1999-ല്‍ ഇരുപത്തിയഞ്ചു കൊല്ലം മുമ്പ് കേരള മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ മൂന്ന് വ്യത്യസ്ത ദിവസങ്ങളില്‍ ആഘോഷിക്കേണ്ടിവന്നു. നിസ്സാര പ്രശ്‌നങ്ങളില്‍ വിഘടിച്ച് പരസ്പര സഹകരണവും ബഹുമാനവും ഇല്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മുസ്ലിം സംഘടനാ നേതാക്കളുടെയും മറ്റും ഈഗോയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് ദൗര്‍ഭാഗ്യവശാല്‍ സമുദായത്തെ ഈ ദുരിതത്തില്‍ എത്തിച്ചത്.
ഇതിന് അറുതിവരുത്തി സംഘടനകള്‍ തമ്മില്‍ മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വഴികള്‍ ആരായാന്‍, കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന FORUM FOR FAITH AND FRATERNITY (3F) എന്ന കൂട്ടായ്മ മുന്‍കൈയെടുത്തു. അതിനായി അവര്‍ വ്യത്യസ്ത സംഘടനാ നേതാക്കളെയും പൗരമുഖ്യരെയും നേരില്‍ കണ്ട് സംസാരിച്ചു. വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് എല്ലാവരില്‍നിന്നും ലഭിച്ചത്. ബന്ധപ്പെട്ടവരെല്ലാം നിർദേശിച്ചതനുസരിച്ച് സംഘടനാ പ്രതിനിധികളുടെയും പൗരമുഖ്യരുടെയും ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചു. പക്ഷേ യോഗം വിളിച്ചുചേര്‍ക്കുന്നത് ഒരു സംഘടനയിലും പെടാത്ത, അതേസമയം എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരിക്കണം എന്നും നിർദേശം വന്നു. ഫോറം ഭാരവാഹികള്‍ ഈ ആവശ്യത്തിനായി പ്രവാസി വ്യവസായ പ്രമുഖനായ മുഹമ്മദലി ഗള്‍ഫാറിനെ സമീപിക്കുകയും അദ്ദേഹം സന്തോഷത്തോടെ അതിന് സമ്മതിക്കുകയും ചെയ്തു.
അങ്ങനെയാണ് 1999 ഒക്ടോബര്‍ 21-ന് കോഴിക്കോട് ഹൈസണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, നദ്്്വത്തുല്‍ മുജാഹിദീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്, എംഎസ്.എസ് എന്നീ സംഘടനകളുടെ ഉന്നതരായ നേതാക്കളും ഒരു ഡസനോളം പൗരപ്രമുഖരും ഫോറം ഭാരവാഹികളും ഒത്തുചേര്‍ന്നത്. 'മുസ്ലിം സൗഹൃദവേദി'യുടെ രൂപവത്കരണത്തിലാണ് ആ യോഗം അവസാനിച്ചത്. ഗള്‍ഫാര്‍ മുഹമ്മദലി സാഹിബിനെ സൗഹൃദവേദിയുടെ കണ്‍വീനറായും 3F-ന്റെ സെക്രട്ടറിയായിരുന്ന സി.എച്ച് അബ്ദുര്‍റഹീമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
സംഘടനകള്‍ തമ്മിലുള്ള ആദര്‍ശപരമായ ഭിന്നതകള്‍ നിലനില്‍ക്കെ തന്നെ പൊതു കാര്യങ്ങളില്‍ ഒന്നിച്ച് സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവും മറ്റുമായ പുരോഗതിക്കായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള ഉറച്ച തീരുമാനത്തോടെയാണ് അന്ന് ആ യോഗം അവസാനിച്ചത്. ആറേഴ് വര്‍ഷം വളരെ സക്രിയമായി പ്രവര്‍ത്തിച്ച സൗഹൃദവേദിക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ ഒന്നും സമുദായത്തില്‍ വരുത്താന്‍ സാധിച്ചില്ലെങ്കിലും പല കാര്യങ്ങളിലും തുടക്കം കുറിക്കാനും ചിലതൊക്കെ ചെയ്യാനും സാധിച്ചു. താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
- നോമ്പ്- പെരുന്നാളുകളുടെ ഏകീകരണം: മാസപ്പിറവി പ്രഖ്യാപിക്കുന്ന വിവിധ സംഘടനാ നേതാക്കള്‍, തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഖാദിമാര്‍- ഇവര്‍ തമ്മില്‍ ആശയവിനിമയ സംവിധാനം ഉണ്ടാക്കി. പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്പ് പരസ്പരം കൂടിയാലോചിക്കാനുള്ള സന്മനസ്സ് അവരില്‍ ഉണ്ടാക്കിയെടുത്തു. ഈ സംവിധാനം അനൗപചാരികമായെങ്കിലും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും തുടരുന്നു.
- പിന്നാക്ക സമുദായ ഉന്നമനം ഉദ്ദേശിച്ച് നിയോഗിക്കപ്പെട്ട ജസ്റ്റിസ് നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ അന്നത്തെ സര്‍ക്കാരില്‍ കൂട്ടായ സമ്മർദം ചെലുത്തി.
- പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സഹായകമാകുന്ന പെരുമാറ്റ ചട്ടത്തിന്റെ രൂപരേഖയുണ്ടാക്കി സംഘടനകള്‍ക്ക് സമര്‍പ്പിച്ചു. ഔദ്യോഗികമായി പെരുമാറ്റ ചട്ടം സംഘടനകള്‍ അംഗീകരിച്ചില്ലെങ്കിലും അതിലെ നിർദേശങ്ങളുടെ ചൈതന്യം ഉള്‍ക്കൊള്ളാന്‍ സംഘടനകള്‍ തയാറായി. പ്രസിദ്ധീകരണങ്ങളിലും പ്രഭാഷണങ്ങളിലും വന്നിരുന്ന പ്രതിപക്ഷ ബഹുമാനമില്ലാത്ത വിമര്‍ശനങ്ങള്‍ സൗഹൃദവേദിക്ക് മുമ്പുള്ളതിനെക്കാള്‍ നന്നേ കുറഞ്ഞു.
- മദ്യപാനം, ചൂതാട്ടം തുടങ്ങിയ തിന്മകള്‍ക്കെതിരെ ഒരു സംഘടിത പ്രവര്‍ത്തന രൂപരേഖ ഉണ്ടാക്കാന്‍ മുസ്ലിം യുവജന വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ ഒരു മുഴുദിവസ സെമിനാര്‍ സംഘടിപ്പിച്ചു. മുഖ്യധാരാ യുവജന സംഘടനകളുടെ സാരഥികള്‍ അതില്‍ സംബന്ധിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊതുവേദി ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സെമിനാറില്‍ ഉരുത്തിരിഞ്ഞുവന്ന നിർദേശങ്ങള്‍ പലതും സംഘടനകള്‍ സ്വന്തം നിലയില്‍ ഏറ്റെടുത്തു നടത്തി.
*സൗഹൃദവേദിയുടെ ഏറ്റവും ശ്രദ്ധേയമായ നീക്കം സമുദായത്തിന്റെ സമഗ്രമായ പുരോഗതിക്ക് ഒരു രൂപരേഖ ഉണ്ടാക്കി സമര്‍പ്പിച്ചതായിരുന്നു. ധാർമികം, മതപരം, സാമുദായികം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ മേഖലകളില്‍ ഫലപ്രദമായ പ്രായോഗിക കർമപരിപാടി ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ രൂപരേഖ. 2003 ജനുവരി 4-ന് കോഴിക്കോട് ഹോട്ടല്‍ ഹൈസണില്‍ അന്നത്തെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഈ രൂപരേഖ അംഗീകരിച്ചു. സൗഹൃദത്തിന്റെ സന്ദേശം ഓരോ സംഘടനയുടെയും പ്രാദേശിക തലങ്ങളില്‍ എത്തിക്കാനും, സംയോജിത പ്രവര്‍ത്തനങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ തുടങ്ങാനും തീരുമാനമായി. സൗഹൃദവേദിയുടെ പ്രവര്‍ത്തനം അധിക നാള്‍ തുടരാന്‍ സാധിക്കാത്തതിനാല്‍, ഈ രൂപരേഖ പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവരാന്‍ സാധിച്ചില്ല. - നാലഞ്ച് വര്‍ഷം റമദാന്‍ മാസങ്ങളില്‍ സൗഹൃദവേദി ഔദ്യോഗികമായി സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും വേദിയായി മാറി. കോഴിക്കോട്ടും എറണാകുളത്തും മാറിമാറി സംഘടിപ്പിക്കപ്പെട്ട ഈ ഇഫ്ത്വാര്‍ വിരുന്നുകളില്‍ സംഘടനാ നേതാക്കള്‍ക്ക് പുറമേ പൗരപ്രമുഖരും, വ്യവസായ, വാണിജ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പങ്കെടുത്തിരുന്നു.
- പിന്നാക്ക സമുദായങ്ങളുടെ, പ്രത്യേകിച്ച് മുസ് ലിംകളുടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ഗവേഷണപരമായ ഉപരിപഠനത്തിനും, സര്‍വോപരി സമുദായത്തെ നയിക്കാന്‍ കെല്പുള്ള നേതൃനിരയെ വാര്‍ത്തെടുക്കാനും വേണ്ടി നിലവില്‍വന്ന Social Advancement Foundation of India (SAFI) എന്ന സംരംഭം സൗഹൃദവേദിയുടെ സംഭാവനയാണെന്ന് പറയുന്നതില്‍ തെറ്റില്ല.
നിര്‍ഭാഗ്യവശാല്‍ സൗഹൃദവേദിയുടെ പ്രവര്‍ത്തനം അഞ്ചാറ് വര്‍ഷംകൊണ്ട് നിലച്ചുപോയി. കാരണം പലതുണ്ടെങ്കിലും സൗഹൃദവേദി നിശ്ചലമായപ്പോഴാണ് അതിന്റെ ആവശ്യകതയെ കുറിച്ച ബോധം സമുദായത്തില്‍ വളരെ ശക്തമാണെന്ന് മനസ്സിലായത്. കേരളത്തില്‍ പൊതു കൂട്ടായ്മ എന്ന നിലക്ക് പ്രവര്‍ത്തനം നിലച്ചെങ്കിലും സൗഹൃദവേദിയുടെ മാതൃകയില്‍ കേരളത്തില്‍ പല സ്ഥലങ്ങളില്‍ പ്രാദേശികമായും ഗള്‍ഫിലും ഇത്തരം കൂട്ടായ്മകള്‍ നിലവില്‍ വരികയുണ്ടായി.
മാറിവരുന്ന സാഹചര്യങ്ങളില്‍ സമുദായം കൂടുതല്‍ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ സൗഹൃദവേദിയുടെ പുനരുജ്ജീവനത്തിന്റെ പ്രസക്തി കൂടുകയാണ്.
സൗഹൃദവേദി രൂപവത്കരിക്കപ്പെട്ട പശ്ചാത്തലത്തില്‍നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ സമുദായത്തിന്റെ അവസ്ഥ. അതിനനുസരിച്ച് കൂട്ടായ്മയുടെ പ്രവര്‍ത്തന മണ്ഡലങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. മുന്‍ഗണനാക്രമങ്ങളിലും മാറ്റമുണ്ടാകും.
പരിഗണിക്കപ്പെടേണ്ട ചില പുതിയ കാര്യങ്ങള്‍:
ഒന്ന്: ഇല്ലാത്ത പ്രീണനത്തിന്റെ പേരില്‍ എന്നും പഴി കേള്‍ക്കേണ്ടി വരുന്നുണ്ട് മുസ് ലിംകള്‍. ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം സമുദായത്തിന്റെ ശരിയായ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ അവസ്ഥയെ കുറിച്ചു സമഗ്രമായ ഒരു സ്ഥിതിവിവരക്കണക്ക് കൂട്ടായി തയാറാക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നതാണ്. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ആധികാരികമായ സ്ഥിതിവിവരക്കണക്ക് ഉണ്ടെങ്കില്‍ എല്ലാത്തരം ആരോപണങ്ങളെയും വസ്തുനിഷ്ഠമായി പ്രതിരോധിക്കാന്‍ കഴിയും. സമുദായ പുരോഗതിക്ക് സമഗ്രമായ ഒരു പ്രവര്‍ത്തന രൂപരേഖ ഉണ്ടാക്കാന്‍ ആ പഠനം നന്നേ ഉപകരിക്കും. വിവിധ സംഘടനകളില്‍നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ഇതിനൊരു സമിതി ഉണ്ടാക്കിയാല്‍ സർവേക്ക് രൂപ കല്പന ചെയ്യാനും സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കാനും കഴിയും.
രണ്ട്: വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. എണ്ണത്തില്‍ ഉണ്ടെങ്കിലും, അതില്‍ പലതിനും വേണ്ടത്ര ഗുണനിലവാരമില്ല. പല പ്രദേശങ്ങളിലും ഒരേതരം സ്ഥാപനങ്ങള്‍ ആവര്‍ത്തിക്കുന്നതു (Duplication) കൊണ്ട് പല സ്ഥാപനങ്ങളിലും വേണ്ടത്ര വിദ്യാര്‍ഥികളെയോ യോഗ്യരായ അധ്യാപകരെയോ കിട്ടാനില്ല. ഇത് സമുദായത്തിന്റെ സമ്പത്ത് അശാസ്ത്രീയമായി ഉപയോഗിച്ച് നഷ്ടപ്പെടുത്തലാണ്. സിവില്‍ സര്‍വീസിലേക്കും മറ്റുമുള്ള പരിശീലനത്തിന് നല്ല സാങ്കേതിക പരിജ്ഞാനവും പരിചയ സമ്പന്നരായ അധ്യാപകരും വേണം. ചെലവ് സ്വാഭാവികമായും കൂടും. ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ മഹല്ല് തോറും നടത്തേണ്ടതല്ല. സംസ്ഥാനത്ത് മൊത്തം മൂന്നോ നാലോ മികച്ച സെന്ററുകളില്‍ നടത്തിയാല്‍ നല്ല പരിശീലകരെ വെച്ച് ഫലപ്രദമായി ചെയ്യാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമുദായം നടത്തിക്കൊണ്ടിരിക്കുന്ന പല കോഴ്‌സുകള്‍ക്കും ഇത്തരം ഒരു consolidation അനിവാര്യമായിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ നൂതന രീതികളെക്കുറിച്ചും കാലികമായ കോഴ്‌സുകളെക്കുറിച്ചും ഗഹനമായ പഠനം നടക്കേണ്ടതുമുണ്ട്. അതിനാല്‍, സ്ഥാപനങ്ങളുടെ മൊത്തം നിലവാരം ഉയര്‍ത്താന്‍ (Quality improvement) വേണ്ടിയും സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും ശാസ്ത്രീയമായ പുനര്‍വിന്യാസത്തിനും, ആധുനിക വിദ്യാഭ്യാസ പ്രവണതകളെ പരിചയപെടുത്താനുമെല്ലാം വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപവത്കരിക്കാന്‍ സമുദായ കൂട്ടായ്മക്ക് കഴിയണം..
മൂന്ന്: ഇന്ന് പല സംഘടനാ നേതാക്കളും പ്രസംഗങ്ങള്‍ നടത്തുന്നതും ഉപദേശങ്ങള്‍ നല്‍കുന്നതും സമൂഹ മാധ്യമങ്ങളില്‍ കൂടിയാണ്. അത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും ഇതര സമുദായങ്ങളെ അകറ്റാനും ചിലപ്പോള്‍ കാരണമാകുന്നു. ഈ ഇടപെടലുകള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കാനായാല്‍ സമുദായത്തിന്റെ ഒരുപാട് സമയവും ഊർജവും ലാഭിക്കാം. ഒപ്പം, സമുദായം നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പണ്ഡിതന്മാരും ഉള്‍ക്കൊള്ളുന്ന ഒരു വിദഗ്ധ ടീമിനെ ഒരുക്കിനിര്‍ത്തുകയും വേണം.
നാല്: ഉത്തരേന്ത്യന്‍ മുസ്ലിം നേതാക്കളുമായും സംഘടനകളുമായും പ്രവര്‍ത്തനങ്ങളില്‍ കോര്‍ഡിനേഷന്‍ ഉണ്ടാക്കാന്‍ ദക്ഷിണേന്ത്യന്‍ സംഘടനകള്‍ക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ മുസ്ലിംകളെക്കാള്‍ മുന്തിയവരാണ് എന്നൊരു തോന്നല്‍ നമ്മിലെങ്ങനെയോ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ അവര്‍ നമ്മളെക്കാള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായും നാം കണ്ടു. അവിടെ നിലനിന്നിരുന്ന ബറേല്‍വി-ദയൂബന്ദി ഭിന്നിപ്പുകള്‍ ഒരതിരുവരെ അവര്‍ക്ക് തീര്‍ക്കാനായി. ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് കുറച്ചു കാലമായി രണ്ടു വിഭാഗമായി പ്രവര്‍ത്തിച്ചിരുന്നത്, തെരഞ്ഞെടുപ്പ് കാലത്ത് ഒന്നായി. ആഭ്യന്തര തര്‍ക്കങ്ങള്‍ മൂലം കുറച്ചു കാലങ്ങളായി വിഘടിച്ചു നിന്നിരുന്ന ദയൂബന്ദിലെ തന്നെ രണ്ട് വിഭാഗങ്ങള്‍ ഒന്നിച്ചു. ഇത്തരം വളരെ ക്രിയാത്മകമായ കാര്യങ്ങള്‍ക്ക് വടക്കേ ഇന്ത്യന്‍ മുസ്ലിംകളും സംഘടനകളും തുടക്കം കുറിച്ചിരിക്കുന്നു. സ്വയം പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നമ്മള്‍ ഒരു തെക്ക്-വടക്ക് സഹകരണത്തിന് മുന്‍കൈയെടുക്കണം. മുസ്ലിം സൗഹൃദവേദി ആയിരിക്കാം ഇതിന് മുന്‍കൈയെടുക്കാന്‍ കഴിയുന്ന സ്വാഭാവിക പ്രസ്ഥാനം.
സൗഹൃദവേദിയെ പുനരുജ്ജീവിപ്പിച്ചാല്‍ ഇത്തരം പദ്ധതികള്‍ അതിന് ഏറ്റെടുക്കാനാവും. അത് സമുദായത്തിന് പുതിയ ഊർജവും ഉണര്‍വും നല്‍കും. നേരത്തെ ഇതില്‍ മുന്‍കൈയെടുത്ത ഗള്‍ഫാര്‍ മുഹമ്മദലി സാഹിബിനെ പോലുള്ളവര്‍ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു. l