശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ലിബറല്‍ യൂറോപ്യന്‍ തത്ത്വചിന്തകരുടെ ഊന്നല്‍ വ്യക്തികളുടെ അവകാശങ്ങളിലായിരുന്നു. എന്നല്ല വ്യക്തിവാദം (Individualism) ആധുനിക ലിബറല്‍ ചിന്തയുടെ പ്രധാന സവിശേഷതയായാണ് കണക്കാക്കപ്പെടുന്നത്. ഈ ചിന്തകരുടെ അഭിപ്രായത്തില്‍, മനുഷ്യരുടെ കൂടിച്ചേരലിന്റെ ഏക അടിസ്ഥാനം ദേശീയതയില്‍ നിര്‍മിച്ച രാഷ്ട്ര സംവിധാനങ്ങള്‍ മാത്രമായിരുന്നു. ഇത്തരം ദേശ രാഷ്ട്രങ്ങള്‍ക്കാകട്ടെ അന്താരാഷ്ട്ര സമൂഹത്തില്‍ ചില അവകാശങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പരമാധികാരത്തിനുള്ള (Sovereignty) അവകാശമായിരുന്നു. ദേശ രാഷ്ട്രത്തിനുള്ളില്‍ ഒരു സാമൂഹികവിഭാഗത്തിനും പ്രത്യേകമായ സാമൂഹിക അവകാശങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് അവര്‍ സിദ്ധാന്തിച്ചത്. വ്യക്തികള്‍ക്ക് പരമാവധി സ്വാതന്ത്ര്യവും അവകാശങ്ങളും നല്‍കിയാല്‍ മതിയാകും. അതുവഴി അവര്‍ക്ക് മതപരവും ഭാഷാപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സ്വയമേവ ലഭ്യമായിക്കൊള്ളും എന്നായിരുന്നു അവരുടെ കണ്ടെത്തല്‍.6
പല രാഷ്ട്രീയ ചിന്തകരും സാമൂഹിക അവകാശങ്ങള്‍ വ്യക്തിഗത അവകാശങ്ങള്‍ക്ക് തടസ്സമായാണ് കാണുന്നത്. വിവിധ സാമൂഹിക വിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ അത് വ്യക്തി സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. സാംസ്‌കാരികവും മതപരവുമായ വിഭാഗങ്ങള്‍ അവരുടെ പാരമ്പര്യങ്ങള്‍ നടപ്പിലാക്കാനാണ് എപ്പോഴും ശ്രമിക്കുക. അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് പൗരന്മാര്‍ക്ക് വ്യക്തിഗത അവകാശങ്ങള്‍ വകവെച്ചുനല്‍കുകയും അവര്‍ക്ക് ഇഷ്ടമുള്ള മതം, സംസ്‌കാരം, ഭാഷ, സ്വത്വം എന്നിവ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും വേണം എന്നതാണ് അവരുടെ സിദ്ധാന്തം.7
എന്നാല്‍ ഈ ആശയം സ്ഥാപിക്കപ്പെട്ടത് അക്കാലത്ത് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നിലനിന്നിരുന്ന ഏകതാന സാംസ്‌കാരിക പരിഷ്‌കൃത സമൂഹത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു ബഹുസാംസ്‌കാരിക സമൂഹത്തില്‍, വ്യക്തികള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഒട്ടും പര്യാപ്തമാവുകയില്ല. ഒരു വ്യക്തിക്ക് തന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ പൂര്‍ണമായും സ്വതന്ത്രമായും ഉപയോഗിക്കാന്‍ സാധിക്കണമെങ്കില്‍ സാമൂഹികമായ പിന്തുണ കൂടി ഉണ്ടാകണം. ഉദാഹരണത്തിന്, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷ സംരക്ഷിക്കാനുള്ള വ്യക്തിഗത അവകാശമുണ്ട്. ആ ഭാഷ പഠിപ്പിക്കുന്നതിനും സമൂഹ ജീവിതത്തില്‍ അത് ഉപയോഗിക്കുന്നതിനും ശരിയായ ക്രമീകരണമില്ലെങ്കില്‍, ഈ അവകാശം തന്നെ അര്‍ഥശൂന്യമാകും. സ്വകാര്യ സ്ഥാപനങ്ങള്‍ കൊണ്ട് മാത്രം വിദ്യാഭ്യാസ പ്രക്രിയ പൂര്‍ത്തിയാക്കാനാകില്ല. അതിനാല്‍, വിവിധ സാംസ്‌കാരിക വിഭാഗങ്ങള്‍ക്ക്, അവര്‍ക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശം നല്‍കിയിട്ടും, സര്‍ക്കാര്‍ സംരക്ഷണം നഷ്ടപ്പെടുന്ന കാരണത്താല്‍ ഈ അവകാശം വളരെ പരിമിതമായ അളവില്‍ മാത്രമേ വിനിയോഗിക്കാന്‍ സാധിക്കൂ. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട സാംസ്‌കാരികവും മതപരവുമായ മൂല്യങ്ങള്‍ വ്യക്തി ജീവിതത്തില്‍ തന്നെ നടപ്പിലാക്കണമെങ്കില്‍ അധികാര ശക്തി ആവശ്യമാണ്. അതിനാല്‍, ഗവണ്‍മെന്റ് തന്നെ മുന്‍കൈയെടുത്ത് വ്യക്തിഗത നിയമങ്ങള്‍ നടപ്പിലാക്കാത്തിടത്തോളം ഇത്തരം കുടുംബ ജീവിതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സാധ്യമല്ല. ഭൂരിപക്ഷ വോട്ടിലൂടെയാണ് സര്‍ക്കാരുകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് സാംസ്‌കാരിക യൂണിറ്റുകളുടെ അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്ന പല നടപടികളും എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയും. വ്യക്തികള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ കൊണ്ട് മാത്രം ഈ നടപടികളെ ഒരിക്കലും തടയാനാവില്ല. അതുകൊണ്ടുതന്നെ സാംസ്‌കാരിക സംഘങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വ്യക്തിഗത അവകാശങ്ങള്‍ പര്യാപ്തമാണെന്ന ആശയം തന്നെ അടിസ്ഥാനപരമായി തെറ്റാണ്.
നമ്മുടെ വീക്ഷണത്തില്‍, സാമൂഹിക വിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നത് വ്യക്തികളുടെ അവകാശങ്ങളെ ബാധിക്കുമെന്ന ധാരണ തികച്ചും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഓരോ സമൂഹവും നിര്‍ബന്ധമായും വ്യക്തികളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നുണ്ട്. എന്നല്ല വ്യക്തിപരമായ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങളുടെ പേരാണ് രാഷ്ട്രം എന്നത്. എന്നാല്‍ രാഷ്ട്രവും ഭരണകൂടവും വെക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ വ്യക്തിയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ്. സാമൂഹിക വിഭാഗങ്ങള്‍ക്കോ സാംസ്‌കാരിക യൂനിറ്റുകള്‍ക്കോ അവകാശങ്ങള്‍ നല്‍കുന്നത് വ്യക്തികളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയല്ല, മറിച്ച് ഭരണകൂടത്തിന്റെ അധികാരങ്ങള്‍ കുറക്കുകയോ നിയന്ത്രിക്കുകയോ ആണ് അതുവഴി സംഭവിക്കുന്നത്. വ്യക്തികളുടെ അനിഷേധ്യമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം എന്നതില്‍ സംശയമില്ല. അതോടൊപ്പം തന്നെ, താഴെ പരാമര്‍ശിക്കുന്ന ചില രാജ്യങ്ങളില്‍ ചെയ്തത് പോലെ, ഭരണകൂടങ്ങള്‍ക്ക് അതിന്റെ ചില പ്രവര്‍ത്തനങ്ങളും അധികാരങ്ങളും സാംസ്‌കാരിക വിഭാഗങ്ങളുടെ സാമൂഹിക ക്രമത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
വിഖ്യാത രാഷ്ട്രീയ തത്ത്വചിന്തകന്‍ വില്‍ കിംലിക്ക (Will Kymlicka)ഈ വ്യത്യാസം ആന്തരിക നിയന്ത്രണങ്ങളും (Internal Restrictions) ബാഹ്യ സംരക്ഷണവും (External Protection) എന്നീ രണ്ട് പരികല്‍പനകള്‍ ഉപയോഗിച്ച് വളരെ നന്നായി ചിത്രീകരിക്കുന്നുണ്ട്.8 അതായത്, വിവിധ സാംസ്‌കാരിക വിഭാഗങ്ങള്‍ക്ക് രാജ്യത്തിനകത്ത് അവകാശങ്ങള്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഈ അവകാശങ്ങള്‍ അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ആന്തരികമായി പരിമിതപ്പെടുത്താന്‍ അവസരമില്ലാത്ത വിധത്തില്‍ വ്യന്യസിക്കുകയും വേണം. ഭരണകൂടവും മറ്റ് സമൂഹിക വിഭാഗങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്നും അപകടങ്ങളില്‍ നിന്നും അവരുടെ സാംസ്‌കാരിക മൂല്യങ്ങളെ സംരക്ഷിക്കാനുള്ള അവസരമൊരുക്കണം. 
(തുടരും)


അവലംബം:
1.    ഇബ്‌നുല്‍ ഖയ്യിം- അത്ത്വുറുഖുല്‍ ഹികമിയ്യ ഫിസ്സിയാസ അശ്ശറഇയ്യ, ദാറുല്‍ കുതുബ് (2011), ബൈറൂത്ത്
2. S. Furnivall, Colonial Policy and Practice (Cambridge:  Cambridge University Press, 1948
3.    M.G. Smith, “Institutional and Political Conditions of Pluralism,” in Pluralism in Africa, ed. By L. Kuper and M.G. Smith (Berkeley:  University of California Press, 1965), pp. 32-33
4.    മാറുന്ന ലോകവും ഇസ്‌ലാമിക ചിന്തയും - സയ്യിദ് സആദതുല്ലാ ഹുസൈനി
5.    Clive Baldwinet. al. (2007) Minority Rights, The Key to Conflict Prevention; Minority Rights Group International at https:  //minorityrights.org/wp-content/uploads/old-site-downloads/download-174-Minority-Rights-The-Key-to-Conflict-Prevention.pdf, retrieved on 1-11-2021
6.    Judith Baker (ed) (1994) Group Rights; University of Toronto Press; Toronto;Will Kymlicka(1995) Multicultural Citizenship:  A Liberal Theory of Minority Rights, Oxford:  Clarendon Press
7.    Ibid
8.    കനേഡിയന്‍ രാഷ്ട്ര തന്ത്രജ്ഞനായ വില്‍ കിംലിക്ക വിവിധ സാംസ്‌കാരിക വിഭാഗങ്ങളുടെ സംഘടിത അവകാശങ്ങള്‍ക്കായി വാദിക്കുന്ന പ്രമുഖ രാഷ്ട്രീയ തത്ത്വചിന്തകരില്‍ ഒരാളാണ്. ഈ വിഷയത്തില്‍ അദ്ദേഹത്തിന് നിരവധി പുസ്തകങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് (Will Kymlicka (1995) Multicultural Citizenship:  A Liberal Theory of Minority Rights / Clarendon Press; Oxford; page 35-44)