'അൽ അഖ്ലുസ്സലീം ഫിൽ ജിസ്മിസ്സലീം' (ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള ചിന്ത) എന്ന അറബി പഴമൊഴി ഏറെ പ്രസിദ്ധമാണ്. വൈജ്ഞാനിക ശാക്തീകരണം പോലെ ആരോഗ്യ ശാക്തീകരണവും നിര്‍ബന്ധമാക്കേണ്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. കമ്പ്യൂട്ടര്‍ ഗെയിമുകളിൽ സമയം കളഞ്ഞും, ബര്‍ഗറും സാന്റ്‌വിച്ചും കഴിച്ച് ടി.വി കാഴ്ചകള്‍ക്ക് മുന്നില്‍ ചടഞ്ഞിരുന്നും പൊണ്ണത്തടിയരായി മാറിയ ധാരാളം കുട്ടികളെ നാം ദിനേന കാണുന്നു. വീടിനുള്ളില്‍ ഗെയിം റൂമുകള്‍ വരെ സജ്ജീകരിച്ച് ഊണും ഉറക്കവുമെല്ലാം അതിനുള്ളിലാക്കിയ വീഡിയോ ഗെയിം അഡിക്റ്റുകളായ കുട്ടികളും ഇന്ന് കുറവല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ന് ലോകത്താകമാനം 39 മില്യൻ കുട്ടികള്‍ അമിത വണ്ണം കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. 2025 ആകുമ്പോഴേക്കും ഇത് 167 മില്യനിലേക്ക് എത്തുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിലാണ് ഇന്റഗ്രേറ്റഡ് എജുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ(IECI)യില്‍ അഫിലിയേറ്റ് ചെയ്ത മദ്റസാ വിദ്യാർഥികള്‍ക്കായി കേരള മദ്റസാ എജുക്കേഷന്‍ ബോര്‍ഡ് (KMEB) സംഘടിപ്പിക്കുന്ന 'അറ്റ്‌ലെറ്റിസ്മോ കായിക മത്സരങ്ങള്‍' ശ്രദ്ധേയമാകുന്നത്. മദ്റസ, സബ് ജില്ല, സോണല്‍, സ്റ്റേറ്റ് തലങ്ങളിലായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളും ഫുട്‌ബോള്‍, ബാഡ്‌മിന്റണ്‍ മത്സരങ്ങളുമാണ് അതിന്റെ ഭാഗമായി നടക്കുന്നത്.
ഒരുപക്ഷേ, രാജ്യത്ത് ആദ്യമായിട്ടാവാം ഒരു മദ്റസാ ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാന തലം വരെ നീണ്ടുനില്‍ക്കുന്ന കായിക മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ കരിക്കുലര്‍, കോ കരിക്കുലര്‍ വിഭജനം ഇല്ലാതാവുകയും പഠന പ്രവര്‍ത്തനങ്ങളുടെ മുഖ്യ ധാരയില്‍ തന്നെ ആര്‍ട്സ് & സ്പോര്‍ട്സ് ആക്റ്റിവിറ്റികള്‍ സ്ഥാനം പിടിക്കുകയും ചെയ്ത ഇക്കാലത്ത് മദ്റസാ പഠന രീതികളിലും തദനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്ന് ഇതിന് നേതൃത്വം നൽകുന്ന കെ.എം.ഇ.ബി ഉദ്ദേശിക്കുന്നു.
സ്പോര്‍ട്സ് വഴി കിട്ടുന്ന ടീം ബില്‍ഡിംഗും, ഗ്രൂപ്പ് ഡൈനാമിക്സും ജീവിതത്തിൽ എന്നേക്കും വേണ്ട സ്കില്ലുകള്‍ അഭ്യസിക്കുന്ന മദ്റസാ പഠനത്തിന്റെ പ്രധാന പഠന ഫലങ്ങള്‍ (learning outcomes) ആവേണ്ടതുണ്ട്. കലാ മത്സരങ്ങളില്‍ ഒരു കാലത്തും പങ്കെടുക്കാന്‍ കഴിയാത്ത, എന്നാല്‍ കായിക അഭിരുചിയുള്ള കുട്ടികളുടെ ചോദനകളെ കൂടി പരിഗണിക്കേണ്ടതുണ്ട് എന്ന ചിന്തയില്‍ നിന്നുകൂടിയാണ് 'അറ്റ്‌ലെറ്റിസ്മോ' എന്ന ആശയം പിറവി കൊള്ളുന്നത്. നമ്മുടെ വിദ്യാർഥികളെ സംബന്ധിച്ചേടത്തോളം, പാഠ്യ-പാഠ്യേതര രംഗത്ത് അവര്‍ അഭിമുഖീകരിക്കുന്ന എല്ലാവിധ സമ്മർദങ്ങളെയും അകറ്റിനിര്‍ത്തി അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കാനുള്ള ഒരു വഴി കൂടിയാണ് ഇത്തരം കായികോത്സവങ്ങള്‍. ആരോഗ്യമെന്നാല്‍ അത് സിക്സ് പാക്കും, പെരുപ്പിച്ച മസിലുമാണെന്ന മിഥ്യാ ധാരണ ഇന്ന് നല്ലൊരു വിഭാഗം വിദ്യാർഥികളിലും യുവജനങ്ങളിലും വേരുറച്ചിട്ടുണ്ട്. അതിനു വേണ്ടി കൃത്രിമ പ്രോട്ടീനുകൾ ഉപയോഗിക്കുന്നതും, ഒട്ടും ആശാസ്യമല്ലാത്ത ഭക്ഷണ ശീലങ്ങൾ സ്വീകരിക്കുന്നതും വളര്‍ന്നുവരുന്ന തലമുറയെ രോഗാതുരമാക്കുന്നുണ്ട്. ശരിയായ കായിക സംസ്കാരത്തിലേക്ക് അവരെ വഴി നടത്തുക എന്നതാണ് അതിനുള്ള പരിഹാരം. അതിലേക്കുള്ള ചെറിയ ചുവടുവെപ്പാണ് അറ്റ്‌ലെറ്റിസ്മോ കായികോത്സവം. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന കായിക സംസ്കാരം സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കുക എന്നതും ഇത്തരം പദ്ധതികളുടെ ലക്ഷ്യമാണ്.
വിശ്വാസവും വിജ്ഞാനവും പോലെത്തന്നെ ആരോഗ്യമുള്ള ശരീരം ഏതൊരു മനുഷ്യന്റേയും ആഗ്രഹം പോലെത്തന്നെ അവകാശവും കൂടിയാവണം. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കേണ്ടത്, ശരീരത്തിന്റെ ആകാരവും പേശികളും മറ്റ് അനുബന്ധ അവയവങ്ങളും പെട്ടെന്ന് വളരുകയും പാകപ്പെടുകയും ചെയ്യുന്ന ശൈശവത്തിലാണ്. അതുകൊണ്ട് തന്നെ കളിയും ചലനാത്മകതയും ജന്മവാസനയായുള്ള കുട്ടികളെ ചില്ലിലടച്ച് തളര്‍ത്താതെ മണ്ണിലിറക്കി വളര്‍ത്താന്‍ നമുക്കാവണം. അവരില്‍ അന്തര്‍ലീനമായ ചോദനകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക വഴി, പുതിയ ലോകത്തെ ആരോഗ്യമുള്ള തലമുറക്കായി മുന്നില്‍ നില്‍ക്കേണ്ടവര്‍ അവരുടെ രക്ഷിതാക്കളും അധ്യാപകരും തന്നെയാണ്. ആ അർഥത്തില്‍ അറ്റ്‌ലെറ്റിസ്മോ നിര്‍വഹിക്കുന്നത് കാലഘട്ടം ആവശ്യപ്പെടുന്ന ദൗത്യം തന്നെയാണെന്നതില്‍ സംശയമേതുമില്ല. l
(കേരള മദ്റസാ എജുക്കേഷന്‍ ബോര്‍ഡ് ഡയറക്ടറാണ് ലേഖകൻ)
[email protected]