ഇക്കഴിഞ്ഞ മെയ് മൂന്നിന് ജമാഅത്ത് മുൻ ജില്ലാ സെക്രട്ടറിയും കണ്ണൂരിലെ പൗരപ്രമുഖനുമായ കെ.പി അബ്ദുൽ അസീസ് സാഹിബ് (76) അല്ലാഹുവിലേക്ക് യാത്രയായി. ഏപ്രിൽ 12-നാണ് യൂനിറ്റിയിൽ പ്രാർഥനക്കെത്തി തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ച കിടന്ന ശേഷമാണ് അന്ത്യം. വർഷങ്ങളായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരുന്നിട്ടും അതിന്റെ അവശതയൊന്നും അദ്ദേഹത്തിന്റെ പ്രസ്ഥാന പ്രവർത്തനത്തെ ബാധിച്ചിരുന്നില്ല. റമദാനിൽ ഹൽഖാ അമീറിന്റെ സ്നേഹോപഹാരം കഥാകാരൻ ടി. പത്മനാഭന് നൽകിയത് കെ.പിയായിരുന്നു. ജില്ലാ ഇഫ്ത്വാറിന്റെ സംഘടനാ ഗ്രൂപ്പ് സ്ക്വാഡിൽ പങ്കാളിയാവുകയും കൗസർ സ്കൂളിൽ ഇഫ്ത്വാർ പരിപാടിയിൽ ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു.
അസീസ് സാഹിബിനെക്കുറിച്ച ഓർമകൾ കണ്ണൂരിലെ ഓരോ പ്രവർത്തകനും ഏറെ പങ്ക് വെക്കാനുണ്ട്. വിശ്രമമില്ലാത്ത കർമവും, സന്ധിയില്ലാത്ത സമര ബോധവും, പ്രസരിപ്പാർന്ന പ്രബോധന ദൗത്യങ്ങളും, പശിമയാർന്ന മനുഷ്യ ബന്ധങ്ങളും എല്ലാം ചേർന്ന വ്യക്തിത്വമാണ് കെ.പിയുടേത്. 2020 ജനുവരി 11-ന് കണ്ണൂർ സ്റ്റേഡിയം കോർണറിലെ പൗരത്വ സമര പന്തലിൽ വെച്ച് മൽസ്യത്തൊഴിലാളി നേതാവ് എ.പി പ്രഭാകരൻ കെ.പി അബ്ദുൽ അസീസ് സാഹിബിന്റെ നെറ്റിയിൽ സമരശീർഷകം മുദ്രണം ചെയ്ത വിപ്ലവ ബാനർ കെട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞ വാക്കുകൾ ഓർമ വരികയാണ്. സമരവളണ്ടിയർ കെ.പിക്ക് കെട്ടാൻ കൊണ്ടുവന്ന ബാനർ ചോദിച്ചു വാങ്ങി പ്രഭാകരൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: "ഞാനാണ് അസീസ്ക്കയുടെ നെറ്റിത്തടത്തിന്റെ അവകാശി. എന്റെ നെറ്റിയിലും ഈ റിബൺ കെട്ടാനുള്ള അവകാശം അസീസ്ക്കക്കാണ്." പ്രഭാകരനും അസീസ് സാഹിബും തമ്മിലുള്ള ഹൃദയ ബന്ധം സമരപ്പന്തലിലെ ഈ നുറുങ്ങു വാക്കുകളിൽ ഒതുങ്ങുന്നതല്ല.
കണ്ണൂർ സിറ്റി കടലോരത്തെ സമാധാന ദൂതുമായി ഒരുമിച്ചുകൂടിയ സൗഹൃദ സംഘത്തിന്റെ കർമ സരണിയിൽ വിളഞ്ഞ സ്നേഹമായിരുന്നു അത്. നമ്മോട് വിടപറഞ്ഞ കണ്ണൂർ രൂപത വികാരി ജനറൽ ഫാദർ ദേവസ്യ ഈരത്തറ അധ്യക്ഷനായ സൗഹൃദ വേദിയുടെ അമരക്കാരിൽ ഒരാളായിരുന്നു കെ.പി. കേരളത്തിലെ ഗ്രാമങ്ങളിൽ പരമാവധി സൗഹൃദ വേദികൾ കെട്ടിപ്പടുക്കണമെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാർഷിക പരിപാടിയെ നെഞ്ചിലേറ്റിയ ഒന്നായിരുന്നു ഈ സൗഹൃദം. കടലോരത്തെ ഏത് പ്രശ്നങ്ങളിലും ഈ മൂവർ സംഘം (പ്രഭാകരൻ, ഫാദർ, കെ.പി) ഓടിയെത്തുമായിരുന്നു. കെ.പിയുടെ അനുസ്മരണ സദസ്സിൽ എത്തിച്ചേരാൻ കഴിയാതെ കണ്ണൂർ രൂപതയുടെ പുതിയ വികാരി ജനറൽ ഫാദർ ക്ലാരൻസ് പള്ളിയത്ത് ജമാഅത്ത് പി. ആർ സെക്രട്ടറിക്ക് അയച്ച അനുസ്മരണ സന്ദേശത്തിൽ, കെ.പിയുടെ സാന്നിധ്യം സമാധാനം ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമായിരുന്നുവെന്ന് വിശേഷിപ്പിച്ചു. ജീവിതത്തെ നന്മയാർന്ന പാതയിലേക്ക് കൈപിടിച്ച് നടത്താൻ പള്ളിക്കൂടത്തിലെന്ന പോലെ പിന്തുടരുന്ന അസീസ് സാഹിബ് ഈ ലേഖകന് ഗുരുതുല്യനായിരുന്നു. പ്രസ്ഥാന വേദികളിൽ കൂടിയാലോചനകളിൽ കൃത്യതയാർന്ന നിലപാടും തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ അചഞ്ചലമായ പ്രയത്നവും അദ്ദേഹത്തിന്റെ സവിശേഷതയാണ്. എല്ലാം വെട്ടിത്തുറന്നു പറയുന്ന കറകളഞ്ഞ ഹൃദയം. ചെയ്യാൻ കർമങ്ങളൊന്നും ബാക്കിയാക്കാത്ത സുകൃതം നിറഞ്ഞതും ധീരവുമായ മടക്കമായിരുന്നു അത്; ആരും കൊതിച്ചുപോകുന്ന ജീവിത സാക്ഷ്യം.
1964-65 കാലത്താണ് അദ്ദേഹം പ്രസ്ഥാനവുമായി ബന്ധപ്പെട്ടതെന്ന് ജമാഅത്ത് അംഗമായ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കെ.പി എറമു സാഹിബ് പറഞ്ഞു. താഴെ ചൊവ്വ ഹംദർദ് ഹൽഖയിലെ യുവാവായിരുന്നു അസീസ് സാഹിബ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ താഴെ ചൊവ്വയിൽ പഴയ കാലത്ത് തന്നെ ജമാഅത്ത് ശക്തമായ സാന്നിധ്യമായിരുന്നു. സാമ്പത്തികമായി വളരെ പ്രയാസപ്പെട്ടിരുന്നെങ്കിലും കഠിനാധ്വാനത്തിലൂടെ സ്വയം പ്രാപ്തി നേടിയ അസീസ് സാഹിബ് പ്രസ്ഥാനത്തിന്റെ എല്ലാ സാമ്പത്തിക സംരംഭങ്ങൾക്കും അകമഴിഞ്ഞ് ചെലവഴിക്കുന്ന നിലയിലേക്ക് വളർന്നു.
എറണാകുളത്തെ ജോലിക്കിടയിലും പിന്നീടുണ്ടായ വ്യാപാര ബന്ധങ്ങളിലും മൊയ്തു മൗലവിയുടെയും കെ. എന്നിന്റെയും പ്രവർത്തന ബന്ധങ്ങളിൽ വിളഞ്ഞ യൗവന സാന്നിധ്യമായിരുന്നു കെ.പി. അന്നത്തെ ചെറിയ സംഘടനാ സംവിധാനവും വിപുലമായ പ്രവർത്തന മേഖലയും കെ.പിയെ ധീരനായ പ്രബോധകനാക്കി വളർത്തി. കണ്ണൂരിന്റെ സാംസ്കാരിക വൃത്തങ്ങളിൽ തിളങ്ങിനിന്നിരുന്ന പരേതരായ പി. ഉമർ സാഹിബ്, പി.സി മൊയ്തു മാസ്റ്റർ, കെ.എൽ ഖാലിദ് സാഹിബ്, കുഞ്ഞി സാഹിബ്, സി. മുസ്തഫ സാഹിബ്, മുഹമ്മദ് മുൻഷി, ഹസൈനാർ സാഹിബ് തുടങ്ങിയവരുടെ ശ്രേണിയിലാണ് കെ.പി സഹോദരങ്ങൾ. കെ.എം മൊയ്തീൻ കുഞ്ഞി സാഹിബും കെ.പി എറമു സാഹിബുമാണ് ഈ ശ്രേണിയിൽ ഇനി നഗരത്തിൽ മുൻ തലമുറയിൽ അവശേഷിക്കുന്നത്. കണ്ണൂർ നഗരത്തിലെ പൗരപ്രമുഖരുമായുള്ള തങ്ങളുടെ ബന്ധങ്ങളെ അവർ ഇസ്‌ലാമിക പ്രവർത്തന മാർഗത്തിലേക്ക് കണ്ണി ചേർക്കുകയായിരുന്നു.
കണ്ണൂർ കൗസർ കോംപ്ലക്സും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാൻ കഠിനാധ്വാനം ചെയ്ത അദ്ദേഹം ഇസ്‌ലാമിക സാംസ്കാരിക പ്രവർത്തനത്തിന് പ്രത്യേകം ആസ്ഥാനം വേണമെന്ന ദൃഢനിശ്ചയം പുലർത്തി. വിട്ടുവീഴ്ചയില്ലാതെ ആ സംരംഭം പടുത്തുയർത്താൻ ഞങ്ങളുടെ മുന്നിൽ നടന്നു. വ്യക്തിത്വത്തെ അളക്കാവുന്ന ഏറ്റവും നല്ല സുവർണാവസരം ഒരുമിച്ചുള്ള യാത്രയാണെന്ന് തിരുദൂതർ പറഞ്ഞിരുന്നല്ലോ. ഹൃദയങ്ങൾക്ക് പശിമ ചേർക്കാൻ കഴിഞ്ഞ രണ്ട് വിദേശ യാത്ര അദ്ദേഹത്തോടൊപ്പം നിർവഹിക്കാൻ ഈ ലേഖകന് അവസരമുണ്ടായി. അനാരോഗ്യത്തിലും ആ യൗവന സാന്ദ്രമായ മനസ്സിന്റെ നൈരന്തര്യം കൂടെ വസിച്ചവർക്കെല്ലാം അനുഭവിക്കാൻ കഴിഞ്ഞു.
ഈ ലേഖകൻ എസ്.ഐ.ഒവിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ കെ.പിയുമായി അടുത്ത ബന്ധമുണ്ട്. കണ്ണൂർ സബ് റജിസ്ട്രാർ ഓഫീസിന് സമീപത്തെ അദ്ദേഹത്തിന്റെ മുദ്രക്കടലാസ് വിൽപന ഓഫീസ് സായാഹ്ന കൂടിക്കാഴ്ചയുടെ കേന്ദ്രമായിരുന്നു. രണ്ടു തവണ അദ്ദേഹത്തിന്റെ കീഴിൽ ഏരിയാ അസി. ഓർഗനൈസറും, കൺവീനറും, ഒരു തവണ അദ്ദേഹത്തിന്റെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ആയി സേവനം ചെയ്തത് വഴി സംഘാടന രംഗത്ത് വലിയ പരിശീലനമാണ് ലഭിച്ചത്. എഴുതി വെച്ച മിനുട്സിലെ വിട്ടുപോയ കാര്യങ്ങൾ കെ.പി ശ്രദ്ധയിൽ കൊണ്ടുവരുമായിരുന്നു. ട്രസ്റ്റുകളുടെ യോഗമായാൽ പോലും പ്രാസ്ഥാനിക യോഗത്തെ പോലെ സമയ നിഷ്ഠ അങ്ങേയറ്റം പാലിച്ചു. ചെലവിടുന്നതിന് മുമ്പ് വരവ് ഉറപ്പ് വരുത്തുന്ന ബജറ്റ് സിസ്റ്റം ഓരോ ഇവന്റുകളിലും കെ.പി പഠിപ്പിച്ചു. സ്രോതസ്സില്ലാതെ ചെലവഴിക്കുന്ന പ്ലാനിങിനെ അദ്ദേഹം എതിർത്തു. ചെലവിടുന്നതിലെ സൂക്ഷ്മത ഗൗരവപൂർവം ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ ത്യാഗപൂർണമായ ഏത് സംരംഭവും പടുത്തുയർത്താൻ അദ്ദേഹത്തെ മുന്നിൽ നിർത്തിയാൽ വിജയം ഉറപ്പായിരുന്നു.
പതിനായിരങ്ങൾ പങ്കെടുത്ത കണ്ണൂർ പോലീസ് മൈതാനിയിലെ ജില്ലാ ഇസ്‌ലാമിക സംഗമം, ഒരാഴ്ചയോളം ടൗൺ ഹാളിൽ നടന്ന ഖുർആൻ വിഷൻ പ്രദർശനം, കണ്ണൂർ കലക്ടറേറ്റ് മൈതാനിയിലെ ജില്ലാ സമ്മേളനം ഇവയെല്ലാം കെ. പി യുടെ സംഘാടന കരുത്ത് മാറ്റുരച്ച പരിപാടികളായിരുന്നു. കണ്ണൂർ രൂപത വികാരി ജനറൽ ദേവസ്യ ഈരത്തറയുടെ കൂടെ തയ്യിൽ സൗഹൃദ വേദി കെട്ടിപ്പടുക്കാനും തീരദേശത്തെ സംഘർഷ ഘട്ടങ്ങളിലെല്ലാം സമാധാന ദൂതുമായി ഇറങ്ങാനും കെ.പി മുന്നിലുണ്ടായിരുന്നു. തയ്യിൽ ചർച്ചിൽ റമദാനിൽ വിപുലമായ ഇഫ്ത്വാർ ഉൾപ്പെടെ സൗഹൃദ വേദി സംഘടിപ്പിച്ചു. തയ്യിൽ കടപ്പുറത്തെ സംഘർഷ വേളയിൽ സമവായ വേദികളിൽ കെ.പി നിറഞ്ഞുനിന്നു. മദ്യവർജന പ്രസ്ഥാനത്തിലും അദ്ദേഹം വലിയ സംഭാവനകൾ അർപ്പിച്ചു. നാലര പതിറ്റാണ്ട് മുമ്പ് (1980) ജമാഅത്ത് അംഗത്വം സ്വീകരിച്ചിരുന്നു. മക്കളെ മാതൃകാപരമായി വളർത്തി. മക്കളുടെ ദാമ്പത്യ കുടുംബ ബന്ധങ്ങൾ പ്രാസ്ഥാനിക ശ്രേണിയിലാവാൻ കാർക്കശ്യം പുലർത്തി. ഭാര്യ: എ.വി സാബിറ (സ്റ്റാമ്പ് വെണ്ടർ).
പുകഞ്ഞു നിൽക്കുന്ന കനൽ ഊതിപ്പടർത്തുകയാണ് വടകരയിൽ. വരാനിരിക്കുന്ന ലോക്സഭാ ജനവിധിയെ വ്യാഖ്യാനിക്കാൻ രാഷ്ട്രീയമല്ലാത്ത ഒരു ടൂൾ വേണം. മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കരുതെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുമെങ്കിലും വടകരയിലെ വരാനിരിക്കുന്ന ജനവിധിയുടെ വ്യാഖ്യാനം 'കാഫിർ' എന്ന മതസാങ്കേതിക പ്രയോഗമായിരിക്കും! പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ‘കാഫിർ’ പ്രയോഗത്തിലൂടെ വർഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് ഇടതുമുന്നണി മെയ് ആറിന് വടകരയിൽ വലിയൊരു പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വടകര മുസ്ലിംകൾ ഭൂരിപക്ഷമുള്ള മണ്ഡലമല്ല. അങ്ങനെയുള്ള ഒരിടത്ത് കാഫിർ പ്രയോഗിച്ചാൽ നഷ്ടം യു.ഡി.എഫിന് തന്നെയാണ്. ഇടത് മുന്നണിയെ അത് ഒരു തരത്തിലും ബാധിക്കില്ലെന്ന് മാത്രമല്ല, സംഘീ മനസ്സുള്ളവരുടെ വോട്ട് കൂടി ലഭിക്കാൻ അത് ഇടയാക്കുകയും ചെയ്തേക്കും. എന്നിട്ടും പിന്നെന്തിന് വോട്ടെടുപ്പിന് ശേഷവും റാലിയും സമ്മേളനവും പ്രസ്താവനയും നടത്തുന്നു?
'കാഫിർ' നിർമിതിക്ക് പിന്നിലുള്ള കലാപദാഹികളെ ഇനിയും പിടികൂടാൻ തയാറാകാത്ത പോലീസിനെതിരെ യു.ഡി.എഫ്, കോഴിക്കോട് എസ്.പി ഓഫീസിലേക്ക് മെയ് ഒമ്പതിന് മാർച്ച് നടത്തി. 'സി.പി.എം വർഗീയതക്കെതിരെ നാട് ഒന്നിക്കണം' എന്ന തലക്കെട്ടിൽ മെയ് 11-ന് യു.ഡി.എഫ് - ആർ.എം.പി സംയുക്ത ജനകീയ കാമ്പയിൻ നടന്നു. സാമുദായിക ധ്രുവീകരണത്തിന്റെ പ്രത്യാഘാതം എന്താണെന്ന് അനുഭവിച്ചറിയാത്തവരല്ല വടകരക്കാർ. പക്ഷേ, രാഷ്ട്രീയ ഗോഗോ വിളി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും ഉണ്ടാവാം എന്നത് വലിയ ആശങ്കയായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.
എളമരം കരീം സത്യം പറഞ്ഞു
ഇടതുമുന്നണി മെയ് ആറിന് വടകരയിൽ നടത്തിയ പ്രകടനവും പൊതു സമ്മേളനവും പ്രത്യക്ഷത്തിൽ പ്രകോപനരഹിതമാണ്. പക്ഷേ, തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വടകരയിൽ എന്താണ് ഉൽപ്പാദിപ്പിക്കാൻ പോകുന്നതെന്ന സൂചന അതിലുണ്ട്. എളമരം കരീം നടത്തിയ ഒരു മണിക്കൂറിലേറെ നീണ്ട ഉദ്ഘാടന പ്രഭാഷണത്തിന്റെ രത്നച്ചുരുക്കം, ബി.ജെ.പി രാജ്യത്ത് നടപ്പാക്കുന്ന വംശീയ രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും ഭീകരത വടകര മണ്ഡലത്തിൽ യു.ഡി.എഫ് വിഷയമാക്കിയില്ല എന്നതായിരുന്നു. വർഗീയമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് എന്ന് കരീം ഊന്നിപ്പറഞ്ഞു.
പക്ഷേ, കരീമിന്റെ പ്രഭാഷണത്തിലെ ചില പരാമർശങ്ങൾ നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്നവർക്ക് വേണ്ടി ഇവിടെ ഉദ്ധരിക്കാതെ നിർവാഹമില്ല. വിവാദമായിത്തീർന്ന സൈബർ സൃഷ്ടിയെക്കുറിച്ച് എളമരം കരീം പറഞ്ഞത് ഇങ്ങനെയാണ്: ''പുതിയ വാർത്താ വിനിമയ സങ്കേതമാണ് സോഷ്യൽ മീഡിയ. അതിലെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പോസ്റ്ററുകൾ സൃഷ്ടിക്കുന്നത് ആരാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ വ്യാജം നിർമിക്കാൻ സാങ്കേതിക വിദഗ്ധർക്ക് സാധിക്കും. അതുകൊണ്ട് ചിലപ്പോൾ ഒരു പോസ്റ്റ് ഇട്ടത് ആരാണെന്ന് മനസ്സിലാക്കാൻ കഴിയില്ല. ഒരു വീഡിയോ ചെയ്തതിന്റെ ഉറവിടം എവിടെയാണെന്ന് പോലും തിരിച്ചറിയാൻ കഴിയില്ല. ചിലപ്പോൾ അത് ഈ രാജ്യത്തുനിന്ന് ആവണമെന്നില്ല. വിദേശ രാജ്യങ്ങളിൽനിന്ന് ചെയ്യാൻ സാധിക്കും. അപ്പോൾ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?'' കരീമിന്റെ വിവരണം കേട്ടപ്പോൾ അൽഭുതം തോന്നി. ഇത്രക്കും അജ്ഞാതമായ ഒരു കാരണം ചൂണ്ടിക്കാട്ടിയാണല്ലോ ഒരു ദേശത്തുകാരുടെ മനസ്സിൽ കനൽ വർഷിക്കുന്നത്! സൈബർ കുറ്റാന്വേഷകർ ഉൾപ്പെടെ ആർക്കും പിടികൊടുക്കാത്ത ഒരന്തർധാര പിന്നിലുണ്ടെന്ന് കരീം പറയാതെ പറയുകയായിരുന്നു. അങ്ങനെയല്ല ഉദ്ദേശിച്ചതെങ്കിൽ ആർക്കും ചെയ്യാനാവുന്ന ഒരു പോസ്റ്ററിന്റെ പേരിൽ എന്തിനീ ബഹളം എന്ന് വടകരയിലെ പാർട്ടിയെ ഓർമിപ്പിക്കുകയുമാവാം.
ആർക്കും വേണ്ടാത്ത ‘കാഫിർ’
മഹാത്മ ഗാന്ധി തലശ്ശേരിയിൽ വണ്ടിയിറങ്ങിയപ്പോൾ ചുറ്റും കൂടി നിന്നവരോട് ചോദിച്ചത് ‘മായിൻ’ ഇവിടെ ഉണ്ടോ എന്നായിരുന്നുവത്രെ. തലശ്ശേരിയിലെ മാപ്പിളയെ എന്തിന് ഗാന്ധിജി പേരെടുത്ത് അന്വേഷിച്ചു എന്ന് അവിടെ ഉണ്ടായിരുന്നവർ ആശ്ചര്യപ്പെട്ടു. കുഞ്ഞിമായൻ എന്ന 'കാഫിർ മായിനെ' ആയിരുന്നു ഗാന്ധിജി അന്വേഷിച്ചത്. കുലീനവും സമ്പന്നവുമായ കുടുംബ പശ്ചാത്തലമുണ്ടായിട്ടും വേറിട്ടൊരു സാമൂഹിക ചിന്തയും ജീവിത കാഴ്ചപ്പാടും ദേശീയ ബോധവും പുലർത്തിയതിന്റെ പേരിലാണ് യാഥാസ്ഥിതിക മുസ്ലിം മുഖ്യധാര കുഞ്ഞിമായനെ ‘കാഫിർ’ കുഞ്ഞിമായൻ എന്ന് വിളിച്ചത്. 1922-ൽ വടക്കെ മലബാറിലെ ആദ്യ കോൺഗ്രസ് സമ്മേളനം ചേർന്നപ്പോൾ അധ്യക്ഷനായിരുന്നത് കുഞ്ഞിമായനായിരുന്നു. കുടുംബത്തെ ആധുനിക വിദ്യാഭ്യാസം നൽകി അന്ന് വേറിട്ട് നടന്നതിനാണ് ഈ പേര് കുഞ്ഞിമായന് കിട്ടിയത്. യഥാർഥ മത ബോധത്താലാണ് കുഞ്ഞിമായൻ തന്റെ നിലപാട് രൂപപ്പെടുത്തിയത് എന്ന് ഈ കാലഘട്ടത്തിലെ മത സംരംഭങ്ങൾ മുന്നിൽ വെച്ചാൽ നമുക്ക് ബോധ്യപ്പെടും.
കാഫിർ വിളി അഭിസംബോധനകളിൽ എന്നും നെറ്റ് വർക്ക് പരിധിക്ക് പുറത്തായിരുന്നു. മുസ്ലിംകൾ ആരും വിളിക്കാൻ ആഗ്രഹിക്കാത്ത ഒരു പദപ്രയോഗമാണത്. ‘കാഫിർ’ എന്ന് ഉച്ചരിക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് മുഹമ്മദ് നബി. വിളിക്കപ്പെടുന്ന ആൾ കാഫിർ അല്ലെങ്കിൽ വിളിച്ച ആളായിരിക്കും കാഫിർ എന്ന് പ്രവാചകൻ ഓർമിപ്പിച്ചു. ദൈവത്തിന്റെ ഏകത്വം അത് ബോധ്യപ്പെട്ടിട്ടും ധിക്കാരപൂർവം നിരാകരിച്ചവൻ എന്നാണ് ‘കാഫിര്‍’ പ്രയോഗത്തിന്റെ സാമാന്യ അർഥം. അതായത്, ദൈവത്തിന്റെ ഏകത്വം ശരിക്കും ബോധ്യമായ ശേഷം നിഷേധിച്ചാലേ ദൈവനിഷേധിയെന്ന് ഒരാളെക്കുറിച്ച് പറയാനാവൂ. ഇവിടെയുള്ള മഹാജനസഞ്ചയത്തിന് മുന്നിൽ ദൈവത്തിന്റെ ഏകത്വം സമർഥിക്കേണ്ട വിശ്വാസി സമൂഹം ആ ബാധ്യത നിർവഹിക്കാത്തേടത്തോളം കാലം ആരെയെങ്കിലും കാഫിർ എന്ന മുൻവിധിയോടെ കാണാവതല്ല. കാഫിർ പ്രയോഗത്തിന്റെ ഈ സൂക്ഷ്മ തലങ്ങൾ കാണാതെയും അറിയാതെയും അത് അനവസരത്തിലും ദുരുദ്ദേശ്യത്തിലും പ്രയോഗിക്കപ്പെടുന്നുണ്ട് എന്നാണ് വടകര നൽകുന്ന സന്ദേശം. കൃത്യമായ അജണ്ടയില്ലാതെ ഇങ്ങനെയൊരു പ്രചാരണം സംഭവിക്കില്ല എന്നതും ഉറപ്പ്.
തെരഞ്ഞെടുപ്പ് ജയിക്കാൻ പഠിച്ചവർ
1957-ൽ നാദാപുരം മണ്ഡലത്തിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച സി.എച്ച് കണാരനെ വിജയിപ്പിക്കാൻ പാർട്ടി ചെയ്ത ജാതീയ കുറുക്കുവഴി പുതിയ കോലാഹലത്തിനിടയിൽ വൈറലായിട്ടുണ്ട്. സി.എച്ച് കണാരൻ തോൽക്കുമെന്ന് ബൂത്ത് കമ്മിറ്റി കണക്കുകൾ വെച്ച് മണ്ഡലം നേതൃത്വം വിലയിരുത്തിയപ്പോൾ പ്രത്യക്ഷപ്പെട്ട മുദ്രാവാക്യമാണ് 67 വർഷത്തിന് ശേഷം ഇപ്പോൾ വൈറലായത്. സംഭവം ഇങ്ങനെ: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ നാദാപുരം മണ്ഡലത്തിലെ തിയ്യമേഖലകളിൽ രാത്രിയുടെ മറവിൽ ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. “കള്ളത്തിയ്യന് വോട്ടില്ല; കൊട്വാത്തിയ്യന് വോട്ടില്ല; സി.എച്ച് കണാരന് വോട്ടില്ല” എന്നായിരുന്നു പോസ്റ്റർ. മണ്ഡലത്തിലെ സാധാരണക്കാരിൽ വലിയൊരു പങ്ക് തിയ്യന്മാരായിരുന്നു. അവർക്ക് സി.എച്ച് കണാരൻ തിയ്യനാണ് എന്ന് തിരിച്ചറിയാനും അതുവഴി അവരുടെ വോട്ട് കൂടി അധികമായി നേടാനും പ്രയോഗിച്ച മറുതന്ത്രമായിരുന്നു അതെന്ന് എഴുത്തുകാരൻ എൻ.വി ബാലകൃഷണൻ കൊയിലാണ്ടി എഫ്.ബി കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ തന്ത്രം ഫലിക്കുകയും സി.എച്ച് കണാരൻ നിയമസഭയിലെത്തുകയും ചെയ്തു.
1970-ൽ ഇരിക്കൂർ നിയമസഭാ ഉപ തെരഞ്ഞെടുപ്പിൽ ഇ.കെ നായനാർ മൽസരിച്ചപ്പോൾ മുസ്ലിം ലീഗ് കേന്ദ്രത്തിലെ ബൂത്തുകളിൽ ബഹളമുണ്ടാക്കി പോളിങ്ങ് ദുർബലമാക്കി നായനാരെ 1822 വോട്ടിന് വിജയിപ്പിച്ച അനുഭവം അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എം.വി രാഘവൻ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. പാർട്ടിയുടെ കണക്കുകൂട്ടൽ, മൽസരത്തിൽ നായനാർ പരാജയപ്പെടുമെന്നായിരുന്നു. നായനാരുടെ എതിരാളി ആർ.എസ്.പിയിലെ അബ്ദുൽ ഖാദറാണ്. മുസ്ലിം ഭൂരിപക്ഷമുള്ള നിലയിൽ മണ്ഡലത്തിന്റെ ഘടന മാറിയതിനാൽ തെരഞ്ഞെടുപ്പിൽ നായനാർ വിജയിക്കില്ല എന്ന് തന്നെ പാർട്ടി കരുതി. ഇ.എം.എസും എ.കെ.ജിയും മാറിമാറി പ്രചാരണത്തിനെത്തിയിട്ടും വിജയപ്രതീക്ഷയില്ല. വിജയിക്കുമെന്ന് പറഞ്ഞ രാഘവനോട് ഇ.എം.എസ് പറഞ്ഞത്, രാഘവന്റെ ‘വീരസ്യം’മാത്രമാണത് എന്നാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് രാഘവൻ മുസ്ലിം ഭൂരിപക്ഷ ബൂത്തിൽ പോയി ബഹളമുണ്ടാക്കിയപ്പോൾ ലീഗുകാർ കല്ലെറിയുകയും രാഘവൻ പരിക്കേറ്റ് മടങ്ങുകയും ചെയ്തത്. തന്റെ ചോര ചിന്തിയത് വെറുതെയായില്ല എന്ന് രാഘവൻ തുടർന്ന് എഴുതുന്നു. ബൂത്തിലുണ്ടായിരുന്ന മുസ്ലിം വോട്ടർമാർ സ്ഥലം വിട്ടതിനാൽ പോളിങ്ങ് അവിടെ കുറഞ്ഞതു കൊണ്ട് മാത്രം നായനാർ അന്ന് ജയിച്ചു. അബ്ദുൽ ഖാദറിനെ തോൽപ്പിക്കാൻ നായനാർക്ക് വേണ്ടി ഇരിക്കൂറിൽ എം.വി രാഘവൻ ചെയ്തതും, ശൈലജ ടീച്ചറും ഷാഫി പറമ്പിലും മൽസരിച്ച വടകരയുടെ അന്തരീക്ഷത്തിൽ പൊങ്ങിനിൽക്കുന്ന വിവാദവും രണ്ടും രണ്ട് കാലദൈർഘ്യത്തിന്റെ അകലം പാലിക്കുന്നുണ്ട് എന്നത് ശരിയാണ്. അന്ന് സൈബർ ഇടങ്ങൾ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാത്തതിനാൽ രാഘവന് ചോര ചിന്തേണ്ടി വന്നുവെന്ന വ്യത്യാസമേ ഇവ തമ്മിലുള്ളൂ. താൽപര്യങ്ങളും അടവുകളും സാഹചര്യങ്ങളും എല്ലാം സമാനങ്ങളാണ്.
വ്യാജ 'കാഫിർ ' പോസ്റ്ററിന്റെ പശ്ചാത്തലം
പൊതു തെരഞ്ഞെടുപ്പുകളിൽ മലബാറിലെ യു.ഡി.എഫ് സംവിധാനത്തെ ചലനാത്മകമാക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ - മുസ്ലിം ലീഗ് പ്രവർത്തകർ. അവരുടെ ആരവത്താൽ മാത്രമേ യു.ഡി.എഫ് മേഖല എന്നും തിളച്ചുമറിഞ്ഞിട്ടുള്ളൂ. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള നാല് മണ്ഡലങ്ങളിലും മുസ്ലിം ലീഗുകാരാണ് വോട്ടെടുപ്പിനെ ടീം സ്പിരിറ്റോടെ ഏറ്റെടുക്കാറ്. ഇത്തവണ വടകരയിൽ സ്ഥാനാർഥിയായി വന്ന ഷാഫി പറമ്പിൽ യുവത്വം കൊണ്ടും കുറിക്ക് കൊള്ളുന്ന ഇടപെടലുകൾ കൊണ്ടും യുവാക്കളുടെ ഹരമായി മാറി. സിനിമയെ രാഷ്ട്രീയവുമായി മാറ്റുരച്ച് രാഷ്ട്രീയത്തിലെ രാഷ്ട്രീയേതര ചേരുവകളെ ഹൃദയസ്പൃക്കായി പ്രതിനിധാനം ചെയ്യുന്ന ഷാഫിയുടെ ടച്ചിങ്ങ് ആരെയും ആകർഷിക്കുന്നതാണ്. എല്ലായ്പ്പോഴും ഹരം പിടിച്ചു കളം നിറയുന്ന മുസ്ലിം യുവത്വം ഷാഫിയുടെ വരവോടെ ഒരൽപം ആവേശത്തോടെ ഇളകിമറിഞ്ഞത് സ്വാഭാവികം. ഈ ആവേശത്തെയാണ് സി.പി.എം ‘കാഫിർ’ വ്യാജ പോസ്റ്ററിന്റെ മറവിൽ നേരിട്ടത്. സത്യത്തിൽ, മുസ്ലിമല്ലാത്ത ഒരാളോട് മൽസരിക്കുന്ന മുസ്ലിം സ്വത്വം, അത് മതേതരനായാലും അംഗീകരിക്കാനാവില്ല എന്ന ഒരു തരം വരട്ടുചിന്ത ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തം.
മാർച്ച് എട്ടിന് ഷാഫി പറമ്പിൽ സ്ഥാനാർഥിയായി വടകരയിൽ രംഗപ്രവേശം ചെയ്തത് അസാധാരണമായ ആരവത്തോടെയായിരുന്നു. ശൈലജ ടീച്ചറെന്ന ഏറ്റവും മികച്ചൊരു സ്ഥാനാർഥി മുന്നിലുണ്ടായിട്ടും ഷാഫിയുടെ വരവിനെ വർഗീയമായി വരവേൽക്കുകയായിരുന്നു സി.പി.എം. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം അജീഷ് കൈതക്കൽ മാർച്ച് 11-ന് എഫ്.ബിയിലിട്ട കുറിപ്പ് ഇങ്ങനെയാണ്:
''മുസ്ലിം ലീഗിലെ ചില പ്രത്യേക സൂക്കേട് ഉള്ള ചെറുപ്പക്കാർക്ക് അർമാദിക്കാൻ പറ്റിയ ഒരു പേരുകാരൻ വടകരയിൽ സ്ഥാനാർഥിയായി…….. അത്തരക്കാർക്ക് ഷാഫി…ഷാഫി എന്ന പേര് കിട്ടിയാൽ മതി എന്ന കാര്യം മറ്റാരെക്കാളും നന്നായി കോൺഗ്രസിനറിയാം……… ലീഗിന്റെ കുട്ട്യേള് ഇറങ്ങി അതുകൊണ്ട് ഞങ്ങക്ക് ബല്യ പണിയൊന്നുമില്ല എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായം. ആ ആവേശ തിരയിളക്കം ലീഗിന്റെ കുട്ട്യേള് എല്ലാ ഗ്രാമങ്ങളിലേക്കും വന്ന് പ്രകടിപ്പിച്ചാൽ നമ്മളും വേറെ വലിയ പണിയൊന്നും എടുക്കാതെ ശൈലജ ടീച്ചറുടെ ഭൂരിപക്ഷം 2 ലക്ഷം കടത്തി തരും എന്ന കാര്യം ഉറപ്പാണ്.” സ്ഥാനാർഥിയുടെ മുസ്‌ലിം പേരും അത് നിർവഹിക്കുന്ന ദൗത്യവും വ്യക്തതയോടെ പറയുന്ന ഈ കുറിപ്പ് സി.പി.എമ്മിന്റെ ശരാശരി മനസ്സ് അളന്നെടുക്കുന്ന ഒന്നാണ്. സത്യത്തിൽ സി.പി.എമ്മിന്റെ മുസ്ലിം പ്രാതിനിധ്യ നിലപാടിനെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ മനോഭാവം. പാർട്ടിയിലെ മുസ്ലിം നേതാക്കളെ മുസ്ലിം പശ്ചാത്തലമുള്ള മണ്ഡലങ്ങളിൽ മൽസരിപ്പിച്ച് ജയിപ്പിക്കാറുള്ള പാർട്ടി തന്നെയാണ് സി.പി.എം. ഇമ്പിച്ചി ബാവ മൽസരിച്ച മണ്ണാർക്കാടും പൊന്നാനിയും മുസ്ലിം സ്വാധീനമുള്ള മണ്ഡലങ്ങളായിരുന്നു. പാലോളിയെയും ടി.കെ ഹംസയെയും മലപ്പുറത്തെ മുസ്ലിം പശ്ചാത്തലത്തെ സ്വാധീനിക്കാവുന്ന വിധത്തിൽ തന്നെയാണ് തെരഞ്ഞെടുപ്പിൽ കച്ചകെട്ടി ഇറക്കിയത്.
സൈബർ ഇടങ്ങളിലെ ‘വ്യാജ തറവാടികൾ’
‘വടകരയിലെ ആ വാട്സ്ആപ്പ് വർഗീയ പ്രചാരകൻ അറസ്റ്റിൽ’ എന്ന തലക്കെട്ടിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇറങ്ങുകയുണ്ടായി. 'കാഫിർ' നിർമിതിക്ക് പിന്നിലുള്ള കലാപദാഹികളെ പിടികൂടണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് യുവജന വിഭാഗം കോഴിക്കോട് എസ്.പി ഓഫീസിലേക്ക് മാർച്ച് നിശ്ചയിച്ച പശ്ചാത്തലത്തിലാണ് മട്ടന്നൂരിലെ ലീഗ്നേതാവിനെ വിവാദ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് വീഡിയോയിൽ പറയുന്നത്. വർഗീയ പ്രചാരണം നടത്തിയ ലീഗ് നേതാവ് അറസ്റ്റിൽ എന്ന ഒരു ചാനലിന്റെ വാർത്തയും മട്ടന്നൂർ കേസിലാണ് അറസ്റ്റ് എന്ന് വിവരിക്കുന്ന ഭാഗം വെട്ടിമാറ്റി അപൂർണമായി അതിൽ തിരുകിക്കയറ്റിയിരുന്നു. ഈ വീഡിയോ കണ്ട് മാർച്ച് നടത്തണമോ വേണ്ടേ എന്നു പോലും വടകരയിലെ യു.ഡി.എഫുകാർക്ക് കൺഫ്യൂഷൻ വന്നിരിക്കണം. അതുതന്നെയായിരുന്നു വീഡിയോയുടെ ലക്ഷ്യവും. മട്ടന്നൂരിലെ ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടപ്പോഴാണ് നിജസ്ഥിതി അറിയുന്നത്. പോളിംഗ് ദിവസം മട്ടന്നൂർ തെരൂർ 72-ാം ബൂത്തിൽ ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് നടന്ന തർക്കവും കൈയാങ്കളിയും സംബന്ധിച്ച് വാട്സ്ആപ്പിൽ 25 മിനിറ്റോളം നീളുന്ന പ്രകോപനപരമായ വോയ്സ് ഷെയർ ചെയ്തതിനാണ് മുസ്ലിം ലീഗ് കീഴല്ലൂർ പഞ്ചായത്ത് ട്രഷറർ ടി.പി ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മൂന്നിന്റെ ദേശാഭിമാനിയിൽ ഉൾപ്പെടെ ഇതിന്റെ വാർത്ത വന്നതാണ്. ഈ അറസ്റ്റാണ് വടകരയിലെ കാഫിർ പോസ്റ്ററിന്റെ പ്രതിയായി അവതരിപ്പിച്ച് വീഡിയോ പുറത്തിറക്കിയത്. മനോഹരമായ ഭാഷയോടെ ഒരു വീഡിയോ സന്ദേശം നുണബോംബായി പ്രസരിപ്പിക്കുകയായിരുന്നു. സൈബർ സഖാക്കൾ എത്തിപ്പെട്ട ഗതികേടിനെ വിളിച്ചറിയിക്കുന്നതായിരുന്നു ഈ വീഡിയോ. വ്യാജ നിർമിതിയുടെ യഥാർഥ ‘തറവാടികൾ’ ആരെന്ന് ബോധ്യപ്പെടും ഈ വീഡിയോ കണ്ടാൽ.
യൂത്ത് ലീഗിന്റെ ഏതെങ്കിലും പ്രവർത്തകൻ എൽ.ഡി.എഫ് സ്ഥാനാർഥി കാഫിറാണെന്ന് പറഞ്ഞുള്ള വാട്സ്ആപ്പ് സന്ദേശം അയച്ചു എന്ന് തെളിയിച്ചാൽ തിരുവള്ളൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഏതായാലും മട്ടന്നൂരിലെ അറസ്റ്റ് വടകരയിലേക്ക് കോർത്തിണക്കിയ വിരുതന് ഈ ഇനാം നൽകലാണ് ഉചിതം. ഏറ്റവും മികച്ച നുണബോംബിനുള്ള ഇനാം!
കനലെരിയിക്കുന്ന നുണ മീഡിയ
സി.പി.എമ്മിന്റെ സൈബർ തലം അതി വിപുലമാണ്. പാർട്ടി ഔദ്യോഗികമായി കൊണ്ടുനടത്തുന്ന കനൽ മീഡിയകൾക്ക് പുറമെ നിരവധി നിക്ഷിപ്ത താൽപര്യമുള്ള പി.ജെ ആർമി പോലുള്ള സ്തുതി ഗീത ഇടങ്ങൾ ഒത്തിരിയുണ്ട്. തെരഞ്ഞെടുപ്പിലെ സൈബർ ട്രോളറുകൾ വടകരയിൽ ഒതുങ്ങുന്നില്ല. കണ്ടുപിടിക്കാനാവാത്തത്ര വിപുലമാണ് പലതും. സൈബർ കുറ്റാന്വേഷണ വിഭാഗത്തിൽ 2023-ൽ മാത്രം 3155 സൈബർ കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടു എന്നാണ് കേരള പോലീസിന്റെ കണക്ക്. ഇത്തവണ ചില പത്രങ്ങളുടെ നിലപാടുകളെ പോലും ദുർവ്യാഖ്യാനിക്കുന്ന വിധം വ്യാജ പോസ്റ്ററുകൾ രംഗം കൈയടക്കിയിരുന്നു. മാധ്യമത്തിന്റെയും മീഡിയ വണ്ണിന്റെയും ലോഗോ ദുരുപയോഗം ചെയ്ത് ഒന്നിലേറെ വ്യാജ സന്ദേശങ്ങൾ ഇറങ്ങുകയുണ്ടായി. കനൽ മീഡിയകളിലും, അതുപോലുള്ളതുമായ സി.പി.എമ്മിന്റെ പബ്ലിക് ഡൊമൈനുകളിൽ എത്രയോ മോർഫിംഗുകളിലും അശ്ലീലങ്ങളിലും ഹാസ്യങ്ങളിലുമായി നേതാക്കളുടെ തലകളും ഉടലുകളും നിരന്നു നിൽക്കുന്നുണ്ട്. ഭർത്താവ് ടി.പിചന്ദ്രശേഖരൻ പൈശാചികമായി കൊലചെയ്യപ്പെട്ട ശേഷം അദ്ദേഹത്തിന്റെ പാതയിൽ പൊതു ഇടങ്ങളിൽ പൊരുതി നിന്നതിന്റെ പേരിൽ കെ.കെ രമ ഈ സൈബർ ആക്രമണത്തിൽ ഏറെ ഇരയാക്കപ്പെട്ട ഇടമാണ് വടകര. ശൈലജ ടീച്ചറുമായി ബന്ധപ്പെട്ട സൈബർ ആക്രമണവും ഇതുപോലെ അപലപിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ, അവയുടെ ഉറവിടം വ്യക്തമാക്കാനുള്ള ജാഗ്രത നിയമപാലന രംഗത്ത് ഉണ്ടാവുന്നില്ല.
സമുദായ സംഘടനകൾ ഐക്യപ്പെടുന്നത് പൊറുപ്പിക്കില്ല
2009-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വിലയിരുത്തി 'വർഗീയതയും കേരള രാഷ്ട്രീയവും' എന്ന തലക്കെട്ടിൽ 2010-ൽ എ. വിജയരാഘവൻ എഴുതിയ ലേഖനം വർക്കേഴ്സ് ഫോറം ബ്ലോഗ് സ്പ്പോർട്ട് വിന്യസിച്ചിട്ടുണ്ട്. അതിൽ യു.ഡി.എഫ് എല്ലാ ജാതിമത സംഘടനകളെയൂം ഒരുമിച്ചുനിർത്തുന്നതിനെ വലിയ പാതകമായിട്ടാണ് വിവരിക്കുന്നത്. മതേതരത്വം സംരക്ഷിക്കാനുള്ള മഹത്തായ കടമ നിർവഹിക്കാൻ ഇടതുപക്ഷ പ്രസ്ഥാനം ഉണ്ടെന്ന് സൂചിപ്പിക്കുന്ന വിജയരാഘവൻ, മുസ്ലിം ജനവിഭാഗത്തിനകത്തുള്ള എല്ലാ സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് യു.ഡി.എഫിന്റെ അജണ്ട എന്ന് തുറന്നുപറയുന്നു. മുസ്ലിം ഏകീകരണം തകരണമെന്ന ഈ മുൻകാല മനോഗതിയിൽ നിന്നാണ് കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്ത രണ്ട് ചേരിയിലായത്. അതിലൊരു ചേരിയെ ആവുന്നത്ര പാലൂട്ടി കൂടെ നിർത്താനും ലീഗ് പക്ഷത്തുള്ള ശേഷിച്ചതിനെ ഭിന്നിപ്പിച്ച് ദുർബലപ്പെടുത്താനും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയമായ ഈ അടവ് നയങ്ങൾ എക്കാലവും സി.പി.എം പിന്തുടർന്നിട്ടുണ്ട്. വടകരയിലെ ഇപ്പോഴത്തെ ‘വർഗീയതാ’ ഗോഗൊ വിളിയും രാഷ്ട്രീയമായ ഈ താൽപര്യത്തിന്റെ മറ്റൊരു പതിപ്പാണെന്ന് മാത്രം. സംഘ് മനസ്സുള്ള പാർട്ടിയിലെ ബ്രാഹ്മണർക്കും, യഥാർഥ സംഘികൾക്കും സന്തോഷം പകരുന്ന ഈ സമീപനത്തിന്റെ മൂത്ത് പഴുത്ത കാഴ്ചയാണ് വടകരയിൽ കാണുന്നത്.
മനുഷ്യരിലല്ല, ചില മനസ്സുകളിലാണ് വിഷം
വടകരയിലെ വർഗീയതയുടെ ചരിത്രം ചികഞ്ഞാൽ ഓർക്കാൻ പറ്റാത്ത പലതും പറയാനാവും. പക്ഷേ, അത് ആ നാട്ടിലെ മനുഷ്യബന്ധങ്ങളുടെയോ സാധാരണക്കാരുടെയോ ചരിത്രമല്ല എന്നു മാത്രം. കാരണം, കേരളത്തിന്റെ മാനവികമായ പ്രബുദ്ധത എന്താണോ അതു തന്നെയാണ് വടകരയുടെ നൻമയാർന്ന പ്രബുദ്ധതയും. എന്നാൽ, വടകരയുടെ ചരിത്രത്തിൽ ചില കരടുകൾ കലർന്നിട്ടുണ്ട്. 1988-ൽ ഒന്നാം നാദാപുരം കലാപം സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന എ. കണാരനെ പരാമർശിക്കാതെ ഓർമിക്കാനാവില്ല. അന്നും ഒരു വ്യാജ വാർത്തയാണ് കാരണമായത്. കണാരൻ സഞ്ചരിച്ച കാർ ആക്രമിക്കപ്പെട്ടു എന്ന പ്രചാരണത്തെത്തുടർന്ന് കാര്യങ്ങൾ നിയന്ത്രണം വിടുകയായിരുന്നുവല്ലോ. എട്ടുപേരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
തലശ്ശേരി കലാപം തുടങ്ങിയതും നിസ്സാര കാരണത്താലാണ്. മുത്തപ്പൻ മടപ്പുരയിലേക്കുള്ള കലശ ഘോഷയാത്രക്ക് നൂർജഹാൻ ഹോട്ടലിൽനിന്ന് കല്ലേറുണ്ടായതാണ് കലാപ ഹേതു. ഇവിടെ കല്ലെറിഞ്ഞത് ആര് എന്നതിനെക്കാൾ കലശ യാത്രയും ഹോട്ടൽ നൂർജഹാനും എന്ന രണ്ട് സാമുദായിക ഐക്കണുകളാണ് ഇവിടെ ഉയർന്നുവന്നത്. ഉത്തരേന്ത്യയിൽ ഇന്നും സംഘ് പരിവാർ ഉപയോഗിക്കുന്ന തന്ത്രത്തിൽ തലശ്ശേരിക്കാർ അന്ന് വീണു പോയി.
പാർട്ടിയുടെ ചില അംഗങ്ങളും അനുഭാവികളും തലശ്ശേരി ലഹളയിൽ പങ്കെടുത്തതായി തങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് എം.വി രാഘവൻ ആത്മകഥയിൽ വിവരിച്ചത് ലഹള പൊട്ടിപ്പുറപ്പെട്ട് മൂന്നാം ദിവസം അവിടെ എത്തിയ ശേഷം നടന്ന വിലയിരുത്തലിലാണെന്ന് അതിൽ പറയുന്നുണ്ട്. ലഹള ആരംഭിച്ചതു മുതൽ ഇ.പി കൃഷ്ണൻ നമ്പ്യാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കെ. സി നാരായണൻ നമ്പ്യാർ, ഐ.വി ശിവരാമൻ എന്നിവർ തലശ്ശേരിയിൽ തന്നെ ഉണ്ടായിരുന്നു എന്ന് രാഘവൻ വിവരിക്കുന്നുണ്ട്. അതായത്, നേതൃത്വം ഇല്ലാതിരുന്നതിന്റെ നിയന്ത്രണമില്ലായ്മയല്ലെന്ന് വ്യക്തം. കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്ന രാഘവൻ പാട്യം ഗോപാലൻ, അഴീക്കോടൻ രാഘവൻ, ഒ. ഭരതൻ, എം.കെ കേളു എന്നിവരോടൊപ്പമാണ് തലശ്ശേരിയിൽ മൂന്നാം നാൾ ഓടിയെത്തിയത്. ആർ.എസ്. എസും ജനസംഘവും തുടങ്ങിവെച്ച കലാപം കത്തിക്കുന്നതിൽ സി.പി.എമ്മിലെ ചില അംഗങ്ങളും പങ്കാളിയായി എന്നതിനുള്ള കാരണം രാഘവൻ വിവരിക്കുന്നത് വിചിത്രമാണ്. കണ്ണൂരിലുള്ള ലീഗുകാർ നടത്തിയ ചില അക്രമങ്ങളോടുള്ള രോഷമാണ് തലശ്ശേരിയിൽ തീർത്തതെന്നാണ് വിശദീകരണം. ഏത് പിഴവുകൾക്കും കാരണം ചമക്കുന്ന പതിവു ശൈലി. തലശ്ശേരി കലാപം സി.പി.എമ്മിന്റെതാണ് എന്ന് അന്നത്തെ യു.ഡി.എഫിന്റെ ഭാഗമായ സി.പി.ഐയും ആരോപിച്ചിരുന്നു. പക്ഷേ, ആ സി.പി.ഐയുടെ മേലും കലാപ പങ്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ കെ. കരുണാകരൻ, സി.എച്ച് മുഹമ്മദ് കോയ, ബേബി ജോൺ എന്നിവരോടൊപ്പം തലശ്ശേരി സന്ദർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.ഇ ബാലറാം “എന്റെ പാർട്ടിയിലെ ആറ് മെമ്പർമാർ ഈ കലാപത്തിൽ പങ്കെടുത്തിരുന്നു” എന്ന് പ്രസ്താവിച്ചതായി എം.വി രാഘവൻ എഴുതുന്നു. കോൺഗ്രസ് എം.പി കെ.പി ഉണ്ണികൃഷ്ണനും കലാപത്തിൽ കോൺഗ്രസുകാരുടെ പങ്ക് സമ്മതിച്ചിരുന്നുവെന്ന് രാഘവൻ ആത്മകഥയിൽ വിവരിക്കുന്നു. ഇത് വ്യക്തമാക്കുന്നത് ഒരു കാര്യമാണ്: വർഗീയ സംഘർഷം എന്ന് പറയുന്നത് എല്ലാ പാർട്ടികളെയും അതിലെ വ്യക്തികളെയും കാർന്നു തിന്നുന്ന വിഷമാണ്. വടകരയിൽ സി.പി.എം വർഗീയ വിരുദ്ധത എന്ന ശീർഷകം എത്ര മുന്തിയ സോപ്പിൽ കുളിപ്പിച്ച് പ്രദർശിപ്പിച്ചാലും അത് ബ്രാഹ്മണ മാർക്സിസം തന്നെയായിരിക്കും. ചരിത്രം മാത്രമല്ല, അനുഭവവും അതാണ്. ഇസ്ലാമോഫോബിക് അന്തരീക്ഷത്തിൽ സംഘ് പരിവാർ കൊയ്തെടുക്കാൻ ആഗ്രഹിക്കുന്നതിന് പരവതാനി വിരിക്കുക മാത്രമാണ് ഇപ്പോൾ വടകരയിൽ സി.പി.എം ചെയ്യുന്നത്. l
കേരളത്തിനൊരു പൈതൃകമുണ്ട്. പ്രബുദ്ധതയാൽ പ്രശോഭിതമാണത്. രാജ്യത്തെയാകെ ഞെട്ടിച്ച എറണാകുളം കളമശ്ശേരിയിലെ സ്ഫോടനം നടന്ന ഒക്ടോബർ 29-ന് പകൽ മുഴുവൻ കേരളം ശ്വാസമടക്കിപ്പിടിച്ചത് പ്രബുദ്ധ കേരളത്തിന്റെ ഈ നന്മ മനസ്സിന്റെ വിഹ്വലതയായിരുന്നു. നിരപരാധരായ മൂന്ന് ജീവനുകൾ കവർന്നെടുത്ത് അമ്പതോളം പേരെ പരിക്കേൽപ്പിച്ച ഭ്രാന്തമായ ഐ.ഇ.ഡി സ്ഫോടനത്തിന്റെ ഉറവിടമെന്തെന്നറിയാതെ മലയാളിയുടെ മനം വെന്തുരുകി.. സ്ഫോടനത്തെക്കാൾ ഭയാനകമായ നുണബോംബുകളാൽ മുഖരിതമായ മണിക്കൂറുകളായിരുന്നു അത്. ഇപ്പോൾ കേരളം നെടുവീർപ്പിടുകയാണ്. ഏതോ കുടില തന്ത്രം രണ്ടായിരത്തോളം വരുന്ന ഒരു വിഭാഗം വിശ്വാസികളുടെ ഒത്തുചേരലിനെ രക്തപങ്കിലമാക്കുകയായിരുന്നു. ഉണർന്ന് പ്രവർത്തിച്ച സംസ്ഥാന ഭരണനേതൃത്വവും അവസരത്തിനൊത്തുയർന്ന പ്രതിപക്ഷ പാർട്ടികളും വിദ്വേഷ പ്രചാരണങ്ങളെ സംയമനത്തോടെ നേരിട്ട മത നേതൃത്വവും എല്ലാ വിധ വിധ്വംസക പരിശകളെയും നേരിടാൻ മാത്രം ഹൃദയ വിശാലതയുള്ളവരാണെന്ന് തെളിയിക്കുകയായിരുന്നു. വിഷം വമിച്ച കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് ഭരണകൂടം തങ്ങളുടെ ഉത്തരവാദിത്വം ജനങ്ങളുടെ മുന്നിൽ ഉയർത്തിക്കാട്ടി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. കേസന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോകുമെന്ന പ്രതീക്ഷയോടെ കേരളം കാത്തിരിക്കുന്നു.
നുണയുടെ വെടിമരുന്ന് ശാല
കളമശ്ശേരി സ്ഫോടനം നടന്ന ദിവസം നിമിഷ നേരം കൊണ്ട് ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ ചാനലുകൾ വലിയ ആവേശത്തോടെ ചർച്ചക്കായി തന്നെ ക്ഷണിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എം.പി പറയുന്നു. എന്തിനെയും ധ്രുവീകരണത്തിന് ഉപയോഗിക്കുന്നവരായതുകൊണ്ട് ചർച്ചയ്ക്ക് പോവാൻ വിസമ്മതം പ്രകടിപ്പിക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രകാശവേഗതയെക്കാൾ തിടുക്കത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നടന്ന ഈ വിസ്ഫോടനങ്ങളാണ് കളമശ്ശേരി സ്ഫോടനത്തെക്കാൾ തന്നെ അൽഭുതപ്പെടുത്തിയതെന്നും ബ്രിട്ടാസ് പറയുന്നു.
കേരളത്തെ നുണയുടെ വെടിമരുന്ന് ശാലയാക്കുകയാണ് ചിലരെന്ന് കളമശ്ശേരി സംഭവത്തെക്കുറിച്ച് നിമിഷങ്ങൾക്കകം പ്രചരിച്ച വാർത്തകൾ ഒരിക്കൽകൂടി വ്യക്തമാക്കി. മുമ്പ് പല സന്ദർഭങ്ങളിലും ‘പ്രൊപഗണ്ടാ വാർ’ നിർവഹിച്ച അതേ കേന്ദ്രങ്ങൾ തന്നെയാണ് ഇതിെൻറയും പിന്നിൽ. കേരളം വളരെയേറെ സൂക്ഷ്മദൃക്കോടെ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ഇവിടെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഒരനുഭവം കൂടി ഇത് സമ്മാനിച്ചു. കണ്ണിലെണ്ണയൊഴിച്ച് നാം ജാഗ്രത പാലിച്ചില്ലെങ്കിൽ ഇനിയും ചിലത് ഇവിടെ ആവർത്തിക്കപ്പെടാം.
ഫലസ്ത്വീൻ അനുകൂല പ്രതികരണത്തോട് ചേർത്തുകെട്ടാൻ വളച്ചുകെട്ടില്ലാതെ ചിലർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ച രീതി അങ്ങേയറ്റം പ്രകോപനപരമായിരുന്നു. എറണാകുളം ജില്ലയുടെ ‘പാകിസ്താൻ’ എന്നറിയപ്പെടുന്ന കളമശ്ശേരിയിൽ ക്രിസ്ത്യൻ പ്രാർഥനാ സമ്മേളനത്തിൽ ബോംബ് പൊട്ടിയിരിക്കുന്നു! ഒരു വിദ്വാൻ മുഖ പേജിൽ കുറിച്ചിട്ടത് അങ്ങനെയാണ്. ദേശം, വേഷം, പേര് തുടങ്ങിയ വംശീയ ചിഹ്നങ്ങൾ ആഘോഷിച്ച് ശീലിച്ചവരുടെ മനോ വൈകൃതം ശരിക്കും പ്രകടമായി. വൈകാരിക വിഷയങ്ങളിൽ സംഘ് പരിവാറിന്റെ തനിനിറം ചാനൽ ചർച്ചകളിൽ തുറന്നുകാട്ടുന്ന യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കൂറ്റിയെപ്പോലുള്ളവരെ പോലും ചാപ്പകുത്തിയാണ് മറുനാടനും മറ്റും വിഷം ചീറ്റിയത്. ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്താണെന്ന് പച്ചയായി മനസ്സിലാക്കിത്തന്നു ഈ പ്രതികരണങ്ങൾ.
മാധ്യമ ഊഹവെടികൾ
ടൈംസ് ഓഫ് ഇന്ത്യ പിറ്റേന്ന് നൽകിയ മുഖ പേജിലെ വാർത്തയുടെ തലക്കെട്ട് Twist in the Tale; No Terror Angle in IED Blast At Prayer Meet That Kills 2 Injures 58 എന്നായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ കഥയിൽ കണ്ട ട്വിസ്റ്റ് എന്താണെന്ന് അവർക്ക് വേറെ ചില അറിവുകളുണ്ടായതുകൊണ്ടായിരിക്കാം. ബോംബ് പൊട്ടിയ ഉടനെ അത് ഏറ്റെടുക്കാൻ ഒരു മുസ് ലിം നാമധാരിയല്ലാത്ത ഒരാൾ വരുന്നത് വരെയും പുകയിച്ചു കൊണ്ടുപോകേണ്ട വഴിയെന്താണെന്ന് അറിഞ്ഞത് കൊണ്ടാവാം തലക്കെട്ട് ഇങ്ങനെ നിരൂപണ രൂപത്തിലാക്കിയത്. ‘സംഭവത്തിൽ ഭീകരതയുടെ ആംഗിൾ ഇല്ല’ എന്ന് തലക്കെട്ടിൽ അവർ ചേർത്തുവെച്ചത് മറ്റൊരു ലക്ഷ്യത്തിനാണ്. കുറ്റസമ്മതം നടത്തിയ പ്രതിയുമായി ബന്ധമുള്ള വേരുകൾ ഏത് ഭീകരതയിലാണ് എത്തുക എന്ന് ഇനി അറിയേണ്ടതില്ല എന്ന സൂചനയുണ്ട് ഈ വാചകത്തിൽ.
എല്ലാ അസത്യങ്ങളും കുറ്റിയറ്റു വീഴുമാറ് സാങ്കേതികവും സാമൂഹികവും രാഷ്ട്രീയവുമായ സാക്ഷരതയുള്ള ഒരു നാട്ടിലാണ് ഈ കോപ്രായങ്ങൾ മുഴുവൻ അരങ്ങേറിയത്. ഒരൽപം സൂക്ഷ്മമായി മാധ്യമങ്ങൾക്ക് വിവരം നൽകേണ്ടുന്ന ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പോലും അഭ്യൂഹങ്ങളാൽ വഞ്ചിക്കപ്പെട്ടു. ഹിന്ദുസ്ഥാൻ ടൈംസ്, ഡി.എൻ.എ, ഫസ്റ്റ് പോസ്റ്റ്, ഇന്ത്യാ ഡോട്കോം തുടങ്ങിയ ദേശീയ മാധ്യമങ്ങളും എരിവും പുളിയും കലർത്തി.
സംഭവം നടന്ന് രണ്ട് മണിക്കൂറിനകം കാര്യമായ ഒന്നും അന്വേഷണ നിഗമനമായി പറയാനില്ലാത്ത കേരള പോലീസിനെ പെനാൽട്ടി ഏരിയയിൽ നിർത്തി, ദേശീയ അന്വേഷണ ഏജൻസിയെ ഉദ്ധരിച്ചാണ് ഏഷ്യാനെറ്റ് ഉൾപ്പെടെ പന്ത് വംശീയ കോർട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. രാവിലെ മുതല്‍ നാടിനെയൊന്നാകെ മുൾമുനയിൽ നിർത്തിയ, മലയാളത്തിലെ മിക്ക മാധ്യമങ്ങളും കെട്ടിപ്പൊക്കിയ 'ഭീകരകഥ' മണിക്കൂറുകൾകൊണ്ട് ചീട്ട് കൊട്ടാരം പോലെ കടപുഴകുകയായിരുന്നുവല്ലോ. ദേശീയ തലത്തിൽ ചിലർ അതിൽ മോഹഭംഗപ്പെടുകയും ചെയ്തു.
മലയാള മാധ്യമങ്ങൾ വാർത്ത ബ്രേക്ക് ചെയ്ത് ഫലസ്ത്വീനിലേക്ക് വിരൽ ചൂണ്ടിയപ്പോൾ കേരളത്തിെൻറ മനഃസാക്ഷി വിറങ്ങലിച്ചു. കാരണം, സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം മറ്റൊരു നാട്ടിലേക്കും വ്യാപിപ്പിക്കരുതെന്ന് കണിശമായ നിലപാടുള്ള സമൂഹമായ ഫലസ്ത്വീനികളെയാണ് ഇവിടെ ചാപ്പകുത്തിയത്. വിശ്വാസപരമായി സാഹോദര്യം പുലർത്തുന്ന അറബ് സമൂഹം പോലും നോക്കിനിൽക്കുേമ്പാൾ അത്തരം രാജ്യങ്ങളിലുള്ള ഫലസ്ത്വീൻ പക്ഷക്കാർ പോലും ചെയ്യാത്ത ഒരു കാര്യം കേരളത്തിൽ ഫലസ്ത്വീനിെൻറ പേരിൽ ചെയ്യുക എന്ന നട്ടാൽ മുളക്കാത്ത നുണയാണ് പ്രചരിപ്പിക്കപ്പെട്ടത്.
ഫലസ്ത്വീൻ-ഹമാസ് സംഭവങ്ങളെ തുടർന്ന് യഹോവ സാക്ഷികളെ ജൂതന്മാരാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചതാകാമെന്ന് ഇന്റലിജൻസ് പറഞ്ഞതായി ന്യൂസ് 18 ഉൾപ്പെടെ മലയാള മാധ്യമങ്ങൾ വാർത്തകൾ തട്ടിവിട്ടു. തങ്ങൾക്ക് തോന്നിയത് പറയാൻ ഇൻറലിജൻസിനെ മറയാക്കുന്ന പതിവ് മാധ്യമ മേെമ്പാടിയായിരുന്നു അത്. ഇസ്രായേൽ-ഹമാസ് യുദ്ധവുമായി കളമശ്ശേരി സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്നു കേന്ദ്രം പരിശോധിക്കുന്നുവെന്ന് ഏഷ്യാനെറ്റ് ആവർത്തിച്ചുകൊണ്ടിരുന്നു. റിപ്പോർട്ടർ ചാനലിൽ വ്യക്തിപരമായി ഇടതുപക്ഷ നിലപാടുള്ള നികേഷ് കുമാർ പോലും ഇസ്രായേൽ-ഫലസ്ത്വീൻ യുദ്ധവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് തത്സമയ പരിപാടിയിൽ സംശയം ഉയർത്തുമാറ് പ്രചാരണ ലോബിയിങ് ശക്തമായിരുന്നു. യഹോവ സാക്ഷികളുടെ വിശ്വാസത്തിന് ജൂതന്മാരുടേതുമായി സാമ്യതയുണ്ടെന്നും യഹോവ സാക്ഷികളുടെയും യഹോവ ജൂതന്മാരുടെയും ദൈവം ഒന്നുതന്നെയാണെന്നും, അവർ ക്രിസ്ത്യാനികളല്ലെന്നും അപ്രതീക്ഷിതമായി വന്ന ചോദ്യത്തിന് വിശദീകരണമായി സെബാസ്റ്റ്യൻ പോൾ സമർഥിച്ചത് കൗതുകമായി. കാരണം, യഥാർഥത്തിൽ ജൂതൻമാരുടെ രാഷ്ട്ര സങ്കൽപ വിശ്വാസത്തെ കണിശമായി എതിർക്കുന്നവരാണ് യഹോവയുടെ സാക്ഷികളെന്ന് അറിയാതെയുള്ള ചർച്ചകളായിരുന്നു ഇവ. മറുനാടൻ മലയാളിയും ഷാജൻ സ്‌കറിയയും ശരിയായ വിഷലിപ്ത സന്ദേശങ്ങളാണ് കൈമാറിയത്.
കരിങ്കാലി പൈതൃകം
ബോംബ് നിർമിക്കാനും ആളെ കൊല്ലാനും പരിശീലനം നൽകിയ രാഷ്ട്രീയ പാഠശാലകളുണ്ടിവിടെ. ശ്രദ്ധ തിരിക്കാൻ മറ്റൊന്ന് രൂപപ്പെടുത്തുക എന്ന കരിങ്കാലിപ്പണി അതിെൻറ പൈതൃക വഴിയാണ്. ശ്രദ്ധതിരിക്കാൻ നേതാവിന് നേരെ ബോംബേറ് വരാറുണ്ട്. തീവണ്ടിയിൽ, വധശ്രമവും വെടിവെപ്പ് വരെയും നടന്നിട്ടുണ്ട്. സമരങ്ങൾ ഏറ്റവും വലിയ അലോസരമാവുേമ്പാൾ സമരമുന്നണിയിൽനിന്ന് പോലീസിന് നേരെ കല്ലേറുണ്ടാവുകയും തിരിച്ചടി സ്വയം ഏറ്റുവാങ്ങുകയും ചെയ്യുന്ന ചതിപ്പയറ്റുകൾ പലതുമുണ്ട്. ഉത്തരേന്ത്യയിൽ സംഘ് പരിവാർ ഇതിെൻറ മറ്റു രൂപങ്ങളാണ് കലാപങ്ങൾക്ക് വേണ്ടി പയറ്റാറുള്ളത്. ഘോഷയാത്രകളിൽ നുഴഞ്ഞു കയറി ക്ഷേത്രങ്ങൾക്കും പള്ളികൾക്കും കല്ലെറിയുന്നതും, പള്ളിമുറ്റത്ത് പന്നിയുടെ ജഡവും, അമ്പലവളപ്പിൽ ഗോമാംസവും നിക്ഷേപിക്കുന്നതുമുൾപ്പെടെ കെട്ടിയേൽപ്പിക്കുന്ന കലാപങ്ങൾ ഏറെ നാം കണ്ടിട്ടുണ്ട്. സ്വാഭാവികമായും കളമശ്ശേരി സ്ഫോടനത്തിനും അങ്ങനെയൊരു നിറം പകരുക യാദൃഛികമല്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം മുകളിൽ പറഞ്ഞ ഈ അനുഭവങ്ങളെ മനസ്സിൽ കരുതിക്കൊണ്ടുള്ളതായിരുന്നു. ഗോവിന്ദൻ മാസ്റ്റർ കരുതാത്തതാണ് സ്ഫോടനത്തിെൻറ പിന്നിലെ വസ്തുത എന്ന് സ്ഫോടനത്തിെൻറ ഉത്തരവാദിത്വം ഒരാൾ ഏറ്റെടുത്തതോടെയാണ് തിരിച്ചറിയപ്പെട്ടത്. മാഷ് കേരളത്തിലെ പാർട്ടിയുടെ അവസാന വാക്കായതുകൊണ്ട് പാർട്ടി ദേശീയ സെക്രട്ടറി തന്നെ പ്രസ്താവനയുമായി രംഗത്ത് വന്നു. സി.പി.എമ്മിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് മറ്റു പല നേതാക്കളുടെയും പ്രതികരണങ്ങളിൽ പ്രതിഫലിച്ചു. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനമാണ് മുഖ്യമന്ത്രി സന്ദർഭോചിത ഇടപെടലിലൂടെ നിർവഹിച്ചത്. പ്രതിപക്ഷ നേതാക്കളെ ചേർത്തു പിടിച്ച് മുഖ്യമന്ത്രി നടത്തിയ നീക്കം ശ്ലാഘനീയമാണ്. എല്ലാ പ്രകോപനങ്ങളെയും നേരിടാൻ കെൽപുള്ളതാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിെൻറ പക്വത എന്ന് തെളിയിക്കുന്ന വിധം ഭരണപക്ഷത്തും പ്രതിപക്ഷത്തും അഭിനന്ദനാർഹമായ ഒരുമയാണ് പ്രകടമായത്. സംഭവത്തെ ഭരണകക്ഷിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്ന പ്രതിപക്ഷത്തിെൻറ സ്വതസിദ്ധമായ നിലപാടിൽനിന്ന് യു.ഡി.എഫ് ഉയർന്നുനിൽക്കുകയായിരുന്നു.
കാസയും ഡൊമിനിക്ക് മാർട്ടിനും
2019-ൽ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തതിനു ശേഷം പിന്നെ ഒരു സജീവ സംഘടനയായി മാറിയ സംവിധാനമാണ് കാസ (Christian Association & Alliance For Social Action) . "എെൻറ രാജ്യം, എെൻറ വിശ്വാസങ്ങൾ" എന്നതാണ് തങ്ങളുടെ മുദ്രാവാക്യം എന്ന് കാസയുടെ ദൗത്യസന്ദേശമായി ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ദൈവശാസ്ത്രപരമായി വ്യത്യസ്തമായ യഹോവയുടെ സാക്ഷികൾ ഒഴികെ സീറോ മലബാർ, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ തുടങ്ങിയ 17 ക്രിസ്ത്യൻ വിഭാഗങ്ങൾ തങ്ങൾക്ക് കീഴിലുണ്ട് എന്നും കാസ അവകാശപ്പെടുന്നു. അതായത്, യഹോവയുടെ സാക്ഷികളെ ദൈവശാസ്ത്രപരമായി കാസ വേറെത്തന്നെ കാണുന്നു എന്ന് ചുരുക്കം. ‘നമ്മുടെ വിശ്വാസത്തെയും നമ്മുടെ ഭൂമിയെയും ഞങ്ങൾ വിലമതിക്കുന്നു’ എന്നതാണ് കാസയുടെ പ്രഖ്യാപനം. സ്ഫോടന പ്രതി യഹോവയുടെ സാക്ഷികൾക്കെതിരെ ഉന്നയിക്കുന്നത് അവരുടെ വിശ്വാസം ദേശവിരുദ്ധമാണ് എന്നതാണ്. ഈ പൊരുത്തപ്പെടലിനിടയിലാണ് സ്ഫോടന പ്രതി നേരത്തെ രാജിവെച്ച ആളാണെന്ന് പറയുന്ന കാസർകോട് കാസയുടെ പോസ്റ്റ് പ്രചരിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.
ക്രിസ്ത്യാനികൾക്കായി ഒരു ആർ.എസ്.എസ് മാതൃകയിലുള്ള സംഘടന രൂപവത്കരിക്കുക എന്ന ആശയം 2018 ലെ 'ലവ് ജിഹാദ്' കാമ്പയിനിനിടെ ഉയർന്നു പൊങ്ങിയതനുസരിച്ചാണ് തങ്ങൾ സംഘടനാ ശൈലിയിലേക്ക് മാറിയതെന്ന് കാസയുടെ ഔദ്യോഗിക വിശദീകരണത്തിലുണ്ട്. 'ഡൊമിനിക്ക് മാർട്ടിൻ എന്ന നികൃഷ്ടനായ കുറ്റവാളി ശിക്ഷിക്കപ്പെടുക തന്നെ വേണം' എന്ന് കാസ പ്രഖ്യാപിക്കുന്നുണ്ട്. കാസ സ്ഫോടനത്തിെൻറ വ്യവസ്ഥാപിതത്വത്തെക്കുറിച്ച് പത്തു കാര്യങ്ങൾ എണ്ണിപ്പറയുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകനായ പ്രതിക്ക് ഒറ്റയ്ക്ക് ഇത്തരത്തിൽ ഒരു റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കുന്ന ബോംബ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ എന്നും കാസ ചോദിക്കുന്നു. ദൂരെനിന്നും നിയന്ത്രിക്കുന്നതിനുള്ള റേഡിയോ ഫ്രീക്വൻസി റിമോട്ട് കൺട്രോളും (TX) അതിന്റെ റിസീവർ യൂനിറ്റും (RX) ബാറ്ററിയും ഓൺലൈനിൽ അല്ലെങ്കിൽ എറണാകുളത്ത് ഇലക്ട്രോണിക് ഷോപ്പുകളിലും മേടിക്കാൻ കിട്ടുമായിരിക്കും. പക്ഷേ, പൊട്ടിത്തെറിക്കാനുള്ള മെറ്റീരിയൽ ആക്ടീവ് ആക്കുന്നതിനുള്ള റിലേ സ്വിച്ചും ബാറ്ററിയും ഒക്കെ വയറുകൾ മാറിപ്പോകാതെ കണക്ട് ചെയ്യാൻ ബേസിക് ഇലക്ട്രോണിക്സ് പരിജ്ഞാനം ഉള്ള ഒരാൾക്ക് മാത്രമേ കഴിയൂ എന്നിരിക്കെ ഇതെല്ലാം ഇയാൾ ഒറ്റയ്ക്ക് ചെയ്തു എന്നു പറയുന്നത് വിശ്വസിക്കാനാവുന്നില്ല എന്നാണ് കാസ തെളിവ് നിരത്തുന്നത്.
Improvised Explosive Device (IED) എന്ന സാങ്കേതിക വിദ്യയിൽ റിമോട്ട് കൺട്രോൾ ബോംബ് നിർമിക്കുക സാധാരണക്കാർക്ക് കഴിയുന്നതല്ല എന്നതാണ് വസ്തുത. കാസ ഇക്കാര്യത്തിൽ ഏറെ സാങ്കേതിക പരിജ്ഞാനമുള്ളവരെപ്പോലെ പ്രതിക്കെതിരെ ഉന്നയിക്കുന്ന പത്ത് ആരോപണങ്ങൾ പരിശോ ധിക്കപ്പെടേണ്ടതാണ്. മറ്റേതോ വിദേശ ശക്തിയുമായി ബന്ധമുള്ള ആളാണ് പ്രതി എന്ന നിലയിൽ കാസ തുടർച്ചയായി അവരുടെ പേജുകളിൽ ആരോപണം ആവർത്തിക്കുന്നത് കാണുേമ്പാൾ ദൈവശാസ്ത്രപരമായി വിയോജിച്ചു മാറ്റിനിർത്തിയ ഒരു വിഭാഗത്തിന് നേരെയുണ്ടായ സ്ഫോടനം തെളിയിക്കാനുള്ള ആത്മാർഥതയാണോ, അതോ അന്വേഷണം വഴിതിരിച്ചു വിടാനാണോ അതെന്ന് സംശയിച്ചു പോകും.
കേരളത്തിലെ ‘ടാർഗറ്റുകൾ’
സംഘ് പരിവാർ മുെമ്പ തന്നെ കേരളത്തിൽ ആവിഷ്കരിച്ച ടാർഗറ്റുകൾക്ക് 2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം പുതിയ രൂപം കൈവന്നിരുന്നു. കേന്ദ്ര നേതൃത്വത്തെ ഇവിടെ ഇറങ്ങിക്കളിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ ടാർഗറ്റ്. അത് രണ്ട് രൂപത്തിലാണ് ആവിഷ്കരിക്കപ്പെട്ടത്. സി.പി.എമ്മിെൻറ പേശീബലത്തെ കായികമായും ഒപ്പം ബാലറ്റിലും പാർട്ടി ഗ്രാമങ്ങളിൽ മുഖാമുഖം ഇറങ്ങി നേരിടുന്ന പുതിയ രീതി. തങ്ങൾ പതിനായിരം വോട്ടിന് താഴെ മാത്രം നേടിയിരുന്ന സി.പി.എമ്മിെൻറ അസംബ്ലി മണ്ഡലങ്ങളിൽ സംഘ് പരിവാർ കൂടുതൽ ഇറങ്ങിക്കളിച്ചു. ഇതിെൻറ മറവിലുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് സി.പി.എമ്മിെൻറ പേശീബലത്തിൽ തങ്ങൾക്ക് കേരളത്തിൽ രക്ഷയില്ലെന്ന് ദേശീയ മാധ്യമങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം ശക്തിപ്പെടുത്തി. സി.പി.എമ്മും കോൺഗ്രസും ചേർന്ന് കേരളത്തിൽ ന്യൂനപക്ഷ പ്രീണനവും തീവ്രവാദ മൃദുനയവും സ്വീകരിക്കുന്നതിനെ ദേശീയ തലത്തിൽ പ്രൊപഗണ്ടാ വാറിലൂടെ അവർ അവതരിപ്പിക്കുകയും ചെയ്തു.
2016 മെയ് 19-ന് എൽ.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടയിൽ പിണറായി വിജയന്റെ ധർമടം മണ്ഡലത്തിൽ സി.പി.എം പ്രവർത്തകൻ രവീന്ദ്രന്റെ കൊലയോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. മരണത്തെ തുടർന്ന് സംഘ് പരിവാർ ഭവനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. അക്രമങ്ങൾ നടന്നേടത്ത് ബി.ജെ.പി ദേശീയ നേതൃത്വം നേരിട്ടെത്തുകയായിരുന്നു. 2016 ജൂലൈ 11-ന് സി.പി.എമ്മിെൻറ മറ്റൊരു ശക്തിമണ്ഡലമായ പയ്യന്നൂരിൽ സി.പി.എം പ്രവർത്തകൻ സി.വി ധർമരാജ് കൊല്ലപ്പെടുകയും തൊട്ടുടനെ ബി.ജെ.പി പ്രവർത്തകൻ സി.കെ രാമചന്ദ്രൻ തിരിച്ചടിയായി കൊലക്കത്തിക്ക് ഇരയാവുകയും ചെയ്തു. 2016-ൽ തന്നെ തില്ലങ്കേരിയിലും കൂത്തുപറമ്പിലും കൊലപാതകങ്ങൾ അരങ്ങേറി. ഈ സംഭവങ്ങളും മുൻ കൊലപാതകങ്ങളും കോർത്തിണക്കി കൊലപാതക ചിത്രപ്രദർശനം നടത്തി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയായിരുന്നു സംഘ് പരിവാർ.
2017 ജനുവരിയിൽ കണ്ണൂരിൽ നടന്ന സംസ്ഥാന യുവജനോൽസവ വേളയിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ബി.ജെ.പി പ്രവർത്തകൻ സന്തോഷ് വെട്ടേറ്റ് മരിച്ച ദിവസം കലോൽസവ നഗരിക്ക് മുന്നിലൂടെ വിലാപയാത്ര പോകുന്നത് സംബന്ധിച്ച് പോലീസുമായി കശപിശ നടന്നപ്പോൾ അവിടെ ദേശീയ ഹ്യൂമൺ റൈറ്റ്സ് ഫോറം എന്ന പേരിൽ ഒരു സംഘം ജില്ലാ പോലീസ് അധികാരികളുമായി സംസാരിച്ചത് മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടു. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോൾ കേരളത്തിലേക്ക് നിയോഗിക്കപ്പെട്ട നിരവധി സംഘ് പരിവാർ പ്രൊപഗണ്ടാ ഗ്രൂപ്പുകളിൽ ഒന്നാണിതെന്ന് ഇൻറലിജൻസ് അന്ന് റിപ്പോർട്ട് ചെയ്യുകയുണ്ടായി. സോഷ്യൽ മീഡിയ, ചാനൽ ചർച്ച, പൊതു ചർച്ചകൾ എന്നിവിടങ്ങളിലെല്ലാം പ്രചാരണ സംഘങ്ങളായി നൂറുകണക്കിന് പ്രഫഷണലുകളെയാണ് രംഗത്തിറക്കിയത്. രാജീവ് ചന്ദ്രശേഖരനെ പോലുള്ള ഇലക്ട്രോണിക് കോർപറേറ്റുകളും, അവരുടെ നിയന്ത്രണത്തിലുള്ള ഏഷ്യാനെറ്റ് പോലുള്ള വ്യവസ്ഥാപിത മാധ്യമങ്ങളും ഈ അന്തർധാരകളെ ശക്തിപ്പെടുത്തി. ഈ അണിയറ ദുർബോ ധനങ്ങളാണ് കാള പെറ്റു എന്ന് കേൾക്കുേമ്പാൾ കയറെടുക്കുന്ന നിലപാടിലേക്ക് ചില മാധ്യമങ്ങളെ പോലും എത്തിക്കുന്നത്ത്.
എന്തായിരുന്നാലും, ഓരോ ബോംബ് സ്ഫോടനവും നൽകുന്ന വലിയ പാഠങ്ങളിലൊന്ന് പൊട്ടിത്തെറിക്കാനും കുറ്റിയറുക്കാനും കുറെ കാപട്യങ്ങൾ ഇവിടെയുണ്ട് എന്നതാണ്. അത് തിരിച്ചറിയുക മാത്രമാണ് പരിഹാരം. l