'ഈ മതനിരപേക്ഷരുടെ നാട്ടിലും ജീവിക്കുക എളുപ്പമല്ല' എന്ന തലക്കെട്ടില്‍ ഫര്‍സാന എഴുതിയ ലേഖനം (ലക്കം 3227) വായിച്ചപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ തോന്നി:
കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയതല്ല, അത് ചെയ്തയാള്‍ സ്വയം പോലീസിൽ വന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. നല്ല മനുഷ്യന്‍ എന്ന് അയാളെക്കുറിച്ച് പറയാന്‍ വല്ല പഴുതുമുണ്ടോ എന്ന് ആലോചിച്ചു പോയി ഒരു നിമിഷം! കാരണം, ആ മനുഷ്യന്‍ കുറ്റസമ്മതം നടത്താന്‍ രണ്ടു ദിവസമെങ്ങാന്‍ താമസിച്ചുപോയിരുന്നെങ്കില്‍ മുസ് ലിം സമുദായത്തിന് എന്തെല്ലാം അധിക്ഷേപങ്ങൾ കേൾക്കേണ്ടിവന്നേനെ. സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം കണ്ണൂരില്‍നിന്ന് തൊപ്പിവെച്ച, താടിയുള്ള ഒരാളെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത് അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം പ്രദര്‍ശിപ്പിച്ചു ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നല്ലോ… കൂടാതെ മറ്റൊരു കേസില്‍ കോടതി വെറുതെ വിട്ട രണ്ടാളെ അന്വേഷിച്ചു പോലീസെത്തുകയും ചെയ്തു.
ഇത്തരം കാര്യങ്ങളുണ്ടാവുമ്പോള്‍ നിയമപാലകരും മാധ്യമങ്ങളും ഒരു സമുദായത്തെ ലക്ഷ്യം വെക്കുന്നതുകൊണ്ട് യഥാര്‍ഥ പ്രതിയെ കിട്ടാതെ പോകുന്ന അവസ്ഥ സംജാതമാകുന്നില്ലേ എന്ന് ആലോചിക്കണം.
സ്‌ഫോടനം നടത്തിയ പ്രതി കുറ്റസമ്മതം നടത്തിയിരുന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരാളിലേക്ക് അന്വേഷണമെത്താനുള്ള സാധ്യത വളരെ കുറവായിരുന്നു.
സി.കെ ഹംസ ചൊക്ലി 7306331334
വെസ്റ്റ് ബാങ്കിൽ നിന്നൊരു ഗുണപാഠം
വെസ്റ്റ് ബാങ്കില്‍ ഭരണം നടത്തുന്ന മഹ് മൂദ് അബ്ബാസ് ഇസ്രായേലിനും അമേരിക്കക്കും അടിയറവ് പറഞ്ഞ് അവരുടെ പ്രശംസ പിടിച്ചുപറ്റിയ ആളാണ്. എന്നാല്‍, ഗസ്സക്കും ഹമാസിനുമെതിരെ ഇസ്രായേല്‍ ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ വെസ്റ്റ് ബാങ്കിനെതിരെയും അവര്‍ ആക്രമണം അഴിച്ചുവിട്ടു. വീടുകള്‍ തകര്‍ക്കലും ആട്ടിയോടിക്കലും ആളുകളെ ബന്ദികളാക്കി പിടിച്ചുകൊണ്ടു പോകലും എല്ലാം തകൃതി. ഗസ്സയില്‍ വെടിനിര്‍ത്തിയിട്ടും വെസ്റ്റ് ബാങ്കില്‍ നിര്‍ത്തുന്നില്ല. അവിടെ വെടിനിര്‍ത്താന്‍ ബാധ്യതയില്ലെന്നാണ് ഇസ്രായേല്‍ ഭാഷ്യം.
പേടിച്ച് അടിയറ വെച്ചത് കൂടുതല്‍ വിനയായി എന്നല്ലേ അതിനർഥം?
കെ.സി ജലീല്‍ പുളിക്കല്‍
കൊളോണിയൽ വിരുദ്ധ പോരാട്ടം പുനർജനിക്കുന്നു
ലക്കം 26-ലെ 'ഗസ്സയിലെ കൂട്ടക്കുരുതി, ലോകം പ്രതികരിക്കുന്നു', പി.കെ ജമാൽ എഴുതിയ 'ഇസ്സുദ്ദീൻ അൽ ഖസ്സാം - സമരോൽസുക ജീവിതത്തിന്റെ ഫലസ്ത്വീൻ പ്രതീകം', പി.കെ നിയാസിന്റെ 'പോരാളികൾക്ക് വിശ്രമമില്ല' എന്നീ കവർ സ്റ്റോറി ലേഖനങ്ങൾ ഫലസ്ത്വീൻ വിഷയത്തിലെ ഐതിഹാസിക സംഭവങ്ങൾ ആവേശകരമായി വിവരിക്കുന്നു.
ലോകത്തിന്റെ വിവിധ നാടുകളിൽ എഴുത്തുകാരും ബുദ്ധി ജീവികളും മനുഷ്യാവകാശ പ്രവർത്തകരും സാധാരണക്കാരുമെല്ലാം ഫലസ്ത്വീൻ പോരാട്ടത്തെ അനുകൂലിക്കുമ്പോൾ ഇസ്രായേൽ പ്രതിക്കൂട്ടിലാണ്. ഇസ്സുദ്ദീൻ അൽ ഖസ്സാം, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആലി മുസ്‌ലിയാരെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയുമാണ് ഓർമിപ്പിക്കുന്നത്. ഹമാസിലൂടെ ആ നിയോഗം ആവർത്തിക്കുന്നു. ഇസ് ലാമിക പ്രസ്ഥാനങ്ങൾ രൂപം കൊള്ളുമ്പോൾ ലോകത്തോട് വിളിച്ചുപറഞ്ഞ യാഥാർഥ്യങ്ങൾ ഓരോന്നായി പുലരുകയാണ്. ആദ്യകാല പ്രസ്ഥാന നേതാക്കൾ ഫലസ്ത്വീൻ പ്രശ്നപരിഹാരമായി പറയാറുണ്ടായിരുന്ന ഒരു ഉദ്ധരണി അമ്പത് വർഷങ്ങൾക്ക് മുമ്പ് രോഷത്തോടെ അന്നത്തെ പ്രവർത്തകർ ആവർത്തിക്കാറുണ്ട്; 'അറബികൾ ഒന്നിച്ചു മൂത്രമൊഴിച്ചാൽ ഒലിച്ചു പോകാവുന്നതേയുള്ളൂ ഇസ്രായേൽ' എന്ന്. ഈ ഒരു ഹാസ്യ പ്രയോഗത്തിൽ എല്ലാമുണ്ട്. അറബികൾക്ക് അത് മനസ്സിലാക്കിക്കൊടുക്കാൻ ഒരു ഹമാസ് അനിവാര്യമാണ്.
ഉമർ മാറഞ്ചേരി
ഫ്രം ഇന്ത്യ ടു ഭാരത്
ഡോ. അജ്മൽ മുഈൻ എഴുതിയ 'പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ പുറന്തള്ളപ്പെടുമ്പോൾ' (ലക്കം 26) വായിച്ചു. ഇന്ത്യ എന്ന നാമത്തിന്റെ ഉത്ഭവവും ഭാരത് എന്ന പദത്തിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു. ഇന്ത്യയിൽനിന്ന് ഭാരതത്തിലേക്കുള്ള പേര് മാറ്റം വെറുമൊരു സർക്കാർ നീക്കം അല്ലെന്നും അത് വളരെ ഗൗരവമുള്ളതാണെന്നും വ്യക്തമായി. 'ഏത് പേരും കേവലം പേരു മാത്രമല്ല' എന്ന ലേഖകന്റെ വാക്യം ഏറെ ചിന്താർഹമാണ്.
അഫ്നാൻ കെ. പന്നൂർ
കൂടുതൽ വിശകലനം ആവശ്യമാണ്
ഡോ. അബ്ദുല്ല മഅ്റൂഫ് എഴുതിയ 'സയണിസ്റ്റ് ആഖ്യാനങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു' (ലക്കം 23) എന്ന വിശകലനത്തിലെ മറുപേജിലെ (പേജ് നമ്പർ 24) ചിത്രം മറ്റൊരു പ്രധാന വിഷയത്തിലെ ആഖ്യാനം ആവശ്യപ്പെടുന്നുണ്ട്.
ആരോഗ്യ - വാണിജ്യ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്നാമ്പുറങ്ങൾ തുറന്നുകാണിക്കുന്ന എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
അബു താഹിർ A R കൊടുവായൂർ
യഥാർഥ കരുത്ത് ആദർശത്തിന്റേത് തന്നെ
പ്രബോധനം വൈജ്ഞാനിക മണ്ഡലത്തിൽ ഉയർന്നുനിൽക്കുന്ന ഒരു നക്ഷത്രം തന്നെയാണ്. അനവധി ജ്വലിക്കുന്ന താളുകൾ അതിന് സാക്ഷിയുമാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ മൂന്ന് ലക്കങ്ങളിലായി വന്ന പ്രൗഢ ഗംഭീരമായ ലേഖന പരമ്പര. ഒരു പവർ ഹൗസിൽനിന്ന് വെളിച്ചം മുറിയിലേക്ക് നേരിട്ട് നൽകുന്ന അനുഭവം. വലിയ കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിക്കണമെങ്കിൽ പറയുന്ന ആൾക്ക് വിഷയത്തിൽ അനിതരസാധാരണമായ കഴിവ് തന്നെ വേണ്ടതുണ്ട്. പ്രബോധനം വഴി അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് ഒരു മഹത്തായ പ്രവർത്തനമാണ്. ഒരു പ്രസ്ഥാനത്തിന് അഭിമാനിക്കാൻ വക നൽകുന്നതാണ് ഇത്തരമൊരു നേതൃത്വത്തെ ലഭിച്ചു എന്നത്.
പ്രത്യയശാസ്ത്ര കരുത്താണ് പ്രസ്തുത പഠനത്തിന്റെ മർമം. സാധാരണയായി നമുക്ക് പരിചയമുള്ള മൂന്ന് ശക്തികളാണ് സൈനിക, സാമ്പത്തിക, രാഷ്ട്രീയ ശക്തികൾ. ഇതിനെയെല്ലാം മറി കടക്കുന്ന ഒന്നാണ് പ്രത്യയശാസ്ത്ര ശക്തി. ഇത് പലരും വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. പ്രത്യയശാസ്ത്ര ശക്തി അത്ര എളുപ്പമല്ലെന്നും ഒരു ദൈവിക സ്പർശം അതിന് അനിവാര്യമാണെന്നും കൂടി ലേഖകൻ സമർഥിക്കുന്നു.
എന്തുകൊണ്ട് പ്രത്യയശാസ്ത്ര കരുത്ത് എന്നതിന്റെ ഉത്തരം ലളിതമാണ്; അതിന് പരിധിയും പരിമിതിയും ഇല്ല എന്നതു തന്നെ. മാത്രമല്ല, അത് ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും സ്വാധീനിക്കും എന്നതും. പ്രത്യയശാസ്ത്ര പരിസരത്തുനിന്ന് വരുന്ന നേതാക്കൾ ലോക റാങ്കിംഗിൽ ഒന്നാമതാകുന്നതും അതുകൊണ്ടുതന്നെയാണ്. ആദ്യത്തെ മൂന്ന് ശക്തികളുടെയും എല്ലാ വിജയങ്ങളും താൽക്കാലികമായിരിക്കും. അവയോടൊപ്പം പ്രത്യയശാസ്ത്ര ശക്തി ചേരുമ്പോഴാണ് വിജയം സുസ്ഥിരമാകുന്നത്.
കെ.കെ നൗഷാദ് ആയഞ്ചേരി 9400532811