കവിത

സ്മൃതിപ്പതക്കങ്ങളിൽ
രണ്ട് മഴക്കാടുകൾ മുളച്ച്,
പച്ചച്ച
ഞരമ്പിൻ തണ്ടു പോലെ
നെഞ്ചകത്ത്
തിളച്ച് ..

ഒന്ന് :

മഴപ്പച്ച..

മക്ക അൽ മുകർറമ !
ഞെക്കു വിളക്കിന്റെ
പകർന്നാട്ടത്തിൽ
പരിപാകം വന്ന
നിലാ നീൽ.

വന്ധ്യമായ ഗിരിനിരകളിൽ
സൂര്യന്മാർ
കൂത്താടിയ ഗർഭഗൃഹങ്ങളിൽ
എന്റെ നെഞ്ചം
പടം പൊഴിച്ച് ..

ചിര പ്രാചീന വിശുദ്ധ മന്ദിരത്തിനു ചുറ്റും
പെറ്റു പെരുകിയ
സമുദ്രങ്ങളിൽ
തിരിയണയാ ഓർമയുടെ നങ്കൂര സ്ഥലിയിൽ
ഞാൻ
എന്നെ കത്തിച്ചു വെച്ച് ..

ചരിത്രത്തിന്റെ കുന്നിടങ്ങളിൽ
പെയ്തു തീരാത്ത
വേഗാവേഗങ്ങളുടെ
ഹാഗർ പതിപ്പുകളിൽ നിന്ന്
പൊള്ളുന്ന
ഒരു നട്ടുച്ച പറിച്ചെടുത്ത് ..

മരണം മണക്കുന്ന
മിനാ - മുസ്ദലിഫാ വന്യതയിൽ നിന്ന്
വഴറ്റിയെടുത്ത
തീ വീർപ്പുകൾ
പരിക്ഷീണമായിപ്പോകാനിടയുള്ള
സന്ധ്യകൾക്ക്
വിരുന്നൊരുക്കി..

നാഥനെ
എടുത്തണിയുകയും
അവനെന്നിലേക്ക്
ഏറ്റം ഗാഢമായണയുകയും
ചെയ്ത
കാഴ്ചയുടെ
ജ്വാലാഗ്നികളിൽനിന്ന്
പഞ്ചവർണ പൈങ്കിളികൾ വാഴുമൊരു
പച്ച തഴപ്പ്
പകുത്തെടുത്ത് ..

പാച്ചിലുകളുടെ പുകച്ചിലുകളിൽ,
വഴിപ്പെരുപ്പങ്ങളുടെ
കയറ്റിറക്കങ്ങളിൽ
നീ
ഉത്തോലകമാകുമല്ലോ
ഓരോ അടരിലുമെന്നൊരു
നെടുവീർപ്പ് നട്ട്,

ഞാൻ പൊരുന്ന വെച്ച
കനവിന്റെ
നിറകതിർ ചൊറികളിൽ
മക്കാ മണി ദീപമേ,
നീ
കനത്തു മുഴുത്ത്
ഒടുവിൽ
ഞാനും നീയും
കെട്ടടങ്ങാത്ത മഴയുടെ ആരവമാകട്ടെയെന്ന
ഇശ്ഖ് കൊരുത്ത് …

രണ്ട്:

മഴ താളം ..

മദീന അൽ മുനവ്വറ .!
സുപ്രകാശിത - പൂർണ ചന്ദ്ര മുദ്രിത
മഹീതലം.
എന്റെ മുത്ത് നബി,
മുത്തൊളി കുസുമാഢ്യം,
ആത്മാവിന്റെ അഞ്ചഞ്ചും
മന്ദാര മലർ തഞ്ചും
മഹാ പുരി.

ഹൃദയാഭിരാമം.
സുമവാടികയിലെ
മന്ത്ര സ്വനിത മർമരം.
ജന്നാത്തുൽ ഫിർദൗസിലേക്ക്
പടർന്നൊരു
ആകാശ ചുംബിത പൂമരം.
ചരാചരനാൽ വാഴ്ത്തപ്പെട്ടവരേ,
ഞാൻ
ചാരേ ചെരാതായുണ്ട്.

ഞാൻ
മുസ്വല്ല വിരിക്കട്ടെ
ഒരിക്കൽ കൂടി,
ഓർമയുടെ പ്രൗഢമായ
കണ്ണിറുക്കങ്ങളിൽ.